Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

ദുഹാ, ഇശ്‌റാഖ്, അവ്വാബീന്‍ നമസ്‌കാരങ്ങള്‍

ഇല്‍യാസ് മൗലവി

സ്വലാത്തുല്‍ അവ്വാബീന്‍ എന്ന പേരില്‍ ഒരു നമസ്‌കാരത്തെപ്പറ്റി ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെടുകയുണ്ടായി. യഥാര്‍ഥത്തില്‍ അങ്ങനെയൊരു നമസ്‌കാരം ഉണ്ടോ? പ്രസ്തുത നമസ്‌കാരത്തെ സംബന്ധിച്ച് പറയപ്പെടുന്ന ശ്രേഷ്ഠത എത്രത്തോളം ആധികാരികമാണ്? അത് നമസ്‌കരിക്കേണ്ട സമയം ഏതാണ്? അത് എത്ര റക്അത്തുകളാണ്? ഇതുസംബന്ധമായി മദ്ഹബുകളുടെ വീക്ഷണം എന്താണ്? സ്വലാത്തുല്‍ ഇശ്‌റാഖ് എന്ന് പറയുന്നതും ഇതിനെപ്പറ്റി തന്നെയാണോ? വിശദ മറുപടി പ്രതീക്ഷിക്കുന്നു.

 

സ്വലാത്തുല്‍ അവ്വാബീന്‍ (സദാ പശ്ചാത്താപം പ്രകടിപ്പിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെ നമസ്‌കാരം) എന്ന് നബി (സ) തന്നെ വിശേഷിപ്പിച്ച  ഒരു നമസ്‌കാരം ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. അതു പക്ഷേ, ഇന്ന് പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള നമസ്‌കാരമല്ല, മറിച്ച്  ദുഹാ നമസ്‌കാരമാണ് (ഉച്ചക്ക് മുമ്പ് പൂര്‍വാഹ്ന വേളയില്‍ നിര്‍വഹിക്കുന്നതിനാല്‍ ആണ് ദുഹാ  നമസ്‌കാരം എന്ന് പറയുന്നത്. ഇത് സുന്നത്താണ്. ഇത് കൂടിയത് എട്ടു റക്അത്തും ചുരുങ്ങിയത് രണ്ട് റക്അത്തുമായാണ് നമസ്‌കരിക്കേണ്ടത്. സൂര്യന്‍ ഉദിച്ചുയര്‍ന്നതു മുതല്‍ മധ്യത്തില്‍നിന്ന്  നീങ്ങുന്നതു വരെയാണ് ദുഹായുടെ സമയം).

എന്നാല്‍ ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള സുന്നത്ത് നമസ്‌കാരത്തെ പറ്റിയും പില്‍ക്കാല പണ്ഡിതന്മാര്‍ സ്വലാത്തുല്‍ അവ്വാബീന്‍ എന്ന് വിശേഷിപ്പിച്ചതായി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം.എന്നാല്‍ ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള നമസ്‌കാരം ആ പേരില്‍ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ല. എങ്കിലും ആ സമയത്ത് സുന്നത്ത് നമസ്‌കരിക്കാമെന്ന കാര്യം സ്വഹീഹായ ധാരാളം ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതിനാല്‍ നിഷേധിക്കേണ്ട കാര്യമില്ല.  നബി (സ) മുതല്‍ സലഫുസ്സ്വാലിഹുകളില്‍പെട്ട മഹാന്മാര്‍ വരെ ആ സമയത്ത് ധാരാളമായി നമസ്‌കരിക്കാറുണ്ടായിരുന്നു എന്നത് സംശയത്തിന് പഴുതില്ലാത്ത വിധം സ്ഥിരപ്പെട്ടതുമാണ്. ചുരുക്കത്തില്‍, അവ്വാബീന്‍ എന്ന പേരില്‍ വിളിച്ചാലും ഇല്ലെങ്കിലും ആ സമയത്ത് നമസ്‌കാരം സുന്നത്താണെന്ന കാര്യത്തില്‍ സംശയമില്ല. 

അതേസമയം ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകള്‍ പലതും നിരൂപണവിധേയവും പറ്റേ ദുര്‍ബലവുമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത, സാധാരണ ഉദ്ധരിക്കപ്പെടാറുള്ള ഹദീസുകളില്‍ ഒരെണ്ണം ഇങ്ങനെ: അബൂഹുറയ്‌റ(റ)യില്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ''ഒരാള്‍ മഗ്‌രിബ് നമസ്‌കാര ശേഷം ആറ് റക്അത്ത് നമസ്‌കരിക്കുകയും അതിനിടയില്‍ അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ അതയാള്‍ പന്ത്രണ്ടു വര്‍ഷം ഇബാദത്തെടുത്തതിന് സമമാണ്'' (തിര്‍മിദി: 437, ഇബ്‌നുമാജ: 1167).

ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ഉമറുബ്‌നു അബ്ദില്ലാഹിബ്‌നു അബീ ഖസ്അം എന്നയാള്‍ ഉള്ളതുകൊ് ഈ ഹദീസ് പറ്റേ  ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയിരിക്കുന്നു. ഈ ഹദീസ് ഉദ്ധരിച്ച ഇമാം തിര്‍മിദി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടു്. ഇതിനു പുറമെ, ഇമാം ബുഖാരി, ഇമാം നവവി തുടങ്ങി പ്രഗത്ഭ ഇമാമുമാര്‍ ഈ  ഹദീസ് സ്വീകരിക്കാന്‍ കൊള്ളാത്തതാണെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍ ദുഹാ നമസ്‌കാരവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകള്‍ വളരെ പ്രബലം തന്നെയാണ്. ഉദാഹരണം: അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''എന്നോട് എന്റെ ഖലീലായ നബിതിരുമേനി മൂന്ന് കാര്യങ്ങള്‍ ഉപദേശിക്കുകയുണ്ടായി. യാത്രയിലാകട്ടെ, നാട്ടിലാകട്ടെ അവ ഞാനൊരിക്കലും ഉപേക്ഷിക്കുകയുണ്ടായിട്ടില്ല. വിത്‌റ് നമസ്‌കരിച്ച ശേഷം മാത്രം ഉറങ്ങുക, എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക, ദുഹാ നമസ്‌കാരം ഒഴിവാക്കാതിരിക്കുക. കാരണം ആ നമസ്‌കാരം പാപങ്ങളില്‍നിന്ന് സദാ പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെ നമസ്‌കാരമാകുന്നു'' (അഹ്മദ്: 10559).

മറ്റൊരു ഹദീസ്: ഒരിക്കല്‍ സ്വഹാബി സൈദുബ്‌നു അര്‍ഖം (റ) ചിലയാളുകള്‍ പൂര്‍വാഹ്ന  സമയത്ത്  നമസ്‌കരിക്കുന്നത് കാണാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈ സമയമല്ല ഇത് നമസ്‌കരിക്കാന്‍ നല്ലതെന്ന് ഇവര്‍ക്ക് അറിഞ്ഞുകൂടേ? റസൂല്‍ (സ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അവ്വാബീന്റെ (പാപങ്ങളില്‍നിന്ന് സദാ പശ്ചാത്തപിക്കുന്നവരുടെ) ദുഹാ നമസ്‌കാരം  വെയില് ചൂടായി ഒട്ടകക്കിടാങ്ങള്‍ എരിഞ്ഞുപൊളളുന്ന സമയത്താണ്'' (മുസ്‌ലിം: 1780).

ഏതാനും വചനങ്ങള്‍ കൂടി: 

അബൂദര്‍റില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''നിങ്ങളുടെ ഓരോരുത്തരുടെയും ശരീരത്തിലെ ഓരോ സന്ധികള്‍ക്കും നേരം പുലരുന്നതോടെ ഓരോ ധര്‍മം ബാധ്യതയാകുന്നു. നിങ്ങള്‍ ചൊല്ലുന്ന ഓരോ തസ്ബീഹും ഓരോ തഹ്മീദും ഓരോ തക്ബീറും സ്വദഖയാണ്; നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്; 'ദുഹാ' സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം  ഇവക്കെല്ലാം പകരമാകുന്നതാണ്'' (മുസ്ലിം: 1704).

ഉമ്മു ഹാനി(റ) പറയുന്നു, നബി (സ) തന്റെ വീട്ടില്‍ വെച്ച് എട്ട് റക്അത്താണ് 'ദുഹാ' നമസ്‌കരിച്ചിരുന്നത്. ഓരോ രണ്ടു റക്അത്തിനു ശേഷവും സലാം വീട്ടും (മുസ്ലിം: 1703).

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി (സ) നാല് റക്അത്ത് 'ദുഹാ' നമസ്‌കരിക്കും. എന്നിട്ട് താനുദ്ദേശിക്കുന്നത്രയും എണ്ണം റക്അത്തുകള്‍ അതിനോട് കൂട്ടി അധികം നമസ്‌കരിക്കും (മുസ്ലിം: 1698).

 

ദുഹാ നമസ്‌കാരത്തിന്റെ സമയവും റക്അത്തും

സൂര്യനുദിച്ച് ദൃഷ്ടിയില്‍ ഏഴ് മുഴം (20 മിനിറ്റ്) ഉയര്‍ന്നതു മുതല്‍ ളുഹ്റ് നമസ്‌കാര സമയം വരെയാണ് ദുഹാ നമസ്‌കാരത്തിന്റെ സമയം. ഏറ്റവും നല്ലത് പകലിന്റെ നാലിലൊരു ഭാഗം കഴിയുന്നതിനു മുമ്പാണ്.

ദുഹാ നമസ്‌കാരത്തിന്റെ കുറഞ്ഞ റക്അത്ത് രണ്ടും കൂടിയത് എട്ടുമാണ്. എന്നാല്‍ ചുരുങ്ങിയത് രണ്ടാണെങ്കിലും, പരമാവധി എത്രയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. നബി(സ) ദുഹാ നമസ്‌കരിച്ചതിന്റെ  പരമാവധി എണ്ണം എട്ടാണ്. ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ളത് ഇതാണ്. ചില രേഖകളില്‍ പന്ത്രണ്ട് എന്നും കാണാം. പക്ഷേ അത് ദുര്‍ബലമാണെന്നും എട്ടു തന്നെയാണ് ഏറ്റവും ഉത്തമമെന്നും ഇമാം റംലി വ്യക്തമാക്കിയിരിക്കുന്നു (നിഹായത്തുല്‍ മുഹ്താജ് 5/329). 

അതേസമയം ഇത്ര റക്അത്തേ പാടുള്ളൂ എന്ന് നബി (സ) കര്‍ശനമായി നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ ഈരണ്ട് റക്അത്ത് വീതം എത്രയും നമസ്‌കരിക്കാമെന്നാണ് പണ്ഡിതമതം.

 

ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള നമസ്‌കാരത്തെപ്പറ്റി

ഇശാ-മഗ്‌രിബിന്റെ  ഇടയിലുള്ള നമസ്‌കാരത്തെപ്പറ്റി  മദ്ഹബുകള്‍ എന്തു പറയുന്നു എന്നു നോക്കാം.

ഹനഫി മദ്ഹബ്: മഗ്‌രിബ് നമസ്‌കാരാനന്തരം അതിന്റെ സുന്നത്തായ രണ്ടു റക്അത്തിനു പുറമെ ആറു റക്അത്ത് കൂടി നമസ്‌കരിക്കുന്നത് സുന്നത്താകുന്നു. ആരെങ്കിലും മഗ്‌രിബ് നമസ്‌കാരാനന്തരം ആറ് റക്അത്ത് നമസ്‌കരിക്കുകയും അതിനിടയില്‍ അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ അതയാള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തെ ഇബാദത്തിന് സമമാണ് എന്ന തിരുവചനമാണിതിന് തെളിവ് (അല്‍ ബഹറുര്‍റാഇഖ്, ശറഹു കന്‍സിദ്ദഖാഇഖ് 4/249)).

മാലികി മദ്ഹബ്: മഗ്‌രിബിനും ഇശാഇനും ഇടയില്‍ നമസ്‌കരിക്കല്‍ അഭിലഷണീയമായ കാര്യമാകുന്നു. ശറഇല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതാണ്.  ആളുകള്‍ പൊതുവെ അശ്രദ്ധരാകുന്ന സമയത്തുള്ള നമസ്‌കാരം, പാപങ്ങളില്‍നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ നമസ്‌കാരം എന്നെല്ലാം അതിന് പേരുണ്ട് (നഫറാവിയുടെ അല്‍ ഫവാകിഹുദ്ദവാനി, 1/198).

ശാഫിഈ മദ്ഹബ്: ഇമാം ഖത്വീബ് അശ്ശര്‍ബീനി പറയുന്നു: അവ്വാബീന്‍ നമസ്‌കാരം, രാത്രി ഭക്ഷണം, ഉറക്കം തുടങ്ങിയ കാര്യങ്ങളില്‍ മുഴുകി ആളുകള്‍ പൊതുവെ അശ്രദ്ധരാകാന്‍ സാധ്യതയുള്ള സമയത്തെ നമസ്‌കാരമായതിനാല്‍ അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ)

നമസ്‌കാരം എന്നും ഇതിന് പേരുണ്ട്. അത് മഗ്‌രിബിനും ഇശാഇനും ഇടയില്‍ ഇരുപത് റക്അത്താകുന്നു (മുഗ്‌നി അല്‍ മുഹ്താജ് 3/151).

ഹമ്പലി മദ്ഹബ്: ഇമാം ഇബ്‌നു ഖുദാമ പറയുന്നു: മഗ്‌രിബിനും ഇശാഇനും ഇടയില്‍ ഐഛിക നമസ്‌കാരം നിര്‍വഹിക്കല്‍ അഭികാമ്യമാകുന്നു. 'അവരുടെ വശങ്ങള്‍ നിദ്രാശയ്യകളില്‍നിന്ന് അടര്‍ന്നു പോരുന്നു' എന്ന ആയത്തിന്റെ വിശദീകരണമായി അനസി(റ)ല്‍നിന്ന് ഉദ്ധരിക്കപ്പെട്ടതാണ് ഇതിന് തെളിവ്. അദ്ദേഹം പറഞ്ഞു: മഗ്‌രിബിനും ഇശാഇനും ഇടയില്‍ അവര്‍ നമസ്‌കരിക്കാറുണ്ടായിരുന്നു (മുഗ്‌നി: മസ്അല നമ്പര്‍: 1056).

മഗ്‌രിബ് നമസ്‌കരിച്ച ശേഷം ഇശാ വരെ നമസ്‌ക്കരിക്കാമെന്നതിന് നബി(സ)യുടെ തന്നെ മാതൃകയുണ്ട്. ഇമാം അഹ്മദ് സ്വഹീഹായ സനദോടെ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഹുദൈഫ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ അദ്ദേഹം പറയുന്നു: അങ്ങനെ ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. അദ്ദേഹത്തോടൊപ്പം മഗ്‌രിബ് നമസ്‌കരിച്ചു. ശേഷം നബി ഇശാ വരെ നമസ്‌കരിച്ചു (അഹ്മദ്: 23329).

 

ഇശ്‌റാഖ് നമസ്‌കാരം

ഇശ്‌റാഖ് നമസ്‌കാരം എന്ന പേരിലറിയപ്പെടുന്ന സുന്നത്ത് നമസ്‌കാരവും ദുഹാ നമസ്‌കാരവും ഒന്നുതന്നെയാണെന്നാണ് ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വിശുദ്ധ ഖുര്‍ആനിലെ 38-ാം അധ്യായം 18-ാം സൂക്തത്തില്‍ പറയുന്ന 'യുസബ്ബിഹ്‌ന ബില്‍ അശിയ്യി വല്‍ ഇശ്‌റാഖ്' എന്നതിന്റെ താല്‍പര്യം ദുഹാ നമസ്‌കാരമാണെന്നാണ് ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത്. അദ്ദേഹം പറയുന്നു: ''ദുഹാ നമസ്‌കാരത്തെക്കുറിച്ച് ഞാന്‍ ഖുര്‍ആനില്‍ പലയിടങ്ങളിലും പരതി നോക്കി. അവസാനം മുകളില്‍ സൂചിപ്പിച്ച സൂക്തത്തില്‍ അതിലേക്ക് സൂചനയുള്ളതായി ഞാന്‍ കണ്ടെത്തി'' (തര്‍ശീഹ്).

ഇമാം ഗസാലി (റ) അടക്കമുള്ള ഒരു വിഭാഗം പണ്ഡിതന്മാര്‍ ദുഹാ നമസ്‌കാരവും ഇശ്‌റാഖ് നമസ്‌കാരവും വേറെ വേറെ സുന്നത്ത് നമസ്‌കാരങ്ങള്‍ തന്നെയാണെന്നാണ് അഭിപ്രായപ്പെട്ടത്.

സൂര്യന്‍ പൂര്‍ണമായും ഉദിച്ചതിനു ശേഷമുള്ള സുന്നത്ത് നമസ്‌കാരമാണ് ഇശ്‌റാഖ് നമസ്‌കാരം. ഇത് യഥാര്‍ഥത്തില്‍ ദുഹാ നമസ്‌കാരം തന്നെയാണ്. പക്ഷേ ആദ്യസമയത്ത് നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഇശ്‌റാഖ്  എന്നു പറയുകയുള്ളൂ എന്ന് മാത്രം.  ഈ സമത്ത് നമസ്‌കരിക്കുക എന്നതും പ്രവാചകന്റെ ചര്യയായിരുന്നു. സ്വുബ്ഹ് നമസ്‌കാര ശേഷം വെയിലുദിക്കുന്നതുവരെ അല്ലാഹുവെ സ്തുതിച്ചുകൊണ്ട് പള്ളിയില്‍ തന്നെ ഇരിക്കുകയും, അങ്ങനെ സൂര്യനുദിച്ചു കഴിഞ്ഞാല്‍  രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കുകയും ചെയ്തതിനു ശേഷമായിരുന്നു അവിടുന്ന് പള്ളിയില്‍നിന്ന്  പുറത്തിറങ്ങിയിരുന്നത്. ഈ നമസ്‌കാരം തന്നെയാണ് ഇശ്‌റാഖ് നമസ്‌കാരം,  ദുഹാ  നമസ്‌കാരം, അവ്വാബീന്‍ നമസ്‌കാരം എന്നെല്ലാം അറിയപ്പെടുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്