ഹിന്ദുത്വകാല മീഡിയയുടെ ദേശീയ കരിക്കുലം
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, പൊതു മണ്ഡലത്തില്‍ പൊതുവെ നൈതികവിരുദ്ധമെന്നും അസ്വീകാര്യമെന്നും കരുതപ്പെട്ടിരുന്നതെല്ലാം അവിടെ തീര്‍ത്തും നൈതികവും സ്വീകാര്യവുമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നു കാണാം. നിലവിലുള്ള അധാര്‍മികതകളെ മീഡിയ ആഘോഷിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, അനൗചിത്യത്തിന്റെ പുതിയ ഉയരങ്ങള്‍ അത് കീഴടക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രബുദ്ധതയുടെ പുതിയ നിര്‍വചനം പ്രാകൃതത്വം എന്നാണ്. മുഖ്യധാരാ മീഡിയയുടെ ആഭാസത്തരങ്ങള്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ ഒരുകാലത്ത് നിലയുറപ്പിച്ചിരുന്ന ഇന്ത്യന്‍ ജനാധിപത്യശീലങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.
തരംതാണ രീതിയില്‍ അമാന്യമായി പെരുമാറുകയെന്നത് ഇന്നൊരു തെറ്റേയല്ല. അങ്ങാടിയില്‍ വെച്ചോ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ വെച്ചോ വളരെ മോശമായി പെരുമാറാം. ഇത് ഏതെങ്കിലുമൊരു ചാനലിന്റെ, അതിന്റെ ആങ്കറിന്റെ പ്രവൃത്തി മാത്രമായി കാണരുത്. നൂറുകണക്കിന് ചാനലുകളും ആങ്കര്‍മാരും ഇതുതന്നെ ചെയ്യുന്നു. ശരിയാണ്, ഒരു ചാനലിന്റെ ആങ്കറെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരക്കാരുടെ നേതാവായി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. ഞാന്‍ പറഞ്ഞുവരുന്നത്, ഇവരെല്ലാം തന്നെ ഈ ജീര്‍ണതയുടെ കൊടിവാഹകരാണ്. കൂപ്പുകുത്തുന്ന അവതരണ നിലവാരത്തെ കൊണ്ടാടുന്നവര്‍.
ഇങ്ങനെയൊരു രൂപപരിണാമം സാധ്യമായത്, മുഖ്യധാരാ മീഡിയയും രാഷ്ട്രീയവും പൂര്‍ണമായി ലയിച്ചൊന്നായിത്തീര്‍ന്നതോടെയാണ്. നിര്‍ണിത രാഷ്ട്രീയത്തെ പിന്തുണക്കുന്നവനെ മാത്രമേ മീഡിയ അതിന്റെ പ്രേക്ഷകനായി അംഗീകരിക്കുന്നുള്ളൂ. ഈ മീഡിയയെ പിന്തുണക്കുന്നവരും അതിന്റെ ഉപഭോക്താക്കളും ഒരു പ്രത്യേക ഐഡിയോളജിയുടെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും വക്താക്കളായതുകൊണ്ട്, പ്രേക്ഷകനും രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായിയും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുപോകുന്നു. വാര്‍ത്താവൈവിധ്യത്തെ തുടച്ചുനീക്കിക്കൊണ്ടാണ് കേവലം രാഷ്ട്രീയ പാര്‍ട്ടി അനുയായികളെ പ്രേക്ഷരായി വളര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. വിവരമില്ലാത്തവരുടെ ഒരു പറ്റമായി മാത്രമേ ഈ പ്രേക്ഷകരെ കാണാന്‍ കഴിയൂ. അത്തരം പ്രേക്ഷകര്‍ വലിയൊരു സഞ്ചയമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ അവരുടെ മണ്ടത്തരങ്ങളെ ഞാന്‍ ഗൗരവത്തില്‍ തന്നെയാണ് കാണുന്നത്. അവ ചിരിച്ചുതള്ളാന്‍ കഴിയില്ല. അറിവിന്റെ സ്ഥാനം അറിവില്ലായ്മ ഏറ്റെടുക്കുമ്പോള്‍ അത് ചിരിക്കാനുള്ള വകയല്ല.
ഇത്തരം പ്രേക്ഷകരുടെ വിവരമില്ലായ്മയെക്കുറിച്ച് ഒരു ഉദാഹരണം പറയാം. പുല്‍വാമ സംഭവമുണ്ടായപ്പോള്‍, പ്രധാനമന്ത്രി എന്തുകൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്നതല്ല ചര്‍ച്ചാ വിഷയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതാണ്! വിവരക്കൈമാറ്റ മീഡിയയുടെ വ്യാപനം അറിവിന്റെ വ്യാപനമാണെന്ന് നാം വെറുതെ വിശ്വസിച്ചുപോവുകയാണ്. ഗുരുതരമായ അബദ്ധമാണ് ആ ധാരണ. ഒരു വിഷയത്തിന്റെ വിവിധ വശങ്ങള്‍ അറുത്തുമാറ്റുന്നത് വിവരത്തെ തടഞ്ഞുവെക്കലാണ്. ഇതാണ് വിവരമില്ലായ്മയുടെ സ്ഥിതി സംജാതമാക്കുന്നത്. തഴച്ചുവളരുന്ന മുഖ്യധാരാ മാധ്യമസമുച്ചയങ്ങളില്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ ഒരു 'ദേശീയ കരിക്കുലം' പ്രോജക്ട് നടപ്പാക്കിവരുന്നുണ്ട്. ഒന്നാം ദിവസം മുതല്‍ തന്നെ അതിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിരുന്നു. വിഷയങ്ങളില്‍ ഇടപെടുന്ന, ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളിലെ പ്രേക്ഷകനെ ഊതിക്കെടുത്തുക. അപ്പോള്‍ മാത്രമേ ജനാധിപത്യത്തെ കൊല്ലാതെ അതിനെ പിടികൂടുക എന്ന പ്രക്രിയ പൂര്‍ണമാവുകയുള്ളൂ. ഈ പ്രക്രിയക്കിടെ തെരുവില്‍ രക്തം ചിന്തപ്പെടുമെന്നത് മറ്റൊരു കാര്യമാണ്. ആള്‍ക്കൂട്ടം ആരെയും വെറുതെ വിടില്ല. അത് സുബോധ് കുമാര്‍ സിംഗാണെങ്കിലും അഖ്‌ലാഖ് ആണെങ്കിലും. മുഖ്യധാരയുടെ ദേശീയ കരിക്കുലം സമൂഹത്തിലുണ്ടാക്കുന്ന മനോഭാവത്തിന്റെ പ്രതിഫലനമാണിത്. ഞാന്‍ വിശ്വസിക്കുന്നത്, നമ്മുടെ ജനാധിപത്യത്തെയും നമ്മുടെ പൗരബോധത്തെയും കീഴടക്കിക്കൊണ്ട് ഈ പ്രോജക്ട് വിജയം കണ്ടിരിക്കുന്നു എന്നു തന്നെയാണ്.
മുഖ്യധാരാ മീഡിയ ഈ ദേശീയ കരിക്കുലത്തിന്റെ ഉദ്ഘാടനം നടത്തിയത് 2014-ല്‍ മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഉടനെയാണ്. ഈ ആശയത്തിന്റെ അന്തസ്സത്ത എന്നു പറയുന്നത് ഹിന്ദു-മുസ്‌ലിം വിഭജന പ്രക്രിയ തുടര്‍ന്നുകൊണ്ടേ പോവുക എന്നതാണ്. പൗരന്മാര്‍ക്കിടയില്‍ ചേരിതിരിവ് ഉാക്കിയാലേ ഇത് സാധ്യമാവൂ. ഇതിനു വേണ്ടി ജനങ്ങളുടെ പൗരത്വബോധത്തെ തന്നെ തകര്‍ക്കുകയാണ് മീഡിയ. വിവരം ലഭിക്കുക, ചോദ്യം ചെയ്യുക എന്നതൊക്കെയാണ് പൗരത്വത്തിന്റെ അടിസ്ഥാനമെങ്കില്‍, അവ രണ്ടിനുമുള്ള സാധ്യത കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നില്ല; മറിച്ച്, ഭരണകൂടത്തിന്റെ പക്ഷം ചേര്‍ന്ന് അത് ജനങ്ങളെ ചോദ്യം ചെയ്യുകയാണ്. പുല്‍വാമ സ്‌ഫോടനത്തിനു ശേഷം ചാനലുകളില്‍നിന്ന് ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ ലൈന്‍ എന്താണെന്ന് നോക്കിയാല്‍ ഇത് വളരെ വ്യക്തമാവും.
പൗരന്മാര്‍ക്കിടയില്‍നിന്നുതന്നെ ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടുവരികയാണ്. ഇതിനു വേണ്ടി, പകുതി വെന്ത വിവരങ്ങളുടെ അകമ്പടിയോടെ, 'ഹിന്ദുവിന്റെ നിരാശ', 'മുസ്‌ലിമിന്റെ നിരാശ' എന്നിങ്ങനെയുള്ള വികാരങ്ങള്‍ നമ്മളില്‍ അവ വളര്‍ത്തിക്കൊണ്ടുവരുന്നു. ഈ മോഹഭംഗം നേരത്തേ ഉള്ളതാണെങ്കിലും ഇപ്പോഴത് എത്രയോ ഇരട്ടിയായി വലുതാക്കിക്കൊണ്ടുവന്നിരിക്കുന്നു. മീഡിയയില്‍ അത് 'ഇന്‍സ്റ്റാള്‍' ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍തന്നെ ഇന്നത്തെ മുഖ്യധാരാ മീഡിയ ജനങ്ങളുടെ മീഡിയ അല്ലാതായിത്തീര്‍ന്നിരിക്കുന്നു. അത് ഹിന്ദുക്കള്‍ക്കു വേണ്ടിയുള്ള മീഡിയയായി മാറിയിരിക്കുന്നു എന്നു പറയേണ്ടിവരും. കുറേക്കൂടി കൃത്യമാക്കിപ്പറഞ്ഞാല്‍, ഹിന്ദുമതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്കു വേണ്ടിയാണ്, ഹിന്ദുത്വ ഉദ്‌ഘോഷിക്കുന്നവര്‍ക്കു വേണ്ടിയാണ് അത് സംസാരിക്കുന്നത്. മുഖ്യധാരാ മീഡിയയുടെ 90 ശതമാനം ഇടവും ഈ ഹിന്ദുത്വ മീഡിയ കൈയടക്കുമെന്ന് അഞ്ചു വര്‍ഷം മുമ്പ് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമായിരുന്നോ! പക്ഷേ അതാണ് സംഭവിച്ചത്.
ഹിന്ദുത്വ കുപ്പായമണിഞ്ഞ മുഖ്യധാരാ മാധ്യമങ്ങള്‍ ഒരിക്കലും ഭരണാധികാര സ്ഥാപനങ്ങളെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല. എന്നല്ല ആ അധികാരകേന്ദ്രങ്ങള്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കുകയും ചെയ്യും. കാരണം ഇരുവര്‍ക്കുമിടയില്‍ ചിന്താഗതിയില്‍ മാറ്റമൊന്നുമില്ലല്ലോ.
മുമ്പ് പൗരന്മാര്‍ക്ക് തങ്ങള്‍ ഹിന്ദുക്കളാണെന്ന ബോധമുണ്ടായിരുന്നില്ല എന്നൊന്നുമല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. മുമ്പ് എങ്ങനെ മനസ്സിലാക്കിയോ ആ നിലക്കല്ല ഇപ്പോള്‍ ഹിന്ദു എന്ന സംജ്ഞയെ മനസ്സിലാക്കുന്നത്. ധൈര്യം ചോര്‍ന്നുപോയ, തന്നോടൊപ്പം നില്‍ക്കുന്നവരെ പേടിക്കുന്ന ഒരാളായാണ് മുമ്പത്തെ ഹിന്ദു ചിത്രീകരിക്കപ്പെട്ടതെങ്കില്‍, ഇന്ന് തൊട്ടടുത്തു നില്‍ക്കുന്നവനെ സംശയത്തോടെ നോക്കുന്ന, ഹിന്ദുവില്‍തന്നെ ഒരു ഹിന്ദുവിരുദ്ധനെ, നീട്ടിപ്പറഞ്ഞാല്‍ ഒരു ദേശവിരുദ്ധനെ കാണുന്ന ഒരാളായി അയാള്‍ക്ക് രൂപപരിണാമം വന്നിരിക്കുന്നു. മറ്റു ഹിന്ദുക്കളെ പേടിക്കുന്ന ഒരു ഹിന്ദുവിനെ ഞാനിപ്പോള്‍ ആദ്യമായി കാണുകയാണ്. ഇന്നത്തെ മുഖ്യധാരാ മീഡിയയുടെ സംഭാവനയായി അതിനെ വരവു ചേര്‍ക്കാം. വളരെ ഉയര്‍ന്നതും നിരന്തരം പ്രശംസിക്കപ്പെടാറുള്ളതുമായ ഹൈന്ദവ പാരമ്പര്യങ്ങള്‍ക്ക് നേര്‍വിരുദ്ധമാണ് ഈ മുഖ്യധാരാ മീഡിയയുടെ സ്വഭാവരീതികള്‍. ഭഗവദ് ഗീത പറയുന്നത്, കോപം നമ്മളുടെ വിവേചിച്ചറിയാനുള്ള ശേഷികളെ നശിപ്പിച്ചുകളയും എന്നാണ്. ഇനി നമ്മുടെ മുഖ്യധാരാ ചാനലുകളിലെ ആങ്കര്‍മാരെ നോക്കൂ. കലിതുള്ളി ഒറ്റ ശ്വാസത്തില്‍ എന്തൊക്കെയാണ് ആങ്കര്‍മാര്‍ ഉച്ചത്തില്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്!
മുഖ്യധാരാ വാര്‍ത്താ ചാനലുകളും സോഷ്യല്‍ മീഡിയയും ചേര്‍ന്ന് പുതിയൊരു തരം 'ഭക്തരെ' നിര്‍മിച്ചിരിക്കുന്നു. ഈ നവഭക്തര്‍ തന്നെയാണ് മീഡിയയെ ഇന്നീ കാണുന്ന കോലത്തിലാക്കിയതും. ഇന്നത്തെ മുഖ്യധാരാ മീഡിയ എല്ലാ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്കും എതിരാണ്. അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും, യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കാത്ത ഇത്തരം ഭക്തരെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. വിവരശൂന്യര്‍ സ്‌നേഹശൂന്യരും ആയിരിക്കും.
നമ്മുടെ ജനാധിപത്യ സംവിധാനം എത്തിച്ചേര്‍ന്നിരിക്കുന്നത് ഈയൊരു അവസ്ഥയിലാണ്. അതിന്റെ അടിത്തറ വരെ ഇളകിമാറിയിരിക്കുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങളും മാറിക്കഴിഞ്ഞു. നിങ്ങളൊരു ചോദ്യം ചോദിച്ചാല്‍, ഈ ക്രമത്തിലാവും നിങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ വരിക-കോണ്‍ഗ്രസ് ഏജന്റ്, നക്‌സലൈറ്റ്, അര്‍ബന്‍ നക്‌സലൈറ്റ്, ഹിന്ദു ഐക്യത്തിന്റെ ശത്രു, മുസ്‌ലിംകളെ പിന്തുണക്കുന്നവന്‍, ഒടുവില്‍ മോദിവിരുദ്ധന്‍. ഇവിടെയാകും എല്ലാ ആരോപണങ്ങളും എത്തിച്ചേരുക. യഥാര്‍ഥത്തില്‍, പ്രതിരോധത്തിനായി അവര്‍ ഉന്നയിക്കുന്ന അക്രമോത്സുകമായ ആ ചോദ്യമുണ്ടല്ലോ (നിങ്ങള്‍ എന്തിനാണ് മോദിയെ എതിര്‍ക്കുന്നത്?), അവിടെ നിന്ന് തുടങ്ങുന്നു നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ഒടുക്കം.
'ഹിന്ദുനിരാശ' ഉല്‍പാദിപ്പിക്കാന്‍ മീഡിയ കളമൊരുക്കുന്നത് 'മുസ്‌ലിം പേടി' പുറത്തെടുത്തുകൊണ്ടാണ്. ഹിന്ദു കോപം ഉണ്ടാക്കിയെടുക്കാനുള്ള പ്രോജക്ടിന്റെ മര്‍മം തന്നെയാണ് ഈ മുസ്‌ലിംപേടി. ഈ പ്രോജക്ടിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, ഇതേ അവസ്ഥ മുസ്‌ലിംകളിലും സൃഷ്ടിക്കപ്പെട്ടു എന്നതാണ്. ഗവണ്‍മെന്റിനെക്കുറിച്ച് ഹിന്ദുക്കള്‍ ചോദ്യം ചോദിക്കാത്തതുപോലെ, മുസ്‌ലിംകള്‍ ഭയം കാരണവും ചോദ്യങ്ങള്‍ ഉയര്‍ത്താതെയായി. മുസ്‌ലിംകള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തി എന്നു മാത്രമല്ല, കൂടുതല്‍ ധ്രുവീകരണം ഒഴിവാക്കുന്നതിനായി പ്രാതിനിധ്യത്തിനുള്ള തങ്ങളുടെ രാഷ്ട്രീയാവകാശം വരെ വേണ്ടെന്നു വെച്ചുകൊണ്ടിരിക്കുന്നു. അഥവാ, അവര്‍ പൊതു രാഷ്ട്രീയ ഇടങ്ങളില്‍നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ ഭീതിയുടെ നിര്‍മാണം ബി.ജെ.പി അല്ലാത്ത കക്ഷികളെയും സ്വാധീനിക്കുന്നു. പലതും നഷ്ടപ്പെടാമെന്ന ഭീതിയില്‍ അവരും ചോദ്യങ്ങള്‍ ചോദിക്കേണ്ട എന്നുവെക്കുന്നു.
എല്ലാവരും തങ്ങളുടെ പേടികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ചകിതമായ ഒരു ഇന്ത്യയെയാണ് ഞാന്‍ എന്റെ മുന്നില്‍ കാണുന്നത്. പൗരന്മാരെന്ന നിലക്കുള്ള അവബോധം നാം തിരിച്ചുപിടിക്കേണ്ടത് എത്രയും അനിവാര്യമായിരിക്കുന്നു. അല്ലാത്തപക്ഷം ഒരു നൂറ്റാണ്ട് നീണ്ട പോരാട്ടത്തിലൂടെ നാം നേടിയെടുത്ത ഇന്ത്യ നമ്മുടെ കൈവിട്ടുപോകും. ഹിന്ദുക്കളും മുസ്‌ലിംകളും ഭയത്തില്‍നിന്ന് മോചിതരാകേണ്ടിയിരിക്കുന്നു. അതിനവര്‍ മുഖ്യധാരാ മീഡിയയില്‍നിന്നും മോചിതരാകേണ്ടതുണ്ട്.
രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍, ന്യൂസ് ആങ്കര്‍മാരുടെ കലിതുള്ളല്‍, ടി.വി സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടുന്ന മുദ്രാവാക്യങ്ങള്‍, വാട്ട്‌സ് ആപ്പ് സന്ദേശങ്ങളുടെ ഭാഷ ഇതൊക്കെ ഒരാള്‍ പഠനവിധേയമാക്കിയാല്‍ ഒരു പ്രത്യേക മാനസികാവസ്ഥ തെളിഞ്ഞുവരും. ആ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതല്ല സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഭാഷയെങ്കില്‍, അതും ദേശവിരുദ്ധമായി മുദ്രകുത്തപ്പെടും. ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അത്വാ ഹസ്‌നൈനും ബാധകമാണിത്.
ഈ പ്രക്രിയ ചോദ്യം ചെയ്യപ്പെടുന്നില്ല എന്നല്ല പറയുന്നത്. യൂട്യൂബിലൂടെ പൊതുജനം ഗവണ്‍മെന്റിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. പുതിയൊരിനം മീഡിയ ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. The Wire, Scroll, The Caravan പോലുള്ളവ ഉദാഹരണം. പിന്നെ ടെലഗ്രാഫ് പോലുള്ള ദിനപത്രങ്ങള്‍. ഞങ്ങളും ചില ശ്രമങ്ങള്‍ നടത്തുന്നു. മീഡിയ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ശരിയായ ധാരണയുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. വ്യവസ്ഥയോട് സാഹസികമായി പൊരുതുന്ന വനിതാ പത്രപ്രവര്‍ത്തകരും പ്രതീക്ഷ പകരുന്നു. പക്ഷേ അവര്‍ എന്തിനോടാണോ പൊരുതുന്നത് അതിന്റെ അളവ് വെച്ചു നോക്കുമ്പോള്‍, അവരുടെ ശ്രമങ്ങള്‍ തുലോം ചെറുതാണ്. കാലം ചെല്ലുമ്പോള്‍ ഈ പ്രതീക്ഷയുടെ അടയാളങ്ങള്‍ വളര്‍ന്നു വലുതാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയുക, മുഖ്യധാരാ മീഡിയ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ അല്ല എന്നതാണ്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഒന്നാം തൂണ്‍ ആണ്. ബി.ജെ.പിക്കും മോദിജിക്കും നന്ദി; ഇങ്ങനെയൊരു നട്ടെല്ലില്ലാത്ത മുഖ്യധാരാ മീഡിയയെ സംഭാവന ചെയ്തതിന്.
(എന്‍.ഡി.ടി.വി ആങ്കറായ രവീഷ് കുമാര്‍ The Wire Dialogues കഴിഞ്ഞ ഫെബ്രുവരി 24-ന് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയ്ത പ്രസംഗം)
Comments