Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

വി.എം മൂസ മൗലവി ഐക്യത്തിന്റെ പ്രയോഗ മാതൃക

വി.എം ഇബ്‌റാഹീം കുട്ടി വടുതല

കേരള മുസ്‌ലിം നേതൃത്വത്തില്‍ നിലപാടുകളുടെ പ്രയോഗവല്‍ക്കരണം കൊണ്ട് ഉയര്‍ന്നുനിന്ന ഒരു പണ്ഡിത പ്രതിഭ കൂടി അല്ലാഹുവിലേക്ക് യാത്രയായി; ഉസ്താദ് വി.എ മൂസ മൗലവി, വടുതല. അറിവും വിനയവും വിശാലവീക്ഷണവും സ്‌നേഹമസൃണമായ പെരുമാറ്റവും മികച്ച അധ്യാപനവും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സംഘാടന ശേഷിയുമൊക്കെ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. വെളുത്ത വസ്ത്രം, തലപ്പാവ്, പച്ച ഷാള്‍ ഇതായിരുന്നു വേഷം. സദാ പുഞ്ചിരിക്കുന്ന മുഖഭാവം, കുലീനമായ പെരുമാറ്റം, ആതിഥ്യ മര്യാദ - ഇതായിരുന്നു വ്യക്തിത്വം. വടുതലയിലെ തന്റെ വിദ്യാഭ്യാസ സ്ഥാപനമായ അബ്‌റാറിലെ കുട്ടികള്‍ അദ്ദേഹത്തെ 'ശൈഖുനാ' എന്നാണ് വിളിച്ചിരുന്നത്. പദവികൊണ്ട് മാത്രമായിരുന്നില്ല, സ്വഭാവ വിശേഷണങ്ങള്‍ കൊണ്ടും അദ്ദേഹം ശൈഖുനയായിരുന്നു. വിദ്യാര്‍ഥികളുടെ മാത്രമല്ല, വടുതലയുടെ മൊത്തം ശൈഖുനാ! മഹല്ലില്‍ മുസ്‌ലിം ഐക്യത്തിന് വേണ്ടി വാദിക്കുക മാത്രമല്ല അത് പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്തു അദ്ദേഹം. എല്ലാ വിഭാഗക്കാര്‍ക്കും അംഗത്വമുള്ള മഹല്ല് കമ്മിറ്റി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള സംഘടനകളോടൊന്നും അദ്ദേഹം തൊട്ടുകൂടായ്മ കാണിച്ചിരുന്നില്ല. പരമ്പരാഗതമായി നാട്ടില്‍ നടന്നുവരുന്ന പല അനാചാരങ്ങളോടും അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. പണ്ഡിതന്മാരും മതസംഘടനകളും വിശാലതയിലേക്ക് വളരണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി നിലകൊണ്ടു. പ്രബോധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ നിലപാടുകള്‍ അദ്ദേഹം വിശദീകരിച്ചിരുന്നു (ലക്കം: 3027).

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം, സംഘടനയെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. തിരക്കുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ ധൃതി അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമേ ആയിരുന്നില്ല. എത്ര തിരക്കിനിടയിലും കുടുംബ ബന്ധം ചേര്‍ക്കുന്നതിന് സമയം കത്തെി. എത്ര അകന്ന ബന്ധവും അദ്ദേഹത്തിന് പറയാനാവുമായിരുന്നു.

സ്വന്തം അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സംഘടനാ ഭേദമില്ലാതെ ആരുമായും നന്മയില്‍ സഹകരിച്ചു. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും അഭിരുചികളെയും മാനിച്ചു. സ്വന്തം മക്കളോടു പോലും തന്റെ വഴിയേ നടക്കണം എന്ന് നിര്‍ബന്ധിച്ചില്ല. കടന്നു ചെല്ലുന്നവരെയൊക്കെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുമായിരുന്നു. ജമാഅത്ത് നേതാക്കള്‍ ഉള്‍പ്പെടെ അദ്ദേഹത്തെ പലപ്പോഴും സന്ദര്‍ശിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനും ഫത്‌വകള്‍ക്കുമായി പലയിടങ്ങളില്‍നിന്നും ആളുകള്‍ അദ്ദേഹത്തെ സമീപിക്കാറുായിരുന്നു.

യമനീ പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വടുതല മൂസാ ഉസ്താദ്, ആറാട്ടുപുഴ കുട്ടി ഹസന്‍ മുസ്‌ലിയാര്‍, മലപ്പുറം തിരൂര്‍ ദര്‍സില്‍ അസ്ഹരി തങ്ങള്‍ തുടങ്ങിയവരാണ് മൗലവിയുടെ ഉസ്താദുമാര്‍. ദര്‍സ് പഠനത്തിനു ശേഷം വേലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനം നടത്തി. പിന്നീട് പലയിടങ്ങളില്‍ മുദര്‍രിസും ഇമാമുമായി.

1989-2000 കാലത്ത് ആലുവ ജാമിഅ ഹസനിയ്യയുടെ പ്രിന്‍സിപ്പലായിരുന്നു. കാഞ്ഞിരപ്പള്ളി, ആലുവ കുഞ്ഞുണ്ണിക്കര, കണ്ണൂര്‍ പാപ്പിനിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തുകയുണ്ടായി. ഇതുവഴി വലിയൊരു ശിഷ്യസമ്പത്ത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

വിശ്രമ ജീവിതത്തിന് നാട്ടില്‍ വന്നതിനു ശേഷം തുടക്കമിട്ടതാണ് അബ്‌റാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്. മരണം വരെ അതിന്റെ ചെയര്‍മാനായിരുന്നു. അതിന്റെ കീഴിലുള്ള ജാമിഅ റഹ്മാനിയ്യ അറബിക് കോളേജ് അദ്ദേഹത്തിന്റെ വാര്‍ധക്യത്തെ ഊര്‍ജസ്വലമാക്കി. കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം ആശുപത്രിയില്‍ പോകുന്നതിന്റെ തലേ ദിവസവും കുട്ടികള്‍ക്ക് ക്ലാസെടുത്തു. അന്നു രാവിലെ വീട്ടില്‍ വന്ന കുട്ടികള്‍ക്ക് കിത്താബ് പറഞ്ഞുകൊടുത്ത ശേഷമാണ് ഹോസ്പിറ്റലില്‍ പോയത്. അവസാനം വരെ വൈജ്ഞാനിക രംഗത്ത് കര്‍മനിരതനായിരുന്ന മൗലവി, വിശ്രമിച്ചിട്ടില്ല. വിശ്രമ ജീവിതത്തിനു തണലാകാന്‍ സ്ഥാപിച്ച സ്ഥാപനത്തിന് ചാരെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

ഭാര്യമാര്‍: പെരുമ്പാവൂര്‍ പട്ടിമറ്റം പ്ലാപ്പള്ളി കുടുംബാംഗം സുബൈദ, പരേതരായ വടുതല ചെഞ്ചേരില്‍ സൈനബ (കുച്ച), ചന്തിരൂര്‍ നടുവിലത്തറ ഫാത്തിമ. മക്കള്‍: ആഇശ, ഡി.എം മുഹമ്മദ് മൗലവി (മാനേജര്‍ അബ്‌റാര്‍), ശിഹാബുദ്ദീന്‍ (ബിസിനസ്), അനസ് (ബിസിനസ്), തഖ്‌യുദ്ദീന്‍ മൗലവി (മുദര്‍രിസ് അബ്‌റാര്‍), മുബാറക് (ബിസിനസ്), ഹസീന, പരേതയായ സൈനബ. മരുമക്കള്‍: അബ്ദുര്‍റശീദ്, ഹാശിം, റുശ്ദ ബിന്‍ത് ഈസ മമ്പഈ, നജീബ, ജസ്‌ന, ബുശ്‌റ, റജീന, പരേതനായ മുഹമ്മദ് മൗലവി. സഹോദരങ്ങള്‍: വി.എം അബ്ദുല്ല മൗലവി, അലിയാര്‍, ഇസ്മാഈല്‍ മൗലവി, പരേതരായ ഇബ്‌റാഹീം, അബ്ദുര്‍റഹ്മാന്‍, മുഹമ്മദ്, സൈദ് മുഹമ്മദ്.

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍