Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

ബനൂ ഖൈനുഖാഅ് പുറത്താക്കപ്പെടുന്നു

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-72]

ജൂതന്മാര്‍ തീരെ താമസമുണ്ടായിരുന്നില്ല എന്നു തന്നെ പറയാവുന്ന മക്കയില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ അവരോടുള്ള നിലപാട് എന്തായിരുന്നു എന്ന് നാം സൂചിപ്പിച്ചുകഴിഞ്ഞു. മദീനയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സാഹചര്യമാണ് പ്രവാചകന് നേരിടേണ്ടി വന്നത്. ആയിരക്കണക്കിന് ജൂതന്മാരാണ് മദീനയില്‍. മാത്രവുമല്ല നഗരത്തിന്റെ സമ്പദ് രംഗം അവര്‍ അടക്കി വാഴുകയും ചെയ്യുന്നു. മക്കയില്‍നിന്ന് തന്നോടൊപ്പമെത്തിയ അഭയാര്‍ഥികളുടെ പുനരധിവാസം പൂര്‍ത്തിയാക്കിയ ശേഷം പ്രവാചകന്‍ തന്റെ ശ്രദ്ധ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചു. നഗരത്തിലെ ജൂതന്മാരുമായി പ്രവാചകന് സ്വാഭാവികമായും ബന്ധപ്പെടേണ്ടി വന്നു; തുടക്കത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍, പിന്നീട് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും.

മദീനാ നഗരത്തില്‍ മുഴുവനായി ഒരു ഭരണകൂടം സ്ഥാപിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുമായി കൂടിയാലോചനകള്‍ അനിവാര്യമാണ്. കഴിഞ്ഞൊരു അധ്യായത്തില്‍ മദീനക്കു വേണ്ടി പ്രവാചകന്‍ രൂപകല്‍പന ചെയ്ത ഭരണഘടനയെക്കുറിച്ച് നാം വിശദമായി പ്രതിപാദിക്കുകയുണ്ടായി. അതില്‍ ജൂതന്മാരെ പരാമര്‍ശിക്കവെ, 'ബനൂ ഔഫിലെയും ബനുന്നജ്ജാറിലെയും ബനൂ ഹാരിസിലെയും ബനൂ സാഇദയിലെയും ബനൂ ജുശമിലെയും ബനുല്‍ ഔസിലെയും ബനൂ സഅ്‌ലബയിലെയും ബനൂ ശുതൈ്വബയിലെയും ജൂതന്മാര്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ പേരെടുത്ത് പറഞ്ഞതെല്ലാം അറബ് ഗോത്രങ്ങളാണ്. ഇതിനര്‍ഥം നഗരത്തിലെ രണ്ട് പ്രധാന ജനവിഭാഗങ്ങളായ അറബികളും ജൂതന്മാരും പരസ്പരം സഖ്യമുണ്ടാക്കിയാണ് കഴിഞ്ഞിരുന്നതെന്നും സമാധാന ജീവിതത്തിന് ഇത്തരമൊരു സംവിധാനം ആവശ്യമായിരുന്നുവെന്നുമാണോ? അതോ, യഥാര്‍ഥ തദ്ദേശവാസികളായ അറബികളുമായി ധാരണകളുണ്ടാക്കി അവരുടെ സാമന്തന്മാരായി കഴിയേണ്ടി വന്നിരുന്നു ജൂതകുടുംബങ്ങള്‍ക്ക് എന്നാണോ? അവിടെ കുടിയേറിപ്പാര്‍ക്കാന്‍ അത്തരമൊരു വ്യവസ്ഥ പാലിക്കേണ്ടതുണ്ടായിരുന്നോ? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ജൂതന്മാര്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ ഗോത്രസംവിധാനങ്ങളുണ്ടായിരുന്നില്ല. ഒരുപക്ഷേ, അങ്ങനെയൊരു സ്വതന്ത്ര യൂനിറ്റായി നിലനില്‍ക്കാന്‍ തദ്ദേശവാസികളായ അറബികള്‍ സമ്മതിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാവാം ഏതെങ്കിലും അറബ് ഗോത്രവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തിയത്. ജൂതന്മാര്‍ ക്രമേണ അവരുടെ സാംസ്‌കാരിക സ്വത്വം ഉപേക്ഷിച്ച് അറബികളുമായി ഇഴുകിച്ചേരണമെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടാകാം. ഇതൊക്കെയും ഊഹങ്ങളാണ്. ഈ ചോദ്യങ്ങള്‍ക്ക് ചരിത്രസ്രോതസ്സുകളില്‍ ഉത്തരങ്ങള്‍ ലഭ്യമല്ല.

മദീനയിലെത്തിയ യഥാര്‍ഥ ജൂതന്മാര്‍ വളരെ കുറച്ചായിരുന്നുവെന്നും അവര്‍ പിന്നീട് അറബ് വംശജരെ മതംമാറ്റിയെടുത്ത് ജനസംഖ്യ വര്‍ധിപ്പിച്ചതാണെന്നും മനസ്സിലാക്കാമോ? അതിന് സാധ്യതയില്ല. കുറച്ച് പേര്‍ ജൂതമതത്തിലേക്ക് മാറിയിരുന്നു എന്നത് ശരിയാണ് (അതേക്കുറിച്ച് നാം പിന്നീട് പറയുന്നുണ്ട്). പക്ഷേ, അത് എന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്ന ഒരു സംഭവമേ ആയിരുന്നില്ല. ഏതായാലും ഈ ജൂതഗ്രൂപ്പുകളെയെല്ലാം തന്റെ പിന്നില്‍ അണിനിരത്തി മദീനയില്‍ ഒരു നഗരരാഷ്ട്രത്തിന് അടിത്തറയിടാനും വിദേശ അധിനിവേശത്തിനെതിരെ പ്രതിരോധം തീര്‍ക്കാനും പ്രവാചകന് സാധിച്ചു എന്നതാണ് പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന സംഗതി (നിലവിലുളള ഏതെങ്കിലും ഭരണകൂടത്തെ മാറ്റി പുതിയതൊന്ന് സ്ഥാപിക്കുകയല്ല നബി ചെയ്തത്. ശൂന്യതയില്‍നിന്ന് ഒരു ഭരണസംവിധാനം ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. പിന്നെ മുഴുസമയവും അദ്ദേഹം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു). തന്റെ ആഗമനത്തെക്കുറിച്ച പ്രവചനം ജൂതന്മാരുടെ വിശുദ്ധ വേദങ്ങളിലുണ്ടെന്ന് മക്കയില്‍ വെച്ച് പ്രവാചകന് അവതരിച്ച സൂക്തങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ മദീനയില്‍ ആയിരക്കണക്കിന് ജൂതന്മാര്‍ അഭിസംബോധിതരായി ഉായിരിക്കെ, ഇക്കാര്യം കൂടുതല്‍ ഊന്നിപ്പറയേണ്ടതുണ്ടായിരുന്നു.1

തന്നെ ദൂതനായി അംഗീകരിക്കണമെന്നാണ് അദ്ദേഹം ജൂതന്മാരോട് ആവശ്യപ്പെട്ടത്. ഇതിന് പല രീതിയിലായിരുന്നു പ്രതികരണം. ഏതാനും ജൂതന്മാര്‍ ഇസ്‌ലാം സ്വീകരിച്ചു; മറ്റുള്ളവര്‍ മാറിനിന്നു. അവരില്‍ പലരും പ്രവാചകനെ പരിഹസിക്കാനും അദ്ദേഹത്തിനെതിരെ പടനയിക്കാനും വരെ മുതിര്‍ന്നു. മദീനാ ജീവിതത്തിന്റെ തുടക്കകാലത്ത് ആത്മാര്‍ഥമായി ഇസ്‌ലാം സ്വീകരിച്ച വളരെ പ്രമുഖനായ ജൂതനായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം. ചില ചരിത്രകാരന്മാര്‍2 നല്‍കുന്ന വിവരണമനുസരിച്ച്, ഈ ജൂതപണ്ഡിതന്‍ പ്രവാചകനോട് ഇങ്ങനെ പറഞ്ഞിരുന്നു: 'ജൂതന്മാരെ നിങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല.' അതിന് തെളിവായി തന്നെക്കുറിച്ച് അവരുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചുനോക്കാന്‍ പ്രവാചകനോട് അദ്ദേഹം പറഞ്ഞു. തന്റെ ഇസ്‌ലാമാശ്ലേഷം അവരെ അറിയിക്കരുതെന്നും ശട്ടം കെട്ടി. പ്രവാചകന്‍ പറഞ്ഞതു പ്രകാരം ചെയ്തു. പ്രവാചകന്‍ ക്ഷണിച്ചു വരുത്തിയ ജൂതന്മാരോട് അബ്ദുല്ലാഹിബ്‌നു സലാമിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പ്രശംസകൊണ്ട് പൊതിഞ്ഞു. അദ്ദേഹം ഞങ്ങളുടെ നേതാവാണ്, നേതാവിന്റെ പുത്രനാണ്. മഹാപണ്ഡിതന്‍, ജ്ഞാനി... ഇങ്ങനെ പുകഴ്ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് അവിടെ ഒളിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു സലാം പുറത്തേക്കു വന്നത്. എന്നിട്ട് താന്‍ ഇസ്‌ലാം സ്വീകരിച്ച കാര്യം അവരെ അറിയിച്ചു. 'നമ്മള്‍ പ്രതീക്ഷിച്ചിരുന്ന പ്രവാചകന്‍ തന്നെ ഇദ്ദേഹം. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കണം.' അത് കേള്‍ക്കേണ്ട താമസം, അവര്‍ അബ്ദുല്ലാഹിബ്‌നു സലാമിനെ ചീത്ത വിളിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പദവികളെയും അവര്‍ അവഹേളിച്ചു. 

പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ച ജൂതന്മാരുടെ ഒരു നീണ്ട ലിസ്റ്റ് ഒരു ചരിത്ര സ്രോതസ്സില്‍3 കാണുന്നുണ്ട്. പക്ഷേ, ഈയാളുകള്‍ ആത്മാര്‍ഥമായി മാനസാന്തരം വന്നിരുന്നവരായിരുന്നില്ല. വിശ്വാസി സമൂഹത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാനായി കയറിക്കൂടിയവരായിരുന്നു. പക്ഷേ, പ്രവാചകന്‍ നിരാശനായില്ല. തുടര്‍ന്നും അദ്ദേഹം ജൂതന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഈ സമയം മറ്റു ജനവിഭാഗങ്ങള്‍ ഇസ്‌ലാം പുല്‍കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മദീനയിലെ തങ്ങളുടെ മതക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഖൈബറിലെ ജൂതന്മാര്‍ക്ക് ഹിജ്‌റ ഒന്നാം വര്‍ഷം തന്നെ നബി ഒരു കത്തയക്കുന്നുണ്ട്.4 അതിന്റെ ഉള്ളടക്കം ഇങ്ങനെ:

''കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍-

മോസസിന്റെ സുഹൃത്തും സഹോദരനുമായ ദൈവപ്രവാചകന്‍ മുഹമ്മദില്‍നിന്ന്. മോസസ് കൊണ്ടുവന്നതിനെയൊക്കെ ഞാന്‍ സത്യപ്പെടുത്തുന്നു. ബൈബിള്‍ നല്‍കപ്പെട്ടവരേ, ദൈവമാണ് നിങ്ങളോട് പറയുന്നത്, അത് നിങ്ങള്‍ നിങ്ങളുടെ വേദത്തില്‍ കാണും. 'മുഹമ്മദ് ദൈവദൂതനാണ്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്; പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും പ്രതീക്ഷിച്ച് അവര്‍ നമിക്കുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും നിനക്കു കാണാം. പ്രണാമത്തിന്റെ പാടുകള്‍ അവരുടെ മുഖത്തുണ്ട്. ഇതാണ് തോറയില്‍ അവരുടെ ഉപമ. ബൈബിളിലെ അവരുടെ ഉപമ, അത് ഇവ്വിധമാണ്: ഒരു വിള, അത് അതിന്റെ കൂമ്പ് വെളിവാക്കി. പിന്നെ അതിനെ പുഷ്ടിപ്പെടുത്തി. അങ്ങനെ അത് കരുത്തു നേടി. അത് കര്‍ഷകരില്‍ കൗതുകമുണര്‍ത്തി അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇതേപോലെ വിശ്വാസികളുടെ വളര്‍ച്ച സത്യനിഷേധികളെ രോഷം കൊള്ളിക്കുന്നു. അവരില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം നല്‍കിയിരിക്കുന്നു.' അതിനാല്‍, ദൈവത്തിന്റെ പേരില്‍, നിങ്ങള്‍ക്ക് അവതീര്‍ണമായതിന്റെ പേരില്‍, നിങ്ങള്‍ക്ക് മന്നയും സല്‍വയും ഭക്ഷണമായി ഇറക്കിത്തന്നവന്റെ പേരില്‍, കടല്‍ വറ്റിച്ച് നിങ്ങളുടെ പൂര്‍വപിതാക്കളെ ഫറോവയില്‍നിന്ന് രക്ഷിച്ച അതേ ദൈവത്തിന്റെ പേരില്‍ ഞാന്‍ ചോദിക്കുന്നു, നിങ്ങളുടെ വേദം നിങ്ങള്‍ മുഹമ്മദില്‍ വിശ്വസിക്കണം എന്നു പറയുന്നില്ലേ? അങ്ങനെയൊന്ന് നിങ്ങള്‍ നിങ്ങളുടെ വേദത്തില്‍ കാണുന്നില്ലെങ്കില്‍, പ്രശ്‌നമില്ല, മതത്തില്‍ നിര്‍ബന്ധമില്ലല്ലോ. സത്യവും അസത്യവും വേര്‍തിരിഞ്ഞു തന്നെ നില്‍ക്കുന്നുണ്ട്. അല്ലാഹുവിലേക്കും അവന്റെ സന്ദേശവാഹകനിലേക്കും നിങ്ങളെ ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു.''

(വിത്തില്‍നിന്ന് ചെടി ഉണ്ടായി വരുന്ന ഉപമ സുവിശേഷം St. Mathew 13:31-32, Mark 4:26-32  എന്നിവിടങ്ങളില്‍ കാണാം. മുഖത്തെ അടയാളങ്ങള്‍ ഖുര്‍ആനിനു (48:29) പുറമെ, St. John's Apocalypse (14:1)-ലും യേശുവിന്റെ ഗിരിപ്രഭാഷണത്തിലും കാണാം). ഖൈബറിലെ ജൂതന്മാര്‍ക്ക് ഇങ്ങനെയൊരു കത്തെഴുതിയതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. പക്ഷേ, തൊട്ടുടനെ ബദ്‌റില്‍ മുസ്‌ലിംകള്‍ക്കുണ്ടായ വിജയം അവരുടെ ശക്തിയെ ഊട്ടിയുറപ്പിച്ചു.

ഈ കത്തില്‍ സൂചിപ്പിച്ച 'സത്യനിഷേധികളോട് കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍' എന്ന പരാമര്‍ശത്തില്‍ ഖൈബറിലെ ജൂതന്മാര്‍ക്ക് ഒരു താക്കീതും ഉള്ളടങ്ങിയിട്ടുള്ളതായി മനസ്സിലാക്കാം. അതിന്റെ അനുരണനങ്ങള്‍ പ്രവാചകന്‍ പിന്നീട് നടത്തുന്ന ചില പ്രവചനങ്ങളിലും നിഴലിക്കുന്നുണ്ട്. ഒരിക്കല്‍ ബനൂ ഖൈനുഖാഅ് ജൂതന്മാരുടെ മാര്‍ക്കറ്റില്‍ ചെന്ന് അവരെ വിളിച്ചു ചേര്‍ത്ത് നബി ഇപ്രകാരം പറഞ്ഞു: ''ജൂത ജനവിഭാഗമേ! ദൈവത്തെ ഭയപ്പെടുക. അല്ലാത്തപക്ഷം ഖുറൈശികള്‍ക്കുണ്ടായ ദുരന്തം നിങ്ങള്‍ക്കും വന്നുപെടും. നിങ്ങള്‍ ഇസ്‌ലാമിലേക്കു വരിക. ഞാന്‍ ദൈവദൂതനാണെന്ന് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നിങ്ങളുടെ വേദത്തില്‍ നിങ്ങള്‍ക്കത് കണ്ടെത്തുകയും ചെയ്യാം.'' ജൂതന്മാരുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഓ മുഹമ്മദ്! നിങ്ങള്‍ക്ക് നിങ്ങളുടെ ആളുകളെ മാത്രമേ അറിയൂ. സൈനിക പ്രാഗത്ഭ്യമില്ലാത്ത ഒരു കൂട്ടരെ തോല്‍പ്പിച്ചെന്ന് കരുതി ഞങ്ങളും അവരെപ്പോലെയാണ് എന്ന് തെറ്റിദ്ധരിക്കരുത്. അവരെ തോല്‍പിക്കാനായത് യാദൃഛികം മാത്രം. ഞങ്ങള്‍ക്കെതിരെയാണ് നിങ്ങള്‍ പൊരുതുന്നതെങ്കില്‍ അപ്പോള്‍ ആണുങ്ങളെ നിങ്ങളവിടെ കാണും.''5

പരസ്പര വിശ്വാസമില്ലാത്ത ഇങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുമ്പോള്‍ തീ കത്തിപ്പടരാന്‍ ചെറിയ ഒരു സംഭവം മതി. ഹിജ്‌റക്കു ശേഷമുള്ള ഒമ്പത് മാസങ്ങള്‍ പ്രത്യേകിച്ചൊന്നുമില്ലാതെ കടന്നുപോയി. പെട്ടെന്നാണ് അവസ്ഥകള്‍ മാറിമറഞ്ഞത്. എന്തോ വാങ്ങാനായി ഒരു മുസ്‌ലിം സ്ത്രീ ജൂതവിഭാഗമായ ബനൂ ഖൈനുഖാഇല്‍പെട്ട ഒരു സ്വര്‍ണപ്പണിക്കാരന്റെ അടുത്ത് ചെന്നതായിരുന്നു. അപ്പോള്‍ ചില ജൂത യുവാക്കള്‍ ചുറ്റും കൂടി ആ സ്ത്രീയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഹിജാബ് അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ വിസമ്മതിച്ചു. അപ്പോള്‍ ഈ സ്വര്‍ണപ്പണിക്കാരന്‍ തന്റെ കുബുദ്ധിയില്‍ വന്ന ഒരു വേല ഒപ്പിച്ചു6 (അതൊക്കെ അന്ന് സാധാരണവുമായിരുന്നു). സ്ത്രീ അറിയാതെ അയാള്‍ അവരുടെ വസ്ത്രത്തിന്റെ തലപ്പത്ത് ഘനമുള്ള എന്തോ കെട്ടിയിട്ടു. സ്ത്രീ ഇരുന്നേടത്തു നിന്ന് എഴുന്നേറ്റപ്പോള്‍ ആ വസ്തുവിന്റെ ഭാരം കാരണം വസ്ത്രം താഴുകയും സ്ത്രീയുടെ ചില ശരീരഭാഗങ്ങള്‍ വെളിപ്പെടുകയും ചെയ്തു. അപമാനിക്കപ്പെട്ട ആ സ്ത്രീ രോഷാകുലയായി ഉച്ചത്തില്‍ നിലവിളിച്ചു. മുസ്‌ലിമായ ഒരാള്‍ അപ്പോള്‍ ആ വഴി കടന്നുപോകുന്നുണ്ടായിരുന്നു. സഹായത്തിനായി അയാള്‍ ഓടിയെത്തി. സ്വര്‍ണപ്പണിക്കാരന്‍ അപമാനിച്ച വിവരമറിഞ്ഞപ്പോള്‍ അയാളെ കൊലപ്പെടുത്തി. അവിടെ കൂടിയ ജൂതന്മാര്‍ ചേര്‍ന്ന് ഈ മുസ്‌ലിമിനെയും കൊലപ്പെടുത്തി. ഇതൊരു ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഖൈനുഖാഇന്റെ ആവാസ സ്ഥലം പതിനഞ്ചു ദിവസം മുസ്‌ലിംകള്‍ ഉപരോധിച്ചു. ഒടുവിലവര്‍ കീഴടങ്ങി. അവരില്‍ 700 പടയാളികളുണ്ടായിരുന്നു.7 ഇതു സംബന്ധമായ ബുഖാരിയുടെ സംഭവ വിവരണത്തില്‍,8 ശത്രുക്കളോട് ഇടപെടുമ്പോള്‍ പ്രവാചകന്‍ കാണിക്കുന്ന നീതിബോധവും മതകീയമായ അനുഭാവവും തെളിഞ്ഞുകാണാം. ആ വിവരണം ഇങ്ങനെ: ''ഞങ്ങള്‍ പള്ളിയിലായിരിക്കെ പ്രവാചകന്‍ തന്റെ വീട്ടില്‍നിന്ന് ഞങ്ങളുടെ അടുത്തേക്കു വന്ന് ഇങ്ങനെ പറഞ്ഞു: 'നമുക്ക് ജൂതരുടെ അടുത്തേക്ക് പോകാം.' ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം അവരുടെ കേന്ദ്രമായ ബൈത്തുല്‍ മിദ്‌റാസില്‍ എത്തി. പ്രവാചകന്‍ ജൂതന്മാരെ വിളിച്ചു വരുത്തി ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ക്ക് ഇസ്‌ലാം സ്വീകരിച്ചുകൂടേ? നിങ്ങള്‍ സുരക്ഷിതരാകും.' അപ്പോള്‍ അവര്‍: 'ഓ, അബൂഖാസിം! താങ്കള്‍ ഞങ്ങളെ താക്കീത് ചെയ്യുകയാണ്.' നബി: 'അതേ, അത് ഞാന്‍ ഉദ്ദേശിച്ചിട്ടുണ്ട്.' നബി വീണ്ടും: 'ഇസ്‌ലാം സ്വീകരിക്കൂ. നിങ്ങള്‍ സുരക്ഷിതരാകും.' അപ്പോഴും അവര്‍ പറഞ്ഞു: 'നിങ്ങള്‍ ഞങ്ങള്‍ക്ക് താക്കീത് നല്‍കുകയാണ്.' അപ്പോള്‍ നബി പഴയ മറുപടി ആവര്‍ത്തിച്ചു: 'അത് ഞാന്‍ ഉദ്ദേശിച്ചിട്ടുണ്ട്.' ഈ ചോദ്യവും ഉത്തരവും ഒരിക്കല്‍കൂടി ആവര്‍ത്തിച്ച ശേഷം നബി അവരോട് പറഞ്ഞു: 'നോക്കൂ, ഭൂമി അല്ലാഹുവിനും അവന്റെ ദൂതനും അവകാശപ്പെട്ടതാണ്. നിങ്ങള്‍ ഈ നാട്ടില്‍നിന്ന് പുറത്തു പോകണം. നിങ്ങളുടെ കൈവശമുള്ളതൊക്കെ നിങ്ങള്‍ക്ക് വില്‍ക്കാം.' തുടര്‍ന്ന് അവരുടെ ആയുധങ്ങള്‍ പിടിച്ചെടുത്തു'' (ഇബ്‌നുല്‍ ജൗസിയുടെ വഫാഇല്‍ വന്ന വിവരണപ്രകാരം 1500 വാളുകള്‍, 300 പടയങ്കികള്‍, 2000 കുന്തങ്ങള്‍, 500 പരിചകള്‍). മുസ്‌ലിംകളിലെ അവരുടെ സുഹൃത്തുക്കള്‍ ഇടപെട്ടതു കാരണം അത് വെറുമൊരു നാടുകടത്തല്‍ മാത്രമായിത്തീര്‍ന്നു. അവര്‍ മദീന വിട്ടുപോവണമെന്നേയുള്ളൂ. അവര്‍ പോയത് അദ്‌രീആത്തി(ഫലസ്ത്വീന്‍)ലേക്കാണ്.9 യാത്രക്കൊരുങ്ങുമ്പോള്‍ അവരോട് പ്രവാചകന്‍ പറഞ്ഞിരുന്നു: കച്ചവടാവശ്യാര്‍ഥം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മദീനയില്‍ വരാം. മൂന്നില്‍ കൂടുതല്‍ ദിവസം തങ്ങരുത് എന്നേയുള്ളൂ.10

(തുടരും)

 

 

കുറിപ്പുകള്‍

1. ഇബ്‌നു ഹിശാം പേ: 130-6

2. അതേ പുസ്തകം പേ: 353-4

3. അതേ പുസ്തകം പേ: 352

4. വസാഇഖ്, No. 15

5. ഇബ്‌നു ഹിശാം പേ: 545, ഖിബ്‌ല മാറ്റാനുള്ള തീരുമാനവും (ഖുര്‍ആന്‍ 2:139) ജൂതന്മാരെ ചൊടിപ്പിച്ചിട്ടുണ്ടാവാം.

6. ഉക്കാളില്‍വെച്ച് ആദ്യത്തെ ഫിജാര്‍ യുദ്ധമുണ്ടാകാനും ഇതുപോലൊരു വേണ്ടാത്തരം തന്നെയാണ് കാരണം (ഇബ്‌നുല്‍ ജൗസി - വഫാഅ്, പേ: 135)

7. ഇബ്‌നു ഹിശാം, പേ: 5457

8. ബുഖാരിയെയും മുസ്‌ലിമിനെയും ഇബ്‌നുല്‍ ഖയ്യിം 'അഹ്കാമു അഹ്‌ലിദ്ദിമ്മ' യില്‍ ഉദ്ധരിച്ചത് (ബുഖാരി 58:6)

9. ഇബ്‌നു ഹിശാം പേ; 546, ത്വബരി ക, 1362, I, 1362, Battlefield.... No. 203

10. ബുര്‍ഹാനുദ്ദീന്‍ അല്‍മര്‍ഗീനാനി-ദഖാഇര്‍ ബുര്‍ഹാനിയ്യ, അധ്യായം: സിയര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്