ഇതാ ഒരു മാതൃകാ സമ്മേളനം
ആശങ്കയോടെയാണ് ശാന്തപുരത്ത് നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തിന് പുറപ്പെട്ടത്. എന്നാല്‍ പരിപാടി തുടങ്ങുമ്പോഴേക്കും ആശങ്കയെല്ലാം അസ്ഥാനത്തായി. നേരത്തേ ആവശ്യപ്പെടുന്നവര്‍ക്ക് കട്ടിലും വീല്‍ചെയറും നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. വീല്‍ ചെയര്‍ ഉപയോഗിക്കേണ്ടിവന്നില്ലെങ്കിലും എന്തിനും തയാറായി നില്‍ക്കുന്ന വളന്റിയര്‍മാര്‍ സഹായിച്ചുകൊണ്ടേയിരുന്നു. ഞാനുള്‍പ്പെടെ പ്രയാസപ്പെടുന്ന പത്തു പന്ത്രണ്ട് പേര്‍ക്ക് കട്ടിലുകള്‍ കിട്ടി. ഒന്നര വയസ്സുള്ള കുട്ടിയെയും കൊണ്ടുവന്ന സഹോദരിക്ക് തൊട്ടിലും കഞ്ഞിവെക്കാന്‍ ഹീറ്ററും അടക്കം സൗകര്യങ്ങള്‍! നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സമ്മേളന നഗരിക്ക് തൊട്ടു പുറകില്‍ തന്നെ നമസ്‌കരിക്കാന്‍ ഒരിടവും ഭക്ഷണം കഴിക്കാന്‍ മറ്റൊരിടവും സ്‌ക്രീന്‍ കൊണ്ട് വേര്‍തിരിച്ചിരുന്നു.
ഒന്നാം ദിവസം യോഗത്തില്‍ തുടര്‍ച്ചയായി ഇരുന്നതിനാല്‍ ശരീരവേദനയും കാലു വേദനയും കാരണം വിഷമിച്ചിരുന്നു. നേരം വെളുത്തപ്പോള്‍ ഇത്തിരി ചൂടുവെള്ളം കൊണ്ട് കുളിച്ചാല്‍ നന്നായിരുന്നു എന്ന് ആശിച്ചുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പുരുഷന്മാരില്‍ ഒരാള്‍ കുറേ പുതിയ ബക്കറ്റുമായി വന്നു. ചൂടുവെള്ളം ആവശ്യമുള്ളവര്‍ക്ക് പന്തലിന്റെ മറ്റൊരു വശത്ത് ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ആശ്വാസമായി. പുരുഷ വളന്റിയര്‍മാര്‍ ചൂടുവെള്ളം ചുമന്നു കൊണ്ടുവന്ന് സ്ത്രീ വളന്റിയര്‍മാരെ ഏല്‍പിച്ചു. ആവശ്യക്കാര്‍ക്കെല്ലാം കുളിക്കാന്‍ ചൂടുവള്ളം കിട്ടി. സമ്മേളന പന്തലിലും കുടിക്കാന്‍ ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുക്കിയിരുന്നു. വനിതകളുടെ ഭാഗത്തും ചായയും പലഹാരങ്ങളും പഴങ്ങളും ലഭിക്കുന്ന താല്‍ക്കാലിക തട്ടുകട. പെണ്‍കുട്ടികള്‍ തന്നെ അതും കൈകാര്യം ചെയ്തു.
സംസ്ഥാന നേതാക്കളുടെയും അഖിലേന്ത്യാ നേതാക്കളുടെയും അപൂര്‍വ സംഗമം. 84 വയസ്സായ അഖിലേന്ത്യാ അമീറും 89 വയസ്സുള്ള ടി.കെ അബ്ദുല്ല സാഹിബും നടത്തിയ ഉജ്ജ്വല പ്രഭാഷണങ്ങള്‍. ഈ പ്രായത്തിലും നിന്നുകൊണ്ട് പ്രസംഗിച്ച ടി.കെ തന്റെ പതിവു ശൈലിയില്‍ ശ്രോതാക്കളെ ചിരിപ്പിക്കാന്‍ മറന്നില്ല. ഉര്‍ദു പ്രഭാഷണം മനസ്സിലാകാത്തവര്‍ക്ക് യൂസുഫ് ഉമരി നടത്തിയ തര്‍ജമ, അനര്‍ഗള വാക്‌ധോരണി. ഇന്ത്യന്‍ മുസ്‌ലിം ചിത്രം വരച്ചുകാട്ടിയ ടി. ആരിഫലി സാഹിബിന്റെയും മുസ്‌ലിം ലോക ചലനങ്ങളെക്കുറിച്ച് ഡോ. അബ്ദുസ്സലാം അഹ്മദ് സാഹിബിന്റെയും പ്രസംഗങ്ങള്‍! പറഞ്ഞു തീര്‍ക്കാന്‍ ഒട്ടേറെ ബാക്കിയുള്ളപ്പോള്‍ തന്നെ പ്രഭാഷകര്‍ സമയനിഷ്ഠ പാലിച്ചു. നാട്ടിലെമ്പാടും പ്രസംഗിച്ച് ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന നേതാക്കളെല്ലാം വെറും ശ്രോതാക്കള്‍! സ്വയം അച്ചടക്കം പാലിച്ച സദസ്സ്. മാതൃകാപരമായ സമ്മേളനത്തിന് ഇതില്‍പരം എന്തു വേണം! മറ്റുള്ളവരെ സഹായിച്ചു കൊണ്ട് പുണ്യം നേടാന്‍ ഓരോരുത്തരും മത്സരിക്കുകയായിരുന്നു.
പത്രപ്രവര്‍ത്തകരേ, നിങ്ങള്‍ സ്വതന്ത്രരാകൂ!
'പത്രസ്ഥാപനങ്ങളല്ല, ബോധമുള്ള പത്രപ്രവര്‍ത്തകരാണാവശ്യം' എന്ന തലക്കെട്ടിലുള്ള പി.ടി നാസറിന്റെ പ്രഭാഷണം (പ്രബോധനം ലക്കം 3082) വളരെ പ്രസക്തമാണ്.
ഇന്നത്തെ അച്ചടി - ദൃശ്യമാധ്യമങ്ങളുടെ നിലപാടും, പ്രഭാഷണത്തില്‍ സൂചിപ്പിച്ച ബംഗാളിലെ പട്ടിണിയും ക്ഷാമവും മുന്‍നിര്‍ത്തി പത്ര മാനേജ്‌മെന്റിന്റെയും ഭരണകൂടത്തിന്റെയും നിലപാടും തമ്മിലൊരു താരതമ്യം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ വക നല്‍കുന്നതാണ്. 'നമ്മുടെ സംഘടന, നമ്മുടെ മാധ്യമങ്ങള്‍' ചെയ്യുന്നതും കാണിക്കുന്നതും മാത്രം ശരി, പ്രയോജനകരമായ കാര്യങ്ങള്‍ നമുക്കിഷ്ടമില്ലാത്തവര്‍ ചെയ്യുകയാണെങ്കില്‍ അതൊക്കെയും തമസ്‌കരിക്കപ്പെടണം. ഈ നിലപാടുള്ള പത്രപ്രവര്‍ത്തകരാണ് ഇന്ന് ഭൂരിഭാഗവും. ഇതില്‍നിന്ന് വ്യത്യസ്തമായി സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ ഭരണകൂടമോ മാനേജ്‌മെന്റുകളോ വരക്കുന്ന വരയനുസരിച്ച് നീങ്ങുന്നവരായിരിക്കില്ല. അത്തരം ജേണലിസ്റ്റുകളെയാണ് നമുക്ക് വേണ്ടത്. എന്നാല്‍ ഇപ്പോള്‍ തിരുത്താന്‍ വന്നവര്‍ തന്നെ പത്തിമടക്കി പിന്തിരിയുന്ന അവസ്ഥയാണുള്ളത്.
എ.ടി ലബീബ് മെഹദി, കൊടപ്പറമ്പ്
ശൈഖ് ജീലാനിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍
'ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം' എന്ന ശീര്‍ഷകത്തില്‍ (4-1-2019) വന്ന മുഖവാക്ക് ചിന്താര്‍ഹമാണ്. ഈസാ നബി(അ) പ്രചരിപ്പിച്ച തൗഹീദ് അദ്ദേഹത്തിന്റെ അനുയായികള്‍ പൂര്‍ണമായി അവഗണിക്കുകയാണുായത്. ഇബ്‌റാഹീം (അ) വന്നത് തൗഹീദ് പ്രചരിപ്പിക്കാനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ തന്നെ പ്രതിമയും ചിത്രവും കഅ്ബാലയത്തില്‍ സ്ഥാപിക്കുകയാണ് പില്‍ക്കാലക്കാര്‍ ചെയ്തത്.
ശൈഖ് മുഹ്‌യിദ്ദീന്‍ (റ) തന്റെ കൃതിയായ ഫുതൂഹുല്‍ ഗൈബില്‍ ഇഹപരവിജയം കാംക്ഷിക്കുന്നവര്‍ അല്ലാഹുവിനെ മാത്രം വിളിച്ച് ദുആ ചെയ്യാനാണ് ആഹ്വാനം ചെയ്തത്. ഇതിനു വിപരീതമായി 'യാ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി' എന്ന് വിളിച്ച് കേഴുന്ന സമൂഹത്തെയാണ് പിന്നീട് കാണുന്നത്!
നമ്മുടെ നാട്ടിലെ ദര്‍സുകളില്‍ പ്രധാന ഫിഖ്ഹ് ഗ്രന്ഥമായി പഠിപ്പിച്ചുവരുന്ന ഫത്ഹുല്‍ മുഈനില്‍ ഖബ്‌റിന് കുമ്മായമിടരുതെന്നും ഒരു ചാണിലധികം അത് ഉയര്‍ത്തരുതെന്നും കാണാമെങ്കിലും പുണ്യാത്മാക്കളുടേതെന്നു പറഞ്ഞ് ഖബ്‌റുകള്‍ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും ഉയര്‍ത്തുകയും സിമന്റിടുകയും ഭംഗിയുള്ള വിരിപ്പിട്ട് മൂടുകയും ചെയ്യുന്ന രീതിയാണ് പലയിടങ്ങളിലും കാണാനാവുക. ഇവക്ക് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തും. അതോടൊപ്പം ഖബ്‌റാളിയോട് സഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 'നിങ്ങള്‍ ഒരു കാര്യത്തില്‍ തര്‍ക്കിക്കുകയാണെങ്കില്‍ അക്കാര്യം അല്ലാഹുവിലേക്കും തിരുദൂതരിലേക്കും മടക്കണം' എന്ന ഖുര്‍ആന്‍ സൂക്തത്തിന് ഇതിന്റെ പ്രചാരകര്‍ ഒരു വിലയും കല്‍പിക്കുന്നില്ല.
പുരോഗമന പ്രസ്ഥാനക്കാരെന്ന് പറയപ്പെടുന്നവര്‍ മുഹ്‌യിദ്ദീന്‍ ശൈഖിനെ അപഹസിക്കുന്നവരാണെന്നാണ് പല പ്രസംഗകരും കുറ്റപ്പെടുത്താറുള്ളത്. ഇതിന്റെ നിജഃസ്ഥിതി അറിയാന്‍ ഒരിക്കല്‍ അവസരമുണ്ടായി. 1969-ലാണെന്ന് തോന്നുന്നു, ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ ഒരു വാര്‍ഷികപ്പതിപ്പ് കൈയില്‍ കിട്ടി. ഇതില്‍ മുഹ്‌യിദ്ദീന്‍ ശൈഖിനെ പുരസ്‌കരിച്ച് വന്ന ലേഖനം നിരവധി തവണ വായിച്ചു; ശൈഖ് യഥാര്‍ഥ തൗഹീദ് പ്രബോധകനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം സഹായം തേടുന്നു' എന്നര്‍ഥം വരുന്ന ഫാതിഹയിലെ സൂക്തം ദിനേന നിര്‍ബന്ധ നമസ്‌കാരത്തില്‍ മാത്രം 17 പ്രാവശ്യം ഓതുന്നവര്‍ അതിന്റെ ആശയം ഗ്രഹിക്കാതെ ഇസ്തിഗാസയില്‍ വ്യാപൃതരാകുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇത് ഖുര്‍ആനികാശയത്തിന്റെ ലംഘനമല്ലേ? യുക്തിഭദ്രമായും എന്നാല്‍ സൗമ്യമായും തൗഹീദിന്റെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരില്‍നിന്ന്് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എം.എ അഹ്മദ് തൃക്കരിപ്പൂര്‍
ബാലിശമാണ് ആ വാദങ്ങള്‍
അമുസ്‌ലിംകളുടെ പള്ളിപ്രവേശത്തെപ്പറ്റി പ്രഫ. ഓമാനൂര്‍ മുഹമ്മദിന്റെയും ഇ.എന്‍ ഇബ്‌റാഹീമിന്റെയും ലേഖനങ്ങള്‍ (ലക്കം 31) വായിച്ചു. 1969-'71-ല്‍ ഞാന്‍ ദല്‍ഹിയില്‍ എം.ഡിക്കു പഠിക്കുമ്പോള്‍ വെള്ളിയാഴ്ച നമസ്‌കാരങ്ങള്‍ ദല്‍ഹി ജുമാ മസ്ജിദില്‍ ആയിരുന്നു. അന്ന് അവിടെ എഴുതിവെച്ചിരുന്നു; 'നമസ്‌കാര സമയങ്ങളില്‍ അമുസ്‌ലിംകള്‍ പ്രവേശിക്കരുത്.' മറ്റു സമയങ്ങളില്‍ ജാതി, മത, ലിംഗ ഭേദമന്യേ വിനോദസഞ്ചാരികള്‍ പള്ളി സന്ദര്‍ശിച്ചിരുന്നു.
ഞങ്ങളുടെ ചെറുപ്പകാലത്ത് മുസ്‌ലിം പുരുഷന്മാര്‍ തല മൊട്ടയടിക്കുമായിരുന്നു. മുടി വളര്‍ത്തി സ്‌കൂളില്‍ പോയാല്‍ ഏറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവരും. മുടി വളര്‍ത്തുന്നത് ഹറാമായിരുന്നു. പഴയകാലത്ത് അറബി അക്ഷരങ്ങള്‍ അമുസ്‌ലിംകള്‍ കാണാതിരിക്കാന്‍ മറച്ചുപിടിച്ചിരുന്നു. ബോര്‍ഡില്‍ അറബി എഴുതിയാല്‍ അതിന്റെ പൊടി ശേഖരിച്ച് കിണറുകളില്‍ ഇടുമായിരുന്നു. അന്നത്തെ മൗലവിമാര്‍ക്ക് അതിനുള്ള ന്യായീകരണങ്ങളും ഉണ്ടാവും.
ഫോട്ടോ എടുക്കുന്നതും ഉച്ചഭാഷിണി ഉപയോഗിക്കുന്നതും ഹറാമായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ ആധുനിക വിദ്യാഭ്യാസം നേടുന്നത് ഇന്നും ചിലര്‍ ഹറാമായി കണക്കാക്കുന്നു. എന്തിന് സ്ത്രീകള്‍ പള്ളിയില്‍ പോകുന്ന കാര്യത്തിലും തര്‍ക്കമില്ലേ?
അമുസ്‌ലിംകള്‍ പള്ളിയില്‍ കയറാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നില്ല. അപൂര്‍വം ചിലര്‍ ഇസ്‌ലാമിനോട് താല്‍പര്യം തോന്നി പള്ളി സന്ദര്‍ശിക്കാന്‍ മുതിര്‍ന്നാല്‍ അതിത്ര പ്രശ്‌നമാക്കേണ്ടതുണ്ടോ? കുറഞ്ഞ പക്ഷം വിഗ്രഹങ്ങളില്ലാത്ത ഒരാരാധനാലയം അവര്‍ക്ക് കാണാമല്ലോ. മുസ്‌ലിംകളുടെ സാഹോദര്യം നേരില്‍ കാണാമല്ലോ. തൃശൂര്‍ ജില്ലയിലെ ഒരു പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനു കയറിയപ്പോള്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഖുത്വ്ബയും നമസ്‌കാരവും വീക്ഷിക്കുന്നതു കണ്ടു. കേരളത്തിലെ ഇക്കഴിഞ്ഞ മഹാ പ്രളയത്തില്‍ എത്രയോ പള്ളികളില്‍ അമുസ്‌ലിംകളും, അമ്പലങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്‌ലിംകളും കഴിച്ചുകൂട്ടി. ഇതിനൊക്കെ സാഹചര്യം പരിഗണിക്കാതെയുള്ള ഫിഖ്ഹീ മസ്അലകള്‍ വെച്ച് അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് മറ്റുള്ളവരുടെ മുന്നില്‍ മുസ്‌ലിംകള്‍ അപഹാസ്യരാവുന്നത്. ഇടുങ്ങിയ ചിന്താഗതികള്‍ മറ്റുള്ളവരെ മുസ്‌ലിംകളിലേക്ക് അടുപ്പിക്കുകയില്ല. മുസ്‌ലിം നാമധാരികള്‍ക്ക് വിശ്വാസമില്ലെങ്കിലും പള്ളിയില്‍ കയറാം, അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോട് താല്‍പര്യം തോന്നിയാല്‍ അവരെ പള്ളിയില്‍ കയറ്റിക്കൂടാ! ഇമ്മാതിരി അര്‍ഥശൂന്യമായ സംവാദങ്ങളില്‍നിന്ന് അകലാന്‍ അല്ലാഹു നമ്മുടെ മനസ്സുകളെ വിശാലമാക്കട്ടെ.
ഡോ. എം. ഹനീഫ്
കൈപുസ്തകം പോലെ ആ ലേഖനം
ഒരു യഥാര്‍ഥ വിശ്വാസിക്ക്, ഒരു നല്ല പ്രബോധകന് തീര്‍ച്ചയായും ഒരു കൈപുസ്തകം കണക്കെ ഉപകാരപ്പെടുന്ന ഒന്നാണ് സി.ടി സുഹൈബ് എഴുതിയ 'ആരുടെ കര്‍മങ്ങളാണ് പരലോകത്ത് സ്വീകരിക്കപ്പെടുക' (ലക്കം 33) എന്ന ലേഖനം. ഏകമാനവികതയും അകംപൊരുളുമൊക്കെ തലപൊക്കിവരുന്ന ഈ കാലത്ത് പ്രത്യേകിച്ചും! എല്ല വേദങ്ങളുടെയും ആദിമ സ്രോതസ്സ് ദൈവം തന്നെയാണെങ്കിലും എല്ലാ കാലത്തും ആ നേര് നേരോടെ നിലനിന്നിരുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണല്ലോ. വേദങ്ങളിലും ഖുര്‍ആനിലും നല്ല അവഗാഹം ഉണ്ടെന്നതുകൊണ്ടു മാത്രം ആരും യഥാര്‍ഥ വിശ്വാസിയാവണമെന്നുമില്ല. ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട് ഈ ലേഖനം.
മമ്മൂട്ടി കവിയൂര്‍
Comments