Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

ജനമനസ്സുകള്‍ കീഴ്‌പ്പെടുത്തിയ നാസി ചിഹ്നങ്ങള്‍, അടയാളങ്ങള്‍

ഡോ. കെ.എ നവാസ്

പണ്ടുമുതലേ ഫാഷിസം വിവിധ രൂപങ്ങളില്‍ ലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, അധികാരം പിടിച്ചുപറ്റാനും നിലനിര്‍ത്താനും ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും കൂടുതലായി ഉപയോഗപ്പെടുത്തി തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണ്. അതോടുകൂടി ഇരയാക്കപ്പെടുന്നവരുടെ കെടുതികളും വര്‍ധിച്ചു. വിവിധ രാജ്യങ്ങളില്‍ പരീക്ഷിക്കപ്പെട്ട ഫാഷിസം അമ്പേ തകര്‍ന്നടിഞ്ഞതാണ് ചരിത്രം. പക്ഷേ, അതിന്റെ ആവിര്‍ഭാവത്തിനും തിരോധാനത്തിനുമിടയില്‍ അനവധി നിരപരാധികളുടെയും നിഷ്‌കളങ്കരുടെയും ജീവിതം ഹോമിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണ്ടുമൊരിക്കല്‍ കൂടി ഫാഷിസം രംഗപ്രവേശം ചെയ്യുന്നത് തടയേണ്ടത് ദേശവാസികളുടെ കടമയാണ്. ഒരു രാഷ്ട്രത്തില്‍ ഫാഷിസം രൂപപ്പെട്ടുവരുന്ന ആരംഭദശ പലപ്പോഴും പൊതുജനത്തിന് മനസ്സിലാകാതെ വന്നേക്കാം. അതാണ് തൊള്ളായിരത്തി ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ ആരംഭത്തിലും ജര്‍മനിയില്‍ സംഭവിച്ചത്. മുപ്പതുകളുടെ തുടക്കം മുതല്‍ നാല്‍പ്പതുകളുടെ മധ്യം വരെ വ്യവസ്ഥാപിതമായി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നത് അന്നാട്ടിലെ ജനങ്ങളിലൊരു വിഭാഗം കൃത്യമായി അറിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത.

നാസി (നാഷ്‌നല്‍ സോഷ്യലിസ്റ്റ്) പാര്‍ട്ടിയാണ് കൃത്യമായ അജണ്ടകളിലൂടെ ജര്‍മനിയെ ഫാഷിസ്റ്റ്‌രാജ്യമാക്കാന്‍ യത്‌നിച്ചത്. ആ രാജ്യത്തെ ന്യൂനപക്ഷമായിരുന്ന ജൂതരെ ഉന്മൂലനം ചെയ്യാന്‍ ഡോ. ഐക്മാന്റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതിയാണ് 'അവസാന പരിഹാരം' (The Final Solution). അതിനായി ജര്‍മനിയിലും ജര്‍മന്‍ അധീന പ്രദേശങ്ങളിലുമായി അനേകം ഉന്മൂലന കേന്ദ്രങ്ങള്‍ (Concentration Camps)  സ്ഥാപിച്ചിരുന്നു. പോളണ്ടിലെ ഓഷ്‌വിറ്റ്‌സായിരുന്നു അവയില്‍ ഏറ്റവും ഭീകരവും ഭീമാകാരവും. ദിനംപ്രതി ആറായിരത്തോളം ജൂതന്മാരെ അവിടെ കൊന്നിരുന്നു എന്നാണ് കണക്ക്. ജര്‍മനി അധീനപ്പെടുത്തിയതിനു ശേഷം അമേരിക്കന്‍-റഷ്യന്‍ അധികാരികള്‍ തദ്ദേശീയരെ ചോദ്യം ചെയ്തപ്പോള്‍ അവരെല്ലാം പറഞ്ഞത് ഒരുത്തരമായിരുന്നു: 'ഞങ്ങളൊന്നുമറിഞ്ഞിരുന്നില്ല.' ജര്‍മനിയിലെ വീമറിനടുത്ത് സ്ഥാപിച്ചിരുന്ന ബുച്ചന്‍വാള്‍ഡ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് അമേരിക്കന്‍ സൈനികര്‍ 1945 ഏപ്രിലില്‍ മോചിപ്പിച്ചപ്പോള്‍ അതില്‍ അര്‍ധപ്രാണരായ നാലായിരത്തോളം ജൂതന്മാര്‍ അവശേഷിച്ചിരുന്നു. ആ പ്രദേശത്തുകാരായ രണ്ടായിരത്തോളം ജര്‍മന്‍ നിവാസികളെ അമേരിക്കന്‍ സൈനിക നേതൃത്വം ആ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലൂടെ നിര്‍ബന്ധിച്ചു നടത്തിച്ചു. രണ്ടു ദിവസമെടുത്താണ് അവര്‍ ആ ഭീകര ദൃശ്യങ്ങള്‍ കണ്ടു തീര്‍ത്തത്. ചീഞ്ഞളിഞ്ഞു തുടങ്ങിയ ശവശരീരങ്ങള്‍, ജീവനോടെ ദഹിപ്പിക്കപ്പെട്ടതിന്റെ അവശിഷ്ടങ്ങള്‍, ജീവന്‍ സ്പന്ദിക്കുന്ന എല്ലും തോലുമായ പട്ടിണിക്കോലങ്ങള്‍ എന്നിങ്ങനെ ആ ഭീകരദൃശ്യങ്ങള്‍ കണ്ട് മൂക്കു പൊത്തിയും ലജ്ജിച്ചും നീങ്ങിക്കൊണ്ടിരുന്ന തദ്ദേശീയര്‍ പറഞ്ഞത് അവിടെ നടന്നുകൊണ്ടിരുന്നതൊന്നും തങ്ങളറിഞ്ഞിരുന്നില്ലെന്നാണ്. സ്വന്തം നാട്ടില്‍ കൃത്യമായ അജണ്ടയനുസരിച്ച് നടത്തപ്പെട്ട ഉന്മൂലനങ്ങളും പീഡനങ്ങളും അവരറിയാതെ പോയതിന്, അഥവാ അന്വേഷിച്ചറിയാന്‍ ശ്രമിക്കാതിരുന്നതിന് വലിയ വിലകൊടുക്കേണ്ടിവന്നു പിന്നീടവര്‍ക്ക്.

അഡോള്‍ഫ് ഹിറ്റ്‌ലറെ ജനങ്ങളുടെ സ്വന്തം ചാന്‍സലറായി എന്നും കരുതിപ്പോന്ന ജര്‍മന്‍ ജനതയെ ആട്ടിടയനെ പോലെ അയാള്‍ നാശത്തിലേക്കു നയിച്ചു. കൃത്യമായ ലക്ഷ്യബോധവും വിധേയത്വവും അനുസരണയും ജനങ്ങളില്‍, പ്രത്യേകിച്ച് സൈനികരില്‍ ഉണ്ടാക്കാന്‍ നാസി പദ്ധതികള്‍ക്കു കഴിഞ്ഞു. ജര്‍മന്‍ പടയാളികളുടെ യുദ്ധവീര്യം സഖ്യകക്ഷികളുടെ യുദ്ധവീര്യത്തേക്കാള്‍ ശക്തമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ്‌ലര്‍ക്കും മാതൃരാജ്യത്തിനും വേണ്ടി ജീവന്‍ നല്‍കാന്‍ തയാറായിരുന്നു ആ സൈനികര്‍. ഹിറ്റ്‌ലറുടെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പുലരുന്നതു കണ്ട ജര്‍മന്‍ ജനത അയാളില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചു. 1942 മുതല്‍ യുദ്ധത്തിന്റെ ഗതി സഖ്യകക്ഷികള്‍ക്കനുകൂലമാവുകയും ജര്‍മനി തോല്‍ക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴും ഹിറ്റ്‌ലറില്‍ വിശ്വാസമര്‍പ്പിച്ച പൊതുജനം ജര്‍മനിയുടെ സമൂല നാശമാരംഭിച്ചപ്പോഴേ മാറിച്ചിന്തിച്ചു തുടങ്ങിയുള്ളൂ.

ഫാഷിസത്തിന്റെ ആരംഭദശയില്‍ തന്നെ അതിനെ തിരിച്ചറിയുകയും അതിനെതിരില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് നാസി ജര്‍മനിയുടെ ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പൊതുവായ അടയാളങ്ങളുണ്ട് എന്നതിനാല്‍ തിരിച്ചറിയല്‍ എളുപ്പമാണ്.

 

ചിഹ്നങ്ങള്‍

ഫാഷിസ്റ്റ് പാര്‍ട്ടികളുടെ പൊതുവായ ചിഹ്നങ്ങളില്‍ ചിലതാണ് പ്രതീകാത്മക ചിത്രരൂപങ്ങള്‍, സൈനിക രീതിയിലുള്ള യൂനിഫോമുകള്‍, റാലികള്‍, പ്രതിമകള്‍ എന്നിവ. മനുഷ്യഹൃദയങ്ങളെ ഹഠാദാകര്‍ഷിക്കാനുള്ള ഉപാധികളാണ് ചിഹ്നങ്ങള്‍. ഫാഷിസം പരീക്ഷിച്ചവരൊക്കെ അത്തരം ചിഹ്നങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സിദ്ധാന്തങ്ങളുടെ വ്യാപനത്തിനും പൊതുജനത്തെ സ്വാധീനിക്കാനും അവ ഉപയോഗപ്പെടുത്തിയ അനവധി ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ കാണാം. പുരാതന ഗ്രീക്ക് റോമന്‍ സംജ്ഞകളും ചിത്രരൂപങ്ങളുമാണ് ഇറ്റലിയിലും ജര്‍മനിയിലും അധികവും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

മനുഷ്യമസ്തിഷ്‌കത്തില്‍ ചിത്രങ്ങളാണ് വാക്കുകളേക്കാള്‍ ആഴത്തില്‍ വേരൂന്നുക. മനുഷ്യരെ ഒരു വിവരം ഗ്രഹിപ്പിക്കുന്നതിന് ഏറെ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു ചിത്രം കാണിച്ചുകൊടുക്കുകയാണ്. ഹിറ്റ്‌ലര്‍ മനുഷ്യ മസ്തിഷ്‌കത്തിലേക്ക് നാസി ചിഹ്നമായി അടിച്ചു കയറ്റിയത് പ്രധാനമായും സ്വസ്തികയായിരുന്നു. സംസ്‌കൃത ഭാഷയില്‍ സ്വസ്തിക എന്ന വാക്കിന്റെ അര്‍ഥം സൗഖ്യം അല്ലെങ്കില്‍ ഭാഗ്യം എന്നാണ്. പക്ഷേ, തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പ്പതുകളിലും ലോകം ഏറ്റവും ഭീതിയോടുകൂടി കണ്ട ചിഹ്നമായി അതു മാറി. കോടിക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ പ്രത്യയശാസ്ത്രത്തിന്റെ അടയാളമായി അത്. ആര്യവര്‍ഗ മേധാവിത്വത്തിന്റെ തിരിച്ചറിയല്‍ ചിഹ്നമായി അത് രൂപപ്പെട്ടു. മോതിരത്തില്‍ മുതല്‍, ചുമര്‍ ചിത്രങ്ങളില്‍, കൊടികളില്‍, മുദ്രകളില്‍, ഔദ്യോഗിക എഴുത്തുകളില്‍, കൈയില്‍ കെട്ടുന്ന നാടകളില്‍ (Arm Band)  വരെ എല്ലായിടത്തും ആ ചിഹ്നം ഉപയോഗിച്ചു.

വെറുപ്പ് പ്രചരിപ്പിച്ച ഫാഷിസ്റ്റ് ഭീകരതയുടെ അടയാളമായ ആ ചിഹ്നം ഇന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവും വെറുക്കപ്പെടുന്ന ഒന്നാണ്. ചില രാജ്യങ്ങളില്‍ അതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ചുവന്ന പശ്ചാത്തലത്തില്‍ വെളുത്ത വൃത്തത്തില്‍ കറുത്ത നിറത്തിലുള്ള സ്വസ്തികയായിരുന്നു നാസികളുടെ കൊടി. ഹിറ്റ്‌ലര്‍ ഏറെ ആലോചനകള്‍ക്കു ശേഷമാണ് ആ കൊടി രൂപപ്പെടുത്തിയത്. സ്വസ്തിക ആര്യവംശത്തിന്റെ പോരാട്ടമാണ് അടയാളപ്പെടുത്തുന്നതെന്ന് ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.

തവിട്ടു കെട്ടിടം (Brown House)  എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു വലിയ കെട്ടിടത്തിലായിരുന്നു നാസികളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. അവിടെയിരുന്നാണ് നാസി നേതാക്കള്‍ ഫാഷിസ്റ്റ്ഭീകരത മെനഞ്ഞത്. നാസി ഭരണം അവസാനിക്കുന്നതുവരെ കല്ലില്‍ പണിത ആ വന്‍ മാളിക പാര്‍ട്ടി ആസ്ഥാനമായി നിലനിന്നു.

 

സൈനിക സ്തുതി

സൈന്യത്തെ കൂടെ നിര്‍ത്താന്‍ ഹിറ്റ്‌ലര്‍ എന്നും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അധികാരത്തില്‍ കയറുന്നതിനു മുമ്പും പിമ്പും സൈനികരെ പുകഴ്ത്താനും അവരാണ് രാജ്യത്തിന്റെ യഥാര്‍ഥ ഹീറോകളെന്നു വാഴ്ത്താനും അവരെ ഇടക്കിടെ സന്ദര്‍ശിച്ച് അവരിലൊരാളാണ് താനെന്നു വരുത്തിത്തീര്‍ക്കാനും അയാള്‍ ശ്രമിച്ചു. അധികാരത്തിലെത്തുന്നതിനു മുമ്പ് ഗവണ്‍മെന്റിന്റെ ആജ്ഞകളനുസരിച്ചിരുന്ന സൈന്യത്തിനോട് ഹിറ്റ്‌ലര്‍ക്ക് വിദ്വേഷമുണ്ടായിരുന്നെങ്കിലും ആ തന്ത്രശാലി അത് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല അവരെ പുകഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്തു. മുസ്സോളിനിയെ പോലെ ഹിറ്റ്‌ലറും മിക്കപ്പോഴും സൈനിക യൂനിഫോമിലായിരുന്നു പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

 

യൂനിഫോം ധരിച്ച സമാന്തര സേനകള്‍

രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനും അമര്‍ച്ച ചെയ്യാനും ഹിറ്റ്‌ലര്‍ ഭരണത്തിലേറുന്നതിനും ഒരു വ്യാഴവട്ടക്കാലം മുമ്പേ എസ്.എ എന്ന ഒരു സേന രൂപീകരിച്ചു. അവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ സൈന്യത്തില്‍നിന്ന് പിരിഞ്ഞ ആളുകളെ നിയമിച്ചു. അവരുടെ യൂനിഫോമിന്റെ നിറം തവിട്ടായിരുന്നതിനാല്‍ അവര്‍ 'തവിട്ടു കുപ്പായക്കാര്‍' (Brown Shirts)  എന്ന പേരിലറിയപ്പെട്ടു. തെമ്മാടികളും ഗുണ്ടകളുമായിരുന്നു അതിലെ അംഗങ്ങളധികവും. അവര്‍ തെരുവുകളിലൂടെ മിലിട്ടറി ചിട്ടയില്‍ ചുവടു വെച്ചു നീങ്ങുന്ന കാഴ്ച കണ്ടുനിന്ന ജര്‍മന്‍ ജനതയില്‍ ചിട്ടയുള്ള പാര്‍ട്ടിയാണ് നാസി പാര്‍ട്ടിയെന്ന തോന്നലുണ്ടായി. തെരുവുകളില്‍ ന്യൂനപക്ഷവിഭാഗത്തില്‍പെട്ടവരെ ആക്രമിക്കുക, അവരുടെ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുക, ദേവാലയങ്ങള്‍ തകര്‍ക്കുക, സാംസ്‌കാരിക നായകന്മാരെയും ചിന്തകരെയും ഭീഷണിപ്പെടുത്തുക, മുകളില്‍നിന്ന് നല്‍കപ്പെടുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉന്മൂലനം ചെയ്യേണ്ടവരെ വധിക്കുക എന്നതൊക്കെയായിരുന്നു അവരുടെ കര്‍മപദ്ധതി. അതിവേഗമാണ് ആ സംഘത്തിന്റെ അംഗബലം വര്‍ധിച്ചത്.

ഹിറ്റ്‌ലറുടെ അംഗരക്ഷകരെന്ന പേരില്‍ എസ്.എസ് എന്ന മറ്റൊരു സേനയും അയാള്‍ തയാറാക്കി. ഇറ്റാലിയന്‍ ഫാഷിസ്റ്റുകളുടെ കറുത്ത യൂനിഫോം തന്നെയാണ് എസ്. എസ് സേനക്കും നല്‍കിയത്. സൈന്യത്തില്‍നിന്ന് പിരിഞ്ഞുപോന്നവരും അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരും തെമ്മാടികളും ഗുണ്ടകളുമൊക്കെയായിരുന്നു അതില്‍ ഉള്‍പ്പെട്ടിരുന്നത്. അതിന്റെ നേതാക്കളില്‍ പലരും കൊലപാതകികളും സ്വവര്‍ഗരതിക്കാരുമൊക്കെയായിരുന്നു. എസ്. എ സേനയുടെ തലവന്‍ റീം കുപ്രസിദ്ധ സ്വവര്‍ഗരതിക്കാരനായിരുന്നു. എസ്.എ യുടെ മ്യൂണിച്ച് വിഭാഗത്തിനെ നയിച്ചിരുന്ന ലെഫ്റ്റനന്റ് എഡ്മണ്ട് ഹീനസ് സ്വവര്‍ഗരതിക്കാരന്‍ മാത്രമല്ല കൊലപാതക കുറ്റം ആരോപിക്കപ്പെട്ടവനുമായിരുന്നു. അംഗങ്ങളുടെയോ നേതാക്കളുടെയോ സ്വഭാവഗുണത്തിനൊന്നും ഹിറ്റ്‌ലര്‍ ഒരു പ്രാധാന്യവും കല്‍പി

ച്ചിരുന്നില്ല. അവര്‍ തനിക്കുപയോഗപ്പെടുന്നിടത്തോളം ഹിറ്റ്‌ലര്‍ അവരെ സംരക്ഷിച്ചുപോന്നു. അവര്‍ ചെയ്യുന്ന അക്രമങ്ങള്‍ എപ്പോഴും അയാള്‍ ന്യായീകരിച്ചു. അവരുടെ സംഘബലവും അതിവേഗം വര്‍ധിച്ചു. കറുത്ത യൂനിഫോം ധരിച്ചിരുന്ന ആ സേനയുടെ പ്രമാണവാക്യം തന്നെ 'താങ്കളോടുള്ള വിധേയത്വം' എന്നായിരുന്നു. ദേശഭക്തിയാണ് ആദര്‍ശമെങ്കിലും എല്ലാറ്റിനും മുകളില്‍ ഹിറ്റ്‌ലറെന്ന നേതാവിനോടുള്ള വ്യക്തിപൂജയായി അത് പരിണമിച്ചു.

വര്‍ണശബളമായ ജാഥകള്‍ സംഘടിപ്പിച്ചും റാലികളും ഘോഷയാത്രകളും നടത്തിയും കാണികളെ ഹര്‍ഷോന്മാദികളാക്കുക എന്ന തന്ത്രം ഹിറ്റ്‌ലറും കൂട്ടരും നല്ലവണ്ണം പയറ്റി. അണിയൊപ്പിച്ചു നീങ്ങുന്ന സമാന്തര സേനകളെ നോക്കിനിന്ന ദേശവാസികള്‍ അവരെ ആര്‍പ്പു വിൡച്ചും സല്യൂട്ട് ചെയ്തും സ്വീകരിച്ചു.

 

വംശീയതയും ദേശീയതയും

ദേശീയതയാണ് നാസികളുപയോഗിച്ച തുരുപ്പു ചീട്ട്. ദേശദ്രോഹികളായ കമ്യൂണിസ്റ്റുകാരില്‍നിന്നും ജൂതന്മാരില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് ജര്‍മനിയിലെ ഓരോ പൗരന്റെയും കടമയാണെന്ന് ജനത്തിന്റെ ബോധമണ്ഡലത്തില്‍ ആവര്‍ത്തിച്ചുറപ്പിച്ചു. ആര്യന്‍ വംശക്കാരുടേതു മാത്രമാണ് ജര്‍മനിയെന്ന് നാസികള്‍ വിശ്വസിച്ചു. മറ്റുള്ളവര്‍ രാജ്യം വിടണം. ഇല്ലെങ്കില്‍ രണ്ടാം തരം പൗരന്മാരായി ആര്യമേധാവിത്വത്തിനു കീഴ്‌പ്പെട്ടു ജീവിക്കണം. വംശശുദ്ധി സിദ്ധാന്തത്തില്‍ (Eugenics) അടിയുറച്ചതായിരുന്നു നാസി പ്രത്യയശാസ്ത്രം. ഞരമ്പുകളിലൂടെ ആര്യരക്തം ഒഴുകുന്നവര്‍ മാത്രമേ രാജ്യത്ത് പാടുള്ളൂ. അത്തരത്തിലൊരു ജനതയെ വാര്‍ത്തെടുക്കാന്‍ അംഗവൈകല്യമുള്ളവരെയും നാടോടികളെയും മറ്റു മതസ്ഥരെയും ഉന്മൂലനം ചെയ്യണം. ഡാര്‍വിന്റെയും ഗാല്‍ട്ടന്റെയും സിദ്ധാന്തങ്ങളാണ് ഹിറ്റ്‌ലറെ സ്വാധീനിച്ചതെന്ന് അയാളുടെ ജീവചരിത്രത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ആര്യന്‍ കുഞ്ഞുങ്ങളുടെ ജനനനിരക്കുയര്‍ത്താനും അവര്‍ വംശശുദ്ധിയുള്ളവരും ആരോഗ്യമുള്ളവരുമായി വളരുന്നതിനും പ്രത്യേക ക്ലിനിക്കുകളും ആശുപത്രികളും സ്ഥാപിക്കപ്പെട്ടു.

 

ഉടച്ചുവാര്‍ക്കപ്പെടുന്ന വിദ്യാഭ്യാസം

വിദ്യാഭ്യാസത്തിലും നാസികള്‍ ഇടപെട്ടു. ആമൂലാഗ്രം വിദ്യാഭ്യാസ സംവിധാനത്തെ ഉടച്ചുവാര്‍ത്തു. നാസി പ്രത്യയശാസ്ത്രമല്ലാതെ മറ്റൊന്നും തന്നെ പഠിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്കോ അധ്യാപകര്‍ക്കോ അനുവാദമുണ്ടായിരുന്നില്ല. നാസിസത്തോടൊത്തു പോകാത്ത എല്ലാ മത-പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളും ചുട്ടെരിക്കപ്പെട്ടു. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസമാരംഭിക്കുന്ന ദശയില്‍ തന്നെ അവരില്‍ മസ്തിഷ്‌കപ്രക്ഷാളനം നടത്തി. ഫാഷിസത്തോട് മാത്രം സമരസപ്പെടുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ രാഷ്ട്രം സമ്പത്ത് ചെലവഴിച്ചു.

 

പ്രതിമകള്‍

നാസികളുടെ വംശീയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ ശില്‍പ്പങ്ങള്‍ വിപുലമായി നിര്‍മിക്കപ്പെട്ടു. ആര്യവംശത്തിന്റെ ഉത്കൃഷ്ടത വിളിച്ചോതുന്ന ശില്‍പ്പങ്ങള്‍ തെരുവോരങ്ങളിലും മറ്റും ധാരാളമായി പ്രദര്‍ശിപ്പിച്ചു. 'കലയും സങ്കേതവും ആധുനിക ജീവിതത്തില്‍' എന്ന വിഷയത്തില്‍ 1937-ല്‍ പാരീസില്‍ നടന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ ജര്‍മന്‍ പവലിയനു മുമ്പില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ വലിയ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. വംശീയ മേല്‍ക്കോയ്മ സംരക്ഷിക്കാനെന്ന ഭാവേന ഭീമാകാരമായ രണ്ടു മനുഷ്യരൂപങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുന്ന രൂപത്തിലുള്ളതായിരുന്നു അത്. കൂറ്റന്‍ പ്രതിമകള്‍ നിര്‍മിക്കുന്നതില്‍ പ്രഗത്ഭനായിരുന്ന ജോസഫ് തൊറാക്ക് എന്നു പേരുള്ള ഒരു ജര്‍മന്‍ ശില്‍പ്പി നിര്‍മിച്ച ആ പ്രതിമക്ക് സഖാത്വം (Comradeship) എന്നാണ് പേരു നല്‍കിയിരുന്നത്. രാഷ്ട്രസമ്പത്ത് ചെലവഴിച്ച് ഏകതയെയോ ഐക്യത്തെയോ സൂചിപ്പിക്കുന്ന പേരുകള്‍ നല്‍കി ഭീമാകാരമായ പ്രതിമകള്‍ നിര്‍മിക്കുന്നത് ജനമനസ്സുകളെ എളുപ്പത്തില്‍ വശത്താക്കാനാണ്. നാസി ജര്‍മനിയുടെ ഔദ്യോഗിക ശില്‍പിയായി ഹിറ്റ്‌ലര്‍ നിയമിച്ചത് ആര്‍ണൊ ബെര്‍ക്കറെയാണ്.

 

മുമ്പില്‍ നിര്‍ത്താനൊരു നേതാവ്

അണികള്‍ക്കെപ്പോഴും വ്യക്തിപ്രഭാവമുള്ള (Charismatic) ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ വേണം. അയാളെ മുന്‍നിര്‍ത്തിവേണം കരുക്കള്‍ നീക്കാന്‍. ആ വ്യക്തി എത്ര കഴിവു കുറഞ്ഞവനാണെങ്കിലും എന്തൊക്കെയോ ചെയ്യാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തി, അയാളെ പുകഴ്ത്തിപ്പറഞ്ഞും അയാളുടെ നേതൃമികവിനെ ഊതിപ്പെരുപ്പിച്ചും ജനമനസ്സില്‍ വ്യക്തിപ്രഭാവമുണ്ടാക്കുകയെന്നതാണ് ഫാഷിസ്റ്റുകളുടെ രീതി. അയാളുടെ വലിയ ചിത്രങ്ങളും പോസ്റ്ററുകളും വഴിയോരങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, അയാളുടെ പേരില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുക, അയാളെ അന്താരാഷ്ട്രതലത്തില്‍ പൊതുസമ്മതനാക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ പല അടവുകളും തന്ത്രശാലികളായ നാസികള്‍ പ്രയോഗിച്ചു.

 

കള്ളപ്രചാരണങ്ങള്‍

നാസി പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനും വ്യാപനത്തിനും വിപുലമായ ഏര്‍പ്പാടുകളുണ്ടായിരുന്നു. തന്ത്രശാലിയും കൂര്‍മബുദ്ധിയുമായ ജോസഫ് ഗീബല്‍സിനായിരുന്നു അതിന്റെ ചുമതല. ന്യൂനപക്ഷങ്ങളെ കുറിച്ചും രാഷ്ട്രീയ എതിരാളികളെ കുറിച്ചും അനവധി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റുകളെയും ജൂതന്മാരെയും ദേശദ്രോഹികളായും പിന്തിരിപ്പന്മാരായും മുദ്രകുത്താന്‍ അവരുടെ പേരില്‍ നിരന്തരം കള്ളങ്ങള്‍ ആവര്‍ത്തിച്ചു. ആവര്‍ത്തിക്കപ്പെടുന്ന നുണകള്‍ ഒടുവില്‍ സത്യമാണെന്ന് ജനം ധരിക്കുമെന്നായിരുന്നു ഗീബല്‍സിന്റെ കണ്ടെത്തല്‍.

 

പ്രഭാഷകനായ നേതാവ്

പ്രഭാഷണമികവ് നേതൃഗുണങ്ങളില്‍ ഒന്നായിട്ടായിരുന്നു കരുതിപ്പോന്നത്. നയോപായങ്ങളില്‍ വിദഗ്ധനല്ലെങ്കിലും പ്രഭാഷകനാവണം നേതാവ്. കാണികളെ പിടിച്ചിരുത്തുംവിധം വാക്കുകള്‍ ഉപയോഗിക്കുക, ശബ്ദത്തില്‍ നിമ്‌നോന്നതങ്ങള്‍ വരുത്തുക, കുറിക്കു കൊള്ളുന്ന ഉദാഹരണങ്ങള്‍ പ്രയോഗിക്കുക, എതിരാളികളെ പരിഹസിച്ചു കൈയടി നേടുക എന്നതൊക്കെ ഹിറ്റ്‌ലര്‍ക്ക് നല്ല വശമായിരുന്നു. പ്രസംഗിക്കുമ്പോള്‍ മുഖത്ത് തീരെ പുഞ്ചിരി വരുത്താത്ത ഹിറ്റ്‌ലര്‍ വേഷവിധാനങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തിയിരുന്നു. അവിവാഹിതനും സസ്യാഹാരിയും മദ്യം സേവിക്കാത്തവനുമായ ഹിറ്റ്‌ലറില്‍, സ്വജീവിതം ദേശത്തിന്റെ പുരോഗതിക്കു മാത്രം നേര്‍ന്നവനായ ഒരു നേതാവിനെ പൊതുജനം കണ്ടു. സ്വയം ജിവനൊടുക്കാന്‍ തീരുമാനിക്കുന്നതിന് അല്‍പ്പം മുമ്പു വരെ അവിവാഹിതനായി തുടര്‍ന്ന ഹിറ്റ്‌ലറുടെ മുഖത്ത് എപ്പോഴും ഗൗരവം സ്ഫുരിച്ചു. നാസികളെ കുറിച്ച് പറഞ്ഞിരുന്നത്, ഫലിതം മനസ്സിലാകാത്തവര്‍ എന്നാണ്. പലപ്പോഴും ഗീബല്‍സ്, റുഡോള്‍ഫ് ഹെസ്സ് തുടങ്ങിയ നാസി ചിന്തകന്മാര്‍ എഴുതിക്കൊടുക്കുന്ന നോട്ടുകള്‍ നോക്കിയാണ് ഹിറ്റ്‌ലര്‍ പ്രസംഗിച്ചിരുന്നത്. അതിലൂടെ നേടിയ ചരിത്രത്തെ കുറിച്ച വിവരങ്ങള്‍ പ്രഭാഷണങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് കൈയടി നേടാന്‍ ഹിറ്റ്‌ലര്‍ക്ക് സാധിച്ചു.

 

വ്യാജ ശാസ്ത്രം

നാസികളുടെ വര്‍ഗമേധാവിത്വ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും ആശയരൂപീകരണത്തിനുമായി ആനെനെര്‍ബി (Ahnenerbe) എന്ന പേരില്‍ ഒരു വിദഗ്ധ സംഘം (Think Tank) 1935-ല്‍ ജര്‍മനിയില്‍ രൂപീകരിച്ചിരുന്നു. ആര്യന്‍ വര്‍ഗം മറ്റു വര്‍ഗങ്ങളേക്കാള്‍ മേന്മയുള്ളതാണെന്ന് തെളിയിക്കാന്‍ അവര്‍ വ്യാജശാസ്ത്രത്തെ (Pseudo-Science) ആശ്രയിച്ചു. ശാസ്ത്രത്തിനു നിരക്കാത്ത ആശയങ്ങളും വിശ്വാസങ്ങളും ശാസ്ത്രീയമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. വര്‍ഗശുദ്ധിയിലൂടെ മാത്രമേ ആയിരം കൊല്ലം നിലനില്‍ക്കുന്ന സാമ്രാജ്യം പടുത്തുയര്‍ത്താനാവൂ എന്ന്, ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത നിഗമനങ്ങള്‍ അവര്‍ നിര്‍മിച്ചെടുത്തു. ന്യൂനപക്ഷങ്ങളുടെയും നാസിവിരുദ്ധരുടെയും സംഭാവനകള്‍ ചരിത്രത്തിന്റെ ചുവരുകളില്‍നിന്നും മായ്ച്ചുകളഞ്ഞു എന്നു മാത്രമല്ല, അവര്‍ രാജ്യത്തിന് നഷ്ടം മാത്രമേ വരുത്തിവെച്ചിട്ടുള്ളൂവെന്നും പ്രചരിപ്പിച്ചു.

 

ആചാര്യന്മാരും ആചാരങ്ങളും

ഫാഷിസ്റ്റ് ചിന്തകരായ താത്ത്വികാചാര്യന്മാരെ പുകഴ്ത്തിയും അവരുടെ ഗ്രന്ഥങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചും വര്‍ഗ മേല്‍ക്കോയ്മ ഇളംമനസ്സുകളില്‍ രൂഢമൂലമാക്കി. ലക്ഷണമൊത്തെ ഫാഷിസ്റ്റുകളായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ ചിട്ടയോടെ കരുക്കള്‍ നീക്കി. എക്കാര്‍ട്ട്, ആല്‍ഫ്രഡ് ബീംലര്‍, ഫ്രെഡറിക് നീത്‌ഷെ, ആല്‍ഫ്രഡ് റോസന്‍ബെര്‍ഗ്, മാര്‍ട്ടിന്‍ ഹേഡ്ഗര്‍ തുടങ്ങി അനവധി ആചാര്യന്മാരുടെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ വിപുലമായി പ്രചരിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട അചാരങ്ങളും ആഘോഷങ്ങളും പുനരുജ്ജീവിക്കപ്പെട്ടു. ആന്റി സെമിറ്റിസം, വര്‍ഗ വിശുദ്ധി, വര്‍ഗോന്നതി, കൊളോണിയലിസം എന്നീ വിഷയങ്ങളിലുള്ള അവരുടെ രചനകള്‍ മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ വേരൂന്നാന്‍ സത്വരനടപടികള്‍ കൈക്കൊണ്ടു. കരുണ, ദയ, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും അവ വര്‍ഗത്തിന്റെ ബലക്ഷയത്തിനേ കാരണമാകൂ എന്നും നാസികള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.

 

വ്യവസായികളുടെ സ്‌പോണ്‍സര്‍ഷിപ്പുകള്‍

ഹിറ്റ്‌ലര്‍ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ചുയരുമെന്നു മുന്‍കൂട്ടിക്കണ്ട വ്യവസായികള്‍ വന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. ജര്‍മനിയിലെ ഭീമന്‍ ആയുധ നിര്‍മാതാക്കളായിരുന്ന ക്രപ്പ്, മരുന്നു നിര്‍മാതാക്കളായിരുന്ന ഐ.ജി ഫാര്‍ബന്‍ എന്നിവര്‍ സാമ്പത്തിക സഹായം ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ക്രപ്പ് ഹിറ്റ്‌ലര്‍ ചാന്‍സലറായി അവരോധിക്കപ്പെടുന്നതുവരെ അയാളെ എതിര്‍ത്തുനിന്നെങ്കിലും ഒരു രാത്രികൊണ്ട് മറുകണ്ടം ചാടുകയാണുണ്ടായത്. കുത്തക ഭീമന്മാരില്‍നിന്നും നിര്‍ലോഭമായ സാമ്പത്തിക സഹായങ്ങള്‍ കിട്ടിയപ്പോള്‍, ജര്‍മനി മുമ്പെങ്ങും കാണാത്തവിധം നാസികള്‍ അവരുടെ പാര്‍ട്ടിക്കുവേണ്ടി ആര്‍ഭാടകരമായി തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നടത്തി. പോസ്റ്ററുകളും തോരണങ്ങളും സമ്മേളനങ്ങളും മാര്‍ച്ചുകളുമായി അവര്‍ ജര്‍മനിയെ ഇളക്കിമറിച്ചു. ഒന്നാം ലോകയുദ്ധത്തിലെ തോല്‍വിയും 1925-ലെ സാമ്പത്തികമാന്ദ്യവും നിരാശ പരത്തിയ ചെറുപ്പക്കാരില്‍ വര്‍ണശബളമായ തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ ആവേശം ജനിപ്പിച്ചു.

 

മാധ്യമങ്ങള്‍

ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതയെ താനിഛിക്കുന്നിടത്തേക്കു തെളിച്ചത് ഉജ്ജ്വല പ്രഭാഷണങ്ങളിലൂടെയായിരുന്നെങ്കിലും നാസിസം ജനമനസ്സുകളില്‍ ആഴത്തില്‍ വേരു പിടിപ്പിക്കാന്‍ നാസികള്‍ ഉപയോഗിച്ചത് പത്ര-ശ്രാവ്യ മാധ്യമങ്ങളെയാണ്. ടെലിവിഷന്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് റേഡിയോ പ്രക്ഷേപണത്തെയായിരുന്നു. പ്രക്ഷേപണ മന്ത്രി (Propaganda Minister)  ഹിറ്റ്‌ലറുടെ വലംകൈയായിരുന്ന ഡോ. ജോസഫ് ഗീബല്‍സ് എന്ന നാസി തീവ്രവാദിയായിരുന്നു. റേഡിയോ ശ്രോതാക്കള്‍ ഏതാണ്ട് മുഴുവന്‍ സമയവും ശ്രവിച്ചുകൊണ്ടിരുന്നത് ഗീബല്‍സിന്റേതോ ഹിറ്റ്‌ലറുടേതോ ആയ വാക്കുകളായിരുന്നു. മറ്റെല്ലാ മാധ്യമങ്ങളെയും ഉന്മൂലനം ചെയ്തു. 230 കൊല്ലക്കാലം തുടര്‍ച്ചയായി പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ജര്‍മനിയിലെ മുന്‍നിര പത്രമായിരുന്ന വോസിച്ചെ സീറ്റങ്ങ് അടച്ചുപൂട്ടിച്ചത് ഒരുദാഹരണം. ഊതിപ്പെരുപ്പിച്ച വികസന വാര്‍ത്തകളും പുതിയ പദ്ധതികളെ കുറിച്ചുള്ള വാഗ്‌ധോരണികളും സംസ്‌കാരപാ

രമ്പര്യത്തെ കുറിച്ചുള്ള ഉദ്‌ബോധനങ്ങളും നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ട് നാസി പാര്‍ട്ടിയെ മഹത്വവല്‍ക്കരിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫാഷിസ്റ്റുകളുടെ കടന്നുകയറ്റം പതുക്കെ അരിച്ചരിച്ചുകയറുകയാണ് പതിവ്. വിവാഹം, ഭക്ഷണം, നിയമവ്യവസ്ഥ, വസ്ത്രധാരണം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും പുതിയ സംസ്‌കാരവും ജീവിതവ്യവസ്ഥയും നടപ്പില്‍ വരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുക. ബഹുത്വം എന്ന വാക്കിനെ വെറുപ്പോടെ കാണുന്ന അവര്‍ ഏകസ്വരത നടപ്പിലാക്കാന്‍ നിയമവ്യവസ്ഥയെ തന്നെ കൈപ്പിടിയിലൊതുക്കാനാണ് ശ്രമിക്കുക. ന്യൂനപക്ഷങ്ങളുടെ ദീനരോദനം വനരോദനമായി മാറാതിരിക്കാന്‍, ഫാഷിസ്റ്റ് കുതന്ത്രങ്ങള്‍ മുളപൊട്ടുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് അതിനെ കളപറിച്ചെറിയാന്‍ ചരിത്രാവബോധത്തോടെ പൗരന്മാര്‍ ജാഗരൂകരാവേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം