ആരാണ് മനുഷ്യരിലെ പിശാചുക്കള്‍?
നാട്ടിന്‍പുറങ്ങളില്‍ വൈദ്യുതിയെത്താത്ത കാലം. പൊട്ടിച്ചൂട്ടും ഒടിയനും മാപ്പിളജിന്നും ഹിന്ദുയക്ഷിയും സന്ധ്യയായാല്‍ നമ്മുടെ ഇടവഴികളിലും പാടവരമ്പുകളിലും പുഴയോരങ്ങളിലും ഭീതി പടര്‍ത്തിയ നാളുകള്‍. നാട്ടിന്‍പുറങ്ങളും കവലകളും വൈദ്യുത വിളക്കുകളാല്‍ നിറഞ്ഞപ്പോള്‍ ഇവരുടെയൊന്നും പൊടിപോലുമില്ല. പറഞ്ഞു ചിരിക്കാനുള്ള കുറേ പഴങ്കഥകളായി അവ അവശേഷിച്ചു.
എന്നാലിന്ന് എല്‍.ഇ.ഡി -ഹാലജന്‍ ബള്‍ബുകള്‍ക്കു കീഴെ എല്‍.സി.ഡി സ്‌ക്രീനില്‍ മൗലവിമാര്‍ ജിന്നു-പിശാചുബാധ ഇറക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഇല്ലെങ്കിലുള്ള അപകടത്തെക്കുറിച്ചും കത്തിക്കയറുകയാണ്. മുസ്‌ലിംജിന്നോ ഹിന്ദുജിന്നോ എന്നിടത്തുനിന്ന് ജിന്നുകളെക്കൊണ്ടുള്ള തവസ്സുല്‍, ഇസ്തിഗാസ, റുഖിയ ശര്‍ഇയ്യ അങ്ങനെ പോകുന്നു നാട്ടുകവലകളിലെ തര്‍ക്കങ്ങള്‍. ഇതെല്ലാം കാണുമ്പോള്‍ ദൗത്യം മറന്ന സമുദായവും സംഘങ്ങളും 'പിശാചിന്റെ ദുര്‍ബോധന'ത്തില്‍ പെട്ടുപോയോ എന്ന് നാം സംശയിച്ചുപോകും.
'മനുഷ്യരിലും ജിന്നിലും പെട്ട പിശാചുക്കളുടെ ദുര്‍ബോധനം' എന്ന ഖുര്‍ആനികപ്രയോഗം ആധുനിക മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഭിപ്രായവ്യത്യാസമുള്ള ഹദീസുകളുടെ ആധികാരികതയും പ്രാമാണികതയും ചര്‍ച്ച ചെയ്യേണ്ടവര്‍ ചര്‍ച്ച ചെയ്യട്ടെ. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത് അല്ലാഹുവിന്റെ വിജ്ഞാനത്തിലും നിയന്ത്രണത്തിലുമുള്ള അദൃശ്യരായ ജിന്നുകളെ നമുക്ക് വെറുതെ വിടാം. മനുഷ്യരിലും ദുര്‍ബോധനം ചെയ്യുന്ന പിശാചുണ്ടല്ലോ. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. നാം സാമ്രാജ്യത്വ മുതലാളിത്തമെന്ന് പേരിട്ടു വിളിക്കുന്നത് തന്നെയല്ലേ ദുര്‍ബോധനം ചെയ്യുന്ന മനുഷ്യപ്പിശാച്? ചിന്തകളെ പോലും സ്വാധീനിക്കുന്ന അധിനിവേശത്തെ ഖുര്‍ആന്റെ ഭാഷയിലെ 'ശൈത്വാനിയത്താ'യി മനസ്സിലാക്കാന്‍ സത്യവിശ്വാസികള്‍ക്കു പോലും സാധിക്കുന്നില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന 'അല്‍ ഖന്നാസ്' (മനുഷ്യമനസ്സില്‍ നിരന്തരം ദുര്‍ബോധനം ചെയ്തുകൊണ്ടിരിക്കുന്നത്) ആധുനിക മുതലാളിത്താധിനിവേശത്തിന്റെ പ്രതീകമാണ്. മനുഷ്യഹൃദയങ്ങളില്‍ (സ്വുദൂറുന്നാസ്) ഉപഭോഗതൃഷ്ണയെ വളര്‍ത്തി വലുതാക്കി, ഭൗതികതയുടെ കെട്ടുപാടുകളില്‍ കുരുക്കി, അവന് വേണ്ടതെല്ലാം ഭൂമിലൊരുക്കിക്കൊടുത്ത്, മയക്കിക്കിടത്തി മുതലാളിത്തമെന്ന പിശാച് അതിന്റെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
എല്ലാ പ്രവാചകന്മാരും ശത്രുക്കളാക്കിയ മനുഷ്യരിലും ജിന്നിലും പെട്ട പിശാചുക്കള്‍ വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധനം ചെയ്തുകൊണ്ടിരിക്കുന്നു (അല്‍ അന്‍ആം: 70,112). ഖുര്‍ആന്‍ പരിചയപ്പെടുത്തിയ മനുഷ്യരില്‍ പെട്ട ഈ ചെകുത്താന്മാരാണ് നവ മുതലാളിത്തത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്.
അനാവശ്യങ്ങളെ അത്യാവശ്യങ്ങളാക്കി നമ്മുടെ മുന്നിലെത്തിക്കാന്‍ മോഹങ്ങളില്‍ ഇരകോര്‍ത്ത് എല്ലാ വഴികളിലും ഇവര്‍ പതിയിരിക്കുന്നു. നാമെന്ത് സ്വപ്‌നം കാണണം എന്നു പോലും തീരുമാനിക്കുന്നത് ഇവരാണ്. ഇക്കിളിപ്പെടുത്തിയും ആടിപ്പാടിയും അത് വരും, വിനോദങ്ങളായും കളികളായും നാമതിനെ പുല്‍കും. ഉപയോഗം കഴിഞ്ഞ ശേഷം വലിച്ചെറിയുന്ന (സ്വന്തം മാതാപിതാക്കളെ പോലും) ഒരു സംസ്‌കാരം സൃഷ്ടിച്ചെടുത്ത, കുടുംബമെന്ന കൂട്ടായ്മയെ ശിഥിലമാക്കിയ ദുര്‍ബോധനങ്ങള്‍ അശ്ലീലതയെയും ആഭാസത്തരങ്ങളെയും ഹിംസയെയും ആസൂത്രിതമായി പ്രചരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.
മൂലധനമിറക്കി രാഷ്ട്രങ്ങളെ കീഴ്‌പ്പെടുത്തുന്ന ഇവര്‍ പരസ്യമൊഴുക്കിയും ഉല്‍പന്നമിറക്കിയും മസ്തിഷ്‌കങ്ങളെ കീഴ്‌പ്പെടുത്തുന്നു. അസൂയ, പൊങ്ങച്ചം, മേനിനടിക്കല്‍, ആര്‍ത്തി, അഹങ്കാരം, ഞാനെന്ന ഭാവം തുടങ്ങിയ പൈശാചികതകള്‍ മനുഷ്യനറിയാതെ അവന്റെ മനസ്സിലേക്ക് ദുര്‍മന്ത്രണം ചെയ്യപ്പെടുന്നു.
മുതലാളിത്ത പിശാച് സൃഷ്ടിച്ചെടുത്തത് ആര്‍ത്തിയോടെ എല്ലാം വാരിക്കൂട്ടുന്ന മനുഷ്യനെയാണ്. ഏതു മാര്‍ഗത്തിലൂടെയും ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ നെട്ടോട്ടമോടുന്ന 'തകാസുര്‍' ബാധിച്ച മനുഷ്യന്‍ സഹജീവികളോടുള്ള ബന്ധം പോലും വിസ്മരിക്കുന്നു. ബന്ധുക്കള്‍ ശത്രുക്കളായി മാറുന്നു. ആര്‍ത്തിയുടെ മൂര്‍ധന്യത്തിലെത്തിയ മുതലാളിത്തത്തിന്റെ പ്രതീകമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് 'ഖാറൂനെ'യാണ്. അഭിനവ ഖാറൂനുമാരെ കണ്ട് നാമും പറഞ്ഞുപോകുന്നു, 'ഇതുപോലെ സമ്പത്ത് എനിക്കും ലഭിച്ചിരുന്നെങ്കില്‍' എന്ന്.
ആര്‍ത്തി മൂത്ത് സകല ബാങ്കിലും അക്കൗണ്ട് തുറക്കുന്ന മനുഷ്യന്‍ ബാങ്ക് ബാലന്‍സും ഷെയര്‍മാര്‍ക്കറ്റിലെ സെന്‍സെക്‌സ് സൂചികയും എണ്ണിത്തിട്ടപ്പെടുത്തി വെച്ചുകൊണ്ടേയിരിക്കും. അല്ലദീ ജമഅ മാലന്‍ വഅദ്ദദ യഹ്‌സബു അന്ന മാലഹു അഖ്‌ലദ (അതിലവന്‍ മേനി നടിക്കും, അതവനെ ശാശ്വതനാക്കുമെന്നവന്‍ വൃഥാ വിശ്വസിക്കും- അല്‍ഹുമസ). മുതലാളിത്തത്തിന്റെ ധനപൂജയെ ഖുര്‍ആന്‍ സൂക്തങ്ങള്‍ വെച്ച് ഇത്ര നന്നായി വിശദീകരിക്കാന്‍ പറ്റിയ കാലം മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. ലക്ഷങ്ങള്‍ കൈയിലുള്ളവനെ 'ലക്ഷപ്രഭു' എന്നും കോടികള്‍ സമ്പാദിച്ചവനെ 'കോടീശ്വരന്‍' എന്നും വിളിക്കുന്ന ഭാഷാ പ്രയോഗം പോലും ധനപൂജയെ മഹത്വവത്കരിക്കുന്നുണ്ട്. മുകളില്‍ പരുന്ത് പോലും പറക്കാത്ത പണത്തിന് താഴെയാണവന്‍ ഈശ്വരനെപ്പോലും പ്രതിഷ്ഠിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവുമാണ് സമൂഹത്തിലെ സ്റ്റാറ്റസിന്റെ നിദാനം എന്നുപോലും നാം ദുര്‍ബോധനം ചെയ്യപ്പെടുന്നു.
ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ സാമ്പത്തിക വ്യയങ്ങളെ തിരിച്ചറിയുന്നേടത്ത് അഞ്ചു നേരം നമസ്‌കരിക്കുന്ന വിശ്വാസിക്ക് പിഴവ് പറ്റുന്നു. സ്വഹാബിവര്യന്മാരുടെ ത്യാഗത്തിന്റെ മഹിതചരിത്രം പറഞ്ഞും കേട്ടും ആവേശം കൊള്ളുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍തന്നെ ഈ ദുരവസ്ഥയില്‍ അകപ്പെടുന്നു. സമൂഹത്തിലെ സ്റ്റാറ്റസിന്റെ അളവുകോല്‍ വെച്ച് നാം നമ്മെത്തന്നെ അളക്കുന്നു. അനാവശ്യങ്ങള്‍ നമ്മുടെ അത്യാവശ്യങ്ങളായി മാറുന്നു. വീട് മോടിപിടിപ്പിച്ചില്ലെങ്കില്‍, ആഡംബര കാറുകള്‍ വാങ്ങിയില്ലെങ്കില്‍, നാടടക്കി വിളിച്ച് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി കല്യാണം നടത്തിയില്ലെങ്കില്‍ നമ്മുടെ സ്റ്റാറ്റസിനെ അത് ബാധിക്കുമെന്ന തരത്തിലേക്ക് വിശ്വാസിയുടെ മാനസികവ്യാപാരങ്ങള്‍ വരെ മാറുന്നു. സ്റ്റാറ്റസ് നിലനിര്‍ത്താന്‍ പലിശക്ക് പണമെടുത്ത് ഒടുവില്‍ കടക്കെണിയിലായി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരും നിരവധിയാണ്.
നൈമിഷിക സുഖസൗകര്യങ്ങളൊരുക്കി, പ്രയോജനമില്ലാത്തതും ദോഷഫലങ്ങള്‍ ഉള്ളതുമായ ഒരു ഉപഭോഗസംസ്‌കാരം സൃഷ്ടിക്കുന്നതില്‍ ഈ ദുര്‍ബോധനങ്ങള്‍ വിജയിച്ചു. തിന്നുന്നതിനോ കാണുന്നതിനോ ആസ്വദിക്കുന്നതിനോ ഒന്നും പരിധിയില്ല. കഴിയുന്നത്ര കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ലാഭത്തില്‍, കൂടുതല്‍ വലുപ്പത്തില്‍ എന്നൊരു തത്ത്വം നമ്മെ പഠിപ്പിക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യ-സേവന മേഖലകളുമെല്ലാം ഈയൊരു തത്ത്വത്തിന്റെ മൂശയില്‍ നാം വാര്‍ത്തെടുത്തു. സമുദായത്തിന്റെ പോലും കലാലയങ്ങള്‍ കച്ചവടകേന്ദ്രങ്ങളായും ധര്‍മാശുപത്രികള്‍ അറവുശാലകളായും പരിണമിച്ചു.
'ആര്‍ത്തിയുടെ മതം' സൃഷ്ടിച്ചെടുത്ത ഈ ദുര്‍ബോധനങ്ങള്‍ ഉപഭോഗസംസ്‌കാരത്തിന്റെ തത്ത്വശാസ്ത്രത്തെയും സൃഷ്ടിക്കുകയുണ്ടായി. ഇവ രണ്ടിലും മനുഷ്യനെ അകപ്പെടുത്തുന്ന ടെക്‌നോളജിയും സൃഷ്ടിച്ചു. ടെക്‌നോളജി മനുഷ്യനെ അടിമയാക്കി. മുമ്പ് മനുഷ്യന്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ അവനെത്തന്നെ അടിമയാക്കിയതുപോലെ.
മനസ്സിന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് നാമറിയാതെ ജാഹിലിയ്യത്തിലേക്ക് നയിക്കുന്ന ഈ ദുര്‍മന്ത്രണങ്ങളെ നേരിടാന്‍ ആദര്‍ശത്തിന്റെ പടച്ചട്ടയണിഞ്ഞാണ് പോര്‍ക്കളത്തിലിറങ്ങേണ്ടത്. ആധുനിക ജാഹിലിയ്യത്തുകളെല്ലാം സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ജാരസന്തതികളാണെന്ന തിരിച്ചറിവോടെ സകല ജാഹിലിയ്യത്തുകളെയും ഉന്മൂലനം ചെയ്ത് ജീവിതശീലങ്ങളെ മാറ്റിപ്പണിയാന്‍ കഴിയണം.
ആര്‍ത്തി, ദുര, സ്വാര്‍ഥത, ധൂര്‍ത്ത്, ദുര്‍വ്യയം തുടങ്ങിയ ഭൗതിക താല്‍പര്യങ്ങളില്‍നിന്ന് മോചനം നേടി ദൈവഭക്തനായ മനുഷ്യനിലേക്കുള്ള പ്രയാണത്തിന് (അല്‍ ഹദീദ് 20,21) തടസ്സമായി നില്‍ക്കുന്നതെന്തായാലും സ്വന്തം ഇഛയോടുള്ള ജിഹാദിലൂടെ അവയെല്ലാം തട്ടിമാറ്റാന്‍ വിശ്വാസിക്ക് കഴിയും.
മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളും ആദര്‍ശങ്ങളും വിസ്മൃതിയിലാവുമ്പോള്‍ സാംസ്‌കാരികമായിത്തന്നെ ഒരു ഖുര്‍ആനിക ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണം.
'ഐശ്വര്യമെന്നാല്‍ ഭൗതിക വിഭവങ്ങളിലെ ധാരാളിത്തമല്ല, മറിച്ച് മാനസിക സംതൃപ്തിയാണ്' (ഹദീസ്). 'മാനസിക സംതൃപ്തി നേടാന്‍ നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കണം' (ഹദീസ്). ഇല്ലാത്തവന് കൊടുക്കുക എന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം. താമസിക്കാന്‍ കൊട്ടാരം പണിയുമ്പോള്‍ അത് പിശാചിനുള്ള വീടാണെന്നും അഗതിക്ക് സ്വന്തം കാശുകൊണ്ട് വീടുപണിതു നല്‍കുമ്പോള്‍ അത് സ്വര്‍ഗത്തിലേക്കുള്ള തന്റെ ഭവനമൊരുക്കലാണെന്നും ചിന്തിക്കാന്‍ കഴിയുമ്പോള്‍ വിശ്വാസി കൂടുതല്‍ ശക്തനാകുന്നു.
ഏതു ദുര്‍ബോധനത്തില്‍നിന്നുമുള്ള രക്ഷയുടെ ചികിത്സ (റുഖിയ ശര്‍ഇയ്യ), അല്ലാഹുവിലേക്കുള്ള മടക്കമാണ്, ഖുര്‍ആനെ ജീവിതമാക്കലാണ്. ജീവിതം സമരവും വഴിപ്പെടലുമാവുമ്പോള്‍ (ജിഹാദ്, ഇബാദത്ത്) അവിടെ മനുഷ്യരിലോ ജിന്നിലോ പെട്ട പിശാചുക്കള്‍ക്ക് യാതൊരു സ്ഥാനവും ഉണ്ടാകില്ല.
Comments