മൗലാനാ വാദിഹ് റശീദ് നദ്‌വി പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ മതപണ്ഡിതന്‍
ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ പൊതുവെ ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാര്‍ എന്നാണറിയപ്പെടുന്നത്. അതിനാല്‍ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്ത് എന്ന ഒരു വ്യവഹാരം തന്നെ സാഹിത്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയായതാണ് അതിനു കാരണം. ഇംഗ്ലീഷിനെ പോലെ അറബിയും ഒരാഗോള ഭാഷയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരായ പലരും പണ്ടുകാലം മുതല്‍തന്നെ അറബി ഭാഷയില്‍ ഈടുറ്റ രചനകള്‍ നടത്തിയിരുന്നു. ഷാ വലിയുല്ലാഹിദ്ദഹ്‌ലവി, നവാബ് സിദ്ദീഖ് ഹസന്‍ ഖാന്‍, കേരളീയനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വരെയുള്ളവര്‍ ലോകപ്രശസ്തരായ അത്തരം എഴുത്തുകാരില്‍ ചിലരാണ്. ഇന്തോ-അറബ് എഴുത്തുകാര്‍ എന്ന് അവരെ വിളിക്കാമെങ്കില്‍ ആധുനിക കാലത്ത് ആ ശാഖക്ക് എറ്റവും കൂടുതല്‍ സംഭാവന ചെയ്തത് നിസ്സംശയം ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമയാണ്. അലിമിയാന്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മസ്ഊദ് ആലം നദ്‌വി തുടങ്ങിയവര്‍ അറബികളെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍ അറബി ഭാഷയില്‍ രചന നടത്തി ലോകതലത്തില്‍ ശ്രദ്ധേയരായ ഇന്തോ-അറബ് എഴുത്തുകാരാണ്. ആ കണ്ണിയില്‍പെട്ട എഴുത്തുകാരനാണ് ഇക്കഴിഞ്ഞ ജനുവരി പതിനാറിന് മരണപ്പെട്ട മൗലാനാ മുഹമ്മദ് വാദിഹ് റശീദ് ഹസനി നദ്‌വി. അദ്ദേഹം എഴുത്തുകാരന്‍ മാത്രമല്ല, പത്രപ്രവര്‍ത്തകനാണ്, സാഹിത്യകാരനാണ്, മതപണ്ഡിതനാണ്, സര്‍വോപരി അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന മികച്ച ഒരു അധ്യാപകനാണ്. ലോകത്തുടനീളം ആയിരക്കണക്കിന് ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്. ഈ കുറിപ്പുകാരനും അവരിലൊരാളാണ്.
1935-ല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് മൗലാനയുടെ ജനനം. മൗലാനാ അലിമിയാന്റെ സഹോദരി അമത്തുല്ലാ തസ്‌നീമിന്റെ അഞ്ച് ആണ്‍മക്കളില്‍ അഞ്ചാമനാണ് മുഹമ്മദ് വാദിഹ് റശീദ് നദ്‌വി. ഇപ്പോള്‍ നദ്‌വത്തുല്‍ ഉലമയുടെ സാരഥിയും അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റുമായ മൗലാനാ മുഹമ്മദ് റാബിഅ് ഹസനി നദ്‌വി തൊട്ടു മുകളിലുള്ള സഹോദരനാണ്. അഞ്ച് മക്കളും അറിയപ്പെട്ട മതപണ്ഡിരായതുകൊണ്ട് ഇവരുടെ ഉമ്മ അമത്തുല്ല തസ്‌നീം 'ഉമ്മുല്‍ ഉലമാഅ്' എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. മദ്‌റസാ ഇലാഹിയ്യയില്‍നിന്നുള്ള പ്രാഥമിക പഠനത്തിനു ശേഷം നദ്‌വത്തുല്‍ ഉലമയിലായിരുന്നു വാദിഹ് റശീദ് നദ്‌വിയുടെ ബിരുദ-ബിരുദാനന്തര പഠനം. അറബി ഭാഷയും സാഹിത്യവുമായിരുന്നു ഇഷ്ട വിഷയം. അറബി ഭാഷയോടൊപ്പം ഇംഗ്ലീഷിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു. പഠനാനന്തരം രണ്ടു പതിറ്റാണ്ട് കാലം ആള്‍ ഇന്ത്യാ റേഡിയോ ന്യൂദല്‍ഹി നിലയത്തില്‍ പരിഭാഷകനായി ജോലിചെയ്തു. അവിടെ കേരളക്കാരനായ മുഹ്‌യിദ്ദീന്‍ ആലുവായ് കുറച്ചു കാലം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു. 1973-ല്‍ റേഡിയോവിലെ ജോലി ഉപേക്ഷിച്ച് നദ്‌വത്തുല്‍ ഉലമയിലെ കുല്ലിയ്യത്തുല്ലുഗ വല്‍ അദബിലെ അധ്യാപകനായി. മരിക്കുമ്പോള്‍ അതിന്റെ പ്രിന്‍സിപ്പലും നദ്‌വത്തുല്‍ ഉലമയുടെ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറുമായിരുന്നു.
പത്രപ്രവര്‍ത്തനമായിരുന്നു മൗലാനയുടെ പ്രധാന തട്ടകം. നദ്‌വത്തുല്‍ ഉലമയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി മാസികയായ അല്‍ ബഹ്‌സുല്‍ ഇസ്‌ലാമി, ദൈ്വവാരികയായ അര്‍റാഇദ് തുടങ്ങിയവ ഒരു കലാലയം അതിന്റെ പബ്ലിക്ക് റിലേഷന്റെ ഭാഗമായി പുറത്തിറക്കുന്ന കേവല പ്രസിദ്ധീകരണങ്ങളല്ല. വൈജ്ഞാനിക തികവുള്ള ആനുകാലികങ്ങള്‍ എന്ന നിലയില്‍ അവ അറബ് ലോകത്തുടനീളം ഖ്യാതി നേടിയിരുന്നു. അത് രണ്ടിന്റെയും നെടുംതൂണുകളില്‍ ഒരാളായിരുന്നു വാദിഹ് റശീദ് നദ്‌വി; അര്‍റാഇദിന്റെ മുഖ്യ പത്രാധിപരായും അല്‍ ബഹ്‌സുല്‍ ഇസ്‌ലാമിയില്‍ സഈദുല്‍ അഅ്‌ളമിയുടെ സഹായിയായും.
മുസ്ലിം ലോകത്തെ ഇസ്‌ലാമിക ചലനങ്ങളും പാശ്ചാത്യ മീഡിയയുടെ ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ അജണ്ടകളുമായിരുന്നു അദ്ദേഹം പതിവായി കൈകാര്യം ചെയ്തിരുന്ന വിഷയങ്ങള്‍. ഇസ്‌ലാമോഫോബിയ ഇത്ര വ്യാപകമല്ലാത്ത തൊണ്ണൂറുകളുടെ ആദ്യത്തില്‍ തന്നെ ഇന്റിപെന്റന്‍സ്, എക്കണോമിസ്റ്റ് തുടങ്ങിയ പാശ്ചാത്യ പ്രസിദ്ധീകരണങ്ങളുടെ ഇസ്‌ലാംവിരുദ്ധ കവര്‍ സ്റ്റോറികളെയും കാര്‍ട്ടൂണുകളെയും അദ്ദേഹം അര്‍റാഇദിലെ തന്റെ കോളത്തിലൂടെ നിശിതമായി വിശകലനം ചെയ്തിരുന്നു. അത്തരം ചില ലേഖനങ്ങള്‍ അക്കാലത്ത്, ഈ കുറിപ്പുകാരന്‍ പരിഭാഷപ്പെടുത്തിയത് പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും ഓര്‍ക്കുകയാണ്. നദ്‌വാ ചിന്താധാരയോടൊപ്പമായിരുന്നു വാദിഹ് റശീദ് നദ്‌വിയും സഞ്ചരിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ചിന്താലോകം അതിനപ്പുറത്തേക്കും വികസിച്ചിരുന്നു എന്നാണ് ലോകതലത്തിലുള്ള ഇസ്‌ലാമിക ചലനങ്ങളെ കുറിച്ച ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ഈ കുറിപ്പുകാരന് തോന്നിയിട്ടുള്ളത്. ഇഖ്‌വാനടക്കമുള്ള മുസ്‌ലിം ലോകത്തെ എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും കലവറ കൂടാതെ അദ്ദേഹത്തിന്റെ എഴുത്തുകള്‍ പിന്തുണച്ചിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന മുസ്‌ലിം ലോകത്തെ ഏകാധിപതികളെ മുഖം നേക്കാതെ വിമര്‍ശിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ കൃതികളധികവും അറബ് സാഹിത്യവുമായി ബന്ധപ്പെട്ടതാണ്. അവ കൂടുതലും ക്ലാസുറൂമില്‍ അധ്യാപനത്തിന്റെ ഭാഗമായി രൂപം കൊള്ളുകയും പീന്നീട് പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്താണ്. അറബി സാഹിത്യം പഠിപ്പിക്കാന്‍ പുറത്തുനിന്നുള്ള പുസ്തകങ്ങളെ വല്ലാതെ ആശ്രയിക്കാതെ നദ്‌വികള്‍ തന്നെ തയാറാക്കിയ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്നത് ഇന്ത്യയില്‍ നദ്‌വയുടെ മാത്രം പ്രത്യേകതയാണ്. അദ്ദേഹവും സഹോദരന്‍ റാബിഅ് നദ്‌വിയും ചേര്‍ന്ന് തയാറാക്കിയ 'അറബി സാഹിത്യം: ആവിഷ്‌കാരവും നിരൂപണവും' എന്ന പുസ്തകമാണ് ആലമിയത്ത് ക്ലാസില്‍ ഞങ്ങള്‍ പഠിച്ചിരുന്നത്. നേരത്തേ ശാന്തപുരത്തു നിന്ന പഠിച്ചിരുന്ന അഹ്മദ് ഹുസൈന്‍ സയ്യാത്തിന്റെ താരീഖുല്‍ അദബുല്‍ അറബിയേക്കാള്‍ ലളിതമായും നിരൂപണാത്മകമായും അറബ് സാഹിത്യം പഠിക്കാന്‍ പറ്റുന്ന ഗ്രന്ഥമായിരുന്നു അത്. പൂര്‍വികരും ആധുനികരുമായ പല അറബി സാഹിത്യപ്രതിഭകളെ കുറിച്ചും സ്വതന്ത്രമായ പഠനങ്ങളും വാദിഹ് റശീദ് നദ്‌വിയുടേതായിട്ടുണ്ട്.
അറബ് സാഹിത്യം ഇത്ര ആഴത്തിലും പരപ്പിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ദീര്‍ഘമായ പാരമ്പര്യം നദ്‌വത്തുല്‍ ഉലമക്കുണ്ടായിട്ടും വാദിഹ് റശീദ് നദ്‌വി അടക്കമുള്ള നദ്‌വികളുടെ സാഹിത്യ പ്രവര്‍ത്തനം മതം, ചരിത്രം എന്നിവക്കപ്പുറം സര്‍ഗാതമകതയുടെ മണ്ഡലത്തിലേക്ക് പോകാതിരുന്നത് എന്തുകൊണ്ട് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മതകലാലയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഇടുങ്ങിയ മതബോധം തന്നെയല്ലേ ഇവിടെ പ്രതിസ്ഥാനത്ത്? അല്ലാതെ ഇംറുല്‍ ഖൈസിനെയും ലബീദിനെയും മുത്തനബ്ബിയെയും അബൂതമാമിനെയും മുതല്‍ ശൗഖിയെയും ജിബ്രാനെയും വരെ ആഴത്തില്‍ പഠിക്കുകയും ആസ്വാദന പഠനങ്ങള്‍ തയാറാക്കുകയും ചെയ്യുന്ന നദ്‌വത്തുല്‍ ഉലമയില്‍നിന്നു പോലും പേരിനെങ്കിലും നോവല്‍, കഥ, കവിത തുടങ്ങിയ ഒരു സര്‍ഗസൃഷ്ടിയെങ്കിലും പുറത്തുവരാതിരിക്കാന്‍ വേറെ കാരണമൊന്നും കാണുന്നില്ല.
വ്യക്തിപരമായി പറഞ്ഞാല്‍, അറബി സാഹിത്യ പഠനം എത്ര മനോഹരമാണെന്ന് ബോധ്യപ്പെടുത്തുകയും അറബി വായന പാഠപുസ്തകങ്ങളില്‍നിന്ന് വെളിയിലേക്ക് കൊണ്ടുപോകാന്‍ പ്രചോദനമേകുകയും ചെയ്ത അധ്യാപകനാണ് വാദിഹ് റശീദ് നദ്‌വി. നദ്‌വയില്‍ പഠിക്കുമ്പോള്‍ അലിമിയാന്റെ പുസ്തകങ്ങളും ലോക രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്ന വാദിഹ് റശീദ് നദ്‌വിയുടെയും സഈദുല്‍ അഅഌമിയുടെയും കോളങ്ങളുമാണ് അറബി വായന അനായാസമാക്കിയത്. അവസാനവര്‍ഷത്തെ റിസര്‍ച്ച് ഗൈഡെന്ന നിലയില്‍ അദ്ദേഹം പ്രബന്ധ രചനക്ക് നിര്‍ദേശിച്ച വിഷയവും ഈ കുറിപ്പുകാരനെ സംബന്ധിച്ചേടത്തോളം വായനയുടെ ദിശമാറ്റിയ ഒന്നായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല. ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധന ചരിത്രമായിരുന്നു എനിക്ക് നിര്‍ദേശിച്ചുതന്ന വിഷയം. ഇന്ത്യക്കു പോയിട്ട് കേരളത്തിന് പോലും ഒരു ഇസ്‌ലാമിക പ്രബോധനചരിത്രം ഉണ്ടെന്ന ബോധം നല്‍കാത്ത, ഇസ്‌ലാമിക ചരിത്രമെന്നാല്‍ നബി(സ)യില്‍ തുടങ്ങി ഖിലാഫത്തുര്‍റാശിദയില്‍ അവസാനിച്ചുപോവുകയും, പിന്നീട് ഖിലാഫത്തിന്റെ പതനത്തോടെ ആവിര്‍ഭവിച്ച ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനചരിത്രത്തില്‍ പുനരുജ്ജീവനം നടത്തുകയും ചെയ്യുന്ന ചരിത്രബോധമാണ് എങ്ങനെയോ മനസ്സിലുറച്ചിരുന്നത്. സ്വന്തം മണ്ണിനെ കുറിച്ച് ആലോചിക്കാന്‍ പ്രേരണ നല്‍കുകയാണ് ഇതിലൂടെ മൗലാനാ വാദിഹ് നദ്‌വി ചെയ്തത്. ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് ഗൗരവമായി വായിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അതിനാല്‍ ഈയിടെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും' എന്ന എന്റെ പുസ്തകത്തില്‍ അതിന് മൗലാനയോടുളള കടപ്പാട് ആമുഖത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
പണ്ഡിതന്റെയോ ചിന്തകന്റെയോ ജാഡകളൊന്നുമില്ലാതെ, സൗമ്യതയും മിതഭാഷണവും അടിസ്ഥാന ഭാവമായി ഉള്‍ക്കൊ് ജീവിച്ചു മൗലാന. അലിമിയാന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും പിന്നീട് ജ്യേഷ്ഠന്‍ റാബിഅ് നദ്‌വിയുടെയും ഒരു നിഴലായി മാത്രമേ എപ്പോഴും ആ വലിയ പണ്ഡിത വര്യനെ ആരും കണ്ടിട്ടുണ്ടാകൂ. പ്രിന്‍സിപ്പല്‍, പത്രാധിപര്‍, എജുക്കേഷന്‍ ഡയറക്ടര്‍ എന്നതിനു പുറമെ ഇസ്‌ലാമിക സാഹിത്യകാരന്മാരുടെ ആഗോള വേദിയായ റാബിത്വതുല്‍ അദബില്‍ ഇസ്‌ലാമിയുടെ ഏഷ്യന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, നദ്‌വത്തുല്‍ ഉലമ പ്രസിദ്ധീകരണ വിഭാഗമായ 'മജ്‌ലിസ് തഹ്ഖീഖാത് വൊ നസ്‌രിയാത്തി'ന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
Comments