Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

യാത്രകള്‍ തന്ന പാഠങ്ങള്‍

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-18 )

സ്വതേ വലിയ സഞ്ചാരപ്രിയനല്ലെങ്കിലും ചെറുപ്പം മുതലേ പുതിയ നാടുകള്‍ കാണാന്‍ തല്‍പരനായിരുന്നു. പക്ഷേ, ഗതാഗത സൗകര്യങ്ങള്‍ നന്നേ പരിമിതമായ ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത് എന്നതിനാല്‍ കാല്‍നടയായിരുന്നു മിക്കവാറും യാത്രാമാധ്യമം. പ്രായം 23 കഴിഞ്ഞപ്പോഴാണ് ചേന്ദമംഗല്ലൂരിലേക്ക് കോഴിക്കോട്ടു നിന്ന് ബസ് സര്‍വീസ് ആരംഭിക്കുന്നത്. 1956-1960 കാലത്ത് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ 14 കിലോമീറ്റര്‍ നടന്ന് അരീക്കോട്ട് ചെന്ന ശേഷമാണ് മഞ്ചേരി-പെരിന്തല്‍മണ്ണ വഴി പട്ടിക്കാട്ട് എത്തുക. തന്മൂലം മൂന്നു മാസത്തിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. എന്നാല്‍ 'പ്രബോധന'ത്തില്‍ ജോലിയാരംഭിച്ചശേഷം മദ്രാസ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. തിരുവനന്തപുരം കാണാന്‍ പേക്ഷ, പിന്നെയും വൈകി. 

1972 സെപ്റ്റംബറില്‍ ഖത്തറില്‍ തുടര്‍പഠനത്തിന് പുറപ്പെട്ടതുമുതലാണ് ശരിക്കും യാത്ര ജീവിതത്തിന്റെ ഭാഗമാവുന്നത്. നടേ സൂചിപ്പിച്ചപോലെ കൊച്ചി-ബംഗളുരു, മുംബൈ- ബഹ്‌റൈന്‍-ദോഹ വ്യോമയാത്ര ജീവിതത്തില്‍ ആദ്യാനുഭവമായിരുന്നു. '73 ജൂണില്‍ ഒഴിവുകാലത്ത് നാട്ടിലേക്ക് മടങ്ങിയത് മുംബൈ വരെ കപ്പലിലായിരുന്നു; തിരിച്ചുപോക്കും കപ്പലില്‍ തന്നെ. അടുത്ത വര്‍ഷം ഡിസംബറില്‍ പ്രഥമ ഹജ്ജ് യാത്രയും നടത്തി. തുടര്‍ന്ന് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, സുഊദി അറേബ്യയിലെ രിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന, യാമ്പൂ എന്നീ നാടുകളും നഗരങ്ങളും സന്ദര്‍ശിക്കാന്‍ പലതവണ അവസരം കൈവന്നു. ഇസ്‌ലാഹിയാ അസോസിയേഷന്‍, മാധ്യമം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അധികയാത്രകളും. ചിലപ്പോള്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ള ക്ഷണപ്രകാരവും. ഈ യാത്രകളില്‍ വിവിധ ജീവിത തുറകളിലെ പ്രമുഖരുമായി സംവദിക്കാനും പലതും പഠിക്കാനും നമ്മുടെ സാഹചര്യങ്ങളും അവസ്ഥാവിശേഷങ്ങളും അവരുമായി പങ്കുവെക്കാനും അവസരമൊരുങ്ങി. ചരിത്രമുറങ്ങുന്ന പ്രദേശങ്ങള്‍ കാണാനും വിവിധ ജനവിഭാഗങ്ങളുടെ ജീവിത രീതികള്‍ നേരില്‍ മനസ്സിലാക്കാനും സാധിച്ചതും അവിസ്മരണീയ നേട്ടങ്ങളായി.

മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ മുന്‍ സെക്രട്ടറി ഒ.പി. അബ്ദുസ്സലാം മൗലവിയോടൊപ്പം വിവിധ അറബ് യൂനിവേഴ്‌സിറ്റികള്‍ സന്ദര്‍ശിച്ച് അവയിലെ വിദ്യാഭ്യാസ മേധാവികളുമായി സംവദിച്ചതാണ് എടുത്തുപറയേണ്ട സംഭവങ്ങളിലൊന്ന്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ വൈസ് ചെയര്‍മാനായിരുന്നു അന്ന് ഞാന്‍.  വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 'ദഅ്‌വ' കോളേജില്‍ ഒരു പാഠ്യപദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു ഞങ്ങളുടെ സന്ദര്‍ശന ലക്ഷ്യം. ആദ്യം സന്ദര്‍ശിച്ചത് രിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂനിവേഴ്‌സിറ്റിയായിരുന്നു. സ്ഥാപനത്തിന്റെ വകീലു(അണ്ടര്‍ സെക്രട്ടറി)മായി ദീര്‍ഘമായി സംസാരിച്ചു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓര്‍ക്കുന്നു. നമ്മുടെ ഖത്വീബുമാരുടെ നിലവാരത്തകര്‍ച്ചയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പല പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും സംബന്ധിക്കുന്ന ജുമുഅകളില്‍ ഒരുവിധ ഔചിത്യബോധവുമില്ലാതെ ലൈംഗിക കാര്യങ്ങള്‍ വരെ വിഷയമാക്കുന്ന ഖത്വീബുമാരുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.  പിന്നീട് സന്ദര്‍ശിച്ചത് മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയാണ്. അവിടെ സീനിയര്‍ സ്റ്റാഫിന്റെ ഒരു സിറ്റിംഗ് തന്നെ വിളിച്ചുചേര്‍ക്കപ്പെട്ടു. ഫലപ്രദമായിരുന്നു ആശയവിനിമയം. തുടര്‍ന്ന് മക്കയില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന മഅ്ഹദുല്‍ അഇമ്മത്തി വല്‍ ഖുത്വബാഅ് (ഇമാമുമാരുടെയും ഖത്വീബുമാരുടെയും സ്ഥാപനം) ചെന്നുകണ്ടു. പ്രസ്തുത സ്ഥാപനത്തിന്റെ പാഠ്യപദ്ധതിയാണ് നമ്മുടെ ലക്ഷ്യത്തിന് താരതമ്യേന ഉതകുക എന്ന് തോന്നി. ആധുനിക ഇസ്‌ലാമിക പ്രസ്ഥാന നായകരുടെ ചിന്തകളും കൃതികളും റഫറന്‍സിനായി സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദഅ്‌വാ (പ്രബോധനം) ദൗത്യം ഒട്ടൊക്കെ ശാസ്ത്രീയമായി നിര്‍വഹിക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കാന്‍ പാകത്തിലായിരുന്നു പാഠ്യപദ്ധതി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലേക്കായിരുന്നു അടുത്തയാത്ര. അവിടെ ഇസ്‌ലാമിക സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖിയുമായി സുദീര്‍ഘമായി സംവദിക്കാന്‍ അവസരം ലഭിച്ചു. ലക്ഷ്യത്തിന് ഏറെയൊന്നും സഹായകമല്ല അറബ് യൂനിവേഴ്‌സിറ്റികള്‍ എന്നതുകൊണ്ട് മലേഷ്യയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയാണ് തമ്മില്‍ ഭേദമായി അദ്ദേഹം നിര്‍ദേശിച്ചത്. മലേഷ്യന്‍ സന്ദര്‍ശനം പക്ഷേ, ഞങ്ങളുടെ അജണ്ടയിലില്ലായിരുന്നു. 

ഈജിപ്തിലെ ചിരപുരാതനമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയായിരുന്നു അടുത്ത ലക്ഷ്യം. കയ്‌റോയിലെത്തുേമ്പാള്‍ നല്ല തണുപ്പ്. അവിടെ ജീസ മേഖലയിലെ ഒരിടത്തരം ഹോട്ടലില്‍ താമസിച്ച് പിരമിഡുകള്‍ കാണാന്‍ പോയി. പിരമിഡുകള്‍ സ്ഥിതിചെയ്യുന്ന വാദിമുലൂകില്‍ അക്കാലത്ത് വാഹന ഗതാഗതം ഇല്ലായിരുന്നു. കുതിരപ്പുറത്ത് വേണം ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍. ജീവിതത്തിലാദ്യമായി (മിക്കവാറും അവസാനമായും) കുതിരപ്പുറത്ത് കയറി. മൂക്കുകയര്‍ പിടിച്ചുകൊണ്ട് ഒരു പയ്യനും. കഠിനമായ തണുപ്പ് ഒരുവിധം സഹിച്ചു. മൂന്നര സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ശിലാനിര്‍മിതികള്‍ നേരില്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി. പ്രാചീന മനുഷ്യന്റെ ശില്‍പവൈദഗ്ധ്യത്തിനു മുന്നില്‍ ആരും നമിച്ചുപോവും. പിരമിഡുകളില്‍നിന്ന് കണ്ടെടുത്ത മമ്മികള്‍ (ഫറോവമാരുടെ ശവശരീരങ്ങള്‍) കയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ ഇരുട്ടറയിലാണ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. പിറ്റേദിവസം മ്യൂസിയം കാണാന്‍ പോയി. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് പുരാവസ്തുനിബിഡമായ മ്യൂസിയത്തിന്റെ ഒരു കോര്‍ണര്‍പോലും കണ്ടുതീര്‍ക്കാനാവില്ല. 2015 മെയ് അവസാനത്തില്‍ കൊടിയത്തൂരിലെ ദാറുസ്സലാം ഗ്രൂപ്പിന്റെ കൂടെ സഹധര്‍മിണി ആഇശ, സഹോദരി മര്‍യം എന്നിവരോടൊപ്പം രണ്ടാംതവണ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനു പോയപ്പോഴാണ് ആദ്യ തവണത്തേക്കാള്‍ കൂടുതല്‍ സമയം മ്യൂസിയം കാണാന്‍ സാധിച്ചത്. 

വിസ്മയങ്ങളുടെ കലവറയാണ് സഹസ്രാബ്ദങ്ങളുടെ സാംസ്കാരികാവശിഷ്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഈജിപ്ഷ്യന്‍ മ്യൂസിയം. ഫറോവന്‍ രാജവംശം ഉപയോഗിച്ചിരുന്ന സുവര്‍ണ പാദുകങ്ങള്‍, പാത്രങ്ങള്‍, ആയുധങ്ങള്‍, അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ തുടങ്ങിയ ഒട്ടേറെ വസ്തുക്കളുടെ നിര്‍മിതി വെറും കരകൗശലമായിരുന്നു എന്നോര്‍ക്കുമ്പോഴാണ് അതിശയം വര്‍ധിക്കുക. ഏതോ ലേപനങ്ങള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ അനന്തകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള വിദ്യയും ആധുനിക മനുഷ്യനെ വിസ്മയത്തിലാഴ്ത്തുന്നു. പ്രവാചകരായ മോശയുടെയും സഹോദരന്‍ അഹറോന്റെയും കാലത്തെ ഫറോവ റംസീസ് രണ്ടാമന്റേതെന്നു കരുതപ്പെടുന്ന മൃതദേഹവും അക്കൂട്ടത്തിലുണ്ട്. 'നിനക്ക് പിറകെ വരുന്നവര്‍ക്ക് ദൃഷ്ടാന്തമായി ഇന്ന് നിന്റെ ദേഹം നാം രക്ഷപ്പെടുത്തും' എന്ന് കടലില്‍ മുങ്ങിച്ചാവാന്‍ പോവുന്ന ഫറോവയോടായി ദൈവം മൊഴിയുന്ന വചനം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അതിനെ ശരിവെക്കുന്നതാണ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ മമ്മി എന്ന് വിശ്വാസികള്‍ക്ക് കരുതാം.

ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ശീഈ വിഭാഗത്തില്‍പെട്ട ഫാത്വിമിയ്യ കുടുംബ പാരമ്പര്യമുള്ള മുഇസ്സു ലിദീനില്ലാഹില്‍ ഫാത്വിമീ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. ആദ്യ യാത്രയില്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികളെ കാണാനും സംവദിക്കാനും അവസരം ലഭിച്ചു. കാലാകാലങ്ങളില്‍ നവീകരിക്കപ്പെട്ടതാണ് യൂനിവേഴ്‌സിറ്റി കാമ്പസെങ്കിലും പഴയത് ചിലതൊക്കെ ബാക്കി കിടപ്പുണ്ട്. സമ്പന്നമായ ലൈബ്രറി ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കലവറ തെന്നയാണ്. എന്നാല്‍ 2015-ലെ രണ്ടാം യാത്രയില്‍ ഈജിപ്തിന്റെ രണ്ടാം തലസ്ഥാനവും തുറമുഖ നഗരവുമായ അലക്‌സാണ്ട്രിയ സന്ദര്‍ശിച്ചപ്പോള്‍ ചരിത്രപ്രസിദ്ധമായ അലക്‌സാണ്ട്രിയ ലൈബ്രറിയില്‍ ഏതാനും മണിക്കൂറുകളെങ്കിലും ചെലവഴിക്കാന്‍ കഴിഞ്ഞതാണ് വലിയ സൗഭാഗ്യങ്ങളിലൊന്ന്. വിശ്വപൈതൃകത്തില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോ ഏറ്റെടുത്ത അലക്‌സാണ്ട്രിയ ഗ്രന്ഥാലയം പ്രാചീന-അധുനാതന ശില്‍പചാതുരികളുടെ മാസ്മരിക സംയോജനത്തിന്റെ വശ്യദൃശ്യമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥികള്‍ അത് പ്രയോജനപ്പെടുത്തുന്നു. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബിന്റെ കാലത്താണ് യുദ്ധതന്ത്രജ്ഞനായ അംറുബ്‌നുല്‍ ആസ്വ് ഈജിപ്ത് കീഴടക്കിയത്. പിന്നീട് ഖലീഫ ഉമര്‍ (റ) അലക്‌സാണ്ട്രിയ ലൈബ്രറിയിലെ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ മതവിരുദ്ധത ആരോപിച്ച് കത്തിച്ചുകളഞ്ഞു എന്ന കള്ളക്കഥ ഓറിയന്റലിസ്റ്റുകള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഒരു ക്രൈസ്തവ പാതിരിയുടെ വിക്രിയ മഹാനായ ഉമറിലേക്ക് ചേര്‍ക്കുകയാണവര്‍ ചെയ്തത് (സവിസ്തര പഠനത്തിന് ഇസ്‌ലാമിക വിജ്ഞാന കോശം വാള്യം ഒന്ന് റഫര്‍ ചെയ്യാവുന്നതാണ്.)

മനോഹരമായ അലക്‌സാണ്ട്രിയന്‍ കടല്‍തീരം പരാമര്‍ശിക്കുേമ്പാള്‍ ഒരു ദുരനുഭവം അനുസ്മരിക്കേണ്ടിവരുന്നു. കടല്‍തീരത്തെ പഴക്കംചെന്ന ഒരു ഹോട്ടലിലായിരുന്നു ഞങ്ങളുടെ യാത്രാ സൗകര്യങ്ങള്‍ ഏറ്റെടുത്ത ഏജന്‍സി ഞങ്ങള്‍ക്കായി ഏര്‍പ്പാട് ചെയ്തിരുന്നത്. സായാഹ്നത്തില്‍ ഞങ്ങള്‍ പാസ്‌പോര്‍ട്ടും വിദേശ കറന്‍സിയുമൊക്കെയടങ്ങിയ ഹാന്‍ഡ്ബാഗുമായി കടല്‍ക്കരയിലിറങ്ങി. ഇരുട്ട് വ്യാപിച്ചുവരുന്നു. വന്‍ ജനത്തിരക്കും. കള്ളന്മാരെയും പോക്കറ്റടിക്കാരെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ടൂറിസ്റ്റ് ഗൈഡ് ആദ്യമേ തന്നിരുന്നു. ഞങ്ങള്‍ പല ഗ്രൂപ്പുകളായിട്ടായിരുന്നു നടക്കാനിറങ്ങിയത്. ഞാന്‍ ഒരല്‍പം മുന്നില്‍ നടക്കുന്നു. ഭാര്യയും ഒന്നുരണ്ടു പേരും പിറകെയും. പെട്ടെന്നൊരു ബഹളം കേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു യുവതി നിലത്ത് വീണുകിടക്കുന്നു, ചുറ്റിലും രണ്ടുമൂന്ന് യുവതികള്‍ വേറെയും. വീണ സ്ത്രീ കഠിനമായ വേദനയില്‍ നിലവിളിച്ചപ്പോള്‍ എന്റെ ഭാര്യ കുനിഞ്ഞ് എന്താണ് പറ്റിയതെന്നറിയാന്‍ ശ്രമിക്കുകയായിരുന്നു. അന്നേരം അവളുടെ കൈ സ്ത്രീ കൈക്കലാക്കി. എന്തു ചെയ്തിട്ടും പിടിവിടുന്നില്ല. ഹാന്‍ഡ്ബാഗ് ആ കൈയിലാണ് തൂക്കിയിട്ടിരുന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വീണുകിടക്കുന്ന യുവതി പിടിവിട്ടു. ഹാന്‍ഡ്ബാഗ് നഷ്ടപ്പെട്ടില്ലെന്ന ആശ്വാസത്തില്‍ ഭാര്യയും കൂടെയുള്ളവരും ഹോട്ടലിലേക്ക് മടങ്ങി. ഞങ്ങള്‍ അഞ്ചെട്ടു പേര്‍ റൂമുകളിലെത്താന്‍ ലിഫ്റ്റില്‍ കയറി. ലിഫ്റ്റ് അല്‍പം മേല്‍പോട്ടു പോയപ്പോള്‍ നിന്നുപോയി. എങ്ങനെ ശ്രമിച്ചിട്ടും തുറക്കുന്നില്ല. അപ്പോഴേക്ക് കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ നിലവിളിച്ചു തുടങ്ങി. എനിക്കിത് ആദ്യത്തെ അനുഭവമല്ലാതിരുന്നതിനാല്‍ അധികം ബേജാറുണ്ടായില്ല. എമര്‍ജന്‍സി ഫോണ്‍ തിരഞ്ഞുപിടിച്ച് കീ അമര്‍ത്തിയപ്പോള്‍ ഹോട്ടല്‍ റിസപ്ഷനാണ് കിട്ടിയത്. വിവരം പറഞ്ഞു. അല്‍പസമയത്തിനകം മെക്കാനിക് വന്ന് ലിഫ്റ്റ് കുത്തിത്തുറന്ന് ഞങ്ങളെ രക്ഷപ്പെടുത്തി. എല്ലാവരും ഭക്ഷണാനന്തരം ഉറങ്ങാന്‍ കിടന്നു. ഏതാണ്ട് പാതിരയായപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോള്‍ ടീം ക്യാപ്റ്റന്‍ എം.എ അബ്ദുസ്സലാം മാസ്റ്ററാണ്. 'ഒരടിയന്തര പ്രശ്‌നമുണ്ട്. ഒന്ന് റിസപ്ഷനിലേക്ക് വരാമോ?' ഞാന്‍ ഉടനെ റിസപ്ഷനിലെത്തി. ഞങ്ങളുടെ സംഘത്തിലെ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകളടങ്ങിയ ബാഗ് ആരോ തട്ടിയെടുത്തിരിക്കുന്നു. പിറ്റേന്ന് രാവിലെ മടക്കയാത്ര ചെയ്യേണ്ടതാണ്. എന്തു ചെയ്യും? 

കണ്ണൂര്‍ ജില്ലക്കാരായ അഞ്ചംഗ സംഘം നടന്നതൊക്കെ വിശദമായി കേള്‍പ്പിച്ചപ്പോള്‍ എന്റെ ഭാര്യയുടെ അതേ അനുഭവമാണെന്ന് ബോധ്യമായി. ഉടനെ ഞാന്‍ റൂമില്‍ ചെന്ന് ഭാര്യയോട് ഹാന്‍ഡ്ബാഗ് പരിശോധിക്കാന്‍ പറഞ്ഞു.  അവളത് തുറന്നു നോക്കിയപ്പോള്‍ പാസ്‌പോര്‍ട്ട് യഥാസ്ഥാനത്തുണ്ട്. പക്ഷേ, 100 ഡോളറും 4000-ത്തില്‍പരം ഇന്ത്യന്‍ രൂപയും അടിച്ചുപോയിരിക്കുന്നു. പോക്കറ്റടിക്കാരെ ഭയന്നാണ് കറന്‍സി കൈയിലെടുത്തതെന്ന് അവള്‍ പറഞ്ഞു! വീണ്ടും റിസപ്ഷനിലേക്ക് മടങ്ങി. നഷ്ട വിവരങ്ങള്‍ പങ്കുവെച്ചു. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ മടക്കിക്കിട്ടുകയാണ് പ്രധാനം. അലക്‌സാണ്ട്രിയയില്‍ ഇത് നിത്യസംഭവമായതുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടിട്ട് വിശേഷിച്ച് കാര്യമൊന്നുമുണ്ടാവില്ലെന്ന് ഹോട്ടലുകാര്‍ പറഞ്ഞു. എങ്കിലും പരാതി ബോധിപ്പിക്കാതെ തുടര്‍നടപടികളൊന്നും സാധ്യമാവില്ല. പിറ്റേന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ച് പുതിയ പാസ്‌പോര്‍ട്ട് നേടിയെടുക്കുകയാണ് ഒരേയൊരു പോംവഴി. അതു പക്ഷേ, സമയമെടുക്കും. അതുവരെ അഞ്ചുപേരെ മാത്രം അലക്‌സാണ്ട്രിയയിലിരുത്തി ബാക്കിയുള്ളവര്‍ക്ക് പോവാമെന്ന് വെച്ചാലും അത് തൃപ്തികരമായ പരിഹാരമാവില്ല. ദല്‍ഹിയിലെ മാധ്യമം ബ്യൂറോയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യാലയത്തെ ഇടപെടീക്കാനൊരു ശ്രമം നടത്തണമെങ്കിലും നേരംപുലരണം. എന്നാല്‍ താന്‍ കൂടെയുണ്ടാവുമെന്ന് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അബ്ദുറസാഖ് സുല്ലമി അഞ്ചംഗ സംഘത്തെ ആശ്വസിപ്പിച്ചു. തല്‍ക്കാലം എല്ലാവരും റൂമുകളിലേക്ക് പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ റിസപ്ഷനില്‍നിന്ന് വീണ്ടും വിളി. പോയി നോക്കുേമ്പാള്‍ അഞ്ച് പാസ്‌പോര്‍ട്ടുകളും തിരികെ ലഭിച്ചിരിക്കുന്നു! പ്രാര്‍ഥനയുടെ ഫലമാണെന്ന് ടീം ക്യാപ്റ്റന്മാര്‍. പോക്കറ്റടിക്കാര്‍ അലിവുള്ളവരാണെന്ന് മറ്റുള്ളവര്‍. 'ഒരലിവുമല്ല. അവര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല. ഹോട്ടലിന്റെ മുദ്രയുള്ളതിനാല്‍ അവര്‍ ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ വെച്ച് മുങ്ങിയതാണ്. പാസ്‌പോര്‍ട്ടുടമകള്‍ അലക്‌സാണ്ട്രിയയില്‍ വീണ്ടുമൊരിക്കല്‍ എത്തണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണമല്ലോ. എന്നാലല്ലേ അവരുടെ ബിസിനസ് നടക്കൂ.' ഞാന്‍ പ്രതികരിച്ചത് അങ്ങനെ. റൂമിലെത്തി വീണ്ടും ഉറങ്ങാന്‍ കിടന്നപ്പോള്‍  ഓര്‍ത്തത് ഖലീല്‍ മത്വ്‌റാന്റെ 'അലക്‌സാണ്ട്രിയയിലെ സായാഹ്നം' എന്ന മനോഹരമായ കവിത. അതു പക്ഷേ, പോക്കറ്റടിയെ കുറിച്ചായിരുന്നില്ല. കവി ഒരു സുന്ദര സായാഹ്നത്തില്‍ അലക്‌സാണ്ട്രിയയുടെ കടല്‍തീരത്ത് ഹോട്ടലിന്റെ ബാല്‍ക്കണിയിലിരുന്ന് അസ്തമയ സൂര്യന്റെ നയനാനന്ദകരമായ ദൃശ്യം ആസ്വദിച്ച് തിരിഞ്ഞുനോക്കുേമ്പോള്‍ കണ്ടത് തന്റെതന്നെ പ്രതിഛായ. 'എന്റെ സായാഹ്നം എങ്ങനെയിരിക്കുമെന്ന് ഞാന്‍ കണ്ണാടിയില്‍ കണ്ടു' (ഫ റഅയ്തു ഫില്‍ മിര്‍ആതി കയ്ഫ മസാഈ) എന്ന കാവ്യശകലത്തോടെയാണ് കവിത അവസാനിക്കുന്നത്. കടല്‍തീരം എത്ര വശ്യമാണെങ്കിലും ജനത്തിരക്കും തെരുവു കച്ചവടക്കാരുടെ ബാഹുല്യവും മലിനജലവുമെല്ലാം ചേര്‍ന്ന് ഇന്നതിന്റെ ചാരുത അപഹരിച്ചിരിക്കുന്നു. കയ്‌റോ നഗരത്തെക്കുറിച്ചും മറ്റൊരു ബോംബെ എന്നാണ് പറയേണ്ടത്. നഗരത്തെ തഴു

കിയൊഴുകുന്ന നൈല്‍ നദി പോലും സ്വഛമല്ല. നഗരത്തിന്റെ പുറത്ത് പക്ഷേ, നീല നദി കണ്‍കുളിര്‍പ്പിക്കും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം