Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

നാം നഷ്ടപ്പെടുത്തിയ വ്യാപാര ധാര്‍മികത

എസ്.എം സൈനുദ്ദീന്‍

''സ്വകരം കൊണ്ട് അധ്വാനിച്ച സമ്പാദ്യത്തില്‍നിന്നും ഭക്ഷിച്ചതിനോളം നല്ലതൊന്നും മനുഷ്യപുത്രന്‍ കഴിച്ചിട്ടില്ല. അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ് (അ) തന്റെ കൈ കൊണ്ട് അധ്വാനിച്ചതില്‍നിന്നാണ് ഭക്ഷിച്ചിരുന്നത്.'' ഇമാം അഹ്മദ് തന്റെ മുസ്‌നദില്‍ രേഖപ്പെടുത്തുന്നു. റാഫിഇബ്‌നു ഖുദൈജ് നബിയോട് ചോദിച്ചു: 'ഏതാണ് ശ്രേഷ്ഠമായ സമ്പാദ്യം?' പ്രവാചകന്‍ പറഞ്ഞു: 'മനുഷ്യന്‍ തന്റെ കരം കൊണ്ട് സമ്പാദിച്ചതും. എല്ലാ നല്ല കച്ചവടങ്ങളും.' അധ്വാനം എത്ര മഹത്തരമാണെന്നതിനെ കുറിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍. ഇസ്ലാമിന്റെ സാമ്പത്തിക ദര്‍ശനത്തിന്റെ സവിശേഷതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. മനുഷ്യനോട് അധ്വാനിക്കാന്‍ ആഹ്വാനം ചെയ്യുകയും അധ്വാനിച്ചത് ഭക്ഷിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. നിഷിദ്ധമായ വഴിയിലൂടെ സമ്പാദിച്ചത് ആഹരിക്കുന്നതിനോളം തെറ്റായ മറ്റൊന്നില്ലെന്നും എല്ലാ നന്മകളെയും ദുര്‍ബലപ്പെടുത്തുന്ന പാപമാണതെന്നും പഠിപ്പിക്കുകയും ചെയ്യുന്നു. ''അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം'' (ഖുര്‍ആന്‍ 23:51).

ഇമാം ഖുര്‍ത്വുബി ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: ''ഈ ആയത്തില്‍നിന്നും നമുക്ക് മൂന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും: ഒന്ന്, പ്രവാചകന്‍ ഈ ആയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ അനുചരന്മാരോട് പറഞ്ഞതാണ്: 'അല്ലയോ ജനങ്ങളേ, അല്ലാഹു പരിശുദ്ധനാണ്. വിശുദ്ധമല്ലാത്തതൊന്നും അവന്‍ സ്വീകരിക്കുകയില്ല. അല്ലാഹു തന്റെ പ്രവാചകന്മാരോട് എന്താണോ കല്‍പിച്ചത് അതു തന്നെയാണ് വിശ്വാസികളോടും കല്‍പ്പിച്ചത്.' എന്നിട്ട് പ്രവാചകന്‍ ഈ ആയത്ത് പാരായണം ചെയ്തു. പിന്നീട് ഒരു മനുഷ്യനെ കുറിച്ച് നബി (സ) വിവരിച്ചു: 'ദീര്‍ഘമായ യാത്രയുടെ ഫലമായി തന്റെ മുടി ജടപിടിക്കുകയും ശരീരം പൊടിപിടിക്കുകയും ചെയ്തിരുന്നു. യാത്രയുടെ ക്ഷീണം അയാളെ തളര്‍ത്തി. വഴിമുട്ടിയപ്പോള്‍ അയാള്‍ തന്റെ ഇരുകരങ്ങളും സഹായത്തിനായി ആകാശത്തേക്കുയര്‍ത്തി. യാ റബ്ബ് യാ റബ്ബ് (രക്ഷിതാവേ, രക്ഷിതാവേ) എന്ന് സഹായത്തിനായി അയാള്‍ പ്രാര്‍ഥിച്ചു.  ഭക്ഷിച്ചതും ഉടുത്തതും നിഷിദ്ധമായിരിക്കെ, നിഷിദ്ധത്തില്‍ ഊട്ടിയെടുക്കപ്പെട്ടവനായിരിക്കെ അയാളുടെ പ്രാര്‍ഥന അല്ലാഹു എങ്ങനെ സ്വീകരിക്കാന്‍?'

രണ്ട്, എല്ലാ പ്രവാചകന്മാരോടും അല്ലാഹു കല്‍പ്പിച്ചത് ഹലാലായത് സമ്പാദിക്കാനും ഭക്ഷിക്കാനുമാണ്. മൂന്ന്, ഹലാല്‍ ഭക്ഷിക്കുക, നിഷിദ്ധം വെടിയുക എന്ന കല്‍പനയില്‍ അല്ലാഹു പ്രവാചകന്മാരെയും സത്യവിശ്വാസികളെയും ഒരുപോലെ അഭിസംബോധന ചെയ്തിരിക്കുന്നു. തല്‍ഫലമായി നിഷിദ്ധം ഉപേക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയായി. 'വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരാണെങ്കില്‍!' (ഖുര്‍ആന്‍ 2:172). ദൈവകല്‍പനകള്‍ക്ക് നിങ്ങള്‍ വിധേയപ്പെടുന്നുവെങ്കില്‍, അവന്‍ അനുവദിച്ച പരിശുദ്ധമായതും ഹലാലായതും മാത്രമേ ഭക്ഷിക്കാവൂ. പിശാചിന്റെ പാത പിന്തുടരാതിരിക്കലും അല്ലാഹു നിഷിദ്ധമാക്കിയത് വര്‍ജിക്കലും അനിവാര്യമാണ്.''

ഭൂമിയുടെ നിര്‍മാണവും പരിപാലനവുമാണ് മനുഷ്യനെ അല്ലാഹു ഏല്‍പ്പിച്ച ദൗത്യം. ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഖിലാഫത്തിന്റെ അവിഛിന്ന ഭാഗമായി പരിഗണിക്കേണ്ടതാണ് സമ്പത്തും അതിന്റെ ഉല്‍പാദനോപാധികളായ സകലതും. ഭൗതികവിരക്തിയാണ് ആത്മീയത എന്ന പരമ്പരാഗത ധാരണകള്‍ക്കും വായനകള്‍ക്കും ഇസ്ലാം ഒരു പ്രസക്തിയും കല്‍പിക്കുന്നില്ല. സൂക്ഷ്മവും കൃത്യവുമായ മൂല്യവ്യവസ്ഥയില്‍ ലോകത്തെയും മനുഷ്യനെയും നിര്‍മിക്കാനാഗ്രഹിക്കുന്ന ഇസ്ലാമിന് ജീവിതത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ സമ്പദ്‌രംഗത്തെ അവഗണിക്കാനാവില്ലല്ലോ. ഇസ്ലാമിക മൂല്യവ്യവസ്ഥ സമ്പത്തിനെയും സമീപിക്കുന്നത് ആ അടിസ്ഥാനത്തിലാണ്.

സാമൂഹിക വ്യവസ്ഥയുടെ വളരെ സുപ്രധാനമായ രംഗമാണല്ലോ സമ്പദ്‌രംഗം. 'അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്' (ഖുര്‍ആന്‍ 4:5) എന്ന സൂക്തം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. 

ഇതിന്റെ വ്യാഖ്യാനത്തില്‍ മൗലാനാ മൗദൂദി എഴുതുന്നു: ''അതിവിപുലമായ ഒരു തത്ത്വമാണ് ഈ ആയത്ത് ഉള്‍ക്കൊള്ളുന്നത്. മനുഷ്യന്റെ ജീവിതാശ്രയമായ, ജീവിത നിലനില്‍പിന് അവലംബമായ ധനം തെറ്റായ മാര്‍ഗത്തില്‍ വ്യയംചെയ്യാന്‍ കാരണമായിത്തീരുമാറ് വിഡ്ഢികളുടെ കൈയില്‍ വിട്ടുകൊടുക്കാന്‍ പാടുള്ളതല്ല. അത്തരക്കാരെ ധനത്തിന്മേല്‍ സ്വതന്ത്രമായ കൈകാര്യത്തിന് അനുവദിച്ചുകൂടാ. നാഗരികതയുടെയും സമ്പത്തിന്റെയും, അവസാനമായി സദാചാരത്തിന്റെ തന്നെയും വ്യവസ്ഥ താറുമാറാകുകയായിരിക്കും അതിന്റെ ഫലം. വ്യക്തികള്‍ക്ക് തങ്ങളുടെ വസ്തുവകകളിന്മേല്‍ സ്വകാര്യ ഉടമാവകാശം ഇസ്ലാമിക വ്യവസ്ഥയില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നത് വാസ്തവംതന്നെ; എന്നാല്‍, ആ ഉടമാവകാശം നിരുപാധികമോ അനിയന്ത്രിതമോ അല്ല. ശരിയായ മാര്‍ഗേണ ഉപയോഗപ്പെടുത്താന്‍ അര്‍ഹതയില്ലാത്തവരോ, സ്വതന്ത്രമായ ഉപയോഗംകൊണ്ട് സാമൂഹിക-സാമ്പത്തിക വ്യവസ്ഥക്ക് ഹാനി വരുത്തിത്തീര്‍ക്കുന്നവരോ ആയ വ്യക്തികളില്‍നിന്ന് പ്രസ്തുത ഉടമാവകാശം പിടിച്ചെടുക്കപ്പെടാവുന്നതാണ്. മനുഷ്യന്റെ ജീവിതാവശ്യങ്ങള്‍ തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടണമെന്നതില്‍ സന്ദേഹമില്ല. എന്നാല്‍, ഉടമാവകാശത്തിന്റെ സ്വതന്ത്രമായ ഉപയോഗത്തെ, മനുഷ്യന്റെ സദാചാരപരവും നാഗരികവും സാമൂഹികവും സാമ്പത്തികവുമായ ഭദ്രതക്ക് ഹാനികരമാവുന്നേടത്ത് നിയന്ത്രിക്കേണ്ടതാകുന്നു. അതാണീ സൂക്തത്തില്‍ അല്ലാഹു നിര്‍ദേശിക്കുന്നതും. സമഗ്രമായ ഈ നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍, മുതലുടമസ്ഥരായ ഓരോരുത്തരും തങ്ങളുടെ മുതല്‍ അപരനെ ഭരമേല്‍പിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യാനുള്ള യോഗ്യത അവന്നുണ്ടോ എന്ന് നോക്കേണ്ടതാണ്. അതുപ്രകാരംതന്നെ സമ്പത്ത് സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ യോഗ്യതയില്ലാത്തവരോ, സ്വന്തം വസ്തുവകകളെ തെറ്റായ മാര്‍ഗങ്ങളില്‍ ഉപയോഗിക്കുന്നവരോ ആയ വ്യക്തികളില്‍നിന്ന് വസ്തുവകകള്‍ പിടിച്ചെടുത്ത് അവയുടെ മേല്‍നോട്ടം വഹിക്കുകയും ഉടമസ്ഥരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതിനായി ഒരു വകുപ്പ് ഏര്‍പ്പെടുത്തേണ്ടത് ഇസ്ലാമിക ഗവണ്‍മെന്റിന്റെ ചുമതലയാണ്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍)  അതിനാല്‍ സമ്പദ് രംഗത്തെ മുഴുവന്‍ ഇസ്‌ലാമിക മൂല്യവ്യവസ്ഥയുടെ പരിസരത്തു നിന്നല്ലാതെ സമീപിക്കാനും കൈകാര്യം ചെയ്യാനും മുസ്‌ലിമിന് അനുവാദമില്ല. ഈ വിഷയത്തില്‍ അലംഭാവം വെച്ചു പുലര്‍ത്തുക വഴി വ്യക്തിയും സമൂഹവും വലിയ ധാര്‍മികത്തകര്‍ച്ചയില്‍ അകപ്പെടും. സാമൂഹികമായ നിലനില്‍പ്പ് പോലും സാധ്യമല്ലാതാകും. സമ്പത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തടയുന്ന വിധം അതിനെ കൈകാര്യം ചെയ്യുന്നവരില്‍നിന്നും ഇസ്ലാം നിഷിദ്ധമാക്കിയ മാര്‍ഗത്തില്‍ സമ്പത്ത് വിനിയോഗിക്കുന്നവരില്‍നിന്നും സമ്പത്തധികാരത്തെ വിമോചിപ്പിച്ചാലേ സാമ്പത്തിക വ്യവസ്ഥയില്‍ ഇസ്ലാം ലക്ഷ്യം വെക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമാകൂ.

സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന രണ്ട് ഉല്‍പാദനോപാധികളാണ് കൃഷിയും കച്ചവടവും. ഈ രണ്ട് രംഗങ്ങളിലും അധാര്‍മികവും അനിസ്‌ലാമികവുമായ നിരവധി പ്രവണതകള്‍ ഇന്ന് കണ്ടുവരുന്നുണ്ട്. കാലദൈര്‍ഘ്യത്താല്‍ അവയോടെല്ലാമുള്ള സമീപനത്തില്‍ ലാഘവത്വവും ഉടലെടുത്തിട്ടുണ്ട്. കച്ചവടവുമായി ബന്ധപ്പെട്ട ഇസ്ലാമിക ധാര്‍മിക വ്യവസ്ഥയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. കച്ചവടത്തിലെ ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് രണ്ട് തലമുണ്ട്. ഒന്ന് അതിലെ നിയമപരമായ തലമാണെങ്കില്‍ രണ്ടാമത്തേത് ധാര്‍മികതയുമായി ബന്ധപ്പെട്ട തലമാണ്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇസ്ലാം ചെലുത്തുന്ന അധികാര സ്വാധീനങ്ങള്‍ക്കെല്ലാം ഈ രണ്ട് തലങ്ങളുണ്ട് എന്നത് പ്രത്യേകം മനസ്സിലാക്കണം. ഇത്രമേല്‍ നിയമം കൊണ്ടും ധാര്‍മികത കൊണ്ടും ജീവിതത്തെ നയിക്കാന്‍ കരുത്തുള്ള മറ്റൊരു ദര്‍ശനം ഇല്ല. ഇസ്‌ലാം ലോകത്ത് ചെലുത്തിയ മതപരവും സാമൂഹികവുമായ സ്വാധീനത്തില്‍ കച്ചവടവും കച്ചവടത്തിലെ സാമൂഹിക ധാര്‍മികതയും വഹിച്ച പങ്ക് വമ്പിച്ചതായിരുന്നു. കച്ചവടത്തില്‍ പാലിക്കേണ്ട നിയമപരവും മൂല്യപരവുമായ ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

 

കച്ചവടവും ഇസ്‌ലാമും

വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും കച്ചവടത്തിനു വേണ്ടി വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന നിരവധി സൂക്തങ്ങളുണ്ട്. വ്യക്തികളുടെയും സമൂഹങ്ങളുടെയും ഭൗതികമായ ഐശ്വര്യവും സ്വാശ്രയത്വവും സാധ്യമാക്കാനുള്ള പ്രക്രിയയാണ് കച്ചവടം.  ധനത്തിലെ അഭിവൃദ്ധി ലക്ഷ്യം വെച്ച് നടക്കുന്ന ക്രയവിക്രയങ്ങളാണ് തിജാറത്ത് അഥവാ കച്ചവടം. ദൈവത്തിന്റെ ഔദാര്യത്തിലുള്ള - ഫദ്‌ല് - പ്രതീക്ഷയാണ് ലാഭേഛ. ഹജ്ജ് യാത്രകളില്‍ കച്ചവടം അനുവദിക്കുന്ന ഭാഗത്ത് അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന മാര്‍ഗദര്‍ശനം ശ്രദ്ധിക്കുക: ''നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ തേടുന്നതില്‍ തെറ്റൊന്നുമില്ല'' (ഖുര്‍ആന്‍ 2:198). സമ്പത്ത് ചെലവഴിക്കുന്നതിലെ ലുബ്ധിനെ പരാമര്‍ശിക്കവെ സമ്പത്തിലെ അഭിവൃദ്ധിയെ സംബന്ധിച്ചുള്ള ഖുര്‍ആനിലെ പ്രയോഗവും ശ്രദ്ധേയമാണ്: ''അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കു കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ അന്തിമമായ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു'' (ഖുര്‍ആന്‍ 3:180). ജുമുഅ നമസ്‌കാരാനന്തരം കച്ചവടാദി ഭൗതികവ്യവഹാരങ്ങളില്‍ വ്യാപരിക്കാനുള്ള കല്‍പ്പനയിലും ഈ പ്രയോഗം കാണാം: ''പിന്നെ നമസ്‌കാരത്തില്‍നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം'' (ഖുര്‍ആന്‍ 62:10). 'അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു ചെല്ലുന്നതും അവങ്കലേക്കുതന്നെ' (67:15) എന്ന് മറ്റൊരു സൂക്തത്തില്‍. ജീവിതായോധനത്തിനു വേണ്ടിയുള്ള അധ്വാനം ദൈവാനുഗ്രഹത്തിനു വേണ്ടിയുള്ള അന്വേഷണം തന്നെയാണ്.

അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണ് സമ്പത്ത്. അതിന്റെ മേല്‍ പ്രാതിനിധ്യപരമാണ് തന്റെ അധികാരം എന്ന തിരിച്ചറിവ് വിശ്വാസിക്കുണ്ടാവുകയും വേണം: ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുവിന്‍'' (അല്‍ഹദീദ് 7). ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മൗദൂദി പറയുന്നത് ശ്രദ്ധിക്കുക: ''ഇതിന് രണ്ടാശയങ്ങളുണ്ട്. രണ്ടും ഇവിടെ ഉദ്ദേശ്യവുമാണ്. ഒന്ന്: നിങ്ങളുടെ കൈവശമുള്ള സമ്പത്ത് വാസ്തവത്തില്‍ നിങ്ങളുടെ സ്വന്തം സമ്പത്തല്ല. അത് അല്ലാഹു നല്‍കിയ ധനമാണ്. നിങ്ങള്‍ സ്വന്തം നിലക്ക് അതിന്റെ ഉടമകളുമല്ല. അല്ലാഹു അവന്റെ പ്രതിനിധിയെന്ന നിലയില്‍ അത് നിങ്ങളുടെ കൈകാര്യത്തില്‍ വിട്ടുതന്നിരിക്കുകയാണ്. അതുകൊണ്ട് സമ്പത്തിന്റെ യഥാര്‍ഥ ഉടമയെ സേവിക്കുന്നതില്‍ അതു ചെലവഴിക്കാന്‍ ലോഭം കാണിക്കരുത്. ഉടമയുടെ സമ്പത്ത് ഉടമയുടെതന്നെ കാര്യത്തില്‍ ചെലവഴിക്കാന്‍ മടികാണിക്കുക പ്രതിനിധിക്ക് ഭൂഷണമല്ല. രണ്ടാമത്തെ ആശയം ഇതാണ്: സമ്പത്ത് എന്നും നിങ്ങളുടെ കൈവശത്തില്‍ നിലകൊണ്ടതായിരുന്നില്ല. എന്നും നിലകൊള്ളുന്നതുമല്ല. ഇന്നലെ അത് മറ്റു ചിലരുടെ കൈവശത്തിലായിരുന്നു. പിന്നീട് അല്ലാഹു നിങ്ങളെ അവരുടെ പിന്‍ഗാമികളാക്കിക്കൊണ്ട് അത് നിങ്ങള്‍ക്ക് ഏല്‍പിച്ചുതരികയായിരുന്നു. ഇനി അത് നിങ്ങളുടെയും കൈവശത്തിലല്ലാതാവുകയും അല്ലാഹു മറ്റു ചിലരെ അതിന്മേല്‍ നിങ്ങളുടെ അവകാശികളാക്കിക്കൊണ്ടുവരികയും ചെയ്യും. നിങ്ങളുടെ കൈവശത്തിലും കൈകാര്യത്തിലുമായിട്ടുള്ള ഈ താല്‍ക്കാലികാവകാശത്തിന്റെ അല്‍പകാലത്ത് നിങ്ങളത് അല്ലാഹുവിന്റെ കാര്യത്തിനുവേണ്ടി ചെലവഴിക്കുക. എങ്കില്‍ പരലോകത്ത് നിങ്ങള്‍ക്കതിന് സ്ഥിരവും ശാശ്വതവുമായ പ്രതിഫലം ലഭിക്കും. ഇതേ ആശയം നബി(സ) ഒരു ഹദീസിലൂടെ അരുളിയിട്ടുണ്ട്. തിര്‍മിദി ഉദ്ധരിക്കുന്നു: ഒരിക്കല്‍ തിരുമേനിയുടെ സന്നിധിയില്‍ ഒരു ആടിനെ അറുത്ത് മാംസം വിതരണം ചെയ്യപ്പെട്ടു. തിരുമേനി(സ) വീട്ടിലെത്തിയപ്പോള്‍ അന്വേഷിച്ചു: 'ആടിന്റെ മാംസത്തില്‍ എന്തുണ്ട് ബാക്കി?' ആഇശ ബോധിപ്പിച്ചു: 'അതിന്റെ ചുമലല്ലാതെ ഒന്നും ശേഷിച്ചിട്ടില്ല.' തിരുമേനി പറഞ്ഞു: 'അതിന്റെ ചുമലല്ലാത്തതെല്ലാം അവശേഷിച്ചിരിക്കുന്നു.' അതായത്, ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുന്നതെന്തോ അതു മാത്രമാണ് വാസ്തവത്തില്‍ അവശേഷിക്കുന്നത്. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. ഒരാള്‍ ചോദിച്ചു: 'തിരുദൂതരേ, ഏതു ദാനമാണ് ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ളത്?' തിരുമേനി പറഞ്ഞു: 'നീ ആരോഗ്യവാനും ദാരിദ്ര്യത്തെ ഭയന്ന് സമ്പത്ത് സൂക്ഷിക്കുന്നവനും അത് ഏതെങ്കിലും ഏര്‍പ്പാടില്‍ മുടക്കി സമൃദ്ധി കാംക്ഷിക്കുന്നവനും ആയിരിക്കുമ്പോള്‍ ദാനം ചെയ്യുന്നത്. ജീവന്‍ തൊണ്ടക്കുഴിയിലെത്തുന്നതുവരെ കാത്തിരുന്ന ശേഷം ഇന്നത് ഇന്നവന്ന് കൊടുക്കുക, ഇന്നത് ഇന്നവന്ന് കൊടുക്കുക എന്നു പറഞ്ഞ് ദാനം ചെയ്യുന്നതല്ല. ആ സമയത്ത് അവന്റെ ധനം ആ ഇന്നവന്റേതായതുതന്നെയാണല്ലോ.' മറ്റൊരു ഹദീസില്‍ തിരുമേനി പ്രസ്താവിച്ചു:  മനുഷ്യപുത്രന്‍ എന്റെ ധനം, എന്റെ ധനം എന്നു ഘോഷിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ധനത്തില്‍ നീ തിന്നുമുടിച്ചതോ ഉടുത്തു പഴകിയതോ ദാനം ചെയ്തു മുന്നോട്ടയച്ചതോ അല്ലാതെ നിനക്ക് വല്ലതുമുണ്ടോ? അതല്ലാത്തതൊക്കെ നിന്റെ കൈയില്‍നിന്ന് പോയ്പ്പോകുന്നതും ആളുകള്‍ക്കുവേണ്ടി നീ ഉപേക്ഷിച്ചുപോകുന്നതുമാകുന്നു.'' 

അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും സമ്പത്തില്‍ അവന്റെ പ്രാതിനിധ്യം ഏല്‍പ്പിക്കപ്പെട്ടവനും എന്ന നിലക്ക് സാമ്പത്തിക ഇടപാടുകളില്‍ ദൈവാഭീഷ്ടം പരിഗണിക്കല്‍ അനിവാര്യമാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

 

1. വിശ്വസ്തതയും സത്യസന്ധതയും

കച്ചവടത്തില്‍ മാത്രമല്ല, ജീവിത വ്യവഹാരങ്ങളില്‍ പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട മൂല്യമാണ് വിശ്വസ്തതയും സത്യസന്ധയും. നബി (സ) പറഞ്ഞു: 'സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അന്ത്യനാളില്‍  നബിമാര്‍, സത്യവാന്മാര്‍, രക്തസാക്ഷികള്‍ എന്നിവരോടൊപ്പമായിരിക്കും.'  കച്ചവടത്തില്‍ നഷ്ടപ്പെട്ടുപോയ രണ്ട് മൂല്യങ്ങളാണ് വിശ്വസ്തതയും സത്യസന്ധതയും. ഉപഭോക്താവിനെ ഏതു നിലക്കും ചൂഷണം ചെയ്യുന്ന ഒന്നായി വ്യാപാര രംഗം മാറി. ഒരുതരം ചൂത് പോലെയായിത്തീര്‍ന്നിട്ടുണ്ട് ഈ മേഖല. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് ഉപഭോക്താവിന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത വിധം മാസ്മരികവും വര്‍ണാഭവുമായ ചൂഷണമായി വ്യാപാരത്തിലെ ഈ ചൂത്! ഇവിടെയാണ് ഈ രണ്ട് മൂല്യങ്ങളും പ്രസക്തമാകുന്നത്. ഇത് രണ്ടിലുമാണ് കച്ചവടം കെട്ടിപ്പടുക്കേണ്ടത്. ഇതിന്റെ അഭാവത്തിലാണ് വ്യാപാര മേഖലയില്‍  എല്ലാവരെയും ബാധിക്കുന്ന സകല തിന്മകളും നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന് ഇത്ര വലിയ പദവി ലഭിക്കുമെന്ന് പ്രവാചകന്‍ പ്രസ്താവിച്ചത്.

 

2. അളവും തൂക്കവും കൃത്യമാക്കല്‍

കച്ചവട സമ്പ്രദായം രൂപപ്പെട്ട കാലം മുതല്‍ ആ രംഗത്ത് ഉടലെടുത്ത വലിയ ചൂഷണമായിരുന്നു അളവുതൂക്കങ്ങളിലെ കൃത്രിമത്വം. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും കര്‍ക്കശമായ ഭാഷയിലാണ് ഈ കുറ്റകൃത്യത്തെ കൈകാര്യം ചെയ്തത്. മദ്‌യന്‍കാരിലേക്ക് നിയോഗിതനായ ശുഐബ് നബിയുടെ പ്രബോധന ദൗത്യം തന്നെ വ്യാപാര മേഖലയില്‍ സ്ഥാപിതമായ ഇത്തരം തിന്മകളെ ഇല്ലാതാക്കലായിരുന്നു. ''മദ്യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിവെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്'' (ഖുര്‍ആന്‍ 7:85,86).

എന്നാല്‍ മദ്‌യന്‍കാരുടെ നിലപാട് വളരെ വിചിത്രമായിരുന്നു. സമ്പത്തിന്റെ മേലുള്ള തങ്ങളുടെ അധികാര ഗര്‍വ് കൊണ്ടാണ് പ്രവാചകന്‍ ശുഐബിനെ അവര്‍ നേരിട്ടത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സമ്പത്തും കച്ചവട ഉരുപ്പടികളും വസ്തുവകകളും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുന്നതിന് എന്ത് തടസ്സം? സമ്പത്തിന് മേലുള്ള ഉള്ളവന്റെ അധികാരമാണ് അതിന്റെ ക്രയവിക്രയങ്ങളുടെ രീതിയും കീഴ്വഴക്കവും നിര്‍മിക്കേണ്ടതെന്ന വാദമാണ് അവര്‍ മുന്നോട്ടു വെച്ചത്. ''അവര്‍ പറഞ്ഞു: ശുഐബേ, നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചുപോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടംപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നീ വല്ലാത്തൊരു വിവേകശാലിയും സന്മാര്‍ഗിയും തന്നെ!'' (ഖുര്‍ആന്‍ 11:87).

അളവുതൂക്കങ്ങളിലെ കൃത്രിമത്വം വ്യക്തിപരമായ ആഘാതം മാത്രം ഉണ്ടാക്കുന്ന തിന്മയല്ല. സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങള്‍ അതിനുണ്ട്. നിഷിദ്ധമായ ധനം ഒരുവനിലേക്ക് വന്നു ചേരുക മാത്രമല്ല; ഒരുപാടുപേരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക കൂടി ചെയ്യുന്നു അത്. 'കള്ളത്താപ്പുകാര്‍ക്ക് നാശം! അവര്‍ ജനങ്ങളില്‍നിന്ന് അളന്നെടുക്കുമ്പോള്‍ തികവു വരുത്തും. ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും' (ഖുര്‍ആന്‍ 83:1 -3) എന്ന് ഖുര്‍ആന്‍ ഈ തിന്മയെ കുറിച്ച് പറയവെ വിശദീകരിച്ചു. ഓരോ ഉപഭോക്താവില്‍നിന്നും അല്‍പ്പാല്‍പ്പം വഞ്ചന നടത്തി ഒരുപാടു പേരില്‍നിന്ന് കൂമ്പാരക്കണക്കിന് സ്വത്ത് സമാഹരിച്ച് വലിയ കുറ്റവാളിയാവുകയാണ് കള്ളത്താപ്പുകാര്‍. സയ്യിദ് മൗദൂദി ഈ അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിക്കുന്നത് കാണുക: ''മൂലത്തില്‍ ഉപയോഗിച്ച  എന്ന പദം  എന്ന പദത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. ചെറുതും നിസ്സാരവുമായ വസ്തുവിനെക്കുറിച്ചാണ്  എന്നു പറയുക. അളവുതൂക്കങ്ങളില്‍ കളവും കമ്മിയും വരുത്തുന്നതിനെക്കുറിക്കുന്ന സാങ്കേതിക ശബ്ദമായും  എന്ന പദം ഉപയോഗിക്കുന്നു. കാരണം, അളവുതൂക്കങ്ങളില്‍ വെട്ടിക്കുന്നവര്‍ വലിയ അളവിലൊന്നും അതു ചെയ്യുകയില്ല. കൈ ശുദ്ധമാണെന്നു കാണിച്ച്, ഓരോ ഉപഭോക്താവിന്റെയും വിഹിതത്തില്‍നിന്ന് അല്‍പാല്‍പം വെട്ടിച്ചെടുക്കുകയാണയാള്‍ ചെയ്യുന്നത്. കച്ചവടക്കാരന്‍ തന്നെ എന്ത് എത്ര പറ്റിച്ചു എന്ന് പാവം ഉപഭോക്താവ് അറിയുകയില്ല. വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനെ രൂക്ഷമായി ആക്ഷേപിക്കുന്നു്. സത്യസന്ധമായി അളക്കുകയും തൂക്കുകയും ചെയ്യണമെന്ന് ശക്തിയായി താക്കീതു നല്‍കുകയും ചെയ്യുന്നു. അല്‍അന്‍ആം 152-ാം സൂക്തത്തില്‍ പറഞ്ഞു: 'നീതിപൂര്‍വം അളക്കുകയും തൂക്കുകയും ചെയ്യുക. നാം ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ ഭാരം ചുമത്തുന്നില്ല.' ബനൂ ഇസ്റാഈല്‍ 35-ാം സൂക്തത്തില്‍ പറയുന്നു: നിങ്ങള്‍ അളക്കുമ്പോള്‍ നിറച്ചളക്കണം; ശരിയായ ത്രാസുകളില്‍ തൂക്കണം. സൂറ അര്‍റഹ്മാന്‍ 8-9  സൂക്തങ്ങളില്‍ താക്കീതു ചെയ്യുന്നു: 'തൂക്കത്തില്‍ അതിക്രമം കാണിക്കരുത്. നീതിപൂര്‍വം തൂക്കിക്കൊടുക്കുക. ത്രാസുകളില്‍ വെട്ടിപ്പു നടത്തരുത്.' ശുഐബി(അ)ന്റെ സമൂഹം ദൈവികശിക്ഷക്കിരയാവാന്‍ കാരണം അളവുതൂക്കങ്ങളില്‍ വഞ്ചന നടത്തുക എന്ന അധര്‍മം അവരില്‍ വ്യാപകമായി നടമാടിയതായിരുന്നു. ശുഐബ് (അ) ആവര്‍ത്തിച്ചുപദേശിച്ചിട്ടും അവര്‍ ഈ അധര്‍മത്തില്‍നിന്ന് വിരമിക്കാന്‍ കൂട്ടാക്കിയില്ല'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).

അളവുതൂക്കങ്ങളില്‍ തട്ടിപ്പ് കാണിക്കുന്നവര്‍ പരലോകനിഷേധികളാണ്. ദൈവവിചാരണയെ ഭയപ്പെടുന്നവര്‍ക്ക് ഇത്തരം ഹീനവൃത്തികളില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. 'ഒരു മഹാദിനത്തില്‍ തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന് ഈ ജനം മനസ്സിലാക്കുന്നില്ലയോ? അന്നാളില്‍ മനുഷ്യരൊക്കെയും ലോകനാഥന്റെ സന്നിധിയില്‍ വന്നു നില്‍ക്കേണ്ടിവരും' (ഖുര്‍ആന്‍ 83:4) എന്ന് കള്ളത്താപ്പുകാരോട് ഖുര്‍ആന്‍ ചോദിക്കുന്നത് അതിനാലാണ്. മാത്രവുമല്ല പ്രപഞ്ച വ്യവസ്ഥയെ അല്ലാഹു ചിട്ടപ്പെടുത്തിയ ക്രമത്തെ തകിടം മറിക്കുന്ന അക്രമവുമാണിത്. ''അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍. അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്'' (ഖുര്‍ആന്‍ 55:7-9).

 

3. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും

അവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ലഭ്യമാകാത്ത വിധം കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ മാര്‍ക്കറ്റില്‍ എത്തിക്കാതെ മറച്ചുവെക്കുകയും അമിത വിലയ്ക്ക് അത് വാങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന സാമ്പത്തിക കൊള്ളയാണല്ലോ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും. കൊള്ളലാഭവും എല്ലാത്തരം കൃത്രിമത്വങ്ങളും ഇസ്‌ലാമികദൃഷ്ട്യാ നിയമവിരുദ്ധമാണ്. ചെറുകിടക്കാരായ കച്ചവടക്കാരല്ല ഈ തിന്മ ചെയ്യുന്നത്. സമ്പദ്‌രംഗത്തും വ്യാപാര മേഖലയിലും ആഗോളതലത്തില്‍തന്നെ പിടിമുറുക്കിയ കോര്‍പറേറ്റുകളും വന്‍കിട കുത്തക ഭീമന്മാരും ആണ് പരോക്ഷമായ പൂഴ്ത്തിവെപ്പ് നടത്തി ചെറുകിടക്കാരെ ദ്രോഹിക്കുകയും ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്നത്. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവല്‍ക്കരണവും വന്‍മൂലധന നിക്ഷേപവും വ്യാപാര മേഖലയില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലൂടെ വളര്‍ന്നു വന്ന പ്രവണതയാണ്. സമ്പത്തിന്റെയും അതിന്റെ ഉല്‍പാദനോപാധികളുടെയും കേന്ദ്രീകരണത്തിലൂടെ പ്രത്യക്ഷ പൂഴ്ത്തിവെപ്പിന്റെ ഫലം തന്നെയാണ് സമൂഹത്തില്‍ ഇതുളവാക്കിയത്. രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ഇത് കാരണമായി. സാമൂഹികനീതിക്കും സാമ്പത്തിക സദാചാരത്തിനും വിരുദ്ധമായതാണ് വ്യാപാരത്തിലെ കുത്തകവല്‍ക്കരണം.

 

4. വഞ്ചന പാടില്ല

കച്ചവടത്തില്‍ കടന്നുവരുന്ന വലിയ തിന്മയാണ്  വഞ്ചന. പരോക്ഷമായിട്ടാണ് ഇത് നടക്കുക. വ്യാപാരികള്‍ അറിഞ്ഞ് നടത്തുന്നതും അല്ലാത്തതുമായ രണ്ടു തരം വഞ്ചനകളുണ്ട്. ചീപ്പ് ക്വാളിറ്റിയുള്ളത് ഉയര്‍ന്ന ക്വാളിറ്റിയുള്ളതായി പരിചയപ്പെടുത്തുക, പഴക്കം മറച്ചുവെക്കുക, മായം കലര്‍ത്തുക എന്നിവയാണ് പ്രത്യക്ഷ വഞ്ചന. ഇസ്‌ലാം ഇത് വിലക്കുന്നു, വലിയ കുറ്റകൃത്യമായി ഗണിക്കുന്നു. മദീനയിലെ പ്രവാചകന്റെ മാര്‍ക്കറ്റില്‍ നടന്ന സംഭവം ഇപ്രകാരം ഹദീസുകളില്‍ വന്നിട്ടുണ്ട്: ഒരു ദിവസം നബി അങ്ങാടിയിലേക്ക് വന്നു. കൂട്ടിയിട്ട ധാന്യം വില്‍ക്കുന്ന ഒരു വ്യാപാരിയെ അദ്ദേഹം കണ്ടു. നബി ആ ധാന്യക്കൂമ്പാരത്തിലേക്ക് തന്റെ   കൈ കടത്തി.  വിരലുകളില്‍ നനവ് അനുഭവപ്പെട്ടപ്പോള്‍ നബി ചോദിച്ചു: 'എന്താണിത്?' അദ്ദേഹം പറഞ്ഞു: 'ഇന്നലെ മഴ പെയ്തിരുന്നു പ്രവാചകരേ.' 'താങ്കള്‍ക്കത് ജനങ്ങള്‍ കാണെ വെക്കാമായിരുന്നില്ലേ? ഇത് വഞ്ചനയാണ്. വഞ്ചകര്‍ നമ്മില്‍പെട്ടവരല്ല.'

താന്‍ വില്‍ക്കുന്ന ഉല്‍പന്നത്തെ കുറിച്ച് വ്യാജ അവകാശവാദം ഉന്നയിക്കുന്നതും വഞ്ചനയാണ്. അബൂദര്‍റ് (റ) നിവേദനം ചെയ്യുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ' മൂന്ന് വിഭാഗത്തോട് അന്ത്യനാളില്‍ അല്ലാഹു സംസാരിക്കുകയില്ല. അവരെ നോക്കുകയുമില്ല. അവരെ സംസ്‌കരിക്കുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. ഒന്ന്, അഹങ്കരിച്ച് വസ്ത്രം വലിച്ചിഴക്കുന്നവര്‍. രണ്ട്, കള്ളം പറഞ്ഞ് ചരക്കുകള്‍ വില്‍ക്കുന്നവര്‍. മൂന്ന്, ഔദാര്യങ്ങള്‍ എടുത്തു പറയുന്നവര്‍.' അബൂദര്‍റ് പറഞ്ഞു: 'അവര്‍ തുലഞ്ഞതു തന്നെ, അതേ അവര്‍ തുലഞ്ഞതു തന്നെ- നബി(സ) ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു.'

ആധുനിക കമ്പോള വ്യവസ്ഥയില്‍ വ്യാജ ബ്രാന്റുകളും ഡ്യൂപ്ലിക്കേറ്റുകളും സര്‍വസാധാരണമാണ്. ഒറിജിനലിനെ വെല്ലുന്നതാണ് അവയില്‍ മിക്കതും. ഉപഭോക്താവും ഒറിജിനല്‍ ബ്രാന്റുടമകളും ഒരുപോലെ വഞ്ചിക്കപ്പെടുന്നു. മാത്രമല്ല, ഒറിജിനല്‍ ബ്രാന്റുടമക്ക് വലിയ നഷ്ടവും സംഭവിക്കുന്നു. വ്യാജ ഉല്‍പന്നങ്ങളുടെ തകരാറുകള്‍ അയാളുടെ ബ്രാന്റിന്റെ ഇമേജിനെ തകര്‍ക്കുക കൂടി ചെയ്യും. ഇസ്ലാം മുന്നോട്ടു വെക്കുന്ന നൈതികത ഒരു നിലക്കും ഇതിനെ അംഗീകരിക്കുകയില്ല. ആരോഗ്യകരമായ സമ്പദ്‌രംഗത്തിന് ഇതേല്‍പ്പിക്കുന്ന പരിക്ക് വളരെ വലുതുമായിരിക്കും.

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍