Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല ഒരു മുന്നറിയിപ്പാണ്

അശ്‌റഫ് കീഴുപറമ്പ്

ബ്രന്റന്‍ ഹരിസന്‍ ടറന്റ് എന്ന ആസ്‌ത്രേലിയക്കാരനായ വംശവെറിയന്‍ ഭീകരന്‍ ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള രണ്ട് പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ അമ്പതു വിശ്വാസികളെ വെടിവെച്ചു കൊല്ലുകയും അമ്പതു പേരെ പരിക്കേല്‍പിക്കുകയും ചെയ്തതിനെ കടുത്ത ഭാഷയില്‍ അപലപിച്ചുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു: 'ഭീകരന്‍ ലക്ഷ്യമിട്ടത് തുര്‍ക്കിയെയാണ്.' അടുത്ത കാലത്ത് രണ്ട് തവണ തുര്‍ക്കി സന്ദര്‍ശിച്ചിട്ടുണ്ട് ഇയാള്‍. ഉര്‍ദുഗാനെ വധിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നോ ആ സന്ദര്‍ശനങ്ങളെന്ന് തുര്‍ക്കി അധികൃതര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍നിന്ന് തുര്‍ക്കി വംശജരെ പുറത്താക്കുകയെന്നത് വെള്ള വംശവെറിയന്‍ സംഘങ്ങളുടെ പ്രധാന അജണ്ടകളിലൊന്നാണെന്ന് കൊലയാളി പുറത്തുവിട്ട മാനിഫെസ്റ്റോയില്‍ പറയുന്നുമുണ്ട്.

പക്ഷേ, ഉര്‍ദുഗാന്റെ വാക്കുകള്‍ക്ക് അദ്ദേഹം ഉദ്ദേശിക്കാത്ത അര്‍ഥതലങ്ങളുണ്ടെന്ന് പിന്നീട് വ്യക്തമായി. കൊലയാളിയുടെ ആയുധങ്ങളില്‍ ചില വര്‍ഷങ്ങളും പേരുകളും എഴുതിവെച്ചിരുന്നു. അവയിലധികവും തുര്‍ക്കിയെ പ്രതീകവത്കരിക്കുന്നുണ്ട്. ആധുനിക തുര്‍ക്കിയെ അല്ല, നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകത്തിന് നേതൃത്വം നല്‍കിയ ഉസ്മാനിയ്യ തുര്‍ക്കിയെയാണ് എന്നു മാത്രം. ആ വര്‍ഷങ്ങളും പേരുകളും പരിശോധിച്ചുനോക്കാം. 

* 1189. രണ്ടു വര്‍ഷം നീണ്ട അക്ക ഉപരോധം നടന്നത് ഈ വര്‍ഷമാണ്. മൂന്നാം കുരിശുസേന അക്കയില്‍ കടക്കുകയും കോട്ടയിലുണ്ടായിരുന്ന അയ്യൂബി സൈന്യത്തെ മുഴുവനായി കൂട്ടക്കൊല നടത്തുകയും ചെയ്തു.

* 1683. വിയന്ന പോരാട്ടം  (Battle of Vienna) നടന്ന വര്‍ഷം. ഉസ്മാനി ചക്രവര്‍ത്തി മുഹമ്മദ് നാലാമന്‍ രണ്ടാം തവണ വിയന്ന ഉപരോധിച്ചതിനെത്തുടര്‍ന്നായിരുന്നു യുദ്ധം. ഉസ്മാനി കമാന്റര്‍ കരാ മുസ്ത്വഫ പാഷ ബെല്‍ഗ്രേഡില്‍ വെച്ച് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് യുദ്ധം അവസാനിച്ചത്. ഈ പരാജയം മുതലാണ് ഉസ്മാനിയ ഭരണകൂടം പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പു കുത്താന്‍ തുടങ്ങിയതെന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

* 732. ഈ വര്‍ഷമാണ് യൂറോപ്പിലേക്കുള്ള മുസ്‌ലിം മുന്നേറ്റത്തെ തടഞ്ഞ Battle of Tours നടക്കുന്നത്; ദക്ഷിണ ഫ്രാന്‍സില്‍ വെച്ച്.

* Charles Martel. ഈ ഫ്രഞ്ച് രാജാവാണ് Tours യുദ്ധത്തില്‍ അന്തുലേഷ്യന്‍ മുസ്‌ലിം സേനയെ പരാജയപ്പെടുത്തുന്നത്.

* Constantine ll. ഉസ്മാനികള്‍ അധികാരം പിടിക്കുന്നതിനു മുമ്പ് ബള്‍ഗേറിയ ഭരിച്ച ഒടുവിലത്തെ ക്രിസ്ത്യന്‍ രാജാവ്.

* Marco Antonio Bragdin. ഉസ്മാനികളുമായുള്ള കരാര്‍ ലംഘിച്ച് തടവുകാരായ ഉസ്മാനി ഭടന്മാരെ കൊലപ്പെടുത്തിയ വെനീഷ്യന്‍ കമാന്റര്‍.

* John Hunyadi. ബെല്‍ഗ്രേഡ് പ്രതിരോധിക്കാന്‍ ഉസ്മാനികളോട് പോരാടിയ ഹംഗേറിയന്‍ ജനറല്‍.

* Bohemond I of Antioch. തുര്‍ക്കി മുസ്‌ലിംകള്‍ക്കെതിരെ ഒന്നാം കുരിശുയുദ്ധം നയിച്ച വ്യക്തി.

* Skanderbej. ഉസ്മാനികള്‍ക്കെതിരെ കലാപത്തിന് നേതൃത്വം നല്‍കിയ അല്‍ബേനിയന്‍ നേതാവ്.

ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലെത്തിയ കൊലയാളി തന്റെ തോക്കുകളില്‍ എഴുതിവെച്ച ഈ വര്‍ഷങ്ങളും പേരുകളും നല്‍കുന്ന സൂചന വളരെ വ്യക്തമാണ്. കുരിശുയുദ്ധ പശ്ചാത്തലം പുനരാനയിക്കാനുള്ള ശ്രമമാണിത്. അതുകൊണ്ടാണ് ഒറ്റപ്പെട്ട വ്യക്തിയുടെ പരാക്രമമായി ഇതിനെ കുറച്ചു കാണരുതെന്ന് പറയുന്നത്. അമേരിക്കയിലും യൂറോപ്പിലുടനീളവും വെള്ളക്കാരും ക്രിസ്ത്യാനികളുമല്ലാത്തവര്‍ക്കെതിരെ ശക്തിപ്പെടുന്ന വെള്ള വംശവെറിയുടെ ബീഭത്സമുഖമാണ് ന്യൂസിലാന്റിലെ കൂട്ടക്കൊല. പ്രേരണാകുറ്റത്തിന് പ്രതിപ്പട്ടിക തയാറാക്കുകയാണെങ്കില്‍ അതില്‍ ഒന്നാം പേരുകാരനെ വൈറ്റ് ഹൗസില്‍ തെരഞ്ഞാല്‍ മതി. ലോകത്തുടനീളം ശക്തിപ്പെടുന്ന ഇസ്‌ലാമോഫോബിയക്ക് കാര്യമായി ഇന്ധനം പകരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ്. അധികാരമേറ്റതു മുതല്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള തന്റെ വിദ്വേഷവും വെറുപ്പും ട്രംപ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. ഇസ്‌ലാമിനെ ഭീകരതയുമായി ട്രംപ് എപ്പോഴും കണ്ണിചേര്‍ത്തുകൊണ്ടിരുന്നു. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ വരുന്നത് തടഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തന്റെ ആരാധ്യബിംബമാണെന്നും, രാഷ്ട്രീയ നേതാവെന്ന നിലക്കല്ല വെള്ളസ്വത്വത്തിന്റെ പ്രതീകമായിട്ടാണ് ട്രംപിനെ താന്‍ കാണുന്നതെന്നും കൊലയാളി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

യൂറോ-ക്രിസ്ത്യന്‍ വെള്ള വംശീയ വിശുദ്ധി സംരക്ഷിക്കുകയാണ് ട്രംപ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വര്‍ണവെറിയന്മാരുടെയും ലക്ഷ്യം. ദ ഹിന്ദു ദിനപത്രം പത്രാധിപക്കുറിപ്പില്‍ (2019 മാര്‍ച്ച് 18) വ്യക്തമാക്കിയത് പോലെ, നാസിസത്തില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഈ നവ വെള്ള വംശീയവാദവും. നാസിസത്തിന്റെയും ഫാഷിസത്തിന്റെയും സൈനിക പരാജയത്തിനു ശേഷം ഇത്തരം ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഫ്രിഞ്ച് ഗ്രൂപ്പുകള്‍  അമേരിക്കന്‍-യൂറോപ്യന്‍ രാഷ്ട്രീയാധികാര ഘടനയുടെ പ്രാന്തത്തിലെവിടെയോ ആയിരുന്നെങ്കില്‍, ട്രംപിന്റെ അധികാരാരോഹണത്തോടെ അവ മുഖ്യധാരയില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ 'ക്രിസ്ത്യന്‍ യൂറോപ്പി'നു വേി വാദിക്കുന്ന തീവ്രവലതുപക്ഷ നേതാവാണ്. ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മറ്റിയോ സല്‍വിനി കുടിയേറ്റക്കാരെ ഒരു നിലക്കും വെച്ചുപൊറുപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ്. യാതൊരു ഒളിയും മറയുമില്ലാതെ വെള്ളവംശീയ മേധാവിത്വത്തിന് വേി നിലകൊള്ളുന്ന ഫ്രാന്‍സിലെ നാഷ്‌നല്‍ ഫ്രും ജര്‍മനിയിലെ എ.എഫ്.സിയും ആസ്ത്രിയയിലെ ഫ്രീഡം പാര്‍ട്ടിയും എപ്പോള്‍ അധികാരത്തിലെത്തുമെന്നേ ഇനി അറിയേതുള്ളൂ. അവര്‍ മുന്നോട്ടുവെക്കുന്ന വെള്ളവംശീയ ചിന്ത യൂറോപ്യന്‍ ജനതയെ അത്രമേല്‍ ആഴത്തില്‍ സ്വാധീനിച്ചുകഴിഞ്ഞു.

ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും ഭീതി ജനിപ്പിക്കുകയാണ് വെള്ള വംശീയവാദികളുടെ മുഖ്യ അജണ്ടയെങ്കിലും ജൂതന്മാരും കറുത്ത വര്‍ഗക്കാരുമൊക്കെ അവരുടെ ഇരകളാണ്. അടുത്ത കാലത്ത് ഇവര്‍ നടത്തിയ കൂട്ടക്കശാപ്പുകള്‍ അതിന് തെളിവാണ്. 2018-ല്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലെ ഒരു ജൂതദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊിരുന്ന വിശ്വാസികള്‍ക്കെതിരെ റോബര്‍ട്ട് ഗ്രഗറി ബവര്‍ എന്ന വെള്ള വംശീയവാദി നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 2017-ല്‍ അലക്‌സാണ്ടറെ ബിസൊണെ എന്നയാള്‍ ക്യൂബക്കിലെ സിറ്റി പള്ളിയില്‍ വെച്ച് ആറ് മുസ്‌ലിംകളെ കൊലപ്പെടുത്തി. 2015-ല്‍ സൗത്ത് കരോലിനയിലെ ഷാര്‍ലസ്റ്റന്‍ ചര്‍ച്ചില്‍ കറുത്ത വര്‍ഗക്കാരായ ഒമ്പതു ക്രിസ്തുമത വിശ്വാസികളെയാണ് ഡിലന്‍ റൂപ് എന്ന വംശീയവാദി വധിച്ചത്. 2011-ല്‍ നോര്‍വെയിലുണ്ടായ ആ പൈശാചിക കൂട്ടക്കൊല എങ്ങനെ മറക്കും! ആന്‍ഡേഴ്‌സ് ബഹ്‌റിംഗ് ബ്രവിക് എന്ന വംശവെറിയന്‍ കൊന്നുതള്ളിയത് ഒറ്റയടിക്ക് 77 പേരെ. ഇതൊക്കെ ലക്ഷ്യം കണ്ട കൂട്ടക്കുരുതികള്‍. 'സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍' നടത്തിയ പഠനപ്രകാരം, മുപ്പതിനായിരം പേരെ കൊലപ്പെടുത്താനുള്ള വെള്ള വംശവെറിയന്മാരുടെ നിരവധി ഗൂഢപദ്ധതികള്‍ സുരക്ഷാ ഏജന്‍സികള്‍ അമേരിക്കയില്‍ മാത്രം തകര്‍ത്തുകളഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പിന്നില്‍ അമേരിക്കയിലെ കുപ്രസിദ്ധ വംശവെറിയന്‍ സംഘം Ku Klux Klan (KKK)  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തം. 2017-ല്‍ ഈ സംഘത്തെ ട്രംപ് വിശേഷിപ്പിച്ചത് 'വളരെ നല്ല  ആളുകള്‍' എന്നായിരുന്നു!

മാനവികതയുടെ നിറകുടമായ പാശ്ചാത്യ സംസ്‌കൃതിയില്‍ പൊട്ടിമുളച്ച കളകളാണ് കു ക്ലക്‌സ് ക്ലാന്‍ പോലുള്ള ഭീകര ഗ്രൂപ്പുകളെന്നാണ് പാശ്ചാത്യര്‍ നമ്മോട് പറയുക. പരമത വിദ്വേഷത്തിലും പരവംശവെറിയിലും വെള്ള മേധാവിത്വചിന്തയിലും ഊട്ടിയുറപ്പിച്ചതാണ് പാശ്ചാത്യ സംസ്‌കൃതി എന്നതാണ് വാസ്തവം. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ മില്യന്‍ കണക്കിന് കറുത്ത വര്‍ഗക്കാരെയും തദ്ദേശീയ ജനവിഭാഗങ്ങളെയുമാണ് അമേരിക്കയിലെ വെള്ള വംശീയവാദികള്‍ കൊന്നുതള്ളിയത്. വെള്ള വംശീയതയുടെ ഏറ്റവും ബീഭത്സരൂപമാണ് അവര്‍ നടത്തിയ അടിമക്കച്ചവടം. ആഫ്രിക്കയില്‍നിന്ന് കൂട്ടത്തോടെ കറുത്ത വര്‍ഗക്കാരെ അമേരിക്കയിലേക്ക് പിടിച്ചുകൊുവരികയായിരുന്നു. വെള്ള വംശീയ മേധാവിത്വത്തിന്റെ മറ്റൊരു പ്രകാശനമാണ് കൊളോണിയലിസം. ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ കറുത്തവരും തവിട്ടുനിറക്കാരുമായ ജനങ്ങളുടെ ജീവന് യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ പുല്ലുവില കല്‍പിച്ചിരുന്നില്ല. സെമിറ്റിക് വിരുദ്ധതയിലാണ് ഇതിന്റെ മറ്റൊരു കരാള മുഖം അനാവൃതമാകുന്നത്. ലെവന്തിലെ (സിറിയ, ഫലസ്ത്വീന്‍, ജോര്‍ദാന്‍) ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട് കുരിശുസൈനികര്‍. കൊര്‍ദോവയിലും ഗ്രാനഡയിലും സ്‌പെയിനിന്റെ മറ്റു ഭാഗങ്ങളിലും മുസ്‌ലിംകളെ പോലെ തന്നെ ജൂതന്മാരും കൊല്ലപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. യൂറോപ്പിലും മറ്റിടങ്ങളിലും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ജൂതസമൂഹത്തിന് വടക്കനാഫ്രിക്കയിലെ മുസ്‌ലിംകളായിരുന്നു അഭയം നല്‍കിയത് എന്ന വസ്തുത ഇന്ന് ക്രിസ്ത്യന്‍ വലതുപക്ഷത്തോടൊപ്പം മുസ്‌ലിം വേട്ടക്കിറങ്ങുന്ന സയണിസ്റ്റുകള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആ വിശുദ്ധ യൂറോപ്യന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക മാത്രമേ ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ ചെയ്തിട്ടുള്ളൂ.

കുറച്ചുകാലം പത്തി താഴ്ത്തിക്കിടന്നിരുന്ന നവ നാസിസമെന്ന യൂറോപ്യന്‍ വംശ ശുദ്ധിവാദം പത്തിവിടര്‍ത്തിയാടുകയാണിപ്പോള്‍ എന്ന വ്യത്യാസമേയുള്ളൂ. ക്രൈസ്റ്റ് ചര്‍ച്ചിലെ കൊലയാളി ആസ്‌ത്രേലിയക്കാരനാണെങ്കിലും മുഴുവന്‍ സമീപകാല വെള്ള മേധാവിത്വ ശുദ്ധിവാദങ്ങളുടെയും പ്രതിനിധിയാണ് അയാള്‍. കൊലയാളി തന്നെ പുറത്തുവിട്ട വീഡിയോയില്‍ ഒരു പാട്ട് കേട്ടുകൊണ്ടാണ് അയാള്‍ ക്രൂരകൃത്യത്തിന് പുറപ്പെടുന്നത്. ബോസ്‌നിയന്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ റൊഡോവന്‍ കറാജിക് എന്ന സെര്‍ബിയന്‍ ക്രിമിനലിനെ മഹത്വവത്കരിക്കുന്ന പാട്ടാണിത്. വരികള്‍ ഇങ്ങനെ: Wolves are on the move from Kranjina. Karadzic leads your Serbs; let them see they fear no one. വെള്ളവംശീയവാദികള്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് അതിലൂടെ. നേരത്തേ സൂചിപ്പിച്ചതുപോലെ ചരിത്രത്തിലേക്കും അതിന്റെ വേരുകള്‍ പായുന്നുണ്ട്. തനിക്ക് നൈറ്റ്‌സ് ടെംപഌിന്റെ (Knights Templar) അനുഗ്രഹമുണ്ടെന്ന് കൊലയാളി പറയുന്നുണ്ടല്ലോ. മധ്യകാല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തിനെതിരെ നടന്ന കുരിശുയുദ്ധങ്ങളില്‍ പങ്കുകൊണ്ട ഒരു ക്രിസ്ത്യന്‍ സായുധ വിഭാഗമാണ് നൈറ്റ്‌സ് ടെംപ്‌ളര്‍.

പക്ഷേ, ഈ ഗൗരവത്തിലൊന്നും ക്രൈസ്റ്റ്ചര്‍ച്ച് പള്ളികളിലെ കൂട്ടക്കൊലയെ യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ കണ്ടിട്ടില്ല. അപലപിച്ചുകൊണ്ടുള്ള സാദാ പ്രസ്താവനകള്‍ മാത്രമാണ് വത്തിക്കാനിലെ പോപ്പിന്റേതും അമേരിക്കയിലെ ട്രംപിന്റേതും. ട്രംപ് ഇരകളെക്കുറിച്ച് ഒരക്ഷരം പറയാന്‍ തയാറായില്ല. ഇതുമായി, രണ്ടു വര്‍ഷം മുമ്പ് നടന്ന ചാര്‍ലി എബ്‌ദോ സംഭവത്തെ താരതമ്യം ചെയ്തുനോക്കുക. പ്രവാചകനിന്ദ നടത്തിയ പാരീസിലെ ചാര്‍ലി എബ്‌ദോ മാഗസിനിലെ ആറ് പത്രപ്രവര്‍ത്തകരെ ഒരു മുസ്‌ലിം കൊലപ്പെടുത്തിയതായിരുന്നു സംഭവം. ലോകം  ഇളകിമറിഞ്ഞു. 'ഞങ്ങള്‍ ചാര്‍ലി എബ്‌ദോ' എന്ന് ലോകമൊന്നടങ്കം, മുസ്‌ലിം രാജ്യങ്ങള്‍ ഉള്‍പ്പെടെ ഏറ്റുപാടി. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ പറന്നെത്തി. അമ്പതു പേര്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പിലോ? അറബ് രാഷ്ട്രത്തലവന്മാരില്‍ ഒരാള്‍ പോലും സംഭവത്തെ അപലപിച്ചിട്ടുണ്ടോ എന്നു പോലും സംശയമാണ്. ഈ നിസ്സംഗതയും ഒളിച്ചുകളിയും തന്നെയാണ് ഇതുപോലുള്ള കൂട്ടക്കുരുതികള്‍ ആവര്‍ത്തിക്കാന്‍ വെള്ള വംശീയവാദികളായ തീവ്ര വലതുപക്ഷത്തിന് പ്രചോദനമാവുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ