Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

സെയ്തു മുഹമ്മദ് നിസാമി വിജ്ഞാന നിര്‍ഝരിയുടെ സൗമ്യ സാന്നിധ്യം

എ.പി അബ്ദുല്‍വഹാബ്

പണ്ഡിത പ്രഭവനും പ്രോജ്ജ്വല പ്രഭാഷകനും എഴുത്തുകാരനുമായ വി.പി സെയ്തു മുഹമ്മദ് നിസാമിയുടെ വേര്‍പാട് മത-ധൈഷണിക മേഖലക്കുണ്ടാക്കിയ നഷ്ടം വാക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്താനാവാത്തതും അപരിഹാര്യവുമാണ്. പ്രതിഭാധനരായ മതനേതാക്കളില്‍ ഉന്നത സ്ഥാനീയനായ നിസാമി അറിവിന്റെ വിസ്മയക്കാഴ്ചയായിരുന്നു. വശ്യസുന്ദരമായ പ്രഭാഷണ ചാതുരിയുടെ മധുര ദൃശ്യവും. മത പ്രഭാഷണങ്ങളുടെ സാമ്പ്രദായിക രീതികളില്‍നിന്ന് വേറിട്ട അദ്ദേഹത്തിന്റെ തികവാര്‍ന്ന ഭാഷയും പ്രയോഗ ശൈലിയും ആസ്വദിക്കാത്തവര്‍ മതപ്രഭാഷണങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന മലയാളികളില്‍ വിരളമായിരിക്കും.

യുക്തിഭദ്രമായ വിചാരധാരയിലൂടെ അനസ്യൂതമായി ഒഴുകുന്ന വിജ്ഞാന നിര്‍ഝരിയായിരുന്നു നിസാമിയുടെ പ്രഭാഷണങ്ങള്‍. ആത്മജ്ഞാനത്തിന്റെ തുംഗ ദീപ്തിയായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി മുതല്‍ കവിശ്രേഷ്ഠനായ അല്ലാമാ ഇഖ്ബാല്‍ വരെ ഇന്ത്യയുടെ മണ്ണില്‍ ഇസ്‌ലാമിന്റെ ദാര്‍ശനിക പ്രതിനിധാനങ്ങള്‍ തീര്‍ത്ത ചിന്തയുടെ അപരിമേയ സൗന്ദര്യത്തെ വരച്ചുകാട്ടുമ്പോഴും വിശ്വവിജ്ഞാനത്തിന്റെ സാരസന്‍ സൗധങ്ങളെ ചിത്രീകരിക്കുമ്പോഴുമൊക്കെ അതിസൂക്ഷ്മതയില്‍ അദ്ദേഹം വിരിയിച്ചെടുക്കുന്ന വാസ്തു ശില്‍പങ്ങള്‍ക്ക് അസാധാരണമായ രൂപഭംഗിയും തികവുമായിരുന്നു. ആഴത്തിലുള്ള പഠനവും പരന്ന വായനയുമായിരുന്നു നിസാമിയുടെ കരുത്ത്.

കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ സാത്വികവര്യരായിരുന്നു നിസാമിയുടെ ഉസ്താദുമാര്‍. വാഴക്കാട് ദാറുല്‍ ഉലൂമിലും ഹൈദരാബാദ് ജാമിഅ നിസാമിയ്യയിലും വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം. കൊടുവള്ളി സിറാജുല്‍ ഹുദാ അറബിക്കോളേജിലും എടവണ്ണപ്പാറ റശീദിയ്യാ അറബിക്കോളേജിലും പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച നിസാമി പന്നിയങ്കര ജൗഹറുല്‍ ഹുദാ വനിതാ അറബിക്കോളേജിന്റെ ഓണററി പ്രിന്‍സിപ്പലും കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ അക്കാദമിക ഡയറക്ടറുമായിരുന്നു. മറ്റനേകം സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും അക്കാദമിക വൈഭവത്തെയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

അനുഗൃഹീതനായ ഒരു തൂലികാകാരന്‍ കൂടിയായിരുന്നു സെയ്തു മുഹമ്മദ് നിസാമി. ഖുര്‍ആനും ശാസ്ത്ര സത്യങ്ങളും, ഇസ്‌ലാമിക വിശ്വാസം ശാസ്ത്ര ദൃഷ്ടിയില്‍, ഇസ്‌ലാമിക വിശ്വാസ പ്രമാണം, ചരിത്ര വനിതകള്‍, ആധുനിക യുഗത്തിന്റെ ചലനങ്ങള്‍ തുടങ്ങി ഒരു ഡസന്‍ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി വിരചിതമായിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ 'ആലോചകങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുമുണ്ട്. ഖുര്‍ആനിക പ്രതിപാദനങ്ങളെ ശാസ്ത്ര യാഥാര്‍ഥ്യങ്ങളുമായി മാറ്റുരക്കാനും താരതമ്യം ചെയ്യാനും മുന്നോട്ടു വന്ന മലയാള എഴുത്തുകാരില്‍ മുന്‍പന്തിയിലായിരുന്നു നിസാമി. 1978-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഖുര്‍ആനും ശാസ്ത്ര സത്യങ്ങളും ഈയിനത്തില്‍ കിടയുറ്റ കാല്‍വെപ്പായിരുന്നു.

ഏറെ സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു നിസാമി. പുഞ്ചിരിയില്‍ ചാലിച്ചെടുത്ത മിതമായ വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിഗത സംസാരങ്ങള്‍. നാവുകൊണ്ട് ആരെയും നോവിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിമര്‍ശനങ്ങളില്‍ അദ്ദേഹം മിതത്വം പാലിച്ചു. വിവാദങ്ങളില്‍ ഇടപെടാതിരിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. സുന്നി ചിന്താധാരയുടെ ശക്തനായ വക്താവും സുന്നി നേതൃരംഗത്തെ വലിയ സാന്നിധ്യവുമായിരുന്നു അദ്ദേഹം. അതേസമയം, വീക്ഷണ വ്യതിരിക്തതകളോട് സൗഹൃദം കാട്ടാനും സഹിഷ്ണുത പുലര്‍ത്താനും അദ്ദേഹം മടിച്ചില്ല. ആക്ഷേപങ്ങളെയും അധിക്ഷേപങ്ങളെയും അദ്ദേഹം പാടേ വര്‍ജിക്കുകയും ചെയ്തു. മിതഭാഷണത്തിന്റെ കുലീന പാതയിലൂടെയായിരുന്നു എന്നും അദ്ദേഹത്തിന്റെ സഞ്ചാരം.

സമൂഹത്തിലെ ആശാസ്യമല്ലാത്ത ആചാരങ്ങളെയും നിലപാടുകളെയും നിസാമി സ്വയം വര്‍ജിക്കുകയും അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ത്രീധന സമ്പ്രദായത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് ഉദാഹരണം. വിവാഹത്തെ ആര്‍ഭാടരഹിതവും ലളിതവുമാക്കാന്‍ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നു. വിവാഹ വേദികളില്‍ അദ്ദേഹം നടത്താറുള്ള അതീവ ഹൃദ്യമായ ലഘുഭാഷണങ്ങളിലെ മുഖ്യപ്രമേയമായിരുന്നു ഇത്. സാമൂഹിക നവോത്ഥാനത്തിന്റെ ചാലക ശക്തിയാകാന്‍ യുവാക്കളെ അദ്ദേഹം നിരന്തരമായി പ്രേരിപ്പിച്ചിരുന്നു. സ്വഹാബി വനിതകളുടെ വീരോജ്ജ്വല ചരിത്രം വിരചിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത വീഥിയിലേക്കും അദ്ദേഹം വെളിച്ചം വീശുകയുണ്ടായി.

ഈയുള്ളവനുള്‍പ്പെടെ ഞങ്ങളേറെ പേര്‍ക്ക് നിസാമി ഏറ്റവും നല്ല അയല്‍വാസി കൂടിയായിരുന്നു. സ്‌നേഹ സാമീപ്യത്തിന്റെ നിറവാര്‍ന്ന ഓര്‍മകള്‍ അയല്‍വാസികള്‍ക്ക് ബാക്കിവെച്ചാണ് അദ്ദേഹം കടന്നുപോയത്. സുഖദുഃഖ വിശേഷങ്ങളിലൊരുപോലെയുള്ള അദ്ദേഹത്തിന്റെ സൗമ്യസാന്നിധ്യം ഞങ്ങള്‍ക്കെന്നും മുതല്‍ക്കൂട്ടായിരുന്നു. പണ്ഡിത പ്രമുഖനും വിജ്ഞാനശ്രേഷ്ഠനുമായ നിസാമിയെ പടച്ചവന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ- ആമീന്‍.  

 

************************************************

 

 

എം. സുഹ്‌റ 

കന്മനം വനിതാ കാര്‍കുന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയായിരുന്നു എം. സുഹ്‌റ. ഒന്നിലധികം തവണ ഹല്‍ഖയുടെ സെക്രട്ടറിയായിരുന്നു അവര്‍. അംഗത്വത്തിന് അപേക്ഷ നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേക്കും രോഗത്തിന്റെ പിടിയിലകപ്പെടുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ മുന്‍ ഓര്‍ഗനൈസര്‍ എം. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ സഹോദരിയായിരുന്ന അവര്‍ സഹോദരനില്‍നിന്നുതന്നെ പ്രസ്ഥാനത്തെ മനസ്സിലാക്കിയിരുന്നു. പിന്നീട് കന്മനം മുന്‍ പ്രാദേശിക അമീര്‍ മമ്മി സാഹിബിന്റെ മകന്‍ അബ്ദുല്‍ വഹാബിന്റെ സഹധര്‍മിണിയായതോടു കൂടി പ്രസ്ഥാന പ്രവര്‍ത്തനത്തിന് കൂടുതല്‍ അവസരം ലഭിച്ചു. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന സുഹ്‌റ ശാന്തപ്രകൃതയും മിതഭാഷിയുമായിരുന്നു. യോഗത്തിലെ ചര്‍ച്ചകള്‍ വിഷയത്തില്‍നിന്ന് വ്യതിചലിച്ചാല്‍ ഉടന്‍ ഇടപെടുമായിരുന്നു. പ്രയാസമുള്ള സമയങ്ങളിലും സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ സജീവമായി. തന്നെ പിടികൂടിയ രോഗത്തിന്റെ കാഠിന്യം അറിഞ്ഞിട്ടും പ്രയാസങ്ങള്‍ പുറത്തുകാണിച്ചിരുന്നില്ല. രോഗാവസ്ഥയില്‍ പ്രകടിപ്പിച്ച അപാരമായ ക്ഷമ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഹജ്ജിനു വേണ്ടി തയാറെടുത്തുവെങ്കിലും രോഗം കാരണം ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. മരണത്തിന്റെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഉംറ നടത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകയുണ്ടായി. മക്കള്‍: മുഹമ്മദ് ജഅ്ഫര്‍, അനസ്, അബീര്‍, മാജിദ. 

എം. മുനീറ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്