Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റം പ്രചാരണവും വസ്തുതയും

കെ നജാത്തുല്ല

അര നൂറ്റാണ്ടിനപ്പുറമാണ് സംഭവം. മലപ്പുറം ജില്ലയിലെ ഒരു ഹൈസ്‌കൂളില്‍ പത്താംതരം പൂര്‍ത്തിയായി സ്്കൂള്‍ വിടാനൊരുങ്ങുന്ന വിദ്യാര്‍ഥികളോട് അന്നാട്ടുകാരന്‍ തന്നെയായ അധ്യാപകന്‍ സ്വപ്‌നങ്ങള്‍ പങ്കുവെക്കാനാവശ്യപ്പെടുന്നു. കാക്കയെന്നാണ് അക്കാലത്ത് അന്നാട്ടില്‍ അധ്യാപകര്‍ വിളിക്കപ്പെട്ടിരുന്നത്. ഇന്നത്തെ പോലെ ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ സര്‍വീസ് സ്വപ്‌നങ്ങളൊന്നും അവിടെയെത്തിയിട്ടുമില്ല. പരമാവധി ഒരു മാഷാകണം, അതിനപ്പുറമില്ല. കൂട്ടത്തില്‍ ഒരു കുസൃതിക്കാരന്‍ പറഞ്ഞ മറുപടി ആ തലമുറയിലുള്ളവര്‍ ഇന്നുമോര്‍ക്കുന്നു: ''തിമര്‍ത്തു പെയ്യുന്ന മഴ, ഇരുണ്ട അന്തരീക്ഷം, നേരിയ പനിയോടെ പുതച്ചു മൂടി കിടക്കണം, ഇളം ചൂടുള്ള കഞ്ഞിയും എരിവുള്ള മുളകു കൊണ്ടുണ്ടാക്കിയ ചമ്മന്തിയും ഉമ്മ ഇടക്കിടെ കൊണ്ടു വന്ന് തരണം. ച്ചത് മതി, കാക്കാ (എനിക്കത് മതി സാറേ)''

അതേ സ്‌കൂളിന്റെ ചുറ്റളവില്‍ ഇന്ന് രണ്ട് ഡസനിലധികം സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളും ദശക്കണക്കിന് സ്വകാര്യ സ്‌കൂളുകളുമുണ്ട്. അവയില്‍ തൊട്ടടുത്ത പഞ്ചായത്തിലെ രണ്ട് എയ്ഡഡ് ഹൈസ്‌കൂളുകള്‍ തമ്മില്‍ മത്സരമാണ്, 2019-ല്‍ പത്താംതരം വിജയം 100 ശതമാനത്തിലെത്തിക്കാന്‍. സാധാരണ സ്‌കൂള്‍ സമയത്തിനു പുറമെ സൗജന്യമായി രാത്രിയും മണിക്കൂറുകള്‍ നീളുന്ന ക്ലാസ്സുകള്‍ വരെ അധ്യാപകരുടെ വകയായി നടക്കുന്നു.

........... 

ആറേഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമൂഹത്തിലുണ്ടായ മാറ്റം  അനാവരണം ചെയ്യുന്നതാണ് മേല്‍ അനുഭവങ്ങള്‍. എല്ലാവര്‍ക്കും സാക്ഷരത, സാര്‍വത്രിക വിദ്യാഭ്യാസം, അഭ്യസ്തവിദ്യരായ പുതുതലമുറ, മികച്ച ആരോഗ്യനിലവാരം, വികസിത രാജ്യങ്ങളോടൊപ്പമെത്തുന്ന വികസനസൂചികകള്‍ തുടങ്ങിയ സവിശേഷതകളാല്‍ ആഘോഷിക്കപ്പെടുന്ന നാടാണ് കേരളം. ഒപ്പം വിദ്യാഭ്യാസമേഖലയില്‍ മുസ്‌ലിം സമുദായം നടത്തിയ മുന്നേറ്റങ്ങളും വിലയിരുത്തപ്പെടാറുണ്ട്. മുസ്‌ലിം മാനേജ്‌മെന്റുകളാല്‍ നടത്തപ്പെടുന്ന പ്രീപ്രൈമറി മുതല്‍ പി.ജി, പ്രഫഷണല്‍ വിദ്യാഭ്യാസം വരെ നല്‍കുന്ന സ്ഥാപനങ്ങളുടെ കേരളത്തിലങ്ങോളമുള്ള സാന്നിധ്യവും ഹിജാബ്  വസ്ത്രധാരികളായ വിദ്യാര്‍ഥിനികളുടെ പാതയോരങ്ങളിലെ ദൃശ്യതയും മുസ്‌ലിം മികവിന്റെ തെളിവുകളായി വിലയിരുത്തപ്പെട്ടു. അപ്പോഴും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. മുകളിലെ അനുഭവത്തിലെ ആ 'കാക്കാ'ന്റെ മക്കള്‍/പേരമക്കള്‍ ഇപ്പോള്‍ ഏത് നിലയിലെത്തിയിട്ടുണ്ടാവും? പുതച്ചുമൂടി കിടക്കാനാഗ്രഹിച്ചവന്റെ പിന്‍തലമുറ എവിടെക്കാണും? ഇന്നിപ്പോള്‍ പകലന്തിയോളം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എവിടെവരെ എത്താനാവും? അഥവാ കേരളത്തിന്റെ പൊതു വികസനയാത്രക്കൊപ്പം എത്രത്തോളം മുസ്‌ലിം സമുദായത്തിന് സഞ്ചരിക്കാനാവുന്നുണ്ട്? 

സമൂഹത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട ഒരളവുകോലാണ് സാമൂഹിക ചലനാത്മകത (Social Mobility).  സമൂഹങ്ങളെല്ലാം വിവിധ ശ്രേണികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക സ്ഥിതി, കുടുംബം തുടങ്ങി അനേകം ഘടകങ്ങള്‍ സാമൂഹികശ്രേണി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഇന്ത്യയില്‍ ജാതിയും മതവും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ഏറ്റക്കുറവുകളോടെയാണെങ്കിലും എല്ലാ സമൂഹവും ചലനാത്മകമാണ്. സമൂഹത്തിന്റെ ഈ 'ചഞ്ചലത'യില്‍ വ്യക്തികളെപ്പോലെ സമൂഹവും സമുദായവുമെല്ലാം സാമൂഹികശ്രേണിയുടെ താഴേക്കോ മേലോട്ടോ സഞ്ചരിക്കാവുന്നതാണ്. ശക്തമായ സാമൂഹിക അസമത്വം, അനീതി, അപരവല്‍ക്കരണം, യാഥാസ്ഥിതികത്വം എന്നിവയില്‍ ഏതെങ്കിലുമൊക്കെ നിലവിലുള്ള സമൂഹങ്ങളില്‍ ചലനാത്മകത കുറഞ്ഞ അളവിലായിരിക്കും. അധിനിവേശവും ചഞ്ചലതയുടെ വേഗം കുറക്കും. വിപ്ലവങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും ഘട്ടത്തില്‍ ചലനാത്മകത കൂടുകയും ചെയ്യും.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ചലനാത്മകത മുസ്‌ലിം സമുദായത്തിനാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിം ചലനാത്മകത വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട് എന്ന് Intergenerational Mobility in India  എന്ന പഠനം ചൂണ്ടിക്കാണിക്കുന്നു. ഉന്നത ജാതികളുടെ മാത്രമല്ല, എസ്.സി-എസ്.ടി വിഭാഗങ്ങളേക്കാളും ഏറെ പിറകിലാണ് മുസ്‌ലിം സമുദായത്തിന്റെ  ചലനാത്മകത. ഭരണഘടനാ വ്യവസ്ഥകളും രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ സംവരണവും പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന ചലനാത്മകത നേടാന്‍ സഹായകമായി. അതേസമയം മുസ്‌ലിംകളുടെ സുരക്ഷക്ക് സര്‍ക്കാരില്‍നിന്ന് പ്രത്യേക നയരൂപീകരണമില്ലാത്തതും, മുസ്‌ലിംകളോടുള്ള കടുത്ത വിവേചനവുമാണ് അവര്‍ക്കിടയില്‍ തുടര്‍ച്ച അസാധ്യമാക്കിയതെന്നും പഠനം പറയുന്നു. ഒരു തലമുറയിലുള്ളവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തേക്കാളും തൊഴിലിനേക്കാളും കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമോ തൊഴിലോ തൊട്ടടുത്ത തലമുറക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നതിനെയാണ് വിദ്യാഭ്യാസപരമായ/തൊഴില്‍പരമായ ചലനാത്മകത (Intergenerational Educational /Occupational  Mobility‑)  സൂചിപ്പിക്കുന്നത്.

സാമാന്യം മെച്ചപ്പെട്ട കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ തലമുറാനാന്തര വിദ്യാഭ്യാസ ചലനാത്മകതയും തൊഴില്‍ ചലനാത്മകതയും അത്രത്തോളം ശുഭസൂചകമല്ല. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലൊന്നിലും മുസ്‌ലിം സമുദായത്തിന് എത്തിച്ചേരാനോ പ്രാതിനിധ്യം ഉറപ്പുവരുത്താനോ ആയിട്ടില്ലെന്നാണ് വസ്തുനിഷ്ഠ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ എത്താവുന്നതിന്റെ പകുതിയില്‍ മാത്രമേ എത്തിച്ചേരാനായിട്ടുളളൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എഞ്ചിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ വിവിധ പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലകള്‍ ജ്വരം കണക്കെ കേരളത്തിന്റെ പുതിയ തലമുറയെയും അവരുടെ രക്ഷിതാക്കളെയും പിടികൂടിയിരുന്നു. അതിപ്പോഴും വലിയ വ്യത്യാസമില്ലാതെ തുടരുന്നു. പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലകളില്‍ കേന്ദ്രീകരിക്കുന്ന ധാരാളം പുതിയ ഏജന്‍സികള്‍ രംഗത്തുവരികയും അനേകം പുതിയ കോളേജുകളും കോഴ്‌സുകളും സീറ്റുകളും ലഭ്യമാവുകയും ചെയ്തു. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ ധാരാളമായി ഉയര്‍ന്നുവന്നു. ഇതിലെല്ലാം മുസ്‌ലിം സമുദായത്തിന്റെ സാന്നിധ്യവും സജീവമായിരുന്നു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ വന്‍തോതില്‍ പ്രാതിനിധ്യം കൂടിയിട്ടുമുണ്ട്. എന്നാല്‍ പുതിയ തലമുറയില്‍ പ്രഫഷനല്‍ വിദ്യാഭ്യാസം നേടിയവര്‍ മുസ്‌ലിം സമുദായത്തില്‍ 14.81 ശതമാനമാണ്. 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനത്തിലധികമാണ് മുസ്‌ലിംകളുള്ളത്. അതായത് ജനസംഖ്യാനുപാതികമായി പകുതി പ്രാതിനിധ്യത്തിലെത്താനേ പ്രഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ ഇപ്പോഴും മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടുള്ളൂ. കേരളത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ 16.67 ശതമാനവും മുന്നാക്ക വിഭാഗങ്ങള്‍ 12.96 ശതമാനവുമാണ് പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയിലെ സാന്നിധ്യം. ജനസംഖ്യയുടെ 18.5 ശതമാനം വരുന്ന ക്രൈസ്തവര്‍ ഈ മേഖലയില്‍ 56 ശതമാനമാണ്.

പ്രഫഷണല്‍ വിദ്യഭ്യാസമേഖലയിലല്ലാതെ ബിരുദാനന്തര ബിരുദ പഠന മേഖലയില്‍ നിലവിലുള്ള തലമുറയില്‍ മുസ്‌ലിം പങ്കാളിത്തം നാമമാത്രമാണ്. കേവലം 3.13 ശതമാനം. ബിരുദാനന്തര ബിരുദയോഗ്യത നേടിയ ക്രൈസ്തവര്‍ നിലവില്‍ 60 ശതമാനമാണ്. മുന്നാക്ക വിഭാഗങ്ങളുടെ സാന്നിധ്യം 9.38 ശതമാനമാണ്. മുസ്‌ലിം സമുദായത്തിന്റെ നിലവിലുള്ള തലമുറയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ 18.30 ശതമാനമാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (22.22 ശതമാനം), മുന്നാക്ക വിഭാഗങ്ങള്‍ (22.22 ശതമാനം), ക്രൈസ്തവര്‍ (33.33 ശതമാനം) എന്നിവരേക്കാള്‍ പിറകിലാണ് ബിരുദ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍. പട്ടിക വിഭാഗം മാത്രമാണ് മുസ്‌ലിംകളേക്കാള്‍ പിറകിലുള്ളത്.  സമുദായത്തിലെ ഭൂരിഭാഗം പേരും പന്ത്രണ്ടാം ക്ലാസോ അതിന് താഴെയോ വിദ്യാഭ്യാസയോഗ്യത മാത്രമുള്ളവരാണ്. കഴിഞ്ഞ ഒന്ന്, രണ്ട് പതിറ്റാണ്ടിനകത്ത് വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായം വലിയ മുന്നേറ്റമുണ്ടാക്കി എന്ന് അകത്തു നിന്നും പുറത്തു നിന്നുമുള്ള വിലയിരുത്തലിന്റെ യഥാര്‍ഥ ചിത്രമാണിത്. 

സംസ്ഥാനത്തെ നിലവിലുള്ള തലമുറയില്‍ 61.08 ശതമാനം പേരും തങ്ങളുടെ രക്ഷിതാക്കളേക്കാള്‍ ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യത നേടിയവരാണ്. അതായത് 61.08 ശതമാനം,  തലമുറാനന്തര വിദ്യാഭ്യാസ ചലനാത്മകതയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നു. ഏറക്കുറെ ഈ പ്രവണത നിലനിര്‍ത്താന്‍ (60.08 ശതമാനം) മുസ്‌ലിം സമുദായത്തിനായിട്ടുണ്ട്. പൊതുവില്‍ ഇതര സമൂഹങ്ങളും സംസ്ഥാന ശരാശരിയേക്കാള്‍ വലിയ ഏറ്റക്കുറവുകള്‍ കാണിക്കുന്നില്ല. ക്രിസ്ത്യന്‍ (63.23), ഒ.ബി.സി (61.96), പട്ടികവിഭാഗം (59.29) എന്നിങ്ങനെയാണവ. എന്നാല്‍ മുന്നാക്ക വിഭാഗം (57.53) വളര്‍ച്ചയില്‍ പിറകിലാണ്. ഈ വിഭാഗത്തിലെ രക്ഷാകര്‍തൃ തലമുറ (കഴിഞ്ഞ 21 വര്‍ഷമായി കുടുംബത്തിലെ കുടുംബനാഥന്മാര്‍) തന്നെ വിദ്യാഭ്യാസ മേഖലയില്‍ മികച്ച അവസ്ഥയിലായിരുന്നു എന്നതാണ് താരതമ്യേന കുറഞ്ഞ വളര്‍ച്ച കാണിക്കാന്‍ കാരണം. രക്ഷാകര്‍തൃ തലമുറയുടെ അതേ നിലവാരത്തില്‍ മാത്രം വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞവര്‍ പിന്‍തലമുറ(രക്ഷാകര്‍തൃ തലമുറയുടെ ആണ്‍മക്കള്‍)യില്‍ 32.83 ശതമാനമാണ് കേരളത്തില്‍. വിവിധ സമൂഹങ്ങളിലും വലിയ വ്യത്യാസങ്ങളില്ലാതെ ഈ നില തുടരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും പട്ടികവിഭാഗങ്ങള്‍ മാത്രമാണ് മുസ്‌ലിം സമുദായത്തിന്റെ പിറകിലുള്ളത്. രക്ഷാകര്‍ത്താക്കളുടെ അത്രയും വിദ്യാഭ്യാസ നിലവാരത്തിലെത്താന്‍ കഴിയാത്തവര്‍ 6.08 ശതമാനമാണ് കേരളത്തില്‍. സമാനമായ അളവിലാണ് മുസ്‌ലിം സമുദായവും. മൊത്തത്തില്‍ കഴിഞ്ഞ തലമുറയില്‍നിന്നും ഈ തലമുറയിലേക്ക് വരുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ ചലനാത്മകത പരിശോധിക്കുമ്പോള്‍ നേരിയ തോതില്‍ പിറകിലാണ് മുസ്‌ലിം സമുദായം. എന്നാല്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സവിശേഷമായ മുന്നേറ്റം മുസ്‌ലിം സമുദായത്തിന് സാധ്യമായിട്ടുണ്ടെങ്കില്‍ ചലനാത്മകത സംസ്ഥാന നിലവാരത്തേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തേണ്ടതായിരുന്നു.  പിറകോട്ടു പോകുന്നവരുടെയും തല്‍സ്ഥിതി തുടരുന്നവരുടെയും അനുപാതം തദനുസൃതമായി താഴേക്ക് പോകേണ്ടതുമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് മുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുസ്‌ലിം സമുദായത്തില്‍ 60.08 ശതമാനം പേര്‍ക്കാണ് പോസിറ്റീവ് മൊബിലിറ്റിയുള്ളത് എന്ന് മുകളില്‍ സൂചിപ്പിച്ചു.  കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള രക്ഷിതാക്കളില്‍നിന്നും തൊട്ടു മുകളിലുള്ള കാറ്റഗറിയിലേക്ക് അടുത്ത തലമുറ എത്തുന്നതിനാലാണ് ഈ ഉയര്‍ന്ന ചലനാത്മകത കാണിക്കുന്നത്.  ഉദാഹരണത്തിന്  ബിരുദയോഗ്യത നേടിയ നിലവിലുള്ള തലമുറയുടെ കാര്യമെടുക്കുക. ഇതില്‍ 25 ശതമാനത്തിന്റെയും - നാലിലൊന്ന്-  മാതാപിതാക്കള്‍ക്ക് ബിരുദത്തേക്കാള്‍ കുറഞ്ഞ യോഗ്യതയാണുള്ളത്. സ്വാഭാവികമായും വളര്‍ച്ചാ അനുപാതം കൂടുതല്‍ കാണിക്കും. പക്ഷേ, ബിരുദാനന്തര ബിരുദ, പ്രഫഷനല്‍ മേഖലകളില്‍ കേവലം മൂന്നര ശതമാനം പേരാണ് എത്തുന്നത്. കൂടാതെ മുസ്‌ലിം സമുദായത്തിലെ സിംഹഭാഗവും മാതാപിതാക്കളുടെ അതേ വിദ്യാഭ്യാസ നിലവാരത്തിലെത്തി നില്‍ക്കുന്നു, മുന്നോട്ട് പോകുന്നില്ല എന്നത് വലിയൊരു സത്യമാണ്. ഡിഗ്രി നേടിയ രക്ഷിതാക്കളുടെ മക്കളില്‍ എണ്‍പത് ശതമാനത്തിനും അതിനപ്പുറത്തേക്ക് ഉയരാന്‍ സാധിക്കുന്നില്ല. എസ്.എസ്.എല്‍.സി യോഗ്യതയുള്ള രക്ഷിതാക്കളുടെ പിന്‍തലമുറയില്‍ 44 ശതമാനം പേര്‍ കൂടുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുമ്പോള്‍ 41 ശതമാനം എസ്.എസ്.എല്‍.സിയോടെ വിദ്യാഭ്യാസ മേഖലയോട് വിടപറയുന്നു. 13 ശതമാനം പേര്‍ അങ്ങോട്ടു പോലും എത്തുന്നില്ല.  അപ്പര്‍ പ്രൈമറി/ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ രക്ഷിതാക്കളുടെ പിന്‍തലമുറയില്‍ 58 ശതമാനത്തിനും പത്താം തരം പൂര്‍ത്തിയാക്കാനോ അതിനപ്പുറമോ പോകാനാവുന്നില്ല.  ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള കാറ്റഗറി (ഒന്നാംതരം മുതല്‍ അഞ്ചാംതരം വരെ)യിലുള്ള രക്ഷാകര്‍തൃസമൂഹത്തിന്റെ പിന്‍തലമുറയിലെ നല്ലൊരു ശതമാനത്തിനും തൊട്ടുമുകളിലേക്ക് പോകാനാവുന്നില്ല എന്നതും വ്യക്തമാണ്. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസപരമായി താഴെ തട്ടിലുള്ള വിഭാഗത്തിന് വലിയ അളവില്‍ മുന്നോട്ടു കുതിക്കാനാവുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ