സമാന ഹൃദയന്
നാം തമ്മില്‍
ഒരിക്കലും കണ്ടിട്ടില്ല
നമ്പറുകള്‍ കൈമാറുകയോ
സംസാരിക്കുകയോ ചെയ്തിട്ടില്ല
നീയെവിടെ ജീവിക്കുന്നു
എന്നെ നിനക്കറിയില്ല....
ഒന്നുറപ്പാണ്
ഹൃദയമുരുകിയെഴുതുന്ന
എന്റെ വരികള്‍
ഒന്നൊഴിയാതെ
നീ തേടിപ്പിടിച്ച് വായിക്കാറുണ്ട്
എന്റെ ഹൃദയം
തേരോടിക്കുന്ന വഴിയെ
നിന്റെ മനസ്സും സഞ്ചരിക്കുന്നു...
നിന്റെ നിശ്വാസവായു വീണ്
എന്റെ വരികള്‍ ചൂടുപിടിക്കുന്നു..
എല്ലാ വെളിച്ചങ്ങളും
ഊതിക്കെടുത്തുന്ന,
രക്തക്കറ പുരണ്ട കൈകളില്‍
പൂവുമേന്തി നടക്കുന്നവരുടെ
കൂടെയാണല്ലോ
ജീവിതമെന്ന് ഓര്‍ക്കുമ്പോഴൊക്കെ
കവിതയുടെ അലമുറ കേള്‍ക്കുന്നു...
ഒരു വരിപോലുമെഴുതാതെ
കാലത്തോടും സ്വന്തത്തിനോടു തന്നെയും
ശണ്ഠ കൂടിയിരിക്കുന്നു...
നിന്റെ സന്ദേഹങ്ങള്‍
അതീന്ദ്രിയാനുഭൂതിയായ്
എന്നെ വന്നു തൊടുന്നു...
'നീ മരിച്ചുപോയോ' എന്ന്
അതെന്നെ കളിയാക്കുന്നു...
തീപിടിച്ച തെരുവിലൂടെ
പറിച്ചു കീറപ്പെട്ട വസ്ത്രങ്ങളും
ആക്രന്ദനങ്ങളുമായ്
പാഞ്ഞു പോകുന്ന
കുഞ്ഞുങ്ങളുടെ നിലവിളി
എന്റെ സ്വപ്‌നത്തിന്റെ കണ്ണ്
കുത്തിപ്പൊട്ടിക്കുന്നു.
അക്ഷരങ്ങള്‍ക്ക് പകരം
ചോരത്തുള്ളികള്‍
വെള്ളത്താളിലേക്ക് പകര്‍ന്ന്
പേന പോലും
കഠാരയായ് വേഷം മാറുന്നു...
(എന്നെ പൂരിപ്പിക്കാനുള്ള ബ്രാക്കറ്റിലെ ഒരേയൊരുത്തരമാണു നീ)
എന്റെ ഉറവ
വറ്റിത്തീരുമ്പോള്‍
നീയേറ്റുവാങ്ങേണ്ട
തൂലികയുമായ്
നനഞ്ഞൊലിച്ച്
പേരറിയാത്ത ഒരിടത്ത്
ഞാന്‍ കാത്തുനില്‍ക്കുന്നു!
Comments