Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

കൈകോര്‍ക്കുന്നത് ജാതീയ ഭ്രാന്ത് തിരികെ കൊണ്ടുവരാന്‍

ശിഹാബ് പൂക്കോട്ടൂര്‍

കേരളത്തില്‍ മതില്‍കെട്ടി സ്ഥാപിക്കാന്‍ പോകുന്ന നവോത്ഥാനത്തിന്റെ പ്രദേശം ഏതാണ്? കേരളീയ ചരിത്രത്തോട് പുറംതിരിഞ്ഞാണ്, അതിന്റെ കാഴ്ചകളെ മറച്ചുകൊണ്ടാണ് മതില്‍ ഉയരുന്നത്. ചരിത്രത്തിലെ ചില വംശങ്ങളെ മാത്രം കല്ലുകളാക്കി വെച്ച് പടുക്കുന്ന മതില്‍.

വടക്കേ ഇന്ത്യയില്‍നിന്ന് ബി.സി 500-നും 100-നുമിടയില്‍ കേരളത്തിലേക്ക് കുടിയേറിയ ആര്യന്മാര്‍ വടക്കേ ഇന്ത്യയിലെപ്പോലെ ജാതിജന്യമായ സമൂഹത്തെ കേരളത്തിലും സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പ്രത്യേക തരത്തിലുള്ള വൈദിക സമൂഹത്തെയാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. ജാതിഭ്രാന്തുകളുടെ കേളീരംഗമായി കേരളത്തെ മാറ്റാന്‍ ആര്യന്മാര്‍ നടത്തിയ ദീര്‍ഘകാല ശ്രമം വിജയിക്കുകയായിരുന്നു. ബുദ്ധ-ജൈന മതങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കാലമായിരുന്നതിനാല്‍ ആര്യന്മാര്‍ക്ക് പെട്ടെന്ന് നേടിയെടുക്കാന്‍ പറ്റുന്നതായിരുന്നില്ല ഇവിടത്തെ സാമൂഹിക ഘടനാമാറ്റം. ക്രി. 5-ാം നൂറ്റാണ്ടായപ്പോഴേക്കും വൈഷ്ണവ മതവും ശൈവ മതവും ഇവിടെ ശക്തിപ്പെട്ടുതുടങ്ങിയിരുന്നു. അധികാരമാകട്ടെ ചേരന്മാരുടെ കൈകളിലും. ആര്യ ബ്രാഹ്മണരെ വടക്കേ ഇന്ത്യന്‍ രീതിയില്‍ ഉയര്‍ന്ന വംശമായി അംഗീകരിക്കാന്‍ ചേരന്മാര്‍ മുതിര്‍ന്നില്ല. ശൈവന്മാര്‍,നാഗത്താന്മാര്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പാളത്താറും പടവാളും മെതിയടിയും വളര്‍ത്തിയ മുടിയും കൊമ്പന്‍ മീശയുമായി നടന്നിരുന്ന ഇവരും ആര്യബ്രാഹ്മണരും ചേര്‍ന്നാണ് കേരള ബ്രാഹ്മണര്‍(നമ്പൂതിരിമാര്‍) ഉണ്ടായതെന്ന് ചട്ടമ്പി സ്വാമികള്‍ (പ്രാചീന മലയാളം പേജ് 83) രേഖപ്പെടുത്തിയിട്ടു്.

ഏഴും എട്ടും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ധാരാളം മതസംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ബുദ്ധ, ജൈന മതങ്ങളെ തുരത്തിയോടിക്കാനുള്ള ദീര്‍ഘമായ സംഘര്‍ഷങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു. ബ്രാഹ്മണ മതത്തെ അംഗീകരിക്കുന്ന പുതിയൊരു ആശ്രിത സമൂഹം ഇവിടെ നിലവില്‍വന്നു. നായന്മാര്‍ എന്ന പേരിലാണവര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ണാശ്രമ വ്യവസ്ഥ നടപ്പിലാക്കിയപ്പോള്‍ നമ്പൂതിരിമാര്‍ നായന്മാരെ ശൂദ്രരാക്കുകയാണുണ്ടായത്. നായന്മാരെ ഉപയോഗിച്ചാണ് മറ്റു മതങ്ങളെ ബ്രാഹ്മണര്‍ ആക്രമിച്ചത്. വര്‍ണാശ്രമ വ്യവസ്ഥ കേരളീയമായ പ്രത്യേക രീതിയിലായിരുന്നു നിര്‍മിച്ചെടുത്തത്. നാട് ഭരിക്കേണ്ടത് ക്ഷത്രിയന്മാരാവണമെന്ന നിര്‍ബന്ധമൊന്നും കേരള വ്യവസ്ഥയിലുണ്ടായിരുന്നില്ല. നായന്മാരായിരുന്നു ക്ഷത്രിയന്മാരുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്. അയിത്തവും തീണ്ടലും പാലിക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ നായര്‍ സൈന്യത്തിന് അധികാരമുണ്ടായിരുന്നു. ആചാരം ലംഘിച്ചവരെ വിചാരണ കൂടാതെ ശിക്ഷിക്കുകയും ചെയ്തിരുന്നു. അടിമത്ത വ്യവസ്ഥയാണ് ഇതിലൂടെ നടപ്പിലായിരുന്നത്.

മനുഷ്യന്റെ അന്തസ്സും അഭിമാനവും പണയപ്പെടുത്തി മൃഗങ്ങളെപോലെ പണിചെയ്ത് മുറിപ്പട്ടിണിയുമായി നീു വലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ടായിരുന്നു. ഇതിനെയെല്ലാം വിശ്വാസത്തിന്റെ ചട്ടക്കൂടില്‍ സംരക്ഷിച്ച് പരിപാലിച്ച് നിലനിര്‍ത്താനായിരുന്നു ബ്രാഹ്മണര്‍ ശ്രമിച്ചത്. 1835-ലെ സെന്‍സസ് പ്രകാരം 159000 അടിമകള്‍ മലബാറില്‍ മാത്രം ഉണ്ടായിരുന്നതായി വില്യം ലോഗന്‍ (മലബാര്‍ മാന്വല്‍ വാള്യം 1 പേജ് 151) പറയുന്നുണ്ട്. ബ്രാഹ്മണരുടെ ഇറ വരെ പോകാന്‍ നായന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. തിയ്യരാണെങ്കില്‍ പടിവരെ; നായന്മാരില്‍നിന്ന് 24 അടി വിട്ട് തിയ്യര്‍ നില്‍ക്കണം. ഇതിന്റെ പേര് തിയ്യപ്പാട് എന്നായിരുന്നു. ചെറുമര്‍ 64 അടിവിട്ട് നില്‍ക്കണം. ഇതിനെ ചെറുമപ്പാട് എന്നാണ് വിളിച്ചിരുന്നത്. നായാടികള്‍ 80 അടിവിട്ട് നില്‍ക്കണം. കണ്ടാല്‍ തന്നെ അയിത്തമാകുന്ന ചെറുമരിലെ കണക്കന്‍, പുലയന്‍ എന്നിങ്ങനെ ചിലരുമുണ്ടായിരുന്നു.

മാപ്പിള, ക്രിസ്ത്യന്‍, ജൂതന്‍ എന്നിവര്‍ തൊട്ടാല്‍ മാത്രമേ അയിത്തമായിരുന്നുള്ളൂ. എന്നാല്‍ നായരടക്കമുള്ളവര്‍ നമ്പൂതിരിയുടെ മുന്നില്‍ രണ്ടാം മുണ്ട് അരയില്‍ ചുറ്റി ഓഛാനിച്ചു നില്‍ക്കണമെന്നാണ് നിയമം. സംസാരത്തില്‍ അടിയന്‍, അവിടുന്ന് എന്നിങ്ങനെയുള്ള പദങ്ങള്‍ പ്രയോഗിക്കണം. സ്വയം അധമനാണ് എന്ന് ധ്വനിപ്പിക്കുന്ന പദങ്ങളാണ് സംസാരത്തിലുടനീളം പ്രകടമാകേണ്ടത്. നമ്പൂതിരിയുടെ മുന്നില്‍ നില്‍ക്കുന്ന ആണും പെണ്ണും മാറുമറയ്ക്കാന്‍ പാടില്ല. പണം എന്നതിനുപകരം ചെമ്പുകാശ് എന്നേ ഉപയോഗിക്കാവൂ. ആഹാരം എന്നല്ല കരിക്കാടി എന്നാണ് പറയേണ്ടത്. പുര എന്നതിനു പകരം ചാള എന്നാണ് പറഞ്ഞിരുന്നത്. (മലബാര്‍ മാന്വല്‍ പേജ് 120 വാല്യം 1). ചാരിത്ര്യത്തിലായിരുന്നു ധാര്‍മികതയുടെ അടിത്തറ. ശൂദ്ര സ്ത്രീകള്‍ ബ്രാഹ്മണരുടെ അഭീഷ്ടം സാധിക്കാന്‍ തയാറായി നില്‍ക്കണമെന്നതാണ് അന്നത്തെ നിയമം (സി. അച്യുത മേനോന്‍, കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍ പേജ് 193). നായര്‍ സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും എട്ടും പത്തും സംബന്ധക്കാരുണ്ടാകും (തുഹ്ഫത്തുല്‍ മുജാഹിദീന്‍ മലയാള പരിഭാഷ പേജ് 73). ലോക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ വ്യവസ്ഥയെപ്പറ്റി തന്റെ 'കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍' എന്ന ഗ്രന്ഥത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള ഇങ്ങനെ വിവരിക്കുന്നു: 'ഭാര്‍ഗവ ഭൂമിയില്‍ ശൂദ്ര സ്ത്രീകള്‍ക്ക് പാതിവ്രത്യം അരുത്' കാര്‍ത്തിക പള്ളിയിലെ നാടുവാഴി പുറപ്പെടുവിച്ച ഒരു വിളംബരം ഇങ്ങനെയായിരുന്നു; 'നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വഴങ്ങാത്ത സന്മാര്‍ഗ ഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു' (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, പേ: 140,141). ജാതിബോധത്തില്‍ ആണ്ടിറങ്ങിയ, മനുഷ്യന്റെ അഭിമാനത്തിനും ജീവന്നും യാതൊരു പവിത്രതയും നല്‍കാത്ത സാമൂഹിക വ്യവസ്ഥയാണ് ഇക്കാലയളവില്‍ കേരളത്തില്‍ ഉണ്ടായിരുന്നത്. ജാതിയുടെ പേരില്‍ കൊടിയ പീഡനങ്ങളും ജാതിഹത്യകളും നിയമവിധേയമായിരുന്ന ജന്മി നാടുവാഴി ഭരണമായിരുന്നു കേരളത്തിലെ ഓരോ പ്രദേശത്തും ആധിപത്യം നേടിയിരുന്നത്.

 

നവോത്ഥാനത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം

കേരളത്തിന്റെ പൊതുജീവിതത്തെ തുറവിയുള്ളതാക്കിയതും ജാത്യാചാരങ്ങളെ പാലിക്കാത്ത സാമൂഹിക ഘടനയിലേക്ക് പതുക്കെയാണെങ്കിലും കേരളീയരെ എത്തിച്ചതും ഇസ്‌ലാമികാശയങ്ങളും മുസ്‌ലിം ജീവിതങ്ങളുമായിരുന്നു. ''മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ വളരെ സൗഹാര്‍ദത്തിലും മമതയിലുമാണ് വര്‍ത്തിച്ചിരുന്നത്. വ്യാപാരത്തിന്റെ കുത്തക പ്രധാനമായും മുസ്‌ലിംകള്‍ക്കായിരുന്നു. അതിനാല്‍ ഹിന്ദുക്കള്‍ മുസ്‌ലിംകളെ ബഹുമാനിച്ചിരുന്നു. മലബാറിലെ പല ഭാഗങ്ങളുടെയും പുരോഗതിക്ക് പ്രധാന കാരണക്കാര്‍ മുസ്‌ലിംകളായിരുന്നു. സവര്‍ണ ജന്മിമാര്‍ക്ക് മുസ്‌ലിംകളുടെ സഹായം കൂടാതെ ജീവിക്കാന്‍ സാധിച്ചിരുന്നില്ല. കീഴാളരായ ജനതക്ക് മുസ്‌ലിം സമൂഹത്തില്‍ അന്തസ്സും അഭിമാനവും അനുവദിച്ചു കിട്ടിയിരുന്നു. എത്ര താഴ്ന്ന ജാതിയില്‍ പെട്ടവനാണെങ്കിലും ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞാല്‍ മറ്റു മുസ്‌ലിംകളോടെന്ന പോലെ അദ്ദേഹത്തോടും പെരുമാറിയിരുന്നു. പുതുതായി ഇസ്‌ലാമിലേക്ക് വരുന്നവരെ മാന്യമായി പുനരധിവസിപ്പിക്കാന്‍ ഒരു ഫണ്ട് തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ സ്വരൂപിച്ചിരുന്നു. മനുഷ്യനായി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ സ്വാഭാവികമായും ഇസ്‌ലാമിലേക്ക് വരാന്‍ പ്രേരിതരായി'' (കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍- വേലായുധന്‍ പണിക്കശ്ശേരി പേജ് 88).

ഇസ്‌ലാമിന്റെ പ്രചാരണം കേരളത്തിലെ ജാതിബോധ സമവാക്യങ്ങളില്‍ വിള്ളല്‍ വീഴ്ത്തി. ഹിന്ദു സമൂഹത്തിലും ആഭ്യന്തരമായ പരിവര്‍ത്തനങ്ങളെകുറിച്ചുള്ള ചിന്തകള്‍ക്കും ഇസ്‌ലാമിക സമൂഹം തുടക്കമിട്ടു. സാംസ്‌കാരികമായി ജാത്യാചാരങ്ങളുടെ സംഘര്‍ഷമനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തിനും ഇസ്‌ലാം അനുഗ്രഹമായി. നായര്‍ സമുദായത്തിലുണ്ടായിരുന്ന ബഹുഭര്‍തൃത്വം, ആശാരി-മൂശാരി-തട്ടാന്‍-കരുവാന്‍ തുടങ്ങിയ കമ്മാള ജാതിക്കാരില്‍ നിലനിന്നിരുന്ന പാണ്ഡവാചാരം (ഒരു സ്ത്രീയെ രണ്ടോ മൂന്നോ സഹോദരന്മാര്‍ ചേര്‍ന്ന് കല്യാണം ചെയ്യുക) തുടങ്ങിയ ആചാര വിപത്തുകളില്‍നിന്ന് സമൂഹത്തെ പരിരക്ഷിക്കാന്‍ കൂടി ഇസ്‌ലാം സഹായകമായി. ''ഈ വിധത്തിലുള്ള അനേകം ദുരാചാരങ്ങള്‍ അവര്‍ അജ്ഞതകൊണ്ട് സ്വയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം അനാചാരങ്ങള്‍കൊണ്ട് പൊറുതിമുട്ടിയതിനാല്‍ അവര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഏകദൈവ വിശ്വാസം, ജാതിരഹിത ജീവിതം തുടങ്ങി അനേകം വിശിഷ്ടതകള്‍ ഇസ്‌ലാമിനെ അവശതയനുഭവിച്ചിരുന്ന സാമാന്യ ജനങ്ങളെ ആകര്‍ഷിച്ചു'' (സാഹിത്യ ചരിത്ര സംഗ്രഹം പേജ് 46).

കേരളത്തിലുണ്ടായിരുന്ന നീച സമ്പ്രദായമായിരുന്നു 'വിശുദ്ധ വേശ്യാവൃത്തി!' ക്ഷേത്രങ്ങളോടനുബന്ധിച്ച് ദേവദാസികളുണ്ടായിരുന്നു. കാലാന്തരത്തില്‍ അവര്‍ കേവലം വേശ്യകളായി രൂപാന്തരപ്പെട്ടു. ഇവരെ ചുറ്റിപ്പറ്റിയാണ് സാഹിത്യത്തില്‍ മണിപ്രവാള പ്രസ്ഥാനം വളര്‍ന്നുവന്നത്. 'നമ്പൂതിരി ജന്മിമാര്‍ സൗകര്യത്തിനുവേണ്ടി നിയമമുണ്ടാക്കി സാന്മാര്‍ഗികമായ ഈ അധഃപതനം അതിന്റെ പാരമ്യത്തിലെത്തിയത് പതിനഞ്ചും പതിനാറും ശതകങ്ങളിലാണ്' (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ - ഇളംകുളം കുഞ്ഞന്‍ പിള്ള). ധാര്‍മികവും സാംസ്‌കാരികവുമായ അധഃപതനത്തില്‍നിന്നും കേരളത്തിലെ ജാതിസമൂഹങ്ങളെ നവോത്ഥാനത്തിലേക്കും മനുഷ്യത്വത്തിലേക്കും കൈപിടിച്ചു നടത്തിയത് ഇസ്‌ലാമായിരുന്നു. ശരീരം മറച്ച മുസ്‌ലിം സ്ത്രീകളും ജാതിനിയമങ്ങള്‍ ആചരിക്കാതെ സമത്വപൂര്‍വം പെരുമാറുന്ന മുസ്‌ലിം സാമൂഹിക ബന്ധങ്ങളും സാമ്പത്തിക ക്രയങ്ങളില്‍ മുസ്‌ലിംകള്‍ കാണിച്ച വിശുദ്ധിയും പതുക്കെ ഹിന്ദു സമൂഹത്തെ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ നടന്ന സംഘര്‍ഷങ്ങളുടെ തുടക്കം മണ്ണാര്‍ക്കാട്ടെ പള്ളിക്കറുപ്പില്‍ വെച്ചായിരുന്നു. ഇതിന്റെ കാരണം കീഴാള ജാതിയില്‍പെട്ട ഒരു സ്ത്രീയുടെ അഭിമാനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാടായിരുന്നു. നായര്‍ ജന്മിയില്‍നിന്നും തന്റെ ശരീരവും മാനവും രക്ഷിക്കണമെന്നപേക്ഷിച്ച് ഒരു സ്ത്രീ കുഞ്ഞിക്കോയ തങ്ങളുടെ അടുത്തു വന്ന് അഭയം തേടുന്നു. ഉടനെ വാരിയന്‍കുന്നത്ത് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെയും സുഹൃത്തുക്കളെയും വിളിച്ചു ചേര്‍ത്ത് കുഞ്ഞിക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു: 'ഒരു സ്ത്രീ അവള്‍ ഏതു മതത്തിലോ ജാതിയിലോ പെട്ടതാവട്ടെ തന്റെ മാനവും ജീവനും അപകടത്തിലാണെന്ന് ഉത്തമ ബോധ്യത്തില്‍ ഭയപ്പെട്ട് മുസ്‌ലിമായ മനുഷ്യന്റെയടുത്ത് അഭയം തേടിയാല്‍ സ്വന്തം ജീവന്‍ കൊടുത്തും അവളെ രക്ഷിക്കേണ്ടത് അവന്റെ മതപരമായ ബാധ്യതയാണ്.' ഈ ആഹ്വാനത്തോടെയാണ് ചാവേറുകളായി മാപ്പിള പോരാളികള്‍ പോരാടാനിറങ്ങിയത്. 32 മാപ്പിളമാര്‍ രക്തസാക്ഷികളാവുകയും 5 പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ചെയ്ത പോരാട്ടത്തില്‍ മാപ്പിളമാരുടെ കൂടെ സ്ത്രീകളും പങ്കെടുത്തിരുന്നതായി ചരിത്ര രേഖകളില്‍ കാണാം. സ്ത്രീയുടെ അഭിമാന സംരക്ഷണത്തിനു നടത്തിയ പോരാട്ടത്തിനൊടുവില്‍ കീഴാള ജാതിക്കാര്‍ക്കിടയില്‍ സുരക്ഷിതത്വവും അഭിമാനബോധവും വളര്‍ന്നു തുടങ്ങി.

ഇസ്‌ലാം സ്വീകരിച്ചാല്‍ ഇല്ലത്തേക്കു കടക്കാം എന്ന പണ്ഡിറ്റ് കറുപ്പന്റെ പ്രസ്താവനയും ചൂഷണങ്ങള്‍ക്കെതിരെ സംഘടിക്കാനുള്ള ഇസ്‌ലാമിന്റെ ജൈവ ശേഷിയെ കുറിച്ചുള്ള ഇ.എം.എസിന്റെ നിരീക്ഷണവും കേരളീയ സമൂഹത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളാണ്.

 

ടിപ്പുവിന്റെ സാമൂഹിക പരിഷ്‌കരണങ്ങള്‍

ദക്ഷിണ കേരളത്തിലെ 60 ക്ഷേത്രങ്ങള്‍ക്ക് ടിപ്പു പണം നല്‍കിയിരുന്നതായി ഡോ. സി.കെ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന് മാത്രം 625 ഏക്കര്‍ അദ്ദേഹം ദാനം ചെയ്തിരുന്നു. ടിപ്പു സുല്‍ത്താന്‍ തന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു. അതേസമയം വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നില്ല. ഹിന്ദു സമൂഹത്തിലെ അടിമത്തം അദ്ദേഹം നിരോധിച്ചു. ഹിന്ദു സ്ത്രീകളെ പൊതുസ്ഥലങ്ങളിലും ചന്തകളിലും വെച്ച് ലേലം ചെയ്തു വിറ്റിരുന്നു. ലൈംഗികാവശ്യങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ കച്ചവടം ചെയ്യപ്പെട്ടിരുന്നു. ഇതിനെയാണ് ടിപ്പു രാജകീയ കല്‍പ്പനയിലൂടെ നിരോധിച്ചത്. സ്ത്രീകള്‍ക്ക് ഒരേസമയം നാലും അഞ്ചും ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്ന സമ്പ്രദായവും ടിപ്പു നിരോധിച്ചു. മാറുമറയ്ക്കാതെ നടന്നിരുന്ന സ്ത്രീകളോട് മാറു മറയ്ക്കാന്‍ ആജ്ഞാപിച്ചു. അവര്‍ക്കാവശ്യമായ ചേലകള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തു.

ക്രോഡീകരിച്ച ഒരു നിയമ വ്യവസ്ഥ മൈസൂര്‍ ഭരണം പ്രസിദ്ധീകരിച്ചു. ക്രോഡീകൃത നിയമമോ ചട്ടമോ കേരളത്തില്‍ അന്നുണ്ടായിരുന്നില്ല. ഹൈന്ദവ വേദ സ്മൃതികള്‍ക്ക് ബ്രാഹ്മണര്‍ അപ്പപ്പോള്‍ നല്‍കിയിരുന്ന ഭാഷ്യങ്ങള്‍ക്കനുസരിച്ചാണ് കേസുകള്‍ക്ക് വിധികല്‍പിച്ചിരുന്നത്. 'കുറ്റങ്ങള്‍ക്കു കൊടുത്തിരുന്ന ശിക്ഷ പ്രായേണ ഏറ്റവും കഠിനമായതാണ്. വധിക്കുക, അംഗഭംഗം വരുത്തുക, തടവിലിടുക, അടിമയാക്കുക, അടിക്കുക, ജാതിഭ്രഷ്ട് കല്‍പിക്കുക. കഠിന കുറ്റങ്ങള്‍ക്ക് ആനക്കാലില്‍ കെട്ടി വലിക്കാറുണ്ട്. സത്യപരീക്ഷ സാധാരണയായിരുന്നു. സത്യപരീക്ഷ നാലുതരത്തിലുണ്ട്; വിഷ പരീക്ഷ, ജലപരീക്ഷ, അഗ്നിപരീക്ഷ, തൂക്കുപരീക്ഷ. അഗ്നിപരീക്ഷയില്‍ മുഖ്യമായത് തിളക്കുന്ന നെയ്യില്‍ കൈയിട്ട് മുക്കലാണ്. വിഷ പരീക്ഷ രണ്ടു വിധമുണ്ട്. മൂന്നു നെല്ലിട പാഷാണം നെയ്യില്‍ സേവിക്കുക. അല്ലെങ്കില്‍ വിഷസര്‍പ്പത്തെയിട്ട് അടച്ച കുടത്തില്‍ കൈയിടുക. തൂക്കുപരീക്ഷ ആദ്യം തുലാസില്‍ തൂക്കിയ ശേഷം കുറ്റവിവരം എഴുതിക്കെട്ടിയതും ചേര്‍ത്ത് രണ്ടാമതും തൂക്കി നോക്കുമ്പോള്‍ തൂക്കം കൂടിയാല്‍ കുറ്റക്കാരനായി വിലയിരുത്തും. ജാതിയുടെ പദവികളനുസരിച്ചാണ് ശിക്ഷകള്‍ വിധിച്ചിരുന്നത്. ഉയര്‍ന്ന ജാതിക്കാരന്‍ കൊലപാതകം ചെയ്താല്‍ നേരിയ ശിക്ഷയും താഴ്ന്ന ജാതിക്കാരന്‍ ജാത്യാചാരങ്ങള്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലല്‍ വരെയാണ് നടത്തിയിരുന്നത്' (കൊച്ചി രാജ്യചരിത്രം, പത്മനാഭ മേനോന്‍ വാല്യം 2 പേജ് 425 ഉദ്ധരണം ടി. മുഹമ്മദ് മാപ്പിള സമുദായം ചരിത്രം സംസ്‌കാരം). ഓരോ കുറ്റത്തിനും ജാതി പരിഗണിക്കാതെ തുല്യ ശിക്ഷയും നിശ്ചയിക്കപ്പെട്ട ചട്ടങ്ങളും ടിപ്പു കൊണ്ടുവന്നതോടെ സാമൂഹികവും രാഷ്ട്രീയവുമായ വലിയ ചൂഷണങ്ങള്‍ക്കാണ് തല്‍ക്കാലത്തേക്കെങ്കിലും ശമനമായത്. തന്റെ പ്രദേശങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധമാണ് ടിപ്പു നടപ്പിലാക്കിയത്. ജാതി തീണ്ടാപ്പാടുകള്‍ പാലിക്കുന്നത് വിലക്കി. ഒരേ വഴിയിലൂടെ ആര്‍ക്കും നടക്കാമെന്ന് അദ്ദേഹം ഉത്തരവിറക്കി. പൊതുറോഡുകള്‍ ധാരാളം നിര്‍മിച്ചു. എല്ലാ മനുഷ്യര്‍ക്കും ഒരുമിച്ചു സഞ്ചരിക്കാന്‍ സാധിക്കുന്ന വഴികള്‍ എന്ന ആശയമാണ് പൊതു റോഡുകളിലേക്കും ഗതാഗത പരിഷ്‌കരണത്തിലേക്കും നയിച്ചത്. തന്റെ ആത്മാഭിമാനബോധമുള്ള മതവിശ്വാസമാണ് കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കാന്‍ ടിപ്പുവിനെ പ്രേരിപ്പിച്ചത്.

 

സമുദായ പാരസ്പര്യങ്ങളും കേരളീയ നവോത്ഥാനവും

കേരളത്തില്‍ രൂപപ്പെട്ട നവോത്ഥാനത്തിന്റെ പോരിശയായി പറയാറുള്ളത് മതാതീതമായൊരു പാരസ്പര്യം അത് രൂപപ്പെടുത്തിയിരുന്നുവെന്നാണ്. എന്നാല്‍ ചരിത്രപരമായി ഈ വാദം ഒരു ഇടതുപക്ഷ വ്യാജ നിര്‍മിതിയാണ്. വ്യത്യസ്ത മതസമൂഹങ്ങളുടെ സഹവര്‍ത്തിത്വത്തിലൂടെയാണ് കേരളീയ സമൂഹം രൂപപ്പെടുന്നത്. മുസ്‌ലിം സമൂഹവും ഇസ്‌ലാമികാദര്‍ശവും ഈ സമൂഹ നിര്‍മിതിയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കച്ചവടങ്ങളിലൂടെ രൂപപ്പെട്ട സാമൂഹിക ബന്ധങ്ങള്‍ സഹകരണ മനോഭാവം വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമും സാമൂതിരിയും ഖാദിമുഹമ്മദും കോഴിക്കോട് രാജ കുടുംബവും മരക്കാന്മാരും നായര്‍ പടയാളികളും തമ്മിലുള്ള ബന്ധങ്ങള്‍ കേരളീയ സമൂഹത്തിന്റെ സഹവര്‍ത്തിത്വം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. സര്‍ദാര്‍ പണിക്കര്‍ 'കേരള ചരിത്ര'ത്തില്‍ രേഖപ്പെടുത്തിയ പോലെ മാലികുബ്‌നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ നടത്തിയ സാമൂഹിക വ്യവഹാരങ്ങള്‍ കൊടുങ്ങല്ലൂരും പരിസരങ്ങളിലും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ ദിവസവും നാല്‍പത് വീടുകളിലേക്ക് രാത്രി ഭക്ഷണം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്ന മാലികുബ്‌നു ദീനാര്‍ അയല്‍ ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ഉണ്ടാക്കിയ തുറവി സാമൂഹിക പരിവര്‍ത്തനത്തിന് ആക്കം കൂട്ടി. തന്റെ പരിചാരകനെ മുന്നില്‍ നിര്‍ത്തി മാലികുബ്‌നു ദീനാര്‍ നമസ്‌കരിക്കുന്ന ദൃശ്യം കണ്ട് ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നുവെന്നാണ് പണിക്കര്‍ എഴുതുന്നത്. മനുഷ്യസമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വിശ്വാസബന്ധിതമായ നിലപാടുകള്‍ കേരളീയ സാമൂഹിക മുന്നേറ്റത്തെ ത്വരിതപ്പെടുത്തിയിരുന്നു. മമ്പുറം തങ്ങന്മാരുടെ നവോത്ഥാന കാഴ്ചപ്പാട് ജാതിബന്ധിത സമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

പാടത്ത് പണിയെടുക്കുന്നവന് വയറ് നിറയെ ഭക്ഷണം കൊടുക്കണമെന്ന് മലബാറില്‍ ആലി മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തിരുന്നു. മുസ്‌ലിംകളോട് തങ്ങളുടെ ഭൂമിവിളകളുടെ സകാത്ത് മാറ്റിവെച്ച് കുടിയാന്മാര്‍ക്കും കീഴാളര്‍ക്കും വീതിച്ചു നല്‍കാനും അദ്ദേഹം കല്‍പിച്ചിരുന്നു. ഓരോ വിളവെടുപ്പ് കാലത്തും മുസ്‌ലിം കര്‍ഷകര്‍ സകാത്ത് വിഹിതം കീഴാള ജനതക്ക് നല്‍കിയിരുന്നു. സാമൂഹിക ഉന്നമനത്തിന് മുതല്‍ക്കൂട്ടായി ഈ പ്രവൃത്തി മാറുകയും ചെയ്തു. 

എന്നാല്‍, മുസ്‌ലിം ജീവിതങ്ങളും ഇസ്‌ലാമും നിര്‍മിച്ചെടുത്ത സാമൂഹിക ഉന്നമനത്തെയും സഹവര്‍ത്തിത്വത്തെയും അദൃശ്യമാക്കുകയും കേരളത്തിന്റെ സാമുദായിക പാരസ്പര്യങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന മതിലാണ് 'നവോത്ഥാനം' എന്ന പേരില്‍ ഇടതുപക്ഷം എഴുന്നള്ളിക്കുന്നത്. ഹിന്ദുജാതി സംഘടനകളുടെ മതില്‍ ചരിത്രത്തെ വിസ്മരിക്കുന്നതാണ്; കേരളത്തിന്റെ നവോത്ഥാനം സാധ്യമാക്കിയ ഇസ്‌ലാമിനെ പുറത്ത് നിര്‍ത്തുന്നതാണ്. ഈ മതിലിനോട് കൃത്യമായി വിയോജിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ ഇടതുപക്ഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയ നവോത്ഥാന പാരമ്പര്യത്തെയാണ് പുറത്തുകൊണ്ടുവരുന്നത്. ഇത് നവോത്ഥാന മതിലല്ല, കേരളത്തെ നെടുക പിളര്‍ക്കുന്ന വംശീയ മതിലാണ്. ഇതില്‍ കൈകോര്‍ത്തു പിടിക്കുന്നവര്‍ ചരിത്രത്തിലേക്കല്ല ഇരുളടഞ്ഞ ചരിത്രത്തിന്റെ ജാതീയഭ്രാന്തിനെ തിരികെ കൊണ്ടുവരുന്ന പ്രതിലോമ പ്രവര്‍ത്തനത്തിലേക്കാണ് നടന്നടുക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍