ആ ചോരത്തുള്ളികള്‍ പുതുചരിത്രമെഴുതുകയാണ്
ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ അന്നൂര്‍ മസ്ജിദിലും ലിന്‍ഡ് വുഡ് മസ്ജിദിലും ഒഴുകിയ നിരപരാധികളായ അമ്പതോളം മുസ്‌ലിംകളുടെ രക്തത്തുള്ളികളില്‍നിന്ന് ഒരു പുതുചരിത്രം പിറവിയെടുക്കുകയാണ്. മനസ്സാക്ഷിയെ വിറങ്ങലിപ്പിച്ചുനിര്‍ത്തിയ, തീര്‍ത്തും അപ്രതീക്ഷിതമായ ആ നരനായാട്ടില്‍ ജീവന്‍ പൊലിഞ്ഞ നാലും അഞ്ചും വയസ്സുള്ള കുട്ടികളുള്‍പ്പെടെയുള്ളവരെയോര്‍ത്ത് ലോകം തേങ്ങുമ്പോഴും മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത ലോകത്തെക്കുറിച്ച സ്വപ്‌നങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ശക്തിപകരുന്ന വാര്‍ത്തകളും കാഴ്ചകളുമാണ് ഈ ഭീകരാക്രമണത്തിനു ശേഷം ലോകത്ത് പൊതുവായും ന്യൂസിലാന്റില്‍ വിശേഷിച്ചും ഉണ്ടായിട്ടുള്ളത്. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും ചേര്‍ത്തുനിര്‍ത്തലിന്റെയുമെല്ലാം തിളക്കമാര്‍ന്ന സന്ദേശങ്ങള്‍ നമ്മിലേക്ക് ഈ സംഭവം പ്രസരണം ചെയ്യുന്നുണ്ട്.
ഹലോ ബ്രദര്‍
ക്രൈസ്റ്റ്ചര്‍ച്ചിലെ അന്നൂര്‍ മസ്ജിദിലേക്ക് സെമി ഓട്ടോമാറ്റിക് റൈഫിളുമായി കടന്നുവന്ന തീവ്ര വംശീയതയാലും ഇസ്‌ലാമോഫോബിയയാലും ക്രൂരനും അന്ധനുമായിപ്പോയ ആസ്‌ത്രേലിയന്‍ വംശജനായ ആ ഭീകരനെ പള്ളിയുടെ കവാടത്തില്‍ ആദ്യം എതിരേല്‍ക്കുന്നത് ഗുണകാംക്ഷയും സ്‌നേഹവും ചാലിച്ച എഴുപതു വയസ്സിനടുത്ത് പ്രായമുള്ള ഹാജി മുഹമ്മദ് ദാവൂദ് നബി എന്ന അഫ്ഗാന്‍കാരന്റെ മനോഹരമായ ഒരു ശബ്ദമാണ്; 'ഹലോ ബ്രദര്‍, വെല്‍കം.' അക്രമി ലൈവ്‌സ്ട്രീം ചെയ്ത വീഡിയോയില്‍ ആ സ്വരം വ്യക്തമായി കേള്‍ക്കാം. എല്ലാതരം വംശീയ അധമബോധങ്ങളുടെയും വേരറുക്കാന്‍ മാത്രം ശക്തിയും കരുത്തുമുള്ള ആ വിളി പക്ഷേ മനസ്സാക്ഷി ശിലയായിപ്പോയ അക്രമിയുടെ ഹൃദയത്തിന്റെ കോണിലെവിടെയും തൊട്ടില്ല. വുദൂവിന്റെ വിശുദ്ധിയില്‍ പുഞ്ചിരി തൂകിനിന്ന ആ വയോധികന്റെ ദേഹത്തേക്ക് അക്രമി തുരുതുരെ നിറയൊഴിച്ചു. അല്ലാഹുവിന്റെ പരിശുദ്ധ ഗേഹത്തില്‍ രക്തസാക്ഷ്യത്തിന്റെ നിണം പരന്നൊഴുകി. തുടര്‍ന്നുണ്ടായ കാതടപ്പിക്കുന്ന വെടിയൊച്ചകള്‍ക്കും കൂട്ട നിലവിളികള്‍ക്കുമിടയില്‍നിന്ന് 'ഹലോ ബ്രദര്‍' എന്ന അതുല്യ മാനവിക സാഹോദര്യബോധത്തിന്റെ ആ ശബ്ദം ക്രൈസ്റ്റ്ചര്‍ച്ചിന്റെ ദിഗന്തങ്ങള്‍ കടന്ന് പല ഭൂഖണ്ഡങ്ങളിലേക്ക് പറന്നുയര്‍ന്നു.
പ്രമുഖ സിംഗപ്പൂര്‍ കലാകാരന്‍ കീത്ത് ലീ രൂപകല്‍പന ചെയ്ത ഹലോ ബ്രദര്‍ എന്ന ഹാഷ് ടാഗോടെ സാമൂഹികമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്ത ഒരു മനോഹര ചിത്രമുണ്ട്. ന്യൂസിലാന്റിന്റെ അനൗദ്യേഗിക ദേശീയചിഹ്നമായും ചെടിയായും 1880 മുതല്‍ അന്നാട്ടുകാര്‍ കൊണ്ടാടുന്ന ചിത്രപ്പുല്ലിന്റെ (വെള്ളില- Silver Fern) മാതൃകയില്‍ തീര്‍ത്ത, മുസ്‌ലിംകള്‍ നമസ്‌കാരത്തിന് തോളോടുതോള്‍ ചേര്‍ന്ന് അണിയണിയായി നില്‍ക്കുന്ന, സാഹോദര്യത്തിന്റെയും സമഭാവനയുടെയും ആഴം അനുഭവിപ്പിക്കുന്ന മനോഹരമായ ചിത്രം. പ്രമുഖ ന്യൂസിലാന്റ് ക്രിക്കറ്റ് താരം കെയ്ന്‍ വില്യംസ് ഈ ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സ്‌നേഹത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന ലക്ഷങ്ങള്‍ അതേറ്റെടുത്തു. സത്യത്തിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായവര്‍ ഒരുപക്ഷേ അനശ്വരത പ്രാപിക്കുന്നതിങ്ങനെയൊക്കെയാണ്. ലോകത്ത് എല്ലാ കാലത്തും അശാന്തി മാത്രം വിതച്ച വംശീയഭ്രാന്തിനു മേല്‍ പ്രതീക്ഷയുടെ ഒരു ഭാവി ബദല്‍രാഷ്ട്രീയം 'ഹലോ ബ്രദര്‍' എന്ന ഈ വിളി അടയാളപ്പെടുത്തുന്നുണ്ട്.
വിസ്മയിപ്പിച്ച് ജസീന്ത; ഒപ്പം ന്യൂസിലാന്റ് ജനതയും
പലരും പറഞ്ഞുതുടങ്ങിയിട്ടുണ്ട് ഞങ്ങള്‍ക്കും ഇങ്ങനെയൊരു പ്രധാനമന്ത്രിയെ ലഭിച്ചിരുന്നെങ്കിലെന്ന്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അത്രമേല്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കിരാതമായ ഈ കൂട്ടക്കുരുതിയെക്കുറിച്ച അവരുടെ ആദ്യ പ്രസ്താവന തന്നെ ശ്രദ്ധേയമായിരുന്നു. 'ഭീകരാക്രമണം' എന്നായിരുന്നു അവരതിനെ വിശേഷിപ്പിച്ചത്. വെളുത്ത വംശീയഭ്രാന്തിനെ ഭീകരാക്രമണം എന്ന് ഒട്ടും പതറാത്ത ശബ്ദത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ ജസീന്ത നിര്‍ഭയം ഉറക്കെപ്പറഞ്ഞപ്പോള്‍ അത് മറ്റൊരു ചരിത്രമായി.
മീഡിയയും പൊതുബോധവും നിരന്തരം ചൊല്ലിപ്പഠിച്ചും പഠിപ്പിച്ചും രൂപകല്‍പന ചെയ്‌തെടുത്ത ശക്തവും അടിയുറച്ചതുമായ ഒരു വാര്‍പ്പുമാതൃകയെ ജസീന്ത ആ ഒരൊറ്റ വാക്കിലൂടെ പൊളിച്ചെഴുതുകയായിരുന്നു. മുസ്‌ലിംവിരുദ്ധ തീവ്ര വലതുപക്ഷ മീഡിയക്ക് അത്രയൊന്നും പരിചിതമല്ലാത്ത, എഴുതി ശീലമില്ലാത്ത വെളുത്ത വംശീയഭ്രാന്തിനെക്കുറിച്ച ഈ ഭീകരതാ വിശേഷണം ജസീന്ത സ്ഫുടതയോടെ അക്ഷരം വെളിവാക്കി പറഞ്ഞതുകൊണ്ട് അവര്‍ക്ക് അച്ചുനിരത്തേണ്ടിവന്നു.
ജസീന്തയുടെ ശ്രദ്ധേയമായ മറ്റൊരു പ്രസ്താവന 'നമ്മള്‍ ഒന്നാണ്. അവര്‍ ഞങ്ങളാണ്' (We are one. They are us) എന്നതാണ്. ഈയടുത്ത കാലത്തൊന്നും നാമെവിടെയും ഇത്രയും കരുത്തുറ്റ ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയ പ്രസ്താവന കേട്ടിട്ടുണ്ടാകില്ല. കുടിയേറ്റക്കാരും അഭയാര്‍ഥികളുമായ ഇതര ദേശസ്വത്വങ്ങളുള്ളവരെ നിരന്തരമായി അപരവത്കരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന യൂറോപ്പിലെയും അമേരിക്കയിലെയും ഇന്ത്യ ഉള്‍പ്പടെയുള്ള ഇതര രാജ്യങ്ങളിലെയും തീവ്ര വലതുപക്ഷ നിലപാടുകളെയും സമീപനങ്ങളെയും വെയിലത്തു നിര്‍ത്തുന്നുണ്ട് ആ പ്രസ്താവന.
ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജസീന്ത എത്തിയത് ഹിജാബ് അണിഞ്ഞുകൊണ്ടായിരുന്നു. അത് പലരെയും അമ്പരപ്പിച്ചു. ഈ ഭീകരാക്രമണത്തിനു ശേഷം രക്തസാക്ഷികളുടെ ബന്ധുക്കളുടെ സങ്കടങ്ങളോടൊപ്പം തന്നാലാവുന്ന എല്ലാ വഴികളിലൂടെയും ഇടതടവില്ലാതെ ചേര്‍ന്നുനില്‍ക്കുന്ന ഈ ഭരണാധികാരി ശരിക്കും ഒരത്ഭുതമാണ്. അവരുടെ ആലിംഗനങ്ങളില്‍ എത്രമേല്‍ ആര്‍ദ്രതയുണ്ടെന്ന് ആ മുഖത്തുനിന്നും കണ്ണുകളില്‍നിന്നും വായിച്ചെടുക്കാം. ദ ഗാര്‍ഡിയനും ഹഫിംഗ്ടണ്‍ പോസ്റ്റുമുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വനിതയെക്കുറിച്ച് മുഖപ്രസംഗമെഴുതി.
ആക്രമണത്തിനു ശേഷമുള്ള ആദ്യ ന്യൂസിലാന്റ് പാര്‍ലമെന്റ് സമ്മേളനം ചരിത്രമായത് പലതു കൊണ്ടുമാണ്. ഖുര്‍ആന്‍ പാരായണത്തോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. 'അസ്സലാമു അലൈകും' എന്നഭിവാദ്യം ചെയ്തുകൊണ്ട് ആരംഭിച്ച പ്രധാനമന്ത്രി ജസീന്തയുടെ പ്രഭാഷണം അത്യന്തം വികാരനിര്‍ഭരവും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്നതുമായിരുന്നു. ഈ ദുരന്തത്തിനിടയിലും ന്യൂസിലാന്റിനോടൊപ്പവും ആ രാജ്യത്തെ ജനങ്ങളോടൊപ്പവും നിലയുറപ്പിച്ച ആഗോള മുസ്‌ലിം സമൂഹത്തിന് അവര്‍ നന്ദി അറിയിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്കുകള്‍ തേടി അലയുന്ന ഇത്രമേല്‍ അസ്വസ്ഥയായ ഒരു പ്രധാനമന്ത്രി ഒരപൂര്‍വതയായി മാറുകയാണ്. സലാം പൂര്‍ണതയില്‍ പറഞ്ഞുകൊണ്ടാണ് ആ പാര്‍ലമെന്റ് പ്രസംഗം അവര്‍ അവസാനിപ്പിച്ചത്.
ചകിതരും അരക്ഷിതരുമായ ന്യൂസിലാന്റിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് ജസീന്ത പകര്‍ന്നുനല്‍കിയ സുരക്ഷിതബോധവും ആത്മവിശ്വാസവും വിവരണാതീതമാണ്. അവിടത്തെ പാര്‍ലമെന്റും മുഴുവന്‍ ജനതയും അവരോടൊപ്പമുണ്ട്. ലോക മുസ്‌ലിംകള്‍ ഒന്നടങ്കം ജസീന്തക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. മനുഷ്യത്വത്തിലും മാനവികതയിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും അവരെ സ്‌നേഹവാക്കുകള്‍ കൊണ്ട് പൊതിയുന്നു.
വിട്ടുവീഴ്ചയുടെ അവിശ്വസനീയ പാഠങ്ങള്‍
ക്രൈസ്റ്റ്ചര്‍ച്ചിലെ അന്നൂര്‍ പള്ളിയില്‍ അക്രമി രണ്ടാമതായി വെടിവെച്ചിട്ടത് നാല്‍പത്തിനാല് വയസ്സ് പ്രായമുള്ള ഹുസ്‌ന അഹ്മദ് എന്ന സ്ത്രീയെയായിരുന്നു. അവര്‍ ഭര്‍ത്താവ് ഫരീദ് അഹ്മദിനെ രക്ഷപ്പെടുത്താന്‍ സ്വന്തം ജീവന്‍ ബലിനല്‍കി സുരക്ഷാകവചമൊരുക്കുകയായിരുന്നു. പ്രിയതമയുടെ വേര്‍പാടിന്റെ ദുഃഖഭാരത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫരീദ് അഹ്മദ് നല്‍കിയ മറുപടി വിട്ടുവീഴ്ചയുടെയും ഗുണകാംക്ഷയുടെയും പൊറുത്തുകൊടുക്കലിന്റെയും അതുല്യവും ഉദാത്തവും അവിശ്വസനീയവുമായ മാതൃകയാവുകയാണ്. അക്രമിയെക്കുറിച്ച് ഫരീദ് അഹ്മദ് ഇങ്ങനെ പറയുന്നു: ''എനിക്കയാളോട് പറയാനുള്ളത് ഒരു വ്യക്തി എന്ന നിലക്ക് ഞാനയാളെ സ്‌നേഹിക്കുന്നു എന്നാണ്. അയാള്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തെറ്റാണെന്നതില്‍ തര്‍ക്കമില്ല. സ്‌നേഹം, സഹനം, വിട്ടുവീഴ്ച, ശുഭാപ്തി ഇതൊക്കെ തന്നെയാണ് പ്രധാനം. അയാളെ എന്നെങ്കിലും കണ്ടാല്‍ ജീവിതത്തെക്കുറിച്ച അയാളുടെ കാഴ്ചപ്പാട് പുനഃപരിശോധിക്കാനായിരിക്കും ഞാനാദ്യം ആവശ്യപ്പെടുക. നിങ്ങളില്‍ ഒരു വിശാലഹൃദയനുണ്ടെന്ന് ഞാനയാളോട് പറയും. മനുഷ്യരെ കൊല്ലുന്നവനല്ല, മുഴുവന്‍ മനുഷ്യരാശിയെയും രക്ഷിക്കാന്‍ കഴിവുള്ളവന്‍ നിങ്ങളുടെ ഉള്ളിലുണ്ടെന്ന് ഞാനയാളോട് പറയും. അയാളുടെയുള്ളിലുള്ള ആ ശുഭാപ്തി വിശ്വാസത്തെ കണ്ടെത്താനാണ് ഞാനാഗ്രഹിക്കുന്നത്. ഒരിക്കല്‍ അയാള്‍ നല്ലൊരു മനുഷ്യനായേക്കാം. എനിക്കയാളോട് ഒരുവിധ വിരോധവുമില്ല.''
വെടിവെപ്പ് നടക്കുന്നതിനിടയില്‍ ഹുസ്‌ന അഹ്മദ് പള്ളിയിലുള്ള മുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി പുറത്തേക്കെത്തിക്കുകയായിരുന്നു. ഭര്‍ത്താവ് ഫരീദ് അഹ്മദിനെ തെരയാന്‍ തിരികെയെത്തിയപ്പോഴാണ് അവര്‍ക്ക് വെടിയേല്‍ക്കുന്നത്. കൊടും ക്രൂരനായ അക്രമിയോടുള്ള ഫരീദ് അഹ്മദിന്റെ വിട്ടുവീഴ്ചയുടെ മനസ്സ് 2017-ല്‍ അമേരിക്കയിലെ ഒരു കോടതിമുറിയില്‍ കണ്ടുനിന്ന ഏവരുടെയും കണ്ണു നനയിച്ച ഒരു സംഭവവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. 2015-ല്‍ 22 വയസ്സ് പ്രായമുള്ള സലാഹുദ്ദീന്‍ ജിത്മൗദ് എന്ന മുസ്‌ലിം ചെറുപ്പക്കാരന്‍ പിസ്സ ഡെലിവറി നടത്തുന്നതിനിടയില്‍ അക്രമിയുടെ കുത്തേറ്റ് അമേരിക്കന്‍ തെരുവില്‍ കൊല്ലപ്പെടുന്നു. രണ്ട് വര്‍ഷത്തിനു ശേഷം പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥരുമെല്ലാം ഒത്തുചേര്‍ന്ന കോടതിമുറിയെ സാക്ഷിനിര്‍ത്തി വിധിപറയും മുമ്പ് സലാഹുദ്ദീന്റെ പിതാവ് കുറ്റം സമ്മതിച്ച പ്രതി അലക്‌സാണ്ടര്‍ റെല്‍ഫോഡിനോട് ഇപ്രകാരം പറഞ്ഞു: ''വിട്ടുവീഴ്ച ചെയ്യുക എന്നത് ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ദാനമാണ്. എന്റെ മകന്‍ സ്വലാഹുദ്ദീന്റെയും അവന്റെ ഉമ്മയുടെയും പേരില്‍ ഞാന്‍ താങ്കള്‍ ചെയ്ത തെറ്റ് പൊറുത്തുതന്നിരിക്കുന്നു. താങ്കള്‍ ഈയവസ്ഥയില്‍ ഇങ്ങനെ ഇവിടെ നില്‍ക്കേണ്ടിവന്നതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. സ്വലാഹുദ്ദീന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവനും താങ്കള്‍ക്ക് പൊറുത്തുതരുമായിരുന്നു.'' ആ പിതാവിന്റെ വാക്കുകള്‍ കേട്ട ജഡ്ജി നിയന്ത്രണം വിട്ട് വിതുമ്പി. ആ വാക്കുകള്‍ കോടതിമുറിയിലുള്ള ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിച്ചു. കരച്ചിലടക്കാനാവാതെ നിന്ന പ്രതി അലക്‌സാണ്ടറിനു നേരെ സ്വലാഹുദ്ദീന്റെ പിതാവ് തൂവാല നീട്ടി അവനെ കെട്ടിപ്പുണര്‍ന്നു.
ചെറുത്തുനില്‍പ്പ്, ധീരത
ജസീന്തയുടെ പാര്‍ലമെന്റ് പ്രസംഗത്തില്‍ പ്രത്യേകം പേരെടുത്ത് പ്രശംസിച്ച രണ്ടു പേരുണ്ട്. പാകിസ്താനില്‍നിന്നുള്ള നഈം റാശിദും അഫ്ഗാന്‍ സ്വദേശിയായ അബ്ദുല്‍ അസീസും. നാല്‍പതിലധികം പേര്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദ് അന്നൂറില്‍ വെച്ച് അക്രമിയായ ഭീകരനെ ചെറുക്കാന്‍ നഈം റാശിദ് കുതിച്ചെത്തിയെങ്കിലും ആ ശ്രമം ജീവത്യാഗത്തില്‍ കലാശിക്കുകയായിരുന്നു. ഒരുപക്ഷേ നഈം തന്റെ ചെറുത്തു നില്‍പില്‍ വിജയിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ വലിയ തോതില്‍ കുറയുമായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നഈമിനെ ദേശീയ ഹീറോയായി പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമി രണ്ടാമതായി ലക്ഷ്യം വെച്ച ലിന്‍ഡ് വുഡ് മസ്ജിദില്‍ ഏഴു പേരാണ് രക്തസാക്ഷികളായത്. അവിടെ മരണസംഖ്യ കുറയാന്‍ കാരണമായത് അബ്ദുല്‍ അസീസ് എന്ന ധീരനായ യുവാവിന്റെ സമയോചിത ഇടപെടലായിരുന്നു. ആസ്‌ത്രേലിയയില്‍ ജിംനേഷ്യം പരിശീലകനായിരുന്ന, ന്യൂസിലാന്റിലെ റൈഫിള്‍ ക്ലബില്‍ മാസങ്ങളോളം ഷൂട്ടിംഗ് പ്രാക്ടീസ് നടത്തിയ അതികായനായ ഭീകരന്‍ ടെറന്റിനെ കീഴ്‌പ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. അയാള്‍ വര്‍ഷങ്ങളോളം തയാറെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്. അബ്ദുല്‍ അസീസ് അക്രമിയെ നേരിടുന്നതാകട്ടെ ഒട്ടും നിനച്ചിരിക്കാത്ത നേരത്തും. ഏഴു പേരെ തോക്കിനിരയാക്കിയ ശേഷം തിരയൊഴിഞ്ഞ റൈഫിള്‍ ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കാന്‍ ചെന്ന അക്രമിയുടെ പിന്നാലെ അബ്ദുല്‍ അസീസും കുതിച്ചു. അയാളുടെ കൈയിലുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ കൊണ്ട് അക്രമിയെ നേരിട്ടു. അക്രമി ഉപേക്ഷിച്ച തോക്കെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ തിരയില്ലായിരുന്നു. അബ്ദുല്‍ അസീസിന്റെ ധീരോദാത്തമായ ഒറ്റയാള്‍ ചെറുത്തുനില്‍പ് അക്രമിയെ അസ്വസ്ഥനാക്കി. അയാളുടെ ലക്ഷ്യം പാളി. അയാള്‍ അബ്ദുല്‍ അസീസിനു നേരെ പല തവണ നിറയൊഴിച്ചെങ്കിലും കാറിനു പിന്നില്‍ മറഞ്ഞുനിന്ന് വിദഗ്ധമായി അവയെയെല്ലാം പ്രതിരോധിച്ചു. അക്രമിയുടെ കാറിന്റെ ചില്ല് റൈഫിള്‍ കൊണ്ട് അടിച്ചു തകര്‍ത്തു. ഇതോടെ ഭീകരന്‍ ടെറന്റ് സമ്പൂര്‍ണ പ്രതിരോധത്തിലായി. അയാള്‍ തെറികള്‍ പുലമ്പിക്കൊണ്ട് ഭീരുവിനെപ്പോലെ കാര്‍ ഡ്രൈവ് ചെയ്ത് ഓടിച്ചുപോയി. അബ്ദുല്‍ അസീസ് അക്രമിയുടെ കാറിനു പിന്നാലെ ഓടിയെങ്കിലും അയാളെ പിടിക്കാനായില്ല.
വില്‍ കോളോണി; വംശീയതക്കെതിരെ ന്യൂ ജനറേഷന്‍ ഐക്കണ്‍
പതിനേഴു വയസ്സ് മാത്രം പ്രായമുള്ള ആസ്‌ത്രേലിയന്‍ പൗരനായ വില്‍ കോളോണി എന്ന കൗമാരക്കാരന്‍ ഇന്ന് വംശീയതക്കെതിരായ പോരാട്ടത്തിലെ ന്യൂ ജനറേഷന്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ്. ന്യൂസിലാന്റില്‍ ആസ്‌ത്രേലിയന്‍ വംശജന്‍ കൂടിയായ ടെറന്റ് എന്ന ഭീകരന്‍ നടത്തിയ കൂട്ടക്കശാപ്പിനെ ന്യായീകരിച്ച് സംസാരിച്ച ആസ്‌ത്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങിന്റെ തലയില്‍ പരസ്യമായി മുട്ട ഉടച്ച് അത് സെല്‍ഫിയെടുത്താണ് വെള്ള വംശീയഭ്രാന്തിനും ഇസ്‌ലാമോഫോബിയക്കുമെതിരായ തന്റെ പ്രതിഷേധം വില്‍ കോളോണി ലോകത്തെ അറിയിച്ചത്.നിമിഷ നേരം കൊണ്ട് വില്‍ സാമൂഹികമാധ്യമങ്ങളില്‍ താരമായി. പലരും വലിയ സമ്മാനത്തുക അവന് നല്‍കി. തനിക്ക് സമ്മാനമായി ലഭിച്ച മുഴുവന്‍ തുകയും ന്യൂസിലാന്റ് ഭീകരാക്രമണത്തിലെ രക്തസാക്ഷികളുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ പയ്യന്‍.
കൊലയാളികളെയും ക്രൂരന്മാരെയും സൃഷ്ടിക്കുന്ന ബ്ലൂ വെയില്‍ പോലുള്ള ഗെയ്മുകളുടെ പ്രതിനിധികളായും കടുത്ത അരാഷ്ട്രീയവാദികളായും മുദ്രകുത്തപ്പെടാറുള്ള പുതുകാല കൗമാരത്തിന്റെ ശക്തവും ഉദാത്തവുമായ രാഷ്ട്രീയ ബോധത്തിന്റെ പ്രതിനിധാനമായിരിക്കുകയാണ് വില്‍ കൊളോണി.
Comments