പരേതാത്മാക്കളുടെ പരിചാരകന്‍ (കഥ)
ഉലുവാനും സാമ്പ്രാണിത്തിരിയും പുകഞ്ഞു പന്തലിച്ചു. കൂട്ടംകൂടി നിന്നവരിലേക്കും ഓത്തും ദിക്‌റുമായി വട്ടത്തിലിരിക്കുന്നവരിലേക്കും വര്‍ണനാതീതമായ ഗന്ധം കൂട്ടിപ്പിണഞ്ഞിറങ്ങി.
'ബന്ധുക്കളാരെങ്കിലും വരാനുണ്ടോ?'
ആരോ തിരക്കി.
'ഇല്ല.. മയ്യിത്തിന്റെ ആള് വന്നിട്ടില്ല!'
ങേ.. മയ്യിത്തിന്റെ ആളോ?! മരിച്ച ദേഹമല്ലേ ഇവിടെ കിടക്കുന്നത്?
അതേ, മൃതദേഹത്തിന്റെ അധികാരിയായി ഒരാളുണ്ട്. സര്‍വാധികാരി. അയാള്‍ വന്നിട്ടു വേണം അടുത്ത നടപടി തുടങ്ങാന്‍. തീരുമാനവും നടപ്പിലാക്കലും അയാളുടെ നാവിന്‍തുമ്പിലും വിരല്‍തുമ്പിലുമാണ്.
പൊടുന്നനെ ഒരു കാറ്റു വീശി.
അയാള്‍ ആഗതനായതാണ്. ജനം അങ്ങോട്ട് കണ്ണെറിഞ്ഞു. നേരത്തേ ഉത്കണ്ഠപ്പെട്ടു നിന്നവര്‍ ദീര്‍ഘമായി നിശ്വസിച്ചു. അടക്കം പറച്ചിലുകള്‍ക്കൊടുവില്‍ നേര്‍ത്തുവന്ന വീര്‍പ്പുകള്‍ അയാള്‍ക്കു ചുറ്റും വലയം ചെയ്തു.
'ന്താ ചെയ്യാ. വേറൊരു മരണത്തിനു പോകേണ്ടതുണ്ടായ്‌നു!'
അണിഞ്ഞൊരുങ്ങി മംഗലത്തിനു പോകുന്നതുപോലെ!
'എന്നാ അടുത്ത പണി നടക്കട്ടെ.'
അയാള്‍ മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി. മയ്യിത്ത് കുളിപ്പിക്കാനാവശ്യമായ സംവിധാനങ്ങളൊക്കെ ശരിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.
കത്തിത്തീരാറായ കുന്തിരിക്കത്തിന് അയാള്‍ ജീവന്‍ പകര്‍ന്നു. പുകച്ചുരുളുകള്‍, ഓരം പറ്റിയും തിമര്‍ത്തു പെയ്ത നിശ്ശബ്ദതയില്‍ നീന്തിപ്പൊന്തിയും നിന്ന ദൃക്‌സാക്ഷികളെ തൊട്ടുരുമ്മി അനന്തതയില്‍ തിരോഭവിക്കുന്നത് അയാള്‍ ഭവ്യതയോടെ നോക്കിനിന്നു.
അയാള്‍ രേഖാമൂലം നാണം പറമ്പത്ത് അബ്
ദുര്‍റഹ്മാന്‍. ഞങ്ങള്‍ക്ക് അദ്രേമാന്‍ക്കാ. അബ്ദുര്‍റഹ്മാന്‍ എന്ന് ഇസ്തിരിയിട്ട് വിളിക്കാന്‍ ഞങ്ങള്‍ തീരെ ഇഷ്ടപ്പെട്ടില്ല. ചുളിയാത്ത പോളിഷ് ചെയ്തു കോതി മിനുക്കിയ പ്രകൃതമല്ല അയാളുടേത്. ഉടയാടയില്‍ വിയര്‍പ്പിന്റെ അടയാളവും ചെളിപ്പാടും അയാള്‍ക്ക് അലങ്കാരമായി തോന്നി.
അച്ചടി ഭാഷയില്‍ വിളിച്ചാല്‍ അയാള്‍ ഞങ്ങളില്‍നിന്ന് അപ്രാപ്യനായി പോകും.
അതൃമാന്‍ എന്ന് പറയുമ്പോഴുമുണ്ട് പ്രശ്‌നം. വയലാറിന്റെ 'ആയിശ'യില്‍ മകള്‍ ആയിശയോട് വയോവൃദ്ധനായ പുതിയാപ്ലയെ കല്യാണം കഴിക്കാനാവശ്യപ്പെട്ട് വെട്ടുകത്തിയുമായി അലറുന്ന അതൃമാന്‍ കണ്ണിലേക്ക് പടികയറിവരും!
പരേതാത്മാക്കളെ കുഴിവെട്ടി മൂടുന്നതിന്റെ രസതന്ത്രം ആവാഹിച്ചെടുത്ത അദ്രേമാന്‍ക്ക ആകുലപ്പെട്ടും വ്യാകുലപ്പെട്ടും നില്‍ക്കുന്നവര്‍ക്കിടയില്‍ അനിതരസാധാരണമായ ഉള്‍വിളിയാലെന്ന വണ്ണം അതിശീഘ്രം ചലിച്ചു. ഖബ്‌റിസ്ഥാനിലെ രാജകുമാരനെപ്പോലെ പരേതര്‍ക്ക് ആറടി മണ്ണ് ഒരുക്കുന്നതില്‍ ഉന്മാദിയായി.
ബാപ്പ കന്നുപൂട്ടുകാരനായിരുന്നെങ്കിലും പാവം മിണ്ടാപ്രാണികളെ പീഡിപ്പിച്ചുള്ള പണിയും പങ്കും വേണ്ടെന്നു വെക്കുകയായിരുന്നു അയാള്‍. രണ്ടാമതൊരു കാരണം ഇതായിരുന്നു: ഭൂമിയുടെ അവകാശി കാണാതിരിക്കുമ്പോള്‍ ഉറച്ച സ്ഥലങ്ങളിലൂടെ തൊട്ടു തൊടാതെ കലപ്പ മുന്നോട്ടാഞ്ഞാല്‍ വൈകീട്ട് വിശ്വസിച്ചേല്‍പിച്ച പണിയുടെ കൂലി വാങ്ങാന്‍ എന്തര്‍ഹത!
ഒരു ജോലിയിലും നൂറു ശതമാനം പെര്‍ഫക്ഷനും വിശ്വാസ്യതയും പുലര്‍ത്തുക സാധ്യമല്ലെന്ന ഫിലോസഫിയില്‍ അദ്രേമാന്‍ക്ക തന്റെ വൃത്തത്തിന്റെ ഉള്ളിലേക്കൊതുങ്ങിനിന്നു.
'എല്ലാരും വര വല്ലാണ്ട് നീട്ടി വരക്കും. ഞാന്‍ അതൊന്ന് ചുരുക്കി.'
കാര്യമായി ഒരു വരുമാനമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ടുനീക്കുമെന്ന ചിലരുടെ ചോദ്യത്തിന് ഇതായിരുന്നു മറുപടി.
ജീവിതം കൈപ്പിടിയിലൊതുങ്ങാത്ത ഈ കാലത്ത് ജീവിതത്തെയും തോളിലേറ്റി അക്ഷോഭ്യനായി അദ്രേമാന്‍ക്ക നടന്നുപോന്നത് ഞങ്ങള്‍ കണ്ടു.
'ക്കാ, കഫന്തുണി ആയിട്ടോ'
ആരോ മുരടനക്കി.
'ഈ കോറത്തുണി തന്നെ മാണ്ടിനോ ചെങ്ങായ്മാരേ... നല്ല എ ക്ലാസ് സാധനം എമ്പാടുമുണ്ടല്ലോ!'
അദ്രേമാന്‍ക്ക അങ്ങനെയാണ്. ജീവിതകാലത്ത് പിശുക്കനാണെങ്കിലും ശ്വാസം നിലച്ചാല്‍ അയാളോട് പിശുക്ക് കാട്ടരുതെന്നാണ് അദ്രേമാന്‍ക്കയുടെ പ്രമാണം.
'മയ്യിത്ത് പത്രാസില്‍ തന്നെ പോകണം.'
അദ്രേമാന്‍ക്കയുടെ വെളിപാടുകള്‍ക്ക് മുമ്പിലൊന്നും മറു ഉരിയാട്ടമുണ്ടാകില്ല. അയാള്‍ മയ്യിത്തിന്റെ മുതലാളിയാണ്. പരേതാത്മാക്കള്‍ക്ക് ആഘോഷത്തോടെ പടിയിറങ്ങണമെങ്കില്‍ അയാള്‍ ആഴത്തില്‍ അവിടെ ഉണ്ടാകണം.
ഖബ്‌റടക്കം കഴിഞ്ഞ് പ്രാര്‍ഥനാമന്ത്രങ്ങളുരുവിട്ട് ജനം പലവഴിയായി പടരും വരെ മൃതദേഹത്തിന്റെ കൈകാര്യകര്‍തൃത്വാവകാശം അയാള്‍ക്കാണ്. കൈയും മെയ്യും അതിനായി പാകപ്പെടുത്തിയിട്ടുണ്ട് അയാള്‍. അയാളുടെ കുതിപ്പും കിതപ്പും വിസ്മയക്കാഴ്ചയായി വള്ളി മുള്‍പ്പടര്‍പ്പുകള്‍ക്കും കുഴിമാടങ്ങള്‍ക്കുമിടയില്‍ കത്തിനില്‍ക്കും. പതം വന്നതും വരാത്തതുമായ ഓരോ മണ്‍തരിയും അയാളുടെ ചവിട്ടടിയിലേക്ക് നിവര്‍ന്നുനില്‍ക്കും.
പിഞ്ചുപൈതലിനെയെന്ന വണ്ണം അതീവ മൃദുലമായി അദ്രേമാന്‍ക്ക മയ്യിത്ത് കഫന്‍ ചെയ്തു തുടങ്ങി. അരുമയോടെ ദേഹത്തിന്റെ വിടവുകളിലും വടിവുകളിലും പരുത്തി തിരുകിവെച്ചു. പിന്നെ അങ്ങേയറ്റം തന്മയത്വത്തോടെയും എന്നാല്‍ പകിട്ടാര്‍ന്നും അദ്രേമാന്‍ക്ക മൃതദേഹം പൊതിഞ്ഞു.
സുഗന്ധത്തിരികള്‍ എരിഞ്ഞമര്‍ന്നുകൊണ്ടിരുന്നെങ്കിലും വാതില്‍മറവില്‍നിന്നും ഇരുളകങ്ങളില്‍നിന്നും ചിണുങ്ങല്‍ മുനിഞ്ഞും പടര്‍ന്നും കത്തി. പറക്കമുറ്റാത്ത അടക്കം പറച്ചിലുകളും മുറിഞ്ഞുപോയ വരികളും ഇടനാഴിയിലും കോലായിലും ചിതറിവീണുകൊണ്ടിരുന്നു.
'ന്നാ എറങ്ങല്ലേ. ഇനി ആരെങ്കിലും?'
പൊടുന്നനെ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുമാറുച്ചത്തില്‍ ഒരു അലര്‍ച്ച! പരേതന്റെ പ്രിയപ്പെട്ടവള്‍. കണ്ടും പറഞ്ഞും സ്‌നേഹിച്ചും കൊതിതീര്‍ന്നിട്ടില്ല. കല്യാണം കഴിഞ്ഞ് അഞ്ചു പത്ത് വര്‍ഷമേ ആയിട്ടുള്ളൂ. അതില്‍തന്നെ ഒട്ടുമുക്കാലും മരുപ്പറമ്പില്‍ തുള്ളിത്തെറിച്ചുപോയി.
'ന്താ പെങ്ങളേ ഇദ്? മംഗളായി യാത്രയാക്കേണ്ട നേരത്ത്!'
അദ്രേമാന്‍ക്ക നിലവിളിയിലേക്ക് കണ്‍പാര്‍ത്തു.
'സബൂറാക്കേണ്ട സമയല്ലേ ഇദ്... സമനില തെറ്റരുത്'.
അദ്രേമാന്‍ക്ക മയ്യിത്ത് കട്ടിലിന്റെ കൈക്ക് പിടുത്തമിട്ടു ചുമലിലേക്കാഞ്ഞു.
'ഒക്കെ ഓന്റെ തീരുമാനം.. ക്ഷണിച്ചാല്‍ ഒരുപാട് ഖൈറല്ലേ. സുബര്‍ക്കത്തില് നെനക്കും കിട്ടൂലേ ഒരിടം!'
കരച്ചില്‍ മാന്ത്രികസ്പര്‍ശം പോലെ തല്‍ക്ഷണം ആറിത്തണുത്തു.
അപ്പോഴേക്കും ജനം പള്ളിയില്‍ ജനാസ നമസ്‌കാരത്തിന് തിക്കിത്തിരക്കി.
'അടുപ്പിച്ചടുപ്പിച്ച് നിക്കി. എല്ലൊരും വുദൂവെടുത്താല്‍ പറീ.' അവിടെയും ശാസനാ സ്വരവുമായി അദ്രേമാന്‍ക്ക ഉണ്ടാകും.
'മഞ്ഞുകൊണ്ടും തണുത്ത ജലം കൊണ്ടും പരേതാത്മാവിനെ കഴുകിയെടുക്കേണമേ നാഥാ! ശുഭവസ്ത്രത്തില്‍നിന്ന് ചേറ് ശുദ്ധിയാക്കും പ്രകാരം സകലമാന മാലിന്യങ്ങളില്‍നിന്നും നീ അദ്ദേഹത്തെ വിമലീകരിക്കേണമേ! മുമ്പത്തേക്കാള്‍ മേത്തരം ഭവനവും മുന്തിയ മണവാട്ടിയെയും നീ പരേതന് പകരം കൊടുക്കേണമേ'
പിന്നെ പുരുഷാരം പള്ളിക്കാട്ടില്‍ പടര്‍ന്നു. ചീവീടുകളുടെയും കാറ്റിന്റെയും അമര്‍ത്തിക്കരച്ചിലുകള്‍ ഇരുളും വെയിലും കൂട്ടിപ്പിണഞ്ഞ ചെടിപ്പകര്‍ച്ച. കള്ളിച്ചെടികള്‍ കുമ്പിയും വിതുമ്പിയും പുതഞ്ഞുനില്‍ക്കുന്ന പരശ്ശതം കല്ലറകള്‍. പരേതാത്മാക്കളുടെ കൊടിയടയാളം പോലെ മീസാന്‍ കല്ലുകള്‍. തരുണമായ മാംസഗന്ധത്തില്‍ മതിമറന്നുറങ്ങുന്ന പതിറ്റാണ്ടുകളുടെ ചിതല്‍പ്പുറ്റുകള്‍. കാലം തിന്നു തീര്‍ത്ത മരണത്തിന്റെ ഗുഹാ മുഖങ്ങള്‍.
അദ്രേമാന്‍ക്ക പുതിയ കുഴിയുടെ ആഴവും വീതിയും കണ്ണുകൊണ്ട് അളന്നു. നാളെ തനിക്കും കിടക്കേണ്ട ആലയത്തിന്റെ ഇടുക്കവും നടുക്കവും അദ്രേമാന്‍ക്ക ആറാമിന്ദ്രിയത്തില്‍ ഏറ്റുവാങ്ങി.
പിന്നെ അരുമയോടെയും അതീവ ജാഗ്രതയോടെയും മയ്യിത്തിനെ ഖബ്‌റിന്റെ ഇരുട്ടിലേക്ക് ആഴ്ത്തി വെച്ചു. മീതെ വെട്ടുകല്ലുകള്‍ പാകി ഒരു തരി പോലും വെളിച്ചം ഉള്ളിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പുവരുത്തി.
'മിന്‍ഹാ ഖലഖ്‌നാക്കും വഫീഹാ നുഈദുകും വമിന്‍ഹാ നുഖ്‌രിജുകും താറത്തന്‍ ഉഖ്‌റാ' (മണ്ണില്‍നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. മണ്ണിലേക്കുതന്നെ നിങ്ങളെ നാം മടക്കും. മണ്ണില്‍നിന്ന് മറ്റൊരിക്കല്‍ നിങ്ങളെ നാം പുറത്തുകൊണ്ടുവരും).
ചുണ്ടായ ചുണ്ടുകളില്‍നിന്ന് അടര്‍ന്നുവീണ മന്ത്രോച്ചാരണങ്ങള്‍ക്കൊപ്പം മൂന്നു പിടി വീതം മണ്ണ് ഭൂമിയുടെ ഗര്‍ഭത്തിലേക്ക് പെയ്തു.
'പിന്നേയ്.. ആ മൊബൈലൊക്കെ സ്വിച്ചോഫാക്കിക്കാളി... മലക്കുകളിറങ്ങ്ണ നേരാ!'
അയാള്‍ അത് ഓര്‍മപ്പെടുത്തേണ്ടതുണ്ട്. ഒരിക്കല്‍ ഇത്തരമൊരു മുഹൂര്‍ത്തത്തിലാണ് അന്ന് മാര്‍ക്കറ്റിലിറങ്ങിയ ലേറ്റസ്റ്റ് റിംഗ് ടോണ്‍ മ്യൂസിക് ജനം കേട്ടത്!
പരേതാത്മാവിന് കൃപാകടാക്ഷത്തിനായി വിറയാര്‍ന്ന കൈകള്‍ ആകാശത്തേക്ക് മലര്‍ക്കെ തുറക്കപ്പെട്ടു. അലൗകികവും അനാദിയുമായ മന്ത്രസാന്ദ്ര മര്‍മരം അണമുറിയാതെയൊഴുകി ഹൃദയങ്ങള്‍ പ്രകമ്പിതമാവുകയും കണ്ണുകള്‍ ഉറവയെടുക്കുകയും ചുണ്ടുകള്‍ കൂമ്പുകയും വിടരുകയും ചെയ്തു. അഭൗമിക ലഹരിയില്‍ ശ്മശാനങ്ങള്‍ ഉര്‍വരായി.
പരേതന്റെ പാപക്കറ ചുരണ്ടപ്പെട്ടുകൊണ്ടിരുന്നു. പാര്‍ശ്വങ്ങളില്‍നിന്ന് ഇരുട്ടും ഇടുക്കവും ഉരുകിയൊലിച്ചു. കുഴിമാടത്തിലേക്ക് സ്വര്‍ഗീയാരാമത്തില്‍നിന്ന് ഏറ്റം ഹൃദയഹാരിയായ ഒരു സുഗന്ധം ഇടതൂര്‍ന്നെത്തി.
ഒടുക്കം ഭക്തിയിലും സായൂജ്യത്തിലും കുളിച്ചൊട്ടി ജനം പലേടങ്ങളിലേക്ക് പന്തലിച്ചു.
അദ്രേമാന്‍ക്ക പുതിയ ഒരു കള്ളിച്ചെടിക്കു കൂടി വെള്ളമൊഴിച്ചു. ഇനി കാലാന്തരങ്ങളുടെ ആഴപ്പരപ്പിലേക്ക് അത് കാറ്റാടിക്കൊണ്ടേയിരിക്കും.
അയാള്‍ ആളൊഴിഞ്ഞ ഒരിടത്തേക്ക് ഓരം ചേര്‍ന്നുനിന്നു. പിന്നെ ഏകാന്തതയുടെ ആഴത്തിലേക്ക് ഊളിയിട്ടു. അനിശ്ചിതമായ മരണത്തിന്റെ വിഹ്വലമായ അര്‍ഥാന്തരങ്ങളിലൂടെ അയാള്‍ നീന്തിത്തുടിച്ചു. ഒരു കുഞ്ഞായി പരുവപ്പെട്ടു അയാള്‍ വാവിട്ടു കരഞ്ഞു.
ഇപ്പോള്‍ അയാളുടെ മനസ്സ് സാവകാശം തിരയുറങ്ങും. തന്നെയും റാഞ്ചാന്‍ മരണം ഓരം പറ്റിയെവിടെയോ മറഞ്ഞുനില്‍പ്പുണ്ടെന്ന് അയാള്‍ തിരിച്ചറിയും. അനന്തരം അയാള്‍ പച്ചപ്പ് നിലച്ച വീടുകളിലേക്ക് നെഞ്ചുവിരിച്ച് നടകൊള്ളും. മരണത്തെ വിരുന്നൂട്ടാന്‍.
ഒരിക്കല്‍ അദ്രേമാന്‍ക്ക ഗ്രാമാന്തരത്തിലൂടെ ആഞ്ഞുവീശി നടക്കുകയായിരുന്നു. അയാളുടെ വേഗാവേഗം ഒരു അടയാളവാക്യമാണ്, എവിടെയോ മൃത്യു മിഴി തുറക്കുന്നു. റോഡരുകില്‍ ഒരു ജനക്കൂട്ടം. ആള്‍ക്കൂട്ടത്തിന്റെ മധ്യത്തിലേക്ക് അയാള്‍ അതിദ്രുതം നടന്നു. അപ്പോള്‍ ആരോ അടക്കം പറഞ്ഞു: 'ബാപ്പ എത്തി!'
അദ്രേമാന്‍ക്കാക്ക് കാണായി ചിന്നിച്ചിതറി നില്‍ക്കുന്ന ചോരയുടെ മഞ്ചാടിമണികള്‍. ആ മഞ്ചാടിക്കൂട്ടങ്ങള്‍ക്കിടയില്‍ താന്‍ തലേന്നു വാങ്ങിയ പുള്ളിപ്പാവാടയിലെ പൂക്കള്‍... അവ വെള്ളിനക്ഷത്രങ്ങളായി തന്നെ മാടി വിളിക്കുന്നതായി അദ്രേമാന്‍ക്കാക്ക് തോന്നി.
വീട്ടുമുറ്റത്ത് അയാള്‍ വര്‍ണമനോഹരമായ പൂക്കള്‍ ഓമനിച്ചു വളര്‍ത്തിയിരുന്നു.
തന്റെ മലര്‍തോപ്പില്‍ വിരിയുന്ന മുല്ലകള്‍ക്ക് കോള്‍മയിര്‍ കൊള്ളിക്കുന്ന സുഗന്ധമാണെന്ന് അയാള്‍ക്ക് തോന്നാറുണ്ട്.
*** *** ***
അദ്രേമാന്‍ക്ക തന്റെ അരുമയാര്‍ന്ന കിനാവിനെ കണ്ണെത്താ ഗുഹയുടെ മൗനത്തിലേക്ക് നട്ടുപിടിപ്പിക്കുകയും അതിന്മേല്‍ മണ്ണ് പുതക്കുകയും ചെയ്തു.
അദ്രേമാന്‍ക്കാ അന്ന് വിജനമായ ഇടത്തിലേക്ക് പറ്റിച്ചേര്‍ന്നു നിന്നില്ല. കരയാന്‍ സ്വയം ഉരുകിയില്ല.
അയാള്‍ നട്ടുച്ചയുടെ ശബ്ദപ്രവാഹത്തിലേക്ക് മൂര്‍ച്ചയോടെ നടന്നു.
അന്ന് ജനം കണ്ടു. വിസ്മയമാംവണ്ണം വികസിച്ചിരുന്നു അയാളുടെ മുഖം. കണ്ണുകളില്‍ ഒരു കടല്‍ നങ്കൂരമിട്ടിരുന്നു. നൂറു നക്ഷത്രങ്ങളും. പിന്നെ അരികു ചാര്‍ത്തിയ അസംഖ്യം പൂക്കളും.
അത് ആരവങ്ങളില്ലാത്ത ദീപ്തമായ കടലായിരുന്നു. ആകാശങ്ങളിലേക്ക് പൂക്കുന്ന നക്ഷത്രങ്ങള്‍. കാറ്റിനെയും ചിത്രശലഭങ്ങളെയും ഭ്രമിപ്പിക്കുന്ന മന്ദാര മലരുകള്‍.
Comments