Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

ജീവിതത്തിന്റെ പ്രകാശമാണ് ദൈവസ്മരണ

ശമീര്‍ബാബു കൊടുവള്ളി

'ഏറ്റവും ലാഭകരമായ കച്ചവടം ദൈവസ്മരണയത്രെ' -അബൂഹാത്വിം.

മനുഷ്യന് സദാസമയവും ചൈതന്യമേകുന്ന ഒന്നാണ് ദൈവസ്മരണ. ജീവനുള്ള ശരീരമാണ് ദൈവസ്മരണയുടെ ഉപമ. ദൈവവിസ്മൃതിയുടെ ഉപമ ജഢവും. സസ്യങ്ങള്‍ക്ക് പ്രസരിപ്പ് നല്‍കുന്നത് ഹരിതകമാണല്ലോ. ഹരിതകത്തിന്റെ അഭാവത്തില്‍ സസ്യങ്ങള്‍ വൈക്കോല്‍ചണ്ടികള്‍ മാത്രമായിരിക്കും. അതുപോലെ ദൈവസ്മരണയുടെ അഭാവത്തില്‍  പൊങ്ങുതടിയുടെ വില മാത്രമേ മനുഷ്യനുള്ളൂ. ആത്മജ്ഞാനികളുടെ ശ്രേഷ്ഠമായ ആരാധനയാണ് ദൈവസ്മരണയെന്ന് ഇമാം ഗസാലി പറഞ്ഞിട്ടുണ്ട്. ദൈവസ്മരണയുടെ സുന്ദരോദ്യാനം മുസ്‌ലിം തന്നിലുണ്ടാക്കണം. ആ ഉദ്യാനത്തിലെ പുഷ്പങ്ങള്‍ ദൈവസ്മരണയാല്‍ നിത്യശോഭ നിലനിര്‍ത്തുകയും ചെയ്യണം.

പ്രപഞ്ചത്തിലെ ജൈവികവും അജൈവികവുമായ ഓരോ സൃഷ്ടിയും ദൈവത്തെ സ്മരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആകാശവും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ദൈവസ്മരണയിലാണ്. കല്ലും മുള്ളും സസ്യങ്ങളും മൃഗങ്ങളുമെല്ലാം ദൈവത്തെ സ്മരിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യനത് ഗ്രഹിക്കാനാവുന്നില്ല എന്നുമാത്രം. നൈസര്‍ഗികമായ സവിശേഷതകൊണ്ടാണ് അവ ദൈവസ്മരണയിലേര്‍പ്പെടുന്നത്. മനുഷ്യേതര സൃഷ്ടികളുടെ ദൈവസ്മരണ ബോധപൂര്‍വമല്ല. മനുഷ്യന്റെ ദൈവസ്മരണ തെരഞ്ഞടുപ്പിലൂടെ മാത്രം ലഭിക്കുന്ന ഒന്നാണ്. ദൈവത്തെ സ്മരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ദൈവത്തെ സ്മരിക്കണം എന്നാണ് മനുഷ്യന്‍ തീരുമാനിക്കുന്നതെങ്കില്‍ പിന്നീടത് ബോധപൂര്‍വമുള്ള ധ്യാനമായിത്തീരും.  

ദൈവസ്മരണക്ക് അറബിഭാഷയില്‍ 'ദിക്‌റുല്ല' എന്നാണ്  പറയുക. ദിക്‌റും അല്ലാഹുവും ഉള്‍ച്ചേര്‍ന്നതാണ് ദിക്‌റുല്ല. ഓര്‍മ, ധ്യാനം, പ്രബുദ്ധത, സ്തുതി, ഉച്ചാരണം, ബോധം എന്നൊക്കെയാണ് ദിക്‌റിന്റെ അര്‍ഥങ്ങള്‍. സര്‍വ പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ ഏകനായ ദൈവം എന്നാണ് അല്ലാഹു എന്നതുകൊണ്ട് വിവക്ഷ. ദൈവം, അവന്റെ സത്ത, അസ്തിത്വം, സവിശേഷതകള്‍ എന്നിവയെ ധ്യാനവിശുദ്ധിയോടെ ഉള്‍ക്കൊ് ദൈവത്തെക്കുറിച്ച  നിത്യജാഗ്രത നിലനിര്‍ത്തലാണ് ദിക്‌റുല്ല. ദൈവത്തിന്റെ സൗന്ദര്യവും(ജമാല്‍) ഗാംഭീര്യവും(ജലാല്‍) പൂര്‍ണതയും(കമാല്‍) ധിഷണക്ക് സാധ്യമായ അളവില്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ദൈവസ്മരണ ചൈതന്യപൂര്‍ണമാവുന്നത്.  

അനന്തമാണ് ദൈവസ്മരണയുടെ തലങ്ങള്‍. സമയാധിഷ്ഠിത ദൈവസ്മരണയും സമയം നിശ്ചയിക്കാത്ത ദൈവസ്മരണയുമുണ്ട്. ദൈവത്തെക്കുറിച്ച അത്യഗാധമായ ബോധത്തില്‍നിന്നാണ് ദൈവസ്മരണയുടെ തുടക്കം. അതീവ രഹസ്യമായിട്ടായിരിക്കും അത് സംഭവിക്കുക. വിശുദ്ധവേദം പറയുന്നു: ''നീ നിന്റെ മനസ്സില്‍ നാഥനെ രാവിലെയും വൈകുന്നേരവും സ്മരിക്കുക. വിനയത്തോടെയും ഭയത്തോടെയും വാക്കുകള്‍ ഉറക്കെയാവാതെയുമായിരിക്കണം അത്. അതില്‍ അശ്രദ്ധ കാണിക്കരുത് നീ'' (അല്‍അഅ്‌റാഫ്: 205). ദൈവബോധം രൂഢമൂലമായാല്‍ ദൈവസ്മരണ നാവിലേക്കെത്തും. തസ്ബീഹും തഹ്‌ലീലും തക്ബീറും നാവിന്‍തുമ്പില്‍ ഒഴുകിനടക്കും. ദൈവസ്മരണയുടെ രണ്ടാമത്തെ രൂപം നാവുകൊണ്ടുള്ള ഈ സ്മരണയാണ്. അവ കഴിഞ്ഞാല്‍ ഓരോ ആരാധനയും ദൈവസ്മരണയാണ്. നമസ്‌കാരം ദൈവസ്മരണയാണ്, ഉപവാസം ദൈവസ്മരണയാണ്, മക്കയിലേക്കുള്ള തീര്‍ഥാടനം ദൈവസ്മരണയാണ്, വിശുദ്ധവേദം, തിരുചര്യ എന്നിവയുടെ പാരായണം ദൈവസ്മരണയാണ്. എല്ലാറ്റിനുമുപരി ജീവിതം മുഴുവന്‍ ദൈവസ്മരണയാണ്. ദൈവത്തെയും ദൂതനെയും അനുധാവനംചെയ്ത് വിശുദ്ധജീവിതം നയിക്കലാണ് ദൈവസ്മരണയുടെ ഉയര്‍ന്ന രൂപം. ദൈവം നിരോധിച്ചവ വര്‍ജിക്കലും കല്‍പിച്ചവ സ്വീകരിക്കലുമാണ് ദൈവസ്മരണയുടെ ആത്മാവെന്ന് സയ്യിദ് മൗദൂദി നിരീക്ഷിക്കുന്നുണ്ട്. ദൈവത്തിനിഷ്ടപ്പെട്ട വിചാരം, സംസാരം, കര്‍മം എന്നിവ ഉള്‍ക്കൊള്ളുന്ന ഓരോ സന്ദര്‍ഭവും ദൈവസ്മരണയുടേതാണെന്ന് ഇബ്‌നുല്‍ഖയ്യിം പറയുന്നു. ദൈവസ്മരണക്കൊപ്പം ദൈവചിന്തയും വേണമെന്നും അതില്‍നിന്ന് മുക്തമായ ദൈവസ്മരണ ഫലപ്രദമല്ലെന്നുമാണ്  അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ അഭിപ്രായം. 

ദൈവസ്മരണയുടെ പ്രാധാന്യം പഠിപ്പിക്കുന്നു വിശുദ്ധവേദവും തിരുചര്യയും. വിശുദ്ധവേദം പറയുന്നു: ''വിശ്വാസികളേ, നിങ്ങള്‍ ദൈവത്തെ ധാരാളമായി സ്മരിക്കുക. കാലത്തും വൈകുന്നേരവും പ്രകീര്‍ത്തിക്കുക''(അല്‍അഹ്‌സാബ്: 41, 42). മറ്റൊരിടത്ത്: ''അങ്ങനെ നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ നിന്നും ഇരുന്നും കിടന്നും ദൈവത്തെ സ്മരിച്ചുകൊണ്ടിരിക്കുക'' (അന്നിസാഅ്: 103). ഈ സൂക്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഇബ്‌നുഅബ്ബാസ് പറയുന്നു: 'രാത്രിയിലും പകലിലും ദൈവസ്മരണ വേണം. കരയിലായിരിക്കുമ്പോഴും കടലിലായിരിക്കുമ്പോഴും ദൈവസ്മരണ വേണം. ഒരു സ്ഥലത്ത് നിലകൊള്ളുമ്പോഴും യാത്രയിലേര്‍പ്പെടുമ്പോഴും ദൈവസ്മരണ വേണം. ഐശ്വര്യത്തിന്റെ സന്ദര്‍ഭത്തിലും ദാരിദ്ര്യത്തിന്റെ സന്ദര്‍ഭത്തിലും ദൈവസ്മരണ വേണം. രോഗാവസ്ഥയിലും ആരോഗ്യാവസ്ഥയിലും ദൈവസ്മരണ വേണം. രഹസ്യവേളയിലും പരസ്യവേളയിലും ദൈവസ്മരണ വേണം. മുഴുവന്‍ സമയങ്ങളിലും ദൈവസ്മരണ വേണം'. അഹ്മദ് ഉദ്ധരിച്ച ഒരു പ്രവാചകവചനത്തില്‍ ഇപ്രകാരം കാണാം: ''ഒരിക്കല്‍ ഒരാള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: 'പോരാളികളില്‍ അത്യുന്നതമായ പ്രതിഫലം ആര്‍ക്കാണ് ലഭിക്കുക പ്രവാചകരേ?' പ്രവാചകന്‍: 'അവരില്‍ ദൈവസ്മരണ ഏറ്റവും അധികമുള്ളവന്.' 'നോമ്പുനോല്‍ക്കുന്നവരില്‍ അധിക പ്രതിഫലം ആര്‍ക്കാണ് ലഭിക്കുക' - അദ്ദേഹം വീണ്ടും ചോദിച്ചു? പ്രവാചകന്‍: 'അവരില്‍ ദൈവസ്മരണ ഏറ്റവും അധികമുള്ളവന്.' നമസ്‌കാരം, സകാത്ത്, ഹജ്ജ്, ദാനധര്‍മം എന്നിവയുടെ കാര്യത്തിലും അധികപ്രതിഫലം ആര്‍ക്കാണ് ലഭിക്കുകയെന്ന്  ചോദിക്കുകയുണ്ടായി. ദൈവസ്മരണ അധികമുള്ളവര്‍ക്കാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുകയെന്ന് പ്രവാചകന്‍ ഓരോ തവണയും പറയുകയുണ്ടായി''. 

ദൈവബോധംകൊണ്ട് ജീവിതത്തിന് സൗന്ദര്യം പകരുന്ന പ്രകിയയാണ് ദൈവസ്മരണ. മറ്റൊരുവിധം പറഞ്ഞാല്‍ ആദര്‍ശത്തിന്റെ വഴിത്താരയില്‍ ജീവിതത്തിന് അര്‍ഥവും ആശയവും നല്‍കലാണ് ദൈവസ്മരണ. ദൈവസ്മരണയുടെ കാതലാണ് ആദര്‍ശം. അഥവാ ആദര്‍ശത്തിന്റെ അനിവാര്യതയാണ് ദൈവസ്മരണ. സ്മരണകളില്‍ വിശിഷ്ടസ്മരണ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹേയില്ലെന്ന ആദര്‍ശവചനമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ദൈവസ്മരണയില്‍ നിമഗ്നനായ മുസ്‌ലിമിന് ദൈവമാണ് എല്ലാമെല്ലാം. ഒരാള്‍ ദൈവത്തെ സ്മരിക്കുമ്പോള്‍ ദൈവം തിരിച്ചും സ്മരിക്കുന്നു: ''അതിനാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുക. ഞാന്‍ നിങ്ങളെയും സ്മരിക്കാം''(അല്‍ബഖറ: 102). നീ ദൈവത്തെ സ്മരിച്ചുകൊണ്ടിരുന്നാല്‍ നിനക്ക് ദൈവത്തെ കണ്‍മുമ്പില്‍ കാണാമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ദൈവം നേര്‍ക്കുനേരെ സംസാരിക്കുന്ന ഒരു പ്രവാചകവചനത്തില്‍ ഇപ്രകാരം വായിക്കാം: ''എന്റെ അടിമയോട് ഞാന്‍ എങ്ങനെ പെരുമാറണമെന്ന് അവന്‍ അഭിലഷിക്കുന്നുവോ അതുപോലെ ഞാന്‍ പെരുമാറും. എപ്പോഴൊക്കെ അവനെന്നെ സ്മരിക്കുന്നുവോ അപ്പോഴൊക്കെ ഞാന്‍ അവനൊപ്പമുണ്ടാവും. അവന്‍ അവന്റെ സ്വത്വത്തില്‍ എനിക്ക് സ്ഥാനം നല്‍കുന്നുവെങ്കില്‍ എന്റെ സ്വത്വത്തില്‍ ഞാന്‍ അവനും സ്ഥാനം നല്‍കും. ആള്‍ക്കൂട്ടത്തില്‍ അവനെന്നെ സ്മരിച്ചാല്‍ വലിയ സഭയില്‍വെച്ച് ഞാനവനെ സ്മരിക്കും. ഒരു ചാണ്‍ എന്നോടടുത്താല്‍ ഒരു മുഴം ഞാനവനോടടുക്കും. ഒരു മുഴം അവനെന്നോടടുത്താല്‍ ഒരു കാതം ഞാനവനോടടുക്കും. അവനെന്നിലേക്ക് നടന്നു വരികയാണെങ്കില്‍ ഞാനവനിലേക്ക് ഓടിച്ചെല്ലും'' (ബുഖാരി, മുസ്‌ലിം).

ഇരുമ്പ് തുരുമ്പെടുക്കുംപോലെ മനസ്സും തുരുമ്പെടുക്കും. ദൈവസ്മരണയിലൂടെയാണ് അതിന്റെ തിളക്കം വീണ്ടെടുക്കാനാവുക. മനസ്സിന്റെ ജാഗ്രതാവസ്ഥയാണ് ദൈവസ്മരണ. ഉദ്ബുദ്ധതയും പ്രബുദ്ധതയുമാണ് ജാഗ്രതയുടെ ഫലങ്ങള്‍. ദൈവസ്മരണ രൂഢമൂലമാവേണ്ടത് മനസ്സിലാണ്. ഹൃദയത്തിലെ ദൈവസ്മരണയാണ് ദൈവസ്മരണകളില്‍ ഏറ്റവും ഉത്തമമെന്ന് വിശുദ്ധവേദം പറയുന്നു (അല്‍അഅ്‌റാഫ്: 205). ദൈവത്തെ സ്മരിക്കുമ്പോള്‍ മനസ്സ് ജാഗ്രത്താവുന്നു. പൈശാചികമായ പ്രേരണകളാല്‍ വല്ലപ്പോഴുമൊക്കെ ദൈവവിസ്മൃതി മുസ്‌ലിമിന് വന്നുചേരാനുള്ള സാധ്യതയുണ്ട്. ദൈവവിസ്മൃതിയില്‍ നിന്ന് മുസ്‌ലിമിന് രക്ഷകനായിത്തീരുന്നത് ഈ ജാഗ്രതയാണ്. വിശുദ്ധ വേദം പറയുന്നു: ''വല്ലപ്പോഴും പിശാച് നിന്നെ വിസ്മൃതിയിലാക്കിയാല്‍ ജാഗ്രത (ദിക്ര്‍) വന്നശേഷം നീ അക്രമികളോടൊപ്പമിരിക്കരുത്'' (അല്‍അന്‍ആം: 68). 

ദൈവസ്മരണ ധിഷണയെയും ധിഷണ ദൈവസ്മരണയെയും പരസ്പരം സ്വാധീനിക്കുന്നു. ദൈവസ്മരണ ധിഷണയെ സ്വാധീനിക്കുന്നതിനെപറ്റി വിശുദ്ധവേദം പറയുന്നു: ''ദൈവഭക്തര്‍ക്ക് പിശാചില്‍നിന്ന് വല്ല ദുര്‍ബോധനവും ഉണ്ടാകുമ്പോള്‍ പൊടുന്നനെ അവര്‍ അതിനെക്കുറിച്ച് ബോധവാന്മാരാകുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായിത്തീരും'' (അല്‍അഅ്‌റാഫ്: 201). സൂക്തത്തില്‍ പ്രയോഗിച്ച തദക്കുര്‍, ബസ്വീറത്ത് പദങ്ങള്‍ സവിശേഷം ശ്രദ്ധിക്കുക. ധര്‍മിഷ്ഠരുടെ സ്വഭാവമാണ് ദൈവസ്മരണയിലൂടെ ഉദ്ബുദ്ധത സ്വായത്തമാക്കുയെന്നത്. ഉള്‍ക്കാഴ്ചയാണ്  ഉദ്ബുദ്ധതയുടെ ഫലം. ദൈവസ്മരണയുടെ ഫലമായി സവിശേഷമായി സിദ്ധമാവുന്ന അനുഗ്രഹമാണ് ഉള്‍ക്കാഴ്ച. ധിഷണ അഥവാ ചിന്ത ദൈവസ്മരണയെ തിരിച്ചും സ്വാധീനിക്കുന്നുണ്ട്. അര്‍റഅ്ദ് അധ്യായത്തില്‍ ദൈവം ഉണര്‍ത്തുന്നു: ''ധിഷണയുള്ളവര്‍ മാത്രമേ കാര്യങ്ങളുള്‍ക്കൊണ്ട് ഉദ്ബുദ്ധരാവുകയുള്ളൂ'' (അര്‍റഅ്ദ്: 19). നിന്നും ഇരുന്നും കിടന്നും ദൈവത്തെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുകയെന്നത് ധിഷണയുള്ളവരുടെ സവിശേഷതകളാണെന്ന്  ആലുഇംറാന്‍ അധ്യായത്തില്‍ (190, 191) വ്യക്തമാക്കുന്നുണ്ട്. വിജ്ഞാനംകൊണ്ടും ചിന്തകൊണ്ടും പ്രബുദ്ധരായവരെ 'അഹ്‌ലുദ്ദിക്ര്‍' എന്ന് വിശുദ്ധവേദം വിശേഷിപ്പിച്ചിട്ടുണ്ട്. 'തദക്കുര്‍' എന്ന സംജ്ഞ മുന്‍നിര്‍ത്തി നിങ്ങള്‍ പ്രബുദ്ധരാവുന്നില്ലേയെന്ന് വിശുദ്ധവേദം നിരന്തരം ചോദിക്കുന്നുണ്ട്. 

''ദൈവസ്മരണ വിശ്വാസികള്‍ക്ക് പ്രയോജനപ്രദമാണ്''(അദ്ദാരിയാത്ത്: 55). ആധ്യാത്മികമായും ഭൗതികമായും ധാരാളം ഫലങ്ങള്‍ ദൈവസ്മരണ മുസ്‌ലിമിന് നല്‍കുന്നു. ദൈവത്തിന്റെ തൃപ്തി, അവന്റെ സ്‌നേഹം, സാമീപ്യം, കാരുണ്യം, ദൈവം നിരീക്ഷിക്കുന്നുവെന്ന ബോധം, ആത്മജ്ഞാനം, തത്ത്വജ്ഞാനം, പാപമുക്തി, പാരത്രികജീവിതത്തില്‍ ദൈവത്തിന്റെ തണല്‍, പ്രാര്‍ഥന സ്വീകരിക്കപ്പെടല്‍, സ്വര്‍ഗപ്രവേശം എന്നിവ ദൈവസ്മരണയുടെ ആധ്യാത്മികഫലങ്ങളാണ്. ജീവിതത്തിലെ സന്തുഷ്ടി, നിര്‍മലത, ഉണര്‍വ്,  ശാരീരികമായ പ്രസന്നത, സ്വത്വവിശുദ്ധി, ധര്‍മബോധം, അനുഭൂതികള്‍ നിറഞ്ഞ ജീവിതം തുടങ്ങിയവ ദൈവസ്മരണയുടെ ഭൗതികഫലങ്ങളാണ്. ദൈവസ്മരണയിലൂടെ മാത്രമേ ഐഹികജീവിതം സുഖസമ്പൂര്‍ണമാവുകയുള്ളൂവെന്ന് ദുന്നൂനുല്‍ മിസ്വ്‌രി പറഞ്ഞിട്ടുണ്ട്. എല്ലാറ്റിനുപരി മനുഷ്യന്റെ ഇരുലോകത്തുമുള്ള സമാധാനമാണ് ദൈവസ്മരണയുടെ മികച്ച ഫലം: ''അറിയുക, ദൈവസ്മരണയിലൂടെ മാത്രമേ ഹൃദയങ്ങള്‍ സമാധാനം പുല്‍കുകയുള്ളൂ'' (അര്‍റഅ്ദ്: 28). ''അല്ലയോ ശാന്തി നേടിയ ആത്മാവേ, തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും നീ നിന്റെ നാഥനിലേക്ക് തിരിച്ചുചെല്ലുക. എന്റെ ഉത്തമദാസന്മാരുടെ കൂട്ടത്തിലും സ്വര്‍ഗത്തിലും പ്രവേശിച്ചുകൊള്ളുകയും ചെയ്യുക''(അല്‍ഫജ്ര്‍: 27-30). 

ദൈവസ്മരണ നിത്യം നിലനിര്‍ത്തിയവരായിരുന്നു പൂര്‍വസൂരികള്‍. തീക്കല്ലില്‍ അഗ്നിസ്ഫുലിംഗമെന്ന പോലെയായിരുന്നു പൂര്‍വസൂരികളില്‍ ദൈവസ്മരണ. മുന്‍പ്രവാചകന്മാരും മുഹമ്മദ് നബിയും പ്രവാചകസഖാക്കളും ദൈവസ്മരണയുടെ കാര്യത്തില്‍ മികച്ച മാതൃകകളാണ്. തത്ത്വജ്ഞാനിയായ ലുഖ്മാന്‍ മറ്റു കാര്യങ്ങളിലെന്നപോലെ ദൈവസ്മരണയുടെ കാര്യത്തിലും വലിയ പാഠമാണ്. ദൈവസ്മരണയെ വെളിച്ചത്തോടും ദൈവവിസ്മൃതിയെ ഇരുട്ടിനോടുമാണ് അദ്ദേഹം ഉപമിക്കുന്നത്. ധാരാളം ധാരാളമായി ദൈവത്തെ സ്മരിക്കുന്ന പ്രകൃതമായിരുന്നു പ്രവാചകനുണ്ടായിരുന്നതെന്ന് ആഇശ(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാചകസഖാക്കള്‍ ആവശ്യം വരുമ്പോള്‍ വൃത്തത്തിലിരുന്ന് ദൈവസ്മരണയില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. അങ്ങനെയുള്ള  സംഘത്തെ ദൈവം മാലാഖമാരുടെ മുമ്പില്‍ വെച്ച് അഭിനന്ദിച്ചതായി പ്രവാചകന്‍ അറിയിക്കുകയുണ്ടായി. ദൈവത്തെ സ്മരിക്കുമ്പോള്‍ പൂര്‍വസൂരികള്‍ക്കുണ്ടാവുന്ന അവസ്ഥയെ സംബന്ധിച്ച് അലി(റ) വര്‍ണിക്കുന്നുണ്ട്. ശക്തമായ കാറ്റില്‍പെട്ട മരങ്ങളെപ്പോലെ ദൈവഭയത്താല്‍ ചായുകയും ചെരിയുകയും ചെയ്യാറുണ്ടായിരുന്നു അവര്‍. വസ്ത്രങ്ങള്‍ കണ്ണീര്‍തുള്ളികള്‍കൊണ്ട് കുതിര്‍ന്നുപോവും. 

ദൈവസ്മരണ സദാസമയം നിലനിര്‍ത്താനാവുകയെന്നത് ദൈവികമായ അനുഗ്രഹമാണ്. ശ്വാസോഛ്വാസം പോലെയാവണം ദൈവസ്മരണ. ജീവനെ നിലനിര്‍ത്തുന്ന ജൈവികമായ സംവിധാനമാണ് ശ്വാസോഛ്വാസം. അതു നിലച്ചാല്‍ ജീവന്‍ നിലച്ചു. പകരം  ജഢമാണ് അവശേഷിക്കുക. വിശ്വാസിയുടെ സ്വത്വത്തിന്റെ തിളക്കം നിലനിര്‍ത്തുന്ന ആധ്യാത്മിക തന്തുവാണ് ദൈവസ്മരണ. ദൈവസ്മരണ അന്യംനിന്നാല്‍ പിന്നീടുണ്ടാവുക ദൈവവിസ്മൃതിയാണ്. ദൈവസ്മരണയുടെ മറുപുറമാണ് ദൈവവിസ്മൃതി. സ്മരണ ജാഗ്രതയും വിസ്മൃതി അലസതയുമാണ്. ദൈവവിസ്മൃതി മനസ്സിന്റെ ജഢാവസ്ഥയാണ്. മുസ്‌ലിം ഒരുനിലക്കും ദൈവവിസ്മൃതിയില്‍ അകപ്പെടാവതല്ല. ''ദൈവത്തെ മറന്നതിനാല്‍ സ്വയം വിസ്മൃതരാക്കി ദൈവം മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍'' (അല്‍ഹശ്ര്‍: 19). ഫഖ്‌റുദ്ദീന്‍ റാസി പറയുന്നു: 'നരകപ്രവേശം അനിവാര്യമാക്കിത്തീര്‍ക്കുന്നത് ദൈവസ്മരണയില്‍നിന്നുള്ള അശ്രദ്ധയാണ്. നരകശിക്ഷയില്‍നിന്ന് രക്ഷയേകുന്നതാകട്ടെ ദൈവസ്മരണയും.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം