നവോത്ഥാന കേരളത്തിന്റെ ഇസ്‌ലാമനുഭവം
നവോത്ഥാനത്തെക്കുറിച്ച വാതോരാതെയുള്ള സംസാരങ്ങളാണ് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. പ്രളയാനന്തരമുള്ള പുതിയ കേരളീയ സന്ദര്‍ഭത്തിലും ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സജീവ സാന്നിധ്യമായി നവോത്ഥാനമെന്ന ആശയം കടന്നുവരുന്നുണ്ട്.
ഈ നവോത്ഥാന ചര്‍ച്ചകളില്‍ എന്തുകൊണ്ടും ഒഴിച്ചുനിര്‍ത്താനാവാത്ത ഇടമാണ് ഇസ്‌ലാമിനുള്ളത്. എന്നാല്‍, ഇസ്‌ലാമിന്റെ തേജോമയമായ നവോത്ഥാന ചരിത്രം സമകാലിക ചര്‍ച്ചകളില്‍ ബോധപൂര്‍വമായി തന്നെ മാറ്റിനിര്‍ത്തപ്പെടുകയാണ്. പ്രോജ്ജ്വലമായ ഇസ്‌ലാമിന്റെ ചരിത്രപാരമ്പര്യത്തെ കൂടി ചേര്‍ത്തുവെച്ചാല്‍ മാത്രമേ കേരളീയ നവോത്ഥാനത്തെക്കുറിച്ച ചരിത്രം പൂര്‍ണമാവുകയുള്ളൂ.
ഇസ്‌ലാം: നവോത്ഥാന ചരിത്രത്തിന് ഒരാമുഖം
'ഗാമയും അനുചരരും കാലുകുത്തീ മണ്ണില്‍
ക്ഷേമലക്ഷ്മിയ്ക്കക്ഷണം കരടു പോയി കണ്ണില്‍'
(ചങ്ങമ്പുഴ - തെങ്ങുകളുടെ വിഡ്ഢിത്തം)
വെട്ടിപ്പിടിക്കലുകളുടെ ഭൂഖണ്ഡാന്തര സമുദ്ര സഞ്ചാരങ്ങളുടെ ഭാഗമായി കേരളത്തില്‍ കാലുകുത്തിയ പോര്‍ച്ചുഗീസുകാരെക്കുറിച്ച് ചങ്ങമ്പുഴ നടത്തിയ മേല്‍നിരീക്ഷണം അദ്ദേഹത്തിന്റെ മാത്രമല്ല, കേരളത്തിന്റെ പൊതുവായ അഭിപ്രായം കൂടിയാണ്. അതേസമയം ഇസ്‌ലാമിന്റെ ആഗമനത്തിനാകട്ടെ കേരളം കണ്ണും കാതും തുറന്നുവെച്ച് കാത്തിരിക്കുകയായിരുന്നു. കരയണഞ്ഞ ആ അറേബ്യന്‍ വിദേശ വണിക്കുകളെ കേരളം ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. അറബി മുറ്റം ചവിട്ടുന്നത് ഐശ്വര്യമാണെന്ന് കേരളം കണക്കുകൂട്ടി. അവരുടെ വരവിനായി പടിഞ്ഞാറന്‍ കടലിലേക്ക് കേരളീയര്‍ കണ്ണുതുറന്നു വെച്ചു. പിന്നെപിന്നെ ആ പടിഞ്ഞാറന്‍ കടലിനെ തന്നെ അവര്‍ അറബിക്കടലെന്ന് ഓമനപ്പേരിട്ട് വിളിച്ചു. അങ്ങനെ പുതിയൊരു സംസ്‌കാരത്തിലേക്കും ആശയത്തിലേക്കും കേരളം മാര്‍ഗം കൂടുകയായിരുന്നു.
അതിലൂടെ ഇന്ത്യന്‍ ദേശീയതയുടെ ചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലും ഉജ്ജ്വലമായ ചരിത്രശേഷിപ്പുള്ള വിഭാഗമായി കേരളീയ മുസ്‌ലിംകളും മാറി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍, സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍, വിദ്യാഭ്യാസ നവോത്ഥാന മുന്നേറ്റത്തില്‍ എല്ലാം ഇസ്‌ലാം നിര്‍വഹിച്ച പങ്ക് ഒളിമങ്ങാത്ത വിധം രേഖപ്പെടുത്തപ്പെട്ടു. അതിലൂടെ കേരളീയ നവോത്ഥാനത്തിനു തന്നെ ആശയപരമായ പിന്‍ബലമേകാനും സൈദ്ധാന്തികമായ ദിശാബോധം നല്‍കാനും ഇസ്‌ലാമിനായി. ഇതര മതങ്ങളെ സംബന്ധിച്ചേടത്തോളം നവോത്ഥാനമെന്നത് ആധുനികതയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവന്ന ഒരാശയം മാത്രമായിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഇന്ത്യയിലും കേരളത്തിലും വികസിച്ചുവന്നിട്ടുള്ള സാമൂഹികമായ ഉണര്‍വിനെയാണ് നവോത്ഥാനമെന്ന് പൊതുവെ വിളിച്ചുപോരുന്നത്.
എന്നാല്‍, ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം നവോത്ഥാനമെന്നത് ആധുനികതയുമായി ഒട്ടിനില്‍ക്കുന്ന ഒരാശയമല്ല. മറിച്ച്, പ്രവാചകന്‍ മുഹമ്മദ് നബിയുടെ തുടര്‍ച്ചയില്‍ വികസിച്ചു വന്നിട്ടുള്ള ആശയവും പ്രയോഗവുമാണ്. അങ്ങനെ വരുമ്പോള്‍ ലോകത്ത് കൊട്ടിഘോഷിക്കപ്പെട്ട യൂറോപ്യന്‍ നവോത്ഥാനത്തെ പോലും ആശയപരമായി നിര്‍ണയിച്ചത് ആര് എന്ന ചോദ്യത്തിന് ഇസ്‌ലാം എന്നതാവും ഉത്തരം. ഇതൊട്ടും അതിശയോക്തിയുള്ള വാദമല്ല.
ആധുനിക ചരിത്രത്തിന്റെ പിതൃസ്ഥാനത്ത് നമ്മള്‍ പലപ്പോഴും പ്രതിഷ്ഠിക്കാറുള്ളത് ഹെഗലിനെയും റാങ്കെയുമൊക്കെയാണ്. എന്നാല്‍, അവര്‍ക്ക് മുന്നൂറ്, നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ എന്ന ലക്ഷണമൊത്ത ചരിത്ര ഗ്രന്ഥമെഴുതുന്നുണ്ട്. രക്തചംക്രമണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി വിളിക്കപ്പെടുന്ന വില്യം ഹാര്‍വിക്ക് എത്രയോ മുമ്പ് ഇബ്‌നുന്നഫീസിന് അത് കണ്ടുപിടിക്കാന്‍ കഴിയുന്നുണ്ട്. സര്‍ജറിയുടെ പിതാവായി അബുല്‍ ഖാസിമും അലോപ്പതിയുടെ തുടക്കക്കാരനായി ഇബ്‌നു സീനയും കെമിസ്ട്രിക്ക് ആമുഖം രേഖപ്പെടുത്തിയയാളായി ജാബിറുബ്‌നു ഹയാനുമെല്ലാം കേന്ദ്രസ്ഥാനം കൈയാളുന്നത് അക്കാലയളവിലാണ്. യൂറോപ്യന്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ ഇത്തരം മഹാരഥന്മാര്‍ വൈജ്ഞാനിക ചക്രവാളത്തില്‍ നിറഞ്ഞുനിന്നിരുന്ന കാലം മധ്യകാല ഇസ്‌ലാമില്‍ കഴിഞ്ഞുപോയിട്ടുണ്ട്. വിജ്ഞാനത്തിന്റെ ഈവിധമുള്ള അറബ് മാതൃകകളെ ഏറ്റെടുത്തുകൊണ്ടും പരിഷ്‌കരിച്ചുകൊണ്ടുമാണ് യൂറോപ്യന്‍ നവോത്ഥാനം രൂപപ്പെട്ടു വരുന്നത്.
അറിവിന്റെ കുത്തകാവകാശം തങ്ങളില്‍ മാത്രം നിലനിര്‍ത്തിക്കൊണ്ടും ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്കിനെ മറച്ചുവെച്ചു കൊണ്ടുമാണ് യൂറോപ്പ് മുന്നോട്ടു പോയത്. കാരണം, ഇസ്‌ലാമിനെ എത്രമാത്രം അധമവത്കരിക്കാനും അപരിഷ്‌കൃതമാക്കാനും കഴിയുന്നുവോ ആ അളവിലാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് നിവര്‍ന്നുനില്‍ക്കാന്‍ സാധിച്ചത്. ഇസ്‌ലാമിനെ പ്രാകൃത മതമാക്കി അവതരിപ്പിക്കാന്‍ യൂറോപ്പ് തുനിഞ്ഞിറങ്ങുന്നതും ഇത്തരമൊരു ചരിത്ര സന്ദര്‍ഭത്തിലാണ്.
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ഇന്ത്യയിലും കേരളത്തിലുമെല്ലാം നവോത്ഥാന ചിന്തകള്‍ വികസിച്ചുവരുന്നത്. ആ നവോത്ഥാനമാകട്ടെ പലപ്പോഴും മതമൂല്യങ്ങള്‍ക്കപ്പുറം മതനിരാസത്തിനാണ് പ്രാമുഖ്യം നല്‍കിയത്. മൃതദേഹം ദഹിപ്പിക്കുകയാണോ മറവു ചെയ്യുകയാണോ നല്ലതെന്ന ശിഷ്യന്റെ ചോദ്യത്തിന് കേരളത്തിന്റെ നവോത്ഥാന ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാരായണ ഗുരു നല്‍കുന്ന മറുപടി 'ചക്കിലാട്ടി വളമായെടുത്ത് കൃഷിക്കു ഉപയോഗിക്കുന്നതല്ലേ നല്ലത്?' എന്ന മറുചോദ്യമായിരുന്നു. 'അയ്യോ സ്വാമീ, അത് സങ്കടകരമാണ്' എന്ന് പരിതപിച്ച ശിഷ്യനോട് ഗുരു ചോദിക്കുന്നത് 'എന്താ മൃതദേഹത്തിന് നോവുമോ?' എന്നായിരുന്നു. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നതായിരുന്നു സഹോദരന്‍ അയ്യപ്പനും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. സഹോദരനയ്യപ്പന്റെ മതവിരുദ്ധതയില്‍ മനംനൊന്ത് സങ്കടം പറയാനെത്തിയ മറ്റൊരു ശിഷ്യനോട് നാരായണ ഗുരു പറയുന്നത് 'അയ്യപ്പന്റെ വാക്കില്‍ ദൈവമില്ലെങ്കിലും പ്രവൃത്തിയില്‍ ദൈവമുണ്ട്' എന്നായിരുന്നു. ഇത്തരത്തില്‍ മതനിരാസത്തിന്റെ വക്താക്കളായി കേരളത്തിന്റെ നവോത്ഥാന നായകര്‍ മാറിയതിന്റെ പിന്നില്‍ വര്‍ത്തിച്ചത് യൂറോപ്യന്‍ നവോത്ഥാനമായിരുന്നു. അതാകട്ടെ കെട്ടിപ്പടുക്കപ്പെട്ടത് പൂര്‍ണമായും മതനിരാസത്തിലുമായിരുന്നു. കാരണം, പതിനാലാം നൂറ്റാണ്ടിലാരംഭിച്ച് പതിനെട്ടാം നൂറ്റാണ്ടോടെ പൂര്‍ണത പ്രാപിക്കുന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചരിത്രം മതവും മതേതരത്വവും തമ്മിലുള്ള സംഘര്‍ഷത്തിന്റേതു കൂടിയാണ്.
ആധുനിക നവോത്ഥാനം കൊണ്ടാടിയ മൂല്യമായിരുന്നു ഹ്യൂമനിസം. പരലോകത്തിന്റെ സ്ഥാനത്ത് ഐഹിക ലോകത്തെയും ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യനെയും അത് പ്രതിഷ്ഠിച്ചു. അതോടെ ദൈവകേന്ദ്രിതമായിരുന്നത് മനുഷ്യകേന്ദ്രിതമായി. പരലോകത്തെക്കുറിച്ച് അസ്വസ്ഥരാവാതെ ഇഹലോക ജീവിതത്തെ ആഘോഷിക്കാനാണ് നവോത്ഥാനമാവശ്യപ്പെട്ടത്. മതനിരാസത്തിലൂട്ടപ്പെട്ട ഈ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നവോത്ഥാന ഉണര്‍വുകള്‍ സംഭവിക്കുന്നത്. അക്കാലത്തുള്ള ഗാനങ്ങള്‍, നാടകങ്ങള്‍ മുതലായവയിലെല്ലാം ദൈവവിരുദ്ധവും മതവിരുദ്ധവുമായ ആശയാവലികള്‍ കണ്ടെടുക്കാനാവും.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വെച്ചു - മനസ്സു പങ്കു വെച്ചു
എന്ന് വയലാര്‍ എഴുതിയ വരികളും
ദൈവം മനുഷ്യനായ് പിറന്നാല്‍
ജീവിതമനുഭവിച്ചറിഞ്ഞാല്‍
തിരിച്ചു പോകും മുമ്പേ ദൈവം പറയും
മനുഷ്യാ നീയാണെന്റെ ദൈവം
എന്ന യൂസുഫലി കേച്ചേരിയുടെ വരികളും കേരളത്തില്‍ വളര്‍ന്നു പന്തലിച്ച ഹ്യൂമനിസത്തിന്റെ മാനിഫെസ്റ്റോകള്‍ കൂടിയായിരുന്നു. മതനിരാസത്തില്‍ കെട്ടിപ്പടുക്കപ്പെട്ട ഈ നവോത്ഥാന ചിന്തകളെ അടിപ്പടവായി സ്വീകരിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകതലത്തിലും കേരളത്തിന്റെ പശ്ചാത്തലത്തിലുമെല്ലാം മുന്നേറുന്നത്. ഇസ്‌ലാമിനെ വികൃതവത്കരിച്ച യൂറോപ്പിന്റെ ചുവടൊപ്പിച്ച് കമ്യൂണിസവും അതേറ്റു പാടി. ഇന്ത്യയിലും കേരളത്തിലുമാകട്ടെ ആധുനികതക്ക് മുമ്പുണ്ടായ ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഉണര്‍വുകളെ വേണ്ടുംവിധം പരിഗണിക്കാനും ഇടതുപക്ഷത്തിനായില്ല. അതുകൊണ്ട് കേരളീയ നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ അതിന് തൂക്കൊപ്പിച്ച് വക്കം മൗലവിയടക്കമുള്ളവര്‍ നടത്തിയ ആധുനിക മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച് പറയാനാണ് ഇടതുപക്ഷം ഉത്സാഹിച്ചത്. ആധുനികതക്കു മുമ്പ് ഇതര മതങ്ങളിലേതുപോലെ ജീര്‍ണവും പ്രാകൃതവുമായ ചരിത്രമാണ് ഇസ്‌ലാമിനുമുള്ളത് എന്നതാണ് ഇതിലൂടെ പലപ്പോഴും പ്രക്ഷേപണം ചെയ്യപ്പെട്ടത്.
മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കാലപ്പഴക്കം
കേരളത്തിലെ മുസ്ലിം നവോത്ഥാനവും ഇതര സമൂഹങ്ങളിലുണ്ടായ- ഈഴവ, നായര്‍, നമ്പൂതിരി- നവോത്ഥാന മുന്നേറ്റങ്ങളും പരസ്പര പൂരകങ്ങളായിരുന്നു എന്നാണ് പലപ്പോഴും വിലയിരുത്തപ്പെടാറുള്ളത്. വക്കം മൗലവിയുമായി ശ്രീനാരായണ ഗുരുവിന് ഉണ്ടായിരുന്ന സൗഹൃദമാണ് കേരളീയ മുസ്ലിം നവോത്ഥാനത്തിന് തുറവിയൊരുക്കിയത് എന്നുവരെയുള്ള അതിവാദങ്ങള്‍ ഇതിന്റെ ഭാഗമായി വികസിച്ചു വരാറുമുണ്ട്. എന്നാല്‍, വക്കം മൗലവി, മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍ മുതല്‍ പേര്‍ തുടങ്ങുന്ന മുസ്‌ലിം നവോത്ഥാന ചരിത്രത്തിലാണ് ഇത്തരമൊരു ഒത്തിണക്കം കാണാനാവുന്നത്. ശ്രീനാരായണ ഗുരുവും വക്കം മൗലവിയും അടുത്തിടപഴകുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് എന്നത് ചരിത്ര വസ്തുതയാണ്. വക്കം മൗലവിയുടെ ദീപിക നമ്പൂതിരി യുവാക്കളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചെഴുതുന്നുമുണ്ട്. എന്നാല്‍, നവോത്ഥാന ചരിത്രത്തിന്റെ ഇങ്ങേ തലക്കലുള്ള ഒരധ്യായം മാത്രമാണത്. അതിനുമെത്രയോ മുമ്പ് നിലനിന്നതും ചരിത്രത്തില്‍ തുടര്‍ച്ചയുള്ളതുമായ ഒന്നാണ് മുസ്‌ലിം നവോത്ഥാനം.
നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതാണ് കേരളീയ നവോത്ഥാനത്തിന്റെ ചുരുക്കം എന്ന് വിലയിരുത്തപ്പെടാറുണ്ട്. പക്ഷേ, ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മനുഷ്യനാകേണ്ടതാവശ്യമില്ലാത്ത വിധം ഇസ്‌ലാം സമഗ്രവും ചലനാത്മകവുമായിരുന്നു എന്നതാണ് കേരളത്തിന്റെ പോയകാല സാമൂഹിക ചരിത്രം. അരുവിപ്പുറത്തെ ഈഴവ ശിവപ്രതിഷ്ഠക്കു ശേഷം എന്തുകൊണ്ട് ഒരു മതത്തിനു വേണ്ടി പ്രതിഷ്ഠ നടത്തുന്നു എന്ന ചോദ്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നാരായണഗുരു പറഞ്ഞത് അവരാണ് എന്നോട് ആരാധനക്ക് സൗകര്യം ചെയ്യണമെന്ന് പറഞ്ഞത്, മുസ്‌ലിംകളാണ് ആവശ്യപ്പെട്ടതെങ്കില്‍ അവര്‍ക്ക് പള്ളിയും നിര്‍മിച്ചുകൊടുത്തേനെ എന്നായിരുന്നു. മുസ്ലിംകള്‍ക്ക് അത്തരമൊരു ആവശ്യം ഉന്നയിക്കേണ്ടതാവശ്യമില്ലാത്ത വിധം അവര്‍ സാംസ്‌കാരികമായി മുന്നിലാണ് എന്നു കൂടിയാണ് നാരായണഗുരു ഇതിലൂടെ പറയാതെ പറയുന്നത്.
'എഴുത്തഛന്‍ ഓലയില്‍ നാരായം കൊണ്ട് പുരാണ കാവ്യങ്ങള്‍ എഴുതുന്ന സമയത്ത് കോട്ടയം സി.എം.എസ് പ്രസില്‍ അച്ചടി നടക്കുന്നുണ്ടായിരുന്നു' എന്ന എം.എന്‍ വിജയന്‍ മാഷിന്റെ വാക്കുകള്‍ ഇതുപോലെ കേരളീയ നവോത്ഥാനത്തിലേക്കുള്ള മറ്റൊരു ചൂണ്ടുവിരലാണ്. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ ഹിന്ദു സമൂഹത്തില്‍നിന്ന് വ്യത്യസ്തമായി ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളിലുണ്ടായിരുന്ന സാമൂഹിക ഉണര്‍വിനെ ബോധ്യപ്പെടുത്താനാണ് വസ്തുതാവിരുദ്ധമെങ്കിലും ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തുന്നത്. മലബാറുകാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടാന്‍ തുഹ്ഫത്തുല്‍ മുജാഹിദിനിലൂടെ ആഹ്വാനം ചെയ്യുമ്പോള്‍ അതേ കാലയളവില്‍ ജീവിച്ച എഴുത്തഛന്‍ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ നാരായം കുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന വിമര്‍ശനം വി.സി ശ്രീജനും നടത്തുന്നുണ്ട്. മലബാറിനെ ഇളക്കിമറിച്ച വൈദേശികാക്രമണങ്ങള്‍ വെടിയും പുകയും പരത്തുമ്പോള്‍ അത്തരം നരഹത്യകളിലും നഗരദഹനങ്ങളിലും ശ്രദ്ധ കൊടുക്കാതെ തന്നിലേക്ക് മാത്രമായി എഴുത്തഛന്‍ ഒതുങ്ങികൂടിയെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത് (ഡോ. വി.സി ശ്രീജന്‍ -ഓര്‍മയില്‍ മലബാര്‍, പേജ് -32)
കേരളത്തിന്റെ മണ്ണും മാനവും കവര്‍ന്നെടുത്ത് സാമ്രാജ്യത്വ ശക്തികള്‍ വിജയഭേരി മുഴക്കുകയും അതിന് മൂകസാക്ഷികളായി സവര്‍ണ സമൂഹങ്ങള്‍ ഒപ്പുചാര്‍ത്തുകയും ചെയ്തപ്പോള്‍ അതിനെതിരായ പ്രതിരോധത്തിന്റെ ഗോപുരം തീര്‍ത്തത് ഇസ്‌ലാമിക സമൂഹമായിരുന്നു. ഡച്ചുകാര്‍ കേരളത്തിന്റെ കുരുമുളക് കടത്തിക്കൊണ്ടുപോയി ഇന്തോനേഷ്യയില്‍ കൃഷി ചെയ്യുമ്പോള്‍ നമ്മുടെ തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാനാവില്ലല്ലോ എന്ന സാമര്‍ഥ്യ ചിന്തയാണ് സവര്‍ണ സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തിയതെന്ന് എം.ജി.എസ് നാരായണന്‍ പരിഹസിക്കുന്നുണ്ട്. ഈവിധം ആധുനിക നവോത്ഥാനത്തിനു മുമ്പെ പറന്ന പക്ഷിയായി മാറാന്‍ ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട്.
സാഹോദര്യം: നവോത്ഥാനത്തിന്റെ ചാലകശക്തി
ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ ഭാഗമായുള്ള അസ്പൃശ്യതയെ കുറിച്ചും ഇസ്‌ലാമിന്റെ സാഹോദര്യ മനസ്സ് അതില്‍ നടത്തിയ തിരുത്തുകളെക്കുറിച്ചും വിശദീകരിക്കാന്‍ അംബേദ്കര്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതിയില്‍ ഒരു കഥ പറഞ്ഞുവെക്കുന്നുണ്ട്. ഗാന്ധിജിയുടെ യംഗ് ഇന്ത്യയില്‍ വന്നിട്ടുള്ള കഥയാണ് അംബേദ്കര്‍ ഉദ്ധരിക്കുന്നത്. ഒരമ്മയും മകളും ചികിത്സ കിട്ടാതെ മരിച്ചു പോകുന്നതാണ് കഥ. ആ അമ്മയും മകളും ദലിത് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവരായതുകൊണ്ട് അവരെ ചികിത്സിക്കാന്‍ ആ കുട്ടിയുടെ അഛന്‍ ഒരു ഡോക്ടറെ സമീപിച്ച് അഭ്യര്‍ഥിച്ചപ്പോള്‍ ഹരിജനങ്ങളായതു കൊണ്ട് അദ്ദേഹം ചികിത്സിക്കാന്‍ തയാറായില്ല. പിന്നെ അന്നത്തെ വലിയ ഫീസ് നല്‍കി മറ്റൊരു ഡോക്ടറെ കൊണ്ടുവന്നെങ്കിലും വീടിനകത്ത് കയറി താന്‍ രോഗിയെ നോക്കില്ലെന്നും രോഗിയെ പുറത്തു കൊണ്ടുവരണമെന്നും ആ ഡോക്ടര്‍ വാശി പിടിച്ചു. അങ്ങനെ രോഗിയെ പുറത്തു കൊണ്ടുവന്നപ്പോള്‍ സവര്‍ണനായ ഡോക്ടര്‍ അദ്ദേഹത്തിന്റെ കൈയിലുള്ള തെര്‍മോമീറ്റര്‍ അവിടെയുണ്ടായിരുന്ന ഒരു മുസ്ലിമിന്റെ കൈയില്‍ കൊടുക്കുകയും ആ മുസ്ലിം തെര്‍മോമീറ്റര്‍ ഹരിജന്റെ കൈയില്‍ കൊടുക്കുകയുമാണ്. ഹരിജനായ ഭര്‍ത്താവ് അത് ഭാര്യക്ക് കൊടുക്കുന്നു, അത് വായില്‍വെച്ച് പനി നോക്കി അതേപടി ആ മുസ്ലിമിന്റെ കൈയില്‍ തന്നെ തിരിച്ചു കൊടുക്കുന്നു. മുസ്ലിം അവസാനമത് സവര്‍ണ ഡോക്ടര്‍ക്ക് തിരിച്ചു കൊടുക്കുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും നവോത്ഥാന ചരിത്രത്തില്‍ ഇസ്‌ലാം വഹിച്ച പങ്കിനെ തികവാര്‍ന്ന രൂപത്തില്‍ വരച്ചിടുന്ന ഒന്നാണ് ഈ കഥ. ഇന്ത്യയിലെ സവര്‍ണര്‍ക്കും തൊട്ടുകൂടാത്തവര്‍ എന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുമിടയില്‍ സാഹോദര്യത്തിന്റെ തെര്‍മോമീറ്റര്‍ പിടിച്ച് നില്‍ക്കുന്ന മുസ്‌ലിമിനെയാണ് ഇതില്‍ കാണാനാവുന്നത്.
ജാതിവിരുദ്ധ പ്രക്ഷോഭങ്ങളുടെ ആര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം. ജാതിവ്യവസ്ഥ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിഷേധിച്ചതെന്തായിരുന്നു എന്നാലോചിച്ചാല്‍ അതിന് കിട്ടുന്ന ഉത്തരം സാഹോദര്യം എന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളിലേക്കും അത് സൃഷ്ടിച്ച അസമത്വങ്ങളിലേക്കുമാണ് ഒരു സാമൂഹിക മാറ്റത്തിന്റെ തിരിനാളവുമായി ഇസ്‌ലാം കടന്നുവരുന്നത്. ഇസ്‌ലാമിന്റെ സാഹോദര്യ സങ്കല്‍പത്തിലേക്കും അത് മുന്നോട്ടുവെച്ച സംസ്‌കാരത്തിലേക്കും സവര്‍ണ-അവര്‍ണ ഭേദമില്ലാതെ ഏവരും മാര്‍ഗം കൂടുകയായിരുന്നു.
'ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം' എന്ന് അരുവിപ്പുറത്തെ ഈഴവ ശിവപ്രതിഷ്ഠക്കു ശേഷം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ വിരിമാറില്‍ ശ്രീനാരായണ ഗുരു എഴുതിവെച്ചപ്പോള്‍ 'സോദരത്വേന' എന്ന ആശയം അദ്ദേഹം കണ്ടെടുക്കുന്നത് ഇസ്‌ലാമില്‍നിന്നാണ്. നാരായണ ഗുരുവിന്റെ ശിഷ്യനായ പുലയനയ്യപ്പന്‍ എന്ന കെ. അയ്യപ്പന്‍ സഹോദരനയ്യപ്പന്‍ എന്ന വിളിപ്പേരിനു കൂടി അര്‍ഹനാണ്. പുലയനയ്യപ്പന്‍ എന്ന വിളിപ്പേരിനെ ഒരു ബഹുമതിയായി സ്വീകരിച്ച അദ്ദേഹം സഹോദരന്‍ എന്ന വിളിപ്പേരിനെയും ഗാഢമായി ആലിംഗനം ചെയ്തു എന്നതാണ് കേരളത്തിന്റെ ചരിത്രം.
ജാതിഭേദങ്ങളില്ലാതാക്കാന്‍ ആരംഭിച്ച സംഘടനക്ക് അദ്ദേഹം നല്‍കുന്ന പേര് സഹോദര സംഘം എന്നാണ്. ജാതി നിര്‍മാര്‍ജനത്തിനു വേണ്ടി അദ്ദേഹം തുടക്കമിട്ട പത്രത്തിന് നല്‍കപ്പെട്ട പേരും സഹോദരന്‍ എന്നതായിരുന്നു. തന്റെ മകള്‍ക്ക് അദ്ദേഹമിട്ട പേര് ആയിശ. സ്വന്തം ജീവിതത്തില്‍ അദ്ദേഹം സ്വീകരിച്ച സഹോദരന്‍ എന്ന പേരും മകള്‍ക്ക് നല്‍കിയ ആയിശ എന്ന പേരും അദ്ദേഹം കണ്ടെടുക്കുന്നത് മുഹമ്മദ് നബിയുടെ ജീവിതത്തില്‍നിന്നാണ്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒളിമങ്ങാത്ത ധ്രുവനക്ഷത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണ ഗുരുവും വി.ടി ഭട്ടതിരിപ്പാടും സഹോദരനയ്യപ്പനുമെല്ലാം ഇവ്വിധം ഇസ്‌ലാമിക സംസ്‌കാരവുമായും പ്രവാചക ജീവിതവുമായും ചേര്‍ന്നു നില്‍ക്കുന്നു.
Comments