Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

പാലോളി കമ്മിറ്റി പറഞ്ഞതും പ്രവര്‍ത്തിച്ചതും

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-12 )

ചില സര്‍ക്കാര്‍ കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ അനുഭവങ്ങളും എടുത്തുപറയേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് അറബിക് പാഠപുസ്തക വിദഗ്ധ പരിശോധനാ കമ്മിറ്റിയില്‍ അംഗമായതാണ്. കേരള അറബിക് റീഡര്‍ ഒന്നു മുതല്‍ 10 വരെ ഭാഗങ്ങള്‍ തയാറാക്കുന്നത് അതത് കാലത്ത് ചുമതലപ്പെടുത്തപ്പെടുന്ന അധ്യാപകരടങ്ങുന്ന വര്‍ക്‌ഷോപ്പുകളാണ്. പിന്നീട് ഈ ടെക്സ്റ്റ് ബുക്കുകള്‍ ഒരു വിദഗ്ധ സംഘം പരിശോധിച്ച് ആവശ്യമായ തിരുത്തുകള്‍ നിര്‍ദേശിക്കുന്നു. ഒടുവില്‍ ഒരു മേല്‍നോട്ട സമിതി പരാതികള്‍ പരിഗണിച്ച് ഭേദഗതികള്‍ വരുത്തിയാണ് അച്ചടിക്കപ്പെടുന്നത്. പ്രഫ. മങ്കട അബ്ദുല്‍ അസീസ്, കരുവള്ളി മുഹമ്മദ് മൗലവി, മൂസ മൗലവി അരൂര്‍, ബാവ മുസ്‌ലിയാര്‍ കോടമ്പുഴ തുടങ്ങിയവരായിരുന്നു എന്നോടൊപ്പം വിദഗ്ധ സമിതിയിലുണ്ടായിരുന്നത്. കേരള അറബിക് റീഡര്‍ സാമാന്യേന നല്ല നിലവാരം പുലര്‍ത്തിയ പാഠപുസ്തകമായിരുന്നെങ്കിലും ആധുനിക അറബി പദപ്രയോഗങ്ങള്‍ കുറവായിരുന്നു. മലയാളത്തില്‍ ചിന്തിച്ച് അറബി പദങ്ങള്‍ നിര്‍മിച്ചത് വലിയൊരു ന്യൂനതയായിരുന്നു. ഇവയത്രയും മാറ്റി പ്രചാരത്തിലുള്ള അറബിഭാഷാ പ്രയോഗങ്ങള്‍ പകരംവെക്കുകയായിരുന്നു ഞങ്ങളുടെ മുഖ്യജോലി. ടെക്സ്റ്റ്ബുക്കുകള്‍ അധ്യാപകര്‍ നന്നായി റഫര്‍ ചെയ്ത് ആത്മാര്‍ഥമായി ജോലി നിര്‍വഹിച്ചാല്‍ കുട്ടികള്‍ അറബി സാമാന്യം ഭേദപ്പെട്ട നിലയില്‍ അഭ്യസിക്കുമെങ്കിലും അറബി അധ്യാപകരുടെ തൊഴില്‍ കാര്യം മാത്രമായി സ്‌കൂളുകളിലെ അറബിപഠനം തരംതാണു. അതിനാല്‍ അറബ് നാടുകളിലെ പ്രൈമറി വിദ്യാര്‍ഥികളുടെ നിലവാരം പോലും നമ്മുടെ സെക്കന്ററി സ്‌കൂളുകളില്‍നിന്ന് അറബി പഠിച്ചിറങ്ങുന്നവര്‍ക്കില്ലാതെ പോയിട്ടുണ്ട്. 

എന്തിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍! അറബി കോളേജുകളില്‍നിന്ന് അഞ്ചു വര്‍ഷത്തെ അഫ്ദലുല്‍ ഉലമാ ഡിഗ്രി (ബി.എ അറബിക്കിന് തുല്യം) നേടിയ യുവാക്കളുടെ അറബി പരിജ്ഞാനം പോലും വളരെ പരിതാപകരമായിരുന്നു. ഖത്തര്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്നപ്പോഴും ഇസ്‌ലാഹിയാ കോളേജിന്റെ ചുമതലയുള്ള കാലത്തും ഒട്ടേറെ അഫ്ദലുല്‍ ഉലമക്കാരെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരമുണ്ടായിട്ടുണ്ട്. നേരെ ചൊവ്വെ ജോലിക്കുള്ള അപേക്ഷ എഴുതാന്‍ പോലും അറിയാത്തവരായിരുന്നു മിക്കവരും. ബുദ്ധിയില്ലാത്തതു കൊണ്ടല്ല, വാരിക്കോരി ലഭിക്കുന്ന മാര്‍ക്കിനുവേണ്ടി പുസ്തകങ്ങള്‍ വായിച്ചു എന്നു വരുത്തി, ഭാഷാപഠനത്തെ അവഗണിച്ചതാണ് കാരണം. ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കും എന്ന് ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഡോ. കെ.എം മുഹമ്മദ് റീഡറായിരിക്കെ ഒരിക്കല്‍ സംഘടിപ്പിക്കപ്പെട്ട ദക്ഷിണേഷ്യന്‍ കോളേജുകളിലെ സീനിയര്‍ ലക്ചറര്‍മാരുടെ ഒരു റഫ്രഷര്‍ കോഴ്‌സില്‍ പങ്കെടുത്തതിന്റെ അനുഭവവും കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ. 'സമകാലിക അറബി പത്രപ്രവര്‍ത്തനം' എന്നതായിരുന്നു ഞാന്‍ അവതരിപ്പിക്കേണ്ട വിഷയം. അറബിയില്‍ പ്രബന്ധം തയാറാക്കി അവതരിപ്പിച്ചശേഷം ഇനി സദസ്സിന്റെ അഭിപ്രായ പ്രകടനത്തിനും ചര്‍ച്ചക്കുമുള്ള അവസരമാണെന്ന് ഞാന്‍ പറഞ്ഞു. സ്വാഭാവികമായും അത് അറബിയില്‍ വേണമായിരുന്നു. ഒരാളും ഒരക്ഷരം ഉരിയാടിയില്ല എന്നുതന്നെ പറയണം. കാരണം പിടികിട്ടി; ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം ആശയവിനിമയം എന്ന് പറഞ്ഞപ്പോള്‍ മൗനികളൊക്കെ വാചാലരായി.

പരേതനായ പ്രഫ. വി. മുഹമ്മദ് സാഹിബുമായി പിന്നീടൊരിക്കല്‍ ഈ സംഭവം പങ്കിട്ടപ്പോള്‍ അതിങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ എന്ന് പ്രതികരിച്ചുകൊണ്ട് തന്റെ ഒരനുഭവം അദ്ദേഹം വിവരിച്ചു: 'കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒരു എയ്ഡഡ് കോളേജില്‍ നിയമനത്തിനായി അറബി അധ്യാപകരെ ഇന്റര്‍വ്യൂ ചെയ്യേണ്ട സമിതിയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ജില്ലാ കലക്ടറും ഒരു മാനേജ്‌മെന്റ് പ്രതിനിധിയുമടങ്ങിയതായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ്. മുഖാമുഖത്തിന് ഹാജരായവരില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ ഊഴം വന്നു. ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ക്ക് അറബിഭാഷ ഒട്ടുമേ വശമില്ലെന്ന തോന്നല്‍ എനിക്കുണ്ടായി. ഒരു കടലാസില്‍ അസ്സലാമു അലൈകും എന്ന് അറബിയില്‍ എഴുതിക്കാണിക്കാന്‍ ഞാന്‍ അയാളോടാവശ്യപ്പെട്ടു. അയാള്‍ ശങ്കിച്ചു ശങ്കിച്ച് ഒടുവില്‍ എഴുതിത്തന്നു. മദ്‌റസാ കുട്ടികളെപ്പോലും നാണിപ്പിക്കുന്ന തെറ്റ്! മുഖാമുഖത്തിനവസാനം ഈ ഉദ്യോഗാര്‍ഥിക്ക് ഞാന്‍ വട്ടപ്പൂജ്യമാണ് കൊടുത്തത്. അറബി പരിജ്ഞാനമില്ലാത്ത കലക്ടറും എന്നെ മാതൃകയാക്കി അതു തന്നെ ചെയ്തു. മാനേജ്‌മെന്റ് പ്രതിനിധിയാകട്ടെ അയാള്‍ക്ക് മാക്‌സിമം മാര്‍ക്കും കൊടുത്തു. പക്ഷേ, മൂന്നില്‍ രണ്ടുപേരും അയാളെ തഴഞ്ഞ സ്ഥിതിക്ക് നിയമന സാധ്യത ഇല്ലായിരുന്നു. പിന്നീടെപ്പോഴോ കോളേജുകളിലെ അധ്യാപകരുടെ ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുക്കവെ ഒന്നാം നിരയില്‍ അയാളുണ്ട് ഗമയോടെ ഇരിക്കുന്നു. അയാള്‍ നേരത്തേ ഇന്റര്‍വ്യൂ നടത്തിയ എയ്ഡഡ് കോളേജിനെ പ്രതിനിധീകരിച്ച് എത്തിയതായിരുന്നു. അദ്ദേഹത്തോട് പിടിപ്പത് കോഴ വാങ്ങിയ മാനേജ്‌മെന്റ് ഞാനടങ്ങിയ സമിതി നടത്തിയ മുഖാമുഖം കാന്‍സല്‍ ചെയ്യിച്ച് അവരാഗ്രഹിക്കുന്നവിധം ഇന്റര്‍വ്യൂ നടത്താന്‍ പറ്റിയ ടീമിനെ അധികൃതരുടെ ഒത്താശയോടെ നിയോഗിച്ചതാണെന്ന് എനിക്ക് ബോധ്യമായി.' ഇത്തരക്കാര്‍ക്ക് ഒന്നും പഠിക്കാതെയും ഗവേഷണത്തിന്റെ പടിപോലും കടക്കാതെയും പി.എച്ച്.ഡി നേടാന്‍ പ്രയാസമില്ലെന്നതാണ് ദൈന്യാവസ്ഥ. അതേസമയം ചെമ്മാട് ദാറുല്‍ ഹുദാ, അല്‍ ജാമിഅ ശാന്തപുരം, അസ്ഹറുല്‍ ഉലൂം ആലുവ പോലുള്ള സ്ഥാപനങ്ങള്‍ അറബിഭാഷയിലും സാഹിത്യത്തിലും വേണ്ടത്ര യോഗ്യരായ യുവാക്കളെ വാര്‍ത്തുവിടുന്നതാണ് വര്‍ത്തമാനകാലത്തെ ശുഭകരമായ മാറ്റം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 50 വര്‍ഷത്തെ മുസ്‌ലിം അവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2004-ല്‍ യു.പി.എ സര്‍ക്കാറിനെ നയിച്ച ഡോ. മന്‍മോഹന്‍ സിംഗ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായി ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും പ്രധാന സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി വിവരവും വൈദഗ്ധ്യവുമുള്ളവരുമായി സംവദിച്ചും തയാറാക്കിയ ബൃഹത്തായ റിപ്പോര്‍ട്ട് നിശ്ചിതസമയപരിധിക്കകം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. അത് പാര്‍ലമെന്റിന്റെ മുമ്പാകെയെത്താന്‍ രണ്ടുവര്‍ഷം വേണ്ടിവന്നു. പല സംസ്ഥാനങ്ങളിലും പട്ടികജാതി-പട്ടികവര്‍ഗങ്ങളേക്കാള്‍ മോശമാണ് മുസ്‌ലിം അവസ്ഥ എന്ന സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ ചൂണ്ടിക്കാട്ടിയ സച്ചാര്‍ സമിതി രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ ഉദ്ധരിക്കാനുള്ള മാര്‍ഗങ്ങളും നിര്‍ദേശിക്കാതിരുന്നില്ല. കേരളമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുസ്ഥിതിക്ക് അപവാദമായ സംസ്ഥാനമെന്ന് എടുത്തുകാട്ടിക്കൊണ്ടുതന്നെ കേരളത്തിലും പ്രശ്‌നങ്ങളുണ്ടെന്നും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. 2007-'12-ലെ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ സച്ചാര്‍ സമിതി ശിപാര്‍ശകള്‍ കേരളീയ സാഹചര്യങ്ങളില്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളും ശിപാര്‍ശകളും പഠിച്ച് റിേപ്പാര്‍ട്ട് സമര്‍പ്പിക്കുന്നതിന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. കെ.ഇ ഇസ്മാഈല്‍ എം.പി, എം.എ അസീസ് എം.എല്‍.എ, ടി.കെ ഹംസ, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അഹ്മദ് കുഞ്ഞി (കാസര്‍കോട്) എന്നിവരോടൊപ്പം ഞാനും കമ്മിറ്റിയില്‍ അംഗമായിരുന്നു. കോഴിക്കോട്ട് നടന്ന പ്രഥമ സിറ്റിംഗില്‍ പെങ്കടുത്ത കെ.ഇ ഇസ്മാഈല്‍ മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് മാത്രം പഠിക്കുന്നത് ശരിയല്ലെന്നും മറ്റു പിന്നാക്ക വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നും വാദിച്ചപ്പോള്‍, സച്ചാര്‍ കമ്മിറ്റി മുസ്‌ലിം സ്ഥിതിയെക്കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നിയുക്തമായ കമ്മിറ്റി എന്ന നിലയില്‍ അത് മാത്രമാണ് നിര്‍ദേശിക്കപ്പെട്ട ദൗത്യമെന്ന് പാലോളി മുഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി. പിന്നീടൊരു സിറ്റിംഗിലും സി.പി.ഐ നേതാവിനെ കണ്ടില്ല. ബാക്കി മിക്കവരും വിവിധ ജില്ലാ തലസ്ഥാനങ്ങളില്‍ നടന്ന തെളിവെടുപ്പുകളില്‍ പങ്കാളികളായി. മൂന്നു മാസത്തിനകം സാമാന്യം സമഗ്രമായ റിപ്പോര്‍ട്ടും ശിപാര്‍ശകളും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. മുസ്‌ലിം ലീഗ് ഒഴിച്ച് മിക്ക സംഘടനകളും കമ്മിറ്റിയോട് സഹകരിക്കുകയും ചെയ്തു. ന്യൂനപക്ഷ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, സര്‍ക്കാര്‍ ജോലികള്‍ക്ക് മുസ്‌ലിംകളെ സജ്ജമാക്കാന്‍ കോച്ചിംഗ് സെന്ററുകള്‍, സംവരണ നഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍, അനാഥശാലകളുടെ ഗ്രാന്റും പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പും ഉയര്‍ത്തല്‍, കേരളത്തില്‍ അറബിക് യൂനിവേഴ്‌സിറ്റി, ദഖ്‌നി മുസ്‌ലിംകള്‍ക്ക് സംവരണം, ദരിദ്ര മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പ്രവാസികളുടെ പുനരധിവാസം, മലബാര്‍ മേഖലയില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററികള്‍ തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാറിന്റെ മുന്നില്‍വെച്ചു. ചിലതൊക്കെ നടപ്പാക്കി, പലതും നടപ്പാകാതെ അവശേഷിക്കുകയും ചെയ്യുന്നു. ഏതു നിലക്കും മുസ്‌ലിം പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കാന്‍ അവസരമൊരുക്കി എന്നതാണ് വ്യക്തിപരമായി എനിക്കുണ്ടായ നേട്ടം. സൗമ്യനും കര്‍മോത്സുകനുമായ പാലോളി മുഹമ്മദ് കുട്ടിയുടെ സാരഥ്യമാണ് നിശ്ചിത സമയത്തിനകം വൃത്തിയുള്ള ഒരു റിപ്പോര്‍ട്ട് തയാറാക്കാന്‍ വഴിയൊരുക്കിയത് എന്ന് കൃതജ്ഞതയോടെ സ്മരിക്കുന്നു.

വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്‌കൂള്‍ ആറാം ക്ലാസ് മലയാളം ടെക്സ്റ്റ് ബുക്കിലെ 'മതമില്ലാത്ത ജീവന്‍' എന്നൊരു പാഠം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സ്‌കൂളില്‍ മകനെ ചേര്‍ക്കാന്‍ വന്ന അഛനും അമ്മയും അഡ്മിഷന്‍ ഫോറത്തില്‍ കുട്ടിയുടെ മതം ചേര്‍ക്കേണ്ട കോളത്തില്‍ മതം ഇല്ല എന്നെഴുതിയതാണ് പാഠത്തിന്റെ ഉള്ളടക്കം. മതവിശ്വാസികള്‍ക്ക് മഹാഭൂരിപക്ഷമുള്ള കേരളത്തില്‍ മതനിരാസം തലമുറകളില്‍ കുത്തിവെക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഈ പാഠം ചിത്രീകരിക്കപ്പെട്ടത്. മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളും ഹിന്ദുക്കളില്‍ ഗണ്യമായ വിഭാഗവും പാഠപുസ്തകം പിന്‍വലിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി പ്രക്ഷോഭത്തിനൊരുങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഒരു പുനഃപരിശോധനാ കമ്മിറ്റിയെ നിയമിച്ച് പ്രശ്‌നപരിഹാരത്തിന് തയാറായി. ഡോ. കെ.എം പണിക്കര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ ഡോ. എം.എന്‍ കാരശ്ശേരി, ഹുസൈന്‍ രണ്ടത്താണി, റിട്ട. ജില്ലാ ജഡ്ജി ഡോ. വത്സന്‍ തമ്പു തുടങ്ങിയവരോടൊപ്പം ഞാനും വിദ്യാഭ്യാസ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായിരുന്നു കമ്മിറ്റി. തിരുവനന്തപുരത്ത് നടന്ന ഏതാനും സിറ്റിംഗുകള്‍ക്കൊടുവില്‍ പാഠപുസ്തകത്തില്‍നിന്ന് വിവാദവിധേയമായ പാഠം നീക്കം ചെയ്യാനും മറ്റു ചില പരിഷ്‌കരണങ്ങള്‍ക്കും തീരുമാനമായി. കേരള സിലബസ് അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കുവേണ്ടി പാഠപുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. വിവാദവിധേയമായ പാഠപുസ്തകവും അതില്‍ ഉള്‍പ്പെടും. പുനഃപരിശോധനാ സമിതിയില്‍ ദല്‍ഹിയില്‍നിന്നുള്ള സി.ബി.എസ്.ഇ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ഒന്നുരണ്ടു പേരും കൂട്ടത്തിലുണ്ടായിരുന്നു. ചര്‍ച്ചക്കിടെ കേരള സിലബസിലെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ നിലവാരമില്ലായ്മയെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. തെറ്റുകളും വൈകല്യങ്ങളും സുലഭമാണെന്നവര്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നുവെന്ന് കെ.എം പണിക്കര്‍ വെളിപ്പെടുത്തിയപ്പോഴാണ് അന്തംവിട്ടുപോയത്. പാഠങ്ങള്‍ തയാറാക്കാന്‍ യോഗ്യരായവരെ തന്നെയാണ് ഭരമേല്‍പിക്കാറ്. അവരത് ഇംഗ്ലീഷ് ലക്ചറര്‍മാരെ ഏല്‍പിക്കുന്നു; അവരത് വിദ്യാര്‍ഥികള്‍ക്ക് കീഴ് കരാറും നല്‍കുന്നു! വെറുതെയല്ല, സാക്ഷര പ്രബുദ്ധ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശീയ നിലവാരത്തില്‍ പിന്നിലാവുന്നത്. 

കോളേജുകളുടെ നിലവാരമുയര്‍ത്താന്‍ പണിക്കരുടെതന്നെ അധ്യക്ഷതയില്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച സമിതി സമഗ്രമായ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ വൈകാതെ സമര്‍പ്പിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. 'എന്ത് പ്രയോജനം? നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ടും ശിപാര്‍ശകളുമാണെങ്കിലും നിലവിലെ സര്‍ക്കാര്‍ അതംഗീകരിച്ചു നടപ്പാക്കാന്‍ ഒരുങ്ങുേമ്പാഴേക്ക് ഈ സര്‍ക്കാറിന്റെ കാലാവധി കഴിയും. അടുത്ത സര്‍ക്കാര്‍ യു.ഡി.എഫിന്റേതാവും. അവരത് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ മറ്റൊരു സമിതിയെ നിയമിക്കും. അവരുടെ റിപ്പോര്‍ട്ട് വരുമ്പോഴേക്ക് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലാവധിയും കഴിയും. പിന്നെയും ചരിത്രം ആവര്‍ത്തിക്കും. ഇതാണിന്നുവരെയുള്ള കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ചരിത്രം. ഞാന്‍ പറഞ്ഞത് ശരിയല്ലേ?' ഡോ. പണിക്കരോട് ചോദിച്ചു. 'വളരെ ശരി. എനിക്കതില്‍ അതിയായ വേദനയുണ്ട്. കഷ്ടപ്പെട്ടു പണിയെടുത്തു തയാറാക്കിയ ക്രിയാത്മക നിര്‍ദേശങ്ങള്‍ വൃഥാവിലാവുന്നത് സങ്കടകരം തന്നെയാണ്. അതിനാല്‍ ഞാന്‍ പ്രതിപക്ഷത്തെ പ്രമുഖരുമായി കൂടി സംവദിച്ച് അവര്‍ നിര്‍ദേ ശിക്കുന്ന ഭേദഗതികള്‍ വരുത്തിയ ശേഷം ഇത് നടപ്പാക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്' പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിനതിന് അവസരമുണ്ടായോ എന്നറിഞ്ഞുകൂടാ. ഒരു കാര്യം തീര്‍ച്ച. ചരിത്രം ആവര്‍ത്തിച്ചു. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഫ. ഹൃദയകുമാരിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിയെ നിയോഗിക്കുകയാണ് ചെയ്തത്. ഉന്നത വിദ്യാഭ്യാസരംഗം കാതലായ മാറ്റമില്ലാതെ തുടരുന്നു എന്നത് അനുഭവസത്യവും. നേരത്തേ ഔട്ട്‌ലുക്ക് വാരിക ഇന്ത്യയില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന എട്ട് കോളേജുകളെ തെരഞ്ഞെടുത്തതില്‍ ഒന്നുപോലും കേരളത്തിലേത് ആയിരുന്നില്ല. ലോകത്തിലെ ഉന്നത നിലവാരമുള്ള 200 യൂനിവേഴ്‌സിറ്റികളില്‍ ഒന്നുപോലും ഇന്ത്യയില്‍ നിന്നില്ല എന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അദ്ദേഹത്തിന്റെ പിന്‍ഗാമി കോവിന്ദും പരസ്യമായി വിലപിച്ചതു കൂടി കൂട്ടി വായിക്കാം. എങ്ങനെ മെച്ചപ്പെടാന്‍? വര്‍ഗീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ യുദ്ധങ്ങളും വെറും ശമ്പളത്തിനായി ജോലി ചെയ്യുന്ന അധ്യാപകരും അച്ചടക്കം തൊട്ടുതീണ്ടാത്ത വിദ്യാര്‍ഥികളും തീര്‍ത്തും അയോഗ്യരായ വിദ്യാഭ്യാസ മന്ത്രിമാരുമെല്ലാം ചേര്‍ന്ന് രൂപംകൊണ്ട വിഷമവൃത്തമാണല്ലോ ഇന്ത്യന്‍ വിദ്യാഭ്യാസരംഗം. സ്മൃതി ഇറാനിയെപ്പോലുള്ളവരെ തലപ്പത്തിരുത്തിയിരുന്ന മാനവവിഭവശേഷി വികസന വകുപ്പ് സമ്പൂര്‍ണ കാവിവത്കരണ പാതയിലാണുതാനും. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി) പിരിച്ചുവിടാന്‍ തീരുമാനിച്ചതോടെ അവരുടെ പ്ലാന്‍ എളുപ്പമായി. മദ്‌റസകള്‍ക്ക് ധനസഹായം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള സമിതിയിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കമ്മിറ്റിയിലും ഞാന്‍ അംഗമായിരുന്നു. കേവലം ഔപചാരിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ സമയം കളഞ്ഞത് മിച്ചം. ഒടുവിലത്തെ ഉമ്മന്‍ ചാി സര്‍ക്കാറിന്റെ കാലത്ത് മദ്‌റസകളില്‍ ലൈബ്രറി-കമ്പ്യൂട്ടര്‍ സംവിധാനത്തിനും സയന്‍സ് അധ്യാപനത്തിനുമായി കേന്ദ്ര സഹായം വിതരണം ചെയ്യപ്പെടുകയുായി. മോദി ഭരണകാലത്ത് അതും നിലച്ചു. 

(തുടരും)

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍