Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

കെ.എം മുഹമ്മദ് (മമ്മുക്കുട്ടി)

കെ.പി യൂസുഫ്, പെരിങ്ങാല

തഖ്വയുടെയും അന്തസ്സിന്റെയും ആള്‍രൂപമായിരുന്നു പള്ളിക്കര കെ.എം മുഹമ്മദ് (മമ്മുക്കുട്ടി) സാഹിബ്. 

ശൈശവത്തിലേ പിതാവ് മരണപ്പെട്ട ശേഷം, സഹോദരന്മാരില്‍നിന്ന് പകര്‍ന്നുകിട്ടിയ നവോത്ഥാന ആശയങ്ങള്‍ മാറോടുചേര്‍ത്ത അദ്ദേഹം 1960-ല്‍ പതിനാറിന്റെ കൗമാരത്തില്‍തന്നെ ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വമെടുക്കാന്‍ ധൃതികൂട്ടി. തൊട്ടടുത്ത അപേക്ഷകരുടെ ഊഴം വരെ കാത്തിരിക്കേണ്ടിവന്നതിനാല്‍ മാത്രം വയസ്സ് പത്തൊമ്പതിലേക്ക് കടന്നു, അംഗമായപ്പോള്‍. പിന്നീടുള്ള അഞ്ചര ദശാബ്ദം സാമൂഹിക-സാംസ്‌കാരിക-ജനസമ്പര്‍ക്ക-സേവന മേഖലകളില്‍ നിറസാന്നിധ്യമായി സഞ്ചരിച്ചു. 

1964-ല്‍ തുടക്കമിട്ട പെട്ടിക്കട നാട്ടിലെ ഏറ്റവും ജനകീയമായ വ്യാപാര സംരംഭമായി അദ്ദേഹം വളര്‍ത്തിയെടുത്തത്,   സത്യസന്ധതയുടെയും കൃത്യനിഷ്ഠയുടെയും അരനൂറ്റാണ്ട് കാലത്തെ വിട്ടുവീഴ്ചയില്ലാത്ത മൂല്യബോധത്തിലൂടെയാണ്. കടയില്‍ തിരക്കുണ്ടോ ഇല്ലേ എന്നൊന്നും പരിഗണിക്കാതെ ജമാഅത്ത് നമസ്‌കാരത്തിലേക്ക് ഇറങ്ങിപ്പോകുന്ന അതേ ജാഗ്രതയോടും കൃത്യനിഷ്ഠയോടും കൂടി ഏറ്റെടുത്ത സമരപരിപാടികള്‍ക്കും ഇറങ്ങും!

മക്കളെ വളര്‍ത്തുന്നതില്‍ അമിതമായ കാര്‍ക്കശ്യമാണ് എന്ന പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍, അത് ഗൗനിക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ദീനീമാര്‍ഗത്തിലൂടെ  മക്കളെയെല്ലാം വളര്‍ത്തി കണ്‍കുളിര്‍മ നേടിയെടുത്ത വ്യക്തിത്വം.  കുടുംബജീവിതം കെട്ടിപ്പടുക്കുന്നതില്‍ പരസ്പരപൂരകമായി  അദ്ദേഹത്തോടൊപ്പം നിന്ന സഹധര്‍മിണി ജമീലയുടെ പങ്ക് സ്മരണീയമാണ്. ശമീര്‍, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റും അസ്ഹറുല്‍ ഉലൂം ഡയറക്ടര്‍ കൂടിയായ ശക്കീര്‍ മുഹമ്മദ് നദ്വി, ശജീര്‍, അര്‍ഷാദ് എന്നീ മക്കളും ഇവരുടെ ഭാര്യമാരായ മരുമക്കളും അദ്ദേഹത്തിന്റെ ദീനീമാര്‍ഗത്തിലെ സമ്പാദ്യങ്ങളാണ്. കുവൈത്ത് കെ.ഐ.ജി മുന്‍ പ്രസിഡന്റ് കെ.എ സുബൈര്‍, സ്വലാഹുദ്ദീന്‍ സലാല എന്നിവരെയും ഈ മാര്‍ഗത്തില്‍ സജീവമാക്കിയത് പിതൃസഹോദരനായ മുഹമ്മദ് സാഹിബാണ്. ദീര്‍ഘകാലം പ്രാദേശിക ഇമാറത്ത് വഹിച്ച അദ്ദേഹം ഐ.സി.ടി ചെയര്‍മാന്‍, കാര്‍ബണ്‍ ബ്ലാക്ക് സമരസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

 

 

എസ്. ഫസലുദ്ദീന്‍ ആലപ്പുഴ

ആലപ്പുഴ ഇരവുകാട് തൈപറമ്പില്‍ എസ്. ഫസലുദ്ദീന്‍ സാഹിബ് (50), താന്‍ ഇമാമായിരുന്ന അരൂരിലെ നമസ്‌കാര പള്ളിയിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് രണ്ടാഴ്ച നീണ്ട ആശുപത്രിവാസത്തിനുശേഷമാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. 

'കലഹപ്രിയനായിരുന്ന പോരാളി' എന്ന് അദ്ദേഹത്തെ വിളിക്കാം. പ്രസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി, തന്റെ ശരികളുടെ പേരില്‍ ആരുമായും കലഹിക്കുമായിരുന്നു. പ്രസ്ഥാനത്തിന്റെ വാഹനപ്രചാരണങ്ങളില്‍  ഉച്ചഭാഷിണിയില്‍നിന്ന് മുഴങ്ങിയിരുന്ന അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദം ഞങ്ങളെ ആവേശഭരിതമാക്കിയിരുന്നു. പത്താം ക്ലാസ്സും ഐ.ടി.ഐയുമായിരുന്നു വിദ്യാഭ്യാസ യോഗ്യത. വാലറ്റത്ത് ചേര്‍ക്കാന്‍ ഇസ്ലാമിക ബിരുദങ്ങളില്ല. എന്നാല്‍, ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്, നിരന്തരമായ വായനയിലൂടെയും പഠനത്തിലൂടെയും നേടിയെടുത്തത്.

ഖുത്വ്ബ, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍- മദ്‌റസ അധ്യാപനം, പൊതുപ്രഭാഷണം, ചുമര്‍ പോസ്റ്റര്‍ എഴുത്തും ലഘുലേഖയും സിനോപ്‌സിസും തയാറാക്കല്‍, പാട്ട് പാരഡി എഴുത്ത്, മുദ്രാവാക്യ രചന, കവല പ്രസംഗം എല്ലാം നിര്‍വഹിച്ചു അദ്ദേഹം നിറഞ്ഞു നിന്നു. ഇതൊന്നും എവിടെ നിന്നും പഠിച്ചതല്ല. ആലപ്പുഴ പോലെ വിഭവങ്ങള്‍ വേണ്ടത്രയില്ലാത്ത ജില്ലയിലെ പ്രസ്ഥാന ആവശ്യം മനസ്സിലാക്കി സ്വയം ആര്‍ജിച്ചെടുത്തതാണ്.

പ്ലംബറും മേസ്ത്രിയും കാര്‍പെന്ററും ഇലക്ട്രീഷ്യനുമൊക്കെയായി അദ്ദേഹം സേവനം ചെയ്തു. സൂനാമി സേവനകാലത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ ദാഹമകറ്റാന്‍ തെങ്ങില്‍ കയറിയതു മറ്റൊരു കഥ. സ്ഥലം ചൂണ്ടിക്കാട്ടി കൊടുത്താല്‍ ആവശ്യപ്പെടുന്ന കെട്ടിടം നിര്‍മിച്ച് മുഴുവന്‍ പണികളും തീര്‍ത്ത്  മടക്കിത്തരും.

'മാധ്യമ'ത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രസ്ഥാന പ്രവര്‍ത്തനത്തിന് തുടക്കമാകുന്നത്. ബാലാരിഷ്ടതകള്‍ നിറഞ്ഞ ആദ്യകാലത്ത് നഗരത്തിന്റെ മുക്കുമൂലകളില്‍ പത്രം പ്രചരിപ്പിക്കുന്നതിലും വരിക്കാരെ കണ്ടെത്തുന്നതിലും വാര്‍ത്തകളെത്തിക്കുന്നതിലും ഫസലുദ്ദീനെന്ന കൗമാരക്കാരന്റെ ചുറുചുറുക്കുണ്ടായിരുന്നു. എസ്.ഐ.ഒ അദ്ദേഹത്തിന്റെ പരിശീലന കളരിയായിരുന്നു. വാഹന ജാഥയും കവല പ്രസംഗവും തെരുവുനാടകവുമൊക്കെയായി എസ്.ഐ.ഒവിനൊപ്പം സഞ്ചരിച്ചു. ആശ്രയിക്കാന്‍ ഒരുപാടാളുകളും സന്ദേശം കൈമാറാന്‍ വാട്‌സാപ്പ് മെസഞ്ചറും എഫ്.ബി ലൈവും ഇല്ലാതിരുന്ന, ടെലിഫോണ്‍ കോളുപോലും പൊള്ളുന്നതായിരുന്ന കാലത്ത് എസ്.ഐ.ഒവിന്റെ ജില്ലാ പ്രസിഡന്റായി മുന്നില്‍ നിന്ന് നയിച്ചു. പ്രസ്ഥാന ബന്ധത്തിന്റെ പേരില്‍ കുടുംബം അദ്ദേഹത്തെ ബഹിഷ്‌കരിച്ചപ്പോള്‍ അന്ന് ജില്ലാ കേന്ദ്രമായിരുന്ന മര്‍കസിനെ ആലയമാക്കി. ഐ.ആര്‍.ഡബ്ല്യു വളന്റിയറായി സേവനം ചെയ്തു.

ആലപ്പുഴ നഗരത്തിലുള്ള ദഅ്‌വ മസ്ജിദ്, അമാല്‍ മസ്ജിദ് എന്നിവക്കായി സ്ഥലം വാങ്ങുന്നതിലും പള്ളി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. അവിടങ്ങളില്‍ ഖത്വീബായി സേവനമനുഷ്ഠിച്ചു. പുലയന്‍വഴി ദഅ്‌വ ട്രസ്റ്റ് മെമ്പറായിരുന്നു. ആലപ്പുഴ ഈദ്ഗാഹ് കടപ്പുറത്തേക്ക് മാറ്റിയതിനുശേഷം നടന്ന പ്രഥമ ഈദ്ഗാഹില്‍ എസ്. ഫസലുദ്ദീനായിരുന്നു ഖത്വീബ്. ഹരിപ്പാട് ഡാണാപ്പടി അല്‍ഹുദാ മസ്ജിദ്, കായംകുളം മസ്ജിദുര്‍റഹ്മാന്‍, നിര്‍ക്കുന്നം അല്‍ ഹുദാ, പൂച്ചാക്കല്‍ ഹിറാ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം ഇമാമായും ഖത്വീബായും മദ്‌റസാധ്യാപകനുമായി പ്രവര്‍ത്തിച്ചു. മരണപ്പെടുമ്പോള്‍ എറണാകുളം നെട്ടൂര്‍ ഹിറാ മസ്ജിദ് ഖത്വീബായിരുന്നു.

അദ്ദേഹത്തെ അവസാനം കണ്ടത് ആലപ്പുഴ ടൗണ്‍ ഹാളിനുമുന്നില്‍ പ്രളയ പുനരധിവാസ പദ്ധതിയുടെ ജില്ലാപ്രഖ്യാപനത്തില്‍ കസേര പെറുക്കുന്നതാണ്. അവസാനം കേട്ടത് വനിതകള്‍ സംഘടിപ്പിച്ച ഒരു ഖുര്‍ആന്‍ ക്ലാസ്സില്‍ പങ്കെടുത്തതിനെക്കുറിച്ചാണ്.

പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമായ ഒരു കുടുംബത്തെ ബാക്കിയാക്കിയാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്. ഭാര്യ ഹഫ്‌സ കാര്‍കുന്‍ ഹല്‍ഖാ നാസിമത്താണ്. വിവാഹിതയായ മുഹ്‌സിന, വിദ്യാര്‍ഥികളായ മുശ്താഖ് (അല്‍ ജാമിഅ), മുര്‍ശിദ, മുറാദ് (അസ്ഹര്‍) ഇവരാണ് മക്കള്‍. എല്ലാവരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികള്‍. ജ്യേഷ്ഠന്‍ കെ.എസ് അശ്‌റഫ് ജമാഅത്ത് ജില്ലാ സെക്രട്ടറിമാരിലൊരാളുമാണ്. 

ആര്‍. ഫൈസല്‍ ആലപ്പുഴ

 

 

 

പി.പി ഉമ്മര്‍ കുട്ടി ചങ്ങരംകുളം 

ഹൃദ്യമായ പെരുമാറ്റം കൊണ്ട് പരിചയപ്പെട്ടവരുടെയെല്ലാം ഹൃദയത്തില്‍ ഇടം കണ്ടത്താന്‍ കഴിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു 2019 ഫെബ്രുവരി ഒമ്പതിന് മരണപ്പെട്ട ചങ്ങരംകുളം കോക്കൂര്‍ സ്വദേശി  ഉമ്മര്‍ കുട്ടി  സാഹിബ് (74). 1977 മുതല്‍ ജമാഅത്തെ ഇസ്‌ലാമി ചങ്ങരംകുളം ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനും 1990 മുതല്‍ ജമാഅത്ത്് അംഗവുമായി. ചങ്ങരംകുളത്തെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിനാളുകളുടെ തണല്‍മരമായിരുന്നു അദ്ദേഹം. ചികിത്സ, വീട് റിപ്പയറിംഗ്, തൊഴിലുപകരണങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി എന്താവശ്യത്തിനും പാവങ്ങള്‍ക്ക് പലിശയില്ലാതെ പണം ലഭ്യമാക്കല്‍ ഉമ്മര്‍ കുട്ടി സാഹിബിന്റെ ജീവിതചര്യയായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുന്നേ ചങ്ങരംകുളത്ത് പ്രവര്‍ത്തനമാരംഭിച്ച പലിശ രഹിതനിധി മുതല്‍ ഇന്ന് ചങ്ങരംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ധാരാളം യൂനിറ്റുകളുള്ള 'തണല്‍ മൈക്രോ ഫിനാന്‍സ്' വരെ ഉമ്മര്‍ കുട്ടി സാഹിബിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരുന്നു.

പ്രസ്ഥാനം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കാന്‍  തുടങ്ങിയപ്പോള്‍  2000-ത്തില്‍ ട്രസ്റ്റ് രൂപീകരിച്ചു (ഐ.ടി.സി). അതിന്റെ കീഴില്‍ പള്ളി, പുരുഷ-വനിതാ ഖുര്‍ആന്‍ സ്റ്റഡി  സെന്ററുകള്‍, ഒരുമ വായനാമുറി എന്നിവ നടന്നുവരുന്നു. തന്റെ ബിസിനസ്  സ്ഥാപനത്തില്‍ ഒരു അലമാര നിറയെ വിതരണം ചെയ്യാനുള്ള ഐ.പി.എച്ച്  പുസ്തകങ്ങളായിരുന്നു. ഇഫ്ത്വാര്‍ മീറ്റുകള്‍ വലിയ ജനപങ്കാളിത്തത്തോടെ സ്ഥിരമായി നടന്നുവരുന്നു. പല സ്ഥലങ്ങളിലായി നടന്നുവന്നിരുന്ന ഈദ്ഗാഹുകള്‍ സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ബാനറില്‍ ഒരു സ്ഥലത്താണ് ഇപ്പോള്‍ നടക്കാറുള്ളത്. ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യകാല പ്രസിഡന്റായ 'ഒരുമ'യുടെ വാര്‍ഷികാഘോഷം പള്ളിമുറ്റത്ത് വിപുലമായി സംഘടിപ്പിക്കപ്പെടുന്നു. ഈ സംരംഭങ്ങള്‍ക്കെല്ലാം പിന്നില്‍ ഉപദേശകനും രക്ഷാധികാരിയുമായി ഉമ്മര്‍ കുട്ടി സാഹിബ് സജീവമായിരുന്നു. ചങ്ങരംകുളം പൗരസമതി വൈസ് ചെയര്‍മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കുടുംബത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ വളര്‍ത്തി. ഭാര്യ: സൈനബ. മക്കള്‍: ഇര്‍ശാദ് (സുഊദി അറേബ്യ),  സഫീര്‍, ശഫാഫ് (ഇരുവരും യു.എ.ഇ), ശുഹൈബ് (ബിസിനസ്), ഇര്‍ഫാന. 

ഡോ. സൈനുദ്ദീന്‍ ചങ്ങരംകുളം

 

 

അഫ്‌നാന്‍ അഫ്‌റഖ്

പാലേരി പാറക്കടവിലെ എം.കെ അബ്ദുര്‍റഹീം-ആഇശ ദമ്പതികളുടെ  മകന്‍ പ്ലസ് ടു വിദ്യാര്‍ഥി അഫ്നാന്‍ അഫ്‌റഖ് (17). ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനാപകടത്തില്‍ അഫ്‌നാന്റെ ജീവന്‍ പൊലിഞ്ഞത്. 

കുടുംബത്തിലെ ഏകപുത്രന്‍. ഗൃഹനാഥന്‍ ചെയ്യേണ്ട ചുമതലകളും ഉത്തരവാദിത്തങ്ങളും വരെ അവന്‍ നിര്‍വഹിക്കുമായിരുന്നു. പഠനത്തില്‍ മിടുക്കന്‍. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസ്തന്‍. അനാവശ്യ സംസാരമില്ല. 

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉമ്മാക്കും സഹോദരിമാര്‍ക്കും തുണ. എസ്.ഐ.ഒവിന്റെ പരിപാടികളില്‍ സജീവം. നമസ്‌കാരത്തില്‍ ക്യത്യനിഷ്ഠ. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്. വിവിധ സംഘടനാ നേതാക്കളും നാട്ടുകാരുമടക്കം വലിയൊരു ജനാവലി ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു

ജമാലുദ്ദീന്‍ പാലേരി

 

 

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം