ഒറ്റമരം
ചില ഒറ്റമരങ്ങളുണ്ട്,
നന്മമരങ്ങള്‍
ആഴങ്ങളിലേക്ക് വേരാഴ്ത്തിയവ
വെയിലേറ്റ് പൊള്ളി നില്‍ക്കുമ്പോള്‍
അപ്രതീക്ഷിതമായിട്ടാവും
അവ തണലും കൊണ്ടു വരുന്നത്
ചില നേരങ്ങളില്‍
ഉറക്കം കെടുത്തുന്ന കൊടുങ്കാറ്റിനെ
കുഞ്ഞുകഥകള്‍ പറഞ്ഞു ആട്ടിയകറ്റും
പൊടുന്നനെ വീണുപോയ
ചില തണലോര്‍മകളില്‍
വെന്തുനില്‍ക്കുമ്പോള്‍
പ്രിയമുള്ളോരൊറ്റ വരിയാല്‍
തണുപ്പേകും
ഇലകളിലെ പച്ചഞരമ്പും
പൂക്കളിലെ സൂക്ഷ്മതയും നോക്കി
എത്രനേരം വേണമെങ്കിലും
നമ്മള്‍ വിസ്മയിച്ചുനില്‍ക്കും
ആഞ്ഞുവെട്ടേറ്റതിന്റെ പാടുകള്‍
പച്ചയാല്‍ മറക്കുമ്പോള്‍
ഉള്ളിലൊരു നൊമ്പരം ഊര്‍ന്നുവരും
വഴിതെറ്റിവന്ന വസന്തത്തോട്
കെറുവിച്ചു തിരിഞ്ഞുനോക്കാതെ
ഉള്ളുപിടഞ്ഞു ചിലപ്പോളൊറ്റ
ഇറങ്ങിനടത്തമാണ്
നീണ്ട ശാഖയിലെ തളിരില
പിന്‍കഴുത്തില്‍ വന്നൊരു പിടുത്തമുണ്ട്
പരിഭവനാട്യങ്ങള്‍
മറന്നുമൊന്നുമോര്‍ക്കാതെ
അറിയാതെ നമ്മള്‍ തിരിഞ്ഞുനടക്കും
Comments