Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

പ്രാര്‍ഥന രൂപപ്പെടുത്തുന്ന ജീവിതം

ശമീര്‍ബാബു കൊടുവള്ളി

'ഇസ്‌ലാമെന്നാല്‍ എനിക്ക് ആരാധനയും കവചങ്ങള്‍ക്കുപോലും തടുക്കാനാവാത്ത പ്രാര്‍ഥനയുമാണ്' -ഇമാം ശാഫിഈ (റ).

മുസ്‌ലിമിനും ദൈവത്തിനുമിടയിലുള്ള ബന്ധത്തിന്റെ അതീന്ദ്രിയമായ പ്രകാശനമാണ് പ്രാര്‍ഥന. മുസ്‌ലിം ദൃശ്യലോകത്താണുള്ളത്. ദൈവം  അദൃശ്യലോകത്തും. ദൃശ്യലോകം ഒരു ധ്രുവവും അദൃശ്യലോകം മറ്റൊരു ധ്രുവവുമാണ്. ഇരുധ്രുവങ്ങളെയും അപ്രത്യക്ഷമാക്കി മുസ്‌ലിമിനെയും ദൈവത്തെയും ഏകചരടില്‍ കോര്‍ത്തിണക്കുന്നു പ്രാര്‍ഥന. ദുആ എന്നാണ് പ്രാര്‍ഥനയുടെ അറബിപ്രയോഗം. വിളിക്കല്‍, വിളിച്ചുതേടല്‍, ചോദിക്കല്‍, അപേക്ഷ, ആവശ്യപ്പെടല്‍ എന്നൊക്കെയാണ് ദുആയുടെ അര്‍ഥങ്ങള്‍. ആധ്യാത്മികവും ഭൗതികവുമായ വിജയത്തിന് ഉപയുക്തമാവുന്ന കാര്യങ്ങള്‍ ദൈവത്തോട് ആവശ്യപ്പെടലും ഉപയുക്തമല്ലാത്ത കാര്യങ്ങളില്‍നിന്ന് രക്ഷതേടലുമാണ് പ്രാര്‍ഥന. 

ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് കര്‍മത്തോടൊപ്പം പ്രാര്‍ഥനയും അനുശീലിക്കണമെന്നാണ് ഇസ്‌ലാമിക പാഠം. ജീവിതം പ്രാര്‍ഥനയാണ്. ഹ്രസ്വവും ദീര്‍ഘിച്ചതും സവിശേഷമായതും പൊതുവായതുമായ ധാരാളം പ്രാര്‍ഥനകള്‍. ഓരോ പ്രാര്‍ഥനയും ജീവിതത്തിന് ദൈവികമായ ചൈതന്യമേകാനുള്ള ധ്യാനവും. വിശുദ്ധവേദവും തിരുചര്യയും പ്രാര്‍ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്: ''നിങ്ങളുടെ നാഥന്റെ അരുളപ്പാടിതാ: നിങ്ങളെന്നോട് പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്കുത്തരമേകുന്നതായിരിക്കും''(അല്‍മുഅ്മിനൂന്‍ 60). ''പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലായിരുന്നുവെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുമായിരുന്നില്ല''(അല്‍ഫുര്‍ഖാന്‍ 77). ''ആരാധനകളില്‍ ശ്രേയസ്‌കരമായത് പ്രാര്‍ഥനയത്രെ'' (ഹാകിം). ''പ്രാര്‍ഥന, അതുതന്നെയാണ് ആരാധന'' (തിര്‍മിദി). ''ആരാധനയുടെ സത്തയാണ് പ്രാര്‍ഥന''(തിര്‍മിദി). അതിനാല്‍, പ്രാര്‍ഥനാനിര്‍ഭരമാവണം ജീവിതം. ദൈവവും അവന്റെ ദൂതനും പകര്‍ന്നുനല്‍കിയ പ്രാര്‍ഥനകള്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കണം. ജീവിതത്തിന്റെ സ്വഛന്ദമായ ഒഴുക്കിന് അനുഗുണമാവുന്ന എന്തുമേതും ദൈവത്തോട് തേടാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, സമ്പത്ത്, ആരോഗ്യം തുടങ്ങിയവയുടെ ലഭ്യത, പ്രതിസന്ധികള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍ എന്നിവയില്‍നിന്നുള്ള മുക്തി, തിന്മകളില്‍നിന്നുള്ള  വിമുക്തി  തുടങ്ങി ഏതു കാര്യത്തെയും  പ്രാര്‍ഥനയുടെ ഉള്ളടക്കമാക്കാവുന്നതാണ്. 

കറകളഞ്ഞ ആദര്‍ശത്തില്‍ ചാലിച്ചതായിരിക്കണം പ്രാര്‍ഥന. ആദര്‍ശവും പ്രാര്‍ഥനയും പരസ്പരം സഹവര്‍ത്തിക്കുന്ന ആശയങ്ങളാണ്. വിശുദ്ധവേദവും തിരുചര്യയും ചിലയിടങ്ങളില്‍ അവയെ ഇടകലര്‍ത്തിയാണ് സംസാരിക്കുന്നത്. ഉദാഹരണത്തിന് ഒരു സൂക്തമിതാ: ''അവന്‍ (ദൈവം) എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ മറ്റൊരു ദൈവമേയില്ല. അതിനാല്‍, അനുസരണം ആത്മാര്‍ഥ (ഇഖ്‌ലാസ്വ്) പൂരിതമാക്കി അവനോട് പ്രാര്‍ഥിക്കുവിന്‍. പ്രപഞ്ചനാഥനായ ദൈവത്തിനാണ് സര്‍വസ്തുതിയും'' (അല്‍മുഅ്മിനൂന്‍ 65). സൂക്തത്തിലെ മൂന്ന് പ്രയോഗങ്ങള്‍ ശ്രദ്ധേയമാണ്. ആദര്‍ശം (ലാഇലാഹ ഇല്ലാ ഹുവ), പ്രാര്‍ഥന (ഫദ്ഊഹു), ആത്മാര്‍ഥത (മുഖ്‌ലിസ്വീന്‍) തുടങ്ങിയവയാണവ. ആദര്‍ശശാലിയായ മുസ്‌ലിമിന് പ്രാര്‍ഥന അനിവാര്യമാണ്. പ്രാര്‍ഥിക്കാത്തവരോട് കോപമാണ് ദൈവത്തിന്. ഫദ്ഊഹു എന്ന പ്രയോഗം അതാണ് ബോധ്യപ്പെടുത്തുന്നത്. ആദര്‍ശം കറകളഞ്ഞതും വിശുദ്ധവുമായിരിക്കണം. ദൈവത്തിന്റെ സത്ത, അസ്തിത്വം, വിശേഷണങ്ങള്‍ എന്നിവയില്‍ അഗാധമായി വിശ്വസിക്കണം.  അവക്ക് വിരുദ്ധമായ മുഴുവന്‍ താല്‍പര്യങ്ങളും വെടിയണം. അപ്പോള്‍ വ്യക്തി എത്തിച്ചേരുന്ന ഒരവസ്ഥയുണ്ട്. ഇഖ്‌ലാസ്വെന്നാണ് അതിന് പറയുക. കേവലമായ പ്രാര്‍ഥനക്ക് പകരം ആദര്‍ശത്തിന്റെ വഴിത്താരയിലുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണ് വേണ്ടത്. പ്രവാചകന്റെ മിക്ക പ്രാര്‍ഥനകളിലും ആദര്‍ശം പ്രധാന പ്രമേയമാണ്. അവിടുത്തെ ഒരു പ്രാര്‍ഥന ഇപ്രകാരമായിരുന്നു: ''ദൈവമേ, നിനക്ക് ഞാന്‍ കീഴ്‌പ്പെട്ടു. നിന്നില്‍ വിശ്വസിക്കുകയും ഭരമേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും നിനക്കുവേണ്ടി വാദിക്കുകയും ചെയ്തിരിക്കുന്നു. ദൈവമേ, നീയല്ലാതെ മറ്റൊരു ദൈവമേയില്ല. ഞാന്‍ വഴികേടിലാവാതിരിക്കാന്‍ നിന്റെ പ്രതാപത്തെ മുന്‍നിര്‍ത്തി അഭയം തേടുന്നു. നീയാണല്ലോ മരണമില്ലാതെ ശാശ്വതമായി ജീവിച്ചിരിക്കുന്നവന്‍. മനുഷ്യരും ജിന്നുകളുമാകട്ടെ മരണമടയുന്നവരും'' (മുസ്‌ലിം). 

പ്രാര്‍ഥന ഒരിനം സ്വാംശീകരണമാണ്. സ്വത്വത്തിന്റെ ദൈവികമായ സ്വാംശീകരണമാണത്. ദൈവം ഒരു യാഥാര്‍ഥ്യമാണ്. പരമമായ യാഥാര്‍ഥ്യം. ചിന്ത, ധ്യാനം, സ്മരണ എന്നീ ആധ്യാത്മിക പ്രക്രിയകളിലൂടെയാണ് ദൈവത്തിലേക്ക് എത്തിച്ചേരുക. പ്രാര്‍ഥന വഴിയുള്ള എത്തിച്ചേരലാണ് മറ്റൊന്ന്. ജീവിതത്തിന് തണലായും വഴികാട്ടിയായും ദൈവത്തെ തേടലാണത്. ചിന്ത ആദര്‍ശത്തില്‍ നിമഗ്നമാവുമ്പോള്‍ ദൈവത്തോടുള്ള പ്രണയത്താല്‍ മനസ്സ് തരളിതമാവും. പിന്നീടുള്ള ഓരോ പ്രാര്‍ഥനയിലും ആ അടുപ്പം പ്രകടമാവും: ''ദൈവമേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ മറ്റൊരു ദൈവമേയില്ല. ഞാന്‍ നിന്റെ വിനീതദാസനാകുന്നു. ഞാന്‍ നിന്നോട് ചെയ്ത കരാറിലും നീ എനിക്കേകിയ വാഗ്ദാനത്തിലും സാധ്യമാംവിധം നിലകൊള്ളുന്നവനാകുന്നു. ചെയ്തുപോയ തെറ്റില്‍നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്നില്‍ നീ ചൊരിഞ്ഞ അനുഗ്രഹങ്ങളെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത പാപങ്ങളും സമ്മതിക്കുന്നു. അതിനാല്‍, എനിക്കു നീ പൊറുത്തുതന്നാലും. പാപങ്ങള്‍ പൊറുക്കുന്നവനായി നീയല്ലാതെ മറ്റാരുമില്ല'' (ബുഖാരി).

നാലു തലങ്ങളില്‍ മനസ്സിനെ സ്വാധീനിക്കുന്നു് പ്രാര്‍ഥന: ഒന്ന്, പ്രാര്‍ഥന സ്വത്വത്തിന്റെ ആന്തരികമായ ശക്തിയാണ്. ഭൗതികവും അഭൗതികവുമായ ഊര്‍ജം പ്രാര്‍ഥന നിക്ഷേപിക്കുന്നു്. പ്രതികൂലമായ ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രാര്‍ഥന മുസ്‌ലിമിനെ പ്രാപ്തനാക്കുന്നു. ദൈവം തന്നെ കൈവിടില്ലെന്ന ബോധം പ്രാര്‍ഥന പകര്‍ന്നു നല്‍കുന്നു. സമാധാനവും സംതൃപ്തിയും ഇഛാശക്തിയും തെളിമയും പ്രദാനം ചെയ്യുന്നു. രണ്ട്, പ്രാര്‍ഥന ദൈവസാമീപ്യം പകരുന്ന ആത്മീയ ഔഷധമാണ്. ദൈവസാമീപ്യം ആത്മാവിന്റെ ചിറകടിച്ചുയരലിന് നിമിത്തമാകുന്നു.  പ്രാര്‍ഥനയുടെ മുന്നുപാധിയും ഫലവുമാണ് ദൈവസാമീപ്യം. ദൈവം സമീപസ്ഥനാണെന്ന ബോധത്തോടെയാണ് പ്രാര്‍ഥനയില്‍ ഏര്‍പ്പെടുന്നത്. വിശുദ്ധവേദം ഇക്കാര്യം ഉണര്‍ത്തുന്നുണ്ട്:   ''എന്നെക്കുറിച്ച് എന്റെ ദാസന്മാര്‍ താങ്കളോട് ചോദിച്ചാല്‍ ഞാന്‍ അവന്റെ സമീപത്തുണ്ടെന്ന് അറിയിക്കുക. എന്നോട് പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ അര്‍ഥനകള്‍ക്ക് ഞാന്‍ ഉത്തരം നല്‍കുന്നതായിരിക്കും'' (അല്‍ബഖറ 186). പ്രാര്‍ഥന നിത്യചര്യയാക്കിയവനോടൊപ്പം ദൈവം ഉണ്ടായിരിക്കും. ഖുദ്‌സിയായ ഒരു ഹദീസില്‍ ദൈവം അരുളുന്നു: ''എന്റെ ദാസന്റെ വിചാരത്തോടൊപ്പം ഞാനുണ്ട്. അവന്‍ പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ടാവും'' (ബുഖാരി, മുസ്‌ലിം). മൂന്ന്, പ്രാര്‍ഥന സന്മാര്‍ഗം കാണിച്ചുതരുന്നു. സന്മാര്‍ഗം രണ്ടു വിധത്തിലുണ്ട്. ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ സൗഭാഗ്യം ലഭിക്കലാണ് സന്മാര്‍ഗത്തിന്റെ ഒരിനം. പ്രവേശിച്ചശേഷം ജീവിതത്തിന്റെ ചെറുതും വലുതുമായ ഓരോ വിഷയത്തിലും  സ്വീകരിക്കുന്ന സന്തുലിതമായ നിലപാടാണ് സന്മാര്‍ഗത്തിന്റെ രണ്ടാമത്തെ ഇനം. ജീവിതവ്യവഹാരങ്ങളില്‍ സന്തുലിതമായ നിലപാടുണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. ദൈവത്തിന്റെ സവിശേഷമായ അനുഗ്രഹം ലഭിച്ചവര്‍ക്കു മാത്രമേ അതു ലഭിക്കുകയുള്ളൂ. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെ അനിവാര്യമായ പൂരകമായി പ്രാര്‍ഥനയെ പരിഗണിക്കേണ്ടതുണ്ടെന്ന് അല്ലാമാ ഇഖ്ബാല്‍ നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ''അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം''(അല്‍ബഖറ 186).  സൂക്തത്തിലെ റുശ്ദ് പ്രാര്‍ഥനയുടെ ഫലമായി ലഭിക്കുന്ന ബുദ്ധിപരമായ അനുഗ്രഹമാണ്. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ച് സന്തുലിത വീക്ഷണം ഉണ്ടാക്കാനും ധര്‍മാനുസാരിയായി ജീവിക്കാനും റുശ്ദിലൂടെ സാധിക്കുന്നു. നാല്, പ്രാര്‍ഥന പ്രത്യാശ പകരുന്നു. പ്രാര്‍ഥനയിലൂടെ തേടുന്നതെന്തോ അതിലേക്ക് വ്യക്തി ഉന്മുഖനാവുമ്പോള്‍ പ്രത്യാശകളുടെ ഉദ്യാനമാണ് പ്രാര്‍ഥിക്കുന്നവനില്‍ തളിരിടുന്നത്. പ്രാര്‍ഥന നിര്‍വഹിക്കുന്ന വലിയൊരു ധര്‍മമാണിത്.  

അസാധ്യതകളെ സാധ്യതകളാക്കി രൂപാന്തരപ്പെടുത്തുന്ന ആത്മീയകലയാണ് പ്രാര്‍ഥന. അസാധ്യതകളുടെ സാക്ഷാല്‍ക്കാരത്തെ യുക്തിയിലൂടെ ഗ്രഹിക്കാനാവില്ല. ഭൗതികമാപിനികള്‍ ഉപയോഗിച്ച് അളക്കാനുമാവില്ല. യുക്തി, ഭൗതികമായ അളവുകോലുകള്‍ എന്നിവ പ്രാര്‍ഥനക്കു മുമ്പില്‍ നിഷ്പ്രഭമാവുന്നു. ഭൗതികമായ സന്നാഹങ്ങള്‍ പരാജയപ്പെടുന്നിടത്ത് പ്രാര്‍ഥന മികച്ച ആയുധമാവുന്നത് അങ്ങനെയാണ്. പ്രവാചകന്‍ സകരിയ്യാ(അ)യുടെ ചരിത്രം അതാണ് വരച്ചിടുന്നത്: ''അവിടെ വെച്ച് സകരിയ്യാ തന്റെ നാഥനോട് പ്രാര്‍ഥിച്ചു: എന്റെ നാഥാ, എനിക്കു നിന്റെ വകയായി നല്ലവരായ സന്താനങ്ങളെ നല്‍കിയാലും. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലോ. അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ മാലാഖമാര്‍ വിളിച്ചുപറഞ്ഞു: നിശ്ചയം, ദൈവം താങ്കള്‍ക്ക് യഹ്‌യായെ സംബന്ധിച്ച് ശുഭവാര്‍ത്ത അറിയിക്കുന്നു. ദൈവത്തില്‍നിന്നുള്ള വചനത്തെ സത്യപ്പെടുത്തുന്നവനായാണ് അവന്‍ വരിക. അവന്‍ നേതാവും ആത്മയസംയമനം പാലിക്കുന്നവനും സദ്‌വൃത്തരില്‍പെട്ട പ്രവാചകനുമായിരിക്കും. സകരിയ്യാ ചോദിച്ചു: എന്റെ നാഥാ! എനിക്കെങ്ങനെ പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു. എന്റെ ഭാര്യയോ വന്ധ്യയും. ദൈവം അറിയിച്ചു: അതൊക്കെ ശരി തന്നെ. ദൈവം അവനുദ്ദേശിക്കുന്നതു ചെയ്യുന്നു'' (ആലുഇംറാന്‍ 38-40). ഗുഹയിലകപ്പെട്ട മൂന്നു പേര്‍ ജീവിതത്തില്‍ മികച്ച സല്‍ക്കര്‍മങ്ങള്‍ മുന്‍നിര്‍ത്തി ദൈവത്തോട് പ്രാര്‍ഥിച്ചപ്പോള്‍ രക്ഷപ്പെട്ട കഥ ഹദീസ് ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടു്.

പ്രാര്‍ഥനക്ക് പലപ്പോഴും നേര്‍ക്കുനേരെയുള്ള ഫലമായിരിക്കില്ല ഉാവുക. യുക്തിക്കപ്പുറം ദൈവികമായ ഹിതങ്ങളാണ് പ്രാര്‍ഥനയുടെ ഫലമായി രൂപപ്പെടുക. ദൈവികമായ ഹിതങ്ങള്‍ തന്നെയാണ് പ്രാര്‍ഥനയുടെ ഫലങ്ങള്‍. ഇഹലോകത്ത് പ്രാര്‍ഥനക്ക് ഉദേശിച്ച ഫലം ലഭിക്കാം, ലഭിക്കാതിരിക്കാം. ഉദേശിച്ച ഫലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാവരുത് പ്രാര്‍ഥനയെ സമീപിക്കേണ്ടത്. പ്രാര്‍ഥനയോട് എപ്രകാരം പ്രതികരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായകശക്തി ദൈവമാണ്. ദൈവികയുക്തിയാണ് പ്രാര്‍ഥനയുടെ സ്വീകാര്യതക്കും തിരസ്‌കാരത്തിനും മാനദണ്ഡം. എങ്കിലും ആത്മാര്‍ഥമായ പ്രാര്‍ഥനയോട് നാലില്‍ ഒരു മാര്‍ഗമാണ് ദൈവം കൈക്കൊള്ളുകയെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്: ഒന്ന്, പ്രാര്‍ഥിക്കുന്നവന്റെ ആവശ്യങ്ങള്‍ സാധിപ്പിച്ചുകൊടുക്കും. രണ്ട്, പ്രാര്‍ഥനയിലൂടെ ഉദ്ദേശിച്ച ഫലത്തെ മാറ്റി മറ്റൊരു ഫലം നല്‍കും. മൂന്ന്, ഉദ്ദേശിച്ച ഫലം നല്‍കാതെ പ്രാര്‍ഥിക്കുന്നവന്റെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന വിപത്തിനെ തട്ടിമാറ്റും.  പ്രാര്‍ഥനവഴി ഭൗതികമായ പ്രതികൂലവിധി അനുകൂലവിധിയായി മാറുന്നത് അങ്ങനെയാണ്. നാല്, പ്രാര്‍ഥനയുടെ ഫലം ആത്യന്തികമായി പരലോകത്തേക്ക് മാറ്റിവെക്കും. 

പ്രാര്‍ഥിക്കുന്ന വ്യക്തിയുടെ മനോഭാവം, പ്രാര്‍ഥനാ രീതി, പ്രാര്‍ഥനയുടെ ഉള്ളടക്കം, പ്രാര്‍ഥിക്കപ്പെടുന്ന ദൈവമെന്ന യാഥാര്‍ഥ്യം തുടങ്ങിയവയെല്ലാം പ്രാര്‍ഥനയില്‍ പ്രധാനമാണ്. ദൈവത്തിന്റെ ഏതു ഹിതമായാലും പ്രാര്‍ഥനക്ക് ഫലമുണ്ടാവുമെന്ന് ഉറച്ച ബോധ്യം വേണം. വിനയത്തോടെയും രഹസ്യസ്വഭാവത്തോടെയും ആയിരിക്കണം പ്രാര്‍ഥന: ''നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക'' (അല്‍അഅ്‌റാഫ് 55). ദൈവത്തിന്റെ പടിക്കല്‍ കേണുപ്രാര്‍ഥിക്കുന്നവന്‍ ശ്രവിക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യും. കുറ്റകരമായ കാര്യത്തിനോ കുടുംബബന്ധത്തിന്റെ വിഛേദനത്തിനോ ആയിരിക്കരുത് പ്രാര്‍ഥന. പ്രാര്‍ഥനയുടെ ഫലത്തെ സംബന്ധിച്ച് ഒട്ടും ധൃതി പാടില്ല. പ്രാര്‍ഥനയിലെ ധൃതിയെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തുന്നു: ''ഒരാള്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും. ഫലം ലഭിക്കുന്നതായി കാണുന്നില്ലെന്ന് വേപഥുകൊള്ളും. അങ്ങനെ തളര്‍ന്നു തളര്‍ന്നു പ്രാര്‍ഥന തന്നെ അവനുപേക്ഷിക്കും'' (മുസ്‌ലിം). ആകാശത്തേക്ക് ഇരുകരങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രവാചകന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. പ്രവാചകന്‍ പഠിപ്പിച്ച നിശ്ചിത സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിക്ക് കൂടുതല്‍ സാധ്യതയുണ്ട്. 

പ്രാര്‍ഥന ദൈവത്തിനു മുമ്പാകെയുള്ള മനുഷ്യന്റെ വിധേയത്വ പ്രകടനമാണ്. വിധേയത്വം അഹംഭാവത്തിന്റെ മുഴുവന്‍ രൂപങ്ങളെയും ഇല്ലാതാക്കുന്നു. ആരുടെയെങ്കിലും ഉള്ളില്‍ അണുമണിത്തൂക്കം അഹംഭാവമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ഥനാരഹിത ജീവിതം ഇഛാനുസാര ജീവിതത്തിലേക്ക് എത്തിപ്പെടാന്‍ നല്ല സാധ്യതയുണ്ട്. തനിക്ക് താന്‍ മതിയെന്ന വീക്ഷണമാണത്. അതിനാലായിരിക്കാം എന്നോട് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ ഉടനെ 'എനിക്ക് വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും' (അല്‍മുഅ്മിനൂന്‍ 60) എന്ന്  ദൈവം കൂട്ടിച്ചേര്‍ത്തത്. മനുഷ്യന്റെ ദൈവത്തോടുള്ള വിധേയത്വവും അവന്റെ അഭിമാനവും പരസ്പരം വിരുദ്ധമായ ആശയങ്ങളല്ല. വിധേയപ്പെട്ടാല്‍ അഭിമാനക്ഷതമാണല്ലോ സാധാരണ സംഭവിക്കാറുള്ളത്. എന്നാല്‍ പ്രാര്‍ഥനയിലൂടെ രൂപപ്പെടുന്ന വിധേയത്വവും അഭിമാനവും പരസ്പരപൂരകങ്ങളാണ്. സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിച്ചുപോരുന്ന ദൈവത്തോടു മാത്രമുള്ള വിധേയത്വമാണത്. ഈ വിധേയത്വം മനുഷ്യനെ ആയിരമായിരം മറ്റു വിധേയത്വങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുകയും അഭിമാനത്തോടെ ജീവിക്കാനുള്ള ഇഛാശക്തി അവന് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്