Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

'കൂടുതല്‍ പത്രസ്ഥാപനങ്ങളല്ല, ബോധമുള്ള പത്രപ്രവര്‍ത്തകരാണ് ആവശ്യം'

പി.ടി നാസര്‍

മാധ്യമപ്രവര്‍ത്തത്തിന് സ്വയം തന്നെ പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ജേണലിസം എന്നത് ഒരു ഇസം തന്നെയാണ്. എന്തുകൊണ്ടാണോ ഒരാള്‍ കമ്യൂണിസ്റ്റാകുന്നത്, അല്ലെങ്കില്‍ സോഷ്യലിസ്റ്റാകുന്നത്, അല്ലെങ്കില്‍ ഇസ്‌ലാമിസ്റ്റാകുന്നത്, അതുപോലൊരു കാരണം കൊണ്ടാണ് ഒരാള്‍ ജേണലിസ്റ്റുമാകുന്നത്. അഥവാ ഒരു പത്രപ്രവര്‍ത്തകന് അതൊരു ജോലിയോ തൊഴിലോ അല്ല. മറിച്ചതൊരു ജീവിതശൈലി തന്നെയാണ്. അങ്ങനെ അവന്റെ ജീവിത ശൈലിയായി പത്രപ്രവര്‍ത്തനം മാറിയാല്‍ മാത്രമേ അയാള്‍ക്ക് പൂര്‍ണമായും ജേണലിസ്റ്റാകാനാവൂ. അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തനം എപ്പോഴും അതിന്റെ ഗുണം കാണിക്കും. പലപ്പോഴും പത്രമുതലാളിമാരോടു പോലും വിയോജിക്കാന്‍ അത് അവനെ പ്രേരിപ്പിക്കും. 

ഇതിനേറ്റവും വലിയ ഉദാഹരണമായിരുന്നു, 1940-കളില്‍ ഇന്ത്യയിലെ ബംഗാളിലുണ്ടായ വലിയ ക്ഷാമകാലത്ത് നടന്നത്. എത്ര ആളുകള്‍ ഈ ക്ഷാമത്തില്‍ മരിച്ചു എന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. അത് കണക്കാക്കാന്‍ സാധിച്ചിട്ടില്ല. ആ ക്ഷാമം ഉണ്ടാക്കിയതായിരുന്നെന്ന് പിന്നീട് അമര്‍ത്യാസെന്നിനെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് ഭൂട്ടാന്‍, ബര്‍മ പോലുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി ജപ്പാന്റെ നേതൃത്വത്തില്‍ മുന്നേറ്റങ്ങള്‍ നടന്ന സമയത്ത് യുദ്ധത്തില്‍ തോല്‍ക്കുന്നവര്‍ ചെയ്യുന്ന പണി ബ്രിട്ടീഷുകാര്‍ ചെയ്തു. തങ്ങളെ തോല്‍പിച്ച് പ്രദേശം കീഴടക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ഒരു വിഭവവും ബാക്കിയാക്കാതിരിക്കുകയെന്നത് യുദ്ധത്തില്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്. അതിനായി വെള്ളത്തില്‍ വരെ വിഷം കലക്കിയിട്ടുെന്നാണ് പറയപ്പെടുന്നത്. ജപ്പാന്‍ ബംഗാള്‍ പിടിക്കുമെന്നായപ്പോള്‍, അങ്ങനെയുള്ള ഒരു നടപടിയുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ അവിടെത്തെ കൃഷിയിടങ്ങള്‍ക്ക് തീയിട്ട് എല്ലാം നശിപ്പിച്ചു. മഹാകവികളായ ബിബിന്‍ ചന്ദ്രയും രബീന്ദ്രനാഥ ടാഗോറുമെല്ലാം സ്വര്‍ണം വിളയുന്ന ബംഗ്ലാപാടങ്ങള്‍ എന്ന് വിശേഷിപ്പിച്ച കൃഷിയിടങ്ങളാണ് കത്തിച്ചാമ്പലായത്. ഇങ്ങനെ പാടങ്ങള്‍ കത്തിച്ച് ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങിയതിന്റെ ഫലമായാണ് ബംഗാളില്‍ തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ക്ഷാമമുണ്ടായത്. 

ഈ സമയത്ത് ബംഗാളില്‍ എന്ത് നടന്നുവെന്ന് അവിടത്തെ 'സ്റ്റേറ്റ്‌സ്മാന്‍' പത്രത്തില്‍ എന്തെങ്കിലും വാര്‍ത്ത വന്നാല്‍ മാത്രമേ പുറംലോകമറിയുമായിരുന്നുള്ളൂ. ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലും ബ്രിട്ടനിലുമൊക്കെ ക്ഷാമത്തെ കുറിച്ച വിവരങ്ങളെത്താന്‍ അത് മാത്രമായിരുന്നു മാര്‍ഗം. ക്ഷാമം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും അതിനെ കുറിച്ച് 'സ്റ്റേറ്റ്‌സ്മാന്‍' പത്രം ക്ഷാമം എന്ന് എഴുതിയില്ല. അവര്‍ അങ്ങനെ എഴുതിയാലേ ബാക്കി ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത കിട്ടൂ. മറ്റ് ഭാഷകളില്‍ അത് വന്നതുകൊണ്ട് പുറംലോകമറിയുകയുമില്ല. ഒരുദിവസം 'സ്റ്റേറ്റ്‌സ്മാന്റെ' എഡിറ്റര്‍ ഇയാന്‍ സ്റ്റീഫന്‍സ് ഓഫീസില്‍ വന്ന് എല്ലാ എഡിറ്റോറിയല്‍ അംഗങ്ങളുടെയും യോഗം വിളിച്ചു. ഇനിമുതല്‍ ബംഗാളില്‍ ക്ഷാമമാണെന്നാണ് നമ്മള്‍ പ്രയോഗിക്കുകയെന്ന് പ്രഖ്യാപിച്ചു. അതിനാല്‍ ഇനി സബ് എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും ഇത് ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഇത് പട്ടിണിയോ ദാരിദ്ര്യമോ ഒന്നുമല്ല, ക്ഷാമമാണെന്ന് നാം പറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അപ്പോള്‍ പലരും എതിര്‍ത്തു. സര്‍ക്കാറോ മറ്റ് ഔദ്യോഗിക സംഘങ്ങളോ ഇത് ക്ഷാമമാണെന്ന് പറയാത്തതിനാല്‍ നമുക്കങ്ങനെ പറയാന്‍ പറ്റില്ലെന്നവര്‍ ന്യായം പറഞ്ഞു. എന്നാല്‍ ഇയാന്‍ സ്റ്റീഫന്‍സ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതെന്റെ പത്രാധിപത്യത്തിലുള്ള പത്രമാണ്. അതില്‍ എന്ത് പ്രയോഗിക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും ഓഫീസിലേക്ക് മൃതദേഹങ്ങളില്‍ ചവിട്ടാതിരിക്കാന്‍ സര്‍ക്കസ് കളിച്ചാണ് ഞാന്‍ വന്നതെന്നും ഇനിയും ഇത് ലോകത്തോട് വിളിച്ചു പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഈ ജോലി ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രത്തില്‍ വ്യക്തമായ മുതല്‍മുടക്കുണ്ടായിരുന്ന ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെയാണ് സ്റ്റീഫന്‍സ് വാര്‍ത്തയെഴുതിയത്. 

അതിന് പുറമെ ഇയാന്‍ സ്റ്റീഫന്‍സ് ഒരു ഭാഗത്ത് തന്റെ പേരും വിലാസവും മറുഭാഗത്ത് ബംഗാളില്‍ ക്ഷാമത്തില്‍ ആളുകള്‍ മരിച്ചുകിടക്കുന്നതിന്റെ ഫോട്ടോകളും അച്ചടിച്ച വിസിറ്റിംഗ് കാര്‍ഡുകളുമായി ദല്‍ഹിയിലേക്ക് പോയി. അവിടെ വൈസ്രോയിയെയും മറ്റ് പ്രമുഖരെയും കണ്ട് തന്നെ പരിചയപ്പെടുത്തി ഈ വിസിറ്റിംഗ് കാര്‍ഡ് നല്‍കുകയും ചെയ്തു. ഇങ്ങനെയാണ് ബംഗാള്‍ ക്ഷാമം ചര്‍ച്ചയാകുന്നതും ബ്രിട്ടീഷ് പാര്‍ലമെന്റ് അടക്കം വിഷയത്തില്‍ ഇടപെടുന്നതും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചിലിനെ പോലുള്ളവര്‍ ബംഗാളില്‍ പെണ്ണുങ്ങള്‍ പട്ടി പെറുന്നതുപോലെ പെറ്റ് എല്ലാവരും വിഭവങ്ങള്‍ തിന്നു തീര്‍ക്കുന്നതിനാലാണ് പട്ടിണിയും മരണങ്ങളും സംഭവിക്കുന്നതെന്ന് പറഞ്ഞിരുന്ന കാലത്താണ് സ്റ്റീഫന്‍സിന്റെ ഇടപെടലുണ്ടാകുന്നത്. 

വിഷയം ചര്‍ച്ചയായി. ബംഗാള്‍ ഗവര്‍ണറോട് വിശദീകരണം ചോദിച്ചപ്പോള്‍ ഉത്തരം വളരെ ലളിതമായിരുന്നു. ബംഗാള്‍ വിഭജിച്ചു പോയതിനാലും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനം കല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയതിനാലും വളരെ കുറച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് ബംഗാളിലുള്ളത്. അതിനാല്‍ ക്ഷാമമാണെന്ന് പ്രഖ്യാപിച്ചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. അതിന് മാത്രം ജീവനക്കാരില്ല എന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം. ഈ പ്രശ്‌നം പരിഹരിക്കാനായത് സ്റ്റീഫന്‍സ് തന്റെ മുതലാളിമാരെ മറികടന്ന് നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. 

കേരളത്തിലും ഇത്തരം ചില ധീര ഇടപെടലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകരെ കാണാം. സൈലന്റ് വാലി പദ്ധതി വേണോ വേണ്ടേ എന്നൊരു സംവാദം നടക്കുന്ന കാലമുണ്ടായിരുന്നു. അന്ന് സര്‍ക്കാറും മാതൃഭൂമി പോലുള്ള പത്രങ്ങളുമെല്ലാം പദ്ധതി വേണമെന്ന പക്ഷത്തായിരുന്നു. സുഗതകുമാരിയെ പോലെ അന്ന് ജന്മമെടുത്തുകൊണ്ടിരുന്ന ചില പരിസ്ഥിതിവാദികള്‍ മാത്രമാണ് എതിര്‍ പക്ഷത്തുണ്ടായിരുന്നത്. എന്നാല്‍ മാതൃഭൂമി വാരിക പദ്ധതിക്കെതിരെ ശക്തമായി രംഗത്ത് വന്നു. അന്ന് കൃഷ്ണവാര്യരായിരുന്നു വാരികയുടെ എഡിറ്റര്‍. പത്രത്തിന്റെ എതിര്‍ നിലപാട് സ്വീകരിച്ചതിന് വാര്യരെ വിളിപ്പിച്ചു. പത്രത്തിന്റെ നിലപാടുമായി വാരികയുടെ നിലപാടിന് ഭിന്നതയുള്ളത് ഉണര്‍ത്തി. അതിനദ്ദേഹം മറുപടി പറഞ്ഞത് പത്രം വാരികയുടെ നിലപാടിലേക്ക് മാറിക്കോളൂ, വാരിക നിലപാട് മാറ്റില്ല എന്നായിരുന്നു.ധീരതയുള്ള പത്രപ്രവര്‍ത്തകരുണ്ടാവുകയെന്നത് വളരെ പ്രധാനമാണ്. അത്തരം ആളുകളെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും നമുക്ക് സാധിക്കണം. 

കേരളത്തിലെ പത്രപ്രവര്‍ത്തന മേഖല വലിയ പ്രതിരോധ ശേഷിയുള്ളതാണെന്നും ബാഹ്യസ്വാധീനങ്ങള്‍ക്ക് അത് പെട്ടെന്ന് വഴങ്ങില്ലെന്നും പലരും അവകാശവാദമുന്നയിക്കാറുണ്ട്. അത് തെറ്റാണെന്ന് നാം മനസ്സിലാക്കണം. കാരണം ഇവിടെയുള്ള സമൂഹത്തിനും ഭരണവ്യവസ്ഥക്കും മറ്റ് അധികാരകേന്ദ്രങ്ങള്‍ക്കുമൊന്നുമില്ലാത്ത ഒരു പ്രത്യേകത പത്രങ്ങള്‍ക്ക് മാത്രമുണ്ടാവുക സാധ്യമല്ലല്ലോ. ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കേരളത്തിലെ മാധ്യമങ്ങള്‍ മാത്രം പ്രതിരോധിക്കുമെന്ന് വിശ്വസിക്കാനാവില്ല. 

ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാനാകുന്ന സംഭവങ്ങളല്ല ഇവിടെയുണ്ടാകുന്നത്. അങ്ങനെ പ്രതിരോധിക്കാനാകണമെങ്കില്‍ മൂന്നു തരത്തിലുള്ള ബോധങ്ങളുള്ളവരാകണം ഇവിടെ ന്യൂസ് റൂമുകളിലുള്ളവര്‍. രാഷ്ട്രീയബോധവും ചരിത്രബോധവും സാമൂഹികബോധവുമുള്ളവര്‍ നമ്മുടെ മാധ്യമങ്ങളുടെ ന്യൂസ് റൂമുകളില്‍ നിറയണം. ഇത് എത്രത്തോളം ഇവിടെയുണ്ടെന്ന് നാം ആലോചിക്കണം. ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പറ്റുന്ന തെറ്റുകള്‍ മനസ്സിലാക്കുന്നവരും തിരുത്തുന്നവരും അതിലുണ്ടെങ്കില്‍ നിരന്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലല്ലോ. 

നമ്മുടെ കേരളമിന്ന് ഒരു മാധ്യമ ഫാക്ടറിയാണ്. ഇപ്പോള്‍ കോഴിക്കോടിന്റെ കാര്യമെടുത്താല്‍ അവിടെ ധാരാളം പത്രങ്ങളുണ്ട്. ഒരു മുസ്‌ലിം പത്രത്തിന്റെ മുമ്പിലൂടെയല്ലാതെ നമുക്ക് ഇപ്പോള്‍ കോഴിക്കോട് ടൗണിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അതാണ് അവസ്ഥ. അറുപത്താറിലധികം മാഗസിനുകളുമുണ്ട് മുസ്‌ലിംകള്‍ക്ക് ഈ പട്ടണത്തില്‍. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ വൈസ്പ്രസിഡന്റായിരുന്ന ഹാമിദ് അന്‍സാരി മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ സമ്മേളനത്തില്‍ നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗം സംഘ്ശക്തികളും മറ്റും വലിയ വിവാദമാക്കി. അതിന്റെ ആദ്യ ഭാഗത്ത് മുസ്‌ലിംകള്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടാതിരുന്നതിന്റെ കണക്കുകളാണ് അദ്ദേഹം നിരത്തിയത്. വസ്തുനിഷ്ഠമായി തെളിവുകളുടെ അടിസ്ഥാനത്തിലാണ് അത് സമര്‍ഥിച്ചത്. സച്ചാര്‍ കമ്മിറ്റി വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ദാരിദ്ര്യാവസ്ഥയും എടുത്തു പറഞ്ഞു. പിന്നീടുള്ള പഠനങ്ങളും അതു തന്നെ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ സബ്കാ വികാസ് (എല്ലാവരുടെയും വികസനം) എന്നാണ് പറയുന്നത്. എല്ലാവരും ഒരേ പോയന്റില്‍നിന്നും ഒരേ ആരോഗ്യത്തോടെയുമാണ് ഓടുന്നതെങ്കിലല്ലേ ഇത് നീതിയാകൂ, അല്ലെങ്കില്‍ അനീതിയല്ലേ എന്നാണ് അന്‍സാരി ചോദിച്ചത്. ഇതുവരെയുള്ള ഭാഗമാണ് സംഘ്പരിവാര്‍ ശക്തികള്‍ വാര്‍ത്തയാക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്തത്. 

ഈ പ്രസംഗത്തിന്റെ ബാക്കി ഭാഗത്ത് അന്‍സാരി സമുദായത്തോട് ചോദിക്കുന്നത് ഈ പിന്നാക്കാവസ്ഥ മറികടക്കാന്‍ നാമെന്ത് ചെയ്തു എന്നാ

ണ്. സമുദായം അതിന്റെ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പരിഹരിക്കുകയെന്നു ചോദിച്ച് അദ്ദേഹം മതകാര്യങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ (ഇജ്തിഹാദിന്റെ) പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. സമകാലിക സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ കുറിച്ച് ഗവേഷണങ്ങള്‍ നടത്താനുള്ള വാതിലുകളടച്ചാല്‍ എങ്ങനെയാണ് മുസ്‌ലിംകള്‍ക്ക് മുന്നോട്ടുപോകാനാവുക? ഇതെല്ലാമാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് മുസ്‌ലിം സംഘടനകളും സമുദായവും ഏറ്റെടുക്കേണ്ട ചില പദ്ധതികളെ പറ്റി പറഞ്ഞ് ആ സംസാരം അവസാനിപ്പിക്കുന്നു. എന്നാല്‍ മേല്‍പറഞ്ഞ അത്രയുമധികം മുസ്‌ലിം പത്രങ്ങളും മാഗസിനുകളുമുള്ള മുസ്‌ലിം സമുദായത്തിലെ ഒരു മാധ്യമവും ഈ പ്രസംഗം പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചില്ല. ഇത്രയും തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രസംഗമായിട്ടുപോലും അവരതിന് ശ്രമിച്ചില്ല. ഇതാണ് നമ്മുടെ അവസ്ഥ. 

കേരളത്തിലെ മൊത്തം മാധ്യമ സ്ഥാപനങ്ങളുടെയും അവസ്ഥ സമാനമാണ്. എന്തെങ്കിലും തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതോ യാഥാര്‍ഥ്യമല്ലാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് തല്‍പരകക്ഷികള്‍ അവസരം മുതലെടുക്കുമ്പോള്‍ അത് പൂര്‍ണമായും പുറത്തുകൊണ്ടുവന്ന് വ്യക്തത വരുത്താനും പ്രചാരണങ്ങളുടെ മുനയൊടിക്കാനും ഇപ്പോള്‍ ഒരു മാധ്യമവും ശ്രമിക്കാറില്ല. ഇത് നമ്മുടെ പത്രപ്രവര്‍ത്തന മേഖല എത്തിക്കൊണ്ടിരിക്കുന്ന ദുഃസ്ഥിതിയുടെ അടയാളമായി മനസ്സിലാക്കണം. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ മാത്രമല്ല, സമൂഹത്തിലും പ്രതിഫലിക്കുന്നുണ്ടെന്നതാണല്ലോ ശരി. 

പത്രങ്ങളിലും മറ്റുമെല്ലാം മതത്തിന്റെ സ്വാധീനം കൂടിക്കൊണ്ടിരിക്കുന്നു എന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കാറുണ്ട്. ശബരിമല പോലുള്ള വിഷയങ്ങളെ സൂചിപ്പിച്ചാണിത് പറയുന്നത്. എന്നാല്‍ പണ്ടുമുതലേ ഇവിടെ മതം മുഖ്യധാരയില്‍ പ്രധാന വിഷയമായിരുന്നുവെന്നാണ് നമുക്ക് കാണാനാവുക. ഉദാഹരണത്തിന് വടക്കന്‍ പാട്ടുകളിലൊന്നില്‍ കുറ്റിയാടി ദേശത്തെ കുറിച്ച് ചില വരികളുണ്ട്. ബാങ്കിന്റെ ധ്വനികളാലും ഇറച്ചി പൊരിച്ച മണത്താലും കുറ്റിയാടി ദേശത്ത് വസിക്കല്‍ പ്രയാസകരമായിരിക്കുന്നു എന്നാണ് ആ പാട്ടിന്റെ തുടക്കത്തിലുള്ളത്. ശേഷം പാട്ടിലെ രണ്ട് കഥാപാത്രങ്ങള്‍ താമരശ്ശേരി തമ്പ്രാക്കന്മാരെ കുറ്റിയാടിയിലേക്ക് ക്ഷണിച്ച് അവിടെയൊരു ഇല്ലം സ്ഥാപിച്ചാല്‍ ഇത് കുറേ പരിഹരിക്കാനാകുമെന്ന് പറഞ്ഞു. അതിനുള്ള ശ്രമവും അതിന്റെ പേരിലുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് പാട്ടിലെ ഇതിവൃത്തം. മതമെന്നത് അന്നുമുതല്‍ തന്നെ മുഖ്യധാരയിലുണ്ട്. 1949-ലെ രാമസിംഹം കൊലപാതക കേസിലും മതത്തിന്റെ സ്വാധീനം കാണാനാകും. ഇതിലും മതം ഒരു പ്രധാന വിഷയമായിരുന്നു. 

കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കാറില്ലെന്നാണ് നാം പറയാറുള്ളത്. എന്നാല്‍ കേരളത്തില്‍ എവിടെയൊക്കെ വര്‍ഗീയ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടോ അവിടെ അത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴും ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കുന്നുണ്ടെന്ന് നമുക്ക് കാണാനാകും. മക്കളുടെ പേര് പോലെ ഓട്ടോറിക്ഷകള്‍ക്കും തോണികള്‍ക്കുമെല്ലാം പേരിട്ട്, ഒറ്റനോട്ടത്തില്‍ മതം തിരിച്ചറിയുന്ന അവസ്ഥ ഈ മേഖലയിലെല്ലാമുണ്ട്. കാസര്‍കോട്, തളിപ്പറമ്പ്, നാദാപുരം മുതല്‍ ഇങ്ങനെ തുടങ്ങി വിഴിഞ്ഞം വരെ ഇതുണ്ട്. കേരളത്തില്‍ ഉണ്ടായ വര്‍ഗീയ പ്രശ്‌നങ്ങള്‍ ആഴത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരക്കെ വ്യാപിക്കുന്നില്ലെന്നത് മാത്രമാണ് യാഥാര്‍ഥ്യം. അതിന് പല തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ചായി കേരളത്തില്‍ നടക്കുന്നത് വര്‍ഗീയതയുടെ രാഷ്ട്രീയവല്‍ക്കരണമാണ്. കേരളം മതവല്‍കരിക്കപ്പെടുകയാണ് എന്നല്ല, കേരളത്തില്‍ വര്‍ഗീയത രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. വര്‍ഗീയ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. 

ഉദാഹരണത്തിന് ശബരിമല പ്രശ്‌നം നോക്കുക. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആര്‍.എസ്.എസ് ആചാരികളുടെയടക്കം സംഘ്ശക്തികളുടെ പണ്ടത്തെ നിലപാട്. കേരളത്തില്‍നിന്നുള്ള ആര്‍.എസ്.എസിന്റെ എക്കാലത്തെയും മികച്ച ചിന്തകന്‍ ഹരിയേട്ടനെ പോലുള്ളവര്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പെഴുതിയ 'ഇനി ഞാനുണരട്ടെ' എന്ന പുസ്തകത്തില്‍പോലും ഇതേ ചിന്തയാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്. ഇപ്പോഴത്തെ ശബരിമല വിവാദം തുടങ്ങുന്ന അവസരത്തില്‍ ഹരിയേട്ടന്‍ കേസരിയില്‍ എഴുതിയിരുന്ന പരമ്പരയിലും ഇതേ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാല്‍ തൊഗാഡിയയുടെ അടുത്ത അനുയായിയായ പ്രതീഷ് വാസുദേവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം ശബരിമല പ്രശ്‌നം ഏറ്റെടുത്ത് മൊത്തത്തില്‍ വിശ്വാസികളുടെ ആളുകളാകുമോ എന്ന് ആര്‍.എസ്.എസിന് ആശങ്കയുണ്ടായിരുന്നു. ഇതേ പേടി ബി.ജെ.പിയെ കുറിച്ച് കോണ്‍ഗ്രസ്സിനുമുണ്ടായിരുന്നു. അവസാനം സി.പി.എം വരെ ഇതേ സമവാക്യത്തിലേക്ക് എത്തുന്നു. അങ്ങനെ ഒരു വര്‍ഗീയപ്രശ്‌നം കേരളത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ് ഉായത്. അപ്പോള്‍ കേരളം മതവല്‍ക്കരിക്കപ്പെടുന്നു എന്നതിനു പകരം വര്‍ഗീയത രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു എന്നല്ലേ പറയേണ്ടത്? 

ഇത്തരം വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കേരളത്തില്‍ അവക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ശേഷിയുള്ള പത്രപ്രവര്‍ത്തകരുണ്ടോ എന്നാണ് നാം ആലോചിക്കേണ്ടത്. രാഷ്ട്രീയബോധവും ചരിത്രബോധവും സാമൂഹികബോധവും ഉള്ളവരെ നമുക്കുണ്ടാക്കാനാകണം. കൂടുതല്‍ പത്രസ്ഥാപനങ്ങളുണ്ടാക്കുന്നതിനു പകരം, ബോധമുള്ള കുറച്ച് പത്രപ്രവര്‍ത്തകരെ ഉണ്ടാക്കാനായാല്‍ അതായിരിക്കും നമുക്ക് സാധിക്കുന്ന വലിയ കാര്യം. അങ്ങനെ ബോധമുള്ള പത്രപ്രവര്‍ത്തകര്‍ ഉണ്ടാകുന്നതിലൂടെ മാത്രമേ ഈ മേഖലയില്‍ മാറ്റങ്ങളുണ്ടാക്കാനാകൂ. 

(സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന 'വാര്‍ത്തകള്‍ക്ക് വിലയിടുന്ന കാലത്തെ പത്രപ്രവര്‍ത്തനം' എന്ന തലക്കെട്ടില്‍ നടന്ന സെമിനാറിലെ പ്രഭാഷണത്തിന്റെ സംഗ്രഹം) 

തയാറാക്കിയത്: ജസ കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍