Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

ബെഗോവിച്ച് അസ്തമിച്ച ബോസ്‌നിയയില്‍

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

പ്രബോധനം 2018 ഒക്‌ടോബര്‍ 12,19,26 ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച  യാത്രാ വിവരണത്തിന്റെ തുടര്‍ ഭാഗം; ബോസ്‌നിയന്‍ അനുഭവങ്ങള്‍

ബലിപെരുന്നാള്‍ ദിനത്തില്‍ ഉച്ചനേരം ബാള്‍ക്കന്‍ ആകാശത്ത് താഴ്ന്ന് പറക്കുന്നൊരു കൊച്ചുവിമാനത്തില്‍ സെര്‍ബിയയില്‍നിന്ന് ബോസ്‌നിയയിലേക്കുള്ള യാത്രയിലാണ് ഞാന്‍. താഴെ മണ്ണും മഞ്ഞും വെള്ളവും മരങ്ങളും വര്‍ണങ്ങള്‍ ചാലിച്ചൊരുക്കിയ സുന്ദരമായ ഭൂചിത്രം. ആ ചേതോഹര ദൃശ്യത്തെ കാഴ്ചയില്‍നിന്ന് മറച്ചും തെളിയിച്ചും ഭൂമിക്കു മുകളിലൂടെ ഒഴുകിനീങ്ങുന്ന മേഘക്കെട്ടുകള്‍. ഭൂമിയിലെ മനുഷ്യര്‍ ചിട്ടപ്പെടുത്തി കണ്ണിമ വെട്ടാതെ കാവലിരിക്കുന്ന അതിര്‍ത്തിവരകളെയൊക്കെയും ധിക്കരിച്ച് ആകാശത്തിലൂടെ സ്വതന്ത്രമായി പാറുന്ന മേഘമാലകള്‍. അവയെ വകഞ്ഞൊതുക്കി ബോസ്‌നിയന്‍ മണ്ണിലേക്ക് താഴ്ന്നിറങ്ങവെ രണ്ടര പതിറ്റാണ്ടു കാലം മനസ്സിലൊതുക്കിവെച്ച ആകാംക്ഷകളൊക്കെയും ചിറകടിച്ചുയര്‍ന്നു തുടങ്ങി. 

സരയാവോ അന്തര്‍ദേശീയ വിമാനത്താവളം. ബോസ്‌നിയ ഹെര്‍സഗോവിനയുടെ തലസ്ഥാന നഗരിയിലെ ഏക ആകാശകവാടത്തിന് അങ്ങനെയാണ് പേര്. ഭൂമിയിലേക്കൂര്‍ന്നിറങ്ങി ഹ്രസ്വദൂരം ഓടിനിന്ന കുഞ്ഞുവിമാനത്തിന്റെ വാതില്‍പടികളില്‍ ചവിട്ടി കോണ്‍ക്രീറ്റ് തറയിലേക്കിറങ്ങുമ്പോള്‍ മനസ്സിലാദ്യം തെളിഞ്ഞുവന്നത് അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ ചിത്രം. അന്നൊരിക്കല്‍ സരയാവോ വളഞ്ഞ സെര്‍ബിയന്‍ അധിനിവേശ സേനയുടെ വിലക്കുകള്‍ ലംഘിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ അഭയ വാഗ്ദാനങ്ങളൊക്കെയും തിരസ്‌കരിച്ച്, തിര നിറച്ച് ചൂണ്ടിനില്‍ക്കുന്ന പാറ്റണ്‍ ടാങ്കുകളുടെ നടുവിലേക്ക് മകള്‍ സബീനക്കൊപ്പം അലിയാ സധൈര്യം പറന്നിറങ്ങിയത് ഈ കോണ്‍ക്രീറ്റ് തറയിലായിരുന്നു. നിസ്സഹായരുടെ യാതനകളിലേക്ക് സ്വയം പറന്നിറങ്ങിയ ഇസ്സത്ത് ബെഗോവിച്ചിനെ സെര്‍ബ് സേന ബന്ദിയാക്കി വിലപേശിയതും ഈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു. ബന്ധനങ്ങളൊക്കെയും അറുത്തുമാറ്റി വംശവെറിയുടെ തീച്ചൂളയില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ മഹാ വിസ്തൃതിയിലേക്ക് ബോസ്‌നിയന്‍ ജനതയെ കൈപിടിച്ച് നടത്തിയത് ആ മഹാ പുരുഷനായിരുന്നു. എന്നിട്ടും ഈ വിമാനത്താവളത്തിന് അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ പേരിടാനുള്ള നിര്‍ദേശം ഇന്നേവരെയും അംഗീകരിക്കപ്പെടാതെ പോയത് എന്തുകൊണ്ടായിരിക്കാം? ആഗമനകവാടം കടന്ന് ആള്‍ത്തിരക്കൊഴിഞ്ഞ ഇടനാഴികയിലൂടെ പുറത്തേക്കുള്ള വഴിതിരഞ്ഞ് നീങ്ങുമ്പോള്‍ ഉത്തരം തേടുന്നൊരു ചോദ്യം ഉള്ളിലെങ്ങോ ഉടക്കിനിന്നു.

 

'ബൈരാന്‍ ശരീഫ് മുബാറക്'

വിമാനത്താവളത്തിന് പുറത്തു കാത്തിരുന്ന 'മേഹിച്ച്' ദമ്പതികള്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോസ്‌നിയന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്തു. മിരാളം മേഹിച്ചും ഭാര്യ ഡാനിയോള മേഹിച്ചും എന്റെ ബോസ്‌നിയന്‍ യാത്രാ സഹായികള്‍. ഇനി പത്തുനാള്‍ മിരാളം സാരഥിയും 'ഡാനി'യെന്ന ഡാനിയോള വഴികാട്ടിയുമായിരിക്കും.

ബോസ്‌നിയന്‍ യാത്രാ പരിപാടിയുടെ ആസൂത്രണ ചര്‍ച്ചകള്‍ക്കായി ഏറെ നാള്‍ ഒത്തുകൂടിയ സൈബര്‍ ഇടങ്ങളില്‍നിന്ന് മണ്ണിലേക്കിറങ്ങി വന്ന് സംഗമിച്ചതില്‍ ആഹ്ലാദം പങ്കിട്ട് ഞങ്ങള്‍ മിരാളമിന്റെ വണ്ടിക്കരികിലേക്ക് നടന്നു.

'ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് താങ്കള്‍ക്കായി പെരുന്നാള്‍ ഭക്ഷണമൊരുക്കി കാത്തിരിപ്പുണ്ട്.'

ഡാനി തിടുക്കത്തില്‍ പെട്ടികള്‍ അടുക്കിവെച്ച് യാത്രക്കൊരുങ്ങി. ബെല്‍ഗ്രേഡില്‍ തുടങ്ങിയ എന്റെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സരയാവോയിലെ ഏതോ ഒരു അപരിചിത കുടുംബത്തില്‍ തുടര്‍ച്ച. ഞങ്ങള്‍ യാത്ര ആരംഭിച്ചു.

പുറത്ത് തെളിച്ചമുള്ള വെയില്‍. ഉഷ്ണകാലമായതിനാല്‍ സരയാവോയില്‍ അസ്തമയം വൈകും. കുന്നുകളും താഴ്‌വരകളും കടന്ന് നീളുന്ന വൃത്തിയുള്ള പാതകള്‍. അവക്കിരുവശവും ഹരിത പശ്ചാത്തലത്തില്‍ തീര്‍ത്ത മനുഷ്യനിര്‍മിതികളുടെ വാസ്തുവൈവിധ്യങ്ങള്‍. കുന്നിന്‍ചെരിവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ തലയെടുപ്പോടെ ആകാശത്തേക്ക് കൂര്‍പ്പിച്ചുവെച്ച പള്ളിമിനാരങ്ങള്‍. ആല്‍പ്‌സ് പര്‍വത നിരകളില്‍പെട്ട അഞ്ച് മലകളാല്‍ ചുറ്റപ്പെട്ട നഗരമാണ് സരയാവോ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമസ്ഥാനം.

'യാത്രാ പരിപാടികള്‍ ഒന്നുകൂടി മിനുക്കിയെടുക്കണം'- ഡാനി തോള്‍സഞ്ചിയില്‍നിന്ന് ചാര്‍ട്ടും പേനയും പുറത്തെടുത്തു. ദിവസങ്ങളെ മണിക്കൂറുകളാക്കി വിഭജിച്ചു വരച്ച ചതുരങ്ങളിലേക്ക് എന്റെ യാത്രയെ മുറിച്ചുവെക്കാന്‍ അവര്‍ ശ്രമം തുടങ്ങി. മിരാളം തിരക്കൊഴിഞ്ഞ നഗരവഴികളിലൂടെ ധൃതിപ്പെട്ട് വണ്ടിയോടിക്കുകയാണ്.

യാത്രയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തും വഴിയോര ദൃശ്യങ്ങള്‍ ആസ്വദിച്ചും യാത്ര തുടരവെ പാതവക്കത്തൊരു കാഴ്ചയില്‍ തട്ടി എന്റെ ഓര്‍മകള്‍ ഉണര്‍ന്നു.

'ഡാനി... ഈ കെട്ടിടമെനിക്കറിയാം.'

വെടിയുണ്ടകള്‍ തുളച്ച കുഴിക്കുത്തുകള്‍ പുറംചുമരിലൊട്ടാകെ ചിതറിക്കിടക്കുന്നൊരു ബഹുനില പാര്‍പ്പിട കെട്ടിടത്തിലേക്ക് ഞാന്‍ ചൂണ്ടി.

മിരാളം യാത്രാവേഗം കുറച്ച് വണ്ടി പാതയരികിലേക്ക് ചേര്‍ത്തു നിര്‍ത്തി.

വെടിയൊച്ചകളുടെ പശ്ചാത്തലമേളം. തകര്‍ന്ന ചില്ലുജാലകത്തിലൂടെ പുറത്തേക്കാളുന്ന തീനാളങ്ങള്‍. എരിയുന്ന പാര്‍പ്പിടത്തില്‍നിന്ന് പ്രാണനും മുറുകെപ്പിടിച്ചോടുന്ന നിസ്വരുടെ നിലവിളികള്‍, സ്ത്രീകളും കുട്ടികളും വൃദ്ധരും. മുന്‍വശത്തെ നാലുവരിപ്പാതകള്‍ കുറുകെ ഓടിയെത്തുന്നതിനു മുമ്പേ വെടികൊണ്ട് വീണുപോകുന്നവര്‍. അവരില്‍ മാറോടണച്ചു പിടിച്ച കുഞ്ഞുമായി വീണുപോയ ഒരമ്മയുടെ കൈയില്‍നിന്ന് കുഞ്ഞിനെ കോരിയെടുത്ത് പിറകോട്ടു നോക്കി അലമുറയിട്ട് ഓടുന്ന ഒരു മധ്യവയസ്‌കന്റെ ചിത്രം ഒട്ടുമേ മങ്ങാതെ മനസ്സില്‍ തെളിഞ്ഞിരിപ്പുണ്ട്.

'ആ കുഞ്ഞ് ഇന്ന് ജീവിച്ചിരിപ്പുണ്ടാവുമോ?' ഞാന്‍ ഡാനിയെ നോക്കി.

'ഇവിടെ ജീവിച്ചിരിക്കുന്ന ബോസ്‌നിയാക്കുകളിലൊക്കെയും താങ്കള്‍ക്കാ കുഞ്ഞിനെ കാണാം.' ഒരാളെങ്കിലും വെടികൊണ്ട് വീഴാത്ത കുടുംബങ്ങള്‍ വിരളം. 'ഏതോ ടെലിവിഷന്‍ ക്യാമറ ഒപ്പിയെടുത്തൊരു ദൃശ്യമല്ലേ താങ്കള്‍ കണ്ടുള്ളൂ. അങ്ങനെയെത്രയോ കെട്ടിടങ്ങള്‍, എത്രയോ ജീവിതങ്ങള്‍. ജീവന്‍ ബാക്കിയാവുമെന്ന് യാതൊരുറപ്പുമില്ലാതെ ഞങ്ങളുമുണ്ടായിരുന്നു സരയാവോയില്‍.'

ആ കെട്ടിടപ്പുറത്തെ കുഴികളേക്കാള്‍ ആഴത്തില്‍ മനസ്സില്‍ അടയാളപ്പെട്ട നോവുകള്‍ അവര്‍ ഒരു ദീര്‍ഘനിശ്വാസത്തിലൊതുക്കി. മിരാളം ബോസ്‌നിയന്‍ സ്വാതന്ത്ര്യ സേനാംഗമായിരുന്നു. അക്കാലത്ത് അയാള്‍ സൗഹൃദത്തിലായ മറ്റൊരു മുന്‍ പട്ടാളക്കാരന്റെ വീട്ടിലേക്കാണ് പെരുന്നാള്‍ സദ്യക്കായി ഞങ്ങളുടെ യാത്ര.

'ഡാനീ, സരയാവോ വിമാനത്താവളത്തിന് ഇസ്സത്ത് ബെഗോവിച്ചിന്റെ പേരിടാന്‍ വൈകുന്നതെന്തുകൊണ്ടാണ്?' മനസ്സില്‍ നങ്കൂരമിട്ട ദീര്‍ഘമായ ചോദ്യാവലിയില്‍നിന്ന് ക്രമം തെറ്റി വന്ന ചോദ്യം കേട്ട് ഡാനിയും മിരാളമും ചിരിച്ചു.

'താങ്കള്‍ മനസ്സിലാക്കിയതില്‍നിന്നേറെ സങ്കീര്‍ണമാണ് ഈ നാടിന്റെ രാഷ്ട്രീയം. നമ്മുടെ യാത്രാന്ത്യം താങ്കള്‍ക്ക് അതൊക്കെ ബോധ്യപ്പെട്ടുവരും. ലോകത്തിന്റെ കാഴ്ചയില്‍ ബോസ്‌നിയന്‍ ഘടികാരം തൊണ്ണൂറുകളിലെ വംശഹത്യാ കാലത്ത് നിശ്ചലമാണ്. അതിനു മുമ്പും ശേഷവും ഞങ്ങളുണ്ട്. ഞങ്ങളുടെ ജീവിതങ്ങളും.' ഡാനി കടലാസും പേനയും ബാഗിലേക്കു തന്നെ നിക്ഷേപിച്ച് അവരുടെ രാജ്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.

ബോസ്‌നിയ ഹെര്‍സഗോവിന എന്നത് ഒരൊറ്റ രാജ്യത്തിന്റെ പേരാണ്. ബോസ്‌നിയയും ഹെര്‍സഗോവിനയും രണ്ട് ഭൂമിശാസ്ത്ര മേഖലകള്‍ എന്നതല്ലാതെ അവ തമ്മില്‍ മറ്റു രാഷ്ട്രീയ, വംശീയ വേര്‍തിരിവുകളൊന്നുമില്ല. ബോസ്‌നിയ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത് ബോസ്‌നിയ- ഹെര്‍സഗോവിന എന്ന രാജ്യത്തെ തന്നെയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിച്ച ഉസ്മാനിയാ ഭരണകാലം മുതല്‍ മുസ്‌ലിംകളായ ബോസ്‌നിയാക്കുകളും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളായ സെര്‍ബുകളും കാത്തലിക് വിശ്വാസികളായ ക്രോട്ടുകളും ഇടകലര്‍ന്ന് ജീവിക്കുന്ന രാജ്യം. നാല് നൂറ്റാണ്ട് നീണ്ട ഉസ്മാനിയ ഭരണകാലത്തിനു ശേഷം ബോസ്‌നിയ ആസ്‌ട്രോ- ഹംഗേറിയന്‍ രാജാക്കന്മാരുടെ കീഴിലായി. ആ ഭരണത്തിന് അന്ത്യം കണ്ട ഒന്നാം ലോക യുദ്ധത്തിന്റെ മൂല ഹേതു സംഭവിച്ചത് ഈ പട്ടണത്തിലായിരുന്നു. നഗര സന്ദര്‍ശനത്തിനെത്തിയ ആസ്‌ട്രോ-ഹംഗേറിയന്‍ കിരീടാവകാശി ആര്‍ച്ച് ഡ്യൂക്ക് ഫ്രാങ്ക് ഫെര്‍ഡിനാഡിനെയും ഗര്‍ഭിണിയായ ഭാര്യയെയും തീവ്ര സെര്‍ബ് ദേശീയവാദികളുടെ രഹസ്യ സംഘടന സരയാവോ നഗരത്തില്‍ വെച്ച് വെടിവെച്ചു കൊന്നുകളഞ്ഞു. അന്ന് ഈ സംസ്‌കാര സംഗമഭൂമിയില്‍നിന്ന് പ്രഭവിച്ച പ്രകമ്പനം ആഗോള രാഷ്ട്രീയം തന്നെ മാറ്റിമറിക്കാന്‍ തക്ക ശക്തിയാര്‍ന്ന ലോകയുദ്ധമായി പരിണമിച്ചു.

'സെര്‍ബ് വംശീയവാദികള്‍ ഈ നഗരത്തില്‍ തോക്കുമായി ഇറങ്ങിയ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. അന്നവര്‍ വെടിവെച്ചിട്ടത് രാജകുമാരനെയാണെങ്കിലും ലോകയുദ്ധത്തിന്റെ പുകമറയില്‍ കൊല്ലപ്പെട്ടവരേറെയും ബോസ്‌നിയാക്കുകളായിരുന്നു. മനുഷ്യനഷ്ടത്തിന്റെ വംശം തിരിച്ച് കണക്കെടുത്തു നോക്കിയാലറിയാം ആ കൊടും ചതിയുടെ പിന്നാമ്പുറങ്ങള്‍'- ഡാനി ചരിത്രകഥനം തുടര്‍ന്നു.

ഒന്നാം ലോകയുദ്ധാനന്തരം ബോസ്‌നിയ യൂഗോസ്ലാവ്യന്‍ രാജഭരണത്തിലേക്കും രണ്ടാം ലോകയുദ്ധാന്ത്യം ടിറ്റോയുടെ യൂഗോസ്ലാവ്യന്‍ ഫെഡറല്‍ റിപ്പബ്ലിക്കിലേക്കും മാറി. ടിറ്റോക്കു ശേഷം യൂഗോസ്ലാവ്യയുടെ വിഘടനത്തോടെയാണ് ഇവിടം രക്തപങ്കില ഭൂമിയായി മാറിയത്.

സ്ലോവേനിയയും ക്രൊയേഷ്യയും യൂഗോസ്ലാവ്യയില്‍നിന്ന് വിഘടിച്ചുപോയ ശേഷം സെര്‍ബിയ സ്വയം യൂഗോസ്ലാവ്യയായി ചമഞ്ഞു. ബോസ്‌നിയയെ വിഴുങ്ങി ബോസ്‌നിയാക്കുകളെ കൊന്നൊടുക്കി വംശ 'ശുദ്ധി' വന്ന വിശാല സെര്‍ബ് രാഷ്ട്രം സ്ഥാപിക്കാനായിരുന്നു പിന്നീടവരുടെ മോഹം. സെര്‍ബിയന്‍ രാഷ്ട്രത്തലവന്‍ സ്ലൊബോദന്‍ മിലേഷോവിച്ചിന്റെ ഈ ഭ്രാന്തന്‍ സ്വപ്ന സാക്ഷാത്കാരത്തിനായി ഇറങ്ങിത്തിരിച്ച സെര്‍ബിയന്‍ സൈന്യത്തിനൊപ്പം ബോസ്‌നിയന്‍ സെര്‍ബ് വംശജരുടെ നേതാവായിരുന്ന രഡോവന്‍ കരാജിച്ച് കൈകോര്‍ത്തതോടെ ബോസ്‌നിയ നരകമായെരിഞ്ഞു. കനത്ത മനുഷ്യനഷ്ടം സഹിച്ചും അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ നേതൃത്വത്തില്‍ ബോസ്‌നിയ ചെറുത്തുനിന്നു. 1992 മുതല്‍ 1995 വരെ നീണ്ട പീഡനകാലം. ഒടുവില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കാര്‍മികത്വം വഹിച്ച ഡെയ്ടണ്‍ കരാറില്‍ ബോസ്‌നിയയും സെര്‍ബിയയും ഒപ്പുവെച്ചതോടെ തോക്കുകള്‍ നിശ്ശബ്ദമായി. 

ഞങ്ങള്‍ നഗരഹൃദയം വിട്ട് പട്ടണപ്രാന്തത്തിലൊരു പാര്‍പ്പിട കേന്ദ്രത്തിലെത്തി. വീതി കുറഞ്ഞ വൃത്തിയുള്ള റോഡുകള്‍. അവക്ക് ഇരുപുറവും ഉയരം കുറഞ്ഞ കന്മതിലുകളും ഇരുമ്പുവേലികളും കൊണ്ട് അതിരു കെട്ടിത്തിരിച്ച വീടുകളും വളപ്പുകളും. ഒന്നും രും നിലകളുള്ള വീടുകള്‍. ചെരിഞ്ഞ മേല്‍ക്കൂരകളും പുകക്കുഴലുകളുമുണ്ടെങ്കിലും വീടുകള്‍ക്കൊന്നും പൂര്‍ണമായ യൂറോപ്യന്‍ ഛായയില്ല. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാസ്തുസൗന്ദര്യ സങ്കരങ്ങള്‍. വീടുകള്‍ക്കു ചുറ്റും ഹരിതസമൃദ്ധമായ ഉദ്യാനങ്ങളില്‍ കായ്ച്ചു നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍. വഴിയരികിലൊരു കമ്പിവേലിയില്‍ തുറന്നുവെച്ച ഗേറ്റ് കടന്ന് മിരാളം വണ്ടി നിര്‍ത്തി. ചുവന്ന മേല്‍ക്കൂരയുള്ള ഇരുനിലകെട്ടിടം. വീട്ടുവളപ്പ് നിറഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങളില്‍ പഴുത്തു തൂങ്ങിനില്‍ക്കുന്ന പഴങ്ങള്‍. പീച്ചും പിയേഴ്‌സും ആപ്പിളും വാല്‍നട്ടും അത്തിയും. ഉദ്യാനത്തിലെ പുല്‍ത്തിട്ടക്ക് അരികു ചേര്‍ന്ന് ചിരിച്ചുനില്‍ക്കുന്ന വര്‍ണപ്പൂ ചെടികള്‍. വീട്ടുമുറ്റത്തൊരു തീന്മേശക്കു ചുറ്റുമിരുന്ന് കാപ്പി കുടിക്കുന്ന വീട്ടുകാര്‍ അതിഥികളെക്കണ്ട് എഴുന്നേറ്റു വന്ന് 'ബൈരാന്‍ മുബാറക്' പറഞ്ഞ് ഹസ്തദാനം ചെയ്തു. ഡാനി ആതിഥേയനെ പരിചയപ്പെടുത്തി.

'മിരാളം'. എന്റെ മുഖത്തെ ആശ്ചര്യം അവര്‍ പ്രതീക്ഷിച്ചിരുന്ന പോലെ. മിരാളം മേഹിച്ചും അവരുടെ സുഹൃത്ത് മിരാളം വൂക്കും. അവര്‍ രണ്ട് മിരാളമുകളെയും കുടുംബനാമത്തില്‍ വേര്‍തിരിച്ചു. 'മിരാളം' ബോസ്‌നിയയില്‍ പ്രചാരത്തിലുള്ള മുസ്‌ലിം പേരാണെന്നും മീര്‍, ആലം എന്നീ വാക്കുകളുടെ സങ്കലനത്തില്‍നിന്ന് ഉത്ഭവിച്ചതാണെന്നും അവര്‍ വിസ്തരിച്ചുതന്നു. യുദ്ധമുന്നണിയില്‍ പതാകയേന്തുന്ന പടയാളികളുടെ സ്ഥാനപ്പേര്.

വൂക്ക് കുടുംബം ഞങ്ങളെ സ്‌നേഹത്തോടെ അവരുടെ വീട്ടിലേക്ക് കൂട്ടി. ഇരുനില വീടിന്റെ മുകള്‍ത്തട്ടിലാണ് മിരാളം ഭാര്യ അസ്‌റക്കും മക്കള്‍ക്കുമൊപ്പം താമസം. താഴെ മിരാളമിന്റെ മാതാപിതാക്കളുടെ വീട്. ബോസ്‌നിയാക്കുകള്‍ പൊതുവെ മാതാപിതാക്കളെ അരികെ താമസിപ്പിച്ച് ശുശ്രൂഷിക്കുന്നവരെങ്കിലും കുടുംബകാര്യങ്ങള്‍ കൂട്ടിക്കുഴക്കാതെ സ്വതന്ത്ര കുടുംബങ്ങളായി ജീവിക്കുന്നവര്‍. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കുടുംബ ഘടനകളുടെ സങ്കരരൂപം. അതുകൊണ്ടായിരിക്കാം പാരമ്പര്യ ബോസ്‌നിയന്‍ മുസ്‌ലിംകളുടെ കുടുംബബന്ധങ്ങള്‍ ഏറെ ഊഷ്മളമായിരിക്കുന്നത്.

പെരുന്നാള്‍ വിഭവങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ച് അസ്‌റ ചേരുവകള്‍ വിസ്തരിച്ചുകൊണ്ടിരുന്നു. മാംസക്കഷ്ണങ്ങള്‍ ബാര്‍ലി വെള്ളത്തില്‍ വിതറി തിളപ്പിച്ച സൂപ്പ്, പച്ചക്കറികളും മാംസവും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയെടുത്ത ഷര്‍മ. മാട്ടിറച്ചി ഗോതമ്പുമാവില്‍ പൊതിഞ്ഞു ചുട്ടെടുത്ത ബൂറക്. അതിവിശിഷ്ടങ്ങളായ ബോസ്‌നിയന്‍ വിഭവങ്ങളുടെ അനിതരമായ രുചിഭേദങ്ങള്‍ ആസ്വദിച്ച് ഞങ്ങള്‍ ഏറെ നേരം സംസാരിച്ചിരുന്നു.

സെര്‍ബിയന്‍ പട്ടാളം അപ്രതീക്ഷിതമായി സരയാവോ പട്ടണം  വളഞ്ഞ് നഗരവാസികളെയൊക്കെയും ബന്ദികളാക്കിയ കാലത്താണ് യുവാക്കളായ മിരളമുമാര്‍ ബോസ്‌നിയന്‍ സേനയില്‍ പോരാളികളാകുന്നത്. സരയാവോ കൊട്ടിയടക്കപ്പെട്ട കാലം. നഗരം കാക്കുന്ന വന്‍മലകള്‍ക്കു മേലെ കഴുകക്കണ്ണുകളുമായി സെര്‍ബ് യന്ത്രത്തോക്കുകള്‍ കാവലിരുന്നു. നഗരവീഥികളില്‍ ആളനങ്ങിയാല്‍, വീടുകളില്‍ വെളിച്ചം തെളിഞ്ഞാല്‍ മലമേലെ നിന്ന് പറന്നിറങ്ങി ചിതറിത്തെറിക്കുന്ന അഗ്നിഗോളങ്ങള്‍. അവിടെ ജീവനറ്റു വീഴുന്നവര്‍, മുറിവേറ്റു കരയുന്നവര്‍. വെള്ളവും വെളിച്ചവും ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട ദൈന്യജീവിതങ്ങളുടെ തേങ്ങലുകള്‍. സെര്‍ബ് സേനയുടെ യന്ത്രക്കണ്ണുകളുടെ കാഴ്ച മറയ്ക്കുന്ന കുന്നുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മറവില്‍ മാത്രം അന്ന് ബോസ്‌നിയാക്കുകളുടെ ജീവിതം പരിമിതപ്പെട്ടുനിന്നു. ആ ഗ്രഹണ ദേശങ്ങളിലെ ഇരുള്‍ മറവുകളില്‍ പ്രാണന്‍ കൈവെള്ളയില്‍ ഒളിപ്പിച്ചുവെച്ച് ബോസ്‌നിയ ജീവിക്കാനുള്ള അവകാശത്തിനായി കൈകോര്‍ത്തു. പ്രായം തളര്‍ത്താത്ത ചടുലതയുമായി അലിയാ ഇസ്സത്ത് ബെഗോവിച്ച് അവരുടെ രക്ഷകനായി മുന്‍നിരയിലും.

'ഞങ്ങള്‍ക്ക് ആവശ്യം വേണ്ട പട്ടാളക്കാരോ ആയുധങ്ങളോ യുദ്ധോപകരണങ്ങളോ എന്തിന് വസ്ത്രം പോലുമില്ലായിരുന്നു. ബോസ്‌നിയക്കുണ്ടായിരുന്നതെല്ലാം യൂഗോസ്ലാവ്യയുടെ ലേബലൊട്ടിച്ച് സെര്‍ബിയ കൈപ്പിടിയിലാക്കിക്കഴിഞ്ഞിരുന്നു'- മിരാളം വൂക്ക് യുദ്ധകഥകള്‍ ഓര്‍ത്തെടുത്തു. സെര്‍ബ് സേന ഉപരോധം തീര്‍ത്ത കോട്ടമലകള്‍ക്കിടയിലൂടെ പുറംലോകത്തേക്ക് തുറക്കുന്നൊരു കുഞ്ഞുവഴി ബോസ്‌നിയന്‍ സ്വാതന്ത്ര്യസേന കണ്ടെടുത്തു. നഗരസീമയിലെ ഇഗ്മന്‍ മലഞ്ചെരിവിലൂടെ നൂണ്ടിറങ്ങിപോകുന്ന കാനന പാത. അതീവ ദുര്‍ഘട പാതയെങ്കിലും ഘോരാന്ധകാരത്തിലേക്ക് ഇറ്റിവീണൊരു തുള്ളി വെളിച്ചം പോലെ അത് ബോസ്‌നിയാക്കുകളുടെ ജീവിതപ്രതീക്ഷകളെ പൊലിപ്പിച്ചുനിര്‍ത്തി.

'ദൈവം ഞങ്ങള്‍ക്കൊരു വഴിതുറക്കുകയായിരുന്നു. ആ നൂല്‍വഴിയിലൂടെ അതിസാഹസികമായി ഞങ്ങള്‍ ജീവിതം തുടിപ്പിച്ചു നിര്‍ത്തിയത് ദീര്‍ഘമായ മൂന്ന് വര്‍ഷക്കാലമാണ്.' മിരാളം ദീര്‍ഘനിശ്വാസത്തോടെ ആകാശത്തേക്കു നോക്കി.

'അന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞേയുള്ളൂ. ജീവിതത്തിലൊരിക്കലും ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കാത്ത 'മധുവിധു' കാലം.' മേശപ്പുറത്തെ ഒഴിഞ്ഞ ഭക്ഷണപാത്രങ്ങള്‍ അടുക്കളയിലേക്കെടുക്കെവ അസ്‌റ ഓര്‍മകള്‍ക്കു താഴിട്ടു.

മേശപ്പുറം വൃത്തിയാക്കി പുതിയ വിഭവങ്ങള്‍ നിരന്നു. തുര്‍ക്കിഷ് കോഫിയുടെ വകഭേദമായ കടുപ്പമേറിയ ബോസ്‌നിയന്‍ കോഫിയും വാല്‍നട്ട് പൊടിയും തേനും ചേര്‍ത്തൊരുക്കിയ ബക്ലാവയും ഞങ്ങള്‍ക്ക് മുന്നിലെത്തി.

'ഇത് ഞങ്ങളുടെ വിശിഷ്ടമായ പെരുന്നാള്‍ മധുരമാണ്.'

തേന്‍തുള്ളികള്‍ ഇറ്റിവീഴുന്നൊരു ബക്ലാവക്കഷ്ണം അസ്‌റ എനിക്കു നീട്ടി.

'അതിവിശിഷ്ടം തന്നെ. രാവിലെ ബെല്‍ഗ്രേഡിലെ ബൈരാക്ലി പള്ളിയില്‍ സെര്‍ബിയന്‍ റഈസുല്‍ ഉലമ സല്‍ക്കരിച്ച ബക്ലാവയേക്കാള്‍ ഏറെ രുചികരം'- എന്റെ രസമുകുളങ്ങള്‍ സംസാരിക്കുകയായിരുന്നു.

'ബൈരാക്ലി'യെന്നും 'റഈസുല്‍ ഉലമ'യെന്നും കേട്ടതോടെ ആതിഥേയരുടെ മുഖം കറുത്തു. 'അവരുടെ ബക്ലാവക്ക് ഞങ്ങളുടെ രക്തത്തിന്റെ സ്വാദേ കാണൂ'. മിരാളമിന് ക്ഷോഭമടക്കാനായില്ല. 

'ബോസ്‌നിയക്കുകളെ കൊന്നു തീര്‍ക്കാനിറങ്ങിയ സെര്‍ബിയന്‍ സേനയുടെ 'മുഫ്തി'യായിരുന്നു, സെര്‍ബിയ ഒന്നാം റഈസായി വാഴിച്ച ഹംദിയാ യൂസുഫ് സാഹിച്ച്. സ്ലൊബോദന്‍ മിലേഷോവിച്ചിന്റെ കൂട്ടുകാരന്‍. ബാള്‍ക്കന്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതു ഘടനയില്‍നിന്ന് മാറി 2007-ല്‍ സെര്‍ബിയന്‍ സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ ബെല്‍ഗ്രേഡില്‍ രൂപീകൃതമായ 'ഇസ്‌ലാമിക് കമ്യൂണിറ്റി'യും അവരുടെ ആസ്ഥാനമായ ബൈരാക്ലി പള്ളിയും ബോസ്‌നിയന്‍ മുസ്‌ലികള്‍ക്ക് എന്നും ശത്രുപക്ഷമാണ്. അവരുടെ ഭാഷയില്‍ മസ്ജിദുള്ളിറാര്‍.'

കാപ്പി കഴിഞ്ഞ് മിരാളം എന്റെ കൈപിടിച്ച് മുകള്‍ത്തട്ടിലെ പൂമുഖത്തേക്ക് നടന്നു. അവിടെ ഫലവൃക്ഷങ്ങളും പൂച്ചെടികളും നിറഞ്ഞ ഉദ്യാനത്തിന്റെ സുന്ദര ദൃശ്യം. ഉദ്യാനത്തിലൊരു മേശവട്ടത്തില്‍ വൂക്ക് കുടുംബത്തോടൊപ്പം ഗതകാല സ്മരണകള്‍ പങ്കിട്ട് ഉറക്കെ ചിരിക്കുന്ന സുഹൃത്തുക്കള്‍. പൂമുഖത്തു നിന്ന് കൈയെത്തും ദൂരത്ത് പീച്ച് മരച്ചില്ലകളില്‍ നിറയെ പഴുത്തു തൂങ്ങുന്ന പഴങ്ങള്‍. മിരാളം പാകമായ പീച്ച് പഴങ്ങള്‍ തെരഞ്ഞ് കൈകൊണ്ട് പറിച്ചെടുത്ത് ഞങ്ങള്‍ക്ക് നീട്ടി. അത്യപൂര്‍വമായ പ്രകൃതിയുടെ സ്വാദ്.

'ഞങ്ങള്‍ക്ക് സ്വാദിഷ്ടമായ പഴങ്ങളുണ്ട്. തെളിഞ്ഞ നീരുറവകളുണ്ട്. നല്ല മണ്ണും മരങ്ങളും മനുഷ്യരും നാല്‍ക്കാലികളുമുണ്ട്. എന്നിട്ടും ഒരു നല്ല രാഷ്ട്ര നായകനോ കറപുരളാത്ത രാഷ്ട്രീയക്കാരനോ ഇല്ലാതെ പോയി.' മിരാളം വര്‍ത്തമാനകാല ബോസ്‌നിയയുടെ രേഖാചിത്രം വരച്ചിട്ടു.

'അലിയാ ഇസ്സത്ത് ബെഗോവിച്ച്?'

'അലിയാ പ്രഗത്ഭനായ നേതാവായിരുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ജീവിച്ചയാള്‍. ആ സൂര്യന്റെ അസ്തമയശേഷം ഞങ്ങള്‍ ഇരുട്ടിലായിപ്പോയി.' മിരാളമിന്റെ കണ്ണുകളില്‍ നിരാശയുടെ നിഴല്‍പ്പാടുകള്‍ മേഞ്ഞുനടന്നു. 

'അലിയായുടെ  പാര്‍ട്ടിയും അദ്ദേഹത്തിന്റെ മകന്‍ ബാഖിര്‍ ഇസ്സത്ത് ബെഗോവിച്ചുമല്ലേ ഇപ്പോള്‍ ഭരിക്കുന്നത്?'*

എന്റെ ചോദ്യം മിരാളമിന്റെ മുഖത്തൊരു ചെറുചിരി വിരിയിച്ചു. തിന്നു കഴിഞ്ഞ പീച്ച് പഴത്തിന്റെ കുരു പുറത്തേക്കു തുപ്പി അയാള്‍ ഉറക്കെ ചിരിച്ചു. മിരാളം മേഹിച്ചും. ഡാനിയോളയും അസ്‌റയും കൂടെ ചിരിച്ചു. പൂമുഖത്തെ ആതിഥേയരുടെ ചിരിയൊച്ചകള്‍ പതിയെ താഴെ ഉദ്യാനത്തിലെ മേശവട്ടത്തില്‍നിന്നുയര്‍ന്ന് കൂട്ടച്ചിരിയില്‍ അലിഞ്ഞു മാഞ്ഞു. 

(തുടരും)

* 2018 ആഗസ്റ്റില്‍ ഞാന്‍ യാത്ര നടത്തുമ്പോള്‍ ബാഖിര്‍  ബെഗോവിച്ചായിരുന്നു ഭരണത്തില്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം