Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

'വൈജ്ഞാനിക വികാസത്തിലും ഇഹ്‌സാനിലും ഊന്നിയ സംസ്‌കാരം വളര്‍ത്തും'

സാലിഹ് കോട്ടപ്പള്ളി / അന്‍വര്‍ സലാഹുദ്ദീന്‍

സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എസ്.ഐ.ഒ) കേരളയുടെ പുതിയ പ്രവര്‍ത്തന കാലയളവിലെ  നയനിലപാടുകളും കര്‍മ പദ്ധതികളും വിശദീകരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി. വടകര കോട്ടപ്പള്ളി സ്വദേശിയായ അദ്ദേഹം ഫാറൂഖ് കോളേജില്‍നിന്ന് ബിരുദവും പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ മാധ്യമ പ്രവര്‍ത്തകനാണ്.

 

ഇന്ത്യയിലെ മുസ്ലിം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചരിത്രപരമായ വികാസത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും അനല്‍പമായ പങ്കുവഹിച്ച വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്.ഐ.ഒ. ആ നിലക്ക്, ഭാവി മുസ്‌ലിം രാഷ്ട്രീയത്തിന്റെ സാധ്യതകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

* നിലനില്‍ക്കുന്ന മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തിലെ ഏറ്റവും 'നല്ല മതേതര' കക്ഷിയോട് ചേര്‍ന്നു നില്‍ക്കുക എന്ന നിലപാടാണ് ഇന്ത്യയിലെ ഗണ്യമായ മുസ്ലിം ജനവിഭാഗവും സ്വീകരിച്ചുപോന്നിരുന്നത്. ഈ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന മതേതരത്വത്തിന്റെ പോരായ്മകളും ന്യൂനപക്ഷ സ്നേഹത്തിന്റെ കാപട്യവും കറകളഞ്ഞ് പുറത്തുവന്ന സന്ദര്‍ഭങ്ങളായിരുന്നു 1980-കളുടെ അവസാനവും 1990-കളുടെ തുടക്കവും. എസ്.ഐ.ഒ രൂപീകരിക്കപ്പെട്ട് സജീവമാകുന്ന സന്ദര്‍ഭമായിരുന്നു ഇത്. ഈ ഘട്ടത്തില്‍ നടന്ന മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ബാബരി മസ്ജിദ് ധ്വംസനവുമെല്ലാം മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തപ്പോള്‍ അതിന് നേതൃത്വം വഹിച്ച സവര്‍ണ വിഭാഗങ്ങളോടൊപ്പം നില്‍ക്കുകയായിരുന്നു ഇവിടത്തെ മുഖ്യധാരാ മതേതര കക്ഷികള്‍. ഇത്തരമൊരു ചരിത്രഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവനുമായി ബന്ധപ്പെട്ട വ്യത്യസ്ത തരം രാഷ്ട്രീയ ആലോചനകള്‍ എസ്.ഐ.ഒവില്‍ നടന്നിട്ടുണ്ട്. മണ്ഡല്‍ കാലത്തും തുടര്‍ന്നും രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയതക്കകത്ത് അപരരാക്കപ്പെട്ട വിഭാഗങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതു കൂടിയായിരുന്നു. വിവേചനം നേരിടുന്ന ഈ വിഭാഗങ്ങളുടെ അനുഭവങ്ങളെ മനസ്സിലാക്കാന്‍ ഒരിക്കലും ചരിത്രപരമായി അധികാരം കൈയാളിയിരുന്ന ജനവിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഇടത്-വലത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയില്ല എന്ന തിരിച്ചറിവില്‍നിന്നാണ് ഇത്തരം വിഭാഗങ്ങളുടെ കര്‍തൃത്വത്തില്‍ തന്നെയുള്ള പുതിയ രാഷ്ട്രീയ ആലോചനകള്‍ കാമ്പസുകളില്‍ എസ്.ഐ.ഒ നടത്തുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥകകത്തെ അധികാര ഘടനയില്‍ ഇവിടത്തെ മുസ്ലിം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന തിരിച്ചറിവുകളുണ്ടായിട്ടുണ്ട്. വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങളുടെയെല്ലാം കര്‍തൃത്വത്തോടെയുള്ള ഒരു രാഷ്ട്രീയ ഭൂപടത്തില്‍ തന്നെയാണ് മുസ്ലിം രാഷ്ട്രീയത്തിന്റെ ഭാവി ഇടമെന്നാണ് എസ്.ഐ.ഒ മനസ്സിലാക്കുന്നത്. 

 

പൊതുമണ്ഡലത്തിലും കാമ്പസുകളിലും പ്രത്യേക മുദ്രകുത്തി എസ്.ഐ.ഒവിനെ മാറ്റിനിര്‍ത്താന്‍ പരമ്പരാഗത വിദ്യാര്‍ഥി സംഘടനകള്‍ ശ്രമിക്കാറു്. ഇവരോട് എസ്.ഐ.ഒവിന് എന്താണ് പറയാനുള്ളത്?

* എസ്.ഐ.ഒവിനെ മാത്രമല്ല, മുസ്ലിം കര്‍തൃത്വത്തിലുള്ള എല്ലാ സംഘടനകളെയും വര്‍ഗീയവാദികളെന്ന് ചാപ്പകുത്താന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതേതര ലിബറല്‍ വക്താക്കളും ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെക്കുറിച്ച് സി.പി.എമ്മും ഐ.എന്‍.എല്ലിനെക്കുറിച്ച് കോണ്‍ഗ്രസും ഊഴം അനുസരിച്ച് വര്‍ഗീയത ആരോപിക്കുന്നു്. വര്‍ഗീയത എന്ന സംജ്ഞ  മോശം വ്യവഹാരമായി രൂപപ്പെടുന്നത് അത് മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ്. ചരിത്രത്തില്‍ വര്‍ഗീയം (ഇീാാൗിമഹ) എന്ന പദത്തെ ഇന്ത്യയിലേക്ക് കടന്നുവന്ന ബ്രിട്ടീഷുകാര്‍ പോലും ഉപയോഗിച്ചത് പോസിറ്റീവ് ആയിട്ടായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ അധികാരങ്ങളില്‍ സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന സംവിധാനത്തെ 'ഇീാാൗിമഹ ഋഹലരീേൃമലേ'െ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം കാണുന്ന രൂപത്തില്‍ വര്‍ഗീയത ഉപയോഗിക്കാന്‍ തുടങ്ങിയത് ഹിന്ദുക്കളുടെ ശത്രുക്കളായി മുസ്‌ലിം എന്ന ഒരു അപരനെ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു എന്ന് ഗ്യാനേന്ദ്ര പാണ്ഡെ പറയുന്നുണ്ട്. 

മതം = വര്‍ഗീയത, മതേതരം = പുരോഗമനം തുടങ്ങിയ ഇടതുപക്ഷ സമീകരണ യുക്തികളെ പ്രശ്നവത്കരിച്ചുകൊണ്ടു തന്നെയാണ് എസ്.ഐ.ഒ ഈ ആരോപണങ്ങളെ നേരിട്ടിട്ടുള്ളത്. മതം എന്ന ഒരു സര്‍വലൗകിക കാറ്റഗറി ഉണ്ടാക്കി അതിനുള്ളില്‍ വരുന്ന വ്യത്യസ്ത അനുഭവങ്ങളെയും ആശയധാരകളെയും ഒരൊറ്റ വീക്ഷണകോണിലൂടെ കാണാന്‍ മാത്രമേ ഇടതുപക്ഷം സൃഷ്ടിച്ചെടുത്ത യുക്തിബോധത്തിന് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സാര്‍വദേശീയതയിലും നീതിയിലും അടിയുറച്ചു വിശ്വസിക്കുന്ന ഇസ്ലാമിക രാഷ്ട്രീയ സങ്കല്‍പങ്ങളും,  ഹിംസാത്മക ദേശീയതയിലും അനീതിയിലും അടിയുറച്ച ഹിന്ദുത്വ രാഷ്ട്രീയവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന മൂഢ ധാരണകള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. നിലനില്‍പ്പിനായി പോരാടിയ മുത്തങ്ങയിലെ ആദിവാസികളെയും ബീമാപ്പള്ളിയിലെ മുസ്‌ലിം ചെറുപ്പക്കാരെയുമെല്ലാം വെടിവെച്ചുകൊന്നത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ മതേതര സ്റ്റേറ്റായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതും സി.പി.എമ്മും കോണ്‍ഗ്രസും അടക്കമുള്ള മതേതര പാര്‍ട്ടികളാണ്. ഈ ഹിംസകളൊക്കെ തീവ്രവാദവും വര്‍ഗീയതയും ആവാതിരിക്കുന്നതിന്റെ യുക്തി എന്താണ്? ഇത്തരം ഹിംസകളെയെല്ലാം അക്രമ രാഷ്ട്രീയം എന്ന പദാവലിയില്‍ ഉള്‍പ്പെടുത്തി സാമാന്യവത്കരിച്ചും മുസ്ലിം കര്‍തൃത്വത്തിലുള്ള വ്യക്തികളോ സംഘടനകളോ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ വര്‍ഗീയത എന്ന പദാവലിയില്‍ ഉള്‍പ്പെടുത്തി പര്‍വതീകരിച്ചുമാണ് ഇടത്-ലിബറല്‍ ബോധങ്ങള്‍ കേരളത്തില്‍ വേരൂന്നിയിട്ടുള്ളത്. ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ ഇരകളായ മുസ്ലിംകളെ ഹിന്ദുത്വത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളില്‍നിന്നു പോലും മാറ്റിനിര്‍ത്തുന്നത് വര്‍ഗീയത എന്ന വ്യാജ നിര്‍മിതി ഉപയോഗിച്ചുകൊണ്ടാണ്. ഹിംസാത്മകമായ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന എസ്.ഐ.ഒ അടക്കമുള്ള മുസ്ലിം സംഘടനകളെ വര്‍ഗീയവാദികളെന്നും തീവ്രവാദികളെന്നും വിളിക്കുന്ന എസ്.എഫ്.ഐ അടക്കമുള്ള മതേതര ഹിംസയുടെ വക്താക്കളോട,് തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച നെഹ്റുവിനോട് മൗലാനാ മുഹമ്മദലി ജൗഹര്‍ പറഞ്ഞതുപോലെ, നിങ്ങളുടെ 'മതേതരത്വ'ത്തേക്കാള്‍ ഞങ്ങളുടെ വര്‍ഗീയത ആകുന്നു കൂടുതല്‍ 'മതേതരം' എന്ന് പറയാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്.

 

പുതിയ പ്രവര്‍ത്തന കാലയളവില്‍ കാമ്പസ് രാഷ്ട്രീയത്തില്‍ ഏതു വിധത്തില്‍ ഇടപെടാനാണ് എസ്.ഐ.ഒവിന്റെ തീരുമാനം?

 

* മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യവസ്ഥ ചെയ്ത സംവരണം ഭാഗികമായെങ്കിലും നടപ്പിലാക്കിത്തുടങ്ങിയപ്പോഴാണ് ഇന്ത്യന്‍ ദേശീയതക്കകത്ത് അപരരാക്കപ്പെട്ട വ്യത്യസ്ത വിഭാഗങ്ങള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്തിപ്പെടാന്‍ തുടങ്ങിയത്. ദൈനംദിന ജീവിതത്തില്‍ പലതരം വിവേചനങ്ങള്‍ നേരിടുന്ന ഈ വിഭാഗങ്ങള്‍ അവരുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പുതിയ രാഷ്ട്രീയ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നതിന് ഇത് കാരണമായി. കാമ്പസുകളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങളെയും മുസ്ലിംവിരുദ്ധ വംശീയതയെയുമെല്ലാം തുറന്നുകാട്ടുന്ന ന്യൂനപക്ഷ ബഹുജന്‍ വിദ്യാര്‍ഥി കൂട്ടായ്മകളുടെ ഭാഗമാകാന്‍ ദേശീയ തലത്തില്‍ എസ്.ഐ.ഒവിന് കഴിഞ്ഞ കാലയളവില്‍ സാധിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലയും നജീബ് അഹ്മദിന്റെ തിരോധാനവുമെല്ലാം ഇത്തരം സമുദായങ്ങളുടെ കര്‍തൃത്വത്തില്‍ രൂപം കൊള്ളേണ്ട കാമ്പസ് രാഷ്ട്രീയത്തിന്റെ ആവശ്യകതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. എന്നാല്‍ കേരളത്തിലെ കാമ്പസുകളില്‍ വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ രാഷ്ട്രീയത്തിന്റെ അഭാവമുണ്ടായിരുന്നു. രോഹിത് വെമുല അനുസ്മരണം നടത്തുന്ന തങ്ങളുടെ ആശയധാരകള്‍ക്കു പുറത്തുള്ള വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന എസ്.എഫ്.ഐ പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് ആധിപത്യമുള്ള കേരളത്തിലെ കലാലയങ്ങള്‍ക്ക് പുതിയ പ്രതീക്ഷയേകിക്കൊണ്ടാണ് സംവാദ ജനാധിപത്യത്തിനും സാമൂഹിക നീതിക്കും മുന്‍ഗണന നല്‍കി പുതിയ വിദ്യാര്‍ഥി കൂട്ടായ്മകള്‍ വ്യത്യസ്ത സമുദായ സംഘടനകളുടെ ആലോചനയിലൂടെ പിറവിയെടുക്കുന്നത്. മുഖ്യധാരാ അധികാര രാഷ്ട്രീയവും ദേശീയതയും അരികുവത്കരിച്ച ദലിത്-ആദിവാസി-ന്യൂനപക്ഷ-ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക്  കര്‍തൃത്വം നല്‍കിക്കൊണ്ട് രൂപീകരിക്കപ്പെട്ട അത്തരം മൂവ്മെന്റുകളെ അധികാര രാഷ്ട്രീയത്തില്‍ പിന്തുണക്കാനും ആ പ്രസ്ഥാനത്തെ വിശാലാര്‍ഥത്തില്‍ വളര്‍ത്തിയെടുക്കാനും കാമ്പസുകളില്‍ എസ്.ഐ.ഒ ശ്രമിക്കും. സാമൂഹിക നീതിയുടെ ഈ പ്രസ്ഥാനത്തിന് പിന്തുണ നല്‍കുക എന്നത് എസ്.ഐ.ഒ വിശ്വസിക്കുന്ന ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഭാഗമാണ്.

അതേസമയം, എസ്.ഐ.ഒ ഒരു ഇസ്ലാമിക വിദ്യാര്‍ഥി സംഘടനയെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മീയ ശക്തി പകര്‍ന്നുകൊടുക്കുന്നതും വൈജ്ഞാനിക വികാസം സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ നടപ്പിലാക്കും. അതിനായി എസ്.ഐ.ഒവിന്റെ തന്നെ സംരംഭമായ തന്‍ശിഅ ഇസ്ലാമിക് അക്കാദമിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയും കാമ്പസ് അലൈവ് സ്റ്റഡി സര്‍ക്കഌകളുടെ കീഴില്‍ വ്യത്യസ്ത തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യും. 

 

വൈജ്ഞാനിക-പഠന മേഖലകളില്‍ ഒരുപാട് മുന്നോട്ടുപോകാന്‍ കഴിഞ്ഞ കാലയളവില്‍ എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ട്? പുതിയ മീഖാത്തില്‍ ഇതിന്റെ തുടര്‍ച്ച എങ്ങനെയാകണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്?

* അറിവിനെ കരിയറിസവുമായി മാത്രം ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അറിവിന്റെ ഇസ്‌ലാമീകരണത്തെക്കുറിച്ച് സംവാദങ്ങള്‍ നടത്തിയ ചരിത്രമാണ് എസ്.ഐ.ഒവിനുള്ളത്. ഇസ്ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച് പഠനം നടത്തുന്നതോടൊപ്പം സാമൂഹിക ശാസ്ത്ര മേഖലയിലെ വിവരങ്ങളും സൂക്ഷ്മതലത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ എസ്.ഐ.ഒ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലായി എസ്.ഐ.ഒ സംഘടിപ്പിച്ച ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്, കേരള എജുക്കേഷന്‍ കോണ്‍ഗ്രസ്, മുഖദ്ദിമ അക്കാദമിക് സമ്മിറ്റ് എന്നിവയെല്ലാം എസ്.ഐ.ഒവിന്റെ വൈജ്ഞാനിക രംഗത്തെ സജീവതയെ അടയാളപ്പെടുത്തുന്നതായിരുന്നു. സംസ്ഥാനതലം മുതല്‍ പ്രാദേശിക തലം വരെ നീണ്ടുനില്‍ക്കുന്ന വൈജ്ഞാനിക സംസ്‌കാരം പ്രവര്‍ത്തകര്‍ക്കിടയില്‍ നാം വളര്‍ത്തിയെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ച കുറച്ചുകൂടി വിശാലാര്‍ഥത്തില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലക്ക് ഇസ്‌ലാമിക വൈജ്ഞാനിക ചിന്തയുടെയും രാഷ്ട്രീയ ചിന്തയുടെയും വികാസം സാധ്യമാക്കുന്ന തരത്തിലുള്ള പഠന ഗവേഷണങ്ങളില്‍ കാര്യമായി ഇടപെടാന്‍ ആണ് ഈ മീഖാത്തില്‍ തീരുമാനിച്ചിട്ടുള്ളത്. അതിന് ഉസ്വൂലുകളില്‍ അവഗാഹവും സാമൂഹിക വിജ്ഞാനീയങ്ങളില്‍ പരിജ്ഞാനവുമുള്ള ഒരു കൂട്ടം വ്യക്തികളെ സവിശേഷ ശ്രദ്ധയോടെ വളര്‍ത്തിയെടുക്കണം. കേരളത്തിലെ ഇസ്‌ലാമിക കാമ്പസുകളെയും അവിടെയുള്ള വിദ്യാര്‍ഥികളെയും ഈ അര്‍ഥത്തില്‍ അഭിമുഖീകരിക്കാനാണ് എസ്.ഐ.ഒവിന്റെ പദ്ധതി.

 

എസ്.ഐ.ഒവിന്റെ പ്രധാന പ്രവര്‍ത്തന മണ്ഡലം മുസ്‌ലിം സമുദായമാണല്ലോ. ഹിന്ദുത്വ ഫാഷിസം പ്രത്യക്ഷാധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് സമുദായത്തിന് ആത്മവിശ്വാസം പകരുന്ന സമീപനങ്ങള്‍ സ്വീകരിക്കാനാണ് സംഘടന കഴിഞ്ഞ കാലയളവില്‍ ശ്രമിച്ചത്. സമുദായവുമായി ബന്ധപ്പെട്ട പുതിയ നയസമീപനങ്ങളെന്തൊക്കെയാണ്?

* അഭിമാനത്തോടെയും അന്തസ്സോടെയും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കാനും ഇസ്ലാംഭീതി ഉല്‍പാദിപ്പിക്കുന്ന മാപ്പുസാക്ഷിത്വത്തിന്റെ ഭാഷയും ശൈലിയും സ്വീകരിക്കാത്ത ഒരു പ്രവര്‍ത്തന സംസ്‌കാരം രൂപപ്പെടുത്താനും എസ്.ഐ.ഒ കഴിഞ്ഞ കാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്.  ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെയും വംശീയ അക്രമങ്ങളുടെയും ടാര്‍ഗറ്റുകളായി സമുദായം മാറിയപ്പോള്‍ അതിനെതിരെ ദേശീയതലത്തില്‍തന്നെ രംഗത്തുവരാനും ഹിന്ദുത്വ ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ നയിക്കാനും എസ്.ഐ.ഒ ശ്രമിച്ചിട്ടുണ്ട്. നജീബ് അഹ്മദിന്റെ തിരോധാനത്തെ ഉമ്മ ഫാത്വിമ നഫീസിന്റെ ഒപ്പം ചേര്‍ന്ന് രാജ്യവ്യാപകപ്രക്ഷോഭമായി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ എസ്.ഐ.ഒ വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞ ഡിസംബറില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച സംസ്ഥാന കാമ്പസ് കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായി ഫാത്വിമ നഫീസ് എത്തിയിരുന്നു. ഇതോടൊപ്പം പ്രാദേശികമായി സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കി വ്യത്യസ്ത പദ്ധതികളും എസ്.ഐ.ഒ ഏറ്റെടുക്കും.

 

പ്രാദേശിക ഘടകങ്ങളാണല്ലോ എസ്.ഐ.ഒവിന്റെ അടിസ്ഥാന പ്രവര്‍ത്തനയിടങ്ങള്‍. കാമ്പസുകളില്‍ നവസാമൂഹിക പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രാദേശിക ഘടനകളില്‍ പുതിയ പ്രവര്‍ത്തന രീതി സ്വീകരിക്കുമോ?

* പ്രാദേശിക സംവിധാനങ്ങളെ മുഖ്യ പ്രവര്‍ത്തന മണ്ഡലമായി കാണാനാണ് ഈ മീഖാത്തില്‍ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം പ്രാദേശിക തലങ്ങളില്‍ മഹല്ലും മസ്ജിദും മദ്റസയും അവരുടെ ദൈനംദിന ജീവിതത്തിന്റെ സുപ്രധാന ഭാഗങ്ങളാണ്. പ്രദേശത്തെ പള്ളിയും മദ്റസയും മഹല്ലിന്റെ പ്രവര്‍ത്തനങ്ങളുമായും നിരന്തരം ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തികളായി സംഘടനയില്‍ അണിചേര്‍ന്ന ഓരോ പ്രവര്‍ത്തകനും മാറണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. സംഘടനാ സങ്കുചിതത്വങ്ങളും ഫിഖ്ഹീ പക്ഷപാതിത്വങ്ങളുമില്ലാതെ സമുദായത്തിലെ എല്ലാ വിദ്യാര്‍ഥികളെയും അണിചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തന സംസ്‌കാരമാണ് പ്രാദേശിക തലത്തില്‍ എസ്.ഐ.ഒ സ്വീകരിക്കുക. പ്രദേശത്തെ പൊതു കൂട്ടായ്മകള്‍, യൂത്ത് ക്ലബുകള്‍, കലാ-കായിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ - സേവന പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം സജീവമായി ഇടപെടണം. മുസ്ലിം വിദ്യാര്‍ഥി സമൂഹത്തിന് തസ്‌കിയത്തും തര്‍ബിയത്തും ദീനീ വിജ്ഞാനീയങ്ങളില്‍ അവബോധവും പകര്‍ന്നുകൊടുക്കുന്ന സംഘമായി പ്രാദേശിക തലങ്ങളിലെ എസ്.ഐ.ഒ പ്രവര്‍ത്തകരെ മാറ്റിത്തീര്‍ക്കാനുള്ള വ്യത്യസ്ത പ്രവര്‍ത്തന പദ്ധതികളാകും  ഈ കാലയളവില്‍ എസ്.ഐ.ഒ ആവിഷ്‌കരിക്കുക.

 

വ്യക്തിസംസ്‌കരണത്തില്‍ ഊന്നിയ പ്രവര്‍ത്തന സംസ്‌കാരം രൂപപ്പെടുത്തുമെന്നാണല്ലോ എസ്.ഐ.ഒവിന്റെ പുതിയ ദേശീയനയം. ആ അര്‍ഥത്തില്‍ എസ്.ഐ.ഒ കേരള ഘടകം, പ്രവര്‍ത്തകരുടെ ആത്മീയ ജീവിതത്തെ എങ്ങനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്?

* വ്യക്തിജീവിതത്തില്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ച ഏറ്റവും ഉയര്‍ന്ന തലത്തില്‍ തന്നെ എത്തുക എന്നതാണ് ഓരോ എസ്.ഐ.ഒ പ്രവര്‍ത്തകന്റെയും ആത്മീയ ജീവിതത്തെക്കുറിച്ച് സംഘടന കാണുന്ന സ്വപ്‌നം. ആ ഉയര്‍ന്ന തലം ഏതാണ് എന്ന് ഖുര്‍ആനും പ്രവാചകനും പല സന്ദര്‍ഭങ്ങളിലായി പറഞ്ഞിട്ടുണ്ട്. അത് തഖ്വയുടെയും അല്ലാഹുവോടുള്ള സ്നേഹത്തിന്റെയുമെല്ലാം ഏറ്റവും പാരമ്യത്തില്‍ നില്‍ക്കുന്ന ഇഹ്സാന്‍ ആണ്. അതായത് ഓരോ എസ്.ഐ.ഒക്കാരനും 'മുഹ്സിന്‍' ആയിത്തീരണം. ഇത് കേവലം ആത്മീയജീവിതം എന്ന കള്ളിയില്‍ ഒതുക്കേണ്ടതല്ല. മറിച്ച് നമ്മുടെ മുഴുവന്‍ ജീവിതത്തിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആത്മാവ് ഇഹ്സാന്‍ ആവണം. 

 

നടപ്പു പ്രവര്‍ത്തന കാലയളവില്‍ എസ്.ഐ.ഒ നടത്താനുദ്ദേശിക്കുന്ന മറ്റു പരിപാടികളും പുതിയ ആലോചനകളും?

* പുതിയ മീഖാത്തില്‍ എസ്.ഐ.ഒ കേരള ഘടകം ചില മേഖലകളില്‍ കൂടുതല്‍ ഊന്നലോടെ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് വിജ്ഞാനവുമായും അത് നിലനിര്‍ത്തുന്ന അധികാര ഘടനയുമായും ബന്ധപ്പെട്ടുള്ള വിമര്‍ശനാത്മക ഇടപെടലുകള്‍. കേരളത്തില്‍ അറിവുമായും വായനയുമായും ബന്ധപ്പെട്ട ഒരുപാട് സാംസ്‌കാരിക പരിപാടികള്‍ നടക്കാറുണ്ടെങ്കിലും, അവക്ക് മുസ്ലിം സമുദായമടക്കം അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അനുഭവങ്ങളുമായോ വിജ്ഞാന സങ്കല്‍പങ്ങളുമായോ ബന്ധമൊന്നുമുണ്ടാവാറില്ല. ഈ ജനവിഭാഗങ്ങളുടെയെല്ലാം കലാ-സാംസ്‌കാരിക-ജ്ഞാന സങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയും നിലനില്‍ക്കുന്ന വരേണ്യ ലിബറല്‍ ജ്ഞാനാധികാരങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ടുമുള്ള ഒരു വലിയ പരിപാടി സംഘടിപ്പിക്കാന്‍ എസ്.ഐ.ഒ ഈ മീഖാത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 

ഇടപെടല്‍ ഉദ്ദേശിക്കുന്ന മറ്റൊരു ഇടമാണ് നിയമ മേഖല. വ്യത്യസ്ത സാമൂഹിക വിഷയങ്ങളില്‍ നിയമ വീക്ഷണകോണിലൂടെ പുതിയ പഠനങ്ങള്‍ നടത്താനും മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നീതിയുടെ പക്ഷത്തു നിന്ന് നിയമപോരാട്ടം നടത്താനും നിയമ മേഖലയില്‍ പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയവബോധം നല്‍കാനും ഈ മീഖാത്തില്‍  ഉദ്ദേശിക്കുന്നുണ്ട്. അതിനായി സംസ്ഥാന തലത്തില്‍ സംഘടനയുടെ കീഴില്‍ ലീഗല്‍ സെല്‍ രൂപീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

സംഘടനക്കകത്തും സമുദായത്തിലും വ്യത്യസ്ത മേഖലകളില്‍ കഴിവുകളുള്ള മനുഷ്യവിഭവം  വളര്‍ത്തിയെടുക്കുന്നതിലും ഊന്നല്‍ നല്‍കും. അതിനായി കാമ്പസ് അലൈവ് സ്റ്റഡി സര്‍ക്കിളുകള്‍ ഇസ്ലാമിക് കാമ്പസുകളില്‍ രൂപീകരിക്കാനും തന്‍ശിഅ ഇസ്ലാമിക് അക്കാദമിയുടെ കീഴില്‍ തുടര്‍ച്ചയായി വിവിധ തരം വര്‍ക്ഷോപ്പുകളും ഹ്രസ്വകാല കോഴ്സുകളും നടത്താനും ഉദ്ദേശിക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ