Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

സത്യം തന്നെയാണ് സൗന്ദര്യം

ഫൈസല്‍ കൊച്ചി

('തനിമ' നയരേഖ പ്രഖ്യാപിക്കുന്നത്)

മനുഷ്യനും ദൈവവും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ക്രിയാത്മകബന്ധത്തിന്റെ പ്രകാശനമാണ് കലയും സാഹിത്യവും. മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങള്‍ പൊതുവെ കലാ-സാഹിത്യ വ്യവഹാര മണ്ഡലങ്ങള്‍ക്ക് ചിരപരിചിതമാണ്. ആ ചര്‍ച്ചാവേദിയിലേക്ക് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ  ചേര്‍ത്തുനിര്‍ത്തുവെന്നതാണ് തനിമ കലാസാഹിത്യ വേദിയുടെ പ്രധാന പ്രവര്‍ത്തനം. സാമൂഹിക ബന്ധങ്ങളില്‍നിന്നും, സാഹിത്യചിന്തകളില്‍നിന്നും മതത്തെയും ദൈവത്തെയും മാറ്റിനിര്‍ത്താനുള്ള ബദ്ധപ്പാടുകളില്‍ വിയര്‍ത്തൊലിക്കുന്നവരാണ് പുരോഗമനമെന്ന് സ്വയം ലേബലോട്ടിച്ചവര്‍. അതു തന്നെയാണ് അവരുടെ പരാജയത്തിന്റെയും പുറകോട്ടുനടക്കലിന്റെയും കാരണമെന്ന് കണ്ടെത്താന്‍ അവര്‍ക്കിനിയും കഴിഞ്ഞിട്ടില്ല. സെക്യുലരിസം എന്ന പാശ്ചാത്യചിന്തയുടെ തടവറകളില്‍ ജീവിക്കാനിഷ്ടപ്പെടുന്നവരാണ് അവരില്‍ പലരും. ഭരണഘടനാശില്‍പ്പികള്‍, ഇന്ത്യയുടെ മതേതരത്വം പാശ്ചാത്യരില്‍നിന്നും കടം കൊണ്ടതല്ലെന്ന് പലവുരു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ മതേതര മാതൃക ഒരിക്കലും മതരഹിതമോ ദൈവനിഷേധമോ ആയിരുന്നില്ല. പക്ഷേ അതിനെ നാസ്തികതയുടെയും യുക്തിവാദത്തിന്റെയും ആലയില്‍ കൊണ്ടുപോയി തളക്കുകയെന്ന സാഹസത്തിനാണ്  സാഹിത്യപ്രസ്ഥാനങ്ങള്‍ മുതിര്‍ന്നത്. അവയെ സജീവമായി ചെറുക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ക്ക്  വേണ്ടത്ര ശക്തിയില്ലായിരുന്നു. ചെറുക്കുന്നവരെയെല്ലാം വര്‍ഗീയവാദികള്‍ എന്ന ചാപ്പ കുത്തി മനുഷ്യവര്‍ഗത്തിന്റെ ശത്രുക്കളായി പ്രതിഷ്ഠിക്കുമായിരുന്നു. സാഹിത്യകാരന്മാരും കലാകാരന്മാരും ഒരിക്കലും ഇഷ്ടപ്പെടാത്തതായിരുന്നു ഈ വര്‍ഗീയമുദ്ര. പാശ്ചാത്യ മതേതരത്വത്തെ പിന്തുടരുകയും പകര്‍ത്തുകയും വഴി കലാ സാഹിത്യത്തിന്റെ യഥാര്‍ഥ സൗന്ദര്യം നഷ്ടപ്പെടുകയാണെന്നു വിളിച്ചുപറയുന്നവര്‍ വളരെ കുറവായിരുന്നുവെന്ന് സാരം. സധൈര്യം അത് പ്രഖ്യാപിക്കുകയും ആത്മീയതയുടെ സൗന്ദര്യത്തെ കലയിലേക്കും സാഹിത്യത്തിലേക്കും തിരിച്ചുകൊണ്ടുവരികയും ചെയ്യുകയാണ് 'തനിമ.' ഒരേസമയം മതമൂല്യങ്ങളെ പിന്തുണക്കുകയും അതേ സന്ദര്‍ഭത്തില്‍ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് തനിമ ഉയര്‍ത്തിപ്പിടിക്കുന്നത്. 

1789-ലെ ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിയ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യത്തെ വെറുത്തിരുന്ന ഭരണവര്‍ഗചിന്തകളില്‍നിന്നാണല്ലോ ജര്‍മന്‍ നാസിസവും  ഇറ്റാലിയന്‍ ഫാഷിസവും രൂപം പ്രാപിക്കുന്നത്. 1789-നെ ചരിത്രത്തില്‍നിന്നും തുടച്ചുനീക്കുമെന്നായിരുന്നു ഗീബല്‍സിന്റെ പ്രഖ്യാപനം. 1933-ലാണ് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ അധികാരം പിടിച്ചെടുക്കുന്നത്. പിന്നീട് നടന്നതെല്ലാം വിവരണാതീതമായ ക്രൂരതകള്‍. ദേശീയതയെ വേണ്ടതിലധികം ഊതിവീര്‍പ്പിക്കുകയായിരുന്നു ഹിറ്റ്‌ലര്‍. 'വെണ്ണക്കു പകരം വെടിയുണ്ട' എന്ന ആശയം അയാള്‍ മുന്നോട്ടുവെച്ചു. 1933-ല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ സ്‌പെയിനിലെ റിപ്പബ്ലിക്കന്‍ ഭരണം അട്ടിമറിച്ച്, ഏകാധിപത്യഭരണക്രമം സ്ഥാപിച്ചു. ഹിറ്റ്‌ലറും മുസോളിനിയും ജനറല്‍ ഫ്രാങ്കോയെ പിന്തുണച്ചു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫ്രാങ്കോയുടെയും ഫാഷിസ്റ്റ് കിരാതവാഴ്ചക്കെതിരെ പൊരുതുന്ന പ്രസ്ഥാനത്തിന് ആദ്യമായി മുന്നില്‍നിന്നത് എഴുത്തുകാരും കലാകാരന്മാരുമടങ്ങുന്ന ബുദ്ധിജീവികളായിരുന്നു. പേനയും ബ്രഷും പിടിച്ചുമാത്രം പരിചയമുള്ള കലാകാരന്മാര്‍ ആയുധമേന്തി 'സാര്‍വദേശീയ സൈന്യദളം' (കിലേൃിമശേീിമഹ ആൃശഴമറല) രൂപീകരിച്ചു. തൂലിക പടവാളാക്കുകയെന്നതല്ല, പടവാള്‍ തന്നെ കൈയിലേന്തുകയെന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 1936-ല്‍ ഇന്ത്യയില്‍ ലഖ്‌നൗ കേന്ദ്രമായി സജ്ജാദ് സഹീറിന്റെ നേതൃത്വത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനം രൂപം കൊള്ളുന്നതു തന്നെ  അക്രമങ്ങള്‍ക്കെതിരായ മനുഷ്യസ്‌നേഹ പ്രസ്ഥാനം എന്ന നിലക്കായിരുന്നു.

കേരളത്തിലെ സാഹിത്യ സംരംഭങ്ങള്‍ ആദികാലത്ത് 'ഭക്തിപ്രസ്ഥാനം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതുതന്നെ. മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ശാഖയാണ് കിളിപ്പാട്ട്. മതപരവും ധാര്‍മികവുമായ വിഷയങ്ങളാണ് കിൡാട്ടുകളില്‍ കൈകാര്യം ചെയ്തിരുന്നത്. മലയാളത്തിലെ ആദ്യത്തെ അച്ചടിപുസ്തകം 1829-ലെ 'മലയാളം ബൈബിള്‍' ആയിരുന്നു. 1906-ല്‍ ക്രൈസ്തവ പരിഷ്‌കരണ നോവലായ 'പരിഷ്‌കാരവിജയ'വും മദ്യവിരുദ്ധനോവലായ 'ത്രേസ്യാമ'യും(1922) പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. അറബിമലയാള സാഹിത്യത്തില്‍, സാഹിത്യശാഖ 'മാലകള്‍' എന്ന പേരിലാണ് പ്രസിദ്ധിയാര്‍ജിച്ചത്. ആധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതപ്പെട്ടതിനു ശേഷമാണ് മാലകളുടെ കാലം. അറബിമലയാളത്തിലായിരുന്നു രചനയെന്ന പ്രത്യേകത മാലകള്‍ക്കുണ്ടായിരുന്നു. തമിഴകത്തെ ശൈവന്മാര്‍ക്കിടയിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ കോര്‍വയായിരുന്നു മാലകള്‍ പിന്തുടര്‍ന്നിരുന്നത്. കേരള നവോത്ഥാനത്തിന് ഉത്തേജനം പകര്‍ന്ന ഘടകങ്ങളായിരുന്നു ആത്മീയപാരമ്പര്യമുള്ള മേല്‍വിവരിച്ച സാഹിത്യ സംരംഭങ്ങള്‍. 1903-ലെ ശ്രീനാരായണീയ പ്രസ്ഥാനവും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സാധുജനപരിപാലനസംഘവും, 1908-ല്‍ നമ്പൂതിരി സമുദായത്തില്‍ പിറവിയെടുത്ത യോഗക്ഷേമസഭയും 1914-ലെ നായര്‍ സര്‍വീസ് സൊസൈറ്റിയും 1923-ലെ മുസ്‌ലിം ഐക്യസംഘവും ഭക്തിയും സദാചാരചിന്തകളും മനുഷ്യസ്‌നേഹവും ചേര്‍ത്തുവെച്ച കലാസാഹിത്യപാരമ്പര്യമാണ് മലയാളത്തിനു പരിചയപ്പെടുത്തിയത്. അവിടെയൊന്നും മതമുക്ത യുക്തിചിന്തക്കോ ദൈവനിരാസ മതേതരത്വത്തിനോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ഈ ചരിത്രം പക്ഷേ വല്ലാതെയൊന്നും മതേതരവാദികള്‍ വെളിപ്പെടുത്താറില്ലെന്നുമാത്രം. 

മാര്‍ക്‌സിസത്തിന്റെ വരവോടെയാണ് മതവിരുദ്ധ-ദൈവനിരാസ ചിന്തകള്‍ സാഹിത്യത്തിന്റെ പ്രധാന പ്രമേയമായി മാറുന്നത്. സോഷ്യലിസത്തിന്റെ ആശയഗാംഭീര്യത്തിലും  സോവിയറ്റ് യൂനിയന്റെ ഉദയത്തിലും ആവേശഭരിതരായ മാര്‍ക്‌സിസ്റ്റുകാര്‍, മതജീര്‍ണതകളെ ചെറുക്കുന്നതിനുപകരം മതത്തെ തന്നെ നിഷേധിക്കുകയാണ് ചെയ്തത്. 1937 -ല്‍ അവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രസ്ഥാനത്തിന് 'ജീവല്‍സാഹിത്യസംഘ'മെന്നാണ് പേരു നല്‍കിയത്. ജീവിതഗന്ധിയായിരിക്കണം സാഹിത്യമെന്ന് സാരം. ആ ജീവിതഘടനയിലാകട്ടെ മതത്തിന് നിര്‍ണായകസ്വാധീനമുണ്ടായിരുന്നു.  1944-ല്‍ പിന്നീട് മതത്തെ പൂര്‍ണമായും തള്ളിക്കളയുന്ന പുരോഗമനകലാസാഹിത്യസംഘം രൂപം കൊണ്ടു. ആശാന്റെ 'ദുരവസ്ഥ'യെ, പുരോഗമന കലാസാഹിത്യസംഘം വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: ''ആശാന്‍ കവിതയില്‍ ആത്മീയതയുടെയും മതവിശ്വാസങ്ങളുടെയും അംശങ്ങള്‍ ധാരാളമായി കലര്‍ന്നിട്ടുണ്ട്. പുരോഗമനസാഹിത്യത്തില്‍ തികച്ചും ഭൗതികമായ വിക്ഷണമാണ് അടങ്ങിയിട്ടുള്ളത്.'' പുരോഗമനസാഹിത്യത്തിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ തന്നെ സാംസ്‌കാരികരംഗത്ത് പ്രതിലോമശക്തികളോട് പോരാടുമെന്നും പ്രതിലോമപരമായ വാസനകള്‍ ചെറുക്കുമെന്നും പുരോഗമനത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യവിമര്‍ശനത്തിനുള്ള മനോഭാവം  വളര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഫലത്തില്‍ മതവിരുദ്ധ മനോഭാവമായി വികസിപ്പിക്കപ്പെട്ടത്. 1945-ലെ കോട്ടയം സമ്മേളനത്തില്‍ ചങ്ങമ്പുഴ പ്രഖ്യാപിച്ചു: ''കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് പുരോഗമനസാഹിത്യമെന്ന് വിചാരിക്കുക. അതു കൊണ്ടെന്തു ദോഷം? എന്താണതിനൊരു കുറവ്? നിങ്ങള്‍ ഉറച്ച സ്വരത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറയുക. അതേ. പുരോഗമനസാഹിത്യം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ കളരിയാണ്''. പുരോഗമനസാഹിത്യം പാര്‍ട്ടി സാഹിത്യമായി അധഃപതിച്ചതിനും, പോരുകളും ഉള്‍പ്പോരുകളുമായി അത് ദുര്‍ബലമായതിനും കാരണം ആത്മീയതയുടെ അഭാവവും ജാതിമതവര്‍ഗീയതയെ ചെറുക്കുന്നതിനുള്ള സുദൃഢമായ ചിന്താപദ്ധതി കൈയൊഴിച്ചതുമായിരുന്നു. ഫാഷിസത്തിനെതിരെ സാര്‍വദേശീയ സൈന്യദളം പോലെയുള്ള പദ്ധതികള്‍ക്ക് എഴുത്തുകാരും കലാകാരന്മാരും മുന്നിട്ടിറങ്ങേണ്ട സവിശേഷസാഹചര്യത്തിലും പുരോഗമന സാഹിത്യസംഘം ഉറക്കംനടിച്ചു കിടക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

 

തനിമ നയരേഖ

കലാസാഹിത്യപ്രവര്‍ത്തകരോടും പ്രസ്ഥാനങ്ങളോടുമുള്ള തനിമയുടെ നിരന്തര സംവാദത്തിന്റെയും പ്രവര്‍ത്തനാനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് അവയോടുള്ള പ്രതികരണമെന്ന രീതിയില്‍, തനിമയുടെ നയരേഖ പുറത്തിറക്കിയിരിക്കുന്നത്. ആകാശത്തോളം വിശാലമായ ആത്മീയതയുടെ സുഗന്ധം കലാസാഹിത്യപ്രവര്‍ത്തകര്‍ക്കും സൃഷ്ടികള്‍ക്കുമുണ്ടാകണമെന്ന് തനിമ ആഗ്രഹിക്കുന്നു. കല അടുപ്പമുള്ള ആളുകളെ വേഗത്തില്‍ മനസ്സിലാക്കുകയും അകലെയുളളവരെ അടുപ്പിക്കുകയും ചെയ്യുന്നു. ആധുനിക കലാസാംസ്‌കാരിക മേഖലകള്‍ വിതച്ച അസംതൃപ്തവും അരാജകവുമായ കലാകേന്ദ്രങ്ങള്‍ പൂട്ടിത്തുടങ്ങിയിരിക്കുന്നു. കൂടുതല്‍ തുറസ്സായ വേദികള്‍ രുപപ്പെട്ടുവരുന്നതിനുള്ള മുന്‍കൈയാണ് ഇനി ആവശ്യമായിട്ടുള്ളത്. ദലിതരും ന്യൂനപക്ഷങ്ങളും ഓരം ചേര്‍ന്നവരുമെല്ലാം ഒന്നിച്ചിരിക്കുന്ന പുതിയ വേദികളാണാ

വശ്യം. അസ്വാഭാവിക ഭാവനകള്‍, അസംബന്ധ ആവിഷ്‌കാരങ്ങള്‍, ദുരൂഹ പ്രവചനങ്ങള്‍, മൃഗീയ കല്‍പ്പനകള്‍, സദാചാരവിരുദ്ധത എന്നിവ കലയിലൂടെ വിറ്റഴിക്കാനുള്ള പ്രവണതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കലയിലെയും സാഹിത്യത്തിലെയും വ്യാജപ്രതിനിധാനങ്ങളെ പൊളിക്കുക മാത്രമല്ല, ശരിയായ കലയെ പകരംവെക്കുക കൂടി തനിമയുടെ ലക്ഷ്യമാണെന്ന് നയരേഖ വ്യക്തമാക്കുന്നു. അസാന്മാര്‍ഗികത, മദ്യപാനം, അരാജകജീവിതം എന്നിവയില്‍നിന്ന് കലാകാരന്മാരെ മോചിപ്പിക്കേണ്ടത് തനിമയുടെ അടിയന്തര ബാധ്യതയായിത്തീരുന്നു. അകാലത്തില്‍ പൊഴിയുന്ന കലാപ്രതിഭകള്‍ അതാണ് വ്യക്തമാക്കുന്നത്. കള്ളുമണക്കാത്ത കാവ്യസന്ധ്യകളും പെണ്ണിന്റെ നഗ്നത പ്രദര്‍ശിപ്പിക്കാത്ത സിനിമാ സൈറ്റുകളമാണ് ഇനി മലയാളത്തിനാവശ്യം.

കല ജീവിതം തന്നെയാണ്. അതിനാല്‍ തന്നെ ജീവിതത്തിന്റെ ധാര്‍മികധാരകള്‍ കലയിലും ആവശ്യമാണെന്ന് വ്യക്തമാക്കുന്ന നയരേഖ മതങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മതധാര്‍മികത കലാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സൗന്ദര്യവത്താക്കുകയാണ് ചെയ്യുന്നത്. ആത്മീയവും മതപരവുമായ ധാര്‍മികബോധമാണ് മനുഷ്യനെയും മനുഷ്യസംസ്‌കാരത്തെയും രൂപപ്പെടുത്തിയത്. എല്ലാ മതവിശ്വാസങ്ങളെയും തനിമ ആദരിക്കുന്നു. ഏതു മതത്തില്‍പെട്ടവര്‍ക്കും അവരുടെ മതാത്മകജീവിതം പുലര്‍ത്തികൊണ്ടും, മതരഹിതര്‍ക്ക് ധാര്‍മികതയിലധിഷ്ഠിതമായ പൊതുമൂല്യങ്ങളില്‍ നിന്നുകൊണ്ടും സാഹോദര്യപൂര്‍വം കലാരംഗത്ത് വിഹരിക്കാനാകും. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പക്വമായ നിലപാടാണ് തനിമ സ്വീകരിച്ചിട്ടുള്ളത്. നിരുപാധികമായ സ്വാതന്ത്ര്യം സാമൂഹികജീവിയായ മനുഷ്യനെ സംബന്ധിച്ച് സ്വീകാര്യമല്ല, അത് പ്രായോഗികവുമല്ല. ഏതൊരു സമൂഹത്തെയും സമുദായത്തെയും നിന്ദിക്കുന്നതോ അപമാനിക്കുന്നതോ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ല, അത് കലയോ സാഹിത്യമോ ആകില്ലെന്നും നയരേഖ വ്യക്തമാക്കുന്നുണ്ട്. 

കലയുടെ പേരില്‍ നിലനിന്ന പേക്കൂത്തുകളും കലാ പ്രവര്‍ത്തകരുടെ അതിരുവിട്ട ജീവിതവും കേവലമായ കല മുന്നോട്ടുവെക്കുന്ന സാമൂഹികമല്ലാത്ത ആശയങ്ങളും കണ്ടുകൊണ്ടായിരിക്കണം ഇസ്‌ലാമികസമൂഹം കലയെ വളരെ സൂക്ഷ്മതയോടെ സമീപിച്ചത്. എന്നാല്‍ കലയെ ത്യജിച്ചുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാകില്ല. ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണവും മനുഷ്യപ്പറ്റും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സൗന്ദര്യശാസ്ത്രചിന്തകളാണ് തനിമ വികസിപ്പിച്ചെടുക്കുന്നത്. നിലനില്‍ക്കുന്ന മുസ്‌ലിം കലാസാഹിത്യ വ്യവഹാരലോകത്തെയും അറബി മലയാളമടക്കമുള്ള ഭാഷാപാരമ്പര്യങ്ങളെയും മുസ്‌ലിം സാംസ്‌കാരിസംഘങ്ങളുടെ സംഭാവനകളെയും അംഗീകരിച്ചും ബഹുമാനിച്ചുമാണ് ഈ യാത്രാസംഘം മുന്നോട്ടുനീങ്ങുന്നത്. തനിമയുടെ സാംസ്‌കാരിക സഞ്ചാരം തന്നെ ആ മേഖലയിലുള്ള വലിയ കുതിച്ചുചാട്ടമായിരുന്നു. 

ട്രംപും സംഘ് പരിവാരവും അധികാരം വാഴുന്ന ലോകത്തും രാജ്യത്തും കലയും സമരവും രണ്ടല്ലെന്ന് തനിമ കലാകാരന്മാരെ ഓര്‍മപ്പെടുത്തുകയാണ്. സമരത്തിന്റെ ഭാഷക്ക് കലയിലൂടെ മുറുക്കവും മൂര്‍ച്ചയും ലഭിക്കണം. പ്രതികരിക്കുന്ന എഴുത്തുകാരെ കൊന്നൊടുക്കുന്ന കാടന്‍ സമീപനമാണ് സംഘ്പരിവാര്‍ പുലര്‍ത്തുന്നത്. സംഘ് പരിവാറിന്റെ രഹസ്യ യൂനിറ്റുകളെ പോലെ പ്രവര്‍ത്തിക്കുകയാണ് ചില സാംസ്‌കാരികപ്രവര്‍ത്തകര്‍. ഈ സന്ദര്‍ഭത്തില്‍ കലാപ്രവര്‍ത്തകര്‍ക്ക് കേവലമായ സൗന്ദര്യത്തില്‍ അഭിരമിക്കുക വയ്യ. ഫാഷിസത്തിനെതിരായ സൗഹൃദപ്രവര്‍ത്തനങ്ങള്‍ക്ക് തനിമ പ്രോത്സാഹനം നല്‍കും. വര്‍ഗീയ ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധം സാഹോദര്യവും സൗഹൃദവുമാണെന്ന് തനിമ മനസ്സിലാക്കുകയും അതിനായി പ്രവര്‍ത്തകരെ സജ്ജരാക്കുകയും ചെയ്യും

കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ കലാസാഹിത്യസംബന്ധിയായ സംവാദങ്ങള്‍ക്കും ചിന്തകള്‍ക്കും തുടക്കം കുറിക്കുകയാണ് തനിമ നയരേഖയിലൂടെ നിര്‍വഹിക്കുന്നത്. കലാസാഹിത്യപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയും പ്രതിഭയുള്ള പ്രതിനിധാനവും പ്രാര്‍ഥനയും  നയരേഖ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ ആവിഷ്‌കാരങ്ങള്‍ക്ക് ഏറെ ആവശ്യമാണ്.

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍