വേരുകള്‍ (കവിത)
വേരുകള്‍ പലതുണ്ടീ ഭൂവില്‍
അവയില്‍ ചിലത്
പിടിവിടാതെയള്ളിപ്പിടിച്ച്
തീരായാശയേകി
അന്യന്റെ ചോരയും വിയര്‍പ്പും
ഊറ്റി നുണഞ്ഞ്
പള്ള വീര്‍പ്പിച്ചും
കീശ നിറച്ചും
കെട്ടു പിണഞ്ഞ് പന്തലിക്കും
പരാദ വേരുകളാണവ.
മറ്റു ചിലത്
വെയിലിലും മഴയിലും
കുടയായഭയമേകി
ചിരിതൂകി നിന്ന്
പടര്‍ന്നുല്ലസിക്കും
നന്മ വേരുകളാണ്.
വേറെ ചിലതുണ്ട്
പച്ചമണ്ണിന്നഗാധതയില്‍
വേരൂന്നി പടര്‍ന്ന്
ഖബ്‌റടക്കം ചെയ്യപ്പെട്ടവരെ
തലോടി കെട്ടിപ്പുണര്‍ന്ന്
ഇരുട്ടറയിലേകാന്തതക്ക്
കൂട്ടുനിന്ന് കിന്നാരമോതുന്ന
മൈലാഞ്ചിച്ചോപ്പിന്‍ വേരുകളാണവ.
കാട്ടുമരത്തിന്‍ സമത്വഭാവമോതും
പരുപരുത്ത നീളന്‍
വേരുകളുമുണ്ടീ ഭൂവില്‍
വെയില്‍ കാഞ്ഞ്
മഴ കുതിര്‍ന്ന്
കനവേകിയൂട്ടി വളര്‍ത്തി
നിനവേകി തഴുകി തലോടിയാ
നന്മമരത്തിന്നടിവേരറുത്ത്
ചീന്തിയെരിച്ചു കളഞ്ഞാലും;
മണ്ണിന്നടിയില്‍നിന്നേന്തിയെത്തി -
നോക്കി പുഞ്ചിരി തൂകി
യങ്ങിങ്ങായി പൊട്ടിമുളക്കും
അതിജീവന വേരുകളുമുണ്ടീ
ഭൂവില്‍
Comments