Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

മൗനത്തിന്റെ അര്‍ഥങ്ങള്‍; വാക്കിലെ അനര്‍ഥങ്ങള്‍

ഡോ. യാസീന്‍ അശ്‌റഫ്

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുംബൈയിലെ അനില്‍ ഗല്‍ഗലിക്ക് ഒരു കത്തു കിട്ടി. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് നല്‍കിയ തത്സമയ ഇന്റര്‍വ്യൂകള്‍, വാര്‍ത്താ സമ്മേളനങ്ങള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ തേടിക്കൊണ്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്.

ഓഫീസില്‍ അതു സംബന്ധിച്ച രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല എന്നായിരുന്നു ആ മറുപടി. സൂക്ഷിക്കാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല എന്നു പറഞ്ഞാലും ശരിയാകുമായിരുന്നു. തന്റെ മുന്‍ഗാമിയായ ഡോ. മന്‍മോഹന്‍ സിംഗിനെ 'മൗനമോഹനെ'ന്നു വിളിച്ച് പരിഹസിച്ചിരുന്ന മോദി അധികാരത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളില്‍നിന്ന് ഭയന്ന് ഓടുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റാനിടയില്ല. മുമ്പ് ഒരു പ്രധാനമന്ത്രിയും വാര്‍ത്താ സമ്മേളനങ്ങള്‍ പാടേ ഒഴിവാക്കിയിട്ടില്ല. മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി മോദി മാധ്യമ ഉപദേഷ്ടാവ് എന്ന പദവിയില്‍ ആരെയും വെച്ചില്ല. 44 മാസം കൊണ്ട് അത്രയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വിദേശയാത്ര ചെയ്ത് റെക്കോര്‍ഡിട്ട അദ്ദേഹം മറ്റൊരു ചരിത്രം കൂടി രചിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍ എല്ലാ നയതന്ത്ര യാത്രകളിലും കുറേ മാധ്യമപ്രതിനിധികളെ ഒപ്പം കൊണ്ടുപോവുകയും അവരിലൂടെ ജനങ്ങളുമായി വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മോദി ആ പതിവ് ലംഘിച്ചു. മാധ്യമങ്ങളുമായി ഇടപഴകുന്നതില്‍നിന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിലക്കി (കൗതുകം അവിടെ തീരുന്നില്ല. പുല്‍വാമ -ബാലാകോട്ട് സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ സംശയങ്ങളുയര്‍ന്ന ഒരു ഘട്ടത്തില്‍ സൈനിക നേതാക്കള്‍ നേരിട്ട് മാധ്യമങ്ങളെ കാണുന്ന അസാധാരണ ദൃശ്യവും കണ്ടു. രാഷ്ട്രീയ നേതൃത്വമാണ് സാധാരണ മാധ്യമങ്ങളെ 'ബ്രീഫ്' ചെയ്യുക. സൈന്യം മുന്നില്‍ നില്‍ക്കുന്ന രീതി മുമ്പ് പാകിസ്താന്റേതായിരുന്നു).

വലിയ ആത്മവിശ്വാസക്കുറവാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നരേന്ദ്ര മോദി പ്രകടിപ്പിച്ചുപോന്നിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (2007-ല്‍) കരണ്‍ ഥാപ്പര്‍ക്ക് അഭിമുഖം നല്‍കിയതാണ് ഒരു അപവാദം. എന്നാല്‍ ഥാപ്പറുടെ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടിയപ്പോള്‍ അദ്ദേഹം ഇടക്കുവെച്ച് അഭിമുഖം നിര്‍ത്തി ഇറങ്ങിപ്പോവുകയായിരുന്നു. പ്രധാനമന്ത്രിയായ ശേഷം തീര്‍ത്തും 'സുരക്ഷിത'മായ അഭിമുഖങ്ങള്‍ക്കേ മോദി നിന്നുകൊടുത്തിട്ടുള്ളൂ. സീ ന്യൂസ്, ടൈംസ് നൗ, റിപ്പബ്ലിക് ടി.വി തുടങ്ങിയവക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളേ ഉണ്ടായില്ല. പലപ്പോഴും പുകഴ്ത്തുന്ന കമന്റുകള്‍ കൊണ്ട് മോദിയെ സുഖിപ്പിക്കാനും അവര്‍ തയാറായി ('കൂട്ടത്തില്‍ പറയട്ടെ, താങ്കളുടെ ആ പ്രസംഗം ഉഗ്രനായി!' എന്ന് റിപ്പബ്ലിക് ടി.വിയുടെ അര്‍ണബ് ഗോസ്വാമി. അര്‍ണബ് അലറാതെ അഭിമുഖം നടത്തുന്ന അപൂര്‍വ കാഴ്ച കാണാന്‍ ആ യൂട്യൂബ് വീഡിയോ നോക്കുക). 'സുരക്ഷിത' അഭിമുഖങ്ങള്‍ക്കു പോലും ചോദ്യങ്ങള്‍ മുന്‍കൂട്ടി വാങ്ങി മുനകളെല്ലാം കളഞ്ഞേ മോദി ഇറങ്ങൂ എന്ന് കേട്ടിട്ടുണ്ട്. എ.എന്‍.ഐക്ക് കുറച്ചു മുമ്പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ സ്മിത പ്രകാശാണ് മോദിയെ അഭിമുഖീകരിച്ചത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പാകത്തില്‍ ചോദ്യമുന്നയിച്ച അഭിമുഖക്കാരി, ആ മറുപടികളില്‍ ചോദിക്കേണ്ട ഉപചോദ്യങ്ങള്‍ ഉന്നയിച്ചതേയില്ല ('പ്ലയബ്ള്‍ ജേണലിസ്റ്റ്' എന്ന് രാഹുല്‍ ഗാന്ധി).

മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുന്നയാളെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിക്കുമ്പോള്‍ അതിനര്‍ഥം അദ്ദേഹം പുറമേക്ക് പ്രത്യക്ഷപ്പെടുന്നില്ല എന്നല്ല. വാസ്തവത്തില്‍ മറ്റേതു പ്രധാനമന്ത്രിയേക്കാളും മാധ്യമ ദൃശ്യത (വിസിബിലിറ്റി) അദ്ദേഹത്തിനുണ്ട്. വെബ്‌സൈറ്റ്, 'മോദി ആപ്പ്', ഫേസ്ബുക്-ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങള്‍, 'മന്‍ കീ ബാത്' റേഡിയോ പ്രഭാഷണം, ഗൂഗ്ള്‍ ഹാങ്ങൗട്ട് എന്നിങ്ങനെ ഏറ്റവും പുതിയ മാധ്യമസങ്കേതങ്ങള്‍ ഉപയോഗിക്കുന്നയാളാണ് അദ്ദേഹം. അവയുടെ പ്രത്യേകത, അവയില്‍ ഫലത്തില്‍ നടക്കുന്നത് ഏകദിശാ വിനിമയം (വണ്‍വേ കമ്യൂണിക്കേഷന്‍) ആണ് എന്നതത്രെ. പൊതു മാധ്യമങ്ങളില്‍ പ്രതിഛായ വളര്‍ത്താന്‍ മോദി പരസ്യങ്ങളടക്കമുള്ള പബ്ലിക് റിലേഷന്‍സ് ഉപാധികള്‍ സ്വീകരിക്കുന്നു. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് അദ്ദേഹവും ബി.ജെ.പിയും നടത്തിയ പ്രചാരണങ്ങളെ തുറന്നുകാട്ടുന്ന പുസ്തകമാണ് സ്വാതി ചതുര്‍വേദിയുടെ 'അയാം എ ട്രോള്‍' (I Am a Troll).

കരണ്‍ ഥാപ്പറുമായി പിണങ്ങിപ്പോയ ശേഷം അത്തരമൊരു 'മാധ്യമ വിചാരണ'ക്കും മോദി നിന്നു കൊടുത്തിട്ടില്ല. ഗുജറാത്ത് വംശഹത്യയെക്കുറിച്ച ചോദ്യമാണ് അദ്ദേഹത്തെ അന്ന് പ്രകോപിപ്പിച്ചത്. വംശഹത്യയുടെ കളങ്കം മായ്ച്ച് 'വികസന നായകന്‍' എന്ന പുതിയ പ്രതിഛായ സൃഷ്ടിക്കാന്‍ മോദിയും അദ്ദേഹത്തിന്റെ 'ട്രോള്‍ സൈന്യ'വും ആസൂത്രിതമായി ശ്രമിച്ചുവന്നിട്ടു്. ആപ്‌കോ ഇന്റര്‍നാഷ്‌നല്‍ എന്ന (കു)പ്രസിദ്ധ പബ്ലിക് റിലേഷന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ച 2012-ല്‍ തന്നെ (പ്രധാനമന്ത്രിയാകുന്നതിനു രണ്ടു കൊല്ലം മുമ്പ്) അദ്ദേഹം ലോക്‌സഭയിലേക്ക് ജയം ഉറപ്പിച്ചെന്നു പറയാം. ഇന്ത്യ ടുഡേ, നെറ്റ്‌വര്‍ക് 18 തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ മെഗാ ഇവന്റുകളിലൂടെ മോദി വികസന ചിഹ്നമായി അവരോധിതനായി. ഇന്ത്യാ ടി.വിയില്‍ രജത് ശര്‍മ എന്ന മോദിഭക്തനുമായി നടത്തിയ 'ആപ് കി അദാലത്ത്' പരിപാടി മോദിയെ ദല്‍ഹിക്കു വേണ്ടി 'റീ ബ്രാന്റ്' ചെയ്തു. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കു മാത്രമായി ചെറുപ്പക്കാരുടെ ഒരു ടീം ബംഗളൂരുവില്‍ മുഴുസമയം പ്രവര്‍ത്തിച്ചു. മോദി എന്ന 'പ്രൊഡക്ടി'നെ 'ബ്രാന്റ്' ചെയ്ത് 'മാര്‍ക്കറ്റ്' ചെയ്ത് 'ആപ്‌കോ' വിജയിപ്പിച്ചു.

ന്യൂസ് ക്യാമറയുടെ ഫോക്കസില്‍ കൃത്യമായി നിലകൊള്ളാന്‍ മോദിക്കുള്ള സാമര്‍ഥ്യം അസൂയാവഹമാണ്. എന്നാല്‍, പുറമേക്ക് സ്വയം കാണിക്കാനും കേള്‍പ്പിക്കാനും ശ്രമിക്കുമ്പോള്‍ തന്നെ, പ്രധാനമന്ത്രിയുടെ സ്വരം കേള്‍ക്കാന്‍ രാജ്യം ആഗ്രഹിച്ച പല സന്ദര്‍ഭങ്ങളിലും മോദി മൗനം പാലിച്ചു. ആള്‍ക്കൂട്ടക്കൊലകള്‍ മുതല്‍, ഏറ്റവുമൊടുവില്‍ കശ്മീരികള്‍ ഇതര സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെട്ടതുവരെയുള്ള പല സംഭവങ്ങളിലും ആ മൗനം ഉച്ചത്തിലുള്ള സന്ദേശം കൂടിയായിരുന്നു. ഗുജറാത്തില്‍ വംശഹത്യക്ക് ആധ്യക്ഷം വഹിച്ച ഒരാളുടെ അണിയറ സാന്നിധ്യം തന്നെയാണ് ആ നിശ്ശബ്ദതയും വിളംബരം ചെയ്തത്.

മിണ്ടാതിരുന്ന കുറ്റം ഒരു വശത്ത്. മിിയതിലെ കുറ്റം മറുവശത്ത്. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിലവാരം കെട്ട് സംസാരിച്ചാല്‍ തിരുത്താന്‍ സന്നദ്ധരാകുന്നവരാണ് യഥാര്‍ഥ നേതാക്കള്‍; ശരിയായ രാജ്യതന്ത്രജ്ഞര്‍. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പദവികളില്‍ ഇരിക്കുന്നവരുടെ ഭാഷയിലും ശൈലിയിലുമെല്ലാം പക്വതയും മാന്യതയും സമൂഹം പ്രതീക്ഷിക്കുന്നു. എന്നാല്‍ ദേശീയതലത്തില്‍ തന്നെ വിവിധ വിഷയങ്ങളെക്കുറിച്ച സംവാദങ്ങളെ ശകാരവും തെറിവിളിയുമായി അധഃപതിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ സൗകര്യമൊരുക്കിയപ്പോള്‍ പ്രധാനമന്ത്രി ഉചിതമായല്ല ഇടപെട്ടത്. വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ടക്കൊലകള്‍ക്കു വരെ പ്രചോദനമായിത്തീര്‍ന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി ആ ഹിംസാത്മകതയെ തിരുത്താന്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, വ്യാജം പരത്തുന്നവരെ 'ട്വിറ്റര്‍' പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നത് തുടര്‍ന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനമല്ലെങ്കില്‍ മറ്റെന്താണത്?

പൊതു സംവാദങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് മോദി തന്റേതായ സംഭാവന നല്‍കിയിട്ടുണ്ട്. 'ഓവര്‍ കോട്ടിട്ട് കുളിക്കുന്നയാള്‍' എന്ന് മുന്‍ പ്രധാനമന്ത്രിയെ വിളിക്കുമ്പോള്‍ തന്റെ പദവിയുടെ അന്തസ്സ് ഇടിയുന്നത് അദ്ദേഹമറിഞ്ഞില്ല. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മറ്റു രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ വിഭാഗീയ പ്രസംഗങ്ങള്‍ നിര്‍ത്തിവെച്ചപ്പോഴും തനി രാഷ്ട്രീയം പറയുകയാണ് മോദി ചെയ്തത്. അസ്ഥാനത്ത് 'തമാശ' പറഞ്ഞ് മോദി താനിരിക്കുന്ന കസേരയുടെ മഹത്വം ഇടിച്ചതിന് കുറേ ഉദാഹരണങ്ങളുണ്ട്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ദരിദ്രര്‍, സൈനികര്‍ തുടങ്ങി അദ്ദേഹത്തിന്റെ പരിഹാസത്തിനിരയായ വിഭാഗങ്ങള്‍ ഏറെ. ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ വെച്ച് ഒരു വിദ്യാര്‍ഥിനി, പഠനവൈകല്യം (ഡിസ്‌ലെക്‌സിയ) ഉള്ള കുട്ടികള്‍ക്കായി താന്‍ രൂപകല്‍പന ചെയ്ത സംവിധാനത്തെപ്പറ്റി പറഞ്ഞപ്പോള്‍ മോദി അത് രാഹുല്‍ ഗാന്ധിയെ കളിയാക്കാനുള്ള അവസരമാക്കി: 40-50 വയസ്സുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതാണോ അത് എന്ന ചോദ്യം പഠനവൈകല്യമുള്ള കുട്ടികളെക്കൂടി അധിക്ഷേപപാത്രമാക്കുന്നതായി. സഹപ്രവര്‍ത്തകയായ മന്ത്രി സുഷമ സ്വരാജിനെ, മിശ്ര വിവാഹിതര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിലെ തടസ്സം നീക്കിയതിന്റെ പേരില്‍ സംഘ് പരിവാര്‍ ട്രോളുകള്‍ കടന്നാക്രമിച്ചപ്പോള്‍ മൗനം കൊണ്ട് അതിനെയും പിന്താങ്ങി മോദി.

സ്വതന്ത്ര മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയതും പൊതു സംവാദങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് കൂട്ടുനിന്നതും മാത്രമല്ല നരേന്ദ്ര മോദിയുടെ മാധ്യമ 'ഇടപെടലി'ന്റെ പ്രത്യേകതകള്‍. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തന്നെ ആപല്‍ക്കരമെന്ന സ്ഥിതി വരുത്താനും അദ്ദേഹത്തിന്റെ ഭരണം നിമിത്തമായിട്ടുണ്ട്. മോദിയുടെ ഇഷ്ടക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോര്‍പറേറ്റുകള്‍ തങ്ങള്‍ക്കെതിരെ ദ കാരവന്‍, ദ വയര്‍, എന്‍.ഡി.ടി.വി തുടങ്ങിയ മാധ്യമങ്ങള്‍ ചെയ്ത അന്വേഷണാത്മക റിപ്പോര്‍ട്ടുകളെ നേരിട്ടത് അപകീര്‍ത്തി കേസുകള്‍ കൊടുത്താണ്. 'സ്‌ലാപ്' (SLAPP- Strategic Law Suit Against Public Participation)  എന്ന കരിനിയമം അതിനവര്‍ക്ക് പിന്‍ബലം നല്‍കുന്നു. അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാറില്‍ അമിത സ്വാധീനമുണ്ടെന്ന് ലേഖനമെഴുതിയതിനാണ് പരഞ്ജയ് ഗുഹ ഠാകുര്‍ത്തക്ക് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി എഡിറ്റര്‍ സ്ഥാനം നഷ്ടമായത്. ഇത് സംഭവിച്ച 2017 ജൂലൈയില്‍ തന്നെയാണ് 'ടി.വി 9' എന്ന മറാഠി ചാനലിലെ വിഖ്യാത സംവാദ പരിപാടിയായിരുന്ന 'സാഡേ തോഡ്' പെട്ടെന്നൊരു നാള്‍ നിര്‍ത്തിയതും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളെ നിശിതമായി വിചാരണ ചെയ്യുന്നതായിരുന്നു പരിപാടി. കഴിഞ്ഞ കൊല്ലം ആഗസ്റ്റില്‍ എ.ബി.പി ന്യൂസില്‍നിന്ന് മൂന്നു പേര്‍ (മിലിന്ദ് ഖണ്ഡേല്‍, പുണ്യ പ്രസൂണ്‍ ബാജ്‌പൈ, അഭിസാര്‍ ശര്‍മ) പുറത്തായി. ചാനലിലെ 'മാസ്റ്റര്‍ സ്‌ട്രോക്' പരിപാടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടപ്പോള്‍ അപലപിക്കാതെ മൗനം പാലിച്ച നരേന്ദ്ര മോദി, അവരെ നിന്ദിച്ച് കുറിപ്പിട്ട കുറേ ട്വിറ്റര്‍ പേജുകളെ ഫോളോ ചെയ്യുന്നുമുണ്ട്. മോദിയെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപവും ഭീഷണിയും കേള്‍ക്കേണ്ടിവന്ന സംഭവങ്ങള്‍ വളരെയേറെയുണ്ട്. ഗുജറാത്തില്‍ മോദി ഭരണകാലത്ത് പോ ലീസുദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഐ.പി.എസ്സിനെ പഴയ കേസ് പൊ ടി തട്ടിയെടുത്ത് അറസ്റ്റ് ചെയ്തതിനു പിന്നില്‍, അദ്ദേഹത്തിന്റെ 'മോദിവിരുദ്ധ' പോസ്റ്റുകളാണ് കാരണമെന്ന് ന്യായമായും സംശയിക്കാം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഉപയോഗിച്ചാണ് മാധ്യമങ്ങളെ നിയന്ത്രിച്ചതെങ്കില്‍ മോദി അതില്ലാതെതന്നെ അത് സാധിക്കുന്നു.

സമഗ്രാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകില്ല; പൗരന്മാരെ രഹസ്യ നിരീക്ഷണം നടത്തുന്ന സംവിധാനങ്ങള്‍ ശക്തമായിരിക്കുകയും ചെയ്യും. ഇന്ത്യയില്‍ സമൂഹമാധ്യമ ഉള്ളടക്കം രഹസ്യമായി നിരീക്ഷിക്കാന്‍ അനേകം ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇലക്‌ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ എന്ന സ്ഥാപനം 2015-ലേ നിലവില്‍ വന്നിട്ടുണ്ട്. പ്രധാനമന്ത്രിക്കും മറ്റുമെതിരെ മാധ്യമങ്ങളില്‍ എന്തെല്ലാം വരുന്നു എന്ന് നിരീക്ഷിക്കലാണത്രെ ഇതിന്റെ പ്രധാന ജോലി.

മോദി ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞതായി 'റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും കുറവ് ഉത്തര കൊറിയയിലത്രെ- 180-ാം സ്ഥാനം. ഇന്ത്യയുടെ സ്ഥാനം (2018-ല്‍) 138 ആണ്.

ഭീഷണി കൊണ്ടും പ്രലോഭനം കൊണ്ടും മാധ്യമങ്ങളെ വരുതിയില്‍ വരുത്തുന്നതില്‍ മോദി ഭരണകൂടം കുറേ വിജയിച്ചിട്ടുണ്ട്. ചങ്ങാത്ത മുതലാളിത്തം പോലെ ചങ്ങാത്ത മാധ്യമ പ്രവര്‍ത്തനവും പുഷ്ടിപ്പെടുന്നു. അതേസമയം ചോദ്യം ചെയ്യുന്നവരും വിമര്‍ശിക്കുന്നവരും പലതരത്തില്‍ വേട്ടയാടപ്പെടുന്നു. 

സ്വതന്ത്ര മാധ്യമങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നുവെച്ച കണ്ണും കാതുമാകുമ്പോള്‍ ഭരണകൂടം സൂക്ഷ്മത പുലര്‍ത്തേണ്ടിവരും. അവയെ നേരിടാനുള്ള ഭയം സുതാര്യതയില്ലായ്മയെ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ മാധ്യമ സമ്പര്‍ക്കങ്ങളുടെ രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സൂക്ഷിച്ചുവെക്കാത്തത് വെറുതെയല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം