ഈ അവസരവാദ രാഷ്ട്രീയത്തെ എങ്ങനെ തടുക്കും?
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി വന്‍ വിജയമായിരുന്നുവെന്ന് വിലയിരുത്തുമ്പോഴും ചില അസ്വസ്ഥതകള്‍ പുകയുന്നത് കാണാതിരിക്കാനാവില്ല. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ അതില്‍ പങ്കെടുക്കുകയുണ്ടായില്ല. കോണ്‍ഗ്രസ്സിന്റെ ലോക്‌സഭാ പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് എത്തിയത്. പല പ്രതിപക്ഷ നേതാക്കളുമായുള്ള മനപ്പൊരുത്തമില്ലായ്മയാണ് ഈ വിട്ടുനില്‍ക്കലിന് കാരണമെന്ന് വ്യക്തം. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രതിപക്ഷത്തുള്ള നേതാക്കളെല്ലാം ആണയിട്ട് പറയുമ്പോഴും അവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ നേര്‍വിരുദ്ധ ദിശയിലാണെന്ന് പറയേണ്ടിവരും. മതേതര വോട്ടുകള്‍ മുമ്പത്തെപ്പോലെ ശിഥിലമാവുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം കോണ്‍ഗ്രസ് നയിക്കുകയോ കോണ്‍ഗ്രസ്സിനെ ഉള്‍ക്കൊള്ളുകയോ ചെയ്യുന്ന പ്രതിപക്ഷ മുന്നണി രൂപം കൊള്ളും എന്നായിരുന്നു പൊതുവെ പ്രതീക്ഷ. പക്ഷേ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും അങ്ങനെയല്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും രാഷ്ട്രീയ ദളും രാഷ്ട്രീയ ലോക്ദളും ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനെ പുറത്തു നിര്‍ത്തി. കാരണമായി പറയുന്നത് കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്നാലും കോണ്‍ഗ്രസ്സുകാരുടെ വോട്ട് സഖ്യകക്ഷികള്‍ക്ക് ലഭിക്കാറില്ല എന്നതാണ്. അതില്‍ ശരിയുണ്ടാകാം. ഇക്കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാതിരുന്നതും, ബി.എസ്.പി തെരഞ്ഞെടുപ്പില്‍ സാമാന്യം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച് ഏതാനും സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതും മായാവതിയെ പ്രകോപിപ്പിച്ചിരുന്നു. മായാവതിയുടെ വാശി കൊണ്ടുതന്നെയാവാം കോണ്‍ഗ്രസ് അകറ്റിനിര്‍ത്തപ്പെട്ടത്. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളെ കോണ്‍ഗ്രസ് അവഗണിക്കുന്നതാണ് ഇത്തരം അസ്വാരസ്യങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശാല മനസ്സൊന്നും പൊതുവെ സംസ്ഥാന നേതാക്കളില്‍ കാണാറില്ല. മറ്റു പ്രതിപക്ഷ കക്ഷികളെ ബഹുമാനിക്കുന്ന രാഷ്ട്രീയ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന് തീര്‍ച്ച. ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാ സഖ്യം ഇപ്പോഴും നിലവിലുണ്ടെങ്കിലും നിതീഷ് കുമാര്‍ വിട്ടുപോയതോടു കൂടി അതിന്റെ രാഷ്ട്രീയാടിത്തറ ദുര്‍ബലമായിട്ടുണ്ട്. ഈ രണ്ട് വലിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണെന്നത് ശരി തന്നെ. പക്ഷേ, ഉത്തര്‍ പ്രദേശില്‍ എണ്‍പത് സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക്, ജയസാധ്യതയില്ലെങ്കിലും കുറേ വോട്ടുകള്‍ അവര്‍ നേടുമെന്ന് ഉറപ്പാണ്; പ്രത്യേകിച്ച് നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കഴിഞ്ഞാല്‍. അവസാന വിശകലനത്തില്‍ ഇതിന്റെ നഷ്ടം കോണ്‍ഗ്രസ്സിനായിരിക്കില്ല, എസ്.പിക്കും ബി.എസ്.പിക്കുമായിരിക്കും. അവരുടെ ചില സ്ഥാനാര്‍ഥികളെയെങ്കിലും തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ മതിയാവും.
മറുവശത്ത് തെലങ്കാന രാഷ്ട്ര സമിതിയും പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയിലെ ബിജു ജനതാദളും ചേര്‍ന്ന് ഒരു കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്കും ശ്രമം നടത്തുന്നുണ്ട്. സി.പി.എമ്മിന്റെ നിലപാടും ഏറെയൊന്നും ഭിന്നമല്ല. കൊല്‍ക്കത്ത റാലി സംഘടിപ്പിച്ചത് തങ്ങളുടെ ബദ്ധവൈരി മമതയായതുകൊ് അവരതില്‍ പങ്കെടുക്കാന്‍ പോയില്ല. കേരളത്തില്‍ ബദ്ധവൈരി കോണ്‍ഗ്രസ്സായതുകൊണ്ട് കോണ്‍ഗ്രസ്സിനൊപ്പവും അവര്‍ ഉണ്ടാകില്ല. ഈ രണ്ട് സംസ്ഥാനങ്ങളിലെ നേതാക്കളാണ് സി.പി.എമ്മിന്റെ ദേശീയ നയം രൂപീകരിക്കുന്നത്. അത് പ്രായോഗിക തലത്തില്‍ എത്രത്തോളം ഫാഷിസ്റ്റ്‌വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഫാഷിസ്റ്റ്‌വിരുദ്ധ മുന്നണി എന്ന് ഒരുവശത്ത് പറഞ്ഞുകൊണ്ടിരിക്കുകയും മറുവശത്ത് തനി അവസരവാദ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുകയുമാണ് ഏതാല്ലൊ പാര്‍ട്ടികളും. പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഫാഷിസ്റ്റ്‌വിരുദ്ധ കൂട്ടായ്മകളും ന്യൂനപക്ഷ-ദലിത് സംഘടനകളുമെല്ലാം ചേര്‍ന്ന് സമ്മര്‍ദ ശക്തിയായി നിലയുറപ്പിച്ച് ഒരു പൊതു അജണ്ടയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരികയേ രക്ഷയുള്ളൂ.
Comments