സോളിഡാരിറ്റി മുന്നറിയിപ്പ് തന്നിരുന്നു, വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച്
''ഒരു കാര്യം പറഞ്ഞാല്‍ മുഷിയുമോ?''
''ലവലേശം മുഷിയുകയില്ല. കാച്ച്!''
''എന്നാലെ ഭവാനെപ്പോലുള്ളവര്‍ കല്യാണം കഴിച്ചു വീടും കുടിയും ഭാര്യയും മക്കളുമായി കഴിയാതെ കാട്ടില്‍ വല്ല ഗുഹയിലും തുണിയും കോണോ നുമില്ലാതെ അനങ്ങാതിരുന്നു തപസ്സു ചെയ്യുകയായിരുന്നു നല്ലത്!''
''തിന്നാനും കുടിക്കാനും പുറം മാന്തിത്തരാനും നീയുണ്ടെങ്കില്‍ ഏത് ഗുഹയിലും ഞാന്‍ താമസിച്ചു ഘോരഘോരം തപസ്സു ചെയ്യാം!''
''എന്നാല്‍ നമുക്ക് നമ്മുടെ വീടായ ഈ ഗുഹ മതി. പക്ഷേ, പാമ്പും പഴുതാരയും തേളും അരണയും ഈ ഗുഹയില്‍ കടക്കുന്നത് എനിക്കിഷ്ടമല്ല. അതിനെയെല്ലാം അടിച്ചുകൊല്ലണം!''
''നിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും!''
(ഭൂമിയുടെ അവകാശികള്‍- വൈക്കം മുഹമ്മദ് ബഷീര്‍)
മലയാള സാഹിത്യത്തില്‍ പ്രകൃതിയെ ആവിഷ്‌കരിച്ച എഴുത്തുകാരില്‍ മുമ്പനാണ് വൈക്കം മുഹമ്മദ് ബഷീര്‍. പ്രകൃതിയും സംസ്‌കൃതിയും തമ്മിലുള്ള കൂട്ടാണ് ബഷീര്‍ എഴുത്തിന്റെ സൗന്ദര്യം. സജീവമായ ഒരു സാന്നിധ്യമായി പ്രകൃതി ബഷീര്‍ കൃതികളില്‍ തെളിയുന്നു. കുന്നും പുഴയും പൂന്തോട്ടവും മരങ്ങളും അനുപമ സൗന്ദര്യത്തോടെ ആ രചനകളില്‍ കടന്നുവരുന്നു. സമസ്ത ജീവനുകളെയും ഒന്നായി പുണരുന്ന സ്നേഹമാണ് ആ എഴുത്തുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. താമരപ്പൊയ്കയില്‍ കുളിക്കാനിറങ്ങിയ കുഞ്ഞിപ്പാത്തുമ്മയെ അട്ട കടിച്ചപ്പോള്‍ ചോര കുടിച്ചുചീര്‍ത്ത അട്ടയെ നോക്കി അവള്‍ പറയുന്നത് 'ഇബ്ലീസേ, ന്റെ ചോര നീ മുയുമനും കുടിച്ചു' എന്നാണെങ്കിലും കൊല്ലാതെ അതിനെ വെറുതെ വിടുന്നു. ന്യായമായി പറയുന്നത് 'അട്ടക്ക് ഉമ്മയും ബാപ്പയും കാണും. പെണ്ണട്ടയോ ആണട്ടയോ എന്നറിഞ്ഞുകൂടാ' എന്നാണ്. വെള്ളത്തിലിട്ട അട്ടയെ വെട്ടി വിഴുങ്ങിയ വരാല്‍ മത്സ്യത്തോട് 'എന്തിനാ വരാലേ അതിനെ വെട്ടിമുണിങ്ങിയത്, ദോഷമല്ലേ' എന്ന് അവള്‍ കലഹിക്കുന്നുമുണ്ട്.
'ഭൂമിയുടെ അവകാശികള്‍' എന്ന കഥയാകട്ടെ പ്രകൃതിയുടെ സമൂര്‍ത്തമായ ആവിഷ്‌കരണം കൊണ്ട് ശ്രദ്ധേയമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹകരണത്തിന്റെയും സഹവാസത്തിന്റെയും നീക്കുപോക്കുകളാണ് ആ കഥയുടെ ആഖ്യാനത്തിന് ചാരുതയേകുന്നത്. ഒരു കിണറും പഴയ വീടും ഉള്‍പ്പെടെ രണ്ടേക്കര്‍ പുരയിടം വാങ്ങിയതോടെ ജീവിതം സുരക്ഷിതമായി എന്ന് ആഴത്തില്‍ വിശ്വസിച്ച കഥാനായകന്റെ ജീവിതത്തിലേക്ക് മറ്റ് അവകാശികള്‍ കൂടി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രംഗപ്രവേശം ചെയ്യുന്നു. എന്നാല്‍ പുരയിടത്തില്‍ മറ്റു അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഭാര്യ തയാറുമല്ല. ഭര്‍ത്താവാകട്ടെ പുരയിടം എന്ന വാക്ക് മനുഷ്യന്റെ പുരക്കുള്ള ഇടം മാത്രമല്ല ദൈവസൃഷ്ടികള്‍ തന്നെയായ മറ്റുള്ള ജീവികള്‍ക്കും പുരക്കുള്ള ഇടമാണ് എന്ന വിശ്വദര്‍ശനത്തില്‍ സംതൃപ്തനുമാണ്.
'ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ താങ്ങിനിര്‍ത്തിയിരിക്കുന്ന ദൈവം തമ്പുരാന്‍ ഭൂമിയില്‍ ജീവികള്‍ക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു. പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, പുല്ല്, പുഷ്പങ്ങള്‍, വെള്ളം, വായു പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉല്‍പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പരമാര്‍ഥം എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ലേ?' എന്നാണ് ഭാര്യയോട് അയാള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ ശമനമില്ലാത്ത സുഖാസക്തികള്‍ക്ക് അനുസൃതമായിട്ടാണ് വികസനം കടന്നുവരുന്നതെന്നും അതാകട്ടെ പ്രകൃതിയുമായുള്ള മനുഷ്യന്റെ കൊടുക്കല്‍വാങ്ങലുകളും പ്രകൃതിയുടെ തന്നെ താളലയവും നശിപ്പിക്കുന്നു എന്നും കഥാനായകനിലൂടെ ബഷീര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ ജന്തുക്കളും സസ്യലതാദികളും നദീതടങ്ങളും മനുഷ്യരുമെല്ലാം കൂടിച്ചേരുന്ന ജൈവലോകത്തെക്കുറിച്ച നീതിപൂക്കുന്ന വിചാരങ്ങളായി അവ മാറുന്നു.
പുതിയ കേരളത്തെ മുന്നില്‍ വെച്ച് ഇന്നലെകളില്‍ സോളിഡാരിറ്റി നടത്തിയ ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ബഷീറിന്റെ ആശയലോകത്തിന് വലിയ പ്രസക്തിയുണ്ട്. അഥവാ, പ്രകൃതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചുമുള്ള ബഷീറിന്റെ ആശയലോകത്തിനും സോളിഡാരിറ്റിയുടെ പ്രയോഗവത്കരണങ്ങള്‍ക്കുമിടയില്‍ പൊതുവായി ചില അന്തര്‍ധാരകളുണ്ട്. സൂക്ഷ്മാര്‍ഥത്തില്‍ മാത്രമല്ല ഒറ്റനോട്ടത്തില്‍ പോലും കണ്ടെത്താന്‍ സാധിക്കുന്ന ചില ഇഴയടുപ്പങ്ങളാണത്. ബഷീര്‍ എഴുതിയ 'തേന്മാവ്' എന്ന കഥ അതിന്റെ ലക്ഷണമൊത്ത മാതൃകയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ തേന്മാവിനെക്കുറിച്ചുള്ളതാണ് ഈ കഥ. ഖുര്‍ആനിന്റെ പ്രകൃതിപാഠങ്ങളെ അതീവ ലളിതവും സരളവുമായി ഈ കഥയോട് ചേര്‍ത്തുവെച്ചിരിക്കുന്നു.
'നിങ്ങള്‍ കേട്ടതൊന്നും ശരിയല്ല. ഞാന്‍ ഒരു വൃക്ഷത്തെയും ആരാധിക്കുന്നില്ല. സൃഷ്ടികളില്‍ ഒന്നിനെയും. എന്നാല്‍, ഈ തേന്മാവിനോട് എനിക്ക് പ്രത്യേക സ്നേഹമുണ്ട്' എന്ന കഥാനായകന്റെ തുടക്കത്തിലുള്ള പ്രഖ്യാപനത്തില്‍ തന്നെ ഖുര്‍ആനിന്റെ പ്രകൃതി ദര്‍ശനം വ്യക്തമാക്കുന്നുണ്ട്. റഷീദിനും അസ്മക്കും ഒരു തേന്മാവിനോടുള്ള സ്നേഹവും ആ സ്നേഹത്തിനിടയാക്കിയ സാഹചര്യവുമാണ് കഥയില്‍. കഥയിലെ തന്നെ മറ്റൊരു പ്രധാന കഥാപാത്രമാണ് യൂസുഫ് സിദ്ദീഖ്. മരണാസന്നനായി വഴിയരികില്‍ കിടക്കുന്ന യൂസുഫ് സിദ്ദീഖിനെ കഥയിലൊരിടത്ത് കാണാം. മരണാസന്നവേളയില്‍ അസ്മയും റഷീദും കൊടുത്ത ഒരു കോപ്പ വെള്ളത്തില്‍നിന്നും തനിക്കാവശ്യമുള്ളത് മാത്രം കുടിച്ച് ബാക്കി വന്നത് റോഡരികില്‍ വാടിത്തളര്‍ന്നിരുന്ന തേന്മാവിന്‍ ചെടിക്ക് ബിസ്മി ചൊല്ലി ഒഴിച്ചുകൊടുക്കുന്നു. ശേഷം അവരുടെ കണ്‍മുന്നില്‍ വെച്ച് മരണമടയുകയും ചെയ്യുന്നു. റഷീദും അസ്മയും പിന്നീട് വിവാഹിതരാകുന്നു. തേന്മാവ് അവര്‍ തങ്ങളുടെ ദാമ്പത്യജീവിതത്തിലേക്ക് പറിച്ചുനടുന്നു.
പ്രകൃതിയുടെ കരവിരുതും മനുഷ്യന്റെ കായികശേഷിയും സംയോജിക്കുമ്പോള്‍ തേന്മാവ് പോലുള്ള ജൈവ വിസ്മയങ്ങള്‍ രൂപം കൊള്ളുമെന്ന് ബഷീര്‍ ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. 'നാളെ അന്ത്യനാളാണ് എന്ന് നീ അറിഞ്ഞാലും നിന്റെ കൈയില്‍ ഒരു വൃക്ഷത്തൈ ഉണ്ടെങ്കില്‍ അത് നീ നടണം' എന്ന പ്രവാചക വചനത്തിന്റെ സര്‍ഗാവിഷ്‌കാരം കൂടിയായി തേന്മാവ് മാറുന്നു. യൂസുഫ് സിദ്ദീഖ് എന്ന കഥാപാത്രവും വിശ്വാസികള്‍ക്ക് സുപരിചിതനാണ്. ദൈവിക വര്‍ണത്താല്‍ ജീവിതത്തെ അലങ്കരിച്ച്, ദൈവിക നിര്‍ദേശത്താല്‍ പതിനാല് വര്‍ഷത്തേക്കുള്ള ഭക്ഷ്യോല്‍പാദനവും അതിന്റെ സംഭരണവും കുറ്റമറ്റതാക്കി ക്ഷാമത്തിലും വറുതിയിലും ഈജിപ്തിന് കാവലാളായി എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന യൂസുഫ് അസ്സിദ്ദീഖ് തന്നെ അത്. യൂസുഫ് സിദ്ദീഖ് ഒരു സ്വപ്ന രൂപമോ സാങ്കല്‍പിക കഥാപാത്രമോ മാത്രമല്ലെന്നും അതിന് തുടര്‍ച്ചകളുണ്ടെന്നും ശൈശവ വിശുദ്ധിയോടെ അവ ബാക്കിനില്‍ക്കണമെന്നും ബഷീര്‍ പറഞ്ഞുവെക്കുന്നു. 'തേന്മാവി'ന്റെ അവസാനത്തില്‍ റഷീദ്-അസ്മാ ദമ്പതികളുടെ യൗവനത്തിലേക്ക് കാലൂന്നിയ മകനോട് പേരു ചോദിക്കുമ്പോള്‍ അവന്‍ നല്‍കുന്ന മറുപടി യൂസുഫ് സിദ്ദീഖ് എന്നാണ്.
ബഷീര്‍ ഖുര്‍ആനില്‍നിന്ന് കണ്ടെടുത്ത യൂസുഫ് പ്രവാചകന്‍ തന്നെയാണ് എക്കാലത്തും സോളിഡാരിറ്റിയുടെയും റോള്‍ മോഡല്‍. ലജ്ജയുടെ അവസാന പുടവയും വലിച്ചുകീറപ്പെട്ട ഒരു ലോകത്ത് ലജ്ജയുടെ പൂത്തുലഞ്ഞുനിന്ന പൂമരമായിരുന്നു പ്രവാചകന്‍ യൂസുഫ്. യൗവനത്തിന്റെ സദാചാര വിശുദ്ധി കൊണ്ട് ഒരു നാഗരികതയും രാഷ്ട്രീയക്രമവും പടുത്തുയര്‍ത്താനാവുമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. ആത്മീയതയും ഭൗതികതയും സംഗീതമധുരമായി കോര്‍ത്തിണക്കപ്പെടേണ്ടതെങ്ങിനെയെന്ന് വിശ്വാസികള്‍ക്ക് ആ ജീവിതം കാണിച്ചുതന്നു. അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ സമഗ്രതയും വിമോചനപരതയും തികവാര്‍ന്ന രൂപത്തില്‍ പ്രതിനിധീകരിച്ച സോളിഡാരിറ്റിക്ക് യൂസുഫ് പ്രവാചകനില്‍ ഒരുപാട് മാതൃകയുണ്ടായിരുന്നു. വഴുക്കി വീഴാവുന്ന യൗവനത്തിന്റെ സാധ്യതകളെ ത്യജിക്കാനുള്ള സദാചാരക്കരുത്ത്, പടച്ചവന്റെ പ്രതിനിധി എന്ന നിലയില്‍ പ്രകൃതിയുടെ പരിപാലനം നിര്‍വഹിക്കാനുള്ള ശേഷി. അങ്ങനെ പലതു കൊണ്ടും സോളിഡാരിറ്റി മാതൃകയാക്കിയ യൂത്ത് ഐക്കണായിരുന്നു യൂസുഫ് നബി.
ദൈവകടാക്ഷം കൊതിച്ച് ജീവിതസന്ദര്‍ഭങ്ങളെയൊക്കെയും കര്‍മോത്സുകമാക്കിയ സംഘമായിരുന്നു സോളിഡാരിറ്റി. യൗവനത്തിന്റെ മുഴുവന്‍ വര്‍ണങ്ങളും സോളിഡാരിറ്റിയില്‍ സമ്മേളിച്ചു. യുവ സംരംഭകര്‍ക്കത് മാര്‍ഗദര്‍ശനമായി. ചെറുപ്പത്തിന്റെ കളിയുത്സവങ്ങള്‍ക്ക് അത് കളമൊരുക്കി. വിത്തിറക്കിയും വിളവെടുത്തും കേരളത്തിന്റെ പാടശേഖരങ്ങളില്‍ അത് ജൈവ വിസ്മയമൊരുക്കി. വികസനം വിപത്തായി ഇരച്ചുവന്നപ്പോള്‍ അത് വികസനത്തിന് തിരുത്ത് പറഞ്ഞു. ആശയങ്ങള്‍ കളമൊഴിഞ്ഞുപോയ തെരുവില്‍ സോളിഡാരിറ്റി സമരത്തിന്റെ,പ്രത്യയശാസ്ത്രങ്ങളുടെ ബദല്‍ മാതൃകകളൊരുക്കി. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് മാത്രമല്ല കൈനിവര്‍ത്തി താങ്ങാവുന്നതും വിപ്ലവ പ്രവര്‍ത്തനമാണെന്ന് അത് തെളിയിച്ചു. സാമ്പ്രദായിക സമരാവിഷ്‌കാരങ്ങള്‍ക്ക് പുതുനിറം നല്‍കിയ ഈ യുവതയുടെ പ്രസരിപ്പിനും ശബ്ദത്തിനും കേരളീയര്‍ കാതും മുഖവും കൊടുത്തു. സമരനാടകങ്ങളുടെ ഒരുപാട് അരങ്ങ് കണ്ട കേരളം സോളിഡാരിറ്റിയെ ഹൃദയം കൊണ്ട് ചേര്‍ത്തു പിടിച്ചു.
1992-ലെ ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം യുവജനങ്ങളെ സാമുദായികമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെയും നടന്നതിനു ശേഷമാണ് സോളിഡാരിറ്റി കേരളത്തില്‍ ഉദയം ചെയ്യുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷമുള്ള ഇന്ത്യന്‍ ചരിത്രമെന്നത് മുസ്ലിം അപരവത്കരണത്തിന്റെയും അക്രാമക ഹിന്ദുത്വത്തിന്റെയും ചരിത്രം കൂടിയാണ്. എന്നാല്‍, ഡിസംബര്‍ ആറിന്റെ തിക്താനുഭവം മുന്നില്‍ വെച്ചുകൊണ്ട് ആളെക്കൂട്ടാനും ദേശത്തില്‍ നിന്ന് അനുഭവിക്കുന്ന അന്യതാബോധത്തെ സംഘടനാവശ്യത്തിന് സമര്‍ഥമായി ഉപയോഗപ്പെടുത്താനുമല്ല സോളിഡാരിറ്റി ശ്രമിച്ചത്. മറിച്ച്, ആഗോളവത്കരണത്തിന്റെ പ്രഹരശേഷിയില്‍ പകച്ചുപോയ കേരളത്തിന് കരുത്തുറ്റൊരു ആദര്‍ശത്തിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ട് പുതുജീവന്‍ നല്‍കാനാണ്. മതം സാമൂഹികതയില്‍ ഇടപെടുന്നത് അപകടമാണെന്ന മതേതര ബോധത്തെയും മതത്തെ ആചാരബന്ധിതമാക്കിയ പാരമ്പര്യ മതസങ്കല്‍പങ്ങളെയും ഒരുപോലെ തിരുത്തിക്കൊണ്ടും പുതുക്കി പണിതുകൊണ്ടുമാണ് സോളിഡാരിറ്റി സാമൂഹിക മണ്ഡലത്തില്‍ കാലെടുത്തുവെച്ചത്. ഇസ്ലാമിന് പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മിണ്ടാന്‍ യോഗ്യതയില്ല എന്ന തീര്‍പ്പുകല്‍പിക്കലുകളോടുള്ള പ്രത്യുത്തരം കൂടിയായി അത് മാറുകയായിരുന്നു.
പരിസ്ഥിതിവാദവും മുസ്ലിം വിരുദ്ധ പൊതുബോധവും
'ഒട്ടും വികാസക്ഷമമല്ലാത്ത ഒരു മതമാണ് ഇസ്ലാം. കാരണം അതിന്റെ കേന്ദ്രബിന്ദു തന്നെ മരുഭൂമിയിലെ ഇളക്കം തട്ടാത്ത ഒരു ശിലയാണല്ലോ' എന്ന് ആനന്ദ് പരിഹസിക്കുന്നുണ്ട്. മരുഭൂമി, ഇളക്കം തട്ടാത്ത ശില തുടങ്ങിയ രൂപകങ്ങള്‍ ഇസ്ലാം ജൈവ വിരുദ്ധമാണെന്ന് ദ്യോതിപ്പിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകള്‍ പറയുന്നിടത്ത് അറിയാതെയെങ്കിലും മുസ്ലിംവിരുദ്ധ വികാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. കേരളത്തിലെ നദികള്‍ മലിനമാകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുക പലപ്പോഴും അറവുശാലകളിലെ മാലിന്യമായിരിക്കും. അറവുശാലകള്‍ നടത്തുന്നത് ഏതു മതക്കാരാണെന്ന് മനസ്സിലാകുമ്പോള്‍ ഈ വിലയിരുത്തലിലെ ഫാഷിസ്റ്റ് അപകടം തിരിച്ചറിയാനാകും. നദികളെ വിഷലിപ്തമാക്കുന്ന വന്‍ വ്യവസായ മാലിന്യങ്ങളെ ബോധപൂര്‍വം തമസ്‌കരിച്ചുകൊണ്ടായിരിക്കും ഇത്തരം വിശകലനങ്ങള്‍ നടക്കുക.
1970-കള്‍ക്കു ശേഷമുണ്ടായ ഗള്‍ഫ് കുടിയേറ്റവും അതിന്റെ ഭാഗമായി കേരളത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളും വലിയ തോതില്‍ മുസ്ലിം വിരുദ്ധ പൊതുബോധത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസത്തിലൂടെ രൂപപ്പെട്ട കേരളത്തിലെ ഗുണപരമായ മാറ്റങ്ങള്‍ വെട്ടിമാറ്റപ്പെടുകയും പകരം പ്രകൃതിയെക്കുറിച്ച നഷ്ടസ്മൃതികള്‍ മാത്രം ഇടം പിടിക്കുകയും ചെയ്തു. ഗള്‍ഫ് പണത്തിന്റെ തിണ്ണബലത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു മൂടി ഷോപ്പിംഗ് കോംപ്ലക്സുകള്‍ തീര്‍ക്കുന്നുവെന്നും കുന്നുകളും മലകളും അവര്‍ ഇടിച്ചു നിരത്തുന്നുവെന്നും ആക്രോശങ്ങളുയര്‍ന്നു. ഇത്തരത്തില്‍ പരിസ്ഥിതിയെ ചൊല്ലിയുള്ള കേരളത്തിലെ മധ്യവര്‍ഗ സവര്‍ണ സമൂഹങ്ങളുടെ ഭൂതകാല സ്വപ്നങ്ങള്‍ക്കുമേല്‍ ഇടിത്തീയായി കടന്നുവരുന്നത് മുസ്ലിമാണ്. ജാതിശ്രേണിയെ നിലനിര്‍ത്തിക്കൊണ്ടും സവര്‍ണ സംസ്‌കാരത്തെ ഒളിച്ചുകടത്തിക്കൊണ്ടും സിനിമയെടുക്കുന്ന ജനപ്രിയ സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമകളില്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമക്ക് കളങ്കമേല്‍പ്പിക്കുന്ന ഘടകങ്ങള്‍ ഗള്‍ഫ് പണവും ഗള്‍ഫ് മുസ്ലിമുമാണ്.
'എടോ, മംഗലശ്ശേരി മുറ്റത്ത് കയറിവന്ന് വസ്തു വില്‍ക്കുന്നുണ്ടോ എന്ന് ചോദിക്കാനുള്ള ധൈര്യായോ നിനക്ക്. നിന്റെ വാപ്പ അന്ത്രുമാപ്പിള ഈ പടിപ്പുരക്കിപ്പുറം കാലുകുത്തിയിട്ടില്ല. പുഴക്കരപ്പറമ്പീന്ന് അയാള്‍ തേങ്ങ മോഷ്ടിച്ചപ്പോള്‍ ദേ ഈ കാണുന്ന പുളിയന്‍ മാവിന്റെ മേലാ ഇവിടത്തെ പണിക്കാര്‍ പിടിച്ചുകെട്ടി തല്ലിയത്. നിനക്കോര്‍മയില്ലെങ്കില്‍ പോയി ചോദിക്ക്. ജീവനോടെ ഉണ്ടല്ലോ ഇപ്പോഴും. ഏതോ നാട്ടില്‍ പോയി നാല് പുത്തനുണ്ടാക്കിയതിന്റെ നിഗളിപ്പ് മംഗലശ്ശേരി നീലകണ്ഠനോട് കാണിക്കാ. ഇറങ്ങിപ്പോടാ' എന്ന ദേവാസുരം സിനിമയിലെ നായകന്റെ ആക്രോശത്തില്‍ ഗള്‍ഫ് പണത്തോടും ഗള്‍ഫ് മുസ്ലിമിനോടുമുള്ള വെറുപ്പ് നുരഞ്ഞുപൊന്തുന്നുണ്ട്.
1980-കള്‍ മുതലാരംഭിക്കുന്ന കേരളത്തിന്റെ പരിസ്ഥിതി സമരങ്ങളിലെ തിളക്കമേറിയ അധ്യായങ്ങളിലൊന്നാണ് ചാലിയാര്‍ സമരം. ചാലിയാറിനെ വിഷപ്പുഴയാക്കിയ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിക്കെതിരെ ഒരു ദേശം മുഴുവന്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇന്നും ഒളിമങ്ങാത്തതാണ്. ചാലിയാര്‍ സമരത്തിന്റെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയായിരുന്നു കെ.എ റഹ്മാന്‍. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് പ്രവര്‍ത്തകനും മഹല്ല് ഭാരവാഹിയുമായ സാധാരണ മുസ്ലിം മതവിശ്വാസിയായിരുന്നു അദ്ദേഹം. ചാലിയാര്‍ സമരത്തിന്റെ മുന്നണിപ്പോരാളിയായി ചാലിയാറിന്റെ വിഷജലം സമ്മാനിച്ച കാന്‍സര്‍ രോഗം പിടിപെട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1998-ല്‍ ചാലിയാര്‍ സമരം ഇതിവൃത്തമായും കെ.എ റഹ്മാന്റെ ജീവിതത്തെ ആസ്പദിച്ചും ടി.കെ.രജീവ് കുമാര്‍ 'ദലമര്‍മരം' എന്ന പേരില്‍ സിനിയെടുക്കുന്നുണ്ട്. എന്നാല്‍, കെ.എ റഹ്മാന്‍ കെ.എ ഉസ്മാനായും മതവിശ്വാസിയായ അദ്ദേഹം മിശ്ര വിവാഹിതനായും മഹല്ല് ഊരുവിലക്ക് നേരിടുന്നവനുമൊക്കെയായാണ് തിരശ്ശീലയില്‍ അവതരിപ്പിക്കപ്പെട്ടത്. അഥവാ, മതവിശ്വാസിക്കൊരിക്കലും പരിസ്ഥിതി സ്നേഹിയാകാന്‍ കഴിയില്ല എന്ന മുന്‍വിധി തന്നെയായിരുന്നു ഇത്തരം ദൃശ്യവത്കരണങ്ങള്‍ക്ക് കാരണമായത്. ഇന്ത്യയിലെയും കേരളത്തിലെയും പരിസ്ഥിതി സമരങ്ങളുടെ മൊത്തം നടത്തിപ്പുകാരായി രംഗത്തുവരുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്ര സംഘടനകള്‍, നിയോ ഗാന്ധിയന്മാര്‍, സവര്‍ണ പരിസ്ഥിതിവാദികള്‍ മുതലായവരുടെയെല്ലാം നോട്ടത്തില്‍ ഇസ്ലാമിന് പരിസ്ഥിതിയില്‍നിന്ന് വിഛേദിക്കപ്പെട്ട സ്ഥാനമാണ് കൈവരാറുള്ളത്. അതാകട്ടെ, യൂറോപ്പില്‍ രൂപപ്പെട്ട ഇക്കോ ഫാഷിസത്തെയും അത് പടര്‍ത്തിവിട്ട ആന്റി സെമിറ്റിസത്തെയും ഓര്‍മപ്പെടുത്തുന്നതാണ്.
ഇക്കോ ഫാഷിസത്തിന്റെ വംശീയ മുന്‍വിധികള്‍
ജര്‍മനിയിലെ അക്രമണോത്സുകരായ നാസിക്കൂട്ടങ്ങളെ ഇളക്കിവിടാന്‍ ഹിറ്റ്ലര്‍ കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നായിരുന്നു പരിസ്ഥിതി സ്നേഹം. തന്റെ സസ്യഭക്ഷണശീലവും മൃഗസ്നേഹവുമെല്ലാം ഡോക്യുമെന്ററികള്‍, മാധ്യമങ്ങള്‍ വഴി സമൂഹമധ്യത്തിലെത്തിക്കാന്‍ ഹിറ്റ്ലര്‍ വലിയ തോതില്‍ പണം ചെലവഴിച്ചിരുന്നു. സ്വന്തമായ പ്രകൃതിപാഠങ്ങളെ ആത്മകഥയിലൂടെ പ്രചരിപ്പിച്ച് ആര്യന്‍ വംശശുദ്ധിയും ജൂതവിരുദ്ധതയും ഒരുപോലെ ഹിറ്റ്ലര്‍ ഉല്‍പാദിപ്പിച്ചു. ഒരു വശത്ത് പ്രകൃതിയുടെ മേല്‍ക്കോയ്മയെക്കുറിച്ച് പറയുകയും മറുവശത്ത് ആര്യന്റെ സൃഷ്ടിയെന്ന നിലക്ക് ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക പുരോഗതിയെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന വൈരുധ്യങ്ങളിലധിഷ്ഠിതമായ പ്രകൃതി ദര്‍ശനമായിരുന്നു ഹിറ്റ്ലറുടേതെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് (പരിസ്ഥിതിയും ഫാഷിസവും ആത്മീയതയും- ജി.മധുസൂദനന്‍). യൂറോപ്പില്‍ ശക്തിപ്പെട്ടിരുന്ന ഇക്കോളജിക്കല്‍ ചിന്തകളെയും മൂവ്മെന്റുകളെയും ഹിറ്റ്ലര്‍ വിലക്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്തു. ജര്‍മന്‍ മണ്ണിന്റെ ശുദ്ധിയും ജര്‍മന്‍ രക്തത്തിന്റെ ശുദ്ധിയും വേര്‍പിരിയാനാകാത്ത വിധം ഹിറ്റ്ലര്‍ സംയോജിപ്പിച്ചു. ആധുനികവിരുദ്ധത, ജര്‍മന്‍ മണ്ണിന്റെയും പ്രകൃതിയുടെയും ശുദ്ധിവാദം, ജര്‍മന്‍ ദേശീയത എന്നിവയെല്ലാം ആവശ്യാനുസരണം കൂട്ടിയിണക്കി ജൂതവിരുദ്ധതക്കാവശ്യമായ വളക്കൂറുള്ള മണ്ണൊരുക്കി.
'ശീതകാലത്ത് നമ്മുടെ അടുപ്പുകളിലെ ചൂടു നിലനിര്‍ത്താന്‍ മാത്രമല്ല, ജര്‍മന്‍ ജനതയുടെ ആഹ്ലാദകരമായ നാഡിമിടിപ്പുകളുടെ ചൂടു നിലനിര്‍ത്താനും വേണ്ടിയാണ് നാം വനങ്ങള്‍ സംരക്ഷിക്കേണ്ടത്' എന്ന മുദ്രാവാക്യം ജര്‍മനിയിലെങ്ങും അലയടിച്ചു. കാലാകാലങ്ങളായി കര്‍ഷകരുടെയും മധ്യവര്‍ഗ സമൂഹങ്ങളുടെയും നോട്ടപ്പുള്ളികളായിരുന്ന ജൂതസമൂഹത്തെ വ്യാവസായികതയുടെയും പരിസ്ഥിതിത്തകര്‍ച്ചയുടെയും കാരണക്കാരാക്കി ചിത്രീകരിക്കുന്ന പ്രവണത ശക്തിപ്പെട്ടു. മണ്ണിന്റെ ശുദ്ധിയും വംശീയ ശുദ്ധിയും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് നാസികള്‍ സിദ്ധാന്തിച്ചത്. അതുകൊണ്ട് ജര്‍മന്‍ രക്തത്തിന്റെയും ജര്‍മന്‍ മണ്ണിന്റെയും ഐക്യം വീണ്ടെടുക്കാന്‍ അതിനെ മലിനപ്പെടുത്തുന്ന ജര്‍മന്‍ മണ്ണിലെ കളകളാകുന്ന ജൂതന്മാരെ പിഴുതെറിയണം. അവര്‍ മരുഭൂമിയുടെ സന്തതികളും ദേശാടനക്കാരായ വിദേശികളുമാണ്. ഇതൊക്കെയായിരുന്നു ഇക്കോ ഫാഷിസ്റ്റുകള്‍ കൂടിയായ നാസികളുടെ വാദങ്ങള്‍. ജര്‍മനിയില്‍ ശക്തിയാര്‍ജിച്ച ഈ ജൂതവിരുദ്ധ പരിസ്ഥിതി വാദത്തിന്റെ തുടര്‍ച്ചകള്‍ ഇന്ത്യയിലും ഇന്ന് പ്രബലമായി വരുന്നുണ്ട്. ജര്‍മനിയില്‍ അത് ആന്റി സെമിറ്റിസത്തിന്റെ രൂപത്തിലായിരുന്നെങ്കില്‍ ഇന്ത്യയിലത് ഇസ്ലാമോഫോബിയയുടെ വേഷം എടുത്തണിഞ്ഞിരിക്കുന്നുവെന്നു മാത്രം. കേരളത്തിന്റെ ഭൂപ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ആരോഗ്യാവസ്ഥകളെയുമെല്ലാം നശിപ്പിക്കുന്ന അണുബാധയായി മുസ്ലിമിന്‍െ മൂലധനവും ജനസംഖ്യയും മാംസാഹാര രീതികളും മാറുന്നത് ഇക്കോ ഫാഷിസത്തിന്റെ വംശശുദ്ധിവാദങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കൊണ്ടു കൂടിയാണ്.
ഖുര്‍ആനിന്റെ പ്രകൃതി പാഠങ്ങള്‍ക്ക് സോളിഡാരിറ്റി പ്രതിനിധാനം
1980-കള്‍ക്കു ശേഷം കേരളത്തില്‍ ശക്തിപ്പെട്ട ജനകീയ സമരങ്ങളുടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയിലാണ് 2003-ല്‍ സോളിഡാരിറ്റി പിറവിയെടുക്കുന്നത്. സോളിഡാരിറ്റിയുടെ സമരോത്സുകമായ പതിനഞ്ച് വര്‍ഷത്തെ വിശകലനവിധേയമാക്കുമ്പോള്‍ മുഖ്യധാരയില്‍നിന്ന് തൊടുത്തുവിടപ്പെട്ട ശരങ്ങളിലേറെയും സംഘടനയുടെ മതാത്മക പരിസരത്തെ കേന്ദ്രീകരിച്ചുള്ള ആശങ്കകളും മുറുമുറുപ്പുകളുമായിരുന്നു. സാമൂഹിക സംഘാടനത്തിന്റെ മാര്‍ഗത്തില്‍ ഒരു സംഘടന പുകഴ്ത്തപ്പെടുന്നതും ഇകഴ്ത്തപ്പെടുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍, കേരളത്തില്‍ സോളിഡാരിറ്റിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംഘടന എന്നതിനപ്പുറത്ത് അത് പ്രതിനിധീകരിക്കുന്ന ആദര്‍ശവുമായി ബന്ധപ്പെട്ടതായിരുന്നു. കൊളോണിയല്‍ ആധുനികതയുടെ യൂറോപ്യന്‍ പശ്ചാത്തലത്തില്‍നിന്ന് തുടങ്ങി ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ വരെ എത്തിനില്‍ക്കുന്ന ഇസ്ലാംപേടിയുടെ ഭാഗമായിരുന്നു ഈ വിമര്‍ശനങ്ങള്‍. മതത്തിന്റെ സാമൂഹിക ഇടപെടലുകളെ അശ്ലീലമായി കണ്ടുപോന്നിരുന്ന മതേതര ബോധത്തോടും മതത്തിന്റെ അക്ഷരവായനയില്‍ മാത്രം അഭിരമിച്ചിരുന്ന സാമ്പ്രദായിക മതസങ്കല്‍പങ്ങളോടും ഒരേസമയം കലഹിച്ചുകൊണ്ടായിരുന്നു സോളിഡാരിറ്റി കേരളത്തിന്റെ മണ്ണിലും മനസ്സിലും ഇടം പിടിച്ചത്. ഇസ്ലാമിക പാരമ്പര്യങ്ങളില്‍നിന്ന് വെള്ളവും വളവും വലിച്ചെടുത്ത്, പിറന്ന മണ്ണില്‍ വേരുകളാഴ്ത്തി ആകാശങ്ങള്‍ക്കപ്പുറമുള്ളൊരു ലോകത്തെ കിനാവു കാണാനാണ് അത് അനുശീലിച്ചത്. എന്നാല്‍, സമരം=ഇടതുപക്ഷം എന്ന എഞ്ചുവടി ചൊല്ലിപ്പഠിപ്പിക്കപ്പെട്ട കേരളം മുനകൂര്‍ത്ത നോട്ടത്തോടെ മാത്രമേ സോളിഡാരിറ്റിയെ വീക്ഷിച്ചുള്ളൂ. തീവ്രവാദം, വിദേശ ഫണ്ടിംഗ്, നിഗൂഢ സംഘം എന്നിത്യാദി പതിവു ഉമ്മാക്കികള്‍ നിരത്തി അവര്‍ തങ്ങളുടെ ഈറ തീര്‍ത്തു. സോളിഡാരിറ്റി പരിപാടികളില്‍ പങ്കെടുത്തവര്‍ തങ്ങളുടെ മതേതര പാരമ്പര്യം തെളിയിക്കണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നുകേട്ടു. മത സംഘടനകള്‍ സമൂഹത്തില്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പയറ്റുന്ന പല അടവുകളിലൊന്നാണ് പരിസ്ഥിതി പ്രവര്‍ത്തനമെന്നായിരുന്നു സോളിഡാരിറ്റി വിമര്‍ശനങ്ങളുടെ കാതല്‍. പരിസ്ഥിതി രാഷ്ട്രീയം ഇസ്ലാമിലെ പുതിയൊരാശയമാണെന്നായിരുന്നു അവര്‍ ഇതിലൂടെ പറഞ്ഞുവെക്കാന്‍ ശ്രമിച്ചത്. ഇക്കോ ഫാഷിസ്റ്റുകളും സവര്‍ണ പരിസ്ഥിതിവാദികളും ഇസ്ലാമിനു നേര്‍ക്ക് വിക്ഷേപിച്ചുകൊണ്ടിരുന്ന ഇത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന ഇടപെടല്‍ കൂടിയായിരുന്നു സോളിഡാരിറ്റിയുടേത്. മണ്ണില്‍നിന്ന് ജനിച്ച് മണ്ണിലേക്ക് മടങ്ങി മണ്ണില്‍നിന്ന് പുനര്‍ജനിക്കുന്ന മനുഷ്യ സങ്കല്‍പത്തിലൂടെ മണ്ണിനോടുള്ള മനുഷ്യന്റെ നാഭീനാളബന്ധം തൊട്ടുകാട്ടുന്ന ഖുര്‍ആന്റെ തികവാര്‍ന്ന പ്രതിനിധാനമായി സോളിഡാരിറ്റി മാറി. പ്രകൃതിയോടിണങ്ങിയുള്ള മനുഷ്യവാസമെന്ന ഖുര്‍ആനിക പ്രമേയത്തെ കാലോചിതമായി സോളിഡാരിറ്റി പരിചയപ്പെടുത്തി.
സ്നേഹമെന്ന വികാരം ഉദാത്തമാകുന്നത് അത് മനുഷ്യനില്‍ മാത്രമൊതുങ്ങാതെ വിശ്വവ്യാപ്തമാവുമ്പോഴാണ്. പ്രപഞ്ചം മുഴുവന്‍ ജീവനാണെന്നും ആ ജീവന്‍ മുഴുവന്‍ സുന്ദരമാണെന്നുമാണ് ഖുര്‍ആനിക പാഠം. സുശക്തമായ രാഷ്ട്രത്തെയും അതില്‍ പാര്‍ക്കുന്ന വൃത്തിയുള്ള സമൂഹത്തെയും വരച്ചുകാട്ടുന്ന ഖുര്‍ആന്‍ ശുദ്ധമായ പരിസ്ഥിതിയും മാലിന്യമുക്തമായ അന്തരീക്ഷവും അതിന് അനിവാര്യമാണെന്ന് ഉണര്‍ത്തുന്നു. ശുദ്ധവായു (രീഹുന്‍ ത്വയ്യിബ്), ശുദ്ധമണ്ണ് (സ്വഈദുന്‍ ത്വയ്യിബ്), ശുദ്ധ വെള്ളം (മാഉന്‍ ത്വഹൂര്‍) എന്നീ ഖുര്‍ആനിക രൂപകങ്ങള്‍ മലിനമുക്തമായ വായുവിനെയും മണ്ണിനെയും വെള്ളത്തെയും സ്വപ്‌നം കാണുന്നു. 'ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്' എന്ന ദൈവവചനത്തിലെ 'നിങ്ങള്‍' എന്ന വാക്കില്‍ ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യരും ഉള്‍പ്പെടുന്നുണ്ടെന്നാണ് പ്രവാചക മതം പഠിപ്പിക്കുന്നത്. ഭാവിതലമുറയുടെ ജീവിക്കാനുള്ള അവകാശത്തിന് വിലകല്‍പിച്ചതുകൊണ്ടാണ് ഇസ്ലാം ഭ്രൂണഹത്യ കൊടും പാപമായി എണ്ണിയത്. പ്രകൃതി വിഷയത്തിലും പ്രകൃതിക്ക് തുരങ്കം വെക്കുന്ന വികസന വിഷയത്തിലും ഇത് ബാധകമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഖുര്‍ആന്റെയും പ്രവാചക വചനങ്ങളുടെയും പ്രകൃതി ദര്‍ശനത്തെ കേരളത്തിന്റെ പരിസ്ഥിതി സമരങ്ങളിലേക്ക് ഇണക്കിച്ചേര്‍ക്കാനുള്ള ശ്രമമായിരുന്നു സോളിഡാരിറ്റി നടത്തിയത്. 'ചെങ്ങറയിലും ദേശീയപാതാ സമരത്തിലുമെല്ലാം ഞാന്‍ പ്രവാചകന്‍ മുഹമ്മദിനെ കാണുന്നു' എന്ന പി. സുരേന്ദ്രന്റെ നിരീക്ഷണം ഇത്തരമൊരു ചരിത്ര സന്ധിയിലായിരുന്നു.
കേരളത്തിന്റെ വികസന പൊങ്ങച്ചങ്ങളുടെ നിന്ദ്യവേഗതയില്‍ നിലവിളികളമര്‍ന്നുപോയവരുടെ ശബ്ദമായി സോളിഡാരിറ്റിയുടെ പരിസ്ഥിതി വാദങ്ങള്‍ മാറി. മനുഷ്യപ്രകൃതി ജൈവ പ്രകൃതിക്കു മേല്‍ നടത്തിയ ദയാശൂന്യമായ കൈയേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ അവ തമ്മിലുണ്ടാകേണ്ട പാരസ്പര്യങ്ങളെക്കുറിച്ചാണ് പ്രമാണങ്ങളിലൂന്നി സോളിഡാരിറ്റി സംസാരിച്ചത്.
'കീഴടക്കുന്നു പോലും മനുഷ്യന്‍ പ്രകൃതിയെ
കീഴടക്കാതെ, സ്വയമങ്ങു കീഴടങ്ങാതെ
അവളെ സ്നേഹത്തിനാല്‍ സേവിച്ചുവശത്താക്കി
യരിയ സഖിയാക്കി വരിച്ചു പാലിക്കുകില്‍
നാം ഭുജിക്കില്ലേ നിത്യമാം വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ് മുറ്റുമൊരു സുഖം?'
എന്ന വൈലോപ്പിള്ളിയുടെ വിഷുക്കണിയിലെ ചോദ്യം തന്നെയായിരുന്നു സോളിഡാരിറ്റിയും കേരളത്തില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു ചോദിച്ചത്. പ്രകൃതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും നിലനില്‍ക്കുന്ന വ്യവസ്ഥാപിത സങ്കല്‍പങ്ങളെ തിരസ്‌കരിച്ചുകൊണ്ട് വികസനങ്ങള്‍ക്ക് ബദല്‍ മാതൃകകള്‍ അത് കൊണ്ടുവന്നു. 'മുതലാളിത്തം വലിച്ചെറിയുക', 'കേരളം പിളര്‍ക്കാന്‍ സമ്മതിക്കില്ല', 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്', 'പുതിയ കേരളം: വികസന ഫോറം' മുതലായ മുദ്രാവാക്യങ്ങള്‍ സോളിഡാരിറ്റി ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ കേരളം ഒന്നടങ്കം അത് ഏറ്റുചൊല്ലി. പ്രളയാനന്തര കേരളത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് അതിന്റെ മാറ്റൊലികളാണ്. വെള്ളപ്പൊക്കാനന്തര കേരളം ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുമ്പാകെ ഉയര്‍ത്തിയിട്ടുണ്ട്. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച ആഴമുള്ള ആലോചനകളും സംവാദങ്ങളും അതിന്റെ ഭാഗമായി പൊതുമണ്ഡലത്തില്‍ വികസിച്ചു വരുന്നു. കൃഷി, കച്ചവടം, പാര്‍പ്പിടം, പരിസ്ഥിതി, വികസനം മുതലായ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ വരണമെന്നും ബദല്‍ രീതികള്‍ ഉയര്‍ന്നു വരണമെന്നുമുള്ള ആവശ്യം ശക്തമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയാന്‍ ശ്രമിച്ച ആദര്‍ശ പ്രസ്ഥാനമെന്ന നിലയില്‍ മുന്നില്‍നിന്ന് സംസാരിക്കാനുള്ള യോഗ്യത സോളിഡാരിറ്റിക്കുണ്ട്. 'പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി' എന്ന തലവാചകത്തില്‍ ഇപ്പോള്‍ നടത്തുന്ന ബഹുജന കാമ്പയിന്‍ അവ്വിധമുള്ളൊരു കാല്‍വെപ്പാണ്. പ്രകൃതിയോടിണങ്ങിയുള്ള വികസന സംസ്‌കാരമെന്ന ലക്ഷ്യം കൈയേന്തിയാല്‍ മാത്രമേ കേരളത്തിന് ഭാവിയുള്ളൂ എന്നതാണ് പ്രളയം നമ്മെ പഠിപ്പിച്ചത്. മനുഷ്യനും പുഴുവും പാമ്പും ശലഭങ്ങളും മൃഗങ്ങളും മത്സ്യങ്ങളും എല്ലാം അവരവരുടേതായ ധര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ് പ്രകൃതിയില്‍ ഇക്കോ സിസ്റ്റം രൂപപ്പെടുക എന്ന് ഖുര്‍ആന്‍ നല്‍കിയ പ്രകൃതിപാഠത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നര്‍ഥം.
Comments