Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

നിരൂപണവും വിമര്‍ശനവും

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

നിരൂപണവും വിമര്‍ശനവും ഉപദേശവും കൈക്കൊള്ളാതെ അവയോട് അസഹിഷ്ണുതാപരമായ സമീപനം സ്വീകരിക്കുന്നത് പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ബാധിക്കുന്ന വിപത്താണ്. തെറ്റുകളും വൈകല്യങ്ങളും ചൂണ്ടിക്കാണിച്ച് ശരിയായ ദിശകാണിച്ചു കൊടുക്കുന്നവരെ വെറുപ്പോടെ വീക്ഷിക്കുകയും അവരില്‍ 'വിമതമുദ്ര' ചാര്‍ത്തി അകറ്റി നിര്‍ത്തുകയും ചെയ്യുന്ന രീതി അപകടകരമാണ്.

ഗുണകാംക്ഷ നിറഞ്ഞ ഉപദേശങ്ങള്‍ നിരാകരിക്കുകയും ധിക്കാരമനോഭാവത്തോടെ പ്രവാചകന്മാരെ തള്ളിപ്പറയുകയും ചെയ്ത പൂര്‍വ സമുദായങ്ങളുടെ പര്യവസാനം എത്രമാത്രം ദുഃഖകരമായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇസ്രായേല്‍ സമുദായത്തിന്റെ ദൂഷ്യങ്ങള്‍ എണ്ണിപറഞ്ഞ ഇടങ്ങളിലെല്ലാം ഖുര്‍ആന്‍ ഊന്നിയത് പ്രവാചകരോട് അവര്‍ സ്വീകരിച്ച തിരസ്‌കാര സമീപനമാണ്.

ഉപദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നിബന്ധനകളും മര്യാദകളും നിശ്ചയിച്ചക്കപ്പെട്ടിട്ടുണ്ട്. നല്ല സന്ദര്‍ഭം, ഇണങ്ങിയ സാഹചര്യം, മനോഹരമായ വാക്കുകള്‍, നന്മകള്‍ എടുത്തുകാട്ടി കരുതലോടെയുള്ള സംസാരം, വസ്തുനിഷ്ഠമായ പ്രതിപാദനം, രഹസ്യാത്മകത, തര്‍ക്കവും വാഗ്വാദവും ഒഴിവാക്കുന്ന രീതി, ഇകഴ്ത്താതെയും വഷളാക്കാതെയും ഗുണകാംക്ഷ മാത്രം ലക്ഷ്യമാക്കിയുള്ള ഉപദേശം. ഇവയെല്ലാം നിരൂപണങ്ങളിലും വിമര്‍ശനങ്ങളിലും പാലിക്കേണ്ട മര്യാദകളാണ്. ധിക്കാരിയായ ഫിര്‍ഔന്റെ സന്നിധിയിലേക്കും പ്രവാചകന്മാരായ മൂസാ(അ)യെയും ഹാറൂനെ(അ)യും അയക്കുമ്പോള്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് അല്ലാഹു ഉണര്‍ത്തി: 'നിങ്ങള്‍ ഇരുവരും ഫിര്‍ഔന്റെ അടുക്കലേക്ക് പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കണം നിങ്ങള്‍ ഇരുവരും. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തെങ്കിലോ!' (ത്വാഹാ: 43,44).

നബി(സ): 'സൗമ്യത വിനഷ്ടമായവന് നന്മയും നിഷേധിക്കപ്പെട്ടു' (മുസ്‌ലിം). സൗമ്യ സമീപനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു റസൂല്‍ (സ): 'ആഇശാ, അല്ലാഹു സൗമ്യനാണ്, സൗമ്യത അവനിഷ്ടപ്പെടുന്നു. പരുക്കന്‍ രീതിക്ക് നല്‍കാത്ത എല്ലാ നന്മകളും സൗമ്യ സമീപനത്തിന് അല്ലാഹു നല്‍കും. മറ്റൊന്നിനും നല്‍കാത്ത എല്ലാ നന്മകളും സൗമ്യ സമീപനത്തിനാണവന്‍ നല്‍കുക' (മുസ്‌ലിം). 'ഏതൊരു കാര്യത്തിലും അവലംബിക്കുന്ന സൗമ്യരീതി അതിനെ മികവുറ്റതാക്കും, സൗമ്യ സമീപനം ഇല്ലാതായാല്‍ മനോഹാരിത നഷ്ടപ്പെട്ട് വികൃതമാവും' (മുസ്‌ലിം). നിരൂപണവും വിമര്‍ശനാത്മക വിലയിരുത്തലും തദടിസ്ഥാനത്തിലുള്ള ഉപദേശങ്ങളും കൈക്കൊള്ളാതെ തിരസ്‌കാര ബുദ്ധിയോടെ തള്ളിക്കളയുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. ധനാഢ്യനായ ഖാറൂനെ ഗുണകാംക്ഷയോടെ ഉപദേശിച്ചപ്പോള്‍ പൊങ്ങച്ചത്തിന്റെയും താന്‍പോരിമയുടെയും 'ഞാനെന്ന ഭാവ'ത്തിന്റെയും ആള്‍രൂപമായ കൊടും ധിക്കാരി നല്‍കിയ ഔദ്ധത്യത്തിന്റെ മറുപടി, 'ഇതൊക്കെയും എനിക്ക് ലഭിച്ചത് എന്റെ അറിവിനാലാണ്' എന്നായിരുന്നു (അല്‍ഖസ്വസ്വ് 78).

വ്യക്തികള്‍ക്കിടയില്‍ ചിരകാലമായി നിലനില്‍ക്കുന്ന ശത്രുതയും ഉപദേശനിരാകരണത്തിന് ഹേതുവാകാറുണ്ട്. തര്‍ക്ക പ്രകൃതിയും ദേഹേഛകളെ പിന്തുടരുന്ന സ്വഭാവവും ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് തടസ്സമായിത്തീരുന്നു. തന്നേക്കാള്‍ പ്രായക്കുറവും അറിവിലും പദവിയിലും തന്നേക്കാള്‍ താഴെയുമുള്ള ആളുകളുടെ ഉപദേശങ്ങളും ചിലര്‍ക്ക് അരോചകമായി അനുഭവപ്പെടാറുണ്ട്. 'എന്നെ ഉപദേശിക്കാനും എന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും അവനാര്?' എന്ന മനോഭാവമായിരിക്കും അവരെ ഭരിക്കുക. തന്നെ ഇകഴ്ത്താനും അപകീര്‍ത്തിപ്പെടുത്താനുമാണ് ഉപദേശിക്കുന്നവന്റെ ശ്രമമെന്ന ധാരണയും ചിലരെ ഉപദേശങ്ങളില്‍നിന്ന് വിമുഖരാക്കാറുണ്ട്. താന്‍ എല്ലാം തികഞ്ഞവനാണെന്നും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ശ്രവിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ഒരാള്‍ ധരിച്ചുവശായാല്‍ പിന്നെ രക്ഷയില്ല. ആന്ധ്യവും ബാധിര്യവും ബാധിച്ച ആ ഹൃദയത്തിലേക്കുള്ള സര്‍വ വാതിലുകളും അടഞ്ഞിരിക്കും. പ്രവാചകന്മാരുടെ സംബോധിതരായ ധിക്കാരിസമൂഹം മികച്ച ഉദാഹരണം. സമൂദ് സമുദായത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ക്കൊടുവില്‍ പ്രവാചകന്‍ സ്വാലിഹിന്റെ ആത്മഗതം ഖുര്‍ആന്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ''ഒടുവില്‍ കിടിലം കൊള്ളിക്കുന്ന ഒരു വിപത്ത് അവരെ ബാധിച്ചു. അവര്‍ തങ്ങളുടെ വസതികളില്‍ ചേതനയറ്റ് നിലംപതിച്ചു. സ്വാലിഹോ ഇങ്ങനെ ആത്മഗതം ചെയ്ത് ആ നാടു വിട്ടുപോയി. എന്റെ ജനമേ, എന്റെ നാഥന്റെ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരുന്നു. ഞാന്‍ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി വര്‍ത്തിച്ചു. പക്ഷേ, എന്തു ചെയ്യാം! നിങ്ങള്‍ക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല'' (അല്‍അഅ്‌റാഫ്: 79).

ഇസ്‌ലാമിക പ്രബോധന കര്‍മ പരിസരത്തു നിന്ന് കളകളും പാഴ്‌ച്ചെടികളും പറിച്ചെറിഞ്ഞ് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ക്രിയാത്മക പ്രവൃത്തിയാണ് നിരൂപണവും വിമര്‍ശനവും. അവയെ സദ്ബുദ്ധിയോടെ വീക്ഷിക്കുകയും കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയുമാണ് വിവേകത്തിന്റെ വഴി. കളകളും പാഴ്‌ച്ചെടികളും സസ്യങ്ങളുടെയും മരങ്ങളുടെയും വളര്‍ച്ച മുരടിക്കാന്‍ ഇടവരുത്തുന്നതുപോലെ സംഘടനക്കകത്തെ അരുതായ്മകളെയും ദുഷ്പ്രവണതകളെയും ചൂണ്ടിക്കാണിക്കുന്നത് അരോചകമായി വീക്ഷിക്കുന്ന മനോഭാവം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. വികാസക്ഷമത നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായി പരിണമിക്കും പ്രസ്ഥാനം എന്നതാണ് ഇതിന്റെ ദുരന്തഫലം.

സംഹരിക്കണമെന്ന മനസ്സോടെ വിമര്‍ശിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുര്യോഗം. തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെയും തങ്ങളുടെ വീക്ഷണങ്ങളോട് ഇണങ്ങാത്ത പ്രസ്ഥാനങ്ങളെയും വിമര്‍ശനശരങ്ങള്‍ എയ്ത് തറപറ്റിക്കുകയാണ് പലരുടെയും ഉന്നം. ഗുണകാംക്ഷാ മനോഭാവത്തിന് അതില്‍ ഇടമില്ല. തങ്ങള്‍ പാപസുരക്ഷിതത്വം നല്‍കപ്പെട്ട പ്രവാചകന്മാരെ പോലെ വിശുദ്ധരും വിമര്‍ശനങ്ങള്‍ക്ക് അതീതരുമാണെന്ന ചിന്തയും അപകടം ക്ഷണിച്ചുവരുത്തും.

പ്രതിയോഗികള്‍ക്കു പോലും ഗുണകാംക്ഷ നിറഞ്ഞ പ്രാര്‍ഥന നടത്തിയ നബി(സ), ഒരിക്കലും തന്റെ വിമര്‍ശകരെ ശത്രുക്കളായി ഗണിച്ചു പെരുമാറിയില്ല എന്നത് ഓര്‍ത്തുവെക്കേണ്ട മഹത്തായ പാഠമാണ്. ക്രിയാത്മക വിമര്‍ശനം പോലെ അനുമോദിക്കപ്പെടേണ്ടതാണ് വിമര്‍ശനം സഹിഷ്ണുതയോടെ ശ്രവിച്ച് തിരുത്താനുള്ള മനസ്സും. വിമര്‍ശനങ്ങള്‍ സുഖദമായ സംഗീതം പോലെ ശ്രവിക്കാന്‍ എത്ര പേര്‍ക്കാവും? 

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍