Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

സീതി ഹാജിയുടെ ഖത്തര്‍ പ്രസംഗം

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-7 )

അടിയന്തരാവസ്ഥയിലായിരുന്നു ലഖ്‌നോവിലെ പ്രശസ്ത ഇസ്‌ലാമിക കലാലയമായ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായുടെ ജൂബിലി ആഘോഷം. അറബ് ലോകത്ത് വിഖ്യാതനായ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി (അലി മിയാന്‍) ആണ് നദ്‌വയുടെ മേധാവി എന്നതുകൊണ്ട്, ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധത്തിന്റെ പേരിലുള്ള ദുഷ്‌പേര് മായ്ച്ചുകളയാന്‍ ഇതൊരു നല്ല അവസരമായി കരുതി പ്രധാനമന്ത്രി ഇന്ദിര ഗാന്ധി. ജൂബിലി ആഘോഷങ്ങളിലേക്ക് പ്രമുഖ അറബി പണ്ഡിതന്മാരെ ക്ഷണിക്കാനും അവരെ യഥോചിതം സ്വീകരിക്കാനും മൊത്തം ആഘോഷം ഗംഭീരമാക്കാനുമുള്ള എല്ലാ ഒത്താശകളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊടുത്തു. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ മസ്തിഷ്‌കമാണ് പിന്നില്‍ കളിച്ചതെന്ന് വ്യക്തം. ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് അബ്ദുല്ല അന്‍സാരി എന്നീ മുതിര്‍ന്ന പണ്ഡിതന്മാര്‍ക്കുള്ള ക്ഷണക്കത്തുകള്‍ ഇന്ത്യന്‍ എംബസിയിലാണ് എത്തിയത്. അവരെ പോയി കണ്ടു സംസാരിക്കാനും കത്തുകള്‍ കൈമാറാനും അംബാസഡര്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. കിട്ടിയ അവസരം ഞാന്‍ ശരിക്കും ഉപയോഗപ്പെടുത്തി. മൂവരെയും കണ്ട് ക്ഷണക്കത്ത് കൈമാറി, ഇതിനു പിന്നാലെ പിന്നിലെ പൊളിറ്റിക്‌സ് അവരെ ബോധ്യപ്പെടുത്തി. നിര്‍ബന്ധമായും ലഖ്‌നോവില്‍ പോകണമെന്നും അവിടെ അലിമിയാനെയും കൂട്ടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ചെന്നു കണ്ട് ജമാഅത്തിന്റെ പേരിലുള്ള നിരോധം പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും ഞാന്‍ ഉണര്‍ത്തിച്ചപ്പോള്‍ ഐഡിയ അവര്‍ക്ക് 'ക്ഷ' പിടിച്ചു. പാസ്‌പോര്‍ട്ടുകള്‍ വാങ്ങി എംബസിയില്‍ കൊണ്ടുവന്ന് വിസയടിപ്പിച്ച് യാത്രക്കുള്ള ഏര്‍പ്പാടുകളെല്ലാം അംബാസഡറുടെ നിര്‍ദേശപ്രകാരം ചെയ്തു. പരിപാടി കഴിഞ്ഞ് അവര്‍ തിരിച്ചെത്തിയതറിഞ്ഞ് അക്ഷമനായി ചെന്നു കണ്ടപ്പോള്‍ ആഹ്ലാദകരമായിരുന്നു ലഭിച്ച പ്രതികരണം. അവര്‍ നദ്‌വയിലെത്തിയപ്പോള്‍ ആദ്യമായി ചെയ്ത കാര്യം വിദേശങ്ങളില്‍നിന്നുവന്ന മറ്റു ചില പണ്ഡിതന്മാരെയും കൂട്ടി അലി മിയാന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ അകാരണമായി നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ഉലമാ സംഘം ആവശ്യപ്പെട്ടപ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വേണ്ടിവന്ന നടപടി താല്‍ക്കാലികമാണെന്നും യഥാസമയം പുനഃപരിശോധിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു അവര്‍.

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാവ് ശൈഖ് അബ്ദുല്‍ മുഇസ്സിന്റെ ഭാഷയില്‍ സൈദ് കട്ടതിന് അംറിനെ കൂടി പിടികൂടി ജയിലിലടക്കുന്നത് എവിടത്തെ നീതിയാണെന്ന് ഇന്ദിരയോട് അവര്‍ ചോദിക്കാതിരുന്നില്ല. തീവ്രഹിന്ദുത്വ സംഘടനകളെ നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒരു മുസ്‌ലിം സംഘടനയെക്കൂടി നിരോധിച്ചതാണെന്ന ന്യായീകരണം കേട്ടപ്പോഴാണ് പണ്ഡിത സംഘത്തിന് അതിലടങ്ങിയ നീതിബോധം ചോദ്യം ചെയ്യേണ്ടിവന്നത്. ഇന്ദിര ഗാന്ധിയുടെ കുടുംബ സുഹൃത്തായിരുന്ന മുഹമ്മദ് യൂനുസായിരുന്നു അവരോടൊപ്പം ഉണ്ടായിരുന്നത്. അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായി.

1976 ജൂണില്‍ ആരിഫ് ഖമറൈന്‍ ഖത്തറിനോട് വിടപറഞ്ഞപ്പോള്‍ ഞാനും എംബസിയില്‍നിന്ന് മോചിതനായി നാട്ടിലേക്ക് യാത്രയായി. ഇത്തവണ തിരിച്ചുവന്ന് വേറെ ജോലി അന്വേഷിക്കാമെന്ന ധാരണയോടെയാണ് ദോഹ വിട്ടത്. കാരണം, നാട്ടിലെത്തിയിട്ട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാട്ടില്‍ വന്നു നോക്കുേമ്പാള്‍ കോണ്‍ഗ്രസിന്റേതും സഖ്യകക്ഷികളുടേതുമല്ലാത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടക്കുന്നില്ല. നടന്നാല്‍ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കൊടുക്കും, പൊലീസ് പൊക്കും. സി.പി.ഐ നേതാവ് അച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ലീഡര്‍ കെ. കരുണാകരന്റെ കൈകളിലായിരുന്നു. മുസ്‌ലിംലീഗിന്റെ ഊട്ടി പ്രമേയപ്രകാരമാണ് ഇന്ദിര രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അവകാശപ്പെട്ട മുസ്‌ലിംലീഗ് നേതാവ് ഇ. അഹമ്മദും ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതിന് ഇന്ദിര ഗാന്ധിയുടെ ദീര്‍ഘായുസ്സിന് വേണ്ടി കഅ്ബയുടെ ഖില്‍അഃ പിടിച്ച് പ്രാര്‍ഥിച്ചുവെന്ന് തന്റെ 'സല്‍സബീല്‍' മാസികയില്‍ എഴുതിയ സലഫി പണ്ഡിതന്‍ കെ. ഉമര്‍ മൗലവിയുമൊക്കെയായിരുന്നു രംഗത്ത്. സി.പി.എം എമര്‍ജന്‍സിക്കെതിരെ നിഷ്‌ക്രിയമായിരുന്നെങ്കില്‍ സി.പി.ഐ അടിയന്തരാവസ്ഥയെ പിന്താങ്ങി കോണ്‍ഗ്രസിനോടൊപ്പം സംസ്ഥാനഭരണം പങ്കിടുകയായിരുന്നു. ഭാരതീയ ജനസംഘത്തിന്റേതുള്‍പ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലടക്കപ്പെട്ടിരുന്നു. അവസരം വേണ്ടവിധം ഉപയോഗപ്പെടുത്തി അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിയത് ആര്‍.എസ്.എസ് മാത്രം. അവരുടെ പ്രമുഖരെല്ലാം ജയിലിലായിരുന്നുവെങ്കിലും പുറത്തുള്ളവര്‍ 'കുരുക്ഷേത്ര' പോലുള്ള പത്രങ്ങള്‍ നടത്തിയും ശാഖകള്‍ സംഘടിപ്പിച്ചും ഇന്ദിരക്കും കോണ്‍ഗ്രസിനുമെതിരായ പ്രചാരണങ്ങളിലേര്‍പ്പെട്ടു.

ജയില്‍ ജീവിതം ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്കും ആര്‍.എസ്.എസ് പ്രമുഖര്‍ക്കും സംവാദത്തിനും വഴിയൊരുക്കി. പില്‍ക്കാലത്ത് ആര്‍.എസ്.എസിന്റെ സര്‍സംഘ് ചാലകായി നിയുക്തനായ സുദര്‍ശന്‍ അനുസ്മരിച്ച ഒരു കാര്യമുണ്ട്; 'ഒട്ടുവളരെ മുസ്‌ലിംകളേക്കാള്‍ നന്നായി എനിക്ക് ഇസ്‌ലാമിനെക്കുറിച്ചറിയാം. കാരണം, അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കാരുമായി ജയിലില്‍ സംവദിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.' സംഘടനാ പ്രവര്‍ത്തനങ്ങള്‍ ജമാഅത്ത് നിര്‍ത്തിവെച്ചുവെങ്കിലും മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ബോധനം എന്ന പേരില്‍ ഒരു മാസികയും കെ.എം അബ്ദുല്‍ അഹദ് തങ്ങളും വി.എ. കബീര്‍ സാഹിബും കൂടി നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുടക്കം കൂടാതെ നടന്നു. എന്നാല്‍, മൗലികാവകാശങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ കാളരാത്രി അനന്തമായി നീണ്ടുപോവുമെന്നും ജമാഅത്തിന് സംഘടനാ സ്വാതന്ത്ര്യം പൂര്‍വസ്ഥിതിയില്‍ വീണ്ടുകിട്ടുകയില്ലെന്നുമായിരുന്നു കെ.സി അബ്ദുല്ല മൗലവിയടക്കമുള്ള ചില നേതാക്കളുടെ കണക്കുകൂട്ടല്‍. അതിനാല്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിന് ശ്രമിക്കാതെ സാധ്യമായ മതപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ബുദ്ധിയെന്ന നിഗമനത്തില്‍ അവരെത്തി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സ്വതേ സജീവ തല്‍പരരായിരുന്നില്ല അവരെന്നതും വസ്തുതയാണ്. കേരളത്തില്‍ മാത്രം അര്‍ധ ഔദ്യോഗിക സ്വഭാവത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് (ഐ.എസ്.എല്‍) എന്ന വിദ്യാര്‍ഥി സംഘടന അന്നത്തെ അതിന്റെ പ്രസിഡന്റായിരുന്ന എ.ഐ. റഹ്മത്തുല്ല, സെക്രട്ടറി കെ.പി കമാലുദ്ദീന്‍ എന്നിവര്‍ നേതാക്കളുമായി ആേലാചിച്ച് സ്വയം പിരിച്ചുവിടാനും തയാറായി. ഖത്തറിലായിരുന്ന എനിക്ക് ഇത്തരം സംഭവവികാസങ്ങളില്‍ നിരാശയും അമര്‍ഷവും തോന്നിയെങ്കിലും ഭാവിയെക്കുറിച്ച അനിശ്ചിതത്വം എന്തെങ്കിലും അഭിപ്രായ പ്രകടനത്തില്‍നിന്ന് തടഞ്ഞു. അപൂര്‍വം ചിലരുമായി നടത്തിയ കത്തിടപാടുകള്‍ മാത്രമായിരുന്നു ആശയവിനിമയത്തിനും നാട്ടിലെ ചലനങ്ങള്‍ അറിയുന്നതിനുമുള്ള മാധ്യമം.

വടിവേലു അസീസ് എന്ന് ആളുകള്‍ വിളിച്ച ഒരു പ്രവാസി കഥാപാത്രത്തെ ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ. ദോഹയില്‍ കാര്യമായ ജോലിയൊന്നും ടിയാനുണ്ടായിരുന്നില്ലെങ്കിലും ധാരാളം ലോക വിവരമുള്ള ഒരു നല്ല വായനാശീലനായിരുന്നു അസീസ്. അതിനാല്‍തന്നെ പലപ്പോഴും ഞങ്ങള്‍ വിവരങ്ങള്‍ പങ്കുവെക്കുക പതിവുമായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ആഗസ്റ്റ് 15-ന് അസീസ് മുറിയില്‍ കയറി വന്നു. ഞാന്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. വല്ല വിശേഷവുമുണ്ടോ എന്ന് അസീസ്‌ക്ക ആരാഞ്ഞപ്പോള്‍ ബംഗ്ലാദേശില്‍ പട്ടാളം ശൈഖ് മുജീബുര്‍റഹ്മാനെയും കുടുംബത്തെയും വെടിവെച്ചു കൊന്ന് അധികാരം പിടിച്ചെടുത്തതായി വാര്‍ത്തയുണ്ടെന്ന് ഞാന്‍ പറഞ്ഞു. 'എങ്കില്‍ ഖണ്ഡേക്കാര്‍ മുശ്താഖ് അഹ്മദ് ആയിരിക്കും അതിന്റെ പിന്നില്‍' അസീസിന്റെ കമന്റ് ഞാന്‍ ഓര്‍ത്തുവെച്ചു. പിന്നീട് ബി.ബി.സി ശ്രദ്ധിച്ചപ്പോള്‍ അക്ഷരംപ്രതി ശരി. വടിവേലു ചില്ലറക്കാരനല്ലെന്ന് ഞാന്‍ മനസ്സിലാക്കി. അക്കാലത്ത് ലോകവാര്‍ത്തകളും ഇന്ത്യന്‍ വാര്‍ത്തകളുമറിയാന്‍ മുഖ്യാവലംബം ബി.ബി.സിയുടെ ഉര്‍ദു സര്‍വീസായിരുന്നു.

ഞാന്‍ ദോഹയില്‍ തിരിച്ചെത്തി  വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ മതകാര്യ വകുപ്പില്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അന്‍സാരിയുടെ ഓഫീസില്‍ ജോലിക്ക് കയറി. മിതമായ വേതനം, പ്രയാസരഹിതമായ ജോലി, പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം, സന്ദര്‍ശനത്തിനെത്തുന്ന മതപണ്ഡിതന്മാരെയും നേതാക്കളെയും സ്വീകരിച്ച് അവരുമായി സംവദിക്കാനുള്ള അവസരം- എംബസിയിലെ ജോലിക്കാലവുമായി താരതമ്യം ചെയ്താല്‍ എല്ലാംകൊണ്ടും ശുഭകരമായിരുന്നു ശ്രേഷ്ഠപണ്ഡിതനും വിശാലഹൃദയനുമായ ശൈഖ് അന്‍സാരിയുടെ ഓഫീസിലെ ജോലി. സഹപ്രവര്‍ത്തകരിലധികവും ഈജിപ്തുകാരും ഫലസ്ത്വീനികളുമായിരുന്നു. ദല്‍ഹിയിലെ സുഡാന്‍ എംബസിയില്‍ സെക്രട്ടറിയായിരുന്ന ഇബ്‌റാഹീമും അവരില്‍ ഒരാളായിരുന്നു. സുഡാനി ഫ്രം ദല്‍ഹി! നിറത്തില്‍ മാത്രമല്ല അഭിരുചികളിലും സദൃശരായിരുന്ന ഞങ്ങള്‍ അതിവേഗം സുഹൃത്തുക്കളായി. കേരളത്തില്‍നിന്നുള്ള സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി സംഘടനകളുടെ പ്രതിനിധികളും നേതാക്കളുമൊക്കെ മതകാര്യ വകുപ്പിന്റെ അതിഥികളായി എത്തിയിരുന്നു. അവരെയൊക്കെ ശൈഖ് അന്‍സാരി യഥോചിതം സ്വീകരിക്കുകയും ഫണ്ട് സമാഹരണത്തിന് സഹായിക്കുകയും ചെയ്തു.

1977 മാര്‍ച്ചില്‍ ഇന്ദിര ഗാന്ധി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതായറിഞ്ഞപ്പോള്‍ ഫലങ്ങള്‍ അവര്‍ക്കനുകൂലമായിരിക്കുമെന്നതിനാല്‍ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. നൂറു ശതമാനവും തന്റെ വിജയം ഉറപ്പിച്ചായിരിക്കുമല്ലോ അവര്‍, അതിനകം 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ നീട്ടിക്കിട്ടിയ കാലാവധി ഉപയോഗിക്കാതെ ജനവിധി തേടാന്‍ തയാറായത്. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം ജയിലില്‍. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തികച്ചും മന്ദീഭവിച്ച നിലയിലുമായിരുന്നല്ലോ. എന്നാല്‍ വിസ്മയിപ്പിച്ച ഒരു കാര്യമുണ്ട്. അക്കാലത്ത് ഇന്ത്യയില്‍നിന്ന് ആടുകളെ ഇറക്കുമതി ചെയ്യുന്ന ബിസിനസില്‍ ഏര്‍പ്പെട്ട പൂക്കോട്ടൂര്‍ മമ്മദാജി ഖത്തറില്‍ എന്റെ സ്‌നേഹിതനായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോട് ചോദിച്ചു: 'ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ആര്‍ ജയിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം? ഇന്ദിരയോ പ്രതിപക്ഷമോ?' 'അതിലെന്താ സംശയം, താന്‍ ജയിക്കുമെന്ന് പൂര്‍ണമായ ഉറപ്പ് ലഭിച്ച ശേഷമായിരിക്കില്ലേ ഇന്ദിര ഇലക്ഷന്‍ പ്രഖ്യാപിച്ചത്?' ഞാന്‍ പ്രതികരിച്ചു. 'എന്നാല്‍ എഴുതിവെച്ചോളൂ, അവരും മകന്‍ സഞ്ജയ് ഗാന്ധിയും കോണ്‍ഗ്രസും തോറ്റു തൊപ്പിയിടാന്‍ പോവുകയാണ്. ഇന്റലിജന്‍സിലെ ചില സുഹൃത്തുക്കളാണ് എനിക്കീ വിവരം തന്നത്.' മമ്മദാജി പറഞ്ഞു. ഫലപ്രഖ്യാപനം ബി.ബി.സിയിലൂടെ ശ്രദ്ധിക്കേ മമ്മദാജിയുടെ പ്രവചനം പ്രത്യക്ഷരം വാസ്തവമായി പുലര്‍ന്നപ്പോള്‍ എനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിബദ്ധതയിലാണ് സ്വാഭാവികമായും സംശയം ഉയര്‍ന്നത്. അവരെ വിശ്വസിച്ച് ഇന്ദിര ഗാന്ധി ഇലക്ഷന്‍ ഗോദയിലേക്കിറങ്ങുേമ്പാള്‍ വാസ്തവത്തില്‍ അവര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഏതായാലും കോണ്‍ഗ്രസ് നിലംപരിശായി. പരാജിതയായ ഇന്ദിര ഗാന്ധി പിറ്റേന്ന് രാവിലെ മന്ത്രിസഭാ യോഗം വിളിച്ചു അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രഖ്യാപിച്ചു, സംഘടനകളുടെ നിരോധനം റദ്ദാക്കി; തന്റെ രാജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടാം സ്വാതന്ത്ര്യ ദിനത്തിന്റെ അനുഭൂതിയായിരുന്നു കേരളത്തിലൊഴിച്ച് ഇന്ത്യയിലുടനീളം. പ്രബുദ്ധ കേരളത്തില്‍ മാത്രം അടിയന്തരാവസ്ഥക്കൊപ്പം നിന്ന കോണ്‍ഗ്രസും സി.പി.ഐയും മുസ്‌ലിം ലീഗുമടങ്ങിയ മുന്നണി നിയമസഭയില്‍ ഭൂരിപക്ഷം നേടി. പക്ഷേ, കേന്ദ്രഭരണം ജനതാ പാര്‍ട്ടി പിടിച്ചെടുത്തതിനാല്‍ സംസ്ഥാനത്ത് വിജയാഹ്ലാദമൊന്നും ഉണ്ടായില്ല.

നിരോധിത സംഘടനകള്‍ സ്വതന്ത്രമായതോടെ ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തനക്ഷമമായി. ഈയവസരം ഉപയോഗിച്ച് ഖത്തറിലെ പ്രസ്ഥാന ബന്ധുക്കള്‍ ഞങ്ങള്‍ താമസിച്ചിരുന്ന ബിദായിലെ വീടിന് മുകളില്‍ സമ്മേളിച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ രൂപവത്കരിച്ചു. കെ.എ ഖാസിം മൗലവി പ്രഥമ പ്രസിഡന്റായും ഞാന്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ കെ.എം.സി.സിക്ക് പുറമെ കേരളത്തിലെ മത സംഘടനകളുടെയെല്ലാം പോഷകസംഘടനകളും എം.ഇ.എസും ദോഹയില്‍ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. അംഗസംഖ്യയും അവര്‍ക്കായിരുന്നു കൂടുതല്‍. എന്നാല്‍, ഖത്തറില്‍ പഠിച്ചിറങ്ങിയവരായിരുന്നതിനാല്‍ വിവിധ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റാനും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനും അവസരം ലഭിച്ച ഞങ്ങള്‍ക്ക് ഏതാണ്ട് സ്വതന്ത്രമായിത്തന്നെ പ്രവര്‍ത്തിക്കാനും സ്വാധീനവലയം വികസിപ്പിക്കാനും തടസ്സങ്ങളുണ്ടായില്ല. തല്‍പരരായ മലയാളികള്‍ക്ക് അറബി ഭാഷ പഠിപ്പിക്കാനുള്ള സെന്ററുകള്‍, വിവിധ കേന്ദ്രങ്ങളില്‍ സ്റ്റഡി ക്ലാസുകള്‍, പ്രബോധനം വാരികയും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പുസ്തകങ്ങളും വ്യവസ്ഥാപിതമായി വിതരണം ചെയ്യല്‍, നാട്ടിലെ പ്രാസ്ഥാനിക-വിദ്യാഭ്യാസ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം തുടങ്ങിയവയായിരുന്നു അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. നാട്ടില്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി ബന്ധുക്കളെയും മറ്റുള്ളവരെയും പള്ളികളില്‍ വിളിച്ചുചേര്‍ത്ത് മയ്യിത്ത് നമസ്‌കരിക്കുന്ന പതിവ് ആരംഭിച്ചത് ഐ.ഐ.എയാണ്. അതുപോലെ ഖത്തറില്‍ അപകടത്തില്‍ പെട്ടും അല്ലാതെയും മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. നാട്ടില്‍നിന്നെത്തുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ പള്ളികളില്‍ സംഘടിപ്പിക്കുന്നതും പതിവായി.

മുസ്‌ലിം ലീഗിലെ പിളര്‍പ്പിനുശേഷം സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ ഔദ്യോഗിക മുസ്‌ലിം ലീഗിന്റെ ഒരു പ്രതിനിധിസംഘം ചന്ദ്രികയുടെ ഫണ്ട് പിരിവിന് ദോഹയില്‍ വന്നപ്പോഴുണ്ടായ സംഭവം കൗതുകകരമാണ്. ഖത്തറില്‍ അഖിേലന്ത്യാ ലീഗിനുമുണ്ടായിരുന്നു സ്വാധീനം. ഔദ്യോഗിക വിഭാഗം നേതാക്കള്‍ ദോഹയിലെത്തിയപ്പോള്‍ അവരെ സ്റ്റേറ്റ് ഗസ്റ്റുകളായി പരിഗണിക്കാതിരിക്കാനും സ്വീകരണ യോഗങ്ങള്‍ക്ക് പള്ളികള്‍ വിട്ടുകൊടുക്കാതിരിക്കാനും അഖിലേന്ത്യാ ലീഗുകാര്‍ പണിയെടുത്തു. സീതി ഹാജി, ബി.വി. അബ്ദുല്ലക്കോയ എന്നിവര്‍ സി.എച്ചിന്റെ ടീമിലുണ്ടായിരുന്നു. സംഗതി അഭിമാനപ്രശ്‌നമായി കണ്ട കെ.എം.സി.സി ഭാരവാഹികള്‍ എന്നെ സമീപിച്ചു നേതാക്കളെ എവ്വിധവും സ്റ്റേറ്റ് അതിഥികളാക്കാനും പൊതുസമ്മേളനം നടത്താന്‍ സൗകര്യമുള്ള പള്ളി അനുവദിക്കാനും സര്‍ക്കാറില്‍ വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ടു. ശൈഖ് അന്‍സാരി വിചാരിച്ചാല്‍ രണ്ടും നടക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അവരെയും കൂട്ടി ശൈഖിനെ പോയി കണ്ടപ്പോള്‍ ആദ്യത്തെ ആവശ്യം അനുവദിച്ചുകിട്ടി. രണ്ടാമത്തേത് പള്ളികളുടെ ചുമതലയുള്ള ശരീഅ കോര്‍ട്ട് പ്രസിഡന്‍സിയുടെ മേധാവി കനിഞ്ഞാലേ നടക്കൂ. ശൈഖ് അബ്ദുര്‍റഹ്മാന്‍ ആല്‍ മഹ്മൂദായിരുന്നു പ്രസിഡന്‍സിയുടെ അണ്ടര്‍ സെക്രട്ടറി. അദ്ദേഹവുമായുള്ള വ്യക്തിപരമായ പരിചയം വെച്ച് ഞാന്‍ ചെന്നു കണ്ടു, കേരളത്തില്‍നിന്ന് വന്ന ഉന്നത മുസ്‌ലിം നേതൃസംഘത്തിന് നാട്ടുകാരെ അഭിമുഖീകരിക്കാന്‍ മാര്‍ക്കറ്റിലെ പള്ളി അനുവദിക്കണമെന്ന് അപേക്ഷിച്ചു.

'ഇവര്‍ രാഷ്ട്രീയ നേതാക്കളല്ലേ? പള്ളിയില്‍ രാഷ്ട്രീയം സംസാരിക്കാന്‍ പാടില്ലല്ലോ' എന്നായി ശൈഖ് അബ്ദുര്‍റഹ്മാന്‍. അപ്പോള്‍ മറുപക്ഷം അദ്ദേഹത്തെയും സമീപിച്ചിരിക്കുന്നുവെന്ന് വ്യക്തം. 'അതിഥികള്‍ സമുദായ നേതാക്കളാണ്. അവര്‍ രാഷ്ട്രീയം പറയാന്‍ വന്നവരല്ല. നാട്ടുകാരെയും അനുയായികളെയും കാണുകയാണ് ആഗമനോദ്ദേശ്യം. രാഷ്ട്രീയം പറയരുതെന്ന് അവരോട് ഉണര്‍ത്താം' ഞാന്‍ പറഞ്ഞു. 'നീ ഗ്യാരണ്ടി തന്നാല്‍ അനുവദിക്കാം' എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ ഞാന്‍ വഴങ്ങി. സി.എച്ചിനെ കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍, സീതി ഹാജി. അേദ്ദഹത്തെ ആര് നിയന്ത്രിക്കും! കെ.എം.സി.സിക്കാര്‍ ആഹ്ലാദപൂര്‍വം പരിപാടി സംഘടിപ്പിക്കാന്‍ പോയി. ശരീഅ കോര്‍ട്ട് മേധാവിക്ക് കൊടുത്ത ഉറപ്പ് പാലിക്കാന്‍ ഞാന്‍ ഒരുപായം കണ്ടെത്തി. പ്രസംഗങ്ങളുടെ സംഗ്രഹം ഞാന്‍ തന്നെ അറബിയില്‍ തയാറാക്കി ബന്ധപ്പെട്ടവരെ ഏല്‍പിക്കാമെന്ന് തീരുമാനിച്ചു. മറ്റാരെങ്കിലും റിപ്പോര്‍ട്ടെഴുതിയാല്‍ കുഴഞ്ഞതു തന്നെ. വൈകീട്ട് പള്ളിയില്‍ പരിപാടി തുടങ്ങി. സി.എച്ച് സംയമനത്തോടെയാണ് സംസാരിച്ചത്. സീതി ഹാജിയുടെ ഊഴം വന്നപ്പോള്‍ വിമതരുടെ നേരെയുള്ള പരിഹാസം കലര്‍ന്ന ആക്രമണം തന്നെ. പള്ളിയാണെന്ന ബോധ്യം കൊണ്ടാവാം അനുയായികള്‍ കൈയടിച്ചില്ലെന്നത് ഭാഗ്യമായി.

ഔദ്യോഗിക ലീഗുകാര്‍ക്ക് പ്രതികാരം ചെയ്യാന്‍ അവസരം കൈവന്നത് പിന്നീട് എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അഖിേലന്ത്യാ ലീഗ് നേതാവ് പി.എം. അബൂബക്കര്‍ മന്ത്രിയായപ്പോഴാണ്. അദ്ദേഹവും സെയ്ദ് ഉമര്‍ ബാഫഖി തങ്ങളുമടങ്ങുന്ന സംഘം ദോഹ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ സ്റ്റേറ്റ് ഗസ്റ്റ് ആക്കുന്നതിനെതിരെ കെ.എം.സി.സിക്കാരുടെ പാര. അഖിലേന്ത്യാ ലീഗ് നേതാക്കള്‍ ശൈഖ് അന്‍സാരിയുടെ ഓഫീസിലെത്തി എന്നെക്കണ്ട് എവ്വിധവും സ്റ്റേറ്റ് അതിഥിയായി പി.എമ്മിനെ പരിഗണിച്ചേ പറ്റു എന്നുണര്‍ത്തി. അതവരുടെ അഭിമാന പ്രശ്‌നമായിരുന്നു. പി.എമ്മിന്റെ മക്കള്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായതുകൊണ്ട് ഞാനുമായി പ്രത്യേക ബന്ധവുമുണ്ടായിരുന്നു. മന്ത്രി പി.എം. അബൂബക്കര്‍ ദോഹയിലെത്തിയ ഉടനെ അേദ്ദഹത്തെയും സംഘത്തെയും കൂട്ടി ശൈഖ് അന്‍സാരിയെ ചെന്നു കണ്ടു. വഖ്ഫ്, ഹജ്ജ് വകുപ്പുകളുടെ ചുമതലകൂടി വഹിച്ചിരുന്നു പി.എം. ഖത്തറിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചത് അന്‍സാരിയില്‍ വലിയ മതിപ്പുളവാക്കി. വിദേശ തൊഴിലാളികള്‍ സ്‌പോണ്‍സര്‍മാരുടെ കൂടെ മാത്രം ജോലി ചെയ്യണമെന്ന നിയമം നിലവില്‍ വന്ന ഉടനെയായിരുന്നു അത്. സ്‌േപാണ്‍സറെ മാറ്റാനുള്ള അവസാന തീയതിയും ആസന്നമായിരുന്നു. ആയിരക്കണക്കില്‍ മലയാളികളുടെ ഉപജീവനം മുടങ്ങി നാട്ടിേലക്ക് തിരിച്ചുപോവേണ്ട സാഹചര്യം പരക്കെ പരിഭ്രാന്തി പരത്തിയിരുന്നു. പി.എം പ്രശ്‌നത്തിന്റെ ഗൗരവം അന്‍സാരിയെ ധരിപ്പിച്ചപ്പോള്‍ ഉടന്‍ മന്ത്രി അമീറിനെ സന്ദര്‍ശിച്ച് വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് നിര്‍ദേശിച്ചു. അമീറുമായുള്ള കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടുകൊണ്ട് ശൈഖ് തന്നെ അമീറിനെ വിളിക്കുകയും ചെയ്തു. എന്നാല്‍, അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി ഓഫീസ് വിട്ട നട്ടുച്ചനേരമായിരുന്നതിനാല്‍ പിറ്റേദിവസത്തേക്കുള്ള സമയമാണ് അനുവദിച്ചത്. മന്ത്രിക്കാവട്ടെ പിേറ്റന്ന് തിരിച്ചുപോവുകയും വേണം.

പ്രതിസന്ധിക്ക് പരിഹാരം ശൈഖ് അന്‍സാരി തന്നെ കെണ്ടത്തി. അദ്ദേഹം അമീറിനെ കൊട്ടാരത്തില്‍ ചെന്നു കണ്ട് സ്‌പോണ്‍സര്‍ മാറ്റത്തിനുള്ള അവധി നീട്ടിക്കൊടുക്കാന്‍ ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കാമെന്ന് അറിയിച്ചു. മാത്രമല്ല, നിശ്ചിത സമയത്തിനകം മാറ്റാനുള്ള സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് തന്റെ പേരിലേക്ക് സ്‌േപാണ്‍സര്‍ഷിപ്പ് മാറ്റാനുള്ള ഉദാരതയും അദ്ദേഹം പ്രകടിപ്പിച്ചു. ഉടനെ അമീറിനെ സന്ദര്‍ശിച്ച അന്‍സാരിയുടെ ദൗത്യം വിജയിച്ച സുവാര്‍ത്തയാണ് വൈകുന്നേരമായപ്പോഴേക്ക് പുറത്തുവന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള കാലാവധി മൂന്നുമാസം ദീര്‍ഘിപ്പിച്ചതായി അമീറിന്റെ ഉത്തരവ് വന്നു. പ്രവാസികള്‍ ആഹ്ലാദഭരിതരായി. ദൈവത്തിനും അമീറിനും ശൈഖ് അന്‍സാരിക്കും മന്ത്രി പി.എം അബൂബക്കറിനും അവര്‍ നന്ദി പറഞ്ഞു. എന്നാല്‍, പിറ്റേന്ന് മുതല്‍ ഞാനാണ് ശരിക്കും വെള്ളം കുടിച്ചത്. നൂറുകണക്കിന് മലയാളികള്‍ ശൈഖ് അന്‍സാരിയുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അപേക്ഷകളുമായി ഓഫീസിലെത്തി. ഓഫീസിലെ ഒരേയൊരു മലയാളിയായ ഞാന്‍ തന്നെ വേണം അപേക്ഷകള്‍ മുഴുവന്‍ അറബിയിലാക്കി, നിശ്ചിത ഫോറത്തില്‍ ശൈഖിന്റെ ഒപ്പിടുവിച്ച് കൊടുക്കാന്‍. എങ്കിലും ഈ സേവനം ചാരിതാര്‍ഥ്യത്തിനേ വക നല്‍കിയുള്ളൂ. പി.എം അബൂബക്കറുമായുള്ള ഗാഢബന്ധം അദ്ദേഹത്തിന്റെ വിയോഗം വരെ തുടര്‍ന്നുവെന്നതും കൂട്ടത്തില്‍ അനുസ്മരിക്കെട്ട. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍