Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

അബുല്‍ ജലാല്‍ മൗലവി: പുതിയ തുറസ്സുകളിലേക്ക് നയിച്ച പ്രതിഭ

ബഷീര്‍ തൃപ്പനച്ചി

എല്ലാ പ്രസ്ഥാനങ്ങള്‍ക്കും അപൂര്‍വം ചില പ്രതിഭകളുണ്ടാകും. അവര്‍ സഞ്ചരിക്കുന്ന വേറിട്ട വഴികളാകും ആ പ്രസ്ഥാനത്തെ പുതിയ തുറസ്സുകളിലേക്ക് നയിക്കുക. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ അത്തരത്തില്‍ അടയാളപ്പെടുത്തേണ്ട പ്രതിഭകളിലൊരാളാണ് മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള കൂടിയാലോചനാ സമിതിയംഗം, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ് പ്രിന്‍സിപ്പല്‍, ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങി ഒട്ടനേകം ഉത്തരവാദിത്തങ്ങള്‍ വഹിച്ചിരുന്നു അബുല്‍ ജലാല്‍ മൗലവി. വ്യക്തിചരിത്രങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്താതെ പോയ ഒരു കാലത്തായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അതിനാലാണ് കേരള മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ ആദ്യപേജില്‍ അടയാളപ്പെടുത്തപ്പെടേണ്ട അബുല്‍ ജലാല്‍ മൗലവിയുടെ പേര് അതിലില്ലാതെ പോയത്. 2006 ഡിസംബറില്‍ മരണപ്പെട്ട മൗലവിയുടെ സംഭവബഹുലമായ ജീവിതചരിത്രം അച്ചടി മഷി പുരളുന്നത് 2018-ലാണ്. 'അബുല്‍ ജലാല്‍ മൗലവി: കാലത്തിനു മുന്നില്‍ നടന്ന ബഹുമുഖ പ്രതിഭ' എന്ന പുസ്തകത്തിലൂടെ ശാന്തപുരം അല്‍ജാമിഅ അലുംനി അസോസിയേഷനാണ് ചരിത്രപരമായ ആ ദൗത്യം നിര്‍വഹിച്ചിരിക്കുന്നത്. മൗലവിയുടെ പ്രഗത്ഭരായ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും പ്രസ്ഥാന നേതാക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തുന്നതാണ് 308 പേജ് വരുന്ന ഈ പുസ്തകം.

വിദ്യാര്‍ഥി കാലം തൊട്ടേ അബുല്‍ ജലാല്‍ വേറിട്ട വഴികള്‍ അന്വേഷിക്കുന്ന വ്യക്തിയായിരുന്നു. പള്ളിദര്‍സുകള്‍ക്കപ്പുറം കേരളത്തില്‍ ഒരു ഉന്നത മതകലാലയവുമില്ലാതിരുന്ന 1940-കളില്‍ എ. അലവി മൗലവി എടവണ്ണ ജുമുഅത്ത് പള്ളിയില്‍ നടത്തിയിരുന്ന പള്ളിദര്‍സില്‍ അദ്ദേഹം എത്തുന്നത് ഈ വേറിട്ട അന്വേഷണത്തിന്റെ ഭാഗമായാണ്. പിന്നീട് ജാമിഅ നദ്‌വിയ്യ എടവണ്ണയിലേക്ക് വികസിച്ച അലവി മൗലവിയുടെ വിദ്യാഭ്യാസ ചുവടുവെപ്പിന്റെ തുടക്കമായിരുന്നു ഈ പള്ളിദര്‍സ്. അലവി മൗലവിയുടെ പള്ളിദര്‍സില്‍നിന്ന് അബുല്‍ ജലാല്‍ മൗലവി പിന്നീട് പോകുന്നത് മലബാറില്‍ മറ്റൊരു വിദ്യാഭ്യാസ പരിഷ്‌കരണത്തിന് തുടക്കമിട്ട അബുസ്സ്വബാഹ് മൗലവിയുടെ റൗദത്തുല്‍ ഉലൂമിലേക്കാണ്. 1942-ല്‍ മഞ്ചേരിക്കടുത്ത ആനക്കയത്തായിരുന്നു മൗലവി അബുസ്സ്വബാഹ് റൗദത്തുല്‍ ഉലൂം ആരംഭിച്ചത്. പിന്നീടത് മഞ്ചേരിയിലേക്ക് മാറ്റി. 1948-ലാണ് ഇന്നത്തെ ഫറോക്കിലെ കാമ്പസിലേക്ക് റൗദത്തുല്‍ ഉലൂം മാറുന്നത്. മഞ്ചേരിയില്‍ റൗദത്തുല്‍ ഉലൂം പ്രവര്‍ത്തിക്കുന്ന കാലത്താണ് അബുല്‍ ജലാല്‍ മൗലവി അവിടെ വിദ്യാര്‍ഥിയായി ചേരുന്നത്. അദ്ദേഹം അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കുന്നത് ഫറോക്കിലെ കാമ്പസില്‍നിന്നും. പഠനത്തില്‍ മിടുക്കനായ തന്റെ ശിഷ്യനെ അബുസ്സ്വബാഹ് മൗലവി റൗദത്തിലെ അധ്യാപകനായി നിശ്ചയിച്ചു. രണ്ടു വര്‍ഷം അദ്ദേഹം റൗദത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. റൗദത്തുല്‍ ഉലൂം മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ഹാജി സാഹിബ് കോളേജ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. അങ്ങനെ ഹാജി സാഹിബ് വഴി അബുല്‍ ജലാല്‍ മൗലവി ജമാഅത്ത് സഹയാത്രികനായി മാറി. 1953-ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായ അദ്ദേഹം ആ വര്‍ഷം തന്നെ സംസ്ഥാന ശൂറാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹാജി സാഹിബ് അദ്ദേഹത്തെ മട്ടാഞ്ചേരി കേന്ദ്രമാക്കി കൊച്ചിയിലും പരിസര പ്രദേശങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഫുള്‍ടൈമറായി നിശ്ചയിക്കുകയുണ്ടായി.

ശാന്തപുരത്തെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയെ കോളേജാക്കി ഉയര്‍ത്താന്‍ ജമാഅത്ത് തീരുമാനിക്കുന്നത് 1955-ലാണ്. ആ പ്രഖ്യാപനം യാഥാര്‍ഥ്യമായെങ്കിലും കോളേജ് നടത്തിപ്പില്‍ പരിചയമുള്ളവര്‍ അതിന്റെ തലപ്പത്ത് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് റൗദത്തുല്‍ ഉലൂമിന്റെ സന്തതിയും അവിടെ അധ്യാപന പരിചയവുമുണ്ടായിരുന്ന അബുല്‍ ജലാല്‍ മൗലവിയെ 1956-ല്‍ ശാന്തപുരം പ്രിന്‍സിപ്പലായി നിയോഗിക്കുന്നത്. അബുല്‍ ജലാല്‍ മൗലവി ശാന്തപുരത്തെത്തുമ്പോള്‍ പേരിനപ്പുറം അതൊരു കോളേജായി മാറിയിരുന്നില്ല. ജമാഅത്ത് മുന്നില്‍ വെച്ച മത- ഭൗതിക വിദ്യാഭ്യാസ സമന്വയമെന്ന പുതു ആശയം പ്രായോഗികമായി നടപ്പിലാക്കുകയായിരുന്നു അന്ന് 27 വയസ്സുള്ള മൗലവിയുടെ ഉത്തരവാദിത്തം. സാഹസികമായ ആ വെല്ലുവിളി മറികടക്കാന്‍ അബുല്‍ ജലാല്‍ മൗലവി നടത്തിയ വേറിട്ട സഞ്ചാരങ്ങളാണ് അദ്ദേഹത്തെ ചരിത്രപുരുഷനാക്കുന്നത്.

സംഘടനാഭേദമന്യേ വിസിറ്റിംഗ് ലക്ചറര്‍മാരെ ശാന്തപുരത്തേക്ക് കൊണ്ടുവന്നാണ് യോഗ്യരായ അധ്യാപകരുടെ കുറവ് അദ്ദേഹം പരിഹരിച്ചത്. അന്ന് ശാന്തപുരം കോളേജില്‍ മൗലവിയുടെ വിദ്യാര്‍ഥിയായിരുന്ന ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ അത് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ''സംഘടനയില്‍നിന്ന് മാത്രമല്ലാതെ പണ്ഡിതന്മാരെ സ്വാഗതം ചെയ്ത് കുട്ടികള്‍ക്ക് അറിവു പകരുന്നതില്‍ അബുല്‍ ജലാല്‍ മൗലവി കാണിച്ച ശുഷ്‌കാന്തി ചെറുതൊന്നുമല്ല. അദ്ദേഹം പലയിടത്തുനിന്നും പണ്ഡിതന്മാരെയും അധ്യാപകരെയും പ്രഫസര്‍മാരെയും തെരഞ്ഞുപിടിച്ച് കോളേജില്‍ കൊണ്ടുവരുമായിരുന്നു.  സെക്യുലര്‍ സ്ഥാപനങ്ങളില്‍നിന്നു പോലും പല പ്രഫസര്‍മാരെയും വിസിറ്റിംഗിന് കൊണ്ടുവന്നു. തന്റെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നോര്‍ത്ത് ഇന്ത്യയില്‍നിന്ന് ഉര്‍ദുഭാഷാ വിദഗ്ധരെ കൊണ്ടുവന്നതും ഭൗതിക വിഷയങ്ങള്‍ക്ക് വേണ്ടി ഭിന്ന മതസ്ഥരെ സമീപിച്ചതും മൗലവിയുടെ തുറന്ന കാഴ്ചപ്പാടുകളെയാണ് അടയാളപ്പെടുത്തുന്നത്'' (പേജ് 82).

ഭൗതിക സൗകര്യങ്ങളുടെ ശോച്യാവസ്ഥയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പ്രിന്‍സിപ്പല്‍ അഭിമുഖീകരിച്ച മറ്റൊരു മുഖ്യ വെല്ലുവിളി. ശാന്തപുരം മഹല്ല് നിവാസികളുടെ നിര്‍ലോഭ പിന്തുണയും പരമ്പരാഗത പിരിവുകളും കൊണ്ട് മാത്രം പച്ചപിടിക്കാന്‍ കോളേജിനാകുമായിരുന്നില്ല. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അതുവരെ ആരും കടന്നുചെന്നിട്ടില്ലാത്ത വേറിട്ട വഴിയിലേക്കാണ് അബുല്‍ ജലാല്‍ മൗലവി പ്രവേശിച്ചത്. സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളിലെ ദാനശീലരായ വ്യക്തികളുടെയും, കൂട്ടായ്മകളുടെയും യൂനിവേഴ്‌സിറ്റികളുടെയും സത്വര ശ്രദ്ധയിലേക്ക് കേരളത്തിലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അദ്ദേഹം കൊണ്ടുവന്നു. ഈ ലക്ഷ്യാര്‍ഥം 1960-കളുടെ അന്ത്യത്തിലാണ് മൗലവി ആദ്യ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നത്. സാമ്പത്തിക സഹായങ്ങള്‍ക്കൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വിദേശ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠന സാധ്യത എന്ന വാതിലും അതോടെ തുറക്കപ്പെട്ടു. 

1970 മുതല്‍ അബുല്‍ ജലാല്‍ മൗലവി നടത്തിയ നിരന്തര ഗള്‍ഫ് യാത്രകള്‍ വഴി കടല്‍ കടന്ന ശിഷ്യന്മാരാണ് പിന്നീട് ജമാഅത്തെ ഇസ്‌ലാമി കേരളയെ പല രംഗങ്ങളിലും നയിച്ചത്. കേരളത്തിലെ സാമൂഹിക രംഗത്തു തന്നെ വമ്പിച്ച പരിവര്‍ത്തനം സൃഷ്ടിച്ച കാല്‍വെപ്പായി വി.കെ അലി അത് പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട് (പേജ് 101). 

അക്കാദമിക-സാമ്പത്തിക നേട്ടങ്ങള്‍ മാത്രമായിരുന്നില്ല ഗള്‍ഫ് യാത്രകളിലൂടെ അബുല്‍ ജലാല്‍ മൗലവി നേടിയെടുത്തത്. ലോക ഇസ്‌ലാമിക പണ്ഡിതന്മാരുമായും പ്രസ്ഥാനങ്ങളുമായും പ്രസ്ഥാന നേതാക്കളുമായും ഗള്‍ഫ് മുസ്‌ലിം വേദികളുമായുമുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബന്ധങ്ങളുടെ തുടക്കം കൂടിയായിരുന്നു അത്. ഫൈസല്‍ രാജാവിന്റെ കൊട്ടാരത്തിലും ശൈഖ് ഇബ്‌നു ബാസിന്റെ ഓഫീസുകളിലുമടക്കം കയറിച്ചെന്ന് ശാന്തപുരം കോളേജിനെയും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്താന്‍ മൗലവിക്ക് സാധിച്ചു.

അബുല്‍ ജലാല്‍ മൗലവി വെട്ടിത്തെളിച്ച ആ ഗള്‍ഫ് റൂട്ട് വഴി സംഘടനാ ഭേദമന്യേ ഒട്ടേറെ പേര്‍ യാത്ര ചെയ്തു. അത് വ്യത്യസ്ത സ്ഥാപനങ്ങള്‍ പിറക്കുന്നതിനും വളരുന്നതിനും കാരണമായി. മൗലവി കരുപ്പിടിപ്പിച്ച പല സ്ഥാപനങ്ങളും നടത്താന്‍ ശേഷിയുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പുതുതലമുറ രംഗത്തെത്തിയതോടെ അബുല്‍ ജലാല്‍ മൗലവി പുതിയ വഴിയിലേക്ക് പ്രവേശിച്ചു. അങ്ങനെയാണ് അദ്ദേഹം പെരുമ്പിലാവ് അന്‍സാരി ചാറ്റിറ്റബ്ള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനം അതുവരെ അകലം പാലിച്ചിരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ടാണ് അന്‍സാര്‍ സ്ഥാപനങ്ങളുടെ കുതിപ്പിന് അദ്ദേഹം തുടക്കമിട്ടത്. 

മൗലവിയുടെ ഈ വേറിട്ട പരീക്ഷണത്തിന് പ്രസ്ഥാനത്തിനകത്തും സമുദായത്തിലും തുടര്‍ച്ചകളുണ്ടായി. മത സംഘടനകളും മത പണ്ഡിതന്മാരും തങ്ങളുടെ പ്രവര്‍ത്തന മണ്ഡലമായി കരുതാത്ത മേഖലയിലേക്കാണ് മൗലവി പിന്നീട് പ്രവേശിച്ചത്. ആതുരസേവനരംഗത്തെ മോഡലായി മാറിയ അന്‍സാര്‍ ഹോസ്പിറ്റലായിരുന്നു ആ വേറിട്ട സംരംഭം. പ്രഫസര്‍ സൈക്കോ മുഹമ്മദിന്റെ സജീവ സാന്നിധ്യമായിരുന്നു ഈ മേഖലയിലുള്ള മൗലവിയുടെ ഇടപെടലുകളുടെ ശക്തികേന്ദ്രം.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ഊന്നിയപ്പോള്‍ കഴിവു തെളിയിച്ച മറ്റു ചില രംഗങ്ങളില്‍ അദ്ദേഹത്തിന് അധികം സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചില്ല. 'നഷ്ട തൂലിക' എന്ന തലക്കെട്ടില്‍ വി.എ കബീര്‍ എഴുതിയ കുറിപ്പില്‍ അതാണ് പങ്കുവെക്കുന്നത്.

കേരള മുസ്‌ലിംകള്‍ക്കിടയിലെ ആദ്യ ബാല പ്രസിദ്ധീകരണം ആരംഭിച്ചത് അബുല്‍ ജലാല്‍ മൗലവിയാണ്. 1972-ല്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് അദ്ദേഹം ചെയര്‍മാനായ ഐ.എം.ടി ട്രസ്റ്റിനു കീഴില്‍ പുറത്തിറക്കിയ സന്മാര്‍ഗം ദൈ്വവാരികയാണത്. അതിന്റെ ചരിത്രമടക്കമുള്ള കാര്യങ്ങള്‍ ടി.കെ ഉബൈദ് എഴുതിയിട്ടു്. 

മൗലവിയുടെ മക്കളടക്കമുള്ളവരുടെ ഓര്‍മകളും ടി.കെ അബ്ദുല്ല,  പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ടി. ആരിഫലി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്്ദുല്ല, കെ. അബ്ദുല്ല ഹസന്‍, ഹൈദറലി ശാന്തപുരം,  വി.കെ ജലീല്‍, പി.കെ ജമാല്‍, എം.ടി അബൂബക്കര്‍ മൗലവി, ഇല്‍യാസ് മൗലവി, ഇ. യാസിര്‍ തുടങ്ങി  68 പേരുടെ എഴുത്തുകളടങ്ങിയതാണ് ഈ ഓര്‍മ പുസ്തകം. ഡോ. എ.എ ഹലീം എഡിറ്റ് ചെയ്ത പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ. അബ്ദുസ്സലാം അഹ്മദാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം