Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

ഇസ്‌ലാമിന്റെ കൊടിനാട്ടിയ കച്ചവട യാത്രകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ആദ്യം അവര്‍ മരുഭൂമിയില്‍ കപ്പലോടിച്ചു, അറബികളുടെ മരുക്കപ്പല്‍! തല ഉയര്‍ത്തിപ്പിടിച്ച്,  കാലുകള്‍ താളത്തില്‍ മുന്നോട്ടാഞ്ഞ് ആ ഒട്ടകക്കൂട്ടങ്ങള്‍, കുതിരപ്പടയാളികളുടെ അകമ്പടിയോടെ, മരുഭൂമിയുടെ ഓളപ്പരപ്പുകള്‍ മുറിച്ചു കടന്നു കൊണ്ടിരുന്നു. ദേശാടനം അവക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എത്രയെത്ര നാടുകള്‍ കാണാം,  ചന്തകളില്‍ ചുറ്റാം, സംസ്‌കാരങ്ങള്‍ തൊട്ടറിയാം, അനേകം ഭാഷകള്‍ കേള്‍ക്കാം.... പിന്നെ,  ആരുടെയെല്ലാം ചരക്കുകള്‍ സ്വന്തം മുതുകില്‍ ചുമക്കാം! എന്തായിരുന്നാലും അറബ് വണിക്കുകള്‍ ഒട്ടകക്കൂട്ടങ്ങളുമായി നടത്തിയ കച്ചവട യാത്രകള്‍ മരുഭൂമിയിലിപ്പോഴും കവിതകളായി ഒഴുകി നടക്കുന്നുണ്ട്. പിന്നീട്, അതിര്‍ത്തികള്‍ വരച്ചിട്ടില്ലാത്ത സമുദ്രപ്പരപ്പുകളില്‍ അറബികളുടെ പായക്കപ്പലുകള്‍ ഒഴുകി, അവ എത്രയോ നാടുകളുടെ തീരം തൊട്ടു. ഓരോ ദേശത്തിന്റെയും പ്രാദേശിക ഉല്‍പ്പന്നങ്ങളെ അന്തര്‍ദേശിയ വിപണിയിലെത്തിച്ചു അറബ് കച്ചവടക്കാര്‍. 

അറേബ്യ വഴി ഈജിപ്ത്, സിറിയ, പൗരസ്ത്യ ദേശങ്ങള്‍ എന്നിവക്കിടയില്‍ രാഷ്ട്രാന്തരീയ വ്യാപാരം നേരത്തേ തന്നെ നടന്നു വന്നിരുന്നു. ഹിജാസിന്റെ ആഭ്യന്തര വിപണിയും പണ്ടുമുതലേ സജീവം.  ചിതറിക്കിടന്ന ഗോത്രങ്ങള്‍ക്കിടയില്‍ വികേന്ദ്രീകൃതമായിരുന്നു അതെന്നു മാത്രം. അതിന് മാറ്റമുണ്ടാക്കിത്തുടങ്ങിയത് ഖുസയ്യുബ്‌നു കിലാബാണ്. ഈ ഗോത്ര മുഖ്യന്‍ ഖുറൈശികളെ മക്കയില്‍ ഒരുമിച്ചു കൂട്ടി, ഒരു ഗോത്ര ഭരണ രീതി രൂപപ്പെടുത്തി, കഅ്ബയുടെ പരിചരണം പതിയെ ഏറ്റെടുത്തു. തീര്‍ഥാടക സംഘങ്ങളെ മുന്‍നിര്‍ത്തി വ്യാപാരവും വ്യാപാരേതരമായ ഇടങ്ങളും ഇടപാടുകളും അവിടെ രൂപപ്പെട്ടു വന്നു. ഉമ്മുല്‍ ഖുറാ എന്നു വിളിക്കപ്പെട്ട മക്ക പതിയെ ഒരു തലസ്ഥാന നഗരിയുടെ പദവി കൈവരിക്കുകയായിരുന്നു. ഖുസയ്യിന്റെ മകന്‍ അബ്ദുമനാഫിന്റെ ഊഴമായിരുന്നു പിന്നീട്. അറേബ്യന്‍ വഴികളിലെ രാഷ്ട്രാന്തരീയ വ്യാപാരത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഖുറൈശികള്‍ കണ്ണി ചേര്‍ന്നു. അറബികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വിവിധ നാടുകളില്‍നിന്ന് മക്കയിലെ ചന്തയിലെത്തിച്ചു തുടങ്ങിയതോടെ, അറേബ്യയിലെ ആഭ്യന്തര വ്യാപാരികള്‍ മക്കയിലേക്ക് ചരക്കെടുക്കാനെത്തി. ഉക്കാള്, ദുല്‍മിജന്ന, ദുല്‍മജാസ്..... അറബ് സൂഖുകളുടെ പേരും പ്രശസ്തിയും കടലുകള്‍ കടന്ന് വന്‍കരകളില്‍ എത്തിയിരുന്നല്ലോ. 

റോമാ സാമ്രാജ്യവും പൗരസ്ത്യ നാടുകളും തമ്മില്‍ ഉത്തരദേശങ്ങളിലൂടെയും പേര്‍ഷ്യന്‍ ഗള്‍ഫിലുടെയും അന്തര്‍ദേശീയ വ്യാപാരം നടക്കുന്നുണ്ടായിരുന്നു അക്കാലത്ത്. ഇതിന്റെ നിയന്ത്രണം ഇറാനിലെ സാസാനി ഭരണകൂടത്തിനായിരുന്നു. ഈജിപ്തിലേക്കും സിറിയയിലേക്കുമുള്ള ചെങ്കടല്‍ തീരത്തെ വ്യാപാര സരണി വളരെ പുഷ്‌കലമായിരുന്ന കാലം. കഅ്ബയുടെ ഊരാളരും തീര്‍ഥാടകരുടെ പരിചാരകരുമെന്ന സ്ഥാനത്തിന്റെ ആനുകൂല്യവും അബ്ദുമനാഫിന്റെയും നാല് മക്കളുടെയും കച്ചവട സാമര്‍ഥ്യവും ആഭ്യന്തര-അന്തര്‍ ദേശീയ വ്യാപാരത്തില്‍ ഖുറൈശികള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കിക്കൊടുത്തു. സിറിയയിലെ ഗസ്സാന്‍ രാജാവിനോടും അബ്‌സീനിയയിലെ നജ്ജാശി രാജാവിനൊടും യമനി നാടുവാഴികളോടും ഇറാന്‍ - ഇറാഖ് ഭരണാധികാരികളോടും കരാറുകളില്‍ ഏര്‍പ്പെട്ട അബ്ദുമനാഫിന്റെ മക്കള്‍, വമ്പിച്ച വ്യാപാര വളര്‍ച്ച നേടി, 'വണിക്കുകള്‍' (മുത്തജിരീന്‍) എന്ന പേരില്‍ വിശ്രുതരായി. ശൈത്യകാലത്തും ഉഷ്ണകാലത്തും അവരുടെ കച്ചവട യാത്രകള്‍ക്ക് രണ്ട് ദിശകളുണ്ടായി, സിറിയയിലേക്കും ഫലസ്ത്വീനിലേക്കുമായിരുന്നു ഉഷ്ണകാല യാത്രകള്‍. ദക്ഷിണ അറേബ്യയിലേക്കായിരുന്നു ശൈത്യകാല സഞ്ചാരം. ഖുര്‍ആന്‍ അടയാളപ്പെടുത്താന്‍ മാത്രം പ്രധാനമായിരുന്നുവല്ലോ ഖുറൈശികളുടെ ഈ വ്യാപാര യാത്രകള്‍; 'അങ്ങനെ ഖുറൈശികള്‍ ഇണങ്ങിയതിന്, ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളോടുള്ള അവരുടെ ഇണക്കം' (ഖുറൈശ് അധ്യായം, സൂക്തം 1-2).

ചരക്കുകളുടെ വിപണനവും ലാഭക്കൊയ്ത്തും മാത്രമായിരുന്നില്ല അറബികള്‍ക്ക്, വിശേഷിച്ചും ഖുറൈശികള്‍ക്ക് കച്ചവട യാത്രകള്‍. സംസ്‌കാരത്തിന്റെ വിനിമയങ്ങളാണ് അവരുടെ വ്യാപാര യാത്രകളെ യഥാര്‍ഥത്തില്‍ സമ്പന്നമാക്കിയത്. സിറിയ, ഈജിപ്ത്, യമന്‍, ഇറാന്‍, ഇറാഖ്, അബ്‌സീനിയ തുടങ്ങിയ നാടുകളുമായുള്ള ബന്ധം അവര്‍ക്ക് ലോകത്തേക്ക് വാതിലുകള്‍ തുറന്നു കൊടുത്തു. അതിലൂടെ സംസ്‌കാര - നാഗരികതകളുടെ ആദാന പ്രദാനങ്ങള്‍ നടന്നു, വൈജ്ഞാനിക-ധൈഷണിക നിലവാരം ഉയര്‍ന്നു. മക്ക അറേബ്യന്‍ ഉപദ്വീപിലെ കച്ചവട കേന്ദ്രമായി വളര്‍ന്നതിനേക്കാളുപരി, ലോക ബന്ധങ്ങള്‍, വിജ്ഞാനത്തിന്റ കടന്നുവരവ്, വിശേഷിച്ചും ഇറാഖില്‍ നിന്ന് ഖുറൈശികള്‍ക്ക് കിട്ടിയ ലിപി.... തുടങ്ങി പലതും ആ വ്യാപാര യാത്രകളെ ചരിത്രപ്രധാനമാക്കി. ആ ഇറാഖി ലിപിയിലാണ് പിന്നീട് ഖുര്‍ആന്‍ എഴുതിയത് എന്നതു തന്നെ മതി, ആ കച്ചവട യാത്രകള്‍ പില്‍ക്കാലത്ത് ഇസ്‌ലാമിനും എത്രമേല്‍ പ്രധാനമായിരുന്നുവെന്ന് മനസ്സിലാക്കാന്‍. ഇസ്‌ലാമിന്റെ കൊടി നാട്ടിയ കച്ചവട യാത്രകളുടെ വേരുകള്‍ ഇവിടെ ചെന്നു മുട്ടുന്നുവെന്ന് മാത്രം ഇപ്പോള്‍ പറഞ്ഞു വെക്കുന്നു.

 

മുഹമ്മദ് നബിയുടെ കച്ചവട യാത്രകള്‍

അറബികളുടെ ഒട്ടക ഖാഫിലകള്‍ ക്രി. 575-ല്‍ പുതിയൊരു സംഗീതത്തിന്റെ ഈണം കേട്ടു. ദിവ്യപ്രകാശത്തില്‍ കുളിച്ച, ഈ പ്രപഞ്ചത്തിന്റെ താളത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതം! ഹാശിം കുടുംബത്തിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന്റെ കൈവിരലുകള്‍ ഭൂമിയുടെ തന്ത്രികളില്‍ തൊട്ടത് ആ ആണ്ടിലായിരുന്നു. പിച്ചവെച്ച് നടന്നു തുടങ്ങിയ മുഹമ്മദ്, വീട്ടുമുറ്റത്ത് വന്നും പോയുമിരുന്ന സ്വന്തക്കാരും അല്ലാത്തവരുമായ കച്ചവടക്കാരെ കണ്ടാണ്, ഖുറൈശികളുടെ കച്ചവട പാരമ്പര്യം ആദ്യം മനസ്സിലാക്കിയത്. പക്ഷേ, കണ്ണാല്‍ കാണാന്‍ കഴിയാത്ത പിതാവു തന്നെയായിരിക്കണം മുഹമ്മദിന് കച്ചവടത്തിലെ ആദ്യത്തെ കണ്ണിചേരല്‍. കാരണം, കച്ചവടക്കാരനായിരുന്ന അബ്ദുല്ല മരിച്ചത് ശാമിലേക്കുള്ള ഒരു വ്യാപാര യാത്രയിക്കിടയില്‍, തിരിച്ചു വരുമ്പോള്‍ മദീനയില്‍ വെച്ചായിരുന്നല്ലോ.

പിതാവിന്റെ വഴിയില്‍ തന്നെയാണ് മുഹമ്മദിന്റെ കൗമാരവും യൗവനവും കടന്നുപോയത്. ചരിത്ര കഥനമനുസരിച്ച് മുഹമ്മദു ബ്‌നു അബ്ദുല്ലയില്‍ ഉള്ളടങ്ങിയ പ്രവാചകത്വത്തെക്കുറിച്ച് ആദ്യത്തെ പ്രവചനം വരുന്നതും ഒരു കച്ചവട യാത്രയിലായിരുന്നല്ലോ. അബൂത്വാലിബ് ശാമിലേക്കുള്ള കച്ചവട സംഘത്തെ ഒരുക്കി. ഒട്ടക്കക്കൂട്ടങ്ങള്‍ പുറപ്പെടാനൊരുങ്ങവെ, കുഞ്ഞു മുഹമ്മദ് കണ്ണീര്‍ പൊഴിച്ചു, കൂടെപ്പോകാന്‍ കുറുമ്പുകാട്ടി. ഉപ്പയില്ലാത്ത കുട്ടി, മൂത്താപ്പ അബൂത്വാലിബിന്റെ മനസ്സലിഞ്ഞു, മുഹമ്മദിനെ ഒട്ടകപ്പുറത്തിരുത്തി. ആ കച്ചവട സംഘം ശാമിലേക്ക് തിരിച്ചു. ശാമിലെത്തിയ അവര്‍ തമ്പടിച്ചത് പതിവുപോലെ ബുഹൈറ എന്ന ക്രൈസ്തവ പാതിരിയുടെ മഠത്തിനു സമീപം. പക്ഷേ, പതിവിനു വിപരീതമായി നല്ല ഭക്ഷണ വിഭവങ്ങളുണ്ടാക്കി ബുഹൈറ അവരെ സല്‍ക്കരിച്ചു. ബാലനായ മുഹമ്മദിനെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വേദ വിജ്ഞാനം കൊണ്ടാകാം, അദ്ദേഹം ആ അനാഥ ബാലനില്‍ ദൈവദൂതന്റ അടയാളങ്ങള്‍ കണ്ടു. നുബുവ്വത്തിന്റ സന്തോഷവും യഹൂദരെക്കുറിച്ച താക്കീതും കലര്‍ന്ന സ്വരത്തില്‍ അതദ്ദേഹം വിളംബരം ചെയ്തു; മുഹമ്മദ്, ആഗതനാകാനിരിക്കുന്ന പ്രവാചകന്‍! അങ്ങനെ, ശാമിലേക്കുള്ള ആ കച്ചവടയാത്രയില്‍ പ്രവാചകത്വത്തിന്റെ മന്ത്രധ്വനികള്‍ മുഹമ്മദിന്റെയും ഹാശിം കുടുംബത്തിന്റയും കാതുകളില്‍ ഈണമിട്ടു. മുഹമ്മദ് കേട്ട ആദ്യ ശാം കച്ചവടയാത്ര പിതാവിനെ നഷ്ടപ്പെടുത്തിയതാണെങ്കില്‍, അദ്ദേഹം കണ്ണി ചേര്‍ന്ന ആദ്യ ശാം കച്ചവടയാത്ര, ആകാശം ഭൂമിയെ ചുംബിക്കാന്‍ പോകുന്നതിന്റെ സന്തോഷം നിറഞ്ഞതായിരുന്നു.

കാര്യപ്രാപ്തി വന്നതോടെ, ആത്മമിത്രം അബുബക്‌റിനോടൊപ്പവും അല്ലാതെയും മുഹമ്മദ് കച്ചവടത്തിലേര്‍പ്പെട്ടു, അതിനായി ദേശാടനം നടത്തി. അബൂബക്‌റിനോടൊപ്പവും അദ്ദേഹം കച്ചവട യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ശാമും യമനുമായിരുന്നു പ്രധാന മാര്‍ക്കറ്റുകള്‍. ഉക്കാദ്, മജന്ന സൂഖുകളിലും അദ്ദേഹം വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. മാന്യനായ കച്ചവടക്കാരനായി മുഹമ്മദ് പേരെടുത്തു. ഇടപാടുകളിലെ അദ്ദേഹത്തിന്റ സത്യസന്ധത അറേബ്യ വാഴ്ത്തിപ്പാടി; അല്‍ അമീന്‍, വിശ്വസ്തന്‍! ഏതു കാലത്തെയും കച്ചവടക്കാര്‍ സവിശേഷമായി എടുത്തണിയേണ്ട വ്യക്തിത്വമുദ്രയാണ് കര്‍മസാക്ഷ്യം കൊണ്ട് മുഹമ്മദ് കൈവരിച്ച വിശ്വസ്തന്‍ എന്ന അടിസ്ഥാന വിശേഷണം. കച്ചവടക്കാരനായ മുഹമ്മദിന്റെ ജീവിതത്തിലെ നാഴികക്കല്ലായി വീണ്ടുമൊരു ശാം യാത്രക്ക് ഒട്ടക ഖാഫില ഒരുങ്ങി. മക്കയിലെ വര്‍ത്തക പ്രമുഖ ഖദീജയുടെ കച്ചവട സംഘത്തെ നയിക്കാനായിരുന്നു ഇത്തവണ നിയോഗം. മുഹമ്മദിന്റെ സത്യസന്ധതയും സാമര്‍ഥ്യവും കേട്ടറിഞ്ഞ ഖദീജ, അബൂത്വാലിബിന്റെ നിര്‍ദേശപ്രകാരമോ മറ്റോ ആണ് അദ്ദേഹത്തെ കച്ചവടത്തിനയച്ചത്. ഖദീജയുടെ സേവകന്‍ മൈസറയുമുണ്ടായിരുന്നു കൂട്ടിന്. യാത്രയില്‍ മുഹമ്മദിന്റെ വ്യക്തിത്വത്തിന്റെ തിളക്കം പ്രകടമാക്കുന്ന പല അനുഭവങ്ങളും ചില അത്ഭുതങ്ങളും സംഭവിച്ചതായി ചരിത്രകാരന്മാര്‍ ഉദ്ധരിക്കുന്നു. എന്തായിരുന്നാലും ഇരട്ടി ലാഭവുമായി മുഹമ്മദും മൈസറയും മക്കയില്‍ തിരിച്ചെത്തി. വിശ്വസ്തനായ ആ കച്ചവടക്കാരനെ ഖദീജക്ക് ബോധിച്ചു, പ്രതിഫലം ഇരട്ടി നല്‍കി. ആ വ്യക്തിത്വത്തില്‍ ആകൃഷ്ടയായ ഖദീജ തന്നേക്കാള്‍ പ്രായം കുറഞ്ഞ മുഹമ്മദിനെ പ്രിയതമനാക്കിയപ്പോള്‍ ഇരട്ടി മധുരമായി. അങ്ങനെ, ആ കച്ചവട ബന്ധം വിവാഹബന്ധത്തിലേക്ക് വളര്‍ന്നു. ആലംബമില്ലാതെ പ്രയാസപ്പെട്ടിരുന്ന മുഹമ്മദിന് വര്‍ത്തക പ്രമുഖയായ ഖദീജ ആശ്രയമായി, തണലായി. ഖുര്‍ആന്‍ ആ ചരിത്രവും കോറിയിട്ടിട്ടുണ്ട്; 'അവന്‍ നിന്നെ പ്രാരാബ്ധക്കാരനായി കണ്ടു, അപ്പോള്‍ നിനക്ക് ഐശ്വര്യം നല്‍കി' (അദ്ദുഹാ അധ്യായം, സൂക്തം - 7). 

ഹിറയില്‍ ധ്യാനനിമഗ്നനായ മുഹമ്മദിന് ഖദീജയായിരുന്നു മാനസിക പിന്‍ബലം. അവിടെ നിന്ന് ദിവ്യവെളിച്ചം ഏറ്റുവാങ്ങി വീട്ടിലെത്തിയതു മുതല്‍ ഖദീജ സര്‍വ പിന്തുണയും നല്‍കി മുഹമ്മദ് നബിയോടൊപ്പം നിന്നു, ആദര്‍ശത്തെ നെഞ്ചേറ്റിയ ആദ്യ വനിതയായി. ഓര്‍ക്കുക, ഖദീജയെ നബിയുടെ ജീവിതത്തിലെത്തിച്ചതിന്റെ ഭൗതിക നിമിത്തം ശാമിലേക്കുള്ള ആ കച്ചവടയാത്രയായിരുന്നു, അതില്‍ നബി കാണിച്ച സത്യസന്ധതയായിരുന്നു. വിശ്വസ്തനായ കച്ചവടക്കാരന്‍ ഇസ്‌ലാമിന്റ കൊടി പാറിച്ച ആദ്യ സംഭവം ഇതാണെന്ന് തീര്‍ച്ചയായും പറയാം. പിന്നെ അബൂബക്ര്‍ സിദ്ദീഖ് വന്നു. മുഹമ്മദ് നബിയുടെ സത്യ സന്ദേശ പ്രഖ്യാപനത്തില്‍ വിശ്വസിക്കാന്‍ അദ്ദേഹത്തിന് പ്രയാസമൊന്നും ഉണ്ടായില്ല. പത്തു വര്‍ഷങ്ങള്‍ക്കപ്പുറം നബിയുടെ നിശാ പ്രയാണവും ആകാശയാത്രയും (ഇസ്‌റാഅ് - മിഅ്‌റാജ്) കേട്ട മാത്രയില്‍ അബുബക്ര്‍ സിദ്ദീഖ് അതും വിശ്വസിച്ചു. ഒരേയൊരു ചോദ്യം മാത്രം; തനിക്കത് സംഭവിച്ചതായി  മുഹമ്മദ് നബി പറഞ്ഞുവോ? അതേ എന്ന് ഉത്തരം ലഭിച്ചാല്‍ പിന്നെ ഉള്‍ക്കൊള്ളാന്‍ അമാന്തം വേണ്ടതില്ല. കാരണം, അബുബക്ര്‍ സിദ്ദീഖിന് മുഹമ്മദ് നബി വെറുമൊരു കൂട്ടുകാരനല്ല, കച്ചവടത്തിലെ പങ്കാളിയാണ്, പലപ്പോഴും സഹയാത്രികനാണ്. യാത്രാനുഭവങ്ങളിലൂടെ, കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകളിലൂടെ മുഹമ്മദ് നബിയുടെ വിശ്വസ്തതയും സത്യസന്ധതയും തൊട്ടറിഞ്ഞവനല്ലോ അബൂബക്ര്‍. അതേ, അത്തരമൊരു തികവുറ്റ കച്ചവടക്കാരന്റെ വ്യക്തിത്വം ഇസ്‌ലാമിക പ്രബോധനത്തില്‍ വളരെ പ്രധാനം തന്നെ. 

വിശുദ്ധ ഖുര്‍ആന്‍ കച്ചവടത്തിന്റെ ഭാഷയില്‍ അറബികളോട് സംസാരിച്ചത് അവരുടെ ജീവിതത്തോട് ഇഴുകിച്ചേര്‍ന്ന ഒരു ഭാഷ അവര്‍ക്കെളുപ്പം മനസ്സിലാവും എന്നതുകൊണ്ടാണ്. ദൈവത്തിലും ദൂതനിലും ഉള്ള വിശ്വാസത്തെയും ധര്‍മസമരത്തെയും നരകമുക്തിക്കു വേണ്ടിയുള്ള കച്ചവടം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് (സ്വഫ്ഫ് അധ്യായം, സൂക്തം 10, 11 ). എന്നാല്‍, കൃഷിക്കാരന്റെയും അധ്യാപകന്റെയും സഞ്ചാരിയുടെയും ശാസ്ത്രജ്ഞന്റെയുമെല്ലാം ഭാഷയില്‍ ഖുര്‍ആന്‍ സംസാരിച്ചിട്ടുണ്ട്. കൃഷിയുടെ ഭാഷയിലുള്ള ഉപമകള്‍, താക്കീതുകള്‍, സന്തോഷ വാര്‍ത്തകള്‍ ഏറെയുണ്ട് ഖുര്‍ആനില്‍.

 

വ്യാപാരികളുടെ പ്രബോധന വഴികള്‍

ഇസ്‌ലാമിന്റെ പ്രചാരണത്തില്‍, ജനം ഈ സന്മാര്‍ഗത്തിലേക്ക് ആകൃഷ്ടരായതില്‍ കച്ചവടക്കാരുടെ സ്വാധീനവും സംഭാവനയും വിവരണാതീതമത്രെ. അച്ചടിച്ച പുസ്തകങ്ങളായിരുന്നില്ല, അനുഭവിപ്പിച്ച ജീവിതങ്ങളായിരുന്നു അവരുടെ പ്രബോധന മാധ്യമം. പ്രഭാഷണങ്ങള്‍ കേട്ട് ചുറ്റും കൂടിയവരല്ല, പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടരായവരാണ് കച്ചവടക്കാര്‍ വഴി മനസ്സുമാറി ഇസ്‌ലാമിലെത്തിയത്.  ഇടപാടുകളിലെ ഔന്നത്യം വഴി ഇസ്‌ലാമിന്റെ നറുമണം പരത്തിയവരാണ് ഇത്തരം വ്യാപാരികള്‍. അവരുടെ വിരല്‍തുമ്പില്‍ ദീനിന്റെ വെളിച്ചമുണ്ടായിരുന്നു. അവരുടെ ജീവിതത്തിന് നന്മകളുടെ നിറവുണ്ടായിരുന്നു. വിശ്വസ്തത, സത്യസന്ധത, ഇടപാടുകളിലെ കൃത്യത, പെരുമാറ്റത്തിലെ ഹൃദ്യത തുടങ്ങിയ മഹദ്ഗുണങ്ങളായിരുന്നു അവരെ അലങ്കരിച്ച വര്‍ണരാജി. ഈ നിറങ്ങള്‍ കൈമുതലായ കച്ചവടക്കാര്‍ക്കാണ് ഇസ്‌ലാമികാദര്‍ശത്തെ ജീവിതംകൊണ്ട് പ്രകാശിപ്പിക്കാനാവുക. കച്ചവടവും ജീവിതവും പ്രബോധനവും അവര്‍ക്ക് വെവ്വേറെ അജണ്ടകളല്ല.

പ്രബോധനം പലവിധമുണ്ടാകും. ഒന്ന്: ആലോചിച്ച് രൂപപ്പെടുത്തിയ സംവിധാനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. രണ്ട്: സ്വാഭാവിക അനുഭവങ്ങളിലൂടെ സംഭവിക്കുന്നത്. പെരുമാറ്റത്തില്‍ ഹൃദ്യതയും സമീപനത്തില്‍ സുതാര്യതയും ഇടപാടുകളില്‍ സത്യസന്ധതയുമുള്ള മുസ്‌ലിം കച്ചവടക്കാര്‍ രണ്ടാമത് പറഞ്ഞ പ്രബോധന രീതി ശാസ്ത്രത്തിന്റെ മുന്‍ നിരയിലാണ്. ഇത്തരം മുസ്‌ലിം വ്യാപാരികള്‍ ഏതു മാര്‍ക്കറ്റിലും സവിശേഷ വ്യക്തിത്വ ഗുണങ്ങളോടെ തലയുയര്‍ത്തി നിന്നിരുന്നു, ഏതു കാലത്തും. ആയതിനാല്‍ ഓര്‍ക്കുക, ഓരോ മുസ്‌ലിം വ്യാപാരിയും തന്റെ ഇടപാടുകളിലൂടെ കൈമാറുന്നത് അല്ലാഹുവിന്റെ വെളിച്ചം കൂടിയാണ്. തന്റെ ദുഷിപ്പുകള്‍ നിമിത്തം അന്ധകാരത്തിന്റെ വിതരണക്കാരനാകാതിരിക്കാന്‍ ഓരോ മുസ്‌ലിം വ്യാപാരിയും ജാഗരൂകനാകേണ്ടിയിരിക്കുന്നു.

കച്ചവടം കേവലം സാമ്പത്തിക ഇടപാടല്ല. ചരക്കുകളുടെ വിപണനത്തിലും നാണയങ്ങളുടെ കൈമാറ്റത്തിലും പരിമിതമല്ല അത്. സംസ്‌കാരങ്ങളുടെ വിനിമയം കൂടിയാണ് കച്ചവടത്തിലൂടെ സംഭവിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും എത്രയോ അപ്പുറമാണ് കച്ചവടത്തിന്റെ നിര്‍വചനവും സാധ്യതയും. അവര്‍ക്ക് ദേശങ്ങള്‍ അറിയാം, അവിടത്തെ മനുഷ്യ സഞ്ചയത്തെയും. ഏതാണ്ടെല്ലാ വഴികളും അവര്‍ക്ക് പരിചിതം. ആ വഴികളിലുടനീളം മനുഷ്യരുമായി അവര്‍ സമ്പര്‍ക്കപ്പെടുന്നു. ദേശാടനം ചെയ്യുന്ന കച്ചവടക്കാര്‍ അതത് നാടുകളിലെ ഭാഷകള്‍ പഠിക്കുന്നു, മതവും വിശ്വാസവും ആചാരങ്ങളും സംസ്‌കാരങ്ങളും അടുത്തറിയുന്നു. ഭാഷ പഠിക്കാതെ കച്ചവടക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. ഇങ്ങനെ പഠിക്കപ്പെടുന്ന ഭാഷക്ക് ഒരു പ്രത്യേകതയുണ്ട്. അത് ജനകീയ ഭാഷയായിരിക്കും, സാഹിത്യ ഭാഷയോ ആഢ്യ ഭാഷയോ ആയിരിക്കില്ല. ജനകീയ ഭാഷ വഴി കച്ചവടക്കാരും ജനകീയരായിത്തീരുന്നു. ചൈനീസ്, ഉര്‍ദു, മറ്റു ഏഷ്യന്‍ ഭാഷകള്‍, ആഫ്രിക്കന്‍ ഭാഷകള്‍.... പഠിച്ച എത്രയോ അറബ് മുസ്‌ലിം കച്ചവടക്കാരുണ്ടായിരുന്നു. ഇന്നും മനോഹരമായി ഉര്‍ദു സംസാരിക്കുന്ന അറബികളെ കാണാം. ഇതെങ്ങനെ സംഭവിച്ചു എന്നത് ചിന്തനീയമാണ്.

കച്ചവട യാത്രകള്‍ വിവാഹ ബന്ധങ്ങള്‍ക്കു വഴി തുറന്നതും ഇസ്‌ലാമിന്റ പ്രചാരണത്തിന് വലിയ തോതില്‍ സഹായകമായിട്ടുണ്ട്. ദേശാടനം നടത്തുന്ന കച്ചവട സംഘങ്ങള്‍ ദീര്‍ഘനാള്‍ ഒരു പ്രദേശത്ത് താമസിക്കുമ്പോള്‍ തദ്ദേശീയരുമായി ഉണ്ടായിത്തീരുന്ന ബന്ധങ്ങള്‍ക്ക് പല മാനങ്ങളുമുണ്ട്. അതിലൊന്ന് വിവാഹമാണ്. പല രാജ്യങ്ങളിലും മുസ്‌ലിം വ്യാപാരികള്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിവാഹിതരായ സത്രീകള്‍ മാത്രമല്ല അവരുടെ കുടുംബ- ഗോത്ര അംഗങ്ങളും ഇസ്‌ലാമിലെത്താന്‍ ഇത് കാരണമായി (മുഅ്ജമുല്‍ ബുല്‍ദാന്‍, യാഖൂതുല്‍ ഹമവി, 2/433). മുസ്‌ലിം വ്യാപാര പ്രമുഖര്‍ക്ക് ഗോത്ര മുഖ്യന്മാരുടെയും നേതാക്കളുടെയും കുടുംബങ്ങളുമായാണ് പലപ്പോഴും വിവാഹ ബന്ധങ്ങള്‍ ഉണ്ടായിരുന്നത്. അതത് പ്രദേശവാസികളില്‍ വലിയൊരു വിഭാഗം ഇസ്‌ലാം സ്വീകരിക്കാന്‍ നേതൃ കുടുംബങ്ങളുമായുള്ള ഇത്തരം വിവാഹ ബന്ധങ്ങള്‍ കാരണമായതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഇസ്‌ലാം പ്രബോധനവും പ്രചാരവും, തോമസ് ആര്‍ണള്‍ഡ്, പേജ് - 392). ഇതു വഴി ചില പ്രദേശങ്ങളിലെല്ലാം സവിശേഷ മുസ്‌ലിം ജനവിഭാഗങ്ങള്‍ തന്നെ രുപപ്പെടുകയും ചെയ്തിട്ടുണ്ട് (താരീഖുല്‍ യഅ്ഖൂബി 3/218).

വിശാലമായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് കച്ചവടം വഴി തുറക്കുന്നത്. കച്ചവടക്കാര്‍ ജീവിക്കുന്നത് തീര്‍ത്തും ജനമധ്യത്തിലാണ്. പൊതു മാര്‍ക്കറ്റും പ്രത്യേക ചന്തകളുമെല്ലാം തോളുരുമ്മി നടക്കുന്നവരും മുഖാമുഖം നില്‍ക്കുന്നവരുമായ മനുഷ്യരുടെ ഇഴുകിച്ചേരലുകളാല്‍ സമ്പന്നമാണ്. മാന്യമായ പെരുമാറ്റം, സൗമ്യഭാവം, വിട്ടുവീഴ്ച, നിറഞ്ഞ പുഞ്ചിരി, വിശാലമനസ്‌കത, വിനയം, ഇടപാടുകാര്‍ക്ക് പിന്നെയും പിന്നെയും വന്നു ചേരാന്‍ തോന്നുന്ന എന്തൊക്കെയോ ചില വശ്യതകള്‍ .... ഇവയെല്ലാം ആ ഇഴയടുപ്പത്തെ ഹൃദയബന്ധങ്ങളാക്കുന്നു. വ്യാപാര യാത്രയിലെ ഖുറൈശികളുടെ ഇണക്കത്തെ കുറിച്ച ഖുര്‍ആന്‍ പരാമര്‍ശമോര്‍ക്കുക. രണ്ട് കാലത്ത് രണ്ട് ദേശങ്ങളോടുള്ള ഇണക്കം മാത്രമല്ല ആ ദേശങ്ങളിലെ ജനങ്ങളോടുള്ള ഇണങ്ങിച്ചേരല്‍ കൂടിയല്ലേ ഇവിടെ അര്‍ഥമാക്കുന്നത്. പരുക്കന്‍ മനസ്സുള്ള കച്ചവടക്കാരോട് ആരാണ് അടുക്കാന്‍ ആഗ്രഹിക്കുക! വിജയിച്ച  കച്ചവടക്കാര്‍ പൊതുവെ ഈ സ്വഭാവഗുണങ്ങള്‍ ഉള്ളവരായിരിക്കും. ഇവരുടെ ഇടപാടുകളില്‍ തമ്മില്‍ തൊടുന്നത് കൈവിരലുകള്‍ മാത്രമല്ല, മനസ്സുകള്‍ കൂടിയായിരിക്കും.  ഈ പാരസ്പര്യം സാധ്യമാക്കുന്ന ഒട്ടേറെ സുകൃതങ്ങളുണ്ട്. അതിലൊന്നാണ് ആശയങ്ങളുടെ കൈമാറ്റം. അതാണ് മുസ്‌ലിം വ്യാപാരികളിലൂടെ സംഭവിച്ചത്. 

അനേക ദേശങ്ങളില്‍ അവര്‍ മനുഷ്യരുടെ മനസ്സ് തൊട്ടു. പല രാജ്യങ്ങളിലും ആദ്യമെത്തിയ പ്രബോധകര്‍ കച്ചവടക്കാരായിരുന്നു. വില കൂടിയ കച്ചവടച്ചരക്കുകളോടൊപ്പം വിലമതിക്കാനാകാത്ത ദീനീ വെളിച്ചവും അവിടങ്ങളില്‍ അവര്‍ വിപണനം ചെയ്തു; സ്വര്‍ഗത്തിനു പകരമായി. ഇന്ത്യാ ഉപഭൂഖണ്ഡവും ചൈനയും വിവിധ ആഫ്രിക്കന്‍ നാടുകളും മികച്ച ഉദാഹരണങ്ങള്‍. ആഫ്രിക്കന്‍ വന്‍കരയിലെ ഇസ്‌ലാമിന് കച്ചവടക്കാരോടാണ് കൂടുതല്‍ കടപ്പാട്, ഇന്ത്യയും തഥാ. ജാവ, മാലിദ്വീപ്, ഇന്തോനേഷ്യ, സുമാത്ര, മലേഷ്യ, ഫിലിപ്പൈന്‍സ്, ബര്‍മ, മൊറോക്കോ അങ്ങനെ എത്രയെത്ര നാടുകള്‍. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും വ്യാപാരികളായി ഇന്ത്യയില്‍ വന്നു. അവര്‍ പക്ഷേ, ഇന്ത്യയെ കോളനിയാക്കുകയാണുായത്. അവരുടെ കപ്പലുകളിലുായിരുന്നത് ഇവിടെ നിന്ന് കൊള്ള ചെയ്ത മുതലുകളായിരുന്നു. അവരുടെ വാളുകള്‍ ഇവിടെ ചോര ചീറ്റി. അങ്ങനെ കച്ചവടക്കാരായി വന്ന കൊള്ളക്കാര്‍ ഒരു ഭാഗത്ത്. അവര്‍ക്കും മുമ്പേ ഇന്ത്യയില്‍ വന്ന അറബികളെ നോക്കൂ! അവര്‍ ഇവിടത്തെ മാര്‍ക്കറ്റിനെ സമ്പന്നമാക്കി. അറബിപ്പൊന്നും നാണ്യങ്ങളും നമുക്ക് തന്നു. ഇവിടത്തെ രാജാക്കന്മാരോടും ജനങ്ങളോടും അവര്‍ക്ക് ഹൃദയബന്ധങ്ങളുണ്ടായി. അവരില്‍ ചിലര്‍ ഇവിടത്തെ മണവാളന്മാരായി. ഈ രാജ്യം നിര്‍മിച്ചെടുക്കുന്നതില്‍ അറബ്-മുസ്‌ലിം കച്ചവടക്കാര്‍ പതിച്ച മുദ്രകള്‍ ഇപ്പോഴും ഈ മണ്ണിലും മാനത്തുമുണ്ട്. കോടതിയുടെയും ഭരണനിര്‍വഹണത്തിലെയും 'അദാലത്ത് ' എന്ന പദം മാത്രം എടുക്കുക. ആ അറബി വാക്കില്‍ ഉളളടങ്ങിയ ഇസ്‌ലാമിന്റെ നീതിസാരം ഇന്ത്യക്ക് കൈമാറിയത് അറബ് മുസ്‌ലിം കച്ചവടക്കാരാണ്. നമ്മുടെ നാട്ടില്‍നിന്ന് സുഗന്ധദ്രവ്യങ്ങളും മറ്റും അറബികള്‍ കടല്‍ കടത്തിയപ്പോള്‍ അവയേക്കാള്‍ സുഗന്ധമുള്ള ഇസ്‌ലാമിന്റെ വെളിച്ചമാണ് അവര്‍ ഇന്ത്യയുടെ അന്തരീക്ഷത്തില്‍ തുറന്നുവെച്ചത്. ആ ചരിത്രമൊക്കെ നമുക്ക് വഴിയെ പറയാം. ഹിജാസ്, ഇറാഖ്, യമന്‍ തുടങ്ങിയ നാടുകളില്‍നിന്ന് സ്വഹാബികളും താബിഉകളും മുതല്‍ കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളില്‍ കച്ചവടത്തിന് വേണ്ടി ദേശാടനം നടത്തിയ മുസ്‌ലിം വ്യക്തികളും കൂട്ടുകുടുംബങ്ങളും സംഘങ്ങളും വഴി ഇസ്‌ലാം ചെന്നെത്തിയ നാടുകളിലൂടെയും കീഴടക്കിയ മനസ്സുകളിലൂടെയും ഒരു ഓട്ടപ്രദക്ഷിണമാകാം നമുക്ക്. വ്യാപാരികളായ സ്വഹാബികളില്‍നിന്നാണ് അത് തുടങ്ങേണ്ടത്.

 

പ്രവാചക സഖാക്കളുടെ പാരമ്പര്യം

വര്‍ത്തകപ്രമുഖരായ പ്രവാചക സഖാക്കള്‍ നിരവധി ഉണ്ടായിരുന്നു. കച്ചവടരംഗത്ത് വിജയം കൊയ്തവര്‍. അവരുടെ സാമൂഹിക ബന്ധങ്ങളും സമ്പത്തും ഇടപെടലുകളുടെ രീതിശാസ്ത്രവുമെല്ലാം ഇസ്‌ലാമിന്റെ പ്രബോധനത്തിലും വളര്‍ച്ചാ വഴിയിലും ചെലുത്തിയ സ്വാധീനം അനല്‍പമത്രെ. മക്കയിലെ ദുരിതപര്‍വങ്ങളില്‍, പീഡിതരുടെയും അടിമകളുടെയും മോചനമാര്‍ഗത്തില്‍, മദീനയിലെ സമൂഹ നിര്‍മാണത്തിലും സമര പോരാട്ടങ്ങളിലും അവരുടെ സമ്പത്തും സൗകര്യങ്ങളും ഇസ്‌ലാമിന് എത്രയോ മുതല്‍ക്കൂട്ടായി. ഖദീജ ബിന്‍ത് ഖുവൈലിദ്, അബൂബക്ര്‍ സിദ്ദീഖ്, ഉസ്മാനുബ്‌നു അഫാന്‍, സുബൈറുബ്‌നുല്‍ അവ്വാം, അബ്ദുര്‍ഹ്മാനുബ്‌നു ഔഫ്, സഅദ്ബ്‌നു അബീവഖാസ് മുതല്‍പേര്‍ അവരുടെ മുന്‍നിരയിലുണ്ട്. അബൂബക്കര്‍ സിദ്ദീഖിന്റെ കടയും കച്ചവടയാത്രയും ഇസ്‌ലാമിക പ്രബോധനത്തിന്റെ രംഗവേദിയായിരുന്നു. ഇബ്‌നു കസീര്‍ ഉദ്ധരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ വായിക്കാം: 'അബൂബക്ര്‍ സിദ്ദീഖ് സല്‍സ്വഭാവസമ്പന്നനായ വ്യാപാരിയായിരുന്നു. നാട്ടുകാര്‍ അദ്ദേഹത്തെ കാണാന്‍ വരും. അദ്ദേഹത്തോട് ഇണങ്ങിച്ചേരും. അദ്ദേഹത്തിന്റെ അറിവും കച്ചവടനൈപുണ്യവും ഹൃദ്യമായ സാമീപ്യവും കാരണമായിരുന്നു ഇത്. അദ്ദേഹം അവരെയെല്ലാം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു' (അല്‍ബിദായ വന്നിഹായ 4/73). ഉസ്മാനു ബ്‌നുഅഫാന്‍, സുബൈറുബ്‌നുല്‍ അവ്വാം, സഅദു ബ്‌നു അബീവഖാസ്, ത്വല്‍ഹത്തു ബ്‌നു ഉബൈദുല്ല തുടങ്ങിയവരെല്ലാം അബൂബക്ര്‍ സിദ്ദീഖ് വഴി ഇസ്‌ലാമിലെത്തിയവരാണ് (ഇബ്‌നു ഹിശാം അസ്സീറത്തുന്നബവിയ്യ/ 269). ത്വല്‍ഹത്തുബ്‌നു ഉബൈദുല്ലക്ക് ഇസ്‌ലാമിന്റെ വെളിച്ചം ആദ്യം കിട്ടിയത് ഒരു കച്ചവട യാത്രയിലായിരുന്നു. അദ്ദേഹം ബസ്വറയിലേക്ക് കച്ചവടച്ചരക്കുകളുമായി പുറപ്പെട്ടു. വഴിയിലെവിടെയോ ഒരു പുരോഹിതനെ കണ്ടുമുട്ടി. മുഹമ്മദ് നബിയുടെ ആഗമനത്തെ കുറിച്ച് അന്വേഷിച്ച പുരോഹിതന്‍ പ്രവാചകനെ പിന്തുടരരുതെന്ന് ത്വല്‍ഹയെ താക്കീത് ചെയ്തു. ഇനി ത്വല്‍ഹ പറയട്ടെ; 'ഇത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തൊക്കെയോ സംഭവിച്ചു. വിശ്വസ്തനായ മുഹമ്മദു ബ്‌നു അബ്ദുല്ല പ്രവാചകത്വം വാദിക്കുന്നുവോ? ഉടന്‍ മക്കയിലേക്ക് തിരിച്ചു. ഞാന്‍ പലരോടും അന്വേഷിച്ചു. അതേ, അബൂ ഖുഹാഫയുടെ മകന്‍ അബൂബക്ര്‍ അദ്ദേഹത്തിന്റെ അനുയായി ആയിട്ടുണ്ട്. ഇതാണ് എനിക്കു കിട്ടിയ മറുപടി. ഞാന്‍ ഉടനെ അബൂബക്‌റിനെ ചെന്നു കണ്ടു. അദ്ദേഹം എന്നെയും കൂട്ടി നബിയുടെ അടുത്തെത്തി. അവിടെ വെച്ചു ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു' (ഇബ്‌നു സഅ്ദ് ത്വബഖാത്തുല്‍ കുബ്‌റാ 3/214). അബ്‌സീനിയയിലേക്ക് പലായനം ചെയ്തു പോയ സ്വഹാബികളില്‍ പലരും കച്ചവടക്കാരായിരുന്നു. അവിടെ അഭയാര്‍ഥികളായി ആരുടെയെങ്കിലും ഔദാര്യത്തില്‍ കഴിയുകയായിരുന്നില്ല അവര്‍. അബ്‌സീനിയയിലെ മാര്‍ക്കറ്റില്‍ അവര്‍ കച്ചവടനിരതരായി. അതുവഴി ജനങ്ങളോട് ഉണ്ടായിത്തീര്‍ന്ന ബന്ധം ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി ഉപയോഗിക്കുകയും ചെയതു (താരീഖുല്‍ യഅ്ഖൂബി 3/218 ). 

ഖദീജയുടെ സമ്പത്ത് ഇസ്‌ലാമിന് ചെയ്ത സേവനത്തെക്കുറിച്ച് നബി പ്രത്യേകം പറഞ്ഞിട്ടുണ്ട്. കച്ചവടത്തിലൂടെയും മറ്റും നേടിയ പണം മുഴുവന്‍ പ്രവാചകന്റെ മുമ്പില്‍ വെച്ചശേഷം ഇനി അല്ലാഹുവും റസൂലും മാത്രമേ വീട്ടിലുള്ളു എന്ന് പറഞ്ഞ അബൂബക്ര്‍ ചരിത്രത്തിലുണ്ട്. ദീനീ മാര്‍ഗത്തിലെ കച്ചവടക്കാരനായിരുന്നു ഉസ്മാനുബ്‌നു അഫ്ഫാന്‍. വറുതി കാലത്ത് വന്നെത്തിയ തന്റെ  കച്ചവടച്ചരക്കുകള്‍ ഒന്നാകെ എത്രയോ ഇരട്ടി ലാഭത്തിന് അല്ലാഹുവിന് വിറ്റ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ജനം കൊടിയ ക്ഷാമത്തിലായിരുന്നു അന്ന്. അല്ലാഹു ആശ്വാസത്തിന്റെ വഴി തുറക്കുമെന്ന് അബൂബക്ര്‍ ജനങ്ങളോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം, ആയിരം ഒട്ടകങ്ങളിലായി ഗോതമ്പും മറ്റു ഭക്ഷ്യ വസ്തുക്കളും അടങ്ങുന്ന കച്ചവടച്ചരക്കുകള്‍ ഉസ്മാന് വന്നെത്തി. കേട്ടറിഞ്ഞ് മദീനയിലെ കച്ചവടക്കാര്‍ ഉസ്മാന്റെ മുന്നിലെത്തി. അവര്‍ ചരക്കുകള്‍ക്ക് വില പറഞ്ഞു. കൂടുതല്‍ ലാഭം ചോദിച്ച് ഉസ്മാന്‍ അവരോട് വിലപേശിക്കൊണ്ടേയിരുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍, ഞങ്ങള്‍ മദീനയിലെ കച്ചവടക്കാര്‍ക്ക് ഇതിലധികം ലാഭം തരാന്‍ കഴിയില്ല. ഇതില്‍ കൂടുതല്‍ ലാഭം ആരാണ് നല്‍കുക? അവര്‍ ചോദിച്ചു. ഉസ്മാന്റെ മറുപടി ഇങ്ങനെ ആയിരുന്നു; 'ഒരു ദിര്‍ഹമിന് പത്ത് എന്ന രീതിയില്‍ ലാഭം തരാന്‍ ആളുണ്ട്. ഈ ചരക്കുകള്‍ മുഴുവന്‍ ഞാന്‍ മദീനയിലെ ദരിദ്രര്‍ക്ക് ദാനം ചെയ്യുകയാണ്.' ഒരിക്കല്‍, 300 ഒട്ടകങ്ങളെ അവയുടെ മേലുള്ള എല്ലാ ചരക്കുകളോടുമൊപ്പം ഒന്നിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച ഉസ്മാനുവേണ്ടി നബി നടത്തിയ പ്രാര്‍ഥനയും നാം ഓര്‍ക്കണം. ക്ലിഷ്ടകാല സൈന്യം എന്നു വിളിക്കപ്പെട്ട 'തബൂക്ക് സേന'യെ ഒരുക്കാനും ഉസ്മാന്റെ(റ) സമ്പത്താണ് താങ്ങായത്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനെ ഓര്‍മയില്ലേ. പലായനം ചെയ്ത് മദീനയിലെത്തിയ അദ്ദേഹത്തിന് ഒരു അന്‍സാരി സഹോദരനെ നിശ്ചയിച്ചു കൊടുത്തു നബി; സഅ്ദുബ്‌നു മാലിക്. തന്റെ സമ്പത്തിന്റെ പാതി ആദര്‍ശ സഹോദരനു മുന്നില്‍ വെച്ചു സഅ്ദ്. പക്ഷേ, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ചോദിച്ചത് മദീനയിലെ മാര്‍ക്കറ്റെവിടെ എന്നായിരുന്നു. മാര്‍ക്കറ്റില്‍ പോയി കച്ചവടം ചെയത് പതിവിലേറെ ലാഭം നേടി,  കച്ചവടം ഒരു അഭയാര്‍ഥിയുടെ അതിജീവനത്തിന്റെ വഴിയാണെന്ന് തെളിയിച്ചു അദ്ദേഹം. പിന്നെ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് കച്ചവടത്തില്‍ ഏറെ വളര്‍ന്നു. ആ വഴിയില്‍ വന്നു ചേര്‍ന്ന ലാഭത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ഇസ്‌ലാമിനു വേി ദാനം ചെയ്തു കൊണ്ടിരുന്നു. ഒരിക്കല്‍ 4000 ദിര്‍ഹം, മറ്റൊരിക്കല്‍ 40000, മറ്റൊരു സമയത്ത് പലവിധ കച്ചവട ചരക്കുകളുമായെത്തിയ 700 ഒട്ടകങ്ങള്‍ അദ്ദേഹം ദാനം ചെയ്തു. സത്യദീനിനെ ശക്തിപ്പെടുത്തിയ സംഭാവനകള്‍!

ശാമിലെ കച്ചവട യാത്ര കഴിഞ്ഞ്  തിരിച്ചു വരവെയാണ് ത്വല്‍ഹ, ഹിജ്‌റ യാത്രക്കിടയില്‍ നബിയെ കണ്ടുമുട്ടുന്നത്. ശാമില്‍ നിന്നുള്ള വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു അപ്പോഴദ്ദേഹത്തിന്റെ കൈയില്‍. ആ വസ്ത്രങ്ങള്‍ നബിക്കും അബൂബക്‌റിനും നല്‍കി അദ്ദേഹം. ആ പുതുവസ്ത്രങ്ങളിലാകട്ടെ അവരുടെ മദീനാ പ്രവേശം എന്നാണ് ത്വല്‍ഹ ആഗ്രഹിച്ചത്. മക്കയില്‍ തിരിച്ചെത്തി ചരക്കുകളെല്ലാം പെട്ടെന്ന് വിറ്റൊഴിച്ച് ത്വല്‍ഹയും മദീനയിലേക്ക് തിരിച്ചു. അബൂബക്ര്‍ സിദ്ദീഖിന്റെ കുടുംബത്തെയും കൂടെക്കൂട്ടി. മദീനയില്‍ ജലക്ഷാമത്താല്‍ ജനം പൊറുതിമുട്ടിയ സന്ദര്‍ഭത്തില്‍ തന്റെ സമ്പത്ത് കൊണ്ട് അതിന് പരിഹാരം ഉണ്ടാക്കിയ ത്വല്‍ഹയോട് താങ്കള്‍ കൈയയച്ച് ദാനം ചെയ്യുന്നവനല്ലോ എന്നാണ് നബി പ്രശംസിച്ചത്.  കുടുംബത്തിലെയും പ്രദേശത്തെയും ദരിദ്രര്‍ക്ക് അദ്ദേഹമെന്നും അത്താണിയായിരുന്നു. ഹളര്‍ മൗത്തിലെ കച്ചവടത്തിലൂടെ വന്നു ചേര്‍ന്ന 7 ലക്ഷം ദിര്‍ഹം ദരിദ്രരായ തന്റെ ആദര്‍ശ സഹോദരങ്ങള്‍ക്കായി നീക്കിവെച്ച സംഭവമുണ്ട് ത്വല്‍ഹയുടെ ജീവിതത്തില്‍ (സിയറു അഅ്‌ലാമി ന്നുബലാഅ് 1/31).

വ്യാപാര പ്രമുഖര്‍ ഇസ്‌ലാമിന്റെ കൊടി ഉയര്‍ത്തിയതിന്റെ ആദ്യഘട്ടമായി ഇതെല്ലാം പരിഗണിക്കാം. മദീനത്തുന്നബി കേന്ദ്രമായുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിര്‍മാണ ഘട്ടമാണിത്, പിന്നെ പുറത്തേക്കുള്ള പ്രബോധനത്തിന്റെ തുടക്കവും. എന്നാല്‍, ഇസ്‌ലാം ഭൂഖണ്ഡങ്ങളിലേക്ക് പരക്കുന്ന കച്ചവട യാത്രകളും പ്രബോധന പ്രചാരണവുമാണ് അടുത്ത ഘട്ടങ്ങളില്‍ നടക്കുന്നത്. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍