Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

എന്റെ മനംമാറ്റത്തില്‍ യേശുവിനുള്ള പങ്ക്

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

[യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 14]

ഇസ്‌ലാമിന്റെ ആധികാരികത ബോധ്യപ്പെടാനും ഇന്നത്തെ ക്രിസ്തുമതം യേശു പ്രവാചകന്റെ അധ്യാപനങ്ങളില്‍നിന്ന് ബഹുദൂരം വ്യതിചലിച്ചുപോയെന്ന് മനസ്സിലാക്കാനും മേല്‍ വിവരിച്ച അധ്യായങ്ങളിലെ വിവരങ്ങള്‍ എത്രയും മതിയായിരുന്നു. പക്ഷേ, അപ്പോഴും ഞാന്‍ ചര്‍ച്ച് എനിക്കായി വരച്ചുതന്ന പാതയില്‍നിന്ന് മാറിനടക്കാന്‍ അവസാന തീരുമാനമെടുത്തു കഴിഞ്ഞിരുന്നില്ല. ഞാന്‍ എങ്ങോട്ട് പോകുമ്പോഴും എന്റെ കൂടെ മാന്ത്രിക രക്ഷാചരട് (Talisman) ഉണ്ടാകുമായിരുന്നു. ഞാന്‍ കൂടെ കരുതാറുള്ള ഒരു ചെറിയ ബാഗില്‍ ഏഴ് ചെറിയ വെള്ളിക്കുരിശുകളും യേശുവിന്റേതെന്ന് കരുതപ്പെടുന്ന ഒരു രൂപവും ഉണ്ടാകുമായിരുന്നു. ഇതൊക്കെയും കൂടെ കരുതാതിരുന്നാല്‍ അനിഷ്ടകരമായത് പലതും എനിക്ക് സംഭവിക്കുമെന്ന് ഞാന്‍ കരുതി. അതിനാല്‍ ഇപ്പറഞ്ഞതൊന്നും ഞാന്‍ മാറ്റിവെക്കില്ല; അവ എപ്പോഴും എന്റെ കൂടെത്തന്നെയുണ്ടാവും.

ഒരു ദിവസം മസ്ജിദില്‍നിന്ന് എനിക്ക് വായിക്കാന്‍ തന്ന പുസ്തകത്തില്‍ കണ്ട ഒരു പ്രസ്താവം എന്റെ ഹൃദയത്തെ ആനന്ദത്താല്‍ നിറച്ചു. സന്തോഷാധിക്യത്താല്‍ എന്റെ കണ്ണു നിറഞ്ഞു. ഞാന്‍ പറഞ്ഞുപോയി; 'ദൈവമേ, ഇതാണല്ലോ സത്യം. എനിക്ക് ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന ഉത്തരമാണല്ലോ ഇത്.'

ഞാനതുവരെ ഖുര്‍ആന്‍ കാണുകയോ വായിക്കുകയോ ചെയ്തിരുന്നില്ല എന്ന കാര്യം ഇവിടെ സമ്മതിക്കേണ്ടതുണ്ട്. അതിന്റെ ഏതെങ്കിലും ഭാഷയിലുള്ള പരിഭാഷയും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. എന്റെ പദാവലിയില്‍ ഖുര്‍ആന്‍ എന്ന വാക്ക് ഉണ്ടായിരുന്നില്ല. മസ്ജിദില്‍നിന്ന് എനിക്ക് ലഭിച്ച പഠനസഹായിയില്‍ ഞാന്‍ ഇങ്ങനെയൊരു ഖുര്‍ആനിക സൂക്തം കണ്ടു: ''ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും(അല്ലാഹു അവരുടെ മനസ്സുകള്‍ക്ക് മുദ്രവെച്ചു). സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പി

ന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്'' (4:157).

അവിടെ എത്തിയപ്പോള്‍ എന്റെ വായന നിന്നു. ഞാന്‍ അതുതന്നെ വീണ്ടും വീണ്ടും വായിച്ചു: 'അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല, കുരിശില്‍ തറച്ചിട്ടുമില്ല.' യുക്തിക്ക് നിരക്കുന്നതും എന്നെ ബോധ്യപ്പെടുത്തുന്നതുമായ ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് ദൈവത്തിന്റെ ശക്തി വിശേഷങ്ങളെക്കുറിച്ച് എന്റെ മനസ്സില്‍ ഉയര്‍ന്നു പൊങ്ങിയിരുന്ന സംശയങ്ങള്‍ക്ക് ദൈവം തന്നെ എനിക്ക് മറുപടി നല്‍കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

ഈ ഉത്തരം കണ്ടെത്തുക എളുപ്പമായിരുന്നില്ല. സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ എനിക്ക് പല വിദ്യാര്‍ഥികളുമായും മത്സരിക്കേണ്ടതുണ്ടായിരുന്നു. അമേരിക്കയുടെ ഏറ്റവും പടിഞ്ഞാറുള്ള വാഷിംഗ്ടണ്‍ സംസ്ഥാനത്തേക്ക് എനിക്ക് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ലാറ്റിനമേരിക്കയില്‍നിന്ന് വരുന്നതിനാല്‍ എനിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിക്കണം. ഈ പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ സിയാറ്റിലിലെ മുസ്‌ലിംകളുമായി അവര്‍ക്ക് ചേരുന്ന വിധം പെരുമാറാന്‍ ഞാന്‍ ശീലിക്കേണ്ടിയിരുന്നു. എനിക്ക് ലഭിച്ച ഈ വിവരം അക്കാലത്ത്, അഥവാ 1978-ല്‍ എന്റെ നാട്ടുകാരായ വെനിസ്വലക്കാരിലെത്താനുള്ള സാധ്യതയും വളരെ വിരളമായിരുന്നു. പക്ഷേ അല്ലാഹു എന്ത് ഇഛിക്കുന്നുവോ അതാണല്ലോ നടപ്പാവുക. ഈ മഹത്തായ വിവരം ലഭിച്ചതിനുള്ള സന്തോഷ സൂചകമായി ഞാന്‍ ദൈവത്തോട് സംസാരിച്ചു, എനിക്ക് പൊറുത്തുതരണമെന്ന് അപേക്ഷിച്ചു. ഈ വിവരവുമായി വെനിസ്വലയിലേക്ക് പറക്കാനും എന്റെ കുടുംബത്തിനും മറ്റുള്ള ജനങ്ങള്‍ക്കും അത് കൈാറാനും ഞാന്‍ ആഗ്രഹിച്ചു.

ചലചിത്രത്തിലെന്ന പോലെയായിരുന്നു കാര്യങ്ങള്‍. എന്റെ മഹാനായ ഹീറോ, സിനിമയിലെ എല്ലാ നന്മകളുടെയും പ്രതീകം, എന്റെ ഇഷ്ടഭാജനമായ നസ്രേത്തുകാരനായ പ്രവാചകന്‍ യേശു, ഞാന്‍ എന്റെ വീട്ടിലെ കൊച്ചു അള്‍ത്താരയില്‍ രണ്ടു തവണ പ്രാര്‍ഥിക്കാറുള്ള യേശു, ഇല്ല, അദ്ദേഹം കുരിശില്‍ തറക്കപ്പെട്ടിട്ടില്ല! കല്‍വരിക്കുന്നില്‍ യേശു വഹിച്ചതായി പറയപ്പെടുന്ന കുരിശിന്റെ ഭാരം ശൂന്യതയില്‍ ലയിച്ചില്ലാതാകുന്നതായി എനിക്ക് തോന്നി; ഡൈനാമിറ്റ് വെച്ച് തകര്‍ക്കുന്ന കെട്ടിടങ്ങളും കുന്നുകളും ഇല്ലാതാകുന്നതുപോലെ തന്നെ.

ഈ കണ്ടെത്തലിനു ശേഷമുള്ള സംഭവങ്ങളുടെയും പ്രാധാന്യം കുറച്ചുകണ്ടുകൂടാ. 'ഇതാണ് ശരിയെങ്കില്‍, ഇതു തന്നെയാവണമല്ലോ യഥാര്‍ഥ മതവും' - ഞാന്‍ ചിന്തിച്ചു. ഇരുപതു വര്‍ഷമായി ഞാന്‍ കേട്ടുകൊണ്ടിരുന്നത് യേശു കൊല്ലപ്പെടുകയാണുണ്ടായത് എന്നാണ്. മറ്റു സമാന്തര വഴികളൊന്നുമില്ലാത്ത ഒറ്റ വഴിയിലൂടെയായിരുന്നു ഇതുവരെ എന്റെ സഞ്ചാരം. ഇപ്പോഴിതാ പുതിയൊരു വഴി തുറന്നു കിട്ടിയിരിക്കുന്നു. യുക്തിക്ക് ബോധ്യമാവുന്ന ഉത്തരം ഈ ബദല്‍ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്നുണ്ട്. എല്ലാം കുറേക്കൂടി വ്യക്തമാണിപ്പോള്‍. അവസാന 'പ്രഹേളിക' എന്തായിരുന്നുവെന്ന് തെളിഞ്ഞുവരുന്നു. യേശുവിന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അദ്ദേഹത്തിലൂടെ ദൈവത്തിന്റെ ശക്തിവിശേഷങ്ങള്‍ പ്രകടമായിട്ടുണ്ട്. നോക്കൂ, ഒരു കേവല മനുഷ്യന്‍, ദൈവേഛക്ക് അനുസൃതമായി, അവന്റെ അനുമതിയോടെ അന്ധന് കാഴ്ചശക്തി നല്‍കുന്നു, പാണ്ടുരോഗിയെ സുഖപ്പെടുത്തുന്നു, നടക്കാന്‍ കഴിയാത്തവനെ നടത്തിക്കുന്നു, അല്‍പം റൊട്ടിയും മീനും ആയിരങ്ങള്‍ക്ക് ഭക്ഷണത്തിന് തികയുമാറ് പെരുപ്പിക്കുന്നു, മരിച്ചവന് ജീവന്‍ നല്‍കുന്നു... ഇങ്ങനെ ദൈവത്തിന്റെ ശക്തിവിശേഷം തന്നിലൂടെ പ്രകടമായ ഒരു വ്യക്തി ക്രൂശിക്കപ്പെടുമോ? ഞാന്‍ വീണ്ടും യുക്തിവിചാരം ചെയ്തു. ഒടുവില്‍ തീരുമാനിച്ചു: ഞാന്‍ ഈ മതത്തിന്റെ ഭാഗമാവുകയാണ്, ഞാന്‍ മുസ്‌ലിമാവുകയാണ്!

കുരിശിന്റെ ഭാരം ഇറങ്ങിയപ്പോള്‍ ഞായറാഴ്ചയിലെ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്, വിശുദ്ധ ആഴ്ച (ഈസ്റ്റര്‍), നല്ല വെള്ളിയാഴ്ച, ഏഴ് ചര്‍ച്ചുകളിലേക്കുള്ള തീര്‍ഥാടനം (കുരിശ് സൂക്ഷിച്ച കേന്ദ്രങ്ങള്‍), വെള്ളിയാഴ്ചകളിലെ വ്രതം, 'വിശുദ്ധ ദിനങ്ങളില്‍' മാംസത്തിനു പകരം മീന്‍ കഴിക്കല്‍ എല്ലാം എനിക്ക് അര്‍ഥശൂന്യമായിതോന്നി. മാന്ത്രികക്കെട്ടിലുള്ള വിശ്വാസവും ഇല്ലാതായി. എഞ്ചിനീയറിംഗിന് പഠിക്കുന്ന ഈ വിദ്യാര്‍ഥിയുടെ യുക്തിബോധം ഇത്തരം അടിസ്ഥാനമില്ലാത്ത ആചാരങ്ങളെ തള്ളാന്‍ മാത്രം സ്വതന്ത്രമായിരിക്കുന്നു. അതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്, ദൈവം മനുഷ്യനായിത്തീരുകയും ആ മനുഷ്യന്‍ മറ്റു മനുഷ്യരുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി മരിക്കുകയും ചെയ്തു എന്ന യുക്തിക്ക് നിരക്കാത്ത സങ്കല്‍പത്തിലും.

1979 വേനല്‍ക്കാലത്ത് ഒക്‌ലഹോമ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒരു പുതിയ കോഴ്‌സ് തെരഞ്ഞെടുത്തതോടെ ഞാന്‍ പ്രയാണം തുടങ്ങിയ പാത കൂടുതല്‍ പ്രകാശപൂരിതമായി. എനിക്ക് പഠിക്കേണ്ടിയിരുന്ന വിഷയം 'ഇസ്‌ലാമിക സംസ്‌കാരം.'1979 വേനലിനൊടുവില്‍ ഞാന്‍ സിയാറ്റിലിലേക്ക് തിരിച്ചുപോയി. എനിക്ക് ഇസ്‌ലാമിക സാഹിത്യങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന അതേ ഇമാമിന്റെ മുന്നില്‍ വെച്ച് ആദര്‍ശവാക്യം (ശഹാദഃ) ചൊല്ലി ഞാന്‍ ഔദ്യോഗികമായിത്തന്നെ മുസ്‌ലിമായി.

അതിനു മുമ്പ് ഇമാം എന്നോട് ചോദിച്ചിരുന്നു: 'ഉറച്ച ബോധ്യത്തോടെ തന്നെയാണോ ഇസ്‌ലാം സ്വീകരിക്കുന്നത്?' ഞാന്‍: 'അതേ.' അദ്ദേഹം വീണ്ടും: 'പാസ്‌പോര്‍ട്ടില്‍ മുസ്‌ലിം എന്ന് എഴുതേണ്ടിവന്നാലും പ്രശ്‌നമാകില്ലേ?' ഞാന്‍: 'ഇല്ല, പ്രശ്‌നമാകില്ല.' അപ്പോള്‍ അദ്ദേഹം: 'താങ്കള്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ താങ്കള്‍ക്കുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഏറ്റുചൊല്ലുക; അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' ആദര്‍ശവാക്യം ഞാനാദ്യം ഇംഗ്ലീഷില്‍ മൊഴിഞ്ഞു; പിന്നെ ഇമാം ചൊല്ലിത്തന്ന പ്രകാരം അറബിയിലും. അങ്ങനെ എന്റെ യാത്ര ഒടുവില്‍ ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്നു.

 

എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?

മാറ്റങ്ങള്‍ക്ക് ചില ഘട്ടങ്ങളും നീക്കുപോക്കുകളും ഉണ്ടാവും. എന്റെ കാര്യത്തിലും അതുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ചയുടനെ ഞാന്‍ അല്ലാഹുവിനു മുമ്പാകെ ഒരു പ്രതിജ്ഞ ചെയ്തു: ഇസ്‌ലാമിനെക്കുറിച്ച് കഴിയാവുന്നേടത്തോളം ഞാന്‍ പഠിച്ചിരിക്കും. അപ്പോഴും ഞാന്‍ നന്നേ ചെറുപ്പമാണ്. ഒക്‌ലഹോമ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. അപ്പോഴാണ് ഞാന്‍ ഒരു മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുന്നത്. ഒക്‌ലഹോമയിലെ സ്റ്റില്‍വാട്ടറിലുള്ള ഇസ്‌ലാമിക് സെന്റര്‍ ദീന്‍ പഠിപ്പിക്കാനായി എനിക്ക് ഒരു അധ്യാപകനെ നിശ്ചയിച്ചുതന്നിരുന്നു. ഫലസ്ത്വീന്‍കാരനായ ഫാഇസ് (അദ്ദേഹത്തിന്റെ അധ്യാപനത്തിന് അല്ലാഹു തക്ക പ്രതിഫലം നല്‍കുമാറാകട്ടെ). ഇസ്‌ലാമിലെ പ്രാര്‍ഥനകള്‍, അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍, മരണാനന്തര ജീവിതം, പുനരുത്ഥാനം ഇതൊക്കെ പഠിപ്പിക്കുന്നതിനായി വളരെയേറെ സമയം അദ്ദേഹം എനിക്കായി നീക്കിവെച്ചു. 

മരണാനന്തര ജീവിതാവബോധം എന്റെ ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റം ഓര്‍ത്തുപോവുകയാണ്. ക്രിസ്ത്യാനിയായിരിക്കെ ഇതുപോലൊരു കാര്യം ആരും എന്നെ വിശദമായി പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മരണം എന്നും എനിക്ക് ഒരു പ്രഹേളികയായിരുന്നു. എന്റെ ശരീരം മണ്ണില്‍ അടക്കം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇസ്‌ലാമില്‍നിന്ന് എനിക്കിതിന് വിശദമായ മറുപടി ലഭിച്ചു. ഒരാള്‍ മരിക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) നിര്‍ദേശിച്ച പ്രകാരമാണ് അയാളുടെ ശരീരം മറവ് ചെയ്യുന്നത്. ശരീരം കഴുകി വൃത്തിയാക്കി, സുഗന്ധം പുരട്ടി, വെള്ളത്തുണിക്കഷ്ണങ്ങളില്‍ പൊതിഞ്ഞ് മക്കയുടെ ദിശയിലേക്ക് മുഖം ചേര്‍ത്തു കിടത്തി മണ്ണില്‍ മറമാടുകയാണ് ചെയ്യുക. ശവപ്പെട്ടി ആവശ്യമില്ല. മറമാടാനെത്തിയവര്‍ പിരിഞ്ഞുപോകുന്ന കാലടി ശബ്ദം മരിച്ചയാള്‍ അറിയുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. മരിച്ചയാള്‍ ഒറ്റക്കാവുകയാണ്. മൂന്ന് പ്രധാന ചോദ്യങ്ങള്‍ക്കാണ് അയാള്‍ മറുപടി പറയേണ്ടിവരിക; നിന്റെ രക്ഷിതാവ് ആരാണ്? നിന്റെ ആദര്‍ശം എന്താണ്? നിന്റെ പ്രവാചകന്‍ ആരാണ്? പ്രവാചകന്‍ പഠിപ്പിക്കുന്നത്, വിശ്വാസി ഈ ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ശരിയായ മറുപടി നല്‍കുമെന്നാണ്. അവിശ്വാസിക്ക് മറുപടി നല്‍കാന്‍ സാധിക്കുകയുമില്ല. ഇഹലോകത്ത് സദ്‌വൃത്തനായി ജീവിച്ചവനെങ്കില്‍ സ്വര്‍ഗത്തിന്റെ പരിമളം അവന് ലഭിച്ചുകൊണ്ടിരിക്കും; ദുര്‍വൃത്തനെങ്കില്‍ നരകത്തീച്ചൂടുള്ള കാറ്റും. ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ മരിച്ചയാള്‍ ഈ നിലയില്‍ തുടരും.

സഹോദരന്‍ ഫാഇസ് പകര്‍ന്നുതന്ന ഇത്തരം വിവരങ്ങള്‍, ഒരുപാട് അതിക്രമങ്ങള്‍ ചെയ്ത ശേഷവും ഇഹലോകത്ത് ശിക്ഷിക്കപ്പെടാതെ പോകുന്ന ആളുകളെ സംബന്ധിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് അറുതിവരുത്തി. അല്ലാഹു എന്തിനാണ് ഓരോ മനുഷ്യന്നും നിരവധി അവസരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നത് എന്നും വ്യക്തമായി. ജീവിച്ചിരിക്കെത്തന്നെ പശ്ചാത്തപിക്കാനും പുതിയൊരു ജീവിതം തുടങ്ങാനുമാണത്. സൃഷ്ടികളോട് സ്രഷ്ടാവിനുള്ള കാരുണ്യത്തിന്റെ പാരമ്യം. താല്‍ക്കാലിക-ശാശ്വത ജീവിതങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ടെന്ന് ഞാന്‍ നേരത്തേ കരുതിയിരുന്നു. നമ്മെ രക്ഷിക്കാനാണ് യേശു ജീവത്യാഗം ചെയ്തത് എന്നായിരുന്നു കത്തോലിക്കാ ചര്‍ച്ച് എന്നെ പഠിപ്പിച്ചത്. ഇസ്‌ലാം എന്നെ പഠിപ്പിച്ചത് മറ്റൊന്നാണ്; ഓരോ മനുഷ്യനും അവനവന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്കേ ഉത്തരവാദിയാവുന്നുള്ളൂ. കര്‍മഫലം അനുസരിച്ചാണ് അവന് ശിക്ഷയോ രക്ഷയോ ലഭിക്കുക. ആ യുക്തി എനിക്ക് നന്നേ ബോധ്യപ്പെട്ടു.

ഈ പുതിയ അറിവ് എന്നെ ക്രമേണ ആകപ്പാടെ തന്നെ പുതുക്കിക്കൊണ്ടിരുന്നു; എന്റെ മുന്‍ഗണനകളെയും. പഠനത്തിനു വേണ്ടി കുറേയേറെ സമയം ഞാന്‍ നീക്കിവെക്കാന്‍ തുടങ്ങി. പ്രഭാതത്തിലെ എന്റെ പ്രാര്‍ഥനകളും ജിമ്മിലെ പരിശീലനവും ഏറ്റുമുട്ടാന്‍ തുടങ്ങിയപ്പോള്‍ പരിശീലനം വൈകിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. മുന്‍ഗണന പ്രാര്‍ഥനകള്‍ക്കാണല്ലോ.

ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് വര്‍ഷങ്ങളോളം ഞാന്‍ സംഗീതലോകത്ത് സജീവമായിരുന്നു. ഗിറ്റാര്‍ വായിച്ചോ ഹൃദയം തുറന്ന് പാടിയോ പല സംഗീത സദസ്സുകളിലും എന്റെ സാന്നിധ്യമുണ്ടാവും. ഇസ്‌ലാം സ്വീകരിച്ച ശേഷം ഗിറ്റാറും പാട്ടും വേണ്ടെന്നു വെച്ച് ഖുര്‍ആന്‍ പാരായണം അതിന്റെ മൂലഭാഷയില്‍ അഭ്യസിക്കുന്നതിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. 21-ാം വയസ്സില്‍ വിവാഹജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും യൂനിവേഴ്‌സിറ്റി പഠനവും ഒന്നിച്ചു കൊണ്ടുപോകേണ്ടതുള്ളതു കാരണം മറ്റൊന്നിനും എനിക്ക് സമയമില്ലായിരുന്നു. ദൈവത്തിന്റെ വഴികാട്ടലാവാം, ദീന്‍ പഠനത്തിലുള്ള എന്റെ സന്നദ്ധതയും അര്‍പ്പണവും കാരണം എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാനും തുടങ്ങിയിരുന്നു ഞാന്‍.

ഞാന്‍ വെനിസ്വലയിലേക്ക് തിരിച്ചുവന്നപ്പോള്‍, എന്റെ കുടുംബത്തിനും ഇസ്‌ലാമിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാന്‍ പ്രാര്‍ഥിക്കുന്നത് അവര്‍ നോക്കിയിരിക്കും. വിമര്‍ശിക്കുകയോ ശകാരിക്കുകയോ ചെയ്യില്ല. നാലു വര്‍ഷത്തിലധികം ഞാന്‍ യു.എസ്.എയില്‍ ആയിരുന്നു. അതുകൊണ്ട് മാതാപിതാക്കളും സഹോദരന്മാരും സഹോദരിമാരുമൊക്കെയുള്ള പുനസ്സമാഗമം വളരെ ആനന്ദം പകരുന്നതായിരുന്നു. ഞാന്‍ എങ്ങനെയാണോ ഉള്ളത് അതുപോലെ എന്നെ സ്വീകരിക്കാന്‍ അവര്‍ തയാറായി.

വെനിസ്വലയില്‍ ജോലി ലഭിച്ചപ്പോള്‍ ഞാന്‍ എന്റെ മേലധികാരിയോട് ആവശ്യപ്പെട്ടത് ഓഫീസില്‍ വെച്ച് അഞ്ചു നേരം നമസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു. 1982-ല്‍ എണ്ണ വ്യവസായമേഖലയില്‍ ജോലി ചെയ്യുന്നവരാല്‍ ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന ഏക മുസ്‌ലിം ഞാനായിരുന്നു. ചുറ്റും പലവിധ പ്രലോഭനങ്ങളായിരുന്നു. സത്യപാതയില്‍ അടിയുറപ്പിച്ചു നിര്‍ത്താന്‍ ഞാന്‍ സര്‍വശക്തനോട് സഹായം തേടിക്കൊണ്ടിരുന്നു. ദൈവാനുഗ്രഹമെന്നു പറയട്ടെ, ജീര്‍ണതകള്‍ക്കടിപ്പെടാതെ ജീവിക്കാന്‍ എനിക്ക് സാധ്യമായി.

എന്റെ ഇസ്‌ലാമാശ്ലേഷത്തിന് മുപ്പതു വര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍, അന്ന് മുസ്‌ലിമാകാന്‍ തീരുമാനിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമാണുള്ളത്. നോക്കൂ, ഇന്ന് ദിനേന എന്റെ ചുറ്റും എത്ര പേരാണ് ഇസ്‌ലാം ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നത്! അല്ലാഹുവിനു സ്തുതി. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്‌ലാമാണ്. മതകീയാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ഏറ്റവുമധികം അനുയായികളുള്ള മതവും അതുതന്നെ.1 അതേസമയം ക്രിസ്തുമത പ്രചാരകരും മറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇസ്‌ലാം മതപ്രബോധകര്‍ക്ക് വളരെ ചെറിയ ജീവിതായോധന മാര്‍ഗങ്ങളേ ലഭ്യമാവുന്നുള്ളൂ.

ഇസ്‌ലാം പ്രചരിക്കുന്നത് വളരെ അനായാസം ലളിത മാര്‍ഗങ്ങളിലൂടെയാണെന്നു കാണാം. ചര്‍ച്ചിനാകട്ടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുക നീക്കിവെക്കേണ്ടതായി വരുന്നു. അതില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമുമായി കിടപിടിക്കാന്‍ ക്രൈസ്തവതക്ക് കഴിയുമായിരുന്നില്ല. ലോകത്താകമാനം അനുയായികളുള്ള ഈ രണ്ട് മഹാ മതങ്ങളിലേക്ക് (മറ്റു മതങ്ങള്‍ക്ക് ചില പ്രത്യേക ദേശങ്ങളില്‍ മാത്രമേ കാര്യമായും അനുയായികളുള്ളൂ) മതം മാറിയവരെ താരതമ്യം ചെയ്താല്‍ ഒരു കാര്യം വ്യക്തമാവും. ജീവിതായോധന മാര്‍ഗങ്ങള്‍ പരിമിതപ്പെട്ടുപോയ ആളുകളാണ് ക്രിസ്തുമതത്തിലേക്ക് മാറുന്നത്. ദാരിദ്ര്യമാണ് അവരെ ചര്‍ച്ചിലേക്ക് ആകര്‍ഷിക്കുന്നത്; അതുപോലെ വാഗ്ദാനം ചെയ്യപ്പെടുന്ന ഭൗതിക സൗകര്യങ്ങളുടെ പ്രലോഭനവും. ഈ വാദത്തിന് ഉപോദ്ബലകമായ തെളിവുകളും നമുക്ക് കണ്ടെത്താനാവും. സമ്പന്ന രാജ്യങ്ങളില്‍, പോകാന്‍ ആളില്ലാതെ ചര്‍ച്ചുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണ് നാം കാണുന്നത്. അതിനാല്‍ ദരിദ്രരാജ്യങ്ങളിലേക്കത് കയറ്റിയയക്കപ്പെടുകയാണ്. എന്നാല്‍ ഇസ്‌ലാം സ്വീകരിക്കുന്ന ജനവിഭാഗങ്ങളെ നോക്കുക. അവരില്‍ ദരിദ്രരും അസ്പൃശ്യരായി മാറ്റിനിര്‍ത്തപ്പെട്ടവരുമുണ്ട്; പ്രശസ്തരും ധനികരുമുണ്ട്; ശാസ്ത്രജ്ഞരും പണ്ഡിതന്മാരുമുണ്ട്. ഇസ്‌ലാം സ്വീകരിച്ചാല്‍ ഭൗതികമായ പലവിധ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ വരെ അക്കൂട്ടത്തിലുണ്ട്.

അല്ലാഹു നല്‍കിയ ആ വാഗ്ദാനം ക്രമേണയായി പൂര്‍ത്തീകരിക്കപ്പെടുന്നത് കാണുമ്പോള്‍ എന്റെ വിശ്വാസം കൂടുതല്‍ ഉറക്കുകയാണ്: 

''തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും! അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളേക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും'' (ഖുര്‍ആന്‍ 61-8,9).

ബൈബിള്‍ വായിക്കുന്നവര്‍ക്കറിയാം, ബൈബിളിലെ ചില അധ്യാപനങ്ങള്‍ പോലും ജീവിതത്തില്‍ പ്രയോഗവത്കരിക്കുന്നത് മുസ്‌ലിംകള്‍ മാത്രമാണെന്ന്. ബൈബിള്‍ പ്രകാരം, യേശുവും പ്രവാചകന്മാരും സാഷ്ടാംഗം പ്രണമിച്ചിരുന്നു; പ്രാര്‍ഥനാ വേളകളില്‍ (ഉല്‍പത്തി 17:3, മത്തായി 26:39). പക്ഷേ ഇന്ന് പ്രാര്‍ഥനകളില്‍ ഇത് ചെയ്യുന്നത് മുസ്‌ലിംകള്‍ മാത്രമാണ്. ബൈബിളില്‍ തല മറയ്ക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. പക്ഷേ ഇന്ന് മുസ്‌ലിം സ്ത്രീകളാണ് തല മറയ്ക്കുന്നവര്‍. ക്രിസ്ത്യന്‍ വനിതകളില്‍ ബഹുഭൂരിപക്ഷവും ഈ അധ്യാപനം സ്വീകരിക്കുന്നില്ല. മര്‍യം തലമറച്ചിരുന്നു (കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം 11:5).

'നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ' എന്ന യേശുവിന്റെ അഭിവാദ്യവാക്യം (ലൂക്കോസ് 24:36) ഇന്ന് മുസ്‌ലിംകളാണല്ലോ പ്രയോഗത്തില്‍ വരുത്തുന്നത്. മിക്ക ക്രിസ്ത്യാനികളും അഭിവാദ്യം 'ഹലോ'യില്‍ ഒതുക്കുന്നു. വുദൂ (പ്രാര്‍ഥനക്കു മുമ്പുള്ള അംഗസ്‌നാനം), ചേലാകര്‍മം, പന്നിയുടെയും ചത്ത മൃഗങ്ങളുടെയും മാംസം ഭക്ഷിക്കാതിരിക്കുക തുടങ്ങിയ ഒട്ടനവധി മറ്റു അധ്യാപനങ്ങള്‍ പ്രയോഗവത്കരിക്കുന്നതും മുസ്‌ലിംകളാണല്ലോ. അതിനാല്‍ യേശുവിന്റെയും അദ്ദേഹത്തിനു മുമ്പുള്ള മറ്റു ദൈവദൂതന്മാരുടെയും യഥാര്‍ഥ അനുഗാമികള്‍ മുസ്‌ലിംകളാണ്. കാരണം ആ പ്രവാചകന്മാര്‍ പഠിപ്പിച്ചത് പിന്‍പറ്റുന്നവര്‍ അവരാണ്. 

(തുടരും)

 

കുറിപ്പ്

1. മതാനുഷ്ഠാനങ്ങള്‍ ഉള്ള മുസ്‌ലിംകളുടെ (Practising Muslims)  എണ്ണം മറ്റു മതങ്ങളില്‍ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നവരുടെ മൊത്തം എണ്ണത്തേക്കാള്‍ കൂടുതലാണ്. സണ്‍ഡേ ടൈംസിന്റെ കണക്കു പ്രകാരം, ബ്രിട്ടനില്‍ മസ്ജിദില്‍ പോകുന്നവരുടെ എണ്ണം 930,000 ആണെങ്കില്‍ ചര്‍ച്ചില്‍ പോകുന്നവരുടെ എണ്ണം 916,000 മാത്രമാണ്. ക്രിസ്ത്യാനികള്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍ നന്നേ ചെറിയ ന്യൂനപക്ഷവുമായ ഒരു നാട്ടിലാണിതെന്ന് ഓര്‍ക്കണം.

 

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍