Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

ഭരണഘടനക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍

വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തങ്ങളുടെ പദവിയുടെ മഹത്വമോ അത്തരം പദവികള്‍ കൈയേല്‍ക്കുമ്പോള്‍ തങ്ങള്‍ എടുത്ത പ്രതിജ്ഞയോ ഒന്നും ഓര്‍ക്കാതെ, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് ഒട്ടും നിരക്കാത്ത വിധത്തില്‍ ചില സമുദായങ്ങളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുക ഇന്നൊരു ഫാഷനായി കഴിഞ്ഞിട്ടുണ്ട്. തീര്‍ത്തും അനവസരത്തിലായിരിക്കും അത്തരം പ്രസ്താവനകള്‍. അങ്ങനെ പറയേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടുണ്ടാവില്ല. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മേഘാലയ ഹൈക്കോടതി ജഡ്ജി സുദീപ് രഞ്ജന്‍ സെന്‍ മറ്റേതോ അപ്രധാനമായ കേസില്‍ വിധി പറയവെ നടത്തിയ പരാമര്‍ശങ്ങള്‍. രാഷ്ട്രത്തിലെ പൗരനെന്ന നിലക്ക് ഒരു ന്യായാധിപന് രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. അത് അദ്ദേഹത്തിന് പ്രകടിപ്പിക്കുകയും ചെയ്യാം. പക്ഷേ കോടതിയില്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ ഭരണഘടനയും രാജ്യത്തിന്റെ നിയമവ്യവസ്ഥയുമാണ് അദ്ദേഹത്തിന്റെ മുന്നിലുണ്ടാകേണ്ടത്. പക്ഷേ, ഭരണഘടനയുടെ അന്തസ്സത്തക്ക് ഒട്ടും നിരക്കാത്ത വാക്കുകളാണ് ന്യായാധിപനില്‍നിന്ന് ഉണ്ടായിരിക്കുന്നത്. 'പാകിസ്താന്‍ സ്വയം തന്നെ ഒരു ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചു. മതത്തിന്റെ പേരിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത് എന്നതിനാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ അത് സെക്യുലര്‍ രാജ്യമാവുകയാണുണ്ടായത്.' അസമിലെ ദേശീയ പൗരത്വ പട്ടിക, ധാരാളം വിദേശികള്‍ക്ക് പൗരത്വം നേടാന്‍ അവസരമൊരുക്കുന്നുവെന്നും യഥാര്‍ഥ ഇന്ത്യക്കാരെ പുറന്തള്ളുന്നുവെന്നും പരാതിപ്പെടുന്ന അദ്ദേഹം, പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഉടന്‍ പൗരത്വം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഇവിടെ അധിക്ഷേപിക്കപ്പെടുന്ന സമുദായം ഏതാണെന്ന് വ്യക്തം. പിന്നെയുള്ള പരാമര്‍ശങ്ങള്‍ ഇതിനേക്കാള്‍ അപകടകരം. 'ഒരാളും ഇന്ത്യയെ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കരുത്. അത് ഇന്ത്യക്കും ലോകത്തിനും ദുരന്ത ദിനമായിരിക്കും.' നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭരണകൂടത്തിന് ഈ ഗുരുതരാവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം വേണ്ടത് ചെയ്യുമെന്നും പ്രത്യാശിക്കുകയാണ് പിന്നീട്.

ലക്ഷക്കണക്കിന് മനുഷ്യരുടെ പൗരത്വത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന അസമിലെ ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ചാണ് ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണ് എന്ന് പറഞ്ഞൊഴിയുകയല്ലാതെ ഒന്നും തിരുത്താന്‍ അദ്ദേഹം തയാറായിട്ടില്ല. പല കോണുകളില്‍നിന്നും അദ്ദേഹത്തിന് കൈയടി കിട്ടുകയും ചെയ്തു. ജഡ്ജിയെ ഇംപീച്ച്‌മെന്റിലൂടെ തല്‍സ്ഥാനത്തു നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി ഉന്നയിച്ച ചോദ്യം അടിവരയിടേണ്ടതാണ്; പൗരത്വ പ്രശ്‌നം, വര്‍ഗീയ കലാപങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ വിധി പറയേണ്ടവര്‍ തന്നെ ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ എങ്ങനെയാണ് അവരില്‍നിന്ന് നീതി പ്രതീക്ഷിക്കുക? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍