മാധ്യമങ്ങള്‍ ശുഭാപ്തി പ്രസരിപ്പിക്കട്ടെ
പ്രസക്തമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനമാണ് യാസര്‍ ഖുത്വ്ബിന്റെ 'പ്രസ്ഥാനം,ഭാഷ: ലളിത വിചാരങ്ങള്‍.' 'ഭാഷാ പ്രശ്‌നങ്ങള്‍ കോളനിവല്‍ക്കരണത്തിന്റെ അനന്തരഫലമാണ്, നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചരിത്രപരമാണ്' എന്ന അക്കാദമിക നിരീക്ഷണത്തിലാണ് പലപ്പോഴും ചര്‍ച്ചകള്‍ അവസാനിക്കാറ്. പരിഹാര വിധികള്‍ ഉണ്ടാകാറില്ല. അതില്‍നിന്നും വിഭിന്നമാണ് ഈ ലേഖനം.
ലേഖനത്തിലെ അവസാന ഖണ്ഡിക അതിപ്രധാനമായി തോന്നി. സോഷ്യല്‍ മീഡിയാ കാലത്ത് അത് വലിയ ചര്‍ച്ച അര്‍ഹിക്കുന്നു. പ്രത്യേകിച്ചും നമ്മുടെ സ്വന്തം മാധ്യമങ്ങള്‍, അവയുടെ ഉള്ളടക്കം, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍.
ഒരു വാര്‍ത്ത ലഭിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ അതിനെ പിന്നാലെ പോയി നാം പ്രതികരണങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു കാര്യവും ഗുണവും ഉണ്ടാവുകയില്ല. വീണ്ടും വീണ്ടും ഓരോരുത്തരും സ്വന്തമായ രീതിയില്‍ എഴുതിക്കൊിരിക്കുന്നു. ഇങ്ങനെ നമ്മുടെ വിലപ്പെട്ട സമയം പാഴായിപ്പോകുന്നു. മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇത്തരത്തില്‍ തന്നെയാണ്. ഒരു വിഷയത്തില്‍ ആവര്‍ത്തനവിരസമായ പ്രതികരണങ്ങള്‍ എഴുതുന്നു. അതിലപ്പുറം ലേഖനത്തില്‍ പറഞ്ഞതുപോലെ സോദ്ദേശ്യപരമായ 'നരേറ്റീവുകള്‍' ഉണ്ടാക്കുന്നതില്‍ നാം വിജയിച്ചിട്ടില്ല. സമുദായമാധ്യമങ്ങള്‍ ഇപ്പോഴും അതില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിച്ചിട്ടില്ല.
ഇപ്പോഴും വാര്‍ത്തകള്‍ക്ക് പിമ്പേ പോകുന്ന രീതിയാണ് നമുക്കുള്ളത്. ഇത് അവസാനിപ്പിച്ച്, വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന, വഴിത്തിരിവുണ്ടാക്കുന്ന നിലയിലേക്ക് നമ്മുടെ സ്ട്രാറ്റജികള്‍ മാറണം. എന്നാല്‍ മാത്രമേ ഇത്രയും വലിയ മാധ്യമ സംരംഭങ്ങള്‍ പ്രസ്ഥാനവും സമുദായവും നിലനിര്‍ത്തുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവുകയുള്ളൂ. ക്രിയാത്മക വാര്‍ത്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഇടം നല്‍കുകയും ചെയ്യണം. എപ്പോഴും വിവാദങ്ങളില്‍ അഭിരമിക്കുന്നത് ജനങ്ങളില്‍ ശുഭാപ്തിവിശ്വാസം കുറക്കും, നിഷേധാത്മകത വര്‍ധിപ്പിക്കും. ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്ന മാധ്യമ ഇടപെടലുകളാണ് നമുക്കാവശ്യം.
അനന്തരാവകാശം വിഷയമാകാത്തത്
അനന്തരാവകാശത്തെപ്പറ്റി എം.എസ്.എ റസാഖിന്റെ ലേഖനമാണ് (3090) ഈ കത്തിനാധാരം. കഴിഞ്ഞ 60-70 വര്‍ഷമായി ഞാന്‍ സ്ഥിരമായി മലയാള ഖുത്വ്ബ കേള്‍ക്കുന്നു. അതില്‍ ഒരിക്കല്‍ പോലും ഖത്വീബുമാര്‍ അനന്തരാവകാശത്തെ കുറിച്ച് പരാമര്‍ശിച്ചുകണ്ടില്ല. ഒരിക്കല്‍ മാത്രം ഞാനൊരു ഇമാമിന് കത്തുകൊടുത്തു, അടുത്ത ഖുത്വ്ബയില്‍ അതൊന്നു പരാമര്‍ശിക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ട്. സൂറത്തുന്നിസാഇലെ ഏതാനും ആയത്തുകള്‍ ഓതി തര്‍ജമ ചെയ്തു. അത്രമാത്രം. അനന്തരാവകാശത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇത് സമൂഹത്തെ ഗൗരവത്തില്‍ പഠിപ്പിക്കേണ്ടതുണ്ട്. മുമ്പെല്ലാം 'പ്രവര്‍ത്തകരോട്' എന്ന ശീര്‍ഷകത്തില്‍ ജമാഅത്ത് അമീറിന്റെ ഒരു കുറിപ്പ് കാണാമായിരുന്നു. എന്താണ് ഇപ്പോള്‍ അതില്ലാത്തത്?
അബ്ദുസ്സലാം പാലക്കല്‍ തൃശൂര്‍
അന്ധവിശ്വാസങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം
ഖാലിദ് മൂസാ നദ്‌വിയുടെ 'തൗഹീദിലൂടെ വഴിനടത്തലാണ് ഇസ്‌ലാഹിന്റെ ചരിത്രദൗത്യം', അബ്ദുല്‍ അസീസ് പൊന്മുണ്ടത്തിന്റെ 'വിപണി പിടിക്കുന്ന അന്ധവിശ്വാസങ്ങള്‍' എന്നീ ലേഖനങ്ങള്‍ ശ്രദ്ധേയവും അവസരോചിതവുമായി.
'വിശ്വാസത്തിലേക്കു വീണ്ടും എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ ഒരു ഇസ്‌ലാഹീ തജ്ദീദീ മുന്നേറ്റം തന്നെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവരാന്‍ സമയം വൈകിയിരിക്കുന്നു' എന്ന മൂസാ നദ്‌വിയുടെ നിരീക്ഷണം വളരെ ശരിയാണ്. പ്രസ്തുത ലേഖനങ്ങളിലെ പ്രതിപാദ്യങ്ങള്‍ മുജാഹിദ് പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും കാലങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നവയാണ്. ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങള്‍ ഒന്നിച്ച് ഇത്തരം ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരില്‍ തൗഹീദീ പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ കൂടുതല്‍ ഫലവത്താകും.
മഞ്ചറ അഹമ്മദ്കുട്ടി കക്കാട്
ശിര്‍ക്കിനും അന്ധവിശ്വാസങ്ങള്‍ക്കും തടയിടണം
അന്ധവിശ്വാസങ്ങള്‍ക്കെതിരായിട്ടുള്ള ലേഖനങ്ങള്‍ (2019, ഫെബ്രുവരി 22) വായിച്ചു. തൗഹീദില്‍ അടിയുറച്ച് വിശ്വസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധാരാളം പഠിക്കാനുണ്ട് അവയില്‍. ശിര്‍ക്കും ബിദ്അത്തും വ്യാപിക്കുന്നതിന് പ്രധാന കാരണം ഒരു വിഭാഗം പണ്ഡിതന്മാര്‍ അവക്ക് ദീനിന്റെ നിറം നല്‍കുന്നതാണ്. ധനമോഹം കാരണം വിശ്വാസികളെ വഞ്ചിക്കുന്ന കാഴ്ച അസഹനീയം തന്നെ.
എസ്.കെ പൊറ്റക്കാടിന്റെ 'കാട്ടിലെ പള്ളി' എന്ന പുസ്തകത്തില്‍ ഒരു കഥയു്. ഒരു ഇംഗ്ലീഷുകാരന്റെ പട്ടി കാട്ടില്‍വെച്ച് ചത്തുപോവുകയും അതിന്റെ സ്മരണ നിലനിര്‍ത്താന്‍ ഇയാള്‍ പട്ടിയുടെ മൃതശരീരം കുഴിച്ചുമൂടിയ സ്ഥലത്ത് ഉയര്‍ത്തി സിമന്റിട്ടു കെട്ടുകയും പട്ടിയുടെ പേര് കൊത്തിവെക്കുകയും ചെയ്തു. അങ്ങനെ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ഈ കാട്ടില്‍ പട്ടിയുടെ ശവം മറവുചെയ്ത സ്ഥലമന്വേഷിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച ഭയാനകമാണ്. രണ്ടു മതവിഭാഗങ്ങള്‍ ശവകുടീരം ഭാഗിച്ചെടുത്തിരിക്കുന്നു. ഓരോ വിഭാഗത്തിന്റെയും ഭാഗം, ഇത് 'തങ്ങളുടെ പുണ്യാത്മാക്കളുടേതാണെന്നു പറഞ്ഞാണ്' പിടിച്ചെടുത്തിരിക്കുന്നത്. തര്‍ക്കമൊഴിവാകാന്‍ നറുക്കെടുപ്പിലൂടെയാണത്രെ തീരുമാനമായത്.
വടക്കേ മലബാറില്‍ 'വിരല്' മാത്രം അടക്കം ചെയ്ത ഒരു ജാറമുണ്ട്. പുണ്യാത്മാവിന്റെ വിരല് മീന്‍ വിഴുങ്ങിയത് മത്സ്യവില്‍പനക്കാരനില്‍നിന്ന് ഇവിടെ വീണുകണ്ടപ്പോള്‍ ഖബ്‌റടക്കി പൊക്കി ഉയര്‍ത്തിയതാണത്രെ. ഇവിടെ സിയാറത്തിനും ഉറൂസിനും ആളുകള്‍ വരാറുണ്ട്. മതപ്രഭാഷണവും നടക്കുന്നു!
'പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. നിങ്ങള്‍ അല്ലാഹുവിനോടൊപ്പം ഒന്നിനെയും വിളിച്ചു പ്രാര്‍ഥിക്കരുത്' എന്ന ഖുര്‍ആന്‍ സൂക്തം അവഗണിച്ച്, അല്ലാഹുവിന്റെ പ്രീതിക്കായി അവന്‍ ബഹുമാനിച്ചവരെ കൂട്ടി അല്ലാഹുവിനെ വിളിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ന്യായവാദം നിരത്തിയാണ് ബിദ്അത്തുകള്‍ ചെയ്യുന്നത്.
അല്ലാഹുവും റസൂലും സലഫുസ്സ്വാലിഹുകളും വെറുക്കുന്ന പ്രാര്‍ഥനാ രീതിയും ആചാരാനുഷ്ഠാനങ്ങളും സ്വീകരിക്കുന്ന പ്രവണത പരലോക മോക്ഷം അഭിലഷിക്കുന്നവര്‍ കൈയൊഴിക്കണം. ജനങ്ങളുടെ സ്‌നേഹം നഷ്ടപ്പെടുമെന്ന് കരുതി ശിര്‍ക്കിനും ബിദ്അത്തിനും പച്ചക്കൊടി കാണിക്കുന്നത് ശരിയല്ല. ആരെതിര്‍ത്താലും തൗഹീദും തഖ്‌വയും നിലനിര്‍ത്താനുള്ള ശ്രമം തുടരണം. പരിഹാസധ്വനിയോടെയുള്ള പ്രസംഗങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമേ വരുത്തിവെക്കുകയുള്ളൂ. വിമര്‍ശനത്തില്‍ മിതത്വം വേണം. ശിര്‍ക്കും ബിദ്അത്തും ചെയ്യുന്നവരോട് വിദ്വേഷം വെക്കുന്നത് ഭൂഷണമല്ല. അവരുടെ നന്മക്ക് വേണ്ടിയാണ് നാം പ്രവര്‍ത്തിക്കുന്നതെന്ന ബോധം എപ്പോഴുമുണ്ടാകണം. ഇങ്ങനെ ഒരു ചര്‍ച്ചക്ക് അവസരമൊരുക്കിയ പ്രബോധനം വാരികക്ക് അഭിനന്ദനങ്ങള്‍.
എം.എ അഹ്മദ് തൃക്കരിപ്പൂര്‍
അനന്തരാവകാശികളുടെ സ്വത്ത്
എം.എസ്.എ റസാഖ് എഴുതിയ അനന്തരാവകാശ നിയമം (2019 ഫെബ്രുവരി 22, ലക്കം 38)വായിച്ചു. സാധാരണക്കാര്‍ അധികം ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യം ലേഖകനും വിട്ടു പോയതായി തോന്നുന്നു. ഒരാളുടെ മരണം സംഭവിച്ച നിമിഷം മുതല്‍ അദ്ദേഹത്തിന്റെ എല്ലാ സ്വത്തിന്റെയും അവകാശം അനന്തരാവകാശികളില്‍ നിക്ഷിപ്തമായിരിക്കും എന്നതാണ് അടിസ്ഥാന തത്ത്വം. ഈ ധാരണയില്ലാതെയാണ് പലരും അനന്തരസ്വത്ത് കൈകാര്യം ചെയ്യാറുള്ളത്. പ്രസ്ഥാന പ്രവര്‍ത്തകരും മഹല്ല് ഇമാമുമാരും മറ്റും ഈ വിഷയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സി.എച്ച് അബൂബക്കര്‍ കടവത്തൂര്‍
Comments