വലതു ബ്രെയ്ന്‍ കുട്ടികളെക്കുറിച്ച്
പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'പ്രീസ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം' (ലക്കം 11) എന്ന ലേഖനം ശ്രദ്ധേയമായി. ശിശു സൗഹൃദമായി തുടങ്ങിവെച്ച ഒരു മഹദ് പദ്ധതിക്ക് വന്നു ചേര്‍ന്ന അധഃപതനം ലേഖനത്തില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. പുസ്തക കമ്പനികളും സ്‌കൂളുകളും ചേര്‍ന്നൊരുക്കിയ മായാവലയത്തില്‍ രക്ഷകര്‍ത്താക്കള്‍ കുടുങ്ങിയപ്പോള്‍ ബലിയാടുകളായത് കുഞ്ഞുങ്ങളാണ്. പാതിരാവരെ ഹോംവര്‍ക്കുകള്‍ ചെയ്ത് തളര്‍ന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ വീണ്ടും അതിരാവിലെ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ അവരിലുണ്ടാകുന്ന മാനസിക പിരിമുറുക്കം മാതാപിതാക്കളും ശ്രദ്ധിക്കാതെ പോകുന്നു. മൂന്ന് നാല് വയസ്സ് വരെ ആടിയും പാടിയും കളിച്ചും ചിരിച്ചും നടന്നിരുന്ന കുഞ്ഞിന്റെ കൈകളില്‍ ബന്ധനത്തിന്റെ ചങ്ങലകളാണ് സ്‌കൂളില്‍ ചേരുന്നതോടെ വന്നു വീഴുന്നത്. ഇത്രയുംനാള്‍ സ്‌നേഹിച്ചും താലോലിച്ചും കൂടെ കളിച്ചും നടന്നിരുന്ന മാതാപിതാക്കള്‍ പെട്ടെന്ന് തന്റെ ശത്രുവായി മാറിയിരിക്കുന്നു എന്ന് കുഞ്ഞ് നിരീക്ഷിച്ചാല്‍ അവനെ കുറ്റം പറയാനാകുമോ? അടിച്ചും വഴക്കു പറഞ്ഞും രാത്രി ഏറെയായാല്‍ പോലും ഹോം വര്‍ക്ക് ചെയ്തിട്ട് ഉറങ്ങിയാല്‍ മതിയെന്ന് വാശി പിടിക്കുമ്പോള്‍ അതല്ലേ ആ ഇളംമനസ്സിന് തോന്നുകയുള്ളൂ.
പഞ്ചേന്ദ്രിയ കേന്ദ്രീകൃത അധ്യാപനം കുറച്ചെങ്കിലും നടക്കുന്നത് കെ.ജി ക്ലാസ്സുകളിലാണെന്നു പറയാം. എന്നാല്‍ ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് വരുന്നതോടെ അധ്യയനം ശ്രാവ്യമാധ്യമങ്ങളിലൊതുങ്ങുന്നു . അതോടെ ദൃശ്യസ്പര്‍ശന പഠനരീതികളുള്ള കുട്ടികള്‍ പുറന്തള്ളപ്പെടുന്നു. ടീച്ചേഴ്‌സിന്റെ അധ്യയന രീതികളും കുട്ടികളുടെ പഠനരീതിയും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോഴാണ് ഈ ദുര്‍ഗതിയുണ്ടാകുന്നത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കരിക്കുലം നിര്‍മാതാക്കളുടെ ഭാഗത്തുനിന്നോ ക്രിയാത്മകമായ യാതൊരു പരിഷ്‌കരണങ്ങളും ഉണ്ടാകുന്നില്ല എന്നത് ഏറെ ഖേദകരമാണ്.
'വലതു ബ്രെയ്ന്‍ കുട്ടികള്‍' എന്നറിയപ്പെടുന്ന ഇത്തരക്കാര്‍ അതിരുകളില്ലാത്ത ചിന്തകളുടെ ഉടമകളാണ്. പരിമിതമായ വൃത്തത്തിലൊതുങ്ങിനിന്ന് യുക്തിപരമായി ചിന്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി കാണുന്നതും 2+2= 22 ആയി വായിക്കുന്നതും അതുകൊണ്ടാണ്.
ശാസ്ത്ര പരീക്ഷണങ്ങള്‍, സാഹിത്യം, സംഗീതം, ശില്‍പവിദ്യ, ചിത്രരചന, അഭിനയം, കായികമത്സരങ്ങള്‍, ത്രിമാന ദൃശ്യം എന്നീ വിഷയങ്ങളില്‍ ജന്മനാ സിദ്ധിയുള്ളവരാണ് ഈ വലതുപക്ഷ കുട്ടികള്‍. ഇവരെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതിനു പകരം മണ്ടന്‍, മന്ദബുദ്ധി, പൊട്ടന്‍ എന്നീ ഇരട്ടപ്പേരുകളാല്‍ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതോടെ ആത്മവിശ്വാസവും ആത്മാഭിമാനവും ചോര്‍ന്ന്, ഒരു വിഭാഗം മന്ദബുദ്ധികളായി മാറുമ്പോള്‍ മറ്റൊരു വിഭാഗം സാമൂഹിക ദ്രോഹികളുടെ കൈകളില്‍ അകപ്പെടുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിത്തീരുകയും ചെയ്യുന്നു.
അതേസമയം അവരുടെ സിദ്ധികള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതോടെ ആത്മവിശ്വാസം വര്‍ധിക്കുകയും പാഠ്യവിഷയങ്ങളില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഇരുപത് ശതമാനത്തോളം വരുന്ന വലതു ബ്രെയ്ന്‍ കുട്ടികളെ കൂടി പരിഗണിക്കുന്ന ഒരു കരിക്കുലമാണ് കാലഘട്ടത്തിന്റെ ആവശ്യം. എട്ടാം ക്ലാസിനുശേഷം തന്നെ ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് പഠിക്കാനുള്ള സംവിധാനവും ഉണ്ടാകേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന കഴിവുകളുടെ വികാസം ഒരു സമഗ്ര രാഷ്ട്രനിര്‍മിതിക്ക് അനിവാര്യമാണല്ലോ.
ഖത്വീബിന്റെ ജീവിതം
ജുമുഅ ഖുത്വ്ബ വിഷയത്തിലെ വീക്ഷണത്തോട് യോജിപ്പില്ലെങ്കിലും വിഷയം സംബന്ധിച്ച് ഒരു ചര്‍ച്ചക്ക് കളമൊരുക്കിയതിന് എളമ്പിലാക്കോടിന് നന്ദിയുണ്ട്.
അതിന്റെ പ്രതികരണങ്ങളില്‍ ഉസ്മാന്‍ പാടലടുക്ക (2018 ആഗസ്റ്റ് 24) സൂചിപ്പിച്ച ചില കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നന്നായി ഖുത്വ്ബ നിര്‍വഹിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള ഒട്ടേറെ വ്യക്തികള്‍ തല്‍സ്ഥാനത്ത് നിന്നും മാറിനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. വളരെ പ്രതീക്ഷയോടെ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്ന് പഠിച്ച് പുറത്തിറങ്ങുന്ന പലരും ഗള്‍ഫിലേക്കാണ് ചേക്കേറാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ പേര്‍ക്കും പറയാനുള്ളത് ശമ്പളം, ഭക്ഷണം ഇവയെക്കുറിച്ചുള്ള പരാതികള്‍ തന്നെയാണ്. സ്ഥാപനം തുടങ്ങുമ്പോള്‍ വളരെ ആവേശത്തിലായിരിക്കും. ആദ്യത്തെ ഒന്ന് രണ്ട് കൊല്ലമൊക്കെ അത്യാവശ്യം തെറ്റില്ലാതെ മുന്നോട്ടുപോകും. പിന്നീട് മുകളില്‍ സൂചിപ്പിച്ച പോലെ ശമ്പളം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അലംഭാവം കുതുടങ്ങും. അതോടെ ഖത്വീബ് വേറെ ജോലി അന്വേഷിക്കും. ഈ വിഷയത്തെക്കുറിച്ച് മഹല്ല് കമ്മിറ്റികളും മറ്റും ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്‍. അബ്ദുസ്സലാം പന്തലിങ്ങല്‍
ആ ഓര്‍മകള്‍ പങ്കുവെക്കണം
'ഫീ ബലദി മുള്ള്യാകുര്‍ശി ചോറും-
അക്‌സറു, കൂട്ടാനുഹു മുരിങ്ങ വ ഉപ്പും-
മുളകു'
മുള്ള്യാകുര്‍ശി ജുമഅത്ത് പള്ളിദര്‍സില്‍ ഓതി പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി പള്ളി ചുമരില്‍ എഴുതിയിട്ടതായിരുന്നു ഈ വരികള്‍. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരനുഭവം.
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്റെ ഒരോര്‍മയാണ് ഞാനിവിടെ കുറിക്കാന്‍ ശ്രമിക്കുന്നത്; 1965-ലാണെന്നാണ് ഓര്‍മ.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ ഒരു വാര്‍ഷിക സമ്മേളനം വിപുലമായ നിലയില്‍ ആഘോഷിക്കുകയായിരുന്നു. ആ സമ്മേളനത്തിന് ചൊക്ലിയില്‍നിന്ന് ഞാനും കെ.എം രിയാലു സാഹിബും ചില സുഹൃത്തുക്കളും സംബന്ധിക്കുകയുണ്ടായി. സേട്ട് സാഹിബായിരുന്നു ഉദ്ഘാടനം. അന്ന് കോളേജ് വിദ്യാര്‍ഥികളുടേതായി ഒരു ഉപഹാര ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ സമ്മേളന പതിപ്പില്‍ ഏതോ ഒരു വിദ്യാര്‍ഥി എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണ് മേല്‍ ഉദ്ധരിച്ചത്. എഴുതിയതാരാണെന്ന് ഓര്‍മയില്ല.
ഇപ്പോഴിത് ഓര്‍ത്തെടുക്കാന്‍ കാരണം വി.പി അഹ്മദ് കുട്ടി സാഹിബിന്റെ ശാന്തപുരാനുഭവങ്ങള്‍ വായിച്ചതാണ്. ആ ഗതകാലത്തേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. ശാന്തപുരത്ത് പഠിച്ച ഒന്നാം ബാച്ച് എന്തുകൊണ്ടും മികവുറ്റതായിരുന്നു.
മത-ഭൗതികവിദ്യാഭ്യാസങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ സിലബസായിരുന്നു അന്നവിടെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇത് കേരളത്തിലെ ആദ്യത്തെ പരീക്ഷണമായിരുന്നു. ഒരു യൂനിവേഴ്‌സിറ്റിയും അംഗീകരിക്കാത്ത പാഠ്യപദ്ധതി. കോളേജില്‍നിന്നും പഠിച്ചിറങ്ങിയാല്‍ ഒരു ജോലിക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അവര്‍ പഠിച്ചു പുറത്തിറങ്ങി.
അവര്‍ക്ക് അല്ലാഹു ഗള്‍ഫിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. ആ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി തൊഴിലെടുക്കുകയും പ്രസ്ഥാന വഴിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അവരാണ് പിന്നീട് ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിച്ചവരും ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നവരും. ആഴ്ചയില്‍ ഒരു ദിവസം കിട്ടുന്ന ഇറച്ചി കഷ്ണത്തിനായി കൊതിയൂറിയവര്‍. ത്യാഗം സഹിച്ചു പഠിച്ചവര്‍. ജഗന്നിയന്താവായ നാഥന്റെ നേരിട്ടുള്ള ഇടപെടലുകളായി നമുക്കിതൊക്കെ വിശ്വസിക്കാം.
മുള്ള്യാകുര്‍ശി ഗ്രാമ നിവാസികളുടെ ഔദാര്യമാണ് നാം തുടക്കത്തില്‍ വായിച്ചത്. പള്ളി ദര്‍സായി തുടങ്ങിയ സ്ഥാപനം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയായി വളര്‍ന്നു. പിന്നീടത് ശാന്തപുരം ഇസ്‌ലാമിയാ കോളേജായി വികസിച്ചു. ഇപ്പോള്‍ പ്രൗഢമായ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയായി പരിലസിച്ചു നില്‍ക്കുന്നു. സ്ഥാപനത്തിന്റെ പൂര്‍വകാല ചരിത്രം അറിയുന്നവര്‍ ഇന്നത്തെ തലമുറക്ക് അത് പറഞ്ഞുകൊടുക്കണം. അത് തലമുറകൡലക്ക് കൈമാറണം. കെട്ടുപോകരുത്, കെടുത്തിക്കളയരുത്.
സി.കെ ഹംസ ചൊക്ലി
വിജയത്തെക്കുറിച്ച് വെറുതെ പറയുന്നതല്ല
'നിങ്ങളുടെ മദീന ഏതാണ്' എന്ന ടി. മുഹമ്മദ് വേളത്തിന്റെ ലേഖനം വേറിട്ടതും ചിന്തോദ്ദീപകവുമായി. പ്രശ്‌നങ്ങളും പ്രയാസങ്ങളും മനുഷ്യരെ തളര്‍ത്തുമ്പോള്‍ മദീന/ഹിജ്റ നല്‍കുന്നത് വലിയ സന്ദേശങ്ങളും പ്രതീക്ഷകളുമാണ്. മദീന ഒരു പരിഹാരമായിരുന്നു. പലതരം പരിശ്രമങ്ങളിലൂടെ കണ്ടെത്തിയ പരിഹാരം. വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളിലെല്ലാം നാം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ട്. അവ കണ്ടെത്താനും വിജയം വരിക്കാനുമുള്ള പ്രേരണയാണ് ഹിജ്റ.
ജോലി ശരിയാകാത്തവര്‍ക്കും ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നവര്‍ക്കും രോഗം, ദാരിദ്ര്യം, മറ്റ് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കും പരിശ്രമിക്കാനും തങ്ങളുടെ മദീന കണ്ടെത്താനുമുള്ള പ്രേരണയാകുന്നു ഹിജ്റ, അഥവാ റസൂലുല്ലയുടെ മദീന. നമ്മെ പ്രചോദിപ്പിക്കാനും ക്രിയാത്മക ചിന്ത ഉള്ളവരാക്കാനും പോന്നതാണ് നബിയുടെ ജീവിതവും ഖുര്‍ആനും. അതുള്‍ക്കൊണ്ടതു കൊണ്ടാണല്ലോ മറ്റാര്‍ക്കും നല്‍കാനാവാത്ത വെളിച്ചവും കുതിപ്പും ലോകത്തിന് നല്‍കാന്‍ ഇസ്‌ലാമിന്റെ ആദ്യ തലമുറക്ക് സാധിച്ചത്. ആധുനിക മനഃശാസ്ത്ര ചിന്തകളെ കവച്ചുവെക്കുന്നതാണ് യഥാര്‍ഥത്തില്‍ ഇസ്ലാമിലെ ഓരോ കര്‍മവും ആശയവും; നമുക്കവ ആഴത്തില്‍ മനസ്സിലാക്കാനായാല്‍. വെറുതെയാണോ ജീവിത വിജയം ഇസ്ലാമിലാണെന്ന് പറയുന്നത്!
ആദില്‍ എ. റഹ്മാന്‍, ചെറുവാടി
'സ്വന്തം സന്തോഷമായി സൂക്ഷിച്ചുവെക്കുന്നവര്‍!'
സെപ്റ്റംബര്‍ ഏഴിന്റെ മുഖവാക്ക് പ്രളയ വായനകളിലെ പവിഴമായിരുന്നു. അതിലെ പവിഴമുത്തായിരുന്നു 'സ്വന്തം സന്തോഷമായി സൂക്ഷിച്ചുവെക്കുന്നവര്‍' എന്ന വരികള്‍. ആരും കാണാന്‍ ആഗ്രഹിക്കാതെ എല്ലാം ചെയ്യുക, ചെയ്തതെല്ലാം സന്തോഷമായി മനസ്സിന്റെ ചിപ്പിയില്‍ മണിമുത്തായി സൂക്ഷിച്ചു സന്തോഷിക്കുക. ഈ സന്തോഷമില്ലാതായതാണ് നമ്മുടെ ദുരന്തം! പക്ഷേ കൂരിരുട്ടിലെ ഈ മണ്‍ചെരാത് വെട്ടം കണ്ടെത്താന്‍ നമുക്ക് ഒരു വന്‍ ദുരന്തം വേണ്ടിവന്നുവെന്നതും ദുഃഖകരം!
സോവിയറ്റ് യൂനിയന്റെ സൈനികശക്തിക്ക് മുന്നില്‍ ധീരോജ്ജ്വലം വിരിമാറ് കാട്ടി നിന്ന അഫ്ഗാന്‍ മുജാഹിദുകളുടെ ധീരതയും നിര്‍ഭയത്വവും ഏതു മയക്കുമരുന്നില്‍നിന്നാണ് ലഭിച്ചതെന്ന് പരീക്ഷിക്കാന്‍ സോവിയറ്റ് പട്ടാളം അഫ്ഗാന്‍ മുജാഹിദുകളുടെ നെഞ്ചുകീറി പരിശോധന നടത്തി. മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ലെങ്കിലും അവര്‍ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടെത്തി. അതേ മനസ്സും ധൈര്യവുമായിരുന്നു മലവെള്ളപ്പാച്ചിലിനെതിരെ നീന്തി സഹോദരങ്ങളെ രക്ഷപ്പെടുത്താനുണ്ടായ പ്രചോദനം. യൂഫ്രട്ടീസ് നദീതീരത്ത് ഒരാട്ടിന്‍ കുട്ടിയുടെ വിശപ്പോര്‍ത്ത് കണ്ഠമിടറിയ ഖലീഫയുടെ പിന്മുറക്കാര്‍ മാത്രമല്ലിവിടെ. യുദ്ധമുഖത്തേക്ക് ഞാന്‍, ഞാന്‍ എന്നു വാശിപിടിച്ച പ്രവാചകാനുചരന്മാരുമുണ്ട് ഈ നാല്‍പത്തിനാലു നദികളുടെ നാട്ടില്‍. രക്തസാക്ഷിത്വം കൊതിച്ചിരുന്ന പൂര്‍വസൂരികളുമുണ്ടിവിടെ. പ്രതീക്ഷയുടെ തുരുത്തുകളുമുണ്ട് ഇവിടെ. 'നിങ്ങളെല്ലാം ആദമില്‍നിന്ന്. ആദമാകട്ടെ മണ്ണില്‍നിന്നും' എന്ന പ്രവാചക പ്രഖ്യാപനം ഇവിടെയും പ്രാവര്‍ത്തികമായി.
അലവി വീരമംഗലം
Comments