രാഷ്ട്രീയ ലാക്കോടെ ഒരു ഓര്‍ഡിനന്‍സ്
മുത്ത്വലാഖ് അല്ലെങ്കില്‍ ത്വലാഖ് ബിദ്ഈ നടത്തുന്ന മുസ്‌ലിം പുരുഷന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കാന്‍ ഉത്തരവിടുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര ഗവണ്‍മെന്റ് വളരെ ധൃതിപിടിച്ച് കൊണ്ടുവന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച്, ഒരാള്‍ ഒറ്റയടിക്ക് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് കഴിഞ്ഞ വര്‍ഷം തന്നെ മുത്ത്വലാഖ് ശിക്ഷാര്‍ഹമായ കുറ്റമാക്കുന്ന ബില്‍ രാഷ്ട്രീയ ലാക്കോടു കൂടി കേന്ദ്ര ഭരണകൂടം കൊണ്ടുവന്നെങ്കിലും, പ്രതിപക്ഷം ഒന്നിച്ചെതിര്‍ത്തതോടെ ആ ബില്‍ രാജ്യസഭ കടന്നുകിട്ടുക ദുഷ്‌കരമായി. ഈ പ്രതിസന്ധി മറികടക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട യാതൊരു നിയമപരമായ ബാധ്യതയും സര്‍ക്കാറിന് ഉണ്ടായിരുന്നില്ല. കാരണം, സുപ്രീം കോടതി ബെഞ്ച് മുത്ത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച വിധിയില്‍ ഇത്ര കാലയളവിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്ന യാതൊരു നിര്‍ദേശവും ഇല്ല. ഭരണഘടനയുടെ 123-ാം ഖണ്ഡിക പ്രകാരം, 'സത്വര നടപടി' ആവശ്യമുള്ള വിഷയങ്ങളിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത്. ഇത് അങ്ങനെയുള്ള ഒരു വിഷയമേ അല്ലാത്തതിനാല്‍ ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതും മുസ്‌ലിം വ്യക്തിനിയമത്തില്‍ കൈകടത്തുന്നതും മുസ്‌ലിം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നതും മുസ്‌ലിം പുരുഷന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതുമായ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ചൂണ്ടിക്കാട്ടിയതുപോലെ, തന്റെ മതാചാരങ്ങള്‍ പിന്തുടരാനുള്ള ഒരു വ്യക്തിയുടെ മൗലികാവകാശത്തെ ഇത്തരം ഓര്‍ഡിനന്‍സുകള്‍ ഹാനികരമായി ബാധിക്കും. ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള്‍ ഭരണഘടനാപരമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മുസ്‌ലിം വ്യക്തിനിയമമനുസരിച്ച്, ഒരു ത്വലാഖ് ചൊല്ലിയാലും മൂന്ന് ത്വലാഖ് ചൊല്ലിയാലും ത്വലാഖ് സംഭവിക്കും. അക്കാര്യത്തില്‍ മുസ്‌ലിം നിയമജ്ഞര്‍ക്കിടയില്‍ തര്‍ക്കമില്ല. മൂന്നും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നായാണോ അതോ ഒന്നായാണോ പരിഗണിക്കുക എന്ന കാര്യത്തിലാണ് തര്‍ക്കമുള്ളത്. ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് പ്രകാരം, മുത്ത്വലാഖ് തന്നെ ശിക്ഷാര്‍ഹമായിത്തീര്‍ന്നിരിക്കുന്നു. അത് മുസ്‌ലിം വ്യക്തിനിയമത്തില്‍ നടത്തിയിരിക്കുന്ന കൈയേറ്റമാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം കൂട്ടായ്മകളുമായോ പണ്ഡിതസഭകളുമായോ ഒരു കൂടിയാലോചനക്കും സര്‍ക്കാര്‍ തയാറല്ല. ഓര്‍ഡിനന്‍സ് നടപ്പായാല്‍ വലിയൊരു വൈരുധ്യത്തെയും അഭിമുഖീകരിക്കേണ്ടിവരും. സുപ്രീം കോടതി റൂളിംഗ് പ്രകാരവും ഓര്‍ഡിനന്‍സ് പ്രകാരവും ഇപ്പോള്‍ തന്നെ മുത്ത്വലാഖ് അസാധുവാണ്. ഒരാള്‍ മുത്ത്വലാഖ് ചൊല്ലിയാലും നിയമപരമായി അത് സംഭവിക്കില്ല എന്നര്‍ഥം. നിയമപരമായി അസാധുവും സംഭവിക്കാത്തതുമായ ഒരു 'കുറ്റകൃത്യ'ത്തിന്റെ പേരില്‍ എങ്ങനെയാണ് ഒരാളെ ജയിലിലടക്കാനാവുക? മുത്ത്വലാഖിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട പുരുഷന്‍ എങ്ങനെയാണ്, ഓര്‍ഡിനന്‍സ് പ്രകാരം, ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ചെലവിന് കൊടുക്കുക? ഇങ്ങനെ പല വൈരുധ്യങ്ങളും വേറെയും ചൂണ്ടിക്കാട്ടാനുണ്ട്.
Comments