ബറകാത്ത്, ശുക്ര്‍... സംജ്ഞകളുടെ നാനാര്‍ഥങ്ങള്‍
ബര്‍ക് എന്നാല്‍ ഒട്ടകത്തിന്റെ നെഞ്ച് എന്നര്‍ഥം. ഒട്ടകത്തിന് വിശ്രമിക്കാന്‍ തോന്നുമ്പോഴാണത് കിടക്കുക. അതിനൊരു സ്ഥിരതയുണ്ടാകും. അഥവാ ഉടനെ എഴുന്നേല്‍ക്കുകയില്ല. 'ഇബ്തറകത്തിസ്സമാഉ വ അബ്‌റക്കത്ത്' എന്നാല്‍ 'മഴ സ്ഥിരമായി നിന്നു' എന്നര്‍ഥം. ഇതുപോലെ നിരവധി പ്രയോഗങ്ങള്‍ പരിശോധിച്ചാല്‍ സ്ഥിരത, നൈരന്തര്യം എന്നതാണ് ആ ധാതുവിന്റെ അടിസ്ഥാന ആശയം എന്നു കാണാം. 'സുബൂതുല്‍ ഖൈരില്‍ ഇലാഹി ഫിശ്ശൈഅ്' അഥവാ 'ഒരു കാര്യത്തില്‍- വസ്തുവില്‍- ദൈവികമായ നന്മ, അനുഗ്രഹം സ്ഥിരമായി' ഉണ്ടാകുന്നതിനാണ് 'ബറകത്ത്' എന്ന് ഇമാം റാഗിബുല്‍ ഇസ്ഫഹാനി വിശദീകരിക്കുന്നത്. ഇവിടെയും സ്ഥിരതയും നൈരന്തര്യവും കാണാം. കുളത്തിന് അറബികള്‍ 'ബിര്‍കത്ത്' എന്നാണ് പറയുക. വെള്ളം അല്ലാഹുവിന്റെ അനുഗ്രഹമാണല്ലോ. ഒരിടത്ത് സ്ഥിരമായി കെട്ടിക്കിടക്കുന്നതാണല്ലോ കുളം. അത് മരുഭൂമിയിലാണെങ്കില്‍ അറബികള്‍ക്കത് വലിയ അനുഗ്രഹമാണ്. ഇതില്‍നിെന്നല്ലാം 'സബാത്തുന്‍ വസ്ത്തിംറാറുന്‍ മഅ ലുത്വ്ഫിന്‍' അഥവാ 'സൗമ്യതയോടെയുള്ള, അടക്കത്തോടെയുള്ള സ്ഥിരതയും നൈരന്തര്യവും' ആണ് ബറകത്തിന്റെ കേന്ദ്രാശയം എന്ന് വരുന്നു. അറബിഭാഷയിലെ ആധികാരിക നിഘണ്ടുവായ 'ലിസാനുല്‍ അറബി'ല്‍ 'അന്നമാഉ വ സ്സിയാദ' (വളര്‍ച്ച, വര്‍ധനവ്) എന്നാണ് മറ്റൊരര്‍ഥമായി കൊടുത്തിട്ടുള്ളത്. അതുകൊണ്ടാണ് ഹറാമായ സമ്പത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്നും അതു സ്ഥിരമായി നിലനില്‍ക്കില്ലെന്നും പറയുന്നത്. ഈ പ്രപഞ്ചവും അതിലെ ഓരോ അണുമണിയും മനുഷ്യനിലെ ഓരോ കോശംപോലും നിലനില്‍ക്കുന്നതും വളരുന്നതും അല്ലാഹുവിന്റെ കല്‍പനകള്‍ക്കു വിധേയമായിട്ടാണ്. അല്ലാഹു വിരോധിച്ച കാര്യമാണല്ലോ ഹറാം. ഈ പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും പ്രകൃതിയോടു യോജിച്ചുപോകുന്നതിനെ മാത്രമേ അത് നിലനിര്‍ത്തുകയുള്ളൂ.
നബി(സ)ക്ക് വേണ്ടിയുള്ള സ്വലാത്തില്‍ നാമിങ്ങനെ പറയുന്നുണ്ടല്ലോ; 'വ ബാരിക് അലാ മുഹമ്മദിന്‍....' 'അല്ലാഹുവേ, നീ അവിടുത്തേക്ക് നല്‍കിയിട്ടുള്ള ഔദാര്യം, ശ്രേഷ്ഠത, ഔന്നത്യം, മാന്യത തുടങ്ങി അളവറ്റ അനുഗ്രഹങ്ങളില്‍ സ്ഥിരതയും നൈരന്തര്യവും നല്‍കേണമേ' എന്നാണതിന്റെ ആശയം. ഉയരുക, ഉന്നതമാവുക എന്നീ അര്‍ഥങ്ങളും ബറകത്ത് എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തബാറകല്ലാഹു.... എന്ന പ്രയോഗത്തിലെ, 'തബാറക' എന്നത് തഫാഅല വസ്‌നില്‍ (വര്‍ഗത്തില്‍) ഉള്ളതാണ്. അപ്പോള്‍ അത് തഫാഅല വര്‍ഗത്തിലുള്ള പദങ്ങളുടെ സവിശേഷമായ അര്‍ഥധ്വനികള്‍ കൂടി ഉള്‍ക്കൊള്ളുകയും അത്യുന്നതം, സര്‍വസമ്പൂര്‍ണതയാര്‍ജിച്ചത് എന്നീ ആശയങ്ങള്‍ അതിന് കൈവരികയും ചെയ്യുന്നു. അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അളവറ്റ ഔദാര്യവും അനുഗ്രഹങ്ങളും ഹിദായത്തും നിരന്തരമായി നല്‍കിക്കൊണ്ട്, ഉന്നതനും ഏറ്റവുമധികം മഹത്വവും ഗാംഭീര്യവും ഉള്ളവനായിരിക്കുന്നു, അതിവിശുദ്ധനും പരിപാവനനുമായിരിക്കുന്നു, കഴിവുകളാലും ശക്തികളാലും ഏറ്റവും വലിയവനുമായിരിക്കുന്നു- ഇതാണ് തബാറകല്ലാഹു എന്നതുകൊണ്ടുദ്ദേശ്യം.
ഖുര്‍ആനില്‍, 'ശാം പ്രദേശത്ത് നാം ബറകത്ത് ചൊരിഞ്ഞു' - ബാറക്‌നാ ഫീഹാ, ബാറക്‌നാ ഹൗലഹു- എന്ന് ആറു തവണ അല്ലാഹു പറഞ്ഞിട്ടുണ്ട്. മസ്ജിദുല്‍ അഖ്‌സ്വയും അതിനു ചുറ്റുമുള്ള ഫലസ്ത്വീന്‍, സിറിയ, ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങളുമുള്‍ക്കൊള്ളുന്ന പ്രദേശമാണ് ഉദ്ദേശ്യം. ബാറക്‌നാ എന്ന് ഭൂതകാലക്രിയയില്‍ അല്ലാഹുവിലേക്കു ചേര്‍ത്തുകൊണ്ടാണ് പറഞ്ഞിരിക്കുന്നത്. അതായത് അല്ലാഹു അവിടെ ബറകത്ത് ചൊരിഞ്ഞു കഴിഞ്ഞിരിക്കുന്നു. അന്ത്യദിനം വരെയും ആരാലും അത് മാറ്റാനോ ഇല്ലാതാക്കാനോ കഴിയില്ല. പലവിധത്തിലുമുള്ള ബറകത്താണത്: 1. ബറകത്തുന്‍ ജുഗ്‌റാഫിയ്യഃ. ഭൂമിശാസ്ത്രപരമായ അനുഗ്രഹം. തൗറാത്തില്‍ പറഞ്ഞപോലെ തേനും പാലുമൊഴുകുന്ന കാനാന്‍ ദേശമാണത്. എക്കാലത്തും കൃഷിക്കു പറ്റിയ ഫലഭൂയിഷ്ഠമായ ഭൂമി. അത്തിയും സൈത്തൂനും സമൃദ്ധമായി ലഭിക്കുന്ന പ്രദേശം. അങ്ങനെ സാമ്പത്തികമായി ഏറെ പുരോഗതിയുള്ള സ്ഥലം. 2. ബറകത്തുന്‍ താരീഖിയ്യഃ/ചരിത്രപരമായി അനുഗ്രഹിക്കപ്പെട്ട ഇടം. ലോകചരിത്രത്തില്‍ അറിയപ്പെട്ട പല സംഭവങ്ങള്‍ക്കും സാക്ഷിയായ പ്രദേശം. നിരവധി പ്രഗത്ഭര്‍ ഭരണം നടത്തുകയും അനവധി യുദ്ധങ്ങള്‍ അരങ്ങേറുകയും ചെയ്ത നാട്. അങ്ങനെ ചരിത്രപരമായി അവിടം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 3. ബറകത്തുന്‍ ഈമാനിയ്യഃ/ചരിത്രത്തിലുടനീളം വിശ്വാസപരമായ ബറകത്ത് കൊണ്ട് പൊതിയപ്പെട്ട സ്ഥലം. നിരവധി പ്രവാചകന്മാര്‍ ജനിക്കുകയും അവരുടെ പ്രബോധന കേന്ദ്രമാവുകയും ചെയ്ത ഭൂമി. പല പ്രവാചകന്മാരെയും അവിടെ മറമാടിയിട്ടുണ്ട്. സബൂര്‍, തൗറാത്ത്, ഇന്‍ജീല്‍ തുടങ്ങിയ അനേകം വേദഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ച പ്രദേശമാണത്. അങ്ങനെ നുബുവ്വത്ത് കൊണ്ട് അനുഗൃഹീതമായ, ഈമാനികപ്രഭ നിറഞ്ഞുനില്‍ക്കുന്ന ഭൂമി. 4. ബറകത്തുന്‍ ഇസ്‌ലാമിയ്യഃ/അന്ത്യപ്രവാചകനെ അല്ലാഹു മസ്ജിദുല്‍ ഹറാമില്‍നിന്ന് അവിടെയുള്ള മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് രാപ്രയാണം ചെയ്യിച്ചതാണ് ഇസ്‌ലാമികമായ ബറകത്തിന് ഏറ്റവും നല്ല തെളിവ്. നമസ്‌കാരത്തിന് ആദ്യ ഖിബ്‌ലയായി അവിടുന്ന് തെരഞ്ഞെടുത്തതും ബൈത്തുല്‍ മുഖദ്ദസായിരുന്നല്ലോ. ഇസ്‌ലാമില്‍ വിശുദ്ധമാക്കപ്പെട്ട മൂന്നാമത്തെ മസ്ജിദും അതുതന്നെ.
അങ്ങനെ എല്ലാവിധ ബറകത്തും കൊണ്ട് സവിശേഷമാക്കപ്പെട്ട പ്രദേശമാണ് ശാം. ഈ ബൈത്തുല്‍ മുഖദ്ദസ് എപ്പോള്‍ മുസ്‌ലിം ഉമ്മത്തിന്റെ അധീനതയിലായോ അപ്പോള്‍ മാത്രമേ ഉമ്മത്തിന് ലോകത്ത് അന്തസ്സുണ്ടായിട്ടുള്ളൂ എന്നതിന് ചരിത്രം സാക്ഷി. എപ്പോഴൊക്കെ അത് നഷ്ടപ്പെട്ടിരുന്നോ അപ്പോഴെല്ലാം ഈ ലോകത്ത് മുസ്‌ലിംകള്‍ നിന്ദ്യരാക്കപ്പെടുകയും ചെയ്തു. എപ്പോള്‍ അത് മോചിപ്പിക്കുന്നുവോ അപ്പോള്‍ മാത്രമേ അന്തസ്സ് തിരിച്ചുകിട്ടുകയുള്ളൂ.
ശുക്‌റിന്റെ അര്‍ഥങ്ങള്‍
'ശുക്ര്‍' എന്ന വാക്ക് അതിന്റെ വിവിധ രൂപങ്ങളില്‍ 74 തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അറബിഭാഷയില്‍ 'പ്രകടമാവുക' എന്നതാണ് അതിന്റെ അടിസ്ഥാനാര്‍ഥം. 'നിറയുക' എന്നും ധ്വനിയുണ്ട്. എന്നാല്‍ കുറഞ്ഞ പുല്ലു-തീറ്റ-കൊണ്ട് കൂടുതല്‍ തടിച്ചുകൊഴുത്ത മൃഗമാണ്. പാല്‍ നിറഞ്ഞുമുറ്റിയ വലിയ അകിടുള്ള ഒട്ടകത്തിനെ എന്നു പറയും. എന്നാല്‍ വൃക്ഷത്തിന് ധാരാളം ശിഖരങ്ങളുണ്ടായി എന്നും എന്നാല്‍ മേഘം വെള്ളം നിറഞ്ഞു എന്നും അര്‍ഥം പറയും. മൃദുവും നല്ലതുമായ വസ്തുക്കള്‍കൊണ്ട് ഉള്ളു നിറയുകയും അതു പുറമെ പ്രകടമാവുകയും-അതിനു കാരണമായിട്ടുള്ളത് എത്ര കുറഞ്ഞാലും- ചെയ്യുന്നതിനെയാണ് എന്നു പറയുക. മലയാളത്തില്‍ നന്ദി എന്നു പറഞ്ഞാല്‍ ഈ അര്‍ഥങ്ങളൊക്കെ കിട്ടുമോ? അല്ലാഹു മനുഷ്യന് എത്ര കുറഞ്ഞ അനുഗ്രഹം ചെയ്താലും അവന്റെ ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള നന്ദിയും സ്‌നേഹവും സ്മരണയും നിറഞ്ഞുനില്‍ക്കുകയും കൂടുതല്‍ ഇബാദത്തുകള്‍ അനുഷ്ഠിച്ചുകൊണ്ടും സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊണ്ടും അത് നിരന്തരം പ്രകടമാക്കുകയും ചെയ്യുന്നതിനാണ് ശുക്ര്‍ എന്നുപറയുക.
മനുഷ്യന് കുറഞ്ഞ സമ്പത്തേ അല്ലാഹു നല്‍കിയിട്ടുള്ളൂവെങ്കിലും അവനോട് നന്ദിയും സംതൃപ്തിയും ഭക്തിയും നിറഞ്ഞുനില്‍ക്കണം. അവന്റെ ആവശ്യക്കാരായ അടിയാറുകള്‍ക്ക് അത് ചെലവഴിച്ചുകൊണ്ട് പ്രകടമാക്കുകയും വേണം. അപ്പോഴേ മനുഷ്യന്‍ അല്ലാഹുവിനോട് -നന്ദി-ചെയ്യുന്നവനാവുകയുള്ളു. അല്ലാഹു മനുഷ്യനോട് -നന്ദി-ചെയ്യുകയെന്നാല്‍ മനുഷ്യന്‍ എത്ര കുറഞ്ഞ ഇബാദത്തുകള്‍ എത്ര പോരായ്മയോടെ ചെയ്താലും, സല്‍ക്കര്‍മങ്ങള്‍ എത്ര കുറഞ്ഞാലും നിറഞ്ഞ മനസ്സോടെ അത് സ്വീകരിക്കുകയും അതിനു പകരമായി ഇരട്ടിക്കിരട്ടി പ്രതിഫലം അവന് പരലോകത്ത് നല്‍കുകയും അവന്റെ പാപങ്ങള്‍ അങ്ങേയറ്റം പൊറുക്കുകയും ചെയ്യുക എന്നാണ്. ഈ ലോകത്ത് അവനെ അല്ലാഹുവിനോടുള്ള അനുസരണത്തില്‍ ഉറപ്പിച്ചുനിര്‍ത്തുക എന്നതും അതില്‍പെടും.
ശിര്‍അത്തും ശരീഅത്തും
''നിങ്ങളിലോരോ വിഭാഗത്തിനും ഓരോ ശിര്‍അത്തും മിന്‍ഹാജും നാം നിശ്ചയിക്കുകയുണ്ടായി'' (അല്‍മാഇദ 48). ഖുര്‍ആനില്‍ ഒരു പ്രാവശ്യമേ ശിര്‍അത്ത് എന്ന പദം വന്നിട്ടുള്ളു. വെള്ളത്തിലേക്കുള്ള, അതിലേക്കെത്തിക്കുന്ന വഴി എന്നതാണതിന്റെ അടിസ്ഥാനാര്‍ഥം. പിന്നീടത് മനുഷ്യനു വേണ്ടി അല്ലാഹു നല്‍കിയ നിയമവ്യവസ്ഥക്കുള്ള സാങ്കേതിക സംജ്ഞയായി നിശ്ചയിക്കപ്പെട്ടു. മനുഷ്യന്‍ തന്റെ ജീവിത പ്രശ്‌നങ്ങളില്‍ വഴിയറിയാതെ ഉഴറിനില്‍ക്കുമ്പോള്‍ പരിഹാരമായി അല്ലാഹു അവന് നല്‍കുന്ന നിയമവ്യവസ്ഥ എന്നതാവാം അതിന്റെ പൊരുള്‍. ദാഹാര്‍ത്തനു വെള്ളത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നതുപോലെ.
മനുഷ്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നത് ശരീഅത്തിനെ അനുധാവനം ചെയ്യുമ്പോഴാണല്ലോ. എത്ര അനുയോജ്യമായ പദമാണ് അല്ലാഹു പ്രയോഗിച്ചിട്ടുള്ളതെന്നു നോക്കുക. ഇവിടെ ശിര്‍അത്ത് എന്നാല്‍ വിശ്വാസകാര്യങ്ങളെയും തത്ത്വങ്ങളെയും വീക്ഷണങ്ങളെയും ഉള്‍ക്കൊള്ളുന്ന അടിസ്ഥാനവും, മിന്‍ഹാജ് എന്നാല്‍ ആ വിശ്വാസങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും അനുസൃതമായ കര്‍മപദ്ധതിയും. സൂറഃ അല്‍മാഇദയില്‍ ഈ ആയത്ത് വന്നിട്ടുള്ളത് നബി(സ)ക്കു മുമ്പ് വന്നിട്ടുള്ള പ്രവാചകന്മാരുടെ നിയമവ്യവസ്ഥയെപ്പറ്റി പറയുന്ന സന്ദര്‍ഭത്തിലാണ്. അതേസമയം, അന്ത്യപ്രവാചകന് ശരീഅത്ത് മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ഖുര്‍ആന്‍ പറയുന്നു, മിന്‍ഹാജിനെപ്പറ്റി പറയുന്നുമില്ല. '''അതിനുശേഷം ഇപ്പോള്‍ നാം നിന്നെ ദീനീകാര്യത്തില്‍ ഒരു ശരീഅത്തിലാക്കിയിരിക്കുന്നു. അത് നീ പിന്തുടരുക'' (അല്‍ജാസിയ 18). ശിര്‍അത്ത് എന്നല്ല, ശരീഅത്ത് എന്നാണിവിടെ പ്രയോഗിച്ചിരിക്കുന്നത്. ഭാഷാര്‍ഥം ഒന്നുതന്നെ. വിശ്വാസകാര്യങ്ങളും തത്ത്വങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള കര്‍മങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ശരീഅത്ത്. കര്‍മപദ്ധതിയെ സൂചിപ്പിക്കുന്ന മിന്‍ഹാജ് പ്രത്യേകം എടുത്തുപറയേണ്ടതില്ല. അഥവാ ഈമാനും അമലുസ്സ്വാലിഹാത്തും ശരീഅത്ത് എന്ന വാക്ക് ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍തന്നെ.
ഇതാണ് ശിര്‍അത്തും ശരീഅത്തും തമ്മിലുള്ള വ്യത്യാസം. ശരീഅത്ത് എന്ന പദവും ഖുര്‍ആനില്‍ ഒറ്റ തവണയേ വന്നിട്ടുള്ളൂ. ഓരോ കാലത്തും ദേശത്തും മനുഷ്യജീവിതത്തില്‍ ശരീഅത്ത് പ്രയോഗവത്കരിക്കാന്‍ അതില്‍ അവഗാഹമുള്ള പണ്ഡിതന്മാരുടെ ഇജ്തിഹാദീ സംഭാവനയാണ് ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രം. ശരീഅത്ത് ഒരിക്കലും മാറ്റത്തിനു വിധേയമല്ല. കാരണം അത് അല്ലാഹുവിന്റെ നിയമമാണ്. അതിന്റെ പ്രായോഗികമായ ചട്ടക്കൂടാണ് ഫിഖ്ഹ്. അത് മനുഷ്യനിര്‍മിതമാണ്, അതിനാല്‍തന്നെ മാറ്റത്തിനു വിധേയവും. ഓരോ കാലത്തെയും കര്‍മശാസ്ത്ര ചരിത്രം പഠിച്ചാല്‍ ബോധ്യപ്പെടും.
മുഹമ്മദ് നബി(സ)ക്കു മുമ്പ് വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും തങ്ങളുടെ പ്രബോധിത ജനതയെ സംബോധന ചെയ്തിട്ടുള്ളത് 'യാ ഖൗമീ'/എന്റെ ജനമേ എന്നാണ്. ആ നബിമാരെല്ലാം അവരവരുടെ ജനതയില്‍പെട്ടവരായിരുന്നു എന്നതാണതിനു കാരണം. ഈസാ നബി (അ) ഒഴികെ. അദ്ദേഹത്തിന് അവരെ എന്റെ ജനമേ എന്നു വിളിക്കാന്‍ പറ്റുമോ? ഇല്ല. കാരണം പിതാവ് വഴിക്കു ബന്ധമുണ്ടെങ്കിലല്ലേ തന്റെ ജനതയിലേക്കു ചേര്‍ക്കപ്പെടൂ. അതുകൊണ്ട് ഈസാ (അ) 'എന്റെ ജനമേ' എന്നു വിളിച്ചില്ല. പകരം 'യാ ബനീ ഇസ്‌റാഈല്‍' എന്നാണു വിളിച്ചിട്ടുള്ളത്. നബി(സ)യുടെ മുമ്പില്‍ ഖൗമില്ല, നാസ് (ജനം) ആണുള്ളത്. കാരണം അവിടുന്ന് അന്ത്യദിനം വരേക്കും അഖില ജനങ്ങള്‍ക്കുമുള്ള അവസാന പ്രവാചകനാണല്ലോ. അതിനാല്‍ നബി(സ)യുടെ അഭിസംബോധന 'യാ അയ്യുഹന്നാസ്' എന്നായി.
ഖൗലുന്‍ സഖീല്‍
അല്ലാഹുവിന്റെ വചനം ഒരു പര്‍വതത്തിലാണ് ഇറങ്ങിയിരുന്നതെങ്കില്‍ ഭയഭക്തിയാല്‍ അതു പൊട്ടിപ്പിളരുമായിരുന്നുവെന്ന് ഖുര്‍ആന്‍തന്നെ പറയുന്നു. കൊടും തണുപ്പുള്ള സമയത്ത് നബി(സ)ക്ക് വഹ്‌യ് ഇറങ്ങിക്കഴിയുമ്പോള്‍ അവിടുന്ന് വിയര്‍ത്തു കുളിക്കുമായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. അതേപോലെ ഒട്ടകപ്പുറത്തിരിക്കുമ്പോഴാണ് ഖുര്‍ആന്‍ അവതരിക്കുന്നതെങ്കില്‍ ഭാരംകൊണ്ട് അത് ഇരുന്നുപോകുമായിരുന്നു എന്നും ഹദീസിലുണ്ട്. കണക്കാക്കാന്‍ കഴിയാത്തത്ര ഭാരമുള്ളതാണ് അല്ലാഹുവിന്റെ വചനമായ ഖുര്‍ആന്‍ എന്നാണല്ലോ ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത്. സൂറഃ മുസ്സമ്മിലില്‍ അല്ലാഹു പറയുന്നു: 'ഇന്നാ സനുല്‍ഖീ അലൈക ഖൗലന്‍ സഖീലാ' (നിനക്കു നാം ഭാരമേറിയ വചനങ്ങള്‍ ഇട്ടുതരും). ഖുര്‍ആന്‍ ഭാരമേറിയ വചനങ്ങളാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ അക്ഷരത്തില്‍ മാത്രമുള്ള ഭാരമല്ല, അര്‍ഥത്തിലും ആശയത്തിലും ആദര്‍ശത്തിലും അവ ഭാരമേറിയവതന്നെ. അതിനാല്‍ ഈ ഖുര്‍ആനെ പൂര്‍ണമായോ ഭാഗികമായോ വഹിക്കുന്ന വ്യക്തിയും സമൂഹവും അത് സമര്‍പ്പിക്കുന്ന കനപ്പെട്ട ആദര്‍ശത്തെയും ആശയത്തെയും പൂര്‍ണമായി അറിയുകയും ഉള്‍ക്കൊള്ളുകയും വേണം. അതിനു വിരുദ്ധമായ ഒരാദര്‍ശവും ആശയവും സ്വീകരിക്കുകയുമരുത്. കാരണം അതൊക്കെയും ഭാരമില്ലാത്ത പതിരുകളാണ്. ഈ ഖുര്‍ആന്‍ അതിനെ വഹിക്കുന്നവരില്‍ ഏല്‍പിക്കുന്ന ദൗത്യവും ഉത്തരവാദിത്തവും ഭാരമേറിയതാണ്. അതിനാല്‍ അവര്‍ ഒരു വെയ്റ്റുമില്ലാത്ത ദൗത്യത്തിന്റെ വാഹകരാവരുത്. അതിന്റെ ലക്ഷ്യം ഉന്നതവും മഹത്തരവും ഭാരം നിറഞ്ഞതുമായ ഒന്നാണ്. അതിനാല്‍ അതിന്റെ വക്താക്കള്‍ നിസ്സാരവും ലക്ഷ്യമില്ലാത്തതുമായ ഒന്നിന്റെ പിറകെ പോകരുത്.
ഈ വചനം സമര്‍പ്പിക്കുന്ന സംസ്‌കാരവും സ്വഭാവവും ഭാരമേറിയതും ഉത്തിഷ്ഠമായതുമാണ്. അതിനാല്‍തന്നെ ഈ വചനത്തെ ഏറ്റെടുത്തവരുടെ സംസ്‌കാരവും സ്വഭാവവും ഉന്നതവും ഉത്തിഷ്ഠവും കനപ്പെട്ടതുമായിരിക്കണം. കനപ്പെട്ട ഈ വചനത്തെ വഹിക്കുന്നവരുടെ വചനവും കനപ്പെട്ടതാവണം, പതിരാവരുത്. അവര്‍ കാണുന്നതും കേള്‍ക്കുന്നതും കനപ്പെട്ടതായിരിക്കണം. അപ്പോഴേ കനപ്പെട്ട ഈ വചനത്തിന്റെ കനപ്പെട്ട വക്താക്കളായി മാറാന്‍ അവര്‍ക്ക് സാധിക്കൂ. കനമില്ലാത്ത സമൂഹങ്ങള്‍ക്ക് കനമുള്ള സമൂഹമായി നമ്മെ കാണാനും അപ്പോഴേ പറ്റൂ.
Comments