കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇനി മൊബൈല്‍ ആപ്പ് വഴി അപേക്ഷ നല്‍കാം
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സ്‌കോളര്‍ഷിപ്പുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിന്ന് (www.scholarships.gov.in) ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. NSP 2.0 എന്ന പേരിലുള്ള ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ആപ്പ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം, രേഖകള്‍ അപ്ലോഡ് ചെയ്യാം, അപേക്ഷയുടെ വിവരങ്ങള്‍ പരിശോധിക്കാം.
ഭിന്നശേഷിക്കാര്‍ക്ക് യു.ജി.സി ഫെലോഷിപ്പ്
റെഗുലര്‍ - മുഴുസമയ എം.ഫില്‍, പി.എച്ച്.ഡി ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി യു.ജി.സി 200 ഫെല്ലോഷിപ്പുകള്‍ നല്‍കുന്നു. പ്രോഗ്രാമില്‍ ചേര്‍ന്നതു മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് ലഭിക്കുക. ഗവേഷണം വിദഗ്ധ സമിതിക്ക് തൃപ്തികരമായാല്‍ മൂന്ന് വര്‍ഷം വരെ നീട്ടി ലഭിക്കും. അപേക്ഷകര്‍ പി.ജി പരീക്ഷ വിജയിച്ചവരാവണം. അര്‍ഹത തെളിയിക്കാന്‍ അംഗീകൃത മെഡിക്കല്‍ അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക്: www.ugc.ac.in/nfpwd. 01123604139 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 11.
ഇഫ്‌ളുവില്‍ ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ ചെയ്യാം
ഹൈദരാബാദിലെ ദി ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് (ഇഫ്ളു) യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എം.എ ഇംഗ്ലീഷ്, പി.ജി ഡിപ്ലോമ ഇന്‍ ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് www.efluniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഒക്‌ടോബര്‍ 5.
നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരാര്‍ നിയമനങ്ങള്‍
കെ.ആര്‍ നാരായണന്‍ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്സ് വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ആനിമേഷന്‍ & വിഷ്വല്‍ ഇഫക്ട്‌സ്, ഓഡിയോഗ്രഫി എന്നീ വകുപ്പുകളിലെ പ്രഫസര്‍, അസി. പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, വിസിറ്റിംഗ് പ്രഫസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ പ്രിന്റ് ചെയ്ത അപേക്ഷാ ഫോമും, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും The Director, K.R.Narayanan National Institute of Visual Science and Arts, Thekkumthala,Kanjiramattom P.O, Kottayam, PIN-686 585 എന്ന അഡ്രസ്സിലേക്ക് ഒക്‌ടോബര്‍ 10-ന് മുമ്പായി ലഭിക്കുന്ന വിധം അയക്കണം. വിശദ വിവരങ്ങള്‍ക്ക്: www.krnnivsa.edu.in
ഹൈദരാബാദ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (CNRM), നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്‌മെന്റ് & പഞ്ചായത്തി രാജ് (NIRDPR) കരാര്‍ നിയമനങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. യംഗ് പ്രഫഷണല്‍സ്, പ്രോജക്ട് അസിസ്റ്റന്റ്, കണ്‍സള്‍ട്ടന്റ്, നോളജ് മാനേജ്‌മെന്റ് & കപ്പാസിറ്റി ബില്‍ഡിംഗ് എക്‌സ്‌പേര്‍ട്ട്, അഗ്രികള്‍ച്ചറല്‍ & നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട് തുടങ്ങിയ തസ്തികകളിലാണ് കരാര്‍ നിയമനം. അപേക്ഷകള്‍ www.nird.org.in എന്ന വെബ്സൈറ്റ് വഴി ഒക്‌ടോബര്‍ 8-ന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം
പേര് രജിസ്റ്റര്‍ ചെയ്യാനും, നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കാനും, പുതിയ യോഗ്യതകള്‍ ചേര്‍ക്കാനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ആദ്യം www.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് അക്കൗണ്ടില്‍ കയറിയ ശേഷം നേരത്തേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ ജില്ല, എക്‌സ്‌ചേഞ്ചിന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍ (വര്‍ഷം, തൊഴില്‍ കോഡ്, നമ്പര്‍ എന്ന ക്രമത്തിലാണ് രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്യേണ്ടത്) എന്നിവ നല്‍കിയാല്‍ പ്രൊഫൈല്‍ പേജില്‍ എത്തിച്ചേരാം. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ പേജില്‍ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം പ്രിന്റ് എടുത്ത് എല്ലാ സാക്ഷ്യപത്രങ്ങളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാവണം.
അലീഗഢില്‍ പി.എച്ച്.ഡി പ്രോഗ്രാം
അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ 2018-19 അധ്യയന വര്‍ഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്സ്, എഞ്ചിനീയറിംഗ് & ടെക്നോളജി, ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ്, നിയമം, ലൈഫ് സയന്‍സ്, മെഡിസിന്‍, മാനേജ്മെന്റ് സ്റ്റഡീസ് & റിസര്‍ച്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, തിയോളജി തുടങ്ങിയ ഫാക്കല്‍റ്റികള്‍ക്കു കീഴിലായി 650-ല്‍ പരം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ www.amucontrollerexams.com എന്ന വെബ്സൈറ്റ് വഴി ഒക്‌ടോബര്‍ 15-ന് മുമ്പായി അപേക്ഷ നല്‍കണം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
നാഷ്‌നല്‍ ലോ സ്‌കൂളില്‍ വിദൂരപഠന കോഴ്‌സുകള്‍
ബംഗ്ലൂരു ആസ്ഥാനമായ നാഷ്‌നല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി വിദൂരപഠന കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ബിസിനസ് ലോസ് പ്രോഗ്രാം (എം.ബി.എല്‍), ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹ്യൂമന്‍ റൈറ്റ്‌സ് ലോ, മെഡിക്കല്‍ ലോ & എത്തിക്സ്, എന്‍വയണ്‍മെന്റല്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ലോ, ചൈല്‍ഡ് റൈറ്റ്‌സ് ലോ, കണ്‍സ്യൂമര്‍ ലോ & പ്രാക്ടീസ്, സൈബര്‍ ലോ & സൈബര്‍ ഫോറന്‍സിക് എന്നിവയിലാണ് പി.ജി ഡിപ്ലോമ. ഡിഗ്രി, ഡിപ്ലോമ പ്രവേശനത്തിന് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. അപേക്ഷയുടെ പ്രിന്റ് കോപ്പി Director, Distance Education Department, National Law School of India University, Nagarbhavi, Bengaluru-560 072 എന്ന അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം NLSIU DED Course-ന്റെ പേരില്‍ എടുത്ത 1500 രൂപയുടെ ഡി.ഡിയും ചേര്‍ക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. 500 രൂപ ലേറ്റ് ഫീ അടച്ച് ഒക്‌ടോബര്‍ 15 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: http://ded.nls.ac.in/
Comments