Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

വ്യാപാര പങ്കാളിത്തത്തിന്റെ നേര്‍രീതികള്‍

എം.വി മുഹമ്മദ് സലീം

നാഗരിക സമൂഹങ്ങളില്‍ ധന വിനിമയത്തിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ല. ധനം സമ്പാദിക്കാനും വിനിമയം ചെയ്യാനുമുള്ള സൗകര്യമനുസരിച്ചാണ് നാം സമൂഹങ്ങളെ സാമ്പത്തികമായി വിലയിരുത്താറുള്ളത്. നമ്മുടെ രാജ്യത്ത് കാര്‍ഷികവൃത്തി, വ്യവസായം, വ്യാപാരം എന്നീ മൂന്ന് സ്രോതസ്സുകളെയാണ് ധനസമ്പാദനത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. അധ്വാനമെന്ന  അതിപ്രധാന ഘടകം ഇതോടൊപ്പം ചേര്‍ത്തു പറയണം. ഇതില്‍ കാര്‍ഷിക വൃത്തി രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളുടെയും ധനാഗമന മാര്‍ഗമാണ്. എങ്കിലും അത് വിജയകരമായി മുന്നോട്ടു പോകാന്‍ മറ്റു രണ്ട് സ്രോതസ്സുകളും ചേര്‍ന്ന് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രാദേശിക ഉപഭോഗം മാത്രം  മുന്നില്‍ കണ്ട് വന്‍തോതില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിളയിക്കാന്‍ കഴിയില്ല. എന്നാല്‍ വ്യവസായവുമായും   വ്യാപാരവുമായും ബന്ധപ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക്   ഉല്‍പാദനം എത്രയും വര്‍ധിപ്പിക്കാം. ദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റിയയക്കാനുള്ള സൗകര്യം ഉണ്ടാകുമ്പോഴാണ് കാര്‍ഷികവൃത്തി ഏറ്റവും നല്ല ധനാഗമന സ്രോതസ്സായി മാറുക. കാര്‍ഷികോല്‍പന്നങ്ങളെ വ്യത്യസ്ത ഉപഭോഗ വസ്തുക്കളാക്കി പുനര്‍നിര്‍മിക്കുമ്പോള്‍ അവയുടെ ഗുണവും വിലയും വര്‍ധിക്കുന്നു. ദീര്‍ഘകാലം സൂക്ഷിക്കാന്‍  പറ്റുന്നു. വിപണനത്തിനും കയറ്റുമതിക്കും കൂടുതല്‍ സമയവും സൗകര്യവുമുള്ളതിനാല്‍ നല്ല വിലയ്ക്ക് വില്‍ക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുന്നു. എന്നാല്‍ ധനാഗമ സ്രോതസ്സ് എന്ന നിലയില്‍ വ്യാപാരം കാര്‍ഷിക വൃത്തിയേക്കാളും വ്യവസായത്തേക്കാളും ഉയര്‍ന്നുനില്‍ക്കുന്നു. കൃഷിയിലും വ്യവസായത്തിലും ഇറക്കിയ മുതല്‍ തിരിച്ചു ലഭിക്കാന്‍ വ്യാപരത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലുമെന്നപോലെ സാമ്പത്തിക മേഖലയിലും ഇസ്‌ലാമിക നിയമങ്ങള്‍ അന്യൂനമാണ്. അവ  വിനിമയത്തിലെ നീതിയോടൊപ്പം സമ്പത്തിന്റെ വികാസവും സാമൂഹിക പുരോഗതിയും ഒരുപോലെ ലക്ഷ്യം വെക്കുന്നു.

ഇസ്‌ലാം വ്യാപാരത്തിന് വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. നബി(സ) അരുള്‍ചെയ്തു: ''വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ രക്തസാക്ഷികള്‍ക്കൊപ്പമായിരിക്കും.'' എത്ര ഉന്നതമായ സ്ഥാനമാണ്  വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭക്തന് നബി (സ) വാഗ്ദാനം ചെയ്തിരിക്കുന്നത്! വിശ്വസ്തതയും സത്യസന്ധതയും കൈവിടാതെ സൂക്ഷിക്കുക എന്ന നിബന്ധന മാത്രമേ ഇതിന് നിശ്ചയിച്ചിട്ടുള്ളൂ. തന്റെ സമുദായത്തിലെ വരുമാനത്തില്‍ തൊണ്ണൂറ് ശതമാനവും കച്ചവടം വഴിയാണ് എന്ന് നബി (സ) ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. വ്യാപാരം സാധുവും അസാധുവും ആകുന്ന രൂപങ്ങളെ കുറിച്ചും അവയുടെ വിവിധ വശങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ധാരാളം നബിവചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

സമൂഹത്തിന് വളരെ വിലപ്പെട്ട സേവനം ചെയ്യുന്നവരാണ് കച്ചവടക്കാര്‍. നമുക്കാവശ്യമുള്ള ഉപഭോഗവസ്തുക്കള്‍ നാം വ്യവസായശാലകളില്‍ ചെന്ന് വാങ്ങുകയാണെങ്കില്‍ എത്രയധികം പണവും സമയവും നാം ചെലവഴിക്കണം! എന്നാല്‍ അവ നമുക്ക് പെട്ടെന്ന് ലഭ്യമാകുന്ന വിധം തങ്ങളുടെ കച്ചവടസ്ഥാപനങ്ങളില്‍ പണംമുടക്കി സൂക്ഷിക്കുകയാണ് കച്ചവടക്കാര്‍. പലപ്പോഴും സാധനങ്ങള്‍ മാസങ്ങളോളം സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കും. ഇങ്ങനെ അധ്വാനവും പണവും ജനസേവന മാര്‍ഗത്തില്‍ ചെലവഴിക്കുന്നതുകൊണ്ടാണ് കച്ചവടക്കാര്‍ ഏറ്റവും വലിയ പുണ്യം ചെയ്യുന്നവരായിത്തീരുന്നത്.

അന്യരുടെ ധനം അന്യായമായി കൈക്കലാക്കാന്‍ കച്ചവടത്തെ ഉപയോഗിക്കുന്നത് എല്ലാ നിലയിലും ഇസ്‌ലാം തടഞ്ഞിട്ടുണ്ട്. കച്ചവടത്തില്‍ കളവ് പറയുന്നതും വാക്ക് ലംഘിക്കുന്നതും മായം ചേര്‍ക്കുന്നതും വില കണ്ടമാനം വര്‍ധിപ്പിക്കുന്നതും അതിനായി പൂഴ്ത്തിവെക്കുന്നതുമെല്ലാം ഇസ്ലാം നിരോധിക്കുന്നു. ഇത്തരം അധാര്‍മിക കൃത്യങ്ങളിലൂടെ ധനം സമ്പാദിക്കുന്ന കച്ചവടക്കാര്‍ മഹാപാപികളാണെന്ന് നബി (സ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. പുണ്യം സമ്പാദിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് കച്ചവടം. അത് പാപം സമ്പാദിക്കാനുള്ള വഴിയാകാനുള്ള സാധ്യതകളും ധാരാളം. അതില്‍നിന്ന് മോചിതരാകുന്നവര്‍ മാത്രമേ കച്ചവടത്തിലൂടെ അനുവദനീയമായി ധനം സമ്പാദിക്കുകയും പുണ്യം നേടുകയും ചെയ്യുന്നുള്ളൂ.

 

വ്യാപാര പങ്കാളിത്തം

കച്ചവടം വിജയകരമായി മുന്നോട്ടുപോകാന്‍ മൂലധനം, അധ്വാനം, വിപണനം എന്നീ മൂന്ന് ഘടകങ്ങള്‍ സമഞ്ജസമായി സമ്മേളിക്കണം. ഇതിലേതെങ്കിലുമൊന്ന് കുറഞ്ഞുപോവുകയാണെങ്കില്‍, സന്തുലിതത്വം നഷ്ടപ്പെടാനും കച്ചവടം ലാഭകരമല്ലാതാകാനും സാധ്യതയുണ്ട്. ആധുനിക സാമ്പത്തിക സങ്കീര്‍ണതകളെ തരണം ചെയ്യാന്‍ വ്യാപാരം വിപുലമായ തോതില്‍  നടത്തുക എന്നത് ഒരു പരിഹാരമാണ്. ഒന്നിലധികം പേര്‍ മുതല്‍മുടക്കി അധ്വാനിച്ച് വിപണനം നടത്തി മുന്നോട്ടു പോകുമ്പോള്‍ കച്ചവടത്തിന്റെ വിജയസാധ്യത വളരെയേറെ വര്‍ധിക്കും. കൂട്ടുകച്ചവടം എന്ന ഈ രീതി പണ്ടേ നടപ്പുണ്ടായിരുന്നു. നബി(സ) പ്രവാചകത്വ ദൗത്യം ലഭിക്കുന്നതിനു മുമ്പ് കൂട്ടുകച്ചവടത്തില്‍ പങ്കാളിയായി സ്വീകരിച്ചിരുന്ന ഒരാള്‍ ഇസ്ലാമിനു ശേഷം മക്കാവിജയകാലത്ത് തിരുമേനിയെ കണ്ടുമുട്ടുന്നതും, അദ്ദേഹത്തിന്റെ വിശ്വസ്തതയും സത്യസന്ധതയും തിരുമേനി പുകഴ്ത്തി പറയുന്നതും അനുചരന്മാര്‍ അനുസ്മരിക്കുന്നു്. കൂട്ടുകച്ചവടത്തിലെ പങ്കാളികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രവാചക വചനം ഇങ്ങനെ: അല്ലാഹു പറയുന്നതായി തിരുമേനി ഉദ്ധരിക്കുന്നു: 'കച്ചവടത്തിലെ രണ്ടു പങ്കാളികളില്‍ മൂന്നാമന്‍ ഞാനാണ്, അവര്‍ രണ്ടുപേരും പരസ്പരം വഞ്ചിക്കാത്തേടത്തോളം.' സത്യസന്ധത പാലിക്കുമ്പോള്‍ ഏറ്റവും അനുഗൃഹീതമാകുന്ന കൂറു കച്ചവടം പരസ്പരം വഞ്ചിക്കുമ്പോള്‍ ആത്മീയവും സാമ്പത്തികവുമായ വലിയ നഷ്ടം വരുത്തിവെക്കുന്നു എന്നാണ് ഈ വചനത്തിലൂടെ നബി(സ)  പഠിപ്പിക്കുന്നത്.

ദാവൂദി(അ)ന്റെ അടുക്കല്‍ രണ്ടു കക്ഷികള്‍ ചെന്ന് കൂറുകച്ചവടത്തിലെ അനീതിയെക്കുറിച്ച് ആവലാതിപ്പെട്ടു. അദ്ദേഹം ഒരു പൊതു തത്ത്വമായി 'കൂറുകച്ചവടക്കാരില്‍ പലരും അന്യോന്യം അതിക്രമം ചെയ്യുന്നുണ്ട്' എന്ന് പ്രസ്താവിച്ചത് പരിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു (സാദ്: 24).

കൂറുകച്ചവടത്തില്‍ പണ്ടുമുതലേ കൂട്ടുകാരില്‍ ചിലര്‍ ചിലരെ വഞ്ചിക്കുകയും അവരുടെ വിഹിതം അന്യായമായി പിടിച്ചടക്കുകയും ചെയ്തിരുന്നു എന്നതാണ് ഇതില്‍നിന്ന്  മനസ്സിലാകുന്നത്. നബി (സ) ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാമിനു മുമ്പ് തന്റെ കൂടെ കച്ചവടം ചെയ്തിരുന്ന കൂട്ടുകാരനെ വാഴ്ത്തിപ്പറഞ്ഞത്. കൂറുകച്ചവടം ഐഹികമായ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വഴിയൊരുക്കാനും ആത്മീയമായി ഉന്നതി പ്രാപിക്കാനും എങ്ങനെ സഹായകമാകുമെന്ന് ഇസ്‌ലാം വിശദമായി പഠിപ്പിക്കുന്നു. ആ ശിക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ നമുക്ക് പരിശോധിക്കാം.

 

കൂട്ടു കച്ചവടവും നിഷിദ്ധ ഇടപാടുകളും

ഉപഭോഗവസ്തുക്കളെ ഇസ്‌ലാം മ്ലേഛം, ഉത്തമം എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഉപയോഗിച്ചാല്‍ മനുഷ്യന്റെ ശരീരത്തെയും ബുദ്ധിയെയും ആരോഗ്യത്തെയും ഏതെങ്കിലും തരത്തില്‍ പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കളെല്ലാം മ്ലേഛമാണ്. മനുഷ്യന് ഒരുവിധ ദോഷവും വരുത്താത്ത വസ്തുക്കളാണ് ഉത്തമം അഥവാ നല്ല വസ്തുക്കള്‍. കച്ചവടത്തില്‍ മ്ലേഛ വസ്തുക്കള്‍ വില്‍ക്കുന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഉത്തമ വസ്തുക്കള്‍ മാത്രമേ വില്‍ക്കാനും വാങ്ങാനും അനുവാദമുള്ളൂ. കച്ചവടത്തിലൂടെ ലഭിക്കുന്ന ആദായമാണല്ലോ കച്ചവടക്കാരനെ തന്റെ തൊഴിലില്‍ തല്‍പ്പരനാക്കി  ഉറപ്പിച്ചു നിര്‍ത്തുന്നത്. ഈ ആദായം മിതമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അമിതലാഭം അതനുവദിക്കുന്നില്ല. അമിത ലാഭം ഉണ്ടാക്കാന്‍ കച്ചവടക്കാര്‍ സ്വീകരിക്കുന്ന എല്ലാ തന്ത്രങ്ങളും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. കച്ചവടവുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക ഇടപാടുകളില്‍ ഒരുതരത്തിലുള്ള ചൂഷണവും ഉണ്ടാകാന്‍ പാടില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ) അരുള്‍ ചെയ്തു: ''ഉപദ്രവിക്കാന്‍ പാടില്ല, ഉപദ്രവമേല്‍ക്കാനും.'' ഈ അടിസ്ഥാന തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ഒരുപോലെ സംതൃപ്തരാകുന്ന വിനിമയ രീതിയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.

കൂട്ടുകച്ചവടത്തില്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. കൂറുകാരില്‍ എല്ലാവരും ഒരേപോലെ മതവിധികളെ കുറിച്ച് ബോധവാന്മാരായിരിക്കുകയില്ല. അത്തരക്കാര്‍ കച്ചവടത്തില്‍ ഇറങ്ങുന്നതിനു മുമ്പ് ഇസ്‌ലാമിക വിധിവിലക്കുകള്‍ നന്നായി പഠിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാം ഖലീഫ ഉമര്‍(റ) ഇപ്രകാരം പറയുകയുണ്ടായി: ''ഇസ്‌ലാമിലെ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളറിയാത്ത ആരും മാര്‍ക്കറ്റില്‍ വില്‍പനക്കിറങ്ങരുത്.'' ഇക്കാര്യത്തിലെ മതവിധികള്‍ നന്നായി മനസ്സിലാക്കിയാല്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സന്തോഷകരമായ കാര്യം, കച്ചവടം ആരംഭിക്കുന്നതിനു മുമ്പ് മതവിധിയനുസരിച്ച് വ്യാപാരം നടത്താന്‍ എന്തെല്ലാം ചെയ്യണം എന്നന്വേഷിച്ചുവരുന്ന പങ്കാളികള്‍ നമുക്കിടയില്‍ ഉണ്ട് എന്നതാണ്.

 

കൂറുകച്ചവടത്തിലെ ഇനങ്ങള്‍

എല്ലാ സാമ്പത്തിക ഇടപാടുകളിലും കൃത്യമായ രേഖ സൂക്ഷിക്കണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. അതിനാല്‍ പങ്കാളിത്ത വ്യവസ്ഥകള്‍ ഒരു കരാറായി രേഖപ്പെടുത്തി അതില്‍ കൂറുകാരെല്ലാം ഒപ്പുവെക്കണം. പങ്കാളിത്തത്തിന്റെ നിബന്ധനകള്‍ അതില്‍ വ്യക്തമായി പറഞ്ഞിരിക്കണം. ഏതിനം പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്, ഓരോ പങ്കുകാരനും വ്യാപാരത്തില്‍ എന്തെല്ലാം ചുമതലകളും ബാധ്യതകളുമാണ് ഏറ്റെടുക്കേണ്ടത്, പങ്കാളിത്ത കാലയളവ് പ്രത്യേകം നിര്‍ണയിച്ചിട്ടുണ്ടോ, ഓരോരുത്തരുടെയും ലാഭ-നഷ്ട വിഹിതം എത്രയായിരിക്കും, ഇടക്കാലത്ത് പിരിഞ്ഞുപോവുകയാണെങ്കില്‍ എന്തെല്ലാം അവകാശങ്ങളും ബാധ്യതകളും ഉണ്ടാകും എന്നിത്യാദി കാര്യങ്ങളെല്ലാം കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കണം. വ്യാപാരസംബന്ധമായി പങ്കാളികള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ സ്വീകരിക്കേണ്ട രീതികളും പ്രത്യേകം എടുത്തുപറയണം. കരാര്‍ നിയമാനുസൃതമാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കി വേണം കരാര്‍ എഴുതേണ്ടത്.

 

പൂര്‍ണ പങ്കാളികള്‍

കച്ചവടത്തില്‍ മൊത്തമായോ ഇനം തിരിച്ച് വെവ്വേറെയോ പങ്കാളിത്തമാകാം. തുടക്കം മുതല്‍ പങ്കാളികളാകുന്നവര്‍ മൂലധനം എത്ര വേണമെന്നും ഓരോരുത്തരും അതിന് എത്ര ശതമാനം മുതല്‍ ഇറക്കണമെന്നും തീരുമാനിക്കുന്നു. കച്ചവടത്തിന്റെ നിയന്ത്രണവും വിപണനവും പങ്കാളികള്‍ വീതിച്ചെടുക്കുന്നു. തുല്യപങ്കാളികളാണെങ്കില്‍ വാര്‍ഷിക കണക്കെടുപ്പില്‍ ലാഭവിഹിതം തുല്യമായി പങ്കുവെക്കും. മൂലധനത്തിലെ ഓഹരികളില്‍ വ്യത്യാസമുണ്ടെങ്കില്‍ അതിന്റെ തോതനുസരിച്ചാണ് ലാഭ വിഹിതം നിര്‍ണയിക്കുക. ഇതാണ് ലളിതമായ പങ്കാളിത്തം. എന്നാല്‍ ചിലപ്പോള്‍ കച്ചവടം കുറേ മുന്നോട്ടുപോകുമ്പോള്‍ അതില്‍ പുതുതായി ആളുകളെ ചേര്‍ക്കേണ്ടിവരും. ഇതിന് പല രൂപങ്ങളുമുണ്ട്.

കച്ചവട സ്ഥാപനത്തെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് അതിലേക്ക് നിര്‍ണിത വിലയിലുള്ള ഓഹരികള്‍ വാങ്ങി പങ്കാളികളാകാന്‍ അവസരം നല്‍കുന്നതാണ് ഒരു രൂപം. ഇങ്ങനെ ചെയ്യുമ്പോള്‍ കച്ചവടത്തിന്റെ ആസ്തിയോടൊപ്പം സല്‍പ്പേരിന്റെ (ഗുഡ്‌വില്‍) മൂല്യവും കൂട്ടിച്ചേര്‍ത്താണ് കച്ചവടത്തിന് വില നിര്‍ണയിക്കുക. നിലവിലുള്ള പങ്കാളികളുടെ ഓഹരി നിര്‍ണയിച്ച ശേഷമായിരിക്കും  പുതിയ  പങ്കാളികളെ ചേര്‍ക്കുക. ലാഭകരമായി നടക്കുന്ന വ്യാപാരമാണെങ്കില്‍ ഈ രീതി അംഗീകരിച്ച്  പങ്കാളിയാവാന്‍ പലരും മുന്നോട്ടുവരും. സ്ഥാപനം ബാലാരിഷ്ഠതകള്‍ പിന്നിട്ടിരിക്കുന്നു എന്നതാണ് അവര്‍ക്കുള്ള പ്രചോദനം. ഇങ്ങനെ കമ്പനികള്‍ രൂപീകരിക്കുമ്പോള്‍ നിയമത്തിന്റെ സംരക്ഷണം മുതല്‍ മുടക്കിയവര്‍ക്ക് ലഭിക്കും.

കമ്പനിയായി രജിസ്റ്റര്‍ ചെയ്യാതെ വ്യക്തികള്‍ക്ക് സ്വന്തം നിലയിലും കച്ചവടത്തില്‍ ഇടക്ക് പങ്കാളികളെ ചേര്‍ക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ പങ്കാളിത്ത സമയത്ത് കണക്കും കരാറും തയാറാക്കണം. സ്ഥാപനത്തിന്റെ മൂല്യവും വിലയും പുതുതായി നിര്‍ണയിച്ച് കരാറില്‍ രേഖപ്പെടുത്തണം. ഈ കരാറില്‍ നിലവിലുള്ള പങ്കാളികള്‍ എല്ലാം ഒപ്പുവെക്കുകയും വേണം.

സ്ഥാപനത്തില്‍ നിലവിലുണ്ടായിരുന്ന പങ്കാളികളില്‍നിന്ന് ആരെങ്കിലും പങ്കാളിത്തം ഒഴിവാകാന്‍ ഉദ്ദേശിച്ചാല്‍ അതിനും വിരോധമില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ പോലെ, ഒഴിവാകുന്ന സമയത്ത് സ്ഥാപനത്തിന്റെ പൂര്‍ണമായ കണക്ക് തയാറാക്കി തദടിസ്ഥാനത്തില്‍ ലാഭ-നഷ്ട വിഹിതങ്ങള്‍ നിര്‍ണയിച്ച ശേഷം മാത്രമേ ഒരാളെ പിരിച്ചുവിടാന്‍ പാടുള്ളൂ. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലോ ഒടുവിലോ അല്ലെങ്കില്‍ കൃത്യമായ കണക്ക് ഉണ്ടാക്കാന്‍ പ്രയാസമുണ്ടാകും. വാര്‍ഷിക ചെലവുകളുടെ കണക്ക് പൂര്‍ത്തിയാവുക സാമ്പത്തിക വര്‍ഷം തീരുമ്പോഴാണ്. അതിനാല്‍ കണക്ക് തയാറാക്കുന്ന സമയം നിര്‍ണയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള കരാര്‍ ഉണ്ടാക്കിയ ശേഷം പങ്കാളിത്തം അവസാനിപ്പിക്കാം.

 

ഭാഗിക പങ്കാളികള്‍

മൂലധനത്തില്‍ മാത്രം പങ്കാളിയാവാം എന്ന് പറഞ്ഞുവല്ലോ. ഇതിന് വ്യത്യസ്ത രൂപങ്ങളുണ്ട്. മൂലധനത്തിന്റെ മുഖ്യഭാഗം ഏറ്റെടുത്തുകൊണ്ട് പങ്കാളിയാവാം. ഇങ്ങനെ സ്ഥാപനത്തിന്റെ നടത്തിപ്പോ വിപണനമോ ഏറ്റെടുക്കാതെ മൂലധന വിഹിതം  നല്‍കി  കച്ചവടത്തില്‍ പങ്കാളിയാകുന്നതിന് 'ഉറങ്ങുന്ന പങ്കാളി' എന്ന ഓമനപ്പേരുണ്ട്. സ്ഥാപനം നടത്തുന്നവര്‍ക്ക് പണമിറക്കിയും  അല്ലാതെയും ഈ പങ്കാളിത്തമാവാം. പണമിറക്കുന്നില്ലെങ്കില്‍ സ്ഥാപനം നടത്തുന്നവരുടെ ബാധ്യത, വിജയകരമായി കച്ചവടം നിയന്ത്രിച്ച് കൊണ്ടുപോവുക എന്നതാണ്. ലാഭത്തില്‍ ഒരു പ്രത്യേക വിഹിതം സ്ഥാപനം കൊ് നടത്തുന്നതിന് നിശ്ചയിക്കുകയും ബാക്കി മുതലിറക്കിയ പങ്കാളിക്ക് നല്‍കുകയുമാണ് ഈ രീതിയനുസരിച്ച് ചെയ്യാറുള്ളത്. വ്യാപാരത്തിന്റെ സ്വഭാവം കണക്കിലെടുത്ത് നിര്‍വഹണത്തിന്റെ ലാഭവിഹിതം കൂടുകയും കുറയുകയും ചെയ്യും. വിപണനം പ്രയാസകരമല്ലാത്ത കച്ചവടങ്ങളില്‍ അറ്റാദായത്തിന്റെ പത്തു ശതമാനം മുതല്‍ പതിനഞ്ചു ശതമാനം വരെയാണ് സാധാരണ നിര്‍വഹണ ലാഭവിഹിതം. എന്നാല്‍ വിപണനത്തിന് നല്ല അധ്വാനമുണ്ടെങ്കില്‍ നിര്‍വഹണ ലാഭ വിഹിതം 20 മുതല്‍ 25 ശതമാനം വരെ ഉയരും. സേവനങ്ങളാണ് വ്യാപാരത്തിന്റെ മുഖ്യഘടകമെങ്കില്‍ നിര്‍വഹണ വിഹിതം 40 ശതമാനം വരെയോ കൂടുതലോ ആവാം. സ്ഥാപനത്തിന്റെ എല്ലാവിധ ചെലവുകളും കിഴിച്ച ശേഷമായിരിക്കും അറ്റാദായം കണ്ടെത്തുക.

മൂലധനത്തില്‍ സ്ഥാപന നിര്‍വാഹകര്‍ പങ്കാളികളാണെങ്കില്‍ അവരുടെ വിഹിതത്തിന്റെ അനുപാതമനുസരിച്ച് അറ്റാദായം ഓഹരി വെക്കേണ്ടതാണ്. നാം ഇവിടെ ലാഭത്തെക്കുറിച്ച് മാത്രം പരാമര്‍ശിക്കുന്നത് കച്ചവടത്തിന്റെ ലക്ഷ്യവും കച്ചവടക്കാരന്റെ ആഗ്രഹവും ലാഭം കിട്ടുക എന്നതായതിനാലാണ്. കൂറു കച്ചവടത്തില്‍ നഷ്ടം സംഭവിച്ചാല്‍ അതും ലാഭം പങ്കുവെക്കുന്ന അതേ അനുപാതത്തില്‍ ഭാഗിക്കണം.

 

നിഷിദ്ധ പങ്കാളിത്തങ്ങള്‍

വിജയകരമായി നടന്നുവരുന്ന ഒരു സ്ഥാപനത്തില്‍ ഒരു നിശ്ചിത സംഖ്യ മുതലിറക്കി അതിന്റെ നിശ്ചിത ശതമാനം  ലാഭമായി നല്‍കാനുള്ള കരാറുകള്‍ അനിസ്‌ലാമികമാകുന്നു. ഇതിന് പലിശ ഇടപാടുമായി വളരെ സാദൃശ്യമുള്ളതുകൊണ്ട് ഇത്തരം കരാറുകള്‍ അസാധുവാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. വ്യാപാരത്തിലെ പങ്കാളിത്തം ലാഭത്തിലും നഷ്ടത്തിലും ഒരുപോലെ ബാധകമാവണം. വിവിധ ആഗോള പണ്ഡിത സഭകളുടെ ഏകകണ്ഠമായ അഭിപ്രായമാണിത്. കച്ചവടത്തില്‍ നഷ്ടം സംഭവിച്ചാല്‍ അതില്‍ ഉത്തരവാദിത്തമില്ലാത്ത ഒരു കൂറുകാരന്‍ ഉണ്ടാകുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് അനുഭവം തെളിയിക്കുന്നു.

ഇപ്പറഞ്ഞതിന് അപവാദമായി ചുരുക്കം ചില വ്യാപാര സംരംഭങ്ങളുണ്ടാകാം. നഷ്ടം സംഭവിക്കാന്‍ സാധ്യതയില്ലാത്ത സംരംഭങ്ങളാണവ. അവയില്‍ ഭാഗികമായി പങ്കാളിയാകുന്നവര്‍ക്ക് മൂലധനത്തിന്റെ വിഹിതം കണക്കാക്കി ആനുപാതികമായി ലാഭം നല്‍കാന്‍ കരാര്‍ ചെയ്യാം. എന്നാല്‍ വരുമാനം പരിഗണിക്കാതെ ഒരു നിശ്ചിത തുക ലാഭമായി നല്‍കുമെന്ന കരാര്‍ സാധുവാകുകയില്ല. മുടക്കിയ മുതലിന് പലിശ നല്‍കുന്നതിന് തുല്യമാണത്.

ഇങ്ങനെ നഷ്ട സാധ്യതയില്ലാത്ത വ്യാപാരങ്ങളില്‍   പെട്ടതാണ് കമീഷന്‍ ഏജന്‍സികള്‍. ഉല്‍പാദകര്‍  ആവശ്യപ്പെടുന്ന തുക കെട്ടിവെച്ച് ഏതെങ്കിലും ഒരുല്‍പന്നത്തിന്റെ വിതരണം ഏറ്റെടുത്താല്‍ നിശ്ചിത കമീഷന്‍ വിതരണക്കാരന് ലഭിക്കുന്നു. വിതരണം വര്‍ധിപ്പിക്കാന്‍ പറ്റിയാല്‍ കമീഷന്റെ അളവും വര്‍ധിക്കുമല്ലോ. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ വ്യവസായ സ്ഥാപനത്തില്‍ കെട്ടിവെക്കുന്ന തുകയും വര്‍ധിപ്പിക്കേണ്ടിവരും. അതിനുവേണ്ടി മുതല്‍ മുടക്കുന്നവനെ സംരംഭത്തില്‍ പങ്കാളിയാക്കിയാല്‍ അയാള്‍ക്ക് വരുമാനത്തിലുണ്ടായ വര്‍ധനവിന്റെ അനുപാതമനുസരിച്ച് ഒരു തുക നല്‍കാം. വിതരണക്കാരന് കമീഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഉല്‍പാദനത്തിന്റെ ലാഭത്തിലോ നഷ്ടത്തിലോ അയാള്‍ക്ക് പങ്കാളിത്തമില്ല. ഇങ്ങനെ ഒരു വിതരണക്കാരന്റെ കൂടെ പങ്കാളിയായി പണമിറക്കുന്നവന് വരുമാനത്തിന്റെ വര്‍ധിക്കുന്ന അളവ് കണക്കാക്കി  അത് വെച്ചുകൊണ്ട് കൃത്യമായ ഒരു തുക നല്‍കാന്‍ കരാര്‍ ചെയ്യുന്നതിന് വിരോധമില്ല. എന്നാല്‍ മുന്‍കൂട്ടി  കാണാന്‍ പറ്റാത്ത  കാരണങ്ങളാല്‍  പങ്കാളിയുടെ  വരുമാനത്തില്‍  മാറ്റമുണ്ടായാല്‍  പുതിയ പങ്കാളിയും  അതില്‍  ഭാഗഭാക്കാകേണ്ടിവരും. 

ലാഭത്തിനും നഷ്ടത്തിനും ഒരുപോലെ സാധ്യതയുള്ള സംരംഭങ്ങളില്‍ ഇങ്ങനെ ലാഭത്തില്‍ മാത്രമായുള്ള ഭാഗിക പങ്കാളിത്തം അനുവദനീയമല്ല. കച്ചവടം ചെയ്യാന്‍ മുഴുവന്‍ അധ്വാനവും ചെലവഴിക്കുന്ന വ്യക്തി നഷ്ടം പൂര്‍ണമായും ഏറ്റെടുക്കേണ്ടിവരുന്നത് അനീതിയാണ്. മാത്രമല്ല മുതല്‍ മുടക്കുന്നവന്റെ പണത്തിന് ഒരു കോട്ടവും വരാതെ സമ്പാദിക്കാനുള്ള രീതി പലിശ വാങ്ങുന്നതിന് തുല്യമാകയാല്‍, ഇസ്‌ലാം നിരോധിച്ച കാര്യങ്ങളില്‍പെടുമെന്നാണ് പണ്ഡിതമതം.

 

ഓഹരി വിപണി

വ്യാപാര പങ്കാളിത്തത്തിന്റെ ഏറ്റവും വിപുലമായ രൂപമാണ് ഓഹരി വിപണി. ആഗോളതലത്തില്‍ കറന്‍സിയുടെയും സ്വര്‍ണത്തിന്റെയും മൂല്യം നിശ്ചയിക്കുന്നതുപോലും ഇന്ന് ഓഹരി വിപണികളാണ്. അനിസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമായാണ് ഓഹരി വിപണി രൂപംകൊണ്ടത്. ഓഹരി വിപണിക്ക് രൂപം നല്‍കിയത് മുസ്ലിംകളല്ലാത്തതിനാല്‍ അവയുടെ നിയമാവലിയില്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ മാറ്റിവെക്കാന്‍ പ്രത്യേകം നിര്‍ദേശമില്ല. പലിശരഹിത ബാങ്ക് പോലെ ഇസ്‌ലാമികമായ ഓഹരി വിപണി ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയില്‍ ഈ ഇനത്തില്‍പെട്ട ചില സംരംഭങ്ങള്‍ ഉള്ളതായി അറിയാനിടയായി. മുഖ്യധാരാ സാമ്പത്തിക വിനിമയ സ്രോതസ്സുകളില്‍ ഇവക്കൊന്നും ഇടവും അംഗീകാരവും ലഭിച്ചിട്ടില്ല.

ഇന്ന് ആഗോള സാമ്പത്തിക ഘടനയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനമാണ് ഓഹരി വിപണിക്കുള്ളത്. അതില്‍നിന്ന് മാറിനിന്ന് സാമ്പത്തിക വിനിമയം നടത്താന്‍ വളരെ പ്രയാസമാണ്; രാഷ്ട്രങ്ങള്‍ക്ക് അതസാധ്യവുമാണ്. ഈ പരിഗണനകള്‍ എല്ലാം മുന്നില്‍ വെച്ചുകൊണ്ട് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഓഹരി വിപണിയെക്കുറിച്ച് പഠിച്ച് തയാറാക്കിയ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം: ഓഹരി വിപണി പൂര്‍ണമായും നിഷിദ്ധമാണെന്നോ പൂര്‍ണമായും അനുവദനീയമാണെന്നോ പറയാനാവില്ല. ഇസ്‌ലാം അനുവദിക്കാത്ത ഇടപാടുകള്‍ ഉണ്ടെങ്കില്‍ അത് നിഷിദ്ധമാണ്. ഇസ്‌ലാം അനുവദിക്കുന്ന രൂപത്തില്‍ നടക്കുന്ന ഇടപാടുകള്‍ അനുവദനീയവും അഭിലഷണീയവുമാണ്. വ്യാപാര വസ്തുക്കള്‍ ഇസ്‌ലാം നിഷിദ്ധമാക്കിയവയാണെങ്കില്‍ ആ ഇടപാടില്‍ പങ്കു ചേരാന്‍ പാടില്ല. പലിശയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള എല്ലാ ഇടപാടുകളും നിഷിദ്ധമാണ്.

ഉഭയകക്ഷികളില്‍ ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടാക്കുന്ന ഇടപാടുകള്‍ ഇസ്‌ലാമില്‍ നിഷിദ്ധമാണ്. വസ്തു കൈവശം കിട്ടുന്നതിനു മുമ്പ് വില്‍ക്കുന്നത് ഇങ്ങനെ ഉപദ്രവം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടപാടായതിനാല്‍ ഇസ്‌ലാം അത് നിരോധിച്ചിരിക്കുന്നു. ഓഹരി വിപണിയില്‍ പണമിറക്കാതെ ലാഭം കൊയ്യുന്ന മാര്‍ഗങ്ങളിലൊന്നാണ് വാങ്ങിയ വസ്തു കൈവശം കിട്ടുന്നതിനു മുമ്പ് വില്‍ക്കുകയും അതിന്റെ  ലാഭം മാത്രം കൈപ്പറ്റുകയും ചെയ്യുന്നത്. സാധാരണ കച്ചവടത്തിലും ഓഹരി വിപണിയിലും ഇത് ഒരുപോലെ നിഷിദ്ധമാണ്.

 

കമ്പനികളില്‍ പങ്കാളിത്തം

പബ്ലിക് ലിമിറ്റഡ് കമ്പനിയിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും പങ്കാളികളാകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. കമ്പനിയുടെ ആസ്തികളുടെ സ്ഥിതി വിശദമായി പഠിക്കണം. പലിശ നല്‍കേണ്ട കടബാധ്യതയുള്ള ആസ്തികളുണ്ടെങ്കില്‍ ആ കമ്പനി വിശ്വാസികള്‍ക്ക് പങ്കുചേരാന്‍ പറ്റിയതല്ല. കമ്പനി കൈകാര്യം ചെയ്യുന്ന കച്ചവട സാധനങ്ങളെ കുറിച്ചും പഠിക്കണം. ഇസ്‌ലാം വ്യാപാരം നിരോധിച്ച വസ്തുക്കള്‍ അവയില്‍ ഉണ്ടെങ്കില്‍ ആ കമ്പനിയില്‍ പങ്കുചേരാന്‍ പാടില്ല. കമ്പനിയുടെ കണക്കുകളില്‍ സുതാര്യതയുണ്ടാവണം. പങ്കാളിക്ക് കണക്ക് പരിശോധിക്കാന്‍ അവസരമുണ്ടാകണം. ആധികാരികതയുള്ള ഗുമസ്തന്‍മാര്‍ കണക്കുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഇത്തരം കമ്പനികള്‍ സര്‍ക്കാറിന്റെ നിയമാവലി അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അതിനാല്‍ കമ്പനി നിശ്ചയിച്ച നിയമങ്ങള്‍ ശരിക്കും പഠിച്ച ശേഷമേ അതില്‍ പങ്കാളിയാകാന്‍ പാടുള്ളൂ. ഇസ്‌ലാമിക നിബന്ധനകള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയമങ്ങളില്‍ വന്നുകൊള്ളണമെന്നില്ല. പലിശ പോലുള്ള കാര്യങ്ങളില്‍ ഇസ്‌ലാം നിഷിദ്ധമാക്കിയത് സര്‍ക്കാറിന് അനുവദനീയമാണെന്നും വരാം. ഇക്കാരണങ്ങളാല്‍ കമ്പനി നിയമാവലിക്കൊപ്പം ഇസ്‌ലാമിക നിയമങ്ങള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ ഈ പങ്കാളിത്തങ്ങള്‍ സാധുവാകുകയുള്ളൂ.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് അവിവേകികള്‍ക്ക് നിങ്ങള്‍ കൈവിട്ടു കൊടുക്കരുത്''( 4:5). സാമ്പത്തിക വിനിമയത്തെ കുറിച്ച് അറിവില്ലാത്തവരാണ് അവിവേകികള്‍ എന്നതുകൊണ്ട്  ഇവിടെ ഉദ്ദേശിക്കുന്നത്. സ്വന്തം സമ്പത്ത് സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തവരെ സാമ്പത്തിക ഇടപാടുകളില്‍നിന്ന് തടയുന്ന ഒരു നിയമമുണ്ട് ഇസ്‌ലാമില്‍. ഇസ്‌ലാം സമ്പത്തിന് കല്‍പിക്കുന്ന പ്രാധാന്യവും അത് നശിച്ചുപോകാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകളും ഇതില്‍നിന്ന് വ്യക്തമാകും. ഈ അടിസ്ഥാനത്തിലാണ് സമ്പത്തിന്റെ വളര്‍ച്ചക്കുവേണ്ടി സ്വീകരിക്കുന്ന ഏത് ഇടപാടിനെയും വിലയിരുത്തേണ്ടത്. മറ്റുള്ളവരെ ചൂഷണം ചെയ്യാനോ ഉപദ്രവിക്കാനോ ഇടവരരുത്; സ്വയം നഷ്ടപ്പെടാനും ഉപദ്രവമേല്‍ക്കാനും കാരണമാവുകയുമരുത്. 'ഉത്തമ സമ്പത്ത് ഉത്തമ വ്യക്തിയുടെ കൈയില്‍ എത്ര അനുഗൃഹീതം' എന്ന് നബി (സ) പ്രസ്താവിച്ചത് അന്വര്‍ഥമാക്കുന്ന രീതിയില്‍ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

മൂലധന പങ്കാളിത്തം അമാനത്തുകളുടെ  ഇനത്തിലാണ് കണക്കാക്കേണ്ടത്. അമാനത്തുകള്‍ സൂക്ഷിക്കുന്നതില്‍ സത്യവിശ്വാസികള്‍ ഏറ്റവും മുന്‍പന്തിയിലായിരിക്കണം. വിശ്വാസിയും കപടനും തമ്മിലുള്ള വ്യത്യാസം വിശ്വസ്തതയുടെ ഉരക്കല്ലില്‍ മാറ്റുരക്കാനാണ് നബി (സ) നിര്‍ദേശിച്ചിട്ടുള്ളത്. സ്വര്‍ഗത്തില്‍ ശാശ്വതമായി വാഴുന്നവനും നരകത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവനും തമ്മിലുള്ള മാറ്റം  നമ്മുടെ മനസ്സില്‍ നിറഞ്ഞുനിന്നാല്‍ ഇടപാടുകളില്‍  ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ പ്രയാസമുണ്ടാവില്ല. മൂലധനം ഇറക്കാതെ വ്യാപാര നിര്‍വഹണം മാത്രം നടത്തുന്ന പങ്കുകാര്‍ ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

വ്യാപാര പങ്കാളിത്തവും സകാത്തും

സമ്പത്തിന്റെ വളര്‍ച്ചയും ന്യായമായ വിതരണവും സാധ്യമാക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ച നിര്‍ബന്ധ ബാധ്യതയാണ് സകാത്ത്. സാമ്പത്തിക വളര്‍ച്ചക്കുവേണ്ടി വ്യാപാര വ്യവസായങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒന്നാമത്തെ പരിഗണന സകാത്തിനു നല്‍കണം. കമ്പനികളില്‍ ഓഹരിയെടുത്ത് പങ്കാളിയാവുമ്പോള്‍ സകാത്ത് നല്‍കുന്നതിന് വിവിധ രൂപങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന മേഖല അടിസ്ഥാനമാക്കിയാണ് സകാത്ത് എങ്ങനെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്. വ്യക്തി സ്വന്തം കച്ചവടത്തിന് സകാത്ത് നല്‍കുന്നതുപോലെ തന്നെയാണ് കമ്പനിയും നല്‍കേണ്ടത്. ഏറ്റവും നല്ല രീതി കമ്പനി മുഴുവന്‍ പങ്കാളികളുടെയും സകാത്ത് കണക്കാക്കി വിതരണം ചെയ്യുക എന്നതാണ്. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ എല്ലാ പങ്കാളികളും സകാത്ത് നല്‍കാന്‍ സന്നദ്ധരല്ലെങ്കില്‍ വിശ്വാസികളായ പങ്കാളികള്‍ അവരവരുടെ സകാത്ത് കണക്കാക്കി നല്‍കേണ്ടതാണ്. കമ്പനിയുടെ ആസ്തിയിലേക്ക് ആദ്യമായി മുതലിറക്കുമ്പോള്‍ അതിന് സകാത്ത് നല്‍കിയിരിക്കണം. തുടര്‍ന്നുവരുന്ന വര്‍ഷങ്ങളില്‍ ഓഹരിയുടെ മാര്‍ക്കറ്റ് വില കണക്കാക്കി രണ്ടര ശതമാനം വീതം സകാത്ത് നല്‍കുന്ന രീതിയാണ് അവലംബിക്കേണ്ടത് എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇതില്‍ കമ്പനിയുടെ  സ്ഥാവര സ്വത്തുക്കള്‍ ഒഴിവാക്കാമെന്നും വില്‍പനച്ചരക്കുകള്‍  മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനി വ്യവസായ രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, മൂലധനത്തിന്റെ ഏറിയകൂറും യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ ചെലവഴിച്ചിട്ടുണ്ടാകും. അതിനാല്‍ വ്യവസായശാലകളുടെ സകാത്ത് കണക്കാക്കേണ്ടത് അവയുടെ ആദായം നോക്കിയാണ് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ കാര്‍ഷികവിളകളോട് സദൃശ്യപ്പെടുത്തി ലാഭത്തിന്റെ പത്തു ശതമാനം സകാത്ത് നല്‍കണമെന്നാണ് വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയും മറ്റും അഭിപ്രായപ്പെട്ടിരിക്കുന്നത്.

കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനുമാണ് കമ്പനി ശ്രദ്ധിക്കുന്നതെങ്കില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സകാത്ത് വിഹിതമാണ് നല്‍കേണ്ടത്. അത് അഞ്ചു ശതമാനമോ പത്തു ശതമാനമോ സാധാരണ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നിശ്ചയിച്ച അനുപാതത്തില്‍ നല്‍കണം. കമ്പനികളുടെ പ്രവര്‍ത്തനമേഖല മാറുന്നതനുസരിച്ച് സകാത്തിന്റെ അനുപാതവും മാറും.

സാമ്പത്തിക വളര്‍ച്ചക്ക് ഏറെ സഹായകമായ കൂറുകച്ചവടം ചൂഷണത്തിനും വഞ്ചനക്കും അവസരമൊരുക്കിയിട്ടുണ്ടെന്നതും കാണാതിരുന്നുകൂടാ. ഇസ്‌ലാമിക നിയമങ്ങള്‍ പഠിക്കാതെയും ധാര്‍മിക പരിധികള്‍ പാലിക്കാതെയും സമ്പത്ത് വാരിക്കൂട്ടാനുള്ള അത്യാര്‍ത്തിയുമായി കൂറുകച്ചവടം നടത്തുന്ന ധാരാളം പേരുണ്ട്. കൂട്ടുകച്ചവടത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതും ഇസ്‌ലാം പഠിപ്പിക്കുന്നതുമായ എല്ലാ നിബന്ധനകളും കാറ്റില്‍പറത്തി കച്ചവടം ചെയ്തു മറ്റുള്ളവരെ നഷ്ടത്തിലാക്കുകയും സ്വയം പാപ്പരാവുകയും ചെയ്ത പല കഥകളും നമ്മെ അലട്ടുന്നു. ഒരു സംരംഭം ആരംഭിക്കുന്നതിനുമുമ്പ് അതിന്റെ വിജയസാധ്യതയെക്കുറിച്ച് വിശദമായി പഠിച്ചിരിക്കണം. ഇങ്ങനെയുള്ള പഠനങ്ങള്‍ തയാറാക്കി കൊടുക്കുന്ന ആധികാരിക സ്ഥാപനങ്ങളെ സമീപിക്കാം. മതനിയമങ്ങള്‍ അറിയുന്ന പണ്ഡിതന്മാരെ സമീപിക്കാം. ഇതെല്ലാം ചെയ്തുകഴിഞ്ഞശേഷമാണ് ചോര നീരാക്കി സമ്പാദിച്ച വിലപ്പെട്ട ധനം വ്യാപാരത്തില്‍ ഇറക്കേണ്ടത്.

വ്യാപാരം നടത്തുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്നത്, അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പില്‍ 'എവിടെനിന്ന് സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു?' എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി പറയാന്‍ കഴിയുന്ന സമ്പാദ്യമായിരിക്കണം. ഇക്കാര്യം ശ്രദ്ധിക്കുന്ന വിശ്വാസിയെ സംബന്ധിച്ചേടത്തോളം വ്യാപാര പങ്കാളിത്തത്തില്‍ നബി (സ)  അനുസ്മരിച്ചതുപോലെ എപ്പോഴും ഓര്‍ക്കാന്‍ പറ്റുന്ന കൂട്ടുകാരെ അല്ലാഹു പ്രദാനം ചെയ്യും.

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍