തുര്‍ക്കിയെ ഉന്നമിട്ട ഭീകരന്‍
തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ്് ഒക്തായ്, വിദേശകാര്യമന്ത്രി മെവ്‌ലുദ് ചാവുഷോഗുലു എന്നിവരടങ്ങുന്ന തുര്‍ക്കി പ്രതിനിധിസംഘം ന്യൂസിലാന്റിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് തുര്‍ക്കിഷ് വംശജരെ സന്ദര്‍ശിക്കുകയുണ്ടായി. മെവ്‌ലുദ് ചാവുഷോഗുലു, ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ ഒ.ഐ.സി അടിയന്തര യോഗം വിളിച്ചുകൂട്ടണമെന്നും ആവശ്യപ്പെട്ടു. യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളിലും ഈ പ്രശ്‌നം ഉന്നയിക്കപ്പെടണം. അതിനായി പ്രത്യേക കമീഷന്‍ രൂപീകരിക്കണം. വൈസ് പ്രസിഡന്റ് ഒക്തായും ചാവുഷോഗുലുവും 'ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് അസോസിയേഷന്‍സ് ഓഫ് ന്യൂസിലാന്റ്' (FIANZ) ചെയര്‍മാന്‍ മുസ്ത്വഫ ഫാറൂഖിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഭീകരവാദി ബ്രന്റന്‍ ടറന്റ് മുമ്പ് രണ്ടു പ്രാവശ്യം തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. ഉസ്മാനി ഖിലാഫത്തിന്റെ ചരിത്രത്തിലെ പല ഘട്ടങ്ങളെക്കുറിക്കുന്ന പേരുകളും വര്‍ഷങ്ങളും ബ്രന്റന്‍ തന്റെ തോക്കിന്മേല്‍ ആലേഖനം ചെയ്തിരുന്നു.
ആക്രമണം നടത്തുന്നതിനു മുമ്പ് തുര്‍ക്കിക്കാര്‍ക്കെതിരെ ബ്രന്റന്‍ ഭീഷണി മുഴക്കിയിരുന്നു. പടിഞ്ഞാറന്‍ ബോസ്ഫറസ് മുറിച്ചുകടന്നാല്‍ കൊന്നുകളയുമെന്നും തുര്‍ക്കിയിലെ എല്ലാ മസ്ജിദുകളും മിനാരങ്ങളും തകര്‍ക്കുമെന്നും ബ്രന്റന്‍ ടറന്റ് സോഷ്യല്‍ മീഡിയയില്‍ എഴുതി. ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ള കൊലപാതകിക്ക് എങ്ങനെയാണ് തുര്‍ക്കികളോട് ഇത്രയേറെ വിദ്വേഷം വെച്ചുപുലര്‍ത്താന്‍ സാധിക്കുന്നതെന്ന് ഉര്‍ദുഗാന്‍ ചോദിക്കുന്നു. ഇസ്ലാംഭീതിയും വംശീയതയും നിര്‍വചിക്കുന്നതിലെ പാശ്ചാത്യരാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ് ഈ സംഭവത്തോടെ പ്രകടമായെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ഇത് അടിമയുടെ ജീവചരിത്രം മാത്രമല്ല
അമേരിക്കന്‍ അടിമയായിരുന്ന ഉമറുബ്‌നു സഈദിന്റെ ജീവചരിത്രകൃതിയായ The Life of Omar പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ അമേരിക്കയിലെ സാമൂഹിക പശ്ചാത്തലവും മുസ്‌ലിംകളുടെ അടിമത്ത ജീവിതവും പ്രതിപാദിക്കുന്നു. 1770-ല്‍ പശ്ചിമാഫ്രിക്കയിലെ സെനഗലിലെ ഫുതാ തോറോ എന്ന പ്രദേശത്ത് ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ഉമറുബ്‌നു സഈദിനെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോവുകയും അമേരിക്കയില്‍ അടിമയായി വില്‍ക്കുകയുമായിരുന്നു. സൗത്ത് കരോലിനയില്‍നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടിക്കപ്പെടുകയാണുണ്ടായത്. തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബി ഭാഷയില്‍ എഴുതിയയച്ച കത്ത് കരോലിനക്കാരുടെ ശ്രദ്ധയില്‍പെട്ടത് പ്രാദേശിക പത്രം വാര്‍ത്തയാക്കിയതോടെ ഉമറുബ്‌നു സഈദിന്റെ പ്രശസ്തി വര്‍ധിച്ചു. 1831-ല്‍ അദ്ദേഹത്തോട് ജീവചരിത്രം എഴുതാന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ അടിമകളുടെ ചരിത്രത്തില്‍ അറബി ഭാഷയിലെഴുതപ്പെട്ട ആദ്യത്തെ ജീവചരിത്രമാണിത്. 1836-ല്‍ ആഭ്യന്തര കലാപഘട്ടത്തില്‍ നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണിലേക്ക് സൈന്യം അദ്ദേഹത്തെ മാറ്റിത്താമസിപ്പിച്ചു. 1864-ല്‍ തൊണ്ണൂറ്റിനാലാമത്തെ വയസ്സില്‍ മരണപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ഈ ഗ്രന്ഥത്തിന്റെ അറബി മൂലകൃതി മിസിസിപ്പിയിലെ ഇന്റര്‍നാഷ്‌നല്‍ മ്യൂസിയം ഓഫ് മുസ്‌ലിം കള്‍ച്ചേഴ്‌സില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ ആഫ്രോഅമേരിക്കന്‍ വംശജരുടെ ചരിത്ര ശേഖരണത്തിന്റെ ഭാഗമായാണ് ഇതിന്റെ പരിഭാഷയും നടത്തിയിരിക്കുന്നത്. യേല്‍ യൂനിവേഴ്‌സിറ്റി അധ്യാപകനായ അല അരിയെസ് ആണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അടിമജീവിതഘട്ടത്തില്‍ സ്വാധീനം ചെലുത്തിയ ക്രിസ്തുമതത്തെക്കുറിച്ചും ഉമറുബ്‌നു സഈദ് വിവരിക്കുന്നുണ്ട്. ഈ പുസ്തകം ആദ്യകാല അമേരിക്കന്‍ മുസ്‌ലിംകളുടെ ജീവിതവും പശ്ചാത്തലവും വിശദമായി ചിത്രീകരിക്കുന്നു. ഉമറുബ്‌നു സഈദിന്റെ മറ്റു രചനകള്‍, ചിത്രങ്ങള്‍ എന്നിവക്കൊപ്പം ആഫ്രോഅമേരിക്കന്‍ ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച വിശദമായ പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Comments