ഏലിയാ സുലൈമാന്റെ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍
ഏലിയാ സുലൈമാന്‍ വ്യത്യസ്തനാകുന്നത് തന്റെ സിനിമകളിലൂടെ മെറ്റഫറുകളുടെ/രൂപകങ്ങളുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചു എന്നതുകൊണ്ടാണ്. ഫലസ്ത്വീനെ മെറ്റഫറുകളിലൂടെയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. മെറ്റഫറുകളുടെ പ്രത്യേകത അത് യാഥാര്‍ഥ്യത്തിന് പിടിതരാത്ത ഇമേജുകളെ സംഭാവന ചെയ്യുന്നു എന്നതാണ്. ഫലസ്ത്വീനെക്കുറിച്ച് നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത ഇമേജുകളാണ് മെറ്റഫറുകളിലൂടെ ഏലിയാ സുലൈമാന്‍ സമ്മാനിച്ചത്. കാരണം ഫലസ്ത്വീനെക്കുറിച്ച ഇമേജുകളെല്ലാം തന്നെ അധിനിവേശത്തിന്റെ അളളലര േആയിട്ടാണ് നിലനില്‍ക്കുന്നത്. അഥവാ, അധിനിവേശം നിരന്തരമായി ഏല്‍ക്കേണ്ടിവരുന്നവരുടെ ദുരിതം നിറഞ്ഞ ഇമേജുകളാണ് ഫലസ്ത്വീനെക്കുറിച്ച് നിലനില്‍ക്കുന്നത്. ഫലസ്ത്വീന്‍ വിഷയമായി വന്നിട്ടുള്ള സിനിമകളെല്ലാം തന്നെ (പാരഡൈസ് നൗ, ഒമര്‍ എന്നിവയടക്കം) റിയലിസത്തിന്റെ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി അത്തരം ഇമേജുകളെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫലസ്ത്വീനെക്കുറിച്ച് കാണികള്‍ പ്രതീക്ഷിക്കുന്നതും അവര്‍ക്ക് വേണ്ടതും അത്തരം ഇമേജുകള്‍ തന്നെയാണ്. ലക്കാനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഫലസ്ത്വീനികള്‍ക്കുള്ള ഒരു കുറവിനെ (ഘമരസ) അടിസ്ഥാനപ്പെടുത്തിയാണ് അവരെക്കുറിച്ച ആഖ്യാനങ്ങളും ഇമേജുകളുമെല്ലാം സൃഷ്ടിക്കപ്പെടുന്നത്. അഥവാ, അധിനിവേശം എന്ന സബ്ജക്ടിനെ സ്ഥിരമായി ഒരേ രീതിയില്‍ കണ്‍സീവ് ചെയ്യുന്നവരായാണ് ഫലസ്ത്വീനികള്‍ അടയാളപ്പെടുത്തപ്പെടുന്നത്. അങ്ങനെയാണ് ഫലസ്ത്വീനെക്കുറിച്ച റിയലിസ്റ്റ് സിനിമകള്‍ ഉണ്ടാകുന്നത്.
ഫലസ്ത്വീനെക്കുറിച്ച പ്രതിനിധാനമാണ് ഇത്തരം സിനിമകള്‍ നിര്‍വഹിക്കുന്നത്. ഫലസ്ത്വീനീ ജീവിതത്തെ മെലോഡ്രാമാറ്റിക് ആയി സംഘര്‍ഷപൂരിതമായാണ് അവ ആവിഷ്‌കരിക്കുന്നത്. ഈ മെലോഡ്രാമയാണ് റിയലിസം എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നത്. ഈ റിയലിസവും ഡോക്യുമെന്ററിയുമൊക്കെയാണ് ഫലസ്ത്വീനീ സിനിമ എന്ന പേരില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ഒട്ടുമിക്ക ഫലസ്ത്വീനി സംവിധായകരും തങ്ങളുടെ സിനിമകളെ പ്രതിരോധ സിനിമ എന്ന തരത്തിലാണ് മനസ്സിലാക്കുന്നത്. ഫലസ്ത്വീനീ ജീവിതത്തിന്റെ 'പച്ചയായ' ആവിഷ്‌കാരമാണ് അവര്‍ നടത്തുന്നത്. പൊതുവായി നിലനില്‍ക്കുന്ന സിനിമാ ഫോര്‍മാറ്റുകളെ തന്നെ ഉപയോഗിച്ചുകൊണ്ട് ലോക സിനിമാ ഭൂപടത്തില്‍ ഫലസ്ത്വീനീ സിനിമക്ക് ഒരു ഇടം നിര്‍മിക്കുകയാണവര്‍. അങ്ങനെ അധിനിവേശ ഇരകള്‍ എന്ന പ്രതിനിധാന വിശേഷണത്തില്‍ ഫലസ്ത്വീനികള്‍ നിര്‍ണയിക്കപ്പെടുന്നു. അതല്ലാത്ത ഒരു ഇമേജ് ഫലസ്ത്വീനികളെക്കുറിച്ച് സാധ്യമല്ലാത്ത വിധം കാണികള്‍ക്കിടയില്‍ ഉറപ്പിക്കപ്പെടുന്നു. അങ്ങനെ പാശ്ചാത്യ കാണിക്ക് തന്റെ ദുരിതങ്ങളെ വിശദീകരിക്കുന്നവനായി ഫലസ്ത്വീനി മാറുന്നു. അധികാരം എന്ന ഒരൊറ്റ ഫ്രെയിമിലൂടെ മാത്രം നോക്കപ്പെടുകയും എപ്പോഴും റിലേഷണലായി മാത്രം നിലനില്‍ക്കുകയും ചെയ്യുന്ന ഒരു ഒബ്ജക്ടായി ഫലസ്ത്വീന്‍ നിര്‍ണയത്തിന് (Fixation) വിധേയമാക്കപ്പെടുകയും ചെയ്യുന്നു.
ഡോക്യുമെന്ററി റിയലിസത്തിന്റെയും പ്രതിനിധാനത്തിന്റെയും വരള്‍ച്ചയില്‍നിന്ന് മോചനം നല്‍കിക്കൊണ്ട് ഫലസ്ത്വീനീ സിനിമക്ക് പുതിയ ആകാശങ്ങള്‍ നല്‍കുകയാണ് ഏലിയാ സുലൈമാന്‍ ചെയ്തത്. ഫലസ്ത്വീനീ സിനിമ എന്ന പ്രതിനിധാനത്തെ തന്നെ അദ്ദേഹം കുഴച്ചുമറിച്ചു. ഡാര്‍ക്ക് കോമഡിയുടെ പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചു കൊണ്ട് ഫലസ്ത്വീനീ സിനിമയുടെ പൊതുവായ ഷാനറിനെ വെല്ലുവിളിക്കുകയും ചെയ്തു. ഏലിയാ സുലൈമാന്റെ സിനിമകളില്‍ എവിടെയും ദുരിതപൂര്‍ണമായ ഫലസ്ത്വീനീ ജീവിതത്തെ കാണാന്‍ കഴിയില്ല. ജീവിതത്തെ പുതിയ രീതിയില്‍ നിര്‍മിക്കുകയാണ് ഏലിയാ സുലൈമാന്റെ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. പ്രതിനിധാന ജീവിതമല്ല അവരുടേത്. ഇസ്രയേലീ അധിനിവേശം എന്ന റിലേഷനെ മുന്‍നിര്‍ത്തിയുമല്ല അവര്‍ നിലനില്‍ക്കുന്നത്. ഫലസ്ത്വീനിയന്‍ സിനിമാബോധങ്ങളെത്തന്നെയാണ് ഏലിയാ സുലൈമാന്‍ തകിടംമറിക്കുന്നത്. അതിനായി ആര്‍ട്ട്ഫിലിം മാതൃകയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ 'ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍' എന്ന സിനിമയില്‍ ഫലസ്ത്വീനീ യുവതിയും ഇസ്രയേലി പട്ടാളക്കാരും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിച്ചിരിക്കുന്നത് അതിനുദാഹരണമാണ്. അവിടെ യുവതിയെ ആക്രമിക്കുന്ന പട്ടാളക്കാരോ അല്ലെങ്കില്‍ ആക്രമണത്തിനിരയാകുന്ന, പൊരുതുന്ന യുവതിയോ അല്ല ഉള്ളത്. നമ്മുടെ ലോജിക്കിനകത്ത് ഒരിക്കലും പിടിക്കാന്‍ പറ്റാത്ത വിധം വളരെ Absurd ആയ വിഷ്വലുകളാണ് ഏലിയാ സുലൈമാന്‍ അവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്. 'അമാനുഷികമായ' ചില ആക്ടുകളിലൂടെ ഇസ്രയേല്‍ പട്ടാളക്കാരെയെല്ലാം നിഷ്പ്രഭമാക്കുകയാണ് യുവതി ചെയ്യുന്നത്. ഇസ്രയേലീ ചെക്‌പോസ്റ്റുകള്‍ അവര്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ഫലസ്ത്വീനെക്കുറിച്ച മുഴുവന്‍ പ്രതിനിധാന ആഖ്യാനങ്ങളെയും കൊഞ്ഞനം കുത്തിക്കൊണ്ട് Absurd ആയ ഇമേജുകളാണ് ഏലിയാ സുലൈമാന്‍ സൃഷ്ടിച്ചിരിക്കുന്നത്. റാണിപത്മിനി എന്ന സിനിമയില്‍ ആഷിഖ് അബു ഈ സങ്കേതത്തെ പരീക്ഷിച്ചിട്ടുണ്ട്. റാണി പത്മിനിയിലെ ഗുണ്ടകളുമായുള്ള റീമയുടെയും മജ്ഞു വാര്യരുടെയും ഏറ്റുമുട്ടലുകള്‍ Absurd ആയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിയലിസത്തിന്റെയും പ്രതിനിധാനത്തിന്റെയുമൊക്കെ ഇമേജുകളോടുള്ള സൗന്ദര്യശാസ്ത്രപരമായ കലഹം കൂടിയായി അതിനെ മനസ്സിലാക്കേണ്ടതുണ്ട് എന്നു തോന്നുന്നു.
ഇനി ഏലിയാ സുലൈമാന്റെ സവിശേഷമായ ആഖ്യാനവിരുദ്ധ സ്വഭാവത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞുനോക്കാം. ആഖ്യാനവിരുദ്ധത എന്നുപറയുമ്പോള്‍ നിശ്ചിതമായ ഒരു പ്ലോട്ടിനെ മുന്‍നിര്‍ത്തി കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയുമെല്ലാം വികസിക്കുന്ന ആഖ്യാനരീതി ഏലിയാ സുലൈമാന്‍ പിന്തുടരുന്നില്ല എന്നാണ് ഉദ്ദേശിക്കുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ വിഷ്വലുകള്‍ നിശ്ശബ്ദത കൊണ്ടാണ് അലങ്കരിക്കപ്പെട്ടിരിക്കുന്നത്. സംഭാഷണങ്ങള്‍ കൊണ്ട് നിറയുന്ന സിനിമാഖ്യാനങ്ങളെല്ലാം ഇന്‍ഫര്‍മേഷനാണ് നമുക്ക് നല്‍കുന്നത്. ഏതെങ്കിലും ഒരു ഇവന്റിനെക്കുറിച്ചോ ആ ഇവന്റിന്റെ കഥാസന്ദര്‍ഭത്തെക്കുറിച്ചോ ഉള്ള ഇന്‍ഫര്‍മേഷനാണ് അവ നല്‍കുന്നത്. Based on a true story എന്നു പറഞ്ഞ് തുടങ്ങുന്ന സിനിമകള്‍ ഉദാഹരണം. ഏലിയാ സുലൈമാന്‍ അങ്ങനെ ഒരു പ്രത്യേക കഥാസന്ദര്‍ഭങ്ങളെയൊന്നും നിര്‍മിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകളുടെ പ്ലോട്ടുകള്‍ ലീനിയറായി വികസിക്കാറില്ല. നേരത്തേ സൂചിപ്പിച്ചതു പോലെ നിശ്ശബ്ദതയാണ് അദ്ദേഹത്തിന്റെ സിനിമയുടെ സൗന്ദര്യശാസ്ത്രം. Visual storytelling എന്നു വേണമെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകളെ വിശേഷിപ്പിക്കാവുന്നതാണ്. അഥവാ, കഥാപാത്രങ്ങള്‍ക്ക് പകരം വിഷ്വലുകളാണ് സംസാരിക്കുന്നത്. സംഭാഷണങ്ങളിലൂടെ സിനിമയില്‍ അനിവാര്യമായും വന്നുചേരുന്ന നിര്‍ണിതത്വങ്ങളെ അതു തടയുന്നുണ്ട്. കാരണം, സംഭാഷണം സ്വാഭാവികമായും വ്യാഖ്യാനത്തെയും വ്യാഖ്യാനം നിര്‍ണിതത്വത്തെയുമാണല്ലോ സൃഷ്ടിക്കുന്നത്. വിഷ്വലുകളുടെ ലോകം അതു തടയുന്നുണ്ട്. ഓരോ വിഷ്വലും ഓരോ സിങ്കുലാരിറ്റിയെയാണ് ആവിഷ്‌കരിക്കുന്നത്. ആഖ്യാനത്തെയല്ല അവ നിര്‍മിക്കുന്നത്, നിശ്ശബ്ദതയെയാണ്.
ഏലിയാ സുലൈമാന്റെ ഏറ്റവും അവസാനം ഇറങ്ങിയ The Time That Remains എന്ന സിനിമയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ആ സിനിമയോടു കൂടി അദ്ദേഹത്തിന്റെ ഫലസ്ത്വീനിയന്‍ സിനിമാ പരമ്പര അവസാനിച്ചു എന്നാണ് തോന്നുന്നത്. Chronicle of Disappearance, Divine Intervention എന്നിവയാണ് മറ്റു സിനിമകള്‍. ജാക്വസ് ടാറ്റി, ബുസ്റ്റര്‍ കീറ്റണ്‍, ലൂയിസ് ബന്വെല്‍ (പ്രത്യേകിച്ചും അദ്ദേഹത്തിന്റെ The Phantom of Liberty എന്ന സിനിമ) തുടങ്ങിയവരുടെ ഡാര്‍ക്ക് ഹ്യൂമര്‍ സിനിമാ സമീപനങ്ങളുമായി സാമ്യതയുള്ള സിനിമയാണ് ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍. അതിനെക്കുറിച്ച് തുടക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. The Time That Remains എന്ന സിനിമ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ ജന്മം കൊണ്ട നസ്‌റത്തിലേക്കാണ് നമ്മെ വീണ്ടും കൊണ്ടുപോകുന്നത്. ഒരു ബയോപിക്കാണത്. തന്റെയും തന്റെ പിതാവിന്റെയും ജീവിതത്തെക്കുറിച്ചാണ് ഏലിയാ സുലൈമാന്‍ അതില്‍ പറയുന്നത്. പതിവുപോലെ അദ്ദേഹവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
സിനിമ തുടങ്ങുമ്പോള്‍ പ്രായമുള്ള ഏലിയാ സുലൈമാനും ഒരു ഇസ്രയേലീ ടാക്‌സി ഡ്രൈവറും ടാക്‌സിയില്‍ ഇരിക്കുകയാണ്. പെട്ടെന്ന് ഒരു കനത്ത മഴയും മഞ്ഞും കൊണ്ട് പ്രദേശമാകെ അവ്യക്തമാകുന്നു. ഡ്രൈവര്‍ക്കും ഏലിയാ സുലൈമാനും തങ്ങളെവിടെയാണെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. രണ്ടു പേര്‍ക്കും തങ്ങളുടെ രാജ്യം തന്നെ അപരിചിതമായിത്തീര്‍ന്നിരിക്കുകയാണ്. അങ്ങനെ നിയമത്തെയൊക്കെ അവഗണിച്ചുകൊണ്ട് റോഡ് സൈഡിലിരുന്ന് രണ്ടു പേരും പുകവലിക്കുകയാണ്. അതിനിടക്ക് ഡ്രൈവര്‍ ചോദിക്കുന്നത് Where am I എന്നാണ്. എന്നാല്‍ സുലൈമാന്‍ അതിന് മറുപടി പറയുന്നില്ല. സിനിമയിലുടനീളം തന്നെ കുട്ടിയും യുവാവും വൃദ്ധനുമായ സുലൈമാന്‍ മിണ്ടുന്നതായി നമ്മള്‍ കാണുന്നില്ല. നിശ്ശബ്ദതയാണ് സുലൈമാന്റെ ഭാഷ. ഈ നിശ്ശബ്ദത തന്നെയാണ് സിനിമയിലെ ഓരോ വിഷ്വലിനെയും കൂടുതല്‍ സൗന്ദര്യാത്മകമാക്കുന്നത്. സിനിമയിലെ ഇസ്രയേലീ അധിനിവേശം തന്നെ ലോം
ഗ് ഷോട്ടുകളിലാണ് കാണിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഫലസ്ത്വീനീ സിനിമകള്‍ കാണിയെക്കൂടി അധിനിവേശത്തിന്റെ ഇരയാക്കുന്ന രൂപത്തിലുള്ള ഷോട്ടുകളാണ് (ക്ലോസ് അപ്പ് ഷോട്ടുകളടക്കം) ആവിഷ്‌കരിക്കാറുള്ളത്. ഏലിയാ സുലൈമാന്‍ ചെയ്യുന്നത് അധിനിവേശത്തെ അസന്നിഹിതമാക്കുകയാണ്. ദൂരെ നിന്നുള്ള ഒരു നോട്ടത്തില്‍ അധിനിവേശത്തെ പരിമിതപ്പെടുത്തുന്ന വിഷ്വലുകളാണ് ഏലിയാ സുലൈമാന്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ ദൂരെ ജനാലക്കരികിലും വാതിലിനരികിലുമെല്ലാം നിന്നുകൊണ്ട് ഇസ്രയേലീ പട്ടാളക്കാരെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. അധിനിവേശം എന്ന റിലേഷനു പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങളാണ് The Time That Remains എന്ന സിനിമയില്‍ ജീവിക്കുന്നത്.
ഫലസ്ത്വീനെക്കുറിച്ച് ആഗോള സിനിമാഭൂപടത്തില്‍ നിലനില്‍ക്കുന്ന നോട്ടത്തിന്റെ പരിമിതിയെക്കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട്. അത്തരം നോട്ടങ്ങള്‍ക്ക് റിയലിസം എന്ന ഷാനറിന് പുറത്ത് ഫലസ്ത്വീനീ സിനിമകളെ ഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. റിയലിസം എന്നത് ശരിക്കും പറഞ്ഞാല്‍ അതിനെക്കുറിച്ച ആഖ്യാനം നിര്‍മിക്കുന്നവരുടെ നോട്ടമാണ്. അപ്പോള്‍ അവര്‍ നോക്കുന്ന ഒരു ഒബ്ജക്ട് അവരുടെ നോട്ടത്തിലൂടെയാണ് 'റിയല്‍' ആകുന്നത്. അപ്പോള്‍ ഓരോരുത്തരുടെയും 'റിയല്‍' ഓരോന്നായിരിക്കും. വളരെ നിര്‍ണിതമായ ഇമേജുകളും വിഷ്വലുകളുമായിരിക്കും പിന്നെ രൂപംകൊള്ളുക. അതിന്റെ പേരാണ് റിയലിസം. ഫലസ്ത്വീനെക്കുറിച്ച ഭാവനകളെല്ലാം തന്നെ ഇങ്ങനെയുള്ള ഓരോ നിര്‍ണിതത്വങ്ങളില്‍ കുടുങ്ങിക്കിടപ്പാണ്. ഏലിയാ സുലൈമാന്‍ ചെയ്യുന്നതായി എനിക്കനുഭവപ്പെട്ടത് ഈ നിര്‍ണിതത്വത്തില്‍നിന്ന് (റിയലിസം) ഫലസ്ത്വീന്‍ സിനിമയെ മോചിപ്പിച്ച് പുതിയൊരു വിഷ്വല്‍ ഭാഷയും ഗ്രാമറും നല്‍കുന്നതായിട്ടാണ്.
Comments