അതാണ് പ്രബോധനത്തിന്റെ സവിശേഷത
വായനക്കാരന് അയത്‌നലളിതമായി ഗ്രഹിക്കാന്‍ സാധിക്കുന്ന ശുദ്ധസുന്ദര ഭാഷയെന്നതാണ് പ്രബോധനത്തിന്റെ പാരമ്പര്യം. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ 'ജീവിതാക്ഷരങ്ങളി'ല്‍ ഈ സംഗതി സൂചിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇതര ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍നിന്ന് പ്രബോധനത്തെ വേര്‍തിരിക്കുന്ന സവിശേഷതകളിലൊന്നാണത്. പ്രബോധനം വായനക്കാരന്‍ വൈജ്ഞാനികമായ വളര്‍ച്ചക്കൊപ്പം ഭാഷാപരമായി ഉന്നതനിലവാരത്തിലെത്തിച്ചേരുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അനുവാചകരില്‍ സവിശേഷമായ ഒരു സാഹിത്യ ഭാഷാ സംസ്‌കാരം വാരിക വളര്‍ത്തിയെടുത്തിട്ടുണ്ട്. അതേസമയം, പ്രബോധനം ഒരു ഭാഷാ സാഹിത്യ പ്രസിദ്ധീകരണമല്ല. എല്ലാ നിലവാരത്തിലുമുള്ള വ്യക്തിക്കും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന വിധം ഇസ്‌ലാമികാശയങ്ങള്‍ ലളിതവും സ്ഫുടവുമായ ശൈലിയില്‍ അവതരിപ്പിക്കുകയെന്നതാണ് അതിന്റെ നയം. ഭാഷയും സാഹിത്യവും അതിലുള്‍ച്ചേരുന്നുണ്ട് എന്നുമാത്രം.
അപരിചിതമായ പദങ്ങളുപയോഗിച്ചും വളച്ചുതിരിച്ച ശൈലി പ്രയോഗിച്ചും ലളിതമായ ആശയങ്ങള്‍ ദുര്‍ഗ്രഹമാക്കുന്ന രീതിയാണ് സാഹിത്യം എന്ന് കരുതുന്നവരുണ്ട്. പ്രസിദ്ധ പൗരാണിക അറബി സാഹിത്യകാരനായ അബ്ദുല്ലാഹിബ്‌നുല്‍ മുഖഫ്ഫഅ് സാഹിത്യത്തെ നിര്‍വചിച്ചത് 'ഇതേപോലെ ആവിഷ്‌കരിക്കാന്‍ എനിക്കുമാകുമല്ലോ എന്ന് ഏത് പാമരനും കരുതുന്നതെന്തോ അതാണ് സാഹിത്യം' എന്നാണ്. അത്രക്കും ലളിതവും സ്പഷ്ടവുമായ സുന്ദരശൈലിയാണ് സാഹിത്യം എന്ന് സാരം.
'പ്രവാചകന്റെ രാഷ്ട്രതന്ത്രം: ഇസ്‌ലാമിന്റെയും' എന്ന ലേഖനത്തിലെ (ലക്കം 25, വാള്യം 75) ചില വരികള്‍ വായിച്ചപ്പോഴാണ് ഇത് എഴുതാന്‍ തോന്നിയത്.
സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ, ദുല്‍ഹുലൈഫ എന്നത് മദീനയോടടുത്ത ഒരു പ്രദേശമാണ്. ഹജ്ജിനും ഉംറക്കുമായി മദീനയിലൂടെ കടന്നുപോകുന്നവര്‍ ഇഹ്‌റാം ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ട സ്ഥലം (മീഖാത്ത്) ആണ് ദുല്‍ഹുലൈഫ. ഹിജ്‌റ ആറാം വര്‍ഷം പ്രവാചകന്‍(സ) ഉംറക്കായി മക്കയിലേക്ക് യാത്രചെയ്തത് മുതലാണ് അതിന് പ്രസക്തി കൈവന്നത്. പുരാതന അറബിച്ചന്തയായിരുന്ന ദുല്‍മജാസ് ആയിരിക്കാം ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. ഉക്കാദ്, ദുല്‍മജാസ്, മജന്ന എന്നിവ ജാഹിലീകാലത്തെ പ്രശസ്തമായ വാണിജ്യ-സാംസ്‌കാരിക-സാഹിത്യമേളകളായിരുന്നു.
'യുദ്ധം പൂത്തുകായ്ക്കുന്ന(?) അറേബ്യന്‍ ഗോത്രങ്ങളില്‍ അനാഥരും അഗതികളും വിധവകളും കുമിഞ്ഞുനിന്നു. ഇവരെ പിഴിഞ്ഞും ഉരിഞ്ഞും ദ്രവ്യം സമാഹരിച്ചവരെ നോക്കിയാണ് വചനം വന്നത്: കേവലാനുഷ്ഠാനക്കാര്‍ക്ക് നാശം. നിങ്ങളുടെ പ്രാര്‍ഥനയും അര്‍ച്ചനയും അപ്പാടെ പാഴില്‍. ആദരിക്കപ്പെടാത്ത അനാഥര്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടി നിങ്ങള്‍ പിടയാത്തതുകൊണ്ട്.' (അതേ ലേഖനം). യുദ്ധം പൂത്തുകായ്ക്കുകയെന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്? ഏത് വചനത്തിന്റെ സാരാംശമാണ് പരാമര്‍ശിക്കപ്പെട്ടതെന്ന് സൂചിതമാവേണ്ടിയിരുന്നു. സൂറ അല്‍മാഊനായിരിക്കുമെന്നനുമാനിക്കുന്നു. എങ്കില്‍ വചനവും സാരവും തമ്മില്‍ വലിയ പൊരുത്തക്കേട് നിലനില്‍ക്കുന്നു.
ഗഹനമായ ആശയങ്ങളും ഉള്ളടക്കങ്ങളും ശുദ്ധ മലയാളത്തില്‍ വായിക്കാന്‍ കഴിയുകയെന്നതാണ് പ്രബോധനത്തിന്റെ സവിശേഷത!
നശിക്കാന്‍ വിധിക്കപ്പെട്ട സമൂഹം
കുരിശു യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു വാദപ്രതിവാദം നടന്നിരുന്നു. ആദം നബിയുടെ വിസര്‍ജ്യം നജസാണോ അല്ലയോ എന്നതായിരുന്നു അത്! ഈ കുറിപ്പിന് കാരണം 'പിന്നാക്കാവസ്ഥയുടെ ബീഭത്സത' (പ്രബോധനം ലക്കം 75/24) എന്ന മുഖവാക്കാണ്. ഇത് സന്ദര്‍ഭോചിതമാണ്. അല്‍പം മെച്ചപ്പെട്ട വിദ്യാഭ്യാസവും സാമ്പത്തികശേഷിയും ചിന്താശേഷിയുമുള്ള മുസ്‌ലിംകളെയും 'ഖബ്‌റിസ്താനി'ലേക്ക് ആട്ടിത്തെളിച്ചത് ഇന്നലെയുടെ ചരിത്രം. ഇതിനപവാദം കേരളമായിരുന്നു. ഇവിടെനിന്ന് ആരെയും 'മുഹാജിറു'കളാകാന്‍ കിട്ടിയില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു അവസ്ഥ ദലിതരുടെ താഴെയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിഭക്ത യു.പി(അവിടെ നിന്നാണ് ഏറിയ കൂറും 'ഖബ്‌റിസ്താനി'ലേക്ക് പോയത്)യില്‍ അഞ്ചു ലക്ഷം മുസ്‌ലിംകള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നുവെന്ന് സംഘ് പരിവാര്‍ പ്രചാരണം നടത്തി. അന്ന് അവിടെ ജമാഅത്തെ ഇസ്‌ലാമി ഒരു സര്‍വേ നടത്തി, ഫലം ഞെട്ടിക്കുന്നതായിരുന്നു. അവശേഷിച്ച മുസ്‌ലിംകളില്‍ മഹാ ഭൂരിപക്ഷവും ഇസ്‌ലാമിന്റെ അടിസ്ഥാനമായി കരുതിയിരുന്നത് മൂന്ന് കാര്യങ്ങളാണ്; ഒന്ന്, പ്രസവിച്ചാല്‍ മുസ്‌ലിം നാമകരണം. രണ്ട്, വിവാഹം മതാചാരപ്രകാരം നടത്തുക. മൂന്ന്, മരിച്ചാല്‍ മുസ്‌ലിം മഖ്ബറയില്‍ മറമാടുക. ഒന്നും മൂന്നും കാര്യങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടായിരുന്നില്ല. രണ്ടാമത്തേതാണ് പ്രയാസം നേരിട്ടിരുന്നത്. പട്ടണങ്ങളില്‍നിന്ന് മൗലാനമാരെ കൊണ്ടുവന്ന് ചടങ്ങ് നിര്‍വഹിപ്പിക്കാന്‍ ചെലവേറും. അതിന് സാമ്പത്തിക ശേഷിയില്ലാത്തവര്‍ അടുത്തുള്ള മന്ദിറില്‍നിന്ന് പൂജാരിയെ വരുത്തി കാര്യം നിര്‍വഹിക്കും. ഇങ്ങനെ ചടങ്ങ് നടത്തിയവരാണ് അഞ്ചു ലക്ഷം പേര്‍! ജമാഅത്തെ ഇസ്‌ലാമി യു.പി ഘടകം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഖുര്‍ആന്‍ കാമ്പയിന്‍ നടത്തി എല്ലാവരെയും തിരിച്ചുകൊണ്ടുവന്നു. മാത്രമല്ല ഭൗതിക-മതസ്ഥാപനങ്ങളും പള്ളികളും ആതുരാലയങ്ങളും തൊഴിലവസരങ്ങളും ഭവനങ്ങളുമൊരുക്കി അവരെ സ്വയം പര്യാപ്തരാക്കാന്‍ ശ്രമിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ പിറവിയെടുത്തതാണ് വിഷന്‍ 2016 (2026).
ഇന്ന് മുസ്‌ലിം സമൂഹം അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ചില സംഘടനകള്‍ മുടിയിലും ചെടിയിലും താടിയിലും ജീവിതം തളച്ചിട്ടിരിക്കുന്നു. ശത്രുക്കളോട് ഒട്ടിനിന്ന്, കോടികള്‍ കൈക്കലാക്കി സുഖജീവിതം നയിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇതെല്ലാം കാണുമ്പോള്‍ മുസ്‌ലിംകള്‍ നശിക്കാന്‍ വിധിക്കപ്പെട്ട സമൂഹമാണെന്ന് തോന്നിപ്പോകും.
ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്
അനുസ്മരണം മാതൃകാപരം
എം.എ റശീദ് മൗലവിയെ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പ്രയോജനപ്പെടുന്ന അനുസ്മരണക്കുറിപ്പ് (2018 നവംബര്‍ 2) വായിക്കാനിടയായി. പതിവുശൈലിയില്‍നിന്ന് വ്യത്യസ്തമായി ജനിച്ച വര്‍ഷവും മരിച്ച തീയതിയും തുടക്കത്തിലേ കാണിച്ചിട്ടുണ്ട്. നീണ്ട 95 വര്‍ഷത്തെ ജീവിതയാത്രയില്‍ നേരിട്ട പ്രയാസങ്ങളും അനുഭവങ്ങളും പറയുമ്പോള്‍ മൗലാനാ മൗദൂദിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ഗ്രഹിക്കാനവസരം ലഭിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം എന്നത് പ്രത്യേകം കുറിച്ചത് നന്നായി.
കെ.പി.എ അസീസ്
മതമല്ല ഇസ്‌ലാം
മതമെന്ന കള്ളിക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല ഇസ്‌ലാം. ഇത് മുസ്‌ലിംകള്‍ ഒന്നാമതായി മനസ്സിലാക്കേണ്ടതാണ്. ലിബറലുകളും യുക്തിവാദികളും മതമെന്ന നിലയില്‍ ഇസ്‌ലാമിനെ ഉന്നം വെക്കുമ്പോള്‍ ദീന്‍ എന്ന നിലയില്‍ ഇസ്‌ലാമിനെ ഉയര്‍ത്തിക്കാണിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദീന്‍ എന്ന സാങ്കേതിക പദത്തെ ലളിതമായി ജീവിതത്തില്‍ ആവിഷ്‌കരിക്കുന്നതില്‍ മുസ്‌ലിംകള്‍ പരാജയപ്പെടുന്നതും യുക്തിവാദികള്‍ക്കും മറ്റും മതവിരുദ്ധ പ്രചാരണം എളുപ്പമാക്കുന്നു. കേവല മതത്തിനപ്പുറത്തേക്ക് വിമോചനപരതയുള്ള ഇസ്‌ലാം ദീനാക്കി അവതരിപ്പിക്കാനും ആവിഷ്‌കരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയാണ് പരിഹാര മാര്‍ഗങ്ങളില്‍ ഒന്ന്.
ഉബൈദത്ത് പെരുമ്പാവൂര്‍
പുസ്തകപ്പുരയെ കുറിച്ച്
റഹ്മാന്‍ മുന്നൂരിനെക്കുറിച്ചുള്ള അനുസ്മരണ ലേഖനങ്ങള്‍ (ലക്കം 3074) അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ ഇടവരുത്തി. തുടക്കവും ഒടുക്കവും പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഒരാള്‍ തനിക്ക് ലഭിച്ച ജീവിതകാലം ഫലപ്രദമായി ഉപയോഗിച്ചു. കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിക്കാനും വിവര്‍ത്തനം ചെയ്യാനും കഴിഞ്ഞത് അനുഗ്രഹം തന്നെയാണ്.
'പുസ്തകപ്പുര'യില്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നത് പകുതി സേവനമേ ആകുന്നുള്ളൂ. അവ വായനക്കാരന് ലഭിക്കണമെങ്കില്‍ പ്രസാധകരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ കൊടുക്കണം എങ്കിലേ അതുകൊണ്ട് പ്രയോജനമുള്ളൂ.
എം. അല്‍ഖാഫ്, പട്ടാമ്പി
Comments