Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

മതസ്വാതന്ത്ര്യം ഭരണഘടനയില്‍ വായിക്കുമ്പോള്‍

അഡ്വ. എ.കെ ഫാസില

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കൈവെച്ചതില്‍ എക്കാലത്തെയും പോലെ ഏറ്റവും വിവാദം സൃഷ്ടിച്ചത് വ്യത്യസ്ത മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടെടുത്ത വിധികളായിരുന്നു. ശബരിമല ക്ഷേത്ര പ്രവേശം, മുത്ത്വലാഖ്, ബാബരി മസ്ജിദിലെ നമസ്‌കാരം, ഹാദിയയുടെ മതംമാറ്റം, മുസ്‌ലിം സ്ത്രീയുടെ പള്ളിപ്രവേശം, ശരീഅത്ത് കോടതികളുടെ നിയമസാധുത തുടങ്ങിയ വിഷയങ്ങളിലെ കോടതി വിധികളിലൂടെ മതം ഇന്ത്യന്‍ പൊതു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിധേയമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇന്ത്യ അറിയപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും അതിന്റെ മത-ഭാഷാ- സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൊണ്ടാണല്ലോ. ഓരോ മത-ഭാഷാ സമൂഹങ്ങളില്‍തന്നെ ആചാരങ്ങളിലും നടപ്പുരീതികളിലും പിന്നെയും നൂറുകൂട്ടം വ്യത്യസ്തകള്‍ കാണാവുന്നതാണ്. അതുകൊണ്ടുതന്നെ സ്വത്വ രാഷ്ട്രീയം, പൊളിറ്റിക്‌സ് ഓഫ് റകഗ്‌നിഷന്‍ പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബഹു സാംസ്‌കാരിക (Multiculturalism) പഠന ശാഖകളുടെ ഏറ്റവും ആകര്‍ഷണീയമായ പഠന മേഖലകളില്‍ (റിസര്‍ച്ച് ഫീല്‍ഡ്)  ഒന്നാണ് ഇന്ത്യ. വൈവിധ്യങ്ങളുടെ ഒന്നിച്ചുള്ള നിലനില്‍പ്പ് /മുന്നോട്ടുപോക്ക് എത്രത്തോളം/എങ്ങനെ  സാധ്യമാണ് എന്ന അന്വേഷണമാണ് ഇത്തരം പഠനങ്ങളുടെ അടിസ്ഥാനം. അവയുടെ രൂപാന്തരണ പ്രക്രിയകളില്‍ രാജ്യത്തെ നിയമസംഹിതയുടെയും സംവിധാനങ്ങളുടെയും പങ്കും ഇത്തരം പഠനങ്ങളുടെ അന്വേഷണങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ പൊതു മണ്ഡലത്തില്‍ മതത്തെ മനസ്സിലാക്കുന്നതിന് പൊതുവായും ഇന്ത്യയിലെ മുസ്‌ലിം ജീവിതങ്ങളുടെ നിയമ വ്യവസ്ഥയുമായുള്ള കൊടുക്കല്‍വാങ്ങലുകളെ ശരിയാംവിധം അന്വേഷിക്കാനും ഇരുപതാം നൂറ്റാണ്ടില്‍ ഭരണഘടനാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നല്ലതായിരിക്കും.

ഭരണഘടനയുടെ ആമുഖം മുന്നോട്ടുവെക്കുന്നത് ഒരു മതേതര ജനാധിപത്യ ഇടത്തെ കുറിച്ച സങ്കല്‍പമാണ്. അതിനകത്ത് എല്ലാ പൗരന്മാര്‍ക്കും എല്ലാ മതവിഭാഗങ്ങള്‍ക്കും  അവരവരുടെ മതസ്വാതന്ത്ര്യം അനുവദിച്ചുനല്‍കണമെന്നും (ആര്‍ട്ടിക്ക്ള്‍ 25, 26) ഭാഷാ-മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേറ്റ് ബാധ്യസ്ഥമാണെന്നും (ആര്‍ട്ടിക്ക്ള്‍ 29,30) ഭരണഘടന അനുശാസിക്കുന്നുണ്ട്. മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയ ഈ പരാമര്‍ശങ്ങളാണ് ഇന്ത്യന്‍ ഭരണഘടനക്ക് സെക്യുലര്‍ ഛായ നല്‍കുന്നത്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വത്തെ കുറിച്ച് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനായ ഡോ. രാജീവ് ധവാന്‍ നടത്തിയ ഒരു പഠനമുണ്ട്. അതു പ്രകാരം ഭരണഘടനാപരമായ മതേതരത്വത്തി(Constitutional Secularism) നു മൂന്നു ഘടകങ്ങളുണ്ട്. ഒന്നാമതായി, വിശ്വാസത്തിനു മാത്രമല്ല, ഒരു മതത്തിന്റെ ആചാരങ്ങള്‍ക്കും  അനുഷ്ഠാനങ്ങള്‍ക്കും കൂടി സംരക്ഷണം നല്‍കുന്ന മത സ്വാതന്ത്ര്യം. രണ്ടാമതായി, സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങളടക്കമുള്ള ഭരണകൂട ഇടപെടലുകള്‍ക്ക് തടയിടാത്ത മതനിരപേക്ഷത (Neutrality). മൂന്നാമതായി, ചില വിശ്വാസാചാരങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക (Reformatory Justice). ഇവ മൂന്നും ഇന്ത്യന്‍ ഭരണഘടനയിലെ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രധാന ലക്ഷ്യമായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഈ ഘടകങ്ങളൊക്കെ തന്നെയാണ് ഇന്ത്യന്‍ മതേതരത്വത്തെ അതിന്റെ പാശ്ചാത്യ സങ്കല്‍പത്തില്‍ (സ്റ്റേറ്റിനും മതത്തിനും ഇടക്ക് അവയെ വേര്‍തിരിക്കുന്ന ഒരു അതിര്‍ത്തി -Wall of separation ഉണ്ടായിരിക്കുക) നിന്ന് വ്യത്യസ്തമാക്കുന്നതും. എന്നാല്‍ ഇപ്പറഞ്ഞ മതേതര വിഭാവനകള്‍ക്കും അവകാശങ്ങള്‍ക്കും  വിപരീതമായി രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങളുടെ, വിശേഷിച്ചും ന്യൂനപക്ഷങ്ങളുടെ  ഭരണഘടനാവകാശങ്ങളെ സംരക്ഷിക്കുന്നില്ലെന്നു മാത്രമല്ല,  മിക്കപ്പോഴും അവരുടെ ജീവനു തന്നെ ഭീഷണി മുഴക്കുന്ന കലാപങ്ങള്‍ക്കും  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഭരണകൂടത്തെയും ഭരണകൂട സംവിധാനങ്ങളെയുമാണ് ഇന്ത്യയില്‍ കണ്ടു പരിചയം.

 

മതസ്വാതന്ത്ര്യം എന്ന മൗലികാവകാശം 

മൗലികാവകാശങ്ങള്‍ പ്രസ്താവിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗം എല്ലാ വ്യക്തികള്‍ക്കും (ചില അവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു  മാത്രം ലഭ്യമായവയാണ്) സ്റ്റേറ്റിന്റെ കടന്നുകയറ്റത്തില്‍നിന്ന് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്. അതായത് ഏതെങ്കിലും 'നിയമം' ആര്‍ട്ടിക്ക്ള്‍ 14 മുതല്‍ 35 വരെയുള്ള ഈ പാര്‍ട്ട് മൂന്നിലെ അവകാശങ്ങളെ ലംഘിക്കുകയാണെങ്കില്‍ പൗരന് അതിനെതിരില്‍ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഭരണകൂടത്തിനെതിരില്‍ കേസ് ഫയല്‍ ചെയ്ത് പരിഹാരം കാണാവുന്നതാണ് (ആര്‍ട്ടിക്ക്ള്‍ 32, 226). ആര്‍ട്ടിക്ക്ള്‍ 13-ന്റെ മൂന്നാം ഖണ്ഡികയില്‍, മേല്‍ പറയുന്ന 'നിയമം' എന്തെല്ലാമാണെന്ന് നിര്‍വചിക്കുന്നുണ്ട്. ആ നിര്‍വചനത്തില്‍ ഓര്‍ഡിനന്‍സ്, ഓര്‍ഡര്‍, ബൈലോസ് എന്നിവക്കു പുറമേ ഇന്ത്യന്‍ ഭൂപരിധിക്ക് അകത്ത് നിലനില്‍ക്കുന്ന എല്ലാ ആചാരങ്ങളെയും നടപ്പുരീതികളെയും (Custom and Usage) കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം നിയമവാഴ്ചക്കകത്ത് അധികാരപരിധി നിര്‍ണയിക്കുകയാണ് ഭരണഘടന. ഇവിടെ ഒരു പോസിറ്റീവിസ്റ്റ് സ്റ്റേറ്റ് സാധാരണഗതിയില്‍ സ്റ്റേറ്റ് സംവിധാനങ്ങള്‍ വഴിയല്ലാതെ നിലവില്‍വന്ന നിയമങ്ങളെ നിരാകരിക്കുമ്പോള്‍, ഈ നിര്‍വചനം വഴി ഭരണഘടന ശില്‍പികള്‍ വൈവിധ്യങ്ങളുടെ ഇന്ത്യന്‍ സവിശേഷ സാഹചര്യം പരിഗണിക്കുന്നു എന്ന് നമ്മെക്കൊണ്ട്  തോന്നിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യാനന്തരം നിലവില്‍വന്ന പുതിയ നിയമവാഴ്ചയെ വേണ്ടുംവിധം തങ്ങളുടെ പൂര്‍വകാലത്തേക്ക് (കൊളോണിയല്‍ പൂര്‍വകാലം മാത്രമല്ല) ബന്ധിപ്പിക്കാനും/ബന്ധം വേര്‍പ്പെടുത്താനും വേണ്ടിയുള്ള ഒരു 'വാല്‍വ്' ആയിട്ടായിരുന്നു ഈ ഉള്‍പ്പെടുത്തല്‍ എന്നു വേണം മനസ്സിലാക്കാന്‍. അതനുസരിച്ച് പൂര്‍വിക നിയമസംഹിതകളില്‍ ഒന്നും അവ ഭരണഘടനാ മൗലികവകാശങ്ങള്‍ക്ക് വിധേയമല്ലെങ്കില്‍ നിലനില്‍ക്കുന്നതല്ല. മാത്രമല്ല, ഇതിനെ തുടര്‍ന്ന് നിയമനിര്‍മാണാധികാരം സ്റ്റേറ്റിനു മാത്രം വകവെച്ചു കൊടുക്കുന്നതും മേല്‍പറഞ്ഞ ആചാരങ്ങളുടെ ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട നിയമതര്‍ക്കങ്ങള്‍ അതേ സ്റ്റേറ്റിന്റെ ജുഡീഷ്യറി തീര്‍പ്പാക്കുന്നതും അതിലേക്ക് ചേര്‍ത്തു വായിക്കേണ്ടതാണ്. ഒരേസമയം ഭരണഘടന സമത്വവും ആവിഷ്‌കാരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ഒരു മൂവ്‌മെന്റായി അവതരിക്കപ്പെടുമ്പോഴും ചില ആചാരങ്ങളും നടപ്പുരീതികളും വരുമ്പോള്‍ മുഴുവന്‍ ഭരണഘടനയും അതിനെതിരില്‍ നില്‍ക്കുന്ന കാഴ്ചയും ഭരണഘടനാ ചരിത്രത്തില്‍ ധാരാളം കണ്ടതാണ്..  

ഭരണഘടനയെയും മൗലികാവകാശങ്ങളെയും മനസ്സിലാക്കുമ്പോള്‍ അത് പൗരന്റെ സംരക്ഷണത്തിനും സ്റ്റേറ്റുമായുള്ള അവന്റെ ഇടപെടലുകള്‍ ചിട്ടപ്പെടുത്തുന്നതിനും വേിയുള്ളത് എന്നതിന്  വിപരീതമായി സ്റ്റേറ്റിന്റെ നിലനില്‍പ്പ്  ഉറപ്പാക്കുന്നത്തിനു വേണ്ടിയുള്ള ഒരു സ്റ്റേറ്റ് സംവിധാനമായി മാറുന്നുണ്ടോ? പലരും, നിയമവിദഗ്ധര്‍ പ്രത്യേകിച്ചും ഭരണഘടനാവകാശങ്ങള്‍ക്ക്  ഒരു വിശുദ്ധ പദവിയാണ് നല്‍കാറുള്ളത്. അതേസമയം എത്രത്തോളം അതേ  മൗലികാവകാശങ്ങള്‍ സ്റ്റേറ്റിന്റെ ഹിംസയെ നിയമാനുസൃതമാക്കാനുള്ള ടൂള്‍ ആയി ഉപയോഗിക്കപ്പെടുന്നു എന്ന കാര്യം ആരും ശ്രദ്ധിക്കാത്ത മട്ടാണ്. ഏറ്റവും വ്യക്തമായ ഒരു ഉദാഹരണം പറയാം. നമ്മളീ ആഘോഷിക്കുന്ന മൗലികാവകാശ പട്ടികയില്‍ ഒന്നു തന്നെയാണ് കരുതല്‍ തടങ്കലും (Preventive Detention) അതിന്റെ ഭരണഘടനാ നിയമാനുസൃതത്വവും. എന്നിരിക്കെ ഏതു മൗലികാവകാശങ്ങളെ കൂട്ടുപിടിച്ചാണ് നമ്മള്‍ നിലവിലെ അന്യായ അറസ്റ്റുകളെയും തടവുകളെയും ന്യായീകരിക്കുന്ന യു.എ.പി.എ  പോലുള്ള കിരാത നിയമങ്ങളെ  ചോദ്യം ചെയ്യുക? 

രണ്ടാമതായി, മൗലികാവകാശങ്ങള്‍ എന്നു പറയുമ്പോള്‍ അവ അതിരുകള്‍ ഏതുമില്ലാത്ത കേവല അവകാശങ്ങളായും തെറ്റിദ്ധരിക്കരുത്. അതായത് നമ്മുടെ കോടതി വ്യവഹാരങ്ങളിലൂടെ പില്‍ക്കാലത്ത് ഈ അവകാശങ്ങളില്‍ വന്നുചേര്‍ന്നതല്ലാതെ തന്നെ ഭരണഘടനയുടെ ടെക്സ്റ്റില്‍ ഓരോ അവകാശത്തിനും വ്യത്യസ്ത തരം പരിധികളും നിയന്ത്രണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 19 അനുഛേദപ്രകാരമുള്ള എല്ലാ അവകാശങ്ങളെയും രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതു ക്രമസമാധാനം, ധാര്‍മികത തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പരിമിതപ്പെടുത്താവുന്നതാണ്. ഇതേപോലെ ആര്‍ട്ടിക്ക്ള്‍ 25 മത വിശ്വാസം പ്രഖ്യാപിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും (Profess, Practise, Propogate) ഉള്ള സ്വാതന്ത്ര്യം ഉറപ്പുതരുമ്പോള്‍ തന്നെ ഈ അവകാശം ക്രമസമാധാനം, സദാചാരം (Morality), ആരോഗ്യം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് റദ്ദു ചെയ്യാവുന്നതാണ്. ഇതിനു പുറമെ പാര്‍ട്ട് III മുന്നോട്ടു വെക്കുന്ന മറ്റേത് അവകാശങ്ങളില്‍നിന്നും വ്യത്യസ്തമായി മതസ്വാതന്ത്ര്യം എന്ന മൗലികാവകാശം ഈ പാര്‍ട്ടിലെ മറ്റെല്ലാ അവകാശങ്ങള്‍ക്കും  വിധേയമായും റദ്ദാക്കാവുന്ന ഒന്നാണ്. 

മൂന്നാമതായി, ആദ്യം സൂചിപ്പിച്ചതുപോലെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയെന്ന സംശുദ്ധ ഉദ്ദേശ്യം മാത്രമല്ല ഭരണഘടനാ വകുപ്പുകള്‍ മുന്നോട്ടു വെക്കുന്നത്. മതനവീകരണം (Reformation)  അതിന്റെ അജണ്ടകളില്‍ മുഖ്യമാണ്. ഭരണഘടന തന്നെ മതവുമായി ബന്ധപ്പെട്ട 'സെക്യുലര്‍ പ്രവര്‍ത്തനങ്ങളില്‍' ഇടപെടാനുള്ള അധികാരം സ്റ്റേറ്റിനു നല്‍കുന്നുണ്ട് (Article 25 (2)). മതം എന്താണെന്നും മതവുമായി ബന്ധപ്പെട്ട, എന്നാല്‍ മതത്തിന് അകത്തു പെടാത്ത സെക്യുലര്‍ പ്രവര്‍ത്തനങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നും അവസാനിക്കുന്നുവെന്നും നിര്‍വചിക്കേണ്ടുന്ന ഉത്തരവാദിത്തം ജുഡീഷ്യറിയുടേതായിരുന്നു (അവ എപ്രകാരമാണ് ആ ജോലി നിര്‍വഹിച്ചതെന്നു തുടര്‍ന്ന് വിശദീകരിക്കാം). പലപ്പോഴും ഈ നവീകരണം  നടത്തുന്നത്  മതസ്വാതന്ത്ര്യം തന്നെ നിരാകരിച്ചുകൊണ്ടായിരുന്നു എന്നതാണ് സത്യം. മാര്‍ക് ഗാലന്ററിനെ പോലുള്ള പണ്ഡിതന്മാര്‍ പറഞ്ഞുവെക്കുന്നുണ്ട്, മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക എന്നതിലപ്പുറം സാമൂഹിക നവീകരണം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള വ്യവസ്ഥ ആയിട്ടാണ് മതസ്വാതന്ത്ര്യത്തെ ഭരണഘടന മുന്നോട്ടു വെക്കുന്നത് എന്ന്. ഈ റിഫോമിസ്റ്റ് അജണ്ട ഇന്ത്യന്‍ മതേതരത്വത്തിന്റെ മറ്റു ഘടകങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. 

നിരന്തരം വ്യതിചലിച്ചുകൊണ്ടിരിക്കുന്ന മാനങ്ങള്‍ (Dimensions)  കാരണം ഭരണഘടനക്ക് അകത്ത് മതസ്വാതന്ത്ര്യം കൈകാര്യം ചെയ്യുക എന്നത് തീര്‍ത്തും  സങ്കീര്‍ണമാണെന്ന് ഇന്ത്യന്‍ ഭരണഘടനാനുഭവങ്ങള്‍ നമ്മോടു പറയുന്നുണ്ട്. ഈ തത്ത്വങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാനല്ലാതെ മറ്റൊന്നിനും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കും സാധിച്ചിട്ടില്ല. എങ്ങനെ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യരുത് എന്നാണ് ഈ ഭരണഘടനയും ഭരണകോടതികളും നമുക്ക് നല്‍കുന്ന അനുഭവപാഠം.

 

ഭരണഘടനാ കോടതികള്‍ 

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ ഭരണഘടന അനുവദിച്ചു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ  തോതും അളവും നിശ്ചയിക്കുന്ന ചുമതല ഭരണഘടനാ കോടതികള്‍ക്കായിരുന്നു. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ഈ വീതംവെപ്പ് അത്ര എളുപ്പമായിരുന്നില്ല. സ്റ്റേറ്റ് ഇടപെടല്‍ അനുവദിച്ച സെക്യുലര്‍ പ്രവര്‍ത്തനങ്ങളെയും ഭരണഘടന സംരക്ഷണം നല്‍കുന്ന മതവിശ്വാസ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ചെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനു വേണ്ടിയാണ് എസ്സന്‍ഷ്യല്‍ പ്രാക്ടീസ് എന്ന തത്ത്വം ജഡ്ജിമാര്‍ ഉരുത്തിരിച്ചെടുക്കുന്നത്. മതാചാരങ്ങളുടെ ഭരണഘടനാ വിധേയത്വവും സംരക്ഷണവും കോടതികള്‍ക്ക് മുന്നില്‍ ചര്‍ച്ചയാവുമ്പോഴൊക്കെ കോടതികള്‍ക്ക് ഏതൊക്കെ ആചാരങ്ങള്‍ ആ വിശ്വാസത്തിന്റെ അടിസ്ഥാന സത്തയാണെന്നും ഏതൊക്കെ അല്ലെന്നും നിശ്ചയിക്കേണ്ടിവരുന്നുണ്ട്. ഇതിനെയാണ് Essential practice test  എന്ന് നിയമ വിദഗ്ധര്‍ വിളിച്ചത്. ഒരു മതവിശ്വാസം ആചരിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്ത ആ വിശാസത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാത്രമാണ് ഭരണഘടനാ സംരക്ഷണം ലഭിക്കുക. അതായത് ഈ ടെസ്റ്റ് വഴി മതവിശ്വാസം ആചരിക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന്  കോടതി കണ്ടെത്തുന്ന ഒരു വിശാസത്തിന്റെ ഭാഗങ്ങളെ ഹനിക്കുന്ന രീതിയില്‍ സ്റ്റേറ്റിന് ഒരു രീതിയിലുള്ള നിയമനിര്‍മാണവും നടത്തുക സാധ്യമല്ല. പ്രായോഗികമായി ഗുണകരമെന്ന രീതിയില്‍ വികസിച്ചുവന്ന ഈ തത്ത്വത്തിന് പക്ഷേ അതിന്റെ നന്നേ തുടക്കം മുതല്‍ തന്നെ ചില സങ്കീര്‍ണതകളും കൂടി കൂട്ടിനുണ്ടായിരുന്നു. കാരണം ഇതുവഴി ഓരോ മതത്തിന്റെയും യഥാര്‍ഥ ആന്തരികാര്‍ഥം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്തം കോടതികള്‍ ഏറ്റെടുത്തു. ഇതിനു പുറമെ മതാചാരങ്ങളുടെ യുക്ത്യാധിഷ്ഠിത വ്യാഖ്യാനങ്ങള്‍ക്കും കോടതിമുറികള്‍ സാക്ഷിയാവാന്‍ തുടങ്ങി. 

ഇത് പ്രയോഗവത്കരിക്കുമ്പോള്‍ നമ്മെ ഏറെ അസ്വസ്ഥമാക്കുന്ന വസ്തുത, ഒരു മതത്തിലെ ഏതെങ്കിലും അനുഷ്ഠാനവുമായി ബന്ധപ്പെട്ടു അതു എത്രത്തോളം ആ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ പെട്ടതാണെന്ന് അന്വേഷിക്കുന്നത് കോടതികളുടെ ആധുനിക മാനങ്ങള്‍ മാത്രം ഉപയോഗിച്ചായിരിക്കും എന്നതാണ്. ഇപ്പറഞ്ഞ അനുഷ്ഠാനം ആചരിക്കുന്നവരെയോ അല്ലെങ്കില്‍ ആ മതത്തിനകത്തു തന്നെയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെയോ ആധുനിക നിയമത്തില്‍ പരിശീലനം നേടിയ ന്യായാധിപന്മാര്‍ ഒരു പരിധിക്കപ്പുറം പരിഗണിക്കാറില്ല. സ്വാതന്ത്ര്യാനന്തരം എസ്സന്‍ഷ്യല്‍ പ്രാക്ടീസ് ടെസ്റ്റ് ആദ്യമായി ഉപയോഗിക്കുന്നത് 1954-ലെ ശ്രീരൂര്‍ മഠത്തിന്റെ കേസിലാണ്. ഈ കേസ് മുതല്‍ നോക്കിയാല്‍ ഒരു വസ്തുത ബോധ്യപ്പെടും. ഓരോ തവണ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതികള്‍ ചര്‍ച്ചക്കെടുക്കുമ്പോഴും, യഥാര്‍ഥത്തില്‍ കോടതി മതങ്ങളെ നിര്‍വചിക്കാനുള്ള ശ്രമം നടത്തുക കൂടിയായിരുന്നു. അതായത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കകത്ത് ന്യായാധിപന്മാര്‍ അവസരങ്ങള്‍ക്കനുസരിച്ച് പല വിധ മതാധ്യക്ഷന്മാരായി ചുമതലയേല്‍ക്കുന്ന കാഴ്ചകളാണ് നാം സ്ഥിരമായി കാണുന്നത്. ശ്രീരൂര്‍ മഠത്തിന്റെ കേസില്‍ കോടതി പറയുന്നത് ഏതെല്ലാം ഘടകങ്ങളാണ് ഒരു മതത്തിന്റെ അനിവാര്യ തത്ത്വങ്ങളില്‍ ഉള്‍പ്പെടുക എന്ന് കണ്ടെത്തേണ്ടത് അതതു മതത്തിന്റെ പാഠങ്ങളും തത്ത്വങ്ങളും തന്നെ ഉപയോഗിച്ചുകൊണ്ടാണ്. മതപണ്ഡിതന്മാര്‍ പോലും പലപ്പോഴും വിഷമിക്കുന്ന ഈ പണി എങ്ങനെയാണ് അതിനു യോഗ്യത നേടിയിട്ടില്ലാത്ത നമ്മുടെ സെക്യുലര്‍ ന്യായാധിപന്മാര്‍ ചെയ്യുന്നത് എന്നും നാം കണ്ടുകൊണ്ടിരിക്കുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഈയടുത്ത് സംഭവിച്ച പോലെ, ഒരു സുപ്രീം കോടതി ബെഞ്ചാണ് നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വത്തില്‍ പെട്ടതാണോ അല്ലയോ എന്നു നിശ്ചയിക്കുന്നത്. മതപരമായ ഇത്തരം ചോദ്യങ്ങളെ നിര്‍ണയിക്കുന്നത് സമ്പൂര്‍ണമായും കോടതിയുടെ ബോധ്യത്തെ ആശ്രയിച്ചു മാത്രമാണ്. ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന നിര്‍ണായക തത്ത്വങ്ങളില്‍ ഒന്നായ ഈ ടെക്സ്റ്റിന്റെ വ്യാഖ്യാനത്തില്‍ മൗലികമായ ഒരു വഴിത്തിരിവ് സംഭവിക്കുന്നത് ദര്‍ഗ കമ്മിറ്റി V/s ഹുസൈന്‍ അലി എന്ന 1961-ലെ ഒരു കേസിലായിരുന്നു. ഈ കേസിന്റെ വിധിന്യായത്തില്‍ കോടതി രേഖപ്പെടുത്തിയ ഒരു അഭിപ്രായം,  മതങ്ങളെ ഒരു യുക്തിവത്കരണ പ്രകിയക്ക് (Rationalisation Process)  കോടതികള്‍ എങ്ങനെയാണ് വിധേയമാക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ്. യുക്തിരഹിതമെന്നു ജഡ്ജിമാര്‍ക്ക് ബോധ്യം വന്ന മിക്കവാറും എല്ലാ ആചാരങ്ങളും ഭരണഘടനാ സംരക്ഷണത്തിനു അര്‍ഹമല്ലെന്ന് വിധി എഴുതുകയായിരുന്നു പൊതുവെ. എന്നാല്‍ പല അവസരങ്ങളിലും, പ്രത്യേകിച്ചും ഹിന്ദു മതാചാരത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു നിര്‍ണയത്തിനു ശേഷവും പൊതു ആചാരങ്ങള്‍ (Popular  Practices) എന്ന് പറഞ്ഞോ അല്ലെങ്കില്‍ ബഹുസ്വരതയുടെ മേല്‍വിലാസം ചേര്‍ത്തോ അനിവാര്യം (Essential) എന്നും ആയതിനാല്‍ മതപരം  എന്നും കോടതികള്‍ വിധിയെഴുതിയതായും കാണാം. അതിലുപരിയായി കോടതികള്‍ തങ്ങളുടെ പരിമിതമായ അധികാരമുപയോഗിച്ച് ഓരോ മതത്തിന്റെയും ശരിയായ അന്തസ്സത്ത കണ്ടെത്താനാണ് ഇറങ്ങിത്തിരിച്ചതെങ്കിലും  പലപ്പോഴും അത്തരം അന്വേഷണങ്ങള്‍ ന്യൂനപക്ഷ മതങ്ങളെ ഭൂരിപക്ഷ മതത്തിലേക്കും മറ്റും സ്വാംശീകരിക്കുന്ന രീതിയിലുള്ള ഇടപെടലുകളുമായി മാറിപ്പോകാറു്. 

റോണോജോയ് സെന്‍ (Ronojoy Sen) പറയുന്നത്, മേല്‍പറഞ്ഞ തത്ത്വം യഥാര്‍ഥത്തില്‍ കൊളോണിയല്‍ കോടതികള്‍ ഉപയോഗപ്പെടുത്തിയിരുന്ന Justice, Equity, Good conscience  തത്ത്വത്തിന്റെ തുടര്‍ച്ച തന്നെയാണെന്നാണ്. അതായത് ഹിന്ദു, മുസ്‌ലിം നിയമങ്ങള്‍ക്കിടയില്‍ ഏകത കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തിലാണ് അവര്‍ മേല്‍പറഞ്ഞ തത്ത്വം പ്രയോഗിച്ചിരുന്നത്. ഇതുവഴി ബ്രിട്ടീഷുകാര്‍  ബ്രാഹ്മണ ഗ്രന്ഥങ്ങള്‍ക്ക്  മുന്‍ഗണന കൊടുത്തു കൊണ്ട് നിയമത്തിന്റെ ബ്രാഹ്മണവല്‍ക്കരണം എളുപ്പമാക്കുകയുണ്ടായി. കാരണം ഓറിയന്റലിസ്റ്റുകള്‍ക്ക് താല്‍പര്യം ചെറു പ്രദേശങ്ങളില്‍ ഒതുങ്ങുന്ന നാടന്‍ ആചാര അനുഷ്ഠാനങ്ങളേ(Local customs)ക്കാള്‍ ഉപരി 'ഉന്നത' സംസ്‌കാരത്തിന്റെ ഭാഗമായ ക്ലാസിക് ഹിന്ദു ടെക്സ്റ്റകളോടായിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍ ഹിന്ദു കോഡുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ നടത്തിയ ഒരു പ്രസ്താവനയും കോടതിമുറികളില്‍ ഈ തത്ത്വത്തിനു വഴിതെളിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള വൈവിധ്യപൂര്‍ണവും ജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ടു നില്‍ക്കുന്നതുമായ വിശ്വാസങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അത്യന്താപേക്ഷിതമായി മതപരമായ വിശ്വാസങ്ങളും ക്രിയകളും മാത്രമായി മതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. മതസ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന ചിഹ്നങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ നിര്‍മാതാക്കളുടെ മനസ്സിലുണ്ടായ ആശങ്കകളുടെ പ്രതിഫലനം കൂടിയായിരുന്നു ഈ വാചകങ്ങള്‍.

പലപ്പോഴും നീതിന്യായ വ്യവസ്ഥ എല്ലാ സാമൂഹിക സദാചാര സ്വാധീനങ്ങള്‍ക്കും  അപ്പുറത്തു നിന്നാണ് തീര്‍പ്പു കല്‍പിക്കുന്നതെന്ന അബദ്ധധാരണ നിയമമേഖലയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നവര്‍ക്കു പോലുമുണ്ട്. അതുകൊണ്ടാണ് നിയമനിര്‍മാണവും കോടതിയെ സമീപിക്കലും എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമായി മുന്നോട്ടുവെക്കപ്പെടുന്നത്. എന്നാല്‍ നിയമവും (Legal)  സമൂഹവും (Social) എല്ലായ്‌പ്പോഴും പരസ്പരം കൊണ്ടും കൊടുത്തുമാണ് നിലനില്‍ക്കുന്നത്. പൊതു വ്യവഹാരങ്ങളില്‍ ആക്ടീവായി ഇടപെടലുകള്‍ നടത്തുന്നതിലും പുതിയ വ്യവഹാരങ്ങള്‍ക്ക്  സമൂഹത്തില്‍ ഇടം കണ്ടെത്തിക്കൊടുക്കുന്നതിലും നമ്മുടെ കോടതികള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗീയത വളര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ നീതിന്യായ വ്യവസ്ഥക്കും ആ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജുഡീഷ്യല്‍ ആക്ടിവിസം ശക്തിപ്രാപിച്ച '80-കള്‍ക്ക് ശേഷം പരിസ്ഥിതി സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെന്ന പോലെ ഇന്ത്യന്‍ ഉന്നത നീതിന്യായ വ്യവസ്ഥ മതപരമായ വിഷയങ്ങളിലും ധാരാളം വിധികള്‍ പുറപ്പെടുവിക്കുകയുണ്ടായി. കോടതികള്‍ തങ്ങളുടെ അധികാരപരിധി കടന്ന് നിയമ നിര്‍മാണത്തിലേര്‍പ്പെട്ടത് പല രീതിയില്‍ സാമൂഹിക-സാമ്പത്തിക മേഖലയില്‍ വിഷമിക്കുന്നവര്‍ക്ക് ഗുണകരമായിരുന്നെങ്കില്‍ കൂടി, അതിന്റെ ദീര്‍ഘകാല ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ട് പലരും അതിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സ്റ്റേറ്റിന് അതിന്റെ റിഫോമിസ്റ്റ് അജണ്ട ത്വരിതപ്പെടുത്താന്‍ ലഭിച്ച ഒരു മാര്‍ഗം കൂടിയായിരുന്നു ഇത്.

മതം പൊതുമണ്ഡലത്തില്‍ അതിരൂക്ഷമായി ചര്‍ച്ചചെയ്യപ്പെട്ട കോടതിവിധികളെ വായിച്ചാല്‍ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്, കോടതിവിധികളിലൂടെ എല്ലാ മതവിശാസങ്ങളും ആചാരങ്ങളും ഭൂരിപക്ഷ മതാനുസൃതം ഏകീകരിക്കാനുള്ള പ്രവണത. രണ്ട്, മതങ്ങളുടെ ഈ യുക്തിവല്‍ക്കരണ ഏകീകരണ ശ്രമം കടന്നു വരുന്നതും എളുപ്പമാവുന്നതും ദേശരാഷ്ട്രത്തെയും മതേതരത്വത്തെയും കുറിച്ച ലിബറല്‍ ജനാധിപത്യ ധാരണകള്‍ ഹിന്ദു ദേശീയതയുടെ അടിസ്ഥാന തത്ത്വങ്ങളുമായി അനുപൂരകങ്ങള്‍ ആയതിനാലാണ് എന്നതുകൊണ്ട് ആശ്ചര്യപ്പെടേണ്ട ഒരു വിഷയവുമല്ല. ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ദേശീയവാദികള്‍ എകജാതീയമായ ഒരു ജനാധിപത്യ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇതുവരെ പറഞ്ഞ ഭരണഘടനാ കോടതികളില്‍നിന്ന് നാം കേള്‍ക്കുകയും ഭരണഘടനയില്‍ വായിക്കുകയും ചെയ്യുന്ന ഈ 'ഏക മത സ്വാതന്ത്ര്യ'ത്തിന്റെ ചരിത്രം പറയുന്നുണ്ട്. ഇപ്രകാരം 'ഭരണഘടനാ വിധേയമായി' കൊണ്ടുതന്നെ ഇന്ത്യന്‍ സ്റ്റേറ്റിന് ഭൂരിപക്ഷ സമുദായ താല്‍പര്യങ്ങളെ  നടപ്പില്‍ വരുത്താന്‍ സാധ്യമാവുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെയും മറ്റും മതസ്വാതന്ത്ര്യത്തെ ഇത് ഹാനികരമായി ബാധിക്കുകയും ചെയ്തു. 

 

(എസ്.ഐ.ഒ തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച തഫ്കീര്‍ ലീഗല്‍ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍