Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

അഭയദ്വീപായി ആരാധനാലയങ്ങള്‍

മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ പ്രളയത്തില്‍ കേരളക്കര ഒന്നടങ്കം മുങ്ങിപ്പോകുമോ എന്ന് ഏവരും ആശങ്കപ്പെട്ടുകൊണ്ടിരുന്ന കരാള ദിനങ്ങളാണ് കടന്നുപോയത്. അത്തരമൊരു കൊടിയ ദുരന്തത്തിന്റെ അപായ സൂചനകളോടെ, തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിഞ്ഞുകൊണ്ട് ഇരുണ്ട കരിമേഘക്കൂട്ടങ്ങള്‍ ദിങ്മുഖങ്ങളിലാകെ വെകിളി പിടിച്ച് പാഞ്ഞുകൊണ്ടിരുന്ന ആഗസ്റ്റ് രണ്ടാം വാരത്തിന്റെ തുടക്കത്തിലാണ് നിലമ്പൂരിലെ വനാന്തരത്തില്‍ ഉരുള്‍ പൊട്ടിയത്. ഭയാനകമായ മലയിടിച്ചിലില്‍ താഴ്‌വരയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ വീടുവിട്ട് ഓടേണ്ടിവന്നു. ചാലിയാര്‍ പഞ്ചായത്തിന്റെ വടക്കു-പടിഞ്ഞാറ് അതിരിലെ പന്തീരായിരം വനാന്തരത്തില്‍  തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റത്താന്നി മലയുടെ ഇടതു-വലതു ഭാഗങ്ങളിലാണ് ആദ്യം ഉരുള്‍ പൊട്ടിയത്. നിത്യ ഹരിത ചോലവനങ്ങളാലും ജന്തു-സസ്യ ജാലങ്ങളാലും ആഢ്യംപാറ വെള്ളച്ചാട്ടമുള്‍പ്പെടെയുള്ള കാട്ടാറുകളാലും സമ്പന്നമാണ്, നാടിന്റെ അതിരില്‍ കാവലാളായി വെള്ളിമേഘ കിരീടമണിഞ്ഞു മാനം മുട്ടി നില്‍ക്കുന്ന ഒറ്റത്താന്നി മല. 

ചെട്ടിയംപാറയിലെയും മതില്‍മൂലയിലെ എസ്.സി കോളനിയിലെയും നമ്പൂരിപ്പൊട്ടി പാലത്തിങ്ങലേതുമുള്‍പ്പെടെ 70-ല്‍പരം വീടുകള്‍ തകര്‍ത്തെറിഞ്ഞ മലയിടിച്ചിലിന്റെ ഞെട്ടലില്‍നിന്ന് താഴ്‌വരയിലുള്ളവര്‍ ഇതെഴുതുമ്പോഴും മുക്തരായിട്ടില്ല.  തോരാതെ പെയ്യുന്ന കര്‍ക്കടക പ്രളയമാരിയെത്തുടര്‍ന്നുായ മലവെള്ളപ്പാച്ചിലില്‍ ഒറ്റത്താന്നി മലയുടെ നെറുകയിലുള്ള കൂറ്റന്‍ കരിമ്പാറകളും വന്മരങ്ങളും മണ്ണുമുള്‍പ്പെടെ സര്‍വവും ഹരിതാഭമായ മലയുടെ നെഞ്ചുകീറി താഴ്‌വാരത്തേക്ക് അലറിക്കുതിച്ചെത്തി. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം ഭീകരമായ പ്രളയത്തിന്റെ കുത്തൊഴുക്കില്‍ ഉറക്കം ഞെട്ടിയ പ്രദേശവാസികള്‍ ഒന്നടങ്കം ആ കാളരാത്രിയില്‍ നടുങ്ങി വിറച്ച് വീടു വിട്ടോടി. ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ചെട്ടിയംപാറയിലെ ഉരുള്‍ പൊട്ടലില്‍ നിരവധി വീടുകളും നിശ്ശേഷം തകര്‍ന്നു. മതില്‍മൂല, നമ്പൂരിപ്പൊട്ടി ഭാഗത്ത് 70-ഓളം വീടുകള്‍ വാസയോഗ്യമല്ലാതായി. കുറുവന്‍ പുഴയോരത്തെ മൂലേപ്പാടമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും അനേകം കുടുംബങ്ങള്‍ക്ക് പ്രളയക്കെടുതിയില്‍ വീടുകളൊഴിയേണ്ടിവന്നു. മരണപ്പേടിയോടെ വീടു വിട്ടോടുമ്പോള്‍ ആധാറും ആധാരവും റേഷന്‍കാര്‍ഡുമുള്‍പ്പെടെയുള്ള രേഖകള്‍ പോലും പലര്‍ക്കും എടുക്കാനായില്ല. ഒറ്റ രാത്രി കൊണ്ട് വീടുകളും വളര്‍ത്തു മൃഗങ്ങളും കൃഷിഭൂമികളുമുള്‍പ്പെടെ സര്‍വവും നഷ്ടമായ ചാലിയാര്‍ പഞ്ചായത്തിലെ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തരമായി അഭയകേന്ദ്രമൊരുക്കുക എന്നത് അധികാരികള്‍ക്ക് വലിയ വെല്ലുവിളിയായി. വെള്ളം കയറാത്തതും വാസയോഗ്യവുമായ പൊതു കെട്ടിടങ്ങള്‍ കണ്ടെത്തുക ഏറെ പ്രയാസകരമായിരുന്നു. നമ്പൂരിപ്പൊട്ടി-എളമ്പിലാക്കോട് ഭാഗത്തുള്ള കോണമുണ്ട ജി.എല്‍.പി സ്‌കൂള്‍ കെട്ടിടവും പ്രളയക്കെടുതിയില്‍ തന്നെ. 

ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് 8-ന് ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാനും വില്ലേജ് അധികാരികളും ദുരിതാശ്വാസ ക്യാമ്പിനായി നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂര്‍ ഭാരവാഹികളെ സമീപിക്കുന്നത്. ചാലിയാര്‍ ഹ്യൂമന്‍ സര്‍വീസ് ട്രസ്റ്റിന്റെ കീഴില്‍ കാല്‍ നൂറ്റാണ്ട് മുമ്പ് പണിത മസ്ജിദുന്നൂര്‍ ജുമുഅത്ത് പള്ളി ഭാരവാഹികള്‍ക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല. 12 അമുസ്‌ലിം കുടുംബങ്ങളുള്‍പ്പെടെ 26 കുടുംബങ്ങള്‍ക്ക് അഭയമേകി മസ്ജിദുന്നൂറിന്റെ മുകള്‍ നില മണിക്കൂറുകള്‍ക്കകം തന്നെ, ദുരിതാശ്വാസ ക്യാമ്പായി മാറി. ഹിന്ദുക്കളും മുസ്‌ലിംകളും സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാമുള്‍പ്പെടുന്ന ദുരിതാശ്വാസ ക്യാമ്പ്. അവര്‍ക്ക് സേവനം ചെയ്യാനായി വനിതാ വളന്റിയര്‍മാര്‍ ഉള്‍പ്പെടെ അര്‍പ്പണബോധമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു ടീമിനും പള്ളിക്കമ്മിറ്റി ഉടന്‍ രൂപം നല്‍കി. ഒട്ടും വൈകാതെ തന്നെ ക്യാമ്പ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ അമിത് മീണ, മസ്ജിദുന്നൂര്‍ പരിപാലിക്കുന്ന ഹ്യൂമന്‍ സര്‍വീസ് ട്രസ്റ്റ് ചെയര്‍മാനും മങ്കട ഗവ. കോളേജ് അസി. പ്രഫസറുമായ ഡോ. കെ. അബ്ദുല്‍ വഹാബിനെ ക്യാമ്പിന്റെ സ്‌പെഷ്യല്‍ ചാര്‍ജ് ഓഫീസറായി നിയമിച്ചു. നാട്ടുകാരനായ ഇദ്ദേഹം ജമാഅത്തെ ഇസ്‌ലാമി സേവന വിഭാഗം ഏരിയാ സെക്രട്ടറി കൂടിയാണ്. മെഡിക്കല്‍, പോലീസ്, റവന്യൂ, പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കു പുറമെ, ഈ സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. ഹ്യൂമന്‍ സര്‍വീസ് ട്രസ്റ്റ് സെക്രട്ടറി ടി. അബ്ദുല്‍ മജീദ്, പ്രദേശത്തെ ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ജഅ്ഫര്‍ എളമ്പിലാക്കോട്, കെ. ഹസന്‍ കോയ, എ. മൂസ, എന്‍. ഹഫ്‌സത്ത്, കെ. ഷീജ, പി. അബ്ദുര്‍റസ്സാഖ്, എ. മുഹമ്മദാലി, കെ. ഇല്‍യാസ്, സി.ടി. ജഅ്ഫര്‍, കെ. ശിഹാബ്, വി. അബ്ദുല്‍ കബീര്‍, എന്‍. സിദ്ദീഖ്, എന്‍. നജീബ്, പി. അബ്ദുസ്സമദ് എന്നിവര്‍ക്കു പുറമെ നമ്പൂരിപ്പൊട്ടി പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരും ക്യാമ്പില്‍ സേവനനിരതരായി, വളന്റിയര്‍ ടീമിലുണ്ടായിരുന്നു.  

'എല്ലാവരും ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും' എന്നു പഠിപ്പിച്ച പ്രവാചക പുംഗവന്റെ വിശ്വമാനവിക ദര്‍ശനമുള്‍ക്കൊണ്ടവര്‍ക്ക്, വീടൊഴിയേണ്ടിവന്ന സഹോദരങ്ങളുടെ വേദനകള്‍ അവഗണിക്കാനാകുമായിരുന്നില്ല. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം കല്‍പ്പിക്കാനുമാവില്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ശ്രീനാരായണ ഗുരുവിന്റെ വചസ്സുകള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നതു പോലെയായി മസ്ജിദുന്നൂര്‍ ദുരിതാശ്വാസ ക്യാമ്പ്. അന്തേവാസികള്‍ക്ക് പരാതികളേതുമില്ലാത്തവിധം സേവന-സൗകര്യങ്ങള്‍ ലഭ്യമാക്കി. മികച്ച ദുരിതാശ്വാസ ക്യാമ്പ് എന്ന് മസ്ജിദുന്നൂര്‍ റിലീഫ് ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രിമാരടക്കമുള്ള നേതാക്കളും പൊതുപ്രവര്‍ത്തകരുമെല്ലാം പ്രകീര്‍ത്തിക്കുകയുണ്ടായി. 'കേരളം കണ്ടു പഠിക്കട്ടെ, ആരാധനാലയങ്ങള്‍ എങ്ങനെയാവണം'- നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂര്‍ റിലീഫ് ക്യാമ്പിനെക്കുറിച്ച് സന്ദര്‍ശന വേളയില്‍ മന്ത്രി കെ.ടി. ജലീല്‍ പ്രശംസിച്ചതിങ്ങനെ.

എം.എല്‍.എമാരായ പി.വി അന്‍വര്‍, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ് തുടങ്ങിയ നേതാക്കളും ദുരിതാശ്വാസ ക്യാമ്പിലെത്തി. മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി, യുവമോര്‍ച്ച, ജനപക്ഷം, സലഫി - സമസ്ത തുടങ്ങിയവരുടെയെല്ലാം നേതാക്കളും പ്രവര്‍ത്തകരും ക്യാമ്പില്‍ സന്ദര്‍ശകരായെത്തിയതും ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണ സാധനങ്ങളും പുത്തനുടുപ്പുകളും മറ്റു സഹായങ്ങളുമായി നാടിന്റെ നാനാ ഭാഗത്തുനിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ മസ്ജിദുന്നൂര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒഴുകിയെത്താന്‍ ഈ വര്‍ധിച്ച പൊതുജന പങ്കാളിത്തവും നിമിത്തമായി. 

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പത്രങ്ങളിലും വിവിധ വാര്‍ത്താ ചാനലുകളിലും മസ്ജിദുന്നൂര്‍ റിലീഫ് ക്യാമ്പ് ഇടം നേടി. ആഗസ്റ്റ് 21-ന് ക്യാമ്പ് സന്ദര്‍ശിച്ച ചെന്നൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക എസ്. സെന്താലിര്‍, മസ്ജിദുന്നൂര്‍ ദുരിതാശ്വാസ ക്യാമ്പിനെ പ്രശംസിച്ചുകൊണ്ട് അവരുടെ ന്യൂസ് പോര്‍ട്ടലില്‍ എഴുതി. പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതും ശ്രദ്ധേയമായി. 'മസ്ജിദുന്നൂര്‍ പള്ളി എന്തുകൊണ്ട് കേരളമാണ്; അഥവാ മഴക്കെടുതിയിലും വിഷം ചീറ്റുന്നവര്‍ക്ക് അറിയാത്ത കേരളം' എന്നാണ് 'അഴിമുഖം' വെബ് മാഗസിനില്‍ രാകേഷ് സനല്‍ എഴുതിയ വിശദമായ വാര്‍ത്തയുടെ തലക്കെട്ട്.

ഈവിധം, ജാതി-മത-കക്ഷിഭേദങ്ങളേതുമില്ലാതെ മുഴുവന്‍ സമൂഹത്തിന്റെയും ആദരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് 14 ദിവസത്തിനുശേഷം ദുരിതാശ്വാസ ക്യാമ്പിന് പരിസമാപ്തിയാകുമ്പോള്‍ സ്വന്തം വീട് വിട്ടിറങ്ങുന്ന വിങ്ങലോടെയും വിഷമത്തോടെയുമാണ് ക്യാമ്പിലെ അന്തേവാസികള്‍ മസ്ജിദുന്നൂറില്‍നിന്ന് പോയത്. ജനസേവനം ഏറ്റവും വലിയ ദൈവാരാധനയായി കാണുന്ന മസ്ജിദുന്നൂറിന്റെ ഭാരവാഹികള്‍ പെരുന്നാള്‍ വിഭവമൊരുക്കി സല്‍ക്കരിച്ച് ക്യാമ്പിലെ സഹോദരീ-സഹോദരങ്ങളെ യാത്രയാക്കിയപ്പോള്‍ നാട്ടുകാര്‍ക്ക് മസ്ജിദുന്നൂര്‍ റിലീഫ് ക്യാമ്പ് പുതിയൊരു അനുഭവമാവുകയായിരുന്നു.

നിലമ്പൂരില്‍ മാത്രമല്ല, നാടിന്റെ മറ്റു പല ഭാഗങ്ങളിലും ആരാധനാലയങ്ങള്‍ മത-സമുദായ വ്യത്യാസമില്ലാതെ മനുഷ്യര്‍ക്കു വേി തുറക്കപ്പെട്ടതും നാം കണ്ടു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്