'മുസ്ലിംപേടി' ഊതിക്കത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍
ന്യൂദല്‍ഹിയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കവെ സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു: ''ഇരു അയല്‍ രാജ്യങ്ങള്‍ക്കുമിടയിലെ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്ന സന്ദര്‍ഭത്തില്‍, മാധ്യമങ്ങള്‍ വിശിഷ്യാ ഇലക്ട്രോണിക് മാധ്യമങ്ങള്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് ഇടപെട്ടത്. ടി.വി സ്റ്റുഡിയോകള്‍ യുദ്ധമുറികളായി മാറിയ പ്രതീതിയായിരുന്നു. ആള്‍ക്കൂട്ട ഉന്മാദം സൃഷ്ടിച്ച് അയല്‍ രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവ. ചാനല്‍ മുറികളിലെ വാര്‍ത്തകളും സംവാദങ്ങളും ചര്‍ച്ചകളും യുദ്ധജ്വരം പടര്‍ത്താനാണ് സഹായകമായത്.'' തെളിവുകള്‍ പരതേണ്ടതില്ലാത്തവിധം നാമെല്ലാം അനുഭവിച്ചറിഞ്ഞ വസ്തുതയാണിത്. യുദ്ധജ്വരം അതിന്റെ മൂര്‍ധന്യത്തിലെത്തിക്കാന്‍ എന്തു കള്ളക്കഥയും ഉത്തേരന്ത്യന്‍ മീഡിയ മെനയുമെന്നും നാം മനസ്സിലാക്കി.
അതിലേറ്റവും ബീഭത്സമായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സി.എന്‍.എന്‍ ന്യൂസ് 18 ചാനലും കെട്ടിച്ചമച്ച കള്ളങ്ങള്‍. 'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി കമാന്‍ഡര്‍ ഇന്‍ ചീഫ്' എന്ന് വാസ്തവവിരുദ്ധമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയെ വിശേഷിപ്പിച്ച ശേഷം, അദ്ദേഹത്തെ 'ഭീകരന്' എന്ന് അധിക്ഷേപിക്കുകയും ചെയ്തു ഗോസ്വാമിയുടെ ഗവണ്മെന്റ് അനുകൂല റിപ്പബ്ലിക് ടി.വി ചാനല്‍. മൗലാനാ ഉമരി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അധ്യക്ഷന്‍ മാത്രമല്ല, ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഉപാധ്യക്ഷന്‍ കൂടിയാണ്. പ്രഗത്ഭ എഴുത്തുകാരനും പണ്ഡിതനുമാണ്. പൊതുവേദികളിലെ നിതാന്ത സാന്നിധ്യമാണ്. ഇതൊന്നും അറിയാത്തവരായിരിക്കില്ല ആ ചാനലില്‍ പ്രവര്‍ത്തിക്കുന്നവര്‍. എന്‍.ഡി.ടി.വി ആങ്കറായ രവീഷ് കുമാര്‍ കൃത്യമായി നിരീക്ഷിച്ചതുപോലെ, യുദ്ധജ്വരം കുത്തിയിളക്കണമെങ്കില് പ്രേക്ഷകരില്‍ 'മുസ്ലിംപേടി' ഉല്പാദിപ്പിച്ചുകൊണ്ടിരിക്കണം. സമാദരണീയനായ ഈ മുതിര്‍ന്ന നേതാവിനെയും പണ്ഡിതനെയും അതിനുള്ള കരുവാക്കുകയായിരുന്നു എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ മൗലാനാ ഉമരിയും പേഴ്സണല്‍ ലോ ബോര്‍ഡ് നേതാക്കളും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, അബദ്ധം പിണഞ്ഞതാണെന്നു പറഞ്ഞ് റിപ്പബ്ലിക്ക് ടി.വി മാപ്പ് പറഞ്ഞ് കൈകഴുകുകയായിരുന്നു. അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അവര്‍ വെബ്സൈറ്റില്‍നിന്ന് നീക്കുകയും ചെയ്തു.
ഇതിനേക്കാള്‍ അത്യന്തം ആപത്കരമായിരുന്നു സി.എന്‍.എന്‍-ന്യൂസ് 18-ന്റെ വാര്‍ത്താ അവതരണം. ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്ശെ മുഹമ്മദിന്റെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ ബഹാവല്‍പൂരിലുള്ള 'ഭീകര ഫാക്ടറി'യെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കവെ ചാനല്‍ കാണിച്ചുകൊണ്ടിരുന്നത് ലോക മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രങ്ങളായ മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും ജറൂസലമിലെ മസ്ജിദുല്‍ അഖ്സ്വായുടെയുമൊക്കെ ചിത്രങ്ങളായിരുന്നു. ഇവയും മസ്ഊദ് അസ്ഹറിന്റെ 'ഭീകര ഫാക്ടറി'യുടെ ഭാഗമാണ് എന്നര്‍ഥം! ഇതൊക്കെ അബദ്ധത്തില്‍ വന്നുപോകുന്നതാണെന്ന് എങ്ങനെ പറയാന്‍ കഴിയും? ഉത്തരേന്ത്യന്‍ മുഖ്യധാരാ മീഡിയാ പ്രവര്‍ത്തനത്തിന്റെ സമീപകാലത്തെ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിത്. ഇതുപോലെ നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഫാഷിസ്റ്റ് ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ഈ മാധ്യമങ്ങള്‍, സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഇറങ്ങിക്കളിക്കുകയാണ്. അതു സംബന്ധമായ ഗൗരവപ്പെട്ട ഉണര്‍ത്തലുകളുണ്ട് ഈ ലക്കത്തില്‍.
Comments