Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

മികവ് തെളിയിക്കേണ്ടത് കര്‍മംകൊണ്ട്

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

''യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്താന്‍ തീരുമാനിച്ചാല്‍ പിന്നെ ആരാലും അതു തടുക്കുക സാധ്യമല്ല'' (വിശുദ്ധ ഖുര്‍ആന്‍, സൂറ അര്‍റഅ്ദ്).

നവംബര്‍ 16 പ്രബോധനം 3076-ാം ലക്കത്തില്‍ 'പിന്നാക്കാവസ്ഥയുടെ ബീഭത്സത' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖവാക്കാണ് ഈ കുറിപ്പിന് പ്രേരകം. ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ 'ദ ഹിന്ദു' ദിനപത്രം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ കണ്ടെത്തലുകളാണ് മുഖവാക്കിന്റെ ആധാരം. ഇന്ത്യന്‍ മുസ്‌ലിംകളുടെ പതിതാവസ്ഥയെ പറ്റി വിലപിക്കാത്തവരായി ആരുമില്ല. ന്യൂനപക്ഷം വരുന്ന തീവ്ര ഫാഷിസ്റ്റ് ചിന്താഗതിക്കാരെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും മുസ്‌ലിംകളാദി പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അധോഗതിയില്‍ അസ്വസ്ഥരാണ്. രാജ്യത്തിന്റെ ഭാസുരമായ ഭാവി എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ മുന്നേറ്റം കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സംതൃപ്തമായ ഒരവസ്ഥയിലെത്തിപ്പെടാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടില്ല എന്നത് ആഴമേറിയ പഠനത്തിനും ചിന്തക്കും വിഷയീഭവിക്കേണ്ടതാണ്.

രാഷ്ട്ര ഘടനയില്‍ അവിഭാജ്യവും അനിഷേധ്യവുമായ നിര്‍ണായക ശക്തിയാണ് മുസ്‌ലിംകളെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കാനേഷുമാരി കണക്കു കൊണ്ടുമാത്രം നേടിയെടുക്കാന്‍ കഴിയുന്നതല്ല ഇത്. സമൂഹത്തിലും രാഷ്ട്രത്തിലും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ ഉത്ഥാന പതനങ്ങളുണ്ട്; ഉയര്‍ച്ചയും താഴ്ചയുമുണ്ട്. വീഴ്ചകളില്‍നിന്ന് പാഠം പഠിച്ച് ഉയരങ്ങളിലേക്കുള്ള പാത കണ്ടെത്താനും സമൂഹത്തില്‍ അന്തസ്സോടെ തലയുയര്‍ത്തിനില്‍ക്കാനും കഴിയുന്ന ജനപഥങ്ങള്‍ക്കു മാത്രമേ ഉദാത്തവും മാതൃകാപരവുമായ രീതിയില്‍ നേതൃസ്ഥാനത്തേക്ക് ഉയരാന്‍ കഴിയുകയുള്ളൂ. വീഴ്ചകളില്‍ പരിതപിച്ച് കാലം കഴിക്കുന്നവര്‍ വ്യക്തികളായാലും സമൂഹങ്ങളായാലും കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക് തള്ളപ്പെടാനാണ് സാധ്യത. ഉന്നതമായ ലക്ഷ്യവും തദനുസൃതമായ കര്‍മശൈലിയും കൊണ്ടു മാത്രമേ ഉയരങ്ങള്‍ എത്തിപ്പിടിക്കാനാവുകയുള്ളൂ.

ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിംകളുടെ വര്‍ത്തമാനകാല സ്ഥിതി വിശകലനം ചെയ്യുമ്പോള്‍, ആദര്‍ശ-വിശ്വാസ-കര്‍മ രംഗങ്ങളില്‍ ഔത്സുക്യമുള്ള ഒരു ജനവിഭാഗമായി ഇനിയും അവര്‍ മാറേണ്ടതായിട്ടാണിരിക്കുന്നത് എന്ന് മനസ്സിലാകും. ജനവിഭാഗങ്ങള്‍ മാറ്റത്തിന് വിധേയമാകണമെങ്കില്‍ ബൗദ്ധികമായും ചിന്താപരമായും ഔന്നത്യമുള്ള നേതൃത്വം കൂടിയേ കഴിയൂ. അങ്ങനെയൊരു നേതൃത്വത്തിന്റെ അതിശക്തമായ കരങ്ങളാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനവും വളര്‍ന്നു വരണം. ജനതയെ പരിവര്‍ത്തിപ്പിക്കാനുതകുന്ന ചടുലത പ്രസ്ഥാനത്തിനുണ്ടാവുകയും വേണം.

സംഘടനകളേറെയുണ്ടെങ്കിലും ഇന്ത്യന്‍ മുസ്‌ലിം സമൂഹം പൊതുവെ അവഗണനയുടെ പാതയിലാണെന്നതാണ് യാഥാര്‍ഥ്യം. പിന്നാക്ക വിഭാഗം എന്ന് അവര്‍ ഇപ്പോഴും മുദ്രകുത്തപ്പെടുന്നു. സംവരണാനുകൂല്യങ്ങള്‍ പിന്നാക്കാവസ്ഥക്ക് വലിയ മാറ്റം വരുത്താന്‍ നിമിത്തമായിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് സ്ഥിതി ഏറെ ദയനീയമാണ്. കുറേ വിദ്യാസമ്പന്നരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടെന്നുള്ളത് സത്യമാണെങ്കിലും കാലത്തിന്റെ മാറ്റവും തേട്ടവുമനുസരിച്ച് സമുദായം ഇനിയും ഒരുപാട് ഉയരേണ്ടിയിരിക്കുന്നു. ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂവാറ്റുപുഴയില്‍ ഒരു പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പറഞ്ഞതോര്‍ക്കുകയാണ്; 'ഇതര സമുദായക്കാര്‍ യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ നാം എല്‍.പി സ്‌കൂളിന് ശിലയിടാന്‍ ഒരുങ്ങുന്നതേയുള്ളൂ.' ഇന്ന് സമുദായത്തിന് സ്‌കൂളുകളും കോളേജുകളും കുറേയധികം ഉണ്ടെങ്കിലും കാലത്തിന്റെ ആവശ്യമനുസരിച്ചും ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക-വിവര സാങ്കേതിക വിദഗ്ധരെയും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഈ രംഗത്ത് ആശാവഹമായ മാറ്റങ്ങള്‍ ചില ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് രൂപപ്പെട്ടുവരുന്ന ഉദ്യോഗങ്ങളില്‍ ഉന്നത ശ്രേണിയിലെത്തിച്ചേരാന്‍ യോഗ്യരായവര്‍ വളരെ കുറവ്. ഉദ്യോഗ-തൊഴില്‍ മേഖലകളിലേക്ക് സമുദായത്തില്‍ വിദ്യാഭ്യാസം നേടിയവരെ കൈപിടിച്ചാനയിക്കാന്‍ പക്വമായ വഴികാട്ടികള്‍ സമുദായത്തിനുള്ളില്‍ രൂപം കൊള്ളുന്നില്ല എന്നതും കാണാതിരുന്നുകൂടാ. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം തള്ളപ്പെട്ട ഒരു സമുദായം ഉണരണമെങ്കില്‍ ദീര്‍ഘവീക്ഷണത്തോടു കൂടിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. ഇങ്ങനെയൊരു ദിശാബോധം സമുദായത്തില്‍ സൃഷ്ടിക്കാന്‍ പറ്റിയ നേതൃത്വം ഇനിയും വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

ദൈവപ്രീതിമാത്രം കാംക്ഷിച്ചുകൊണ്ട് സ്വയം ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ആത്മസംസ്‌കരണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ മുസ്‌ലിം സമൂഹം ഉത്തമ സമുദായമായിത്തീരുകയുള്ളൂ. ഇതിനാദ്യമായി പരിവര്‍ത്തനത്തിനുള്ള വാഞ്ഛ സമുദായമനസ്സില്‍ അങ്കുരിപ്പിക്കേണ്ടതുണ്ട്. മുസ്‌ലിം സംഘടനകളുടെ പ്രഥമ ശ്രദ്ധ പതിയേണ്ട രംഗമാണിത്.

'ഇസ്‌ലാമിക പ്രസ്ഥാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ഇസ്‌ലാമിനെ സമൂഹ നേതൃത്വത്തില്‍ പുനഃപ്രതിഷ്ഠിക്കാനും മുഴുവന്‍ ജീവിതത്തിന്റെയും നിയന്ത്രണ ശക്തിയാക്കി അതിനെ മാറ്റാനുമുള്ള സംഘടിതവും വ്യവസ്ഥാപിതവും ജനകീയവുമായ പ്രവര്‍ത്തനമാണ്' (ഡോ. യൂസുഫുല്‍ ഖറദാവി).

ഏതൊരു സമൂഹത്തിന്റെയും ഗുണവിശേഷങ്ങളും മൂല്യങ്ങളും ശേഷികളും കാലത്തിനനുസൃതമായി പരിവര്‍ത്തിപ്പിക്കാനുള്ള ആര്‍ജവം പ്രകടമാവേണ്ടതുണ്ട്. ഇതിനനുഗുണമാവുന്ന പ്രവര്‍ത്തന ശൈലിയാണ് സംഘടനകളില്‍നിന്നുണ്ടാവേണ്ടത്.

വാചികമായ പ്രബോധന ശൈലിയില്‍ മാത്രം ഒതുങ്ങാതെ കര്‍മപരമായ ശൈലിക്ക് സംഘടനകള്‍ പ്രാമുഖ്യം നല്‍കണം. രാഷ്ട്രജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃപരമായ പങ്കുവഹിക്കാന്‍ മുസ്‌ലിംകള്‍ സജ്ജരാക്കപ്പെടുമ്പോള്‍ മാത്രമേ മുസ്‌ലിം സമൂഹത്തെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പൊതുസമൂഹം മുന്നോട്ടുവരികയുള്ളൂ. ശരീരത്തിലെ ഏതെങ്കിലുമൊരു അവയവം ദുര്‍ബലമായാല്‍ ശരീരം മുഴുവന്‍ ദുര്‍ബലമാവുന്ന പോലെ, രാജ്യത്തെ ഏതെങ്കിലുമൊരു ജനവിഭാഗം പിന്നാക്കമായാല്‍ അത് രാജ്യത്തിന്റെ മൊത്തം പിന്നാക്കാവസ്ഥക്ക് കാരണമാവും. ഈ വസ്തുത തിരിച്ചറിയാനുള്ള കഴിവ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഇല്ലാതെ പോകുന്നു. അതേസമയം, ഭരണകൂടങ്ങളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ശപിച്ചുകൊണ്ട് കാലം തള്ളിനീക്കിയതുകൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. സ്വയം പരിവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍